വിലങ്ങുകള്‍ക്കും പറയാനുണ്ട്
വെയില് കത്തുമ്പോള്‍
ഗുഹാ പരിസരത്ത്
തണുപ്പു തേടി നിരങ്ങിയവരേ
അറുത്തു മാറ്റപ്പെടുന്ന
ശിരസ്സുകളുടെ
ഉത്തരവാദിത്തത്തില്‍ നിന്ന്
നിങ്ങള്‍ക്കാര്‍ക്കും
ഒഴിഞ്ഞിരിക്കാനാവില്ല.
അധികാരത്തിന്റെ
ഉദാരതയില്‍
കിനിഞ്ഞിറങ്ങുന്ന
മടിശ്ശീലയ്ക്ക്
കൈ നീട്ടിയിരുന്നപ്പോള്‍
നിങ്ങള്‍
പണയപ്പെടുത്തിയത്
അനാഥമാക്കപ്പെട്ട
ഒരു സമുദായത്തെയായിരുന്നു.
വാനോളമുയരുന്ന
വായ്ത്താരികളില്‍
സുഖനിദ്ര പൂണ്ട്
ആകാശക്കിനാക്കളില്‍
വന്‍ സൗധങ്ങള്‍ പണിത്
നിങ്ങളീയുലകിന്റെ
രാജാക്കളായി വാണപ്പോള്‍
ചവിട്ടിത്തേച്ചു കളഞ്ഞത്
പറ്റി നില്‍ക്കാനുള്ള
ഒരു ജനതയുടെ
ആറടി മണ്ണിന്റെ അവകാശത്തെ
കൂടിയായിരുന്നു.
ജീവിച്ചിരിപ്പുണ്ട്
നിങ്ങളുടെ ശരവര്‍ഷങ്ങളില്‍
അസ്തിത്വ ശോഷണം നേരിട്ട
തലമുറയുടെ ശേഷിപ്പുകള്‍
വിങ്ങലടങ്ങാത്ത
ഖല്‍ബകങ്ങളില്‍
നിന്നുയരുന്ന
പ്രാര്‍ഥനയുടെ ഒരു നുള്ള്
ഒറ്റുകാരന്റെ
മേനിയില്‍ വന്ന്
തറക്കുന്നെങ്കില്‍
കുറ്റം പറയാനാകില്ല
ഉയരുന്ന കരങ്ങളില്‍
ഉറ്റി വീഴുന്ന കണ്ണുനീരിനെ
പിടിയമര്‍ത്തുന്ന ഭൂതങ്ങള്‍
അടുക്കളയില്‍
നിങ്ങള്‍ തലയുയര്‍ത്തുന്നതും കാത്ത്
തക്കം പാര്‍ത്തിരിക്കുമ്പോള്‍
വേദനയുടെ ആഴമെത്രയെന്ന്
നിങ്ങളറിയുന്നുണ്ടാവും
വൈകിയ നേരങ്ങളെ
തിരിച്ചു വിളിച്ചു
കുമ്പസരിക്കാനുമുണ്ടാവണം
ആണത്തമുള്ളൊരു നട്ടെല്ല്
കാലം കാത്തിരിക്കുന്നുണ്ട്
പിന്നെയും
ഉയര്‍ന്നു വരുമോ
ഗരിമയുടെ തലയെടുപ്പുള്ള
ആ ഭൂതകാലമൊന്ന്.
Comments