Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

ഉന്നം വര്‍ണ വ്യവസ്ഥക്ക് പുറത്തുള്ള 'ആഭ്യന്തര ശത്രുക്കള്‍'

ബശീര്‍ ഉളിയില്‍

പ്രതിവിചാരം
 

 

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കൃഷ്ണഭക്തി ഗാനങ്ങളെഴുതിയ കവിയാണ് യൂസഫലി കേച്ചേരി. സംസ്‌കൃത ഭാഷയില്‍ മുഴുനീള ഗാനങ്ങള്‍ എഴുതിയ ഒരേയൊരു ഇന്ത്യന്‍ കവി. ഏതോ സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 1980-കളില്‍ തൃശൂരിലെത്തിയ ജി. ദേവരാജന്‍, പി. സുശീല എന്നിവര്‍ക്കൊപ്പം ഗുരുവായൂരപ്പനെ തൊഴാനുള്ള കലശലായ മോഹത്തോടെ യൂസഫലി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. അമ്പലത്തിന്റെ കിഴക്കേ നടയിലൂടെ നാസ്തികനായ ദേവരാജന്‍ മാഷ് മുന്നിലും കൃഷ്ണഭക്തയായ സുശീലാമ്മ പിന്നിലുമായി ക്ഷേത്രത്തിലേക്ക് വിഘ്‌നംവിനാ പ്രവേശിച്ചെങ്കിലും, 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല'  എന്ന ഇണ്ടാസില്‍  യൂസഫലിക്ക് മുന്നില്‍ നടയടഞ്ഞു. ഹിന്ദു ആയി ജനിച്ച അവിശ്വാസിക്ക് വിലക്കില്ലാത്ത ശ്രീകോവിലില്‍ 'ഏകദൈവ'ത്തിലെങ്കിലും വിശ്വസിക്കുന്ന കൃഷ്ണഭക്തനായ തനിക്ക് വിലക്ക് വീണപ്പോള്‍ കവി ഗദ്ഗദകണ്ഠനായി. കിഴക്കേനടയില്‍ നിന്ന് കവി പടിഞ്ഞാറോട്ട് നോക്കി. നീലാകാശത്തിനു കീഴെ അസ്തമയ സൂര്യന്റെ മഞ്ഞ പ്രഭ! മുകളില്‍ നീല, താഴെ മഞ്ഞ! ഇത് താനല്ലയോ ഭഗവാന്‍ എന്ന് വര്‍ണ്യത്തിലാശങ്ക! പീതാംബര പട്ടണിഞ്ഞ കാര്‍ വര്‍ണന്‍! 'കൃഷ്ണ കൃപാ സാഗര'ത്തില്‍ മുങ്ങി 'കൃഷ്ണ ഭക്തിയുടെ പീലിത്തിരുമുടി ശിരസ്സിലേറ്റിയ 'അഹിന്ദു'വായ കവിയില്‍ വിഷാദക കവിത മുളപൊട്ടി. 'ശ്യാമാകാശമണിഞ്ഞിടുന്നു രുചിരം സായാഹ്ന പീതാംബരം; സീമാതീതലയാനുഭൂതിയകമേ പെയ്യുന്നു ശംഖധ്വനം' എന്ന് തുടങ്ങുന്ന കവിത 'അഹൈന്ദവം' എന്ന തലക്കെട്ടില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്നു. ഇതൊരു യൂസഫലിയുടെ മാത്രം പ്രശ്‌നമല്ല. 'ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും, ഗോപുരവാതില്‍ തുറക്കും,  ഗോപകുമാരനെ കാണും' എന്ന് പാടിയ സാക്ഷാല്‍ യേശുദാസിന്റെ മുന്നില്‍ പോലും നട അടഞ്ഞു തന്നെ കിടക്കുകയാണിപ്പോഴും. 'അഹിന്ദുക്കളില്ലാത്ത ഇന്ത്യ'യെ കുറിച്ച ആര്‍.എസ്.എസ് സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ പുതിയ ചേതോഗതം പുറത്ത് വന്ന സാഹചര്യത്തിലാണ് അഹൈന്ദവം ഒരിക്കല്‍ കൂടി ലൈംലൈറ്റില്‍ വരുന്നത്.
താത്ത്വികാചാര്യനായ ഗോള്‍വാള്‍ക്കര്‍ക്ക് പോലും കൃത്യമായി നിര്‍വചിക്കാന്‍ കഴിയാത്ത 'ഹിന്ദുത്വ'യെ ദര്‍ശനമായി സ്വീകരിക്കുന്ന ആര്‍.എസ്.എസ് 'ഹിന്ദുത്വ'യുടെ 'വിശാലത'യും 'ഉള്‍ക്കൊള്ളല്‍ മനസ്‌കത'യും തെളിയിക്കാന്‍ ഓരോ സന്ദിഗ്ധ ഘട്ടത്തിലും നവീനങ്ങളായ വ്യാഖ്യാനങ്ങളുമായി രംഗത്ത് വരാറുണ്ട്. ആയിനത്തില്‍ ഏറ്റവും പുതിയതാണ് മേല്‍പറഞ്ഞ 'അഹിന്ദുക്കള്‍'ക്ക് പകരമായി മുഴുവന്‍ ഇന്ത്യക്കാരെയും ഹിന്ദുക്കളായി പ്രഖ്യാപിക്കുന്ന മോഹന്‍ ഭാഗവതിന്റെ 'നയപ്രഖ്യാപനം.' മുസ്ലിം - ക്രൈസ്തവ മതവിഭാഗങ്ങളെ ഇനിമുതല്‍ അഹിന്ദുക്കള്‍ എന്ന് അഭിസംബോധന ചെയ്യില്ല. പകരം പുതിയ ഹിന്ദുനാമം നല്‍കാനാണ് തീരുമാനം.  സ്വാഭിമാന ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു എന്നിങ്ങനെയാണ് വിഭജനം. ഹിന്ദുമതത്തെ ആഴത്തില്‍ തിരിച്ചറിയുകയും  ആചരിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരാണ് സ്വാഭിമാന ഹിന്ദു. ഹിന്ദുമതത്തില്‍ ജനിച്ചെങ്കിലും ആചരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാത്തവരും എന്നാല്‍ പൂര്‍ണമായും നിരാകരിക്കാത്തവരുമാണ് സന്ദേഹിയായ ഹിന്ദു. ഹിന്ദുമതത്തില്‍ ജനിച്ചവരെങ്കിലും മറ്റു ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് സൗഹൃദമില്ലാത്ത ഹിന്ദു. മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ് അജ്ഞരായ ഹിന്ദു.  ആരാധനാരീതി വ്യത്യസ്തമായാലും ജീവിതരീതി 'ഹൈന്ദവ'മാകയാല്‍ എല്ലാ ഭാരതീയരും ദേശീയസ്വത്വപ്രകാരം ഹിന്ദുവാണെന്നാണ് ആര്‍.എസ്.എസ് സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ വാദം. അങ്ങനെയെങ്കില്‍ 'ഹിന്ദുക്കളിലെ'ത്തന്നെ ഒരുവിഭാഗം പള്ളികളില്‍ പോയി പ്രാര്‍ഥിക്കുന്നതും അവരുടെ പെണ്‍കുട്ടികള്‍  ഹിജാബ് ധരിക്കുന്നതും ആര്‍.എസ്.എസിന് ചതുര്‍ഥിയാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം അവരുടെ കൈയിലില്ല. യഥാര്‍ഥത്തില്‍, 2025-ഓട് കൂടി ഇന്ത്യയെ പൂര്‍ണമായും ഹിന്ദുത്വ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഹൈന്ദവ രാഷ്ട്രമാക്കുക എന്ന ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള പരിശ്രമങ്ങളുടെ ഏറ്റവുമൊടുവിലത്തെ 'യജ്ഞ'മാണ് ആര്‍.എസ്.എസിന്റെ ഈ ഹിന്ദുത്വ നവീകരണം. 
നോക്കൂ, എത്ര കൃത്യമായാണ് ഈ  'മോഡി'ഫിക്കേഷന്‍ നാല് കള്ളികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്! യാദൃഛികമോ അത്ര നിഷ്‌കളങ്കമോ അല്ല ഈ 'നാല് കള്ളി' സങ്കല്‍പനം. വര്‍ണാശ്രമ ധര്‍മബോധം തന്നെയാണ് അതിന്റെ പ്രചോദകം. ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ബ്രാഹ്മണരും ബാഹുക്കളില്‍നിന്ന് ക്ഷത്രിയരും തുടകളില്‍നിന്ന് വൈശ്യരും പാദങ്ങളില്‍നിന്ന് ശൂദ്രരും ഉണ്ടായെന്ന് പറയുന്ന ഉച്ചനീചത്വ വ്യവസ്ഥയുടെ മൂര്‍ത്തരൂപമായ 'ചാതുര്‍വര്‍ണ്യ'ത്തെ പ്രൊമോട്ട് ചെയ്യുന്ന മനുസ്മൃതി തന്നെയാണ് ഇന്നും ആര്‍.എസ്.എസിന്റെ മൂലപ്രമാണം. ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലാണ് ആര്‍.എസ്.എസിന് മനുസ്മൃതി.  ''ഭാരതീയമായതൊന്നും ഇല്ല എന്നത് ഇന്ത്യന്‍ ഭരണഘടനയെ ഏറ്റവും മോശമാക്കുന്നു. പൗരാണിക ഭാരതത്തിലെ അതുല്യമായ ഭരണഘടനാവികാസത്തെപ്പറ്റി ഒരു പരാമര്‍ശവും ഭരണഘടനയിലില്ല. ഇക്കാലത്തും മനുസ്മൃതിയില്‍ വിശദീകരിച്ചിരിക്കുന്ന നിയമസംഹിത ലോകത്തെ പ്രചോദിപ്പിക്കുകയും മതിപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു. രാജ്യത്തിന് അനുയോജ്യമായ നിയമസംഹിതയാണ് മനുസ്മൃതിയെന്ന് ഇതിലൂടെ വെളിപ്പെടുകയാണ്'' (ഓര്‍ഗനൈസര്‍, മുഖപ്രസംഗം - 1949 നവംബര്‍ 30).  ഈ നിലപാടില്‍  ഇതുവരെയും ഒരു നയംമാറ്റം പ്രഖ്യാപിക്കാത്ത ആര്‍.എസ്.എസ് 'മാറിയ' സാഹചര്യത്തില്‍ വര്‍ണാശ്രമ വ്യവസ്ഥയെ 'മോഡി'ഫൈ ചെയ്ത് പുതിയൊരു തരം 'ചതുര്‍' വര്‍ണത്തിനു രൂപം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ശൂദ്രരെയും, വൈശ്യരെയും, ക്ഷത്രിയരെയും നിരീശ്വര വിശ്വാസികളെയും കൊല്ലുന്നത് പോലെ സ്ത്രീകളെയും കൊല്ലുന്നത് ലഘുവായ കുറ്റമേ ആകുന്നുള്ളൂ (അധ്യായം XI സൂക്തം:67)  എന്നാണ്  'മനു' പഠിപ്പിക്കുന്നത്. ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെ കുറിച്ച് ഗര്‍വോടുകൂടി ഒരു ശൂദ്രന്‍ ഉപദേശം നല്‍കിയാല്‍ രാജാവ് അവന്റെ വായിലേക്കും ചെവികളിലേക്കും തിളപ്പിച്ച എണ്ണ ഒഴിക്കാന്‍ കല്‍പിക്കണം (അധ്യായം 8, സൂക്തം: 272). ഇമ്മാതിരി നിരവധി സൂക്തങ്ങളുള്ള മനുസ്മൃതി ആധാരമാക്കിയുള്ള ഒരു സാമൂഹികവ്യവസ്ഥയുടെ പുനര്‍നിര്‍മിതിക്ക് വേണ്ടി 'വിചാരധാര'യില്‍ പറഞ്ഞ മൂന്ന് ആഭ്യന്തര ശത്രുക്കളെ സന്ദേഹി, വിരോധി, അജ്ഞാനി എന്നിങ്ങനെയുള്ള 'വര്‍ണ'ങ്ങളില്‍ അടയാളപ്പെടുത്തുകയും നേരത്തെയുണ്ടായിരുന്ന 'ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ- ശൂദ്ര' സങ്കല്‍പത്തെ മായ്ചുകളഞ്ഞു മുഴുവന്‍ ഹിന്ദുക്കളെയും 'സവര്‍ണം' എന്ന ഒരൊറ്റ സാകല്യമായി പുനഃക്രമീകരിക്കുകയും ചെയ്തുകൊണ്ടാണ് ആര്‍.എസ്.എസ് വംശഹത്യയുടെ നിഗൂഢ മാര്‍ഗരേഖ തയാറാക്കിയിട്ടുള്ളത്. ചിന്തന്‍ ബൈഠക്കുകളിലൂടെ സാധ്യമായ എല്ലാ വേദികളിലും  ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിവെച്ചിരുന്നു. ''ഗുണം, കര്‍മം ഇവയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ തരംതിരിക്കുന്ന രീതിക്കാണ് ചാതുര്‍വര്‍ണ്യം എന്നു പറയുന്നത്. ഈ നാലു വര്‍ണങ്ങളിലും ഉള്‍പ്പെടാത്തവരെ അവര്‍ണര്‍ എന്നു പറയാറുണ്ടെങ്കിലും വര്‍ണാശ്രമങ്ങള്‍ പാലിക്കുന്നവരെന്ന നിലയില്‍ ഹിന്ദുക്കള്‍ എല്ലാവരും തന്നെ സവര്‍ണരാണ്'' എന്ന വിക്കിപീഡിയയിലെ തിരുത്ത് ഇതിനൊരു ഉദാഹരണമാണ്.
ഓരോരുത്തനും അവനവന് വിധിച്ചിട്ടുള്ള കര്‍മങ്ങള്‍ ചെയ്യാതെ അപരന്റെ ജോലികള്‍ തെരഞ്ഞെടുത്താല്‍ ധര്‍മച്യുതിയുണ്ടാകും. ബ്രാഹ്മണര്‍ പൂജ ചെയ്യട്ടെ, ക്ഷത്രിയര്‍ ഭരിക്കട്ടെ, വൈശ്യര്‍ വ്യവസായത്തിലേര്‍പ്പെടട്ടെ, ശൂദ്രര്‍ സേവകരാകട്ടെ. അപ്രകാരം ചെയ്യാതിരിക്കുമ്പോള്‍ അധര്‍മം സമൂഹത്തിലും ലോകത്തിലും പ്രപഞ്ചത്തിലും നിറയും. ആപത്തുണ്ടാകും. ശൂദ്രന്‍ പൂജ ചെയ്താല്‍ ബ്രാഹ്മണര്‍ മരിക്കും. ലോകമവസാനിക്കും. ശംഭൂകന്‍ തപസ്സ് അനുഷ്ഠിച്ചതിന്റെ ഫലമായി ബ്രാഹ്മണ മൃത്യുവുണ്ടായത് കൊണ്ടാണ് ആ ശൂദ്രന്റെ തല ഭഗവാന്‍ രാമന്‍ അറുത്തെറിഞ്ഞത്. മഹാഭാരതത്തില്‍ അര്‍ജുനനേക്കാള്‍ കേമനാകുമായിരുന്ന ഏകലവ്യന്റെ തള്ളവിരല്‍ മുറിച്ചു വാങ്ങിയ മഹാബ്രാഹ്മണനായ ദ്രോണാചാര്യനും ധര്‍മസംസ്ഥാപനത്തിന് വേണ്ടിയാണങ്ങനെ ചെയ്തത്... തുടങ്ങി നേരത്തെയുണ്ടായിരുന്ന 'സനാതന' ബോധനങ്ങള്‍ തിരുത്തി പുതിയ സമവാക്യം ഉണ്ടാക്കിയത് പിന്നാക്കക്കാരനായ മോദി പ്രധാനമന്ത്രിയും ദലിതനായ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയുമായ 'ഹിന്ദുത്വ' ഭരണകൂടത്തിന് 'സനാതന' പദവി നല്‍കാന്‍ കൂടിയാണ്. അംബാനി, അദാനി തുടങ്ങിയ വൈശ്യര്‍ക്ക് പൊതുമുതല്‍ വില്‍ക്കുന്നതിനെ നീതിമത്കരിക്കാനാണ്. വര്‍ണവ്യവസ്ഥക്ക് പുറത്തുള്ള 'ആഭ്യന്തര ശത്രുക്കളെ' ഇല്ലായ്മ ചെയ്യാനാണ്.  2014-ല്‍ മോദി അധികാരമേറ്റപ്പോള്‍ സുബ്രഹ്മണ്യ സ്വാമി എന്ന ബ്രാഹ്മണന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു: 'എന്നില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച്,  ബ്രാഹ്മണിക  ഗുണങ്ങള്‍ ഉള്ള നരേന്ദ്ര മോദിയെ ഞാന്‍ ബ്രാഹ്മണനായി പ്രഖ്യാപിച്ചിരിക്കുന്നു.'
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌