Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

സമൂഹത്തെ ലഹരിമുക്തമാക്കാന്‍ മഹല്ലുകള്‍ക്ക് ചെയ്യാവുന്നത്

ശൈഖ് മുഹമ്മദ് കാരകുന്ന്

ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ല കൊല്ലങ്ങള്‍ക്ക് മുമ്പ് മയക്കുമരുന്ന്,  തന്നിലും തന്റെ കൂട്ടുകാരനിലും വരുത്തിവെച്ച ദുരന്തം മാതൃഭൂമി ആഴ്ചപ്പതിപ്പുമായി നടത്തിയ അഭിമുഖത്തില്‍ പങ്കുവെച്ചത് ഇങ്ങനെ: ''ഈ സംഭവം നടക്കുന്നത് എന്റെ മുപ്പത്തെട്ടാമത്തെ വയസ്സിലാണ്. അന്ന് എനിക്കൊരു ഡോക്ടര്‍ ഫ്രണ്ട് ഉണ്ടായിരുന്നു. എന്നെക്കാള്‍ പത്ത് വയസ്സ് കുറഞ്ഞ ചെറുപ്പക്കാരന്‍. പെത്തഡിന്‍  വാങ്ങി വെക്കാനുള്ള ലൈസന്‍സുണ്ട് ഡോക്ടര്‍മാര്‍ക്ക്. രോഗികള്‍ക്ക് കൊടുക്കാനല്ല ഞങ്ങള്‍ വാങ്ങുന്നത് എന്നു മാത്രം. ഇരുപത്തിനാല് മണിക്കൂര്‍ നേരം ഒരാളെ മയക്കിക്കിടത്താന്‍ വേണ്ട അളവിന്റെ രണ്ടിരട്ടിയാണ് ഞാന്‍ കുത്തി വെച്ചത്. അതിന്റെ ചൂടിലാണ് കൈ മുറിച്ചതും ചാവാന്‍ ശ്രമിച്ചതും.'
'ഡ്രഗ് ഉപയോഗത്തില്‍ നിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടത്?'
'സങ്കടകരമായ ഒരു കഥയാണത്. നാല് പെത്തഡിനുമെടുത്ത് വീട്ടിലേക്ക് പോയ ഡോക്ടര്‍ സുഹൃത്ത് ഫറോക്കില്‍ വെച്ച് ബൈക്കപകടത്തില്‍ മരിക്കുകയായിരുന്നു. എതിരെ വരുന്ന ബസ്സിനുനേരെ നിയന്ത്രണം വിട്ട് കുത്തിക്കുകയായിരുന്നു. സ്‌പോട്ടില്‍ വെച്ച് തന്നെ മരിച്ച ഡോക്ടറുടെ ഡെഡ് ബോഡിയുടെ അടുത്ത് ഞാനാണ് ആദ്യമെത്തുന്നത്  പരിചയക്കാരനായിട്ട്. ഫറോക്കില്‍ നിന്ന് ഡോക്ടര്‍ എം.എ കോയ വിളിച്ച് പറഞ്ഞിട്ടാണ് ഞാനവിടെ എത്തിയത്. റോഡ് സൈഡില്‍ കിടത്തിയിരുന്ന ആ മൃതദേഹമാണ് പെത്തഡിന്റെ ഭവിഷ്യത്ത് എനിക്ക് മനസ്സിലാക്കിത്തന്നത്. അന്ന് മുതല്‍ ഞാന്‍ പെത്തഡിന്‍ ഉപയോഗിച്ചിട്ടില്ല'' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2008 സെപ്റ്റംബര്‍ 7- 13).
മൂന്ന് തരം ലഹരിപദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്ന മാനസിക വിഭ്രാന്തി പരിസരത്തോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നത് എങ്ങനെയെന്ന്   വിശദീകരിക്കുന്ന  ഡോക്ടര്‍ അരവിന്ദന്‍ വല്ലച്ചിറ ഉദ്ധരിച്ച ഒരു പഴയ ഫലിത കഥയിതാ:
ഒരു പട്ടാള പരിശീലനക്യാമ്പ്. മൂന്ന് കട്ടിലുകളുള്ള ഒരു മുറി. താക്കോല്‍ ഒന്നേയുള്ളൂ. മൂന്നു ചെറുപ്പക്കാര്‍ ഒരുമിച്ചിറങ്ങി. മൂന്ന് പേരും കൃത്യം ഒമ്പതര മണിക്ക് വാതില്‍ക്കല്‍ കണ്ടുമുട്ടാമെന്ന വ്യവസ്ഥയോടെ.
അവര്‍ പോയത് മൂന്ന് വഴിക്കായിരുന്നു. ഒരാള്‍ കുടിച്ച് ഫിറ്റായി. രണ്ടാമത്തെയാള്‍ കറുപ്പടിച്ചു. മൂന്നാമന്‍ കഞ്ചാവും.
ഒമ്പതര മണിക്ക് തന്നെ മൂന്ന് പേരും തിരിച്ചെത്തി. പക്ഷേ താക്കോല്‍ സൂക്ഷിച്ചിരുന്നയാളുടെ പക്കല്‍ നിന്നും അത് നഷ്ടപ്പെട്ടിരുന്നു. എങ്ങനെ അകത്ത് കടക്കും? മദ്യപാനി പറഞ്ഞു: 'സാരമില്ല നമുക്ക് വാതില്‍ ചവിട്ടിപ്പൊളിക്കാം.' കറുപ്പ് തീറ്റക്കാരന്‍ സമ്മതിച്ചില്ല.
'ഛെ, എന്തിനീ പൊല്ലാപ്പിനൊക്കെ പോകുന്നു. ഈ ഇറയത്ത് ചുരുണ്ടുകൂടി കിടന്നുറങ്ങാം.'
ഈ സമയത്തെല്ലാം താക്കോല്‍ പഴുതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്ന കഞ്ചാവടിക്കാരന്‍ പറഞ്ഞു: 'പേടിക്കേണ്ട. അതിനൊക്കെ നല്ല ഒരു വഴിയുണ്ട്. നമുക്കീ താക്കോല്‍ പഴുതിലൂടെ നൂഴ്ന്ന് അകത്തേക്ക് കടന്നാല്‍പ്പോരേ!'
കേരളീയ സമൂഹം ലഹരിക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വിശദീകരണമോ സ്ഥിതിവിവരക്കണക്കോ  ആവശ്യമില്ലാത്ത വിധം ഏവര്‍ക്കും നന്നായറിയാവുന്ന അനിഷേധ്യ വസ്തുതയാണിത്.  യുവതീ-യുവാക്കളും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും വരെ ലഹരിയുടെ പിടിയില്‍ നിന്ന് മുക്തരല്ല.
മദ്യത്തെക്കാള്‍ മയക്കുമരുന്നുകളാണ് പുതു തലമുറയെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മദ്യത്തെക്കാള്‍ എത്രയോ അപകടകാരിയാണ് മയക്കുമരുന്നുകള്‍. കഞ്ചാവും ബ്രൗണ്‍ ഷുഗറും കറുപ്പുമാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകള്‍. നമ്മുടെ സംസ്ഥാനത്തും കഞ്ചാവ് കൃഷി വ്യാപകമായി നടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.  പുറത്തുനിന്ന് പലതരം മയക്കുമരുന്നുകള്‍ ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്നുമുണ്ട്.
ഒരൊറ്റ തവണ മയക്കുമരുന്ന് ഉപയോഗിക്കുന്നതോടെ പലരും അതിനടിപ്പെടുന്നു. പണക്കൊതിയരായ സാമൂഹികദ്രോഹികള്‍ ഐസ്‌ക്രീമിലും ഫാസ്റ്റ് ഫുഡിലും കൂള്‍ഡ്രിംഗ്‌സിലും ഫ്രൂട്ടികളിലും മറ്റും മയക്കുമരുന്ന് കലര്‍ത്തി വരുംതലമുറയെ അതിന്റെ അടിമകളാക്കുന്നു. കുത്തിവെപ്പിലൂടെയും ലഹരി കലര്‍ന്ന സ്റ്റാമ്പ് ശരീരത്തിലൊട്ടിച്ചുമാണ് വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളില്‍ പലരും ലഹരിക്കടിപ്പെടുന്നതെന്ന് പറയപ്പെടുന്നു.
ഇങ്ങനെ ലഹരിയുടെ ഉപയോഗം ചെറുപ്രായത്തില്‍ തന്നെ  തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ നിരവധിയാണ്. അതിന്റെ കണക്കെടുത്താല്‍ കേരളം ഞെട്ടി വിറക്കും.

സര്‍വ നാശിനി
നമ്മുടെ നാട് ഇന്നനുഭവിക്കുന്ന പല വിപത്തുകള്‍ക്കും കാരണം മദ്യവും മയക്കുമരുന്നുകളുമാണ്. ലഹരി ഒന്നാമതായി ബാധിക്കുക അത് ഉപയോഗിക്കുന്നവരെത്തന്നെയാണ്. അതിനെ സംബന്ധിച്ച് അറബിയില്‍ ഒരു ചൊല്ലുണ്ട്. 'യുര്‍സലു ഇലല്‍ ബത്വ്‌നി യദ്ഹബു ഇലര്‍റഅ്‌സി' (അയക്കുക വയറ്റിലേക്കാണ്, പോവുക തലയിലേക്കാണ്).
മയക്കം, മരവിപ്പ്, ഉത്തേജനം, ഉന്മാദം ഇതിനെല്ലാം മയക്കുമരുന്ന് കാരണമായിത്തീരുന്നു. ശരീരത്തെയും മനസ്സിനെയുമെന്ന പോലെ തലച്ചോറിലെ പ്രധാന ഭാഗമായ സെറിബ്രത്തെയും നാഡീ വ്യൂഹത്തെയും അത് ബാധിക്കുന്നു. കരളിനെയും കിഡ്‌നിയെയും ഹൃദയത്തെയും തകരാറിലാക്കുന്നു. മസ്തിഷ്‌ക രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ചിലരെങ്കിലും ഗുരുതരമായ മനോരോഗങ്ങള്‍ക്കിരയാവുന്നു. ലഹരി കാരണം മരിച്ചവരുടെ കണക്കെടുപ്പു നടത്തിയാല്‍ ആരും അമ്പരന്ന് പോകും. ലഹരി സാധാരണക്കാരുടെ മാത്രമല്ല, നിരവധി  പ്രഗത്ഭരായ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാംസ്‌കാരിക നായകന്മാരുടെയും ജീവന്‍ കവര്‍ന്നെടുത്തിട്ടുണ്ട്.
മയക്കുമരുന്നുകള്‍ക്ക് അടിപ്പെട്ടവര്‍ അത് കിട്ടാതെ വന്നാല്‍ അസ്വസ്ഥരും വികാരാധീനരുമാകുന്നു. മനസ്സിന്റെ സമനില തെറ്റുന്നു. ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. മയക്കുമരുന്ന് കിട്ടാന്‍ എന്ത് സാഹസത്തിനും മുതിരുന്നു.
കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍, അക്രമങ്ങള്‍, കവര്‍ച്ചകള്‍, സ്ത്രീപീഡനങ്ങള്‍, കുടുംബകലഹങ്ങള്‍, വിവാഹമോചനങ്ങള്‍, വാഹനാപകടങ്ങള്‍, ആത്മഹത്യകള്‍, മറ്റു കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പിന്നിലെ പ്രധാന പ്രതി ലഹരി പദാര്‍ഥങ്ങളാണ്. പതിനായിരക്കണക്കിന് കുടുംബങ്ങളുടെ സ്വാസ്ഥ്യമാണ് അത് കെടുത്തിക്കളയുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും മാതാപിതാക്കളും അത് കാരണമായി കണ്ണീര് കുടിച്ചു കഴിയേണ്ടി വരുന്നു. എത്രയെത്ര കുടുംബങ്ങളെയാണ് ലഹരി കൊടും പട്ടിണിയിലേക്കും കടക്കെണിയിലേക്കും തള്ളി വിട്ടത്!
മദ്യം എല്ലാ തിന്മകളുടെയും താക്കോലാണെന്നും മ്ലേഛവൃത്തികളുടെ മാതാവാണെന്നുമുള്ള പ്രവാചക വചനങ്ങളുടെ ആശയം ആവിഷ്‌കരിക്കുന്ന ഒരു ഗ്രീക്ക് പുരാണ കഥയുണ്ട്.
'വീഞ്ഞിന്റെ ദേവനായ ഡയോനിസിന്റെ ഭക്തനായിരുന്നു അഥീനിയക്കാരനായ  ഇക്കാറിയോസ്. പെന്റികുലസ് മലയുടെ താഴ്‌വരയിലെ മുന്തിരിത്തോപ്പിലാണ് മകള്‍ എറിഗോണും മെയ്‌റ എന്ന വളര്‍ത്തുനായയും അദ്ദേഹവും ഒരുമിച്ചു താമസിച്ചിരുന്നത്. തന്റെ ഭക്തനില്‍ സംപ്രീതനായ ഡയോനിസ് ഒരിക്കല്‍ ഇക്കാറിയോസിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് വീഞ്ഞുണ്ടാക്കുന്ന കല പഠിപ്പിച്ചു കൊടുത്തു. പരീക്ഷണാര്‍ഥം മുന്തിരിച്ചാറുണ്ടാക്കി അത് വീഞ്ഞാക്കി ഭരണിയില്‍ സൂക്ഷിച്ച് വെച്ചു. ഒരു ദിവസം ഇക്കാറിയോസ് മകളെ അറിയിക്കാതെ തന്റെ കൂട്ടുകാരായ കര്‍ഷകരോടൊന്നിച്ച്  ഭരണിക്കരികിലെത്തി. സ്വര്‍ണ നിറത്തിലുള്ള വീഞ്ഞ് അവരില്‍ കൗതുകമുണര്‍ത്തി. ലഹരിക്കടിപ്പെട്ട അവര്‍ പാട്ടുപാടാനും നൃത്തം ചെയ്യാനും തുടങ്ങി. അവസാനം കൂട്ടുകാര്‍ ഇക്കാറിയോസ് തങ്ങള്‍ക്ക് വിഷം തന്നുവെന്ന് പറഞ്ഞ് അയാളെ അടിച്ചും കല്ലെറിഞ്ഞും കൊന്നു. പിറ്റേന്ന് ബോധം തെളിഞ്ഞപ്പോള്‍ അവരെല്ലാവരും കൂടി മൃതദേഹം ഒരു മരച്ചുവട്ടില്‍ കുഴിച്ചിട്ടു. ഇതിനിടെ അഛനെ  കാണാതായതിനാല്‍ അന്വേഷിച്ച് എറിഗോണ്‍  വളര്‍ത്തു നായയായ  മെയ്‌റയോടൊന്നിച്ച് പുറപ്പെട്ടു. മരച്ചുവട്ടില്‍ എത്തിയ അവര്‍ അഛന്റെ മൃതശരീരം കുഴിച്ചിട്ടത് കണ്ടെത്തി. സങ്കടം സഹിക്കാനാവാതെ എറിഗോണ്‍ ആ മരത്തില്‍ തന്നെ തൂങ്ങിമരിച്ചു. നായ കിണറ്റില്‍ ചാടി ചാവുകയും ചെയ്തു. തന്റെ ഭക്തനും കുടുംബത്തിനുമുണ്ടായ ദുരന്തത്തില്‍ ദുഃഖിതനും കോപാകുലനുമായ ഡയോനിസ് അഥീനിയയില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ വ്യാപിപ്പിച്ചു. വരള്‍ച്ച ഉണ്ടാക്കി. അഥീനിയന്‍ കന്യകമാരെ ഭ്രാന്തിളക്കി. അങ്ങനെ അവരൊക്കെയും എറിഗോണിനെപ്പോലെ തൂങ്ങിമരിച്ചു.'
ഇതൊരു പുരാണ കഥയാണെങ്കിലും ലഹരി പദാര്‍ഥങ്ങളുണ്ടാക്കുന്ന സമൂല നാശത്തെ സംബന്ധിച്ച മനോഹരമായ ആവിഷ്‌കാരമാണ്.

ലഹരി വരുന്ന വഴികള്‍
കുടിയന്മാരുമായുള്ള കൂട്ടുകെട്ടിലൂടെയാണ് പലരും  ലഹരിക്ക് അടിപ്പെടാറുള്ളത്. ഉറ്റ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് ഒരിക്കല്‍ ലഹരി പദാര്‍ഥം ഉപയോഗിച്ചാല്‍ അതോടെ അതിനോടുള്ള അറപ്പും വെറുപ്പും ഇല്ലാതാകുന്നു. മയക്കുമരുന്നുകളാണെങ്കില്‍ ഒറ്റ തവണ ഉപയോഗിച്ചാല്‍ തന്നെ  അതിനടിപ്പെട്ടു പോകും. പരീക്ഷ  പാസ്സാവുകയോ  ആദ്യ ശമ്പളം കൈപ്പറ്റുകയോ ഒക്കെ ചെയ്യുമ്പോള്‍ ചിലരെങ്കിലും അതാഘോഷിക്കാറുള്ളത് അതിന് സഹായിച്ച വിശേഷ ബുദ്ധിയെയും ഓര്‍മശക്തിയെയും  മരവിപ്പിക്കുന്ന ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ്.
വിനോദ യാത്രകളിലും വിദ്യാലയങ്ങളിലെ കലോത്സവ വേളകളിലുമാണ് പലരും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് തുടങ്ങാറുള്ളത്.
കല്യാണ വീടുകളില്‍ വിവാഹത്തലേന്ന് ഒത്തുകൂടുന്ന ചെറുപ്പക്കാര്‍ മദ്യോത്സവം നടത്തുന്നത് പലയിടത്തുമിന്ന് പതിവാണ്. വിവാഹ പാര്‍ട്ടികള്‍ ചിലപ്പോഴെങ്കിലും ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിന് വഴിയൊരുക്കാറുണ്ട്.
പരീക്ഷയിലെ പരാജയം, സാമ്പത്തിക നഷ്ടം, കുടുംബവഴക്ക്, വേണ്ടപ്പെട്ടവരുടെ മരണം, മാറാരോഗം, അഭിമാനക്ഷതം ഇങ്ങനെ വിവിധ കാരണങ്ങളാല്‍ അസ്വസ്ഥരാകുന്നവര്‍ ലഹരിപദാര്‍ഥങ്ങളില്‍ അഭയം തേടാറുണ്ട്. ലഹരി ദുഃഖശമനിയാണെന്ന തെറ്റിദ്ധാരണയാണിതിന് കാരണം. മസ്തിഷ്‌കം മരവിക്കുന്നതിനാല്‍ എല്ലാം മറന്ന് താല്‍ക്കാലികാശ്വാസം ലഭിക്കുമെങ്കിലും ഓര്‍മ തിരിച്ചെത്തുന്നതോടെ വിഷാദം പൂര്‍വാധികം ശക്തിയോടെ മടങ്ങി വരുന്നു. കൂടെ  മയക്കുമരുന്ന് ഒരുക്കുന്ന മറ്റു ദുരന്തങ്ങളും. ഓണവും ക്രിസ്മസ്സും നവവത്സര ദിനവും ജന്മദിനവുമൊക്കെ ലഹരി പടരുന്ന അവസരങ്ങളായി മാറിയിട്ടുണ്ട്. ക്ലാസ്‌മേറ്റ് സംഗമങ്ങള്‍, തൊഴിലാളി യൂനിയന്‍ മീറ്റിംഗുകള്‍, ഉദ്യോഗസ്ഥ കൂട്ടായ്മകള്‍  തുടങ്ങി ഏതാനും ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളിലെല്ലാം കുടിയന്മാരുടെ കോര്‍ണറുകള്‍ രൂപപ്പെടുന്നു. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളും യുവതീയുവാക്കളുമെല്ലാം അതില്‍ പങ്കാളികളാകുന്നു. ഇങ്ങനെ വിവിധ വഴികളിലൂടെ മദ്യവും മയക്കുമരുന്നുകളും സമൂഹ ശരീരത്തിലേക്ക് നുഴഞ്ഞു കയറുകയാണ്.

എങ്ങനെ പ്രതിരോധിക്കാം?
കഴിഞ്ഞ പതിനാല് നൂറ്റാണ്ടിലേറെക്കാലമായി യഥാര്‍ഥ ഇസ്‌ലാമിക ജീവിതം നയിക്കുന്ന ആരും ഒരിക്കല്‍ പോലും മദ്യം രുചിച്ചു നോക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും നൂറുകോടിയിലേറെ വിശ്വാസികള്‍ ലഹരിയുണ്ടാക്കുന്ന ഒന്നും ഉപയോഗിക്കാറില്ല. ലോകാവസാനം വരെ ഒരു വിശ്വാസിയും അതുപയോഗിക്കുകയുമില്ല.
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ നിന്ന് സമൂഹത്തെ പൂര്‍ണമായും മോചിപ്പിക്കാന്‍ കഴിയുക ഇസ്‌ലാമിക വിശ്വാസ ദര്‍ശനത്തിന് മാത്രമാണ്.
ഭരണകൂടത്തിന്റെ അഭാവത്തില്‍, സാധ്യതയുടെ പരമാവധി ഇസ്‌ലാമിക ജീവിത ക്രമം പ്രയോഗത്തില്‍ വരുത്താന്‍ സമുദായം ആവിഷ്‌കരിച്ച വ്യവസ്ഥാപിതമായ സംരംഭമാണ് മഹല്ല് സംവിധാനം. അതിലെ അംഗങ്ങളെല്ലാം പ്രദേശത്തെ പള്ളിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരായിരിക്കുമല്ലോ. അതുകൊണ്ടുതന്നെ മഹല്ല് സംവിധാനത്തെ ഉപയോഗപ്പെടുത്തി മുസ്‌ലിംസമുദായം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ  ലഹരി പദാര്‍ഥങ്ങളുടെ പിടിയില്‍നിന്ന് മുഴുവന്‍ അംഗങ്ങളെയും മോചിപ്പിക്കാന്‍ ആവശ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടിയിരിക്കുന്നു. അതിന് സഹായകമായ ചില കര്‍മ പരിപാടികളാണ് താഴെ.
1) മദ്യവും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുന്നത് പരലോക ശിക്ഷക്ക് കാരണമായിത്തീരുന്ന കൊടിയ കുറ്റമാണെന്ന് ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കുക. മദ്‌റസാ പഠനത്തില്‍ അതിന് അര്‍ഹമായ പ്രാധാന്യം നല്‍കുക. അത്  അത്യന്തം മ്ലേഛമാണെന്ന ബോധം ഓരോ കുട്ടിയിലും വളര്‍ത്തിയെടുക്കുക.
2) മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നത് മാത്രമല്ല,  കൈമാറ്റം ചെയ്യുന്നതും  കച്ചവടം നടത്തുന്നതുമുള്‍പ്പെടെ അതുമായി ബന്ധപ്പെട്ട എല്ലാം നിഷിദ്ധമാണെന്ന് കൃത്യമായി പഠിപ്പിക്കപ്പെടണം.
3) മദ്യവും മയക്കുമരുന്നുകളും സൃഷ്ടിക്കുന്ന ആരോഗ്യ, മാനസിക, കുടുംബ, സാമൂഹിക, സാമ്പത്തിക, ധാര്‍മിക വിപത്തുകളെപ്പറ്റി വിശദമായി പഠിപ്പിക്കുന്ന ഭാഗങ്ങള്‍ മദ്‌റസാ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുക.
4) ലഹരിപദാര്‍ഥങ്ങളുടെ വിപത്തുകളെ സംബന്ധിച്ച് മഹല്ലിലെ എല്ലാ അംഗങ്ങളെയും വെള്ളിയാഴ്ച പ്രഭാഷണങ്ങളിലൂടെ ബോധവല്‍ക്കരിക്കുക.
5) ലഹരി സമൂഹത്തിലേക്ക് കടന്നുവരുന്ന വ്യത്യസ്ത വഴികളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുക.
6) ലഹരിപദാര്‍ഥങ്ങള്‍ക്കെതിരായ പ്രചാരണങ്ങളില്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെയും യുവതീ യുവാക്കളെയും പങ്കാളികളാക്കുക.
7) ലഹരി ഉപയോഗിക്കുന്നവരുമായി കൂട്ടുകൂടാന്‍ മക്കളെ അനുവദിക്കാതിരിക്കുക. അതിനാവശ്യമായ ബോധം  രക്ഷിതാക്കളിലുണ്ടാക്കുക.
8) മദ്യപാന സാധ്യതയുള്ള വിനോദ യാത്രകളില്‍ നിന്നും  കലാപരിപാടികളില്‍ നിന്നും ഉത്സവങ്ങളില്‍ നിന്നും കുട്ടികളെ മാറ്റിനിര്‍ത്താന്‍ ആവശ്യമായ  നയനിലപാടുകള്‍ സ്വീകരിക്കുക.
9) വിവാഹത്തോടനുബന്ധിച്ച് മഹല്ലിലെ ഒരു വീട്ടിലും മദ്യം ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക.
10) മദ്യം വിളമ്പുന്ന വിവാഹ വേദികളിലും സദ്യകളിലും മഹല്ല് നിവാസികളിലാരും പങ്കെടുക്കുകയില്ലെന്ന് ഉറപ്പ് വരുത്തുക.
11) ലഹരിക്കടിപ്പെട്ടവരുടെ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിക്കുന്ന  ലേഖനങ്ങളും കഥകളും കവിതകളും നോവലുകളും മഹല്ലില്‍ ധാരാളമായി പ്രചരിപ്പിക്കുക. അത്തരം വീഡിയോകള്‍ മഹല്ലിലെ എല്ലാവര്‍ക്കും കാണാന്‍ അവസരമുണ്ടാക്കുക.
12) സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനോ വഴങ്ങി ഒരിക്കല്‍ കുടിച്ചതിന്റെ പേരില്‍ ആരെയും മദ്യപാനിയായി മുദ്രകുത്തി മാറ്റി നിര്‍ത്താതിരിക്കുക. അത് ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ സമീപനമാണ് സ്വീകരിക്കേണ്ടത്.
13) മഹല്ലിലെ ആരെങ്കിലും ലഹരി പദാര്‍ഥം ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാല്‍ മഹല്ല് ഭാരവാഹികളും ഖാദി, ഖത്തീബുമാരും അവരുമായി അടുത്ത ബന്ധം സ്ഥാപിക്കുക. അങ്ങനെ അവര്‍ അകപ്പെട്ട തിന്മകളെയും അതിന്റെ വിപത്തുകളെയും സംബന്ധിച്ച് അവരെ ബോധവല്‍ക്കരിക്കുക.
14) ഇസ്‌ലാമിക ജീവിതം നയിക്കുന്ന വിശുദ്ധരും നല്ലവരുമായ വ്യക്തികള്‍ ലഹരി പദാര്‍ഥം ഉപയോഗിക്കുന്നവരുമായുള്ള ബന്ധം വിച്ഛേദിച്ച് അവരെ അകറ്റിനിര്‍ത്താതിരിക്കുക. കുറ്റവാളികളെ ആക്ഷേപിക്കാനും അപഹസിക്കാനും കൂക്കി വിളിക്കാനും കല്ലെറിയാനും ആര്‍ക്കും സാധിക്കും. എന്നാല്‍ അവരെ കൂടെ നിര്‍ത്തി സംസ്‌കരിച്ചെടുക്കുന്നവരായിരിക്കണം മഹല്ലിന് നേതൃത്വം നല്‍കുന്നവര്‍.
15) ലഹരി ഉപയോഗിക്കുന്നവരെ മാറ്റിയെടുക്കാന്‍ മറ്റാരെക്കാളും കഴിയുക ജീവിതപങ്കാളികള്‍ക്കും മക്കള്‍ക്കുമാണ്. ആക്ഷേപിച്ചോ കുറ്റപ്പെടുത്തിയോ അത് സാധ്യമല്ല. സ്‌നേഹിച്ചും  അടുത്തുനിന്നും മാത്രമേ അത് സാധ്യമാവുകയുള്ളൂ. അതിനാവശ്യമായ പരിശീലനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കാന്‍ കൗണ്‍സിലിംഗ് സംവിധാനമേര്‍പ്പെടുത്തുക.
16) ലഹരി ഉപയോഗിക്കുന്നവരെ  ഉള്‍പ്പെടുത്തി മഹല്ലിന്റെ നേതൃത്വത്തില്‍ മൂന്നോ നാലോ ദിവസം നീണ്ട് നില്‍ക്കുന്ന  പഠനയാത്രകള്‍ സംഘടിപ്പിക്കുക. ബോധവല്‍ക്കരണത്തിന് പ്രാപ്തിയുള്ള വ്യക്തികള്‍ കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണം യാത്രാസംഘം.
17) എല്ലാ വര്‍ഷവും മഹല്ലിന്റെ ആഭിമുഖ്യത്തില്‍ കുടുംബ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. ലഹരിയുടെ വിപത്തുകള്‍ വിശകലനം ചെയ്യുന്നത് കൂടിയായിരിക്കണം കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.
18) മഹല്ലില്‍ മയക്കുമരുന്ന് വിതരണക്കാരും വില്‍പനക്കാരും ആരുമില്ലെന്ന് ഉറപ്പു വരുത്തണം. അങ്ങനെ ആരെങ്കിലുമുണ്ടെന്ന് വിവരം കിട്ടിയാല്‍ അവരെ നേരില്‍ കണ്ട് പിന്തിരിപ്പിക്കാന്‍ നിരന്തര ശ്രമം നടത്തണം. എത്രയെത്ര വ്യക്തികളും കുടുംബങ്ങളുമാണ് അവര്‍ കാരണം നശിക്കുന്നതെന്നും അതിന്റെയെല്ലാം പാപഭാരം അവര്‍ പേറേണ്ടി വരുമെന്നും  ഓര്‍മിപ്പിക്കണം.
ഇങ്ങനെ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ മഹല്ല് നിവാസികളെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചാല്‍ മഹല്ല് പൂര്‍ണമായും ലഹരിമുക്തമാകാന്‍ സാധ്യതയുണ്ട്. എന്തായാലും അത്തരം ശ്രമങ്ങള്‍ എടുത്തുപറയാവുന്ന നേട്ടം ഉണ്ടാക്കാതിരിക്കില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌