Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

കോണ്‍ഗ്രസിന്റെ ദുര്‍ഗതി 

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ബി.ജെ.പിക്ക് തന്നെയാണ് ഭരണം. പഞ്ചാബില്‍ മാത്രമാണ് മറിച്ചൊരു ജനവിധി ഉണ്ടായിരിക്കുന്നത്. അവിടെ നവാഗതനായ ആം ആദ്മി പാര്‍ട്ടി പരമ്പരാഗത പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും അകാലി ദളിനെയും ശരിക്കും തൂത്ത് വാരി. ബി.ജെ.പിയുടെ 'ചരിത്ര വിജയ'ത്തെക്കുറിച്ച് പല വിധ സംശയങ്ങളും ഇപ്പോഴും ഉയരുന്നുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അതിനെ 'മെഷിനറി മാന്‍ഡേറ്റ്' എന്നാണ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് സംവിധാനത്തെയും ഫെഡറല്‍ ഏജന്‍സികളെയും ബി.ജെ.പി ദുരുപയോഗം ചെയ്തതായും അവര്‍ ആരോപിച്ചു. യു.പി തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷിനുകളെ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ ആശയത്തിന്റെ വിജയമാണെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. അത് സ്വാഭാവികവുമാണ്. മീഡിയയും അത് ഏറ്റു പിടിക്കുന്നതാണ് നമ്മെ അമ്പരപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് സുതാര്യമായാണോ നടന്നത് എന്ന വിഷയം മീഡിയ ചര്‍ച്ചക്ക് എടുക്കുന്നേ ഇല്ല. ഭരണത്തിന്റെയും പണത്തിന്റെയും തിണ്ണ ബലത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ച് പല തിരിമറികളും ഭരണകക്ഷി നടത്തിയിട്ടുണ്ട്. ഇതൊന്നും കാണാതെ നട്ടെല്ലു പോയ മുഖ്യധാരാ മീഡിയ സ്തുതിഗീതങ്ങളില്‍ അഭിരമിക്കുകയാണ്. ജനങ്ങളെ തമ്മിലടിപ്പിച്ചും മത വിഷയങ്ങള്‍ കുത്തിപ്പൊക്കിയും മുസ്‌ലിംകളെ അപര സ്ഥാനത്ത് നിര്‍ത്തിയുമാണ് ഈ വിജയം ഒപ്പിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് റാലികളിലെ വിഷം വമിക്കുന്ന പ്രസ്താവനകള്‍ തന്നെ മതി തെളിവായി. കടുത്ത ഭരണവിരുദ്ധ വികാരം നിലനിന്നിരുന്ന സംസ്ഥാനങ്ങളിലേക്ക്, പ്രത്യേകിച്ച് യു.പിയിലേക്ക് കനത്ത തോതില്‍ പണമൊഴുകിയിരുന്നുവെന്നതും പരസ്യമായ രഹസ്യം. ഒന്നിനും ഒരു രേഖയും തെളിവും അവശേഷിക്കില്ല എന്നതിനാല്‍ അത്തരം വിഷയങ്ങളൊന്നും ഉയര്‍ത്തിക്കൊണ്ട് വരാനും കഴിയില്ല.
ഭരണ മികവോ നേട്ടങ്ങളോ ഒന്നുമല്ല ഈ വിജയത്തിന്റെ പിന്നിലെന്ന് വ്യക്തം. കടുത്ത ഭരണ വിരുദ്ധ വികാരം നിലനിന്ന സംസ്ഥാനങ്ങള്‍ തന്നെയായിരുന്നു ഇവ. അത് മുതലാക്കേണ്ടത് പ്രതിപക്ഷമാണ്. ദൗര്‍ഭാഗ്യവശാല്‍ പഞ്ചാബൊഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസ്സായിപ്പോയി. ഒരു കാലത്ത് ഇന്ത്യ അടക്കി ഭരിച്ച ആ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ ആരിലും സഹതാപമുണര്‍ത്തും. സംസ്ഥാനങ്ങളില്‍ മാത്രമല്ല കേന്ദ്രത്തിലും നേതാവാരെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. ഒന്നിച്ച് നിന്ന് ശീലമില്ല. തമ്മിലടിച്ചേ ശീലമുള്ളൂ. തെരഞ്ഞെടുപ്പ് നടന്ന ഒരു സംസ്ഥാനത്തും കോണ്‍ഗ്രസിന് കൃത്യമായ സ്ട്രാറ്റജിയുണ്ടായിരുന്നില്ല. ഭരണപരാജയം വോട്ടര്‍മാരെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. അത് ബോധ്യപ്പെട്ടവര്‍ക്ക് തന്നെ കോണ്‍ഗ്രസിന് മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയുമെന്ന അഭിപ്രായവും ഉണ്ടായിരുന്നില്ല. നേതൃരാഹിത്യം തന്നെ പ്രധാന കാരണം. പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് അതിന് മികച്ച ഉദാഹരണമാണ്. താന്‍ കോണ്‍ഗ്രസിന്റെ നേതൃതലങ്ങളിലൊന്നും ഇല്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പേ പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അഴിച്ചുപണിതതും ഇതേ രാഹുല്‍ ഗാന്ധി തന്നെ! ഒട്ടും ദൂരക്കാഴ്ചയോ രാഷ്ട്രീയ പക്വതയോ ഇല്ലാത്ത അഴിച്ചുപണി.  നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്റെ നേതൃത്വമൊഴിഞ്ഞാലേ പാര്‍ട്ടി ഗതി പിടിക്കൂ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് വരെ തുറന്ന് പറയേണ്ടി വന്നു. പി.സി.സി അധ്യക്ഷന്മാരെ മാറ്റി പ്രതിഷ്ഠിച്ചത് കൊണ്ടൊന്നും തീരുന്നതല്ല ആ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി. ശക്തമായ നേതൃത്വമുള്ള, ജനങ്ങള്‍ക്ക് വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. എങ്കിലേ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രതീക്ഷക്ക് എന്തെങ്കിലും വകയുള്ളൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌