Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

യു.പി തെരഞ്ഞെടുപ്പ്  മതബിംബങ്ങളെ മാര്‍ക്കറ്റ് ചെയ്ത്  നേടിയ വിജയം

എ. റശീദുദ്ദീന്‍

ഉത്തര്‍പ്രദേശിലടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചതിന്റെ പിന്നിലെ കാരണം പതിവുപോലെ 'ചാണക്യ തന്ത്ര'ങ്ങളുടെ വിജയവും ബി.ജെ.പിയുടെ 'ഭരണ മികവി'നുള്ള അംഗീകാരവുമൊക്കെയായി വാഴ്ത്തപ്പെടുന്നുണ്ട്. ആദിത്യനാഥിനെ പോലൊരാള്‍ യു.പിയില്‍ വീണ്ടും ജയിച്ചുകയറുമ്പോള്‍ രാഷ്ട്രീയ പ്രക്രിയയുടെ തകര്‍ച്ചയെ കുറിച്ചല്ല രാജ്യത്തെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹം രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആകുന്നതിനെ കുറിച്ചാണ്. മുസ്ലിമിനെ തകര്‍ക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്ന പ്രതീകങ്ങളെ അധികാരത്തിലിരുത്തുകയും ഈ പ്രതീകങ്ങള്‍ പൊതുസമൂഹത്തിന് നല്‍കുന്ന ദുരിതങ്ങളെ 'ഉദ്ദേശ്യ ശുദ്ധി' കൊണ്ട് മാപ്പു നല്‍കുകയുമാണ് ഇപ്പോഴത്തെ ഇന്ത്യ ചെയ്യുന്നത്. ബി.ജെ.പി നിര്‍ണയിക്കുന്നതല്ലാതെ മുസ്ലിംകളുമായി ബാക്കിയുള്ള വോട്ടര്‍മാരുടെ യഥാര്‍ഥ പ്രശ്നം എന്തെന്ന ആത്മപരിശോധന ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തുന്നില്ല. രാജ്യം മൊത്തമായാണ് തകരുന്നതെന്നും ദാരിദ്ര്യവും വിലക്കയറ്റവും തൊഴിലില്ലായ്മയും എല്ലാവരെയും ഒരുപോലെയാണ് ബാധിക്കുന്നതെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് ഈ ദുരന്തങ്ങളെ നാം വാരിപ്പുണരുന്നത്. അവനവനിലെ വര്‍ഗീയതയുടെ അസ്‌ക്യതകളാണ് യഥാര്‍ഥ പ്രശ്നമെന്നത് മറച്ചുവെച്ച് മുദ്രാവാക്യങ്ങളും പ്രഖ്യാപനങ്ങളും തമ്മിലുളള ഏറ്റുമുട്ടലായി ഓരോ തെരഞ്ഞെടുപ്പിനെയും സ്വയം തെറ്റിദ്ധരിപ്പിക്കുകയാണ് നമ്മള്‍. ഗോദയില്‍ പക്ഷേ അതൊരു ഹിന്ദു-മുസ്ലിം ദ്വന്ദ്വം മാത്രമാണ്. യു.പിയിലെ തെരഞ്ഞെടുപ്പിനെ വിലയിരുത്താന്‍ നമ്മള്‍ ഉപയോഗിക്കുന്ന അളവുകോലുകള്‍ ആ സംസ്ഥാനത്ത് മാത്രമല്ല ഒട്ടുമിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എന്നോ കാലഹരണപ്പെട്ടു കഴിഞ്ഞവയാണ്. മതേതരത്വം എന്ന വാക്ക് ആരും ഉറക്കെ പറയാന്‍ ധൈര്യം കാണിക്കാത്ത ഈ തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യം എന്ന വാക്കിന് ഭയപ്പെടുത്തുമാറ് അര്‍ഥലോപം സംഭവിച്ചു കഴിഞ്ഞു. ആര്‍ക്ക് വോട്ടു കൊടുത്താലും അവരെ ബി.ജെ.പി വിലയ്‌ക്കെടുക്കുമെന്നത് ശരാശരിക്കാരായ വോട്ടര്‍മാരൊക്കെയും ധരിച്ചുവശായിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജയം മാത്രമാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന തനി നുണയന്മാരും ജനാധിപത്യ വിരുദ്ധരുമായ ഒരു സംഘത്തോടും അവരുടെ ആജ്ഞാനുവര്‍ത്തികളായി മാറിയ മാധ്യമങ്ങളോടുമാണ് ഏറ്റുമുട്ടുന്നതെന്ന് ഇന്ത്യയിലെ പ്രതിപക്ഷവും മറന്നേ പോയിരിക്കുന്നു.
കര്‍ഷക രോഷം, ലഖിംപൂര്‍ ഖേരി സംഭവം, ഹാഥ്റസ് ബലാത്സംഗം, ഉന്നാവ് കേസ്, ഇന്ത്യയിലെ ഏറ്റവും ഭീതിദമായ കോവിഡ് മരണ ദൃശ്യങ്ങള്‍, കുത്തഴിഞ്ഞ നിയമ വാഴ്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, പശുശല്യം, ഗൊരഖ്പൂര്‍ ശിശുമരണം എന്നു തുടങ്ങി സാധാരണഗതിയില്‍ ഭരണവിരുദ്ധ വികാരം എന്ന പട്ടികയില്‍ ഇടം പിടിക്കുന്ന ഏതാണ്ടെല്ലാ വിഷയങ്ങളും ഉണ്ടായിട്ടും യു.പിയില്‍ ജനം ആദിത്യനാഥിനൊപ്പം നിന്നു. എന്തുകൊണ്ട്? മതത്തെയും മതചിഹ്നങ്ങളെയും വളരെ കൃത്യമായി ബി.ജെ.പി മാര്‍ക്കറ്റ് ചെയ്തത് കൊണ്ടാണ് എന്നാണ് ആദ്യത്തെ ശരിയുത്തരം. അദ്ദേഹത്തിലെ മോശം മുഖ്യമന്ത്രിയെ മറച്ചു പിടിച്ച് ചോദ്യം ചെയ്യാനാവാത്ത മഠാധിപതിയെ ആണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയത്. രണ്ടാമത്തേത് വികസനവുമായി ബന്ധപ്പെട്ടതു തന്നെയാണ്, പക്ഷേ പക്ഷാഘാതം പിടിപെട്ട, ജാതിയും മതവുമൊക്കെ നോക്കിയുള്ള, മറ്റുള്ളവര്‍ ചോദ്യം ചെയ്യാന്‍ മടിച്ച ഒരുതരം വികസനം. 80 ശതമാനവും 20 ശതമാനവും തമ്മിലാണ് പോരാട്ടമെന്ന് ആദിത്യനാഥ് പച്ചയായി തന്നെ പറഞ്ഞു വെച്ചു. തന്റെ കാലത്താണ് ഹിന്ദുക്കള്‍ക്ക് ആഘോഷങ്ങള്‍ നടത്താന്‍ അനുവാദം ലഭിച്ചതെന്ന് സോന്‍ഭദ്രയിലെ റാലിയില്‍ പ്രസംഗിച്ചു. ഹിന്ദു പ്രീണനം നടത്തിയെന്ന് പറഞ്ഞാല്‍ വോട്ടു പോകുമെന്ന് എതിരാളികള്‍ ഭയപ്പെട്ട പദ്ധതികളായിരുന്നു ആദിത്യനാഥിന്റേത്. അതിനു പക്ഷേ വോട്ടുകള്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നു. ബി.ജെ.പി സമര്‍ഥമായി ഉപയോഗിച്ച മതചിഹ്നങ്ങളില്‍ മഠാധിപതിയായ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മാത്രമല്ല അതിന്റെ മറുപക്ഷത്ത് വോട്ടു വിഘടിപ്പിക്കാന്‍ സഹായിച്ച വികാര ജീവികളുമുണ്ട്. തൊപ്പി വെച്ചവരും വെക്കാത്തവരുമായ സ്വത്വവാദികളും ആനപ്പുറത്തേറിയവരും അല്ലാത്തവരുമായ ദലിത് വാദികളുമൊക്കെ അക്കൂട്ടത്തിലുണ്ട്. വല്യഛന്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് ഇപ്പോഴും സ്വന്തം ശരീരത്തിലുണ്ടെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസും തങ്ങളാലാവും വിധം ആവശ്യമില്ലാത്തിടത്തൊക്കെ വോട്ടു പിടിച്ചിട്ടുണ്ട്. ഇത്തവണത്തെ യു.പി തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തിരിച്ചറിവ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പഴകിത്തേഞ്ഞ ജാതി ചേരുവകളെ മറികടന്ന് ഹിന്ദുത്വം വിശാലമായ മതരൂപം ആര്‍ജിക്കുന്നു എന്നതാണ്. ജാതി സംഘടനകളിലെ നേതാക്കളെ കുറേക്കാലം കൊണ്ടുനടന്ന് അവരുടെ സമുദായങ്ങളെ പാട്ടിലാക്കുകയാണ് ബി.ജെ.പി ചെയ്തത്. ഈ സമുദായങ്ങളില്‍ നിന്ന് ആജ്ഞാനുവര്‍ത്തികളായ പുതിയ എം.എല്‍.എമാരെ സൃഷ്ടിക്കാനും ബി.ജെ.പിക്കു കഴിഞ്ഞിരിക്കുന്നു.
സമുദായങ്ങളെ ബി.ജെ.പി വിഴുങ്ങാന്‍ തുടങ്ങിയ കാലത്ത് നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലാണ് ജാതി സംഘടനകളുടെ നേതാക്കള്‍. ബി.ജെ.പിയുടെ മുന്നണിയില്‍ പലപ്പോഴും ഉണ്ടായിരുന്നവരാണ് പാര്‍ട്ടിയുടെ തനിനിറം മനസ്സിലായപ്പോള്‍ ഗത്യന്തരമില്ലാതെ മതേതര മുന്നണിയില്‍ ചേര്‍ന്നത്. ഓം പ്രകാശ് രാജ്ബറിന്റെ എസ്.ബി.എസ്.പി, കേശവ്ദേവ് മൗര്യയുടെ മഹാന്‍ പാര്‍ട്ടി, ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി, ശരദ് പവാറിന്റെ എന്‍.സി.പി, സോനേലാല്‍ പട്ടേലിന്റെ ഭാര്യ കൃഷ്ണ പട്ടേല്‍ നയിക്കുന്ന അപ്നാദള്‍ കെ വിഭാഗം, ശിവ്പാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി, ഖാസിപ്പൂരിലെ സഞ്ജയ് ചൗഹാന്റെ നൗനിയ സമുദായക്കാരുടെ പാര്‍ട്ടിയായ ജെ.എസ്.പി, ഡോ: അയ്യൂബിന്റെ പീസ് പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ ചെറുതും വലുതുമായ നിരവധി കക്ഷികളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് സമാജ്വാദി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ ലഭിച്ച 42 സീറ്റുകളുടെ എണ്ണം 125 ആയി ഉയര്‍ത്തിയെങ്കിലും അഖിലേഷ് യാദവിന്റെ മഴവില്‍ സഖ്യത്തിന് നിര്‍ണായകമായ മേല്‍ക്കൈ നേടാനാവാതെ പോയി. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദലിത് രാഷ്ട്രീയം 'ഒന്നി'ല്‍ ഒതുങ്ങി. കാരണം മറ്റൊന്നുമല്ല, ജാതി ഹിന്ദുക്കളോടൊപ്പം ദലിതരും കൂടി ബി.ജെ.പിയുടെ 'ഹിന്ദുത്വ'ത്തെ അംഗീകരിക്കാന്‍ തുടങ്ങിയതു കൊണ്ടു തന്നെ. പറയാന്‍ മടിച്ചു നിന്നതുകൊണ്ട് ഒരു കാര്യവുമില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഹിന്ദുമത വിശ്വാസികളില്‍ മുമ്പെന്നെത്തേക്കാളും സാമൂഹികമായ സ്വീകാര്യത കൈവന്നു കഴിഞ്ഞു. ചരിത്രപരമായ അടിമബോധം ജീനുകളില്‍ പേറി നടക്കുന്ന സമൂഹങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ നുകത്തിലേക്ക് പതുക്കെ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്.  
മറുഭാഗത്ത് ശക്തമായ പ്രതിപക്ഷമുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്ന പഞ്ചാബില്‍ പ്രധാനമന്ത്രി മുതല്‍ക്കിങ്ങോട്ട് സകല ഗജകേസരികളും രംഗത്തിറങ്ങിയിട്ടും ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കുക. ബംഗാളില്‍ മമത ബി.ജെ.പിയെ മലര്‍ത്തിയടിച്ചതിനു ശേഷമാണ് മറ്റൊരു സംസ്ഥാനത്ത് മോദിയും അമിത് ഷായും അതുപോലൊരു നാണം കെട്ട പരാജയം ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിനകത്തെ ചക്കളത്തി പോരിനോടും അതിശക്തമായാണ് പഞ്ചാബിലെ ജനം പ്രതികരിച്ചത്. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ജയിച്ചപ്പോഴും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയടക്കം പരാജയപ്പെട്ടതിനെ ഏത് മാനദണ്ഡമുപയോഗിച്ചാണ് സദ്ഭരണത്തിനുള്ള അംഗീകാരമായി വിലയിരുത്താനാവുക? ഗോവയില്‍ ആരെ ജയിപ്പിച്ചാലും സത്യപ്രതിജ്ഞ നടക്കുന്നത് റിസോര്‍ട്ടുകളില്‍ നടക്കുന്ന നാടകങ്ങള്‍ക്ക് ശേഷമാണെന്ന അനുഭവങ്ങള്‍ ജനങ്ങള്‍ക്കുണ്ടല്ലോ. ആരെയായിരുന്നു അവര്‍ വിശ്വസിക്കേണ്ടിയിരുന്നത്?
യു.പിയിലെ ബി.ജെ.പി പ്രകടനത്തെ വിലയിരുത്തുമ്പോള്‍ കണക്കിലെടുക്കേണ്ട ഒന്നാമത്തെ ഘടകം 22 ശതമാനം വോട്ട് ബാങ്കില്‍ നിന്നും 12-ലേക്ക് മൂക്കു കുത്തിയ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദയനീയ പ്രകടനമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിച്ച നിര്‍ണായക ഘടകമാണ് ഈ വോട്ടു ചോര്‍ച്ച. മായാവതി ഈ തെരഞ്ഞെടുപ്പില്‍ മുമ്പെന്നെത്തേക്കാളും നിശ്ശബ്ദയായിരുന്നു എന്ന സത്യം മറച്ചു പിടിക്കാനാവില്ല. 403 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് വെറും 20 റാലികളിലാണ് അവര്‍ പങ്കെടുത്തത്. വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന ഒന്നും മായാവതി എവിടെയും പറഞ്ഞിട്ടില്ല. സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി മായാവതിയെ മെരുക്കിയതാണെന്നും അതല്ല അവര്‍ രോഗബാധിതയാണെന്നും രണ്ട് വിശദീകരണങ്ങള്‍ യു.പിയില്‍ നിന്നും കേള്‍ക്കാനുണ്ടായിരുന്നു. രണ്ടായാലും 2007-ന് ശേഷം പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പിലും അടിക്കടി താഴോട്ടു പോയ ബി.എസ്.പിയുടെ സീറ്റുകള്‍ ഈ തെരഞ്ഞെടുപ്പോടെ ഏതാണ്ട് പൂര്‍ണമായും ബി.ജെ.പിയുടെ പാളയത്തില്‍ ചെന്ന് അടിയുകയാണ് ചെയ്തത്. മായാവതി തന്നെയും ബി.ജെ.പിയില്‍ ചേരാനൊരുങ്ങുകയാണെന്ന പ്രചാരണവും സംസ്ഥാനത്ത് ശക്തമാണ്. തന്റെ പരാജയത്തിന് മുസ്ലിംകളെയാണ് മായാവതി കുറ്റപ്പെടുത്തുന്നതെങ്കിലും ദലിത് വോട്ടുബാങ്കുകള്‍ പോലും ഇത്തവണ മായാവതിയോടൊപ്പം ഉണ്ടായിരുന്നില്ല. ആര്‍.എസ്.എസ് നേതാവ് ദേവറസിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ദലിത് കുടുംബങ്ങളെ ബ്രാഹ്മണര്‍ ദത്തെടുക്കുന്ന പദ്ധതിയടക്കം പിന്നാക്ക വിഭാഗങ്ങളെ ആകര്‍ഷിക്കുന്ന നിരവധി നീക്കങ്ങള്‍ക്ക് യു.പിയില്‍ ബി.ജെ.പി തുടക്കമിട്ടിരുന്നു. ഇതിനെ ചെറുക്കാന്‍ പഴയ മനുവാദി വിരുദ്ധ മുദ്രാവാക്യങ്ങള്‍  ശക്തിപ്പെടുത്തുന്നതിനു പകരം മായാവതി മൃദുഹിന്ദുത്വം കളിച്ച് പരമദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് ഒരു പാഠവും മായാവതി പഠിച്ചിരുന്നില്ല.
2014-ല്‍ മോദി അധികാരത്തിലെത്തിയതിനു ശേഷം മായാവതിയുടെ ജാതി സമവാക്യങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ ബി.ജെ.പി തകര്‍ക്കുന്നുണ്ടായിരുന്നു. ബി.ജെ.പിയുടെ എല്ലാ തന്ത്രങ്ങള്‍ക്കിടയിലും ബി.എസ്.പിയില്‍ ഉറച്ചുനിന്ന ജാട്ടവുകള്‍ പോലും ഇത്തവണ മായാവതിയെ കൈവിട്ടു. 1992-ല്‍ ബാബരി മസ്ജിദ് സംഭവത്തിനു ശേഷം കോണ്‍ഗ്രസ് യു.പിയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബി.എസ്.പിയിലേക്ക് ചേക്കേറിയ, മതേതര സ്വഭാവമുള്ള, ബി.ജെ.പിയെ ആശയപരമായി എതിര്‍ത്തു പോന്ന ദലിതരായിരുന്നു ഇവര്‍. കുശവാഹ, സാക്യ, സൈനി, ബിണ്ട്, മൗരവ്, കാച്ചി എന്നൊക്കെയുള്ള പേരുകളില്‍ സഹാരണ്‍പൂര്‍ മുതല്‍ ചന്ദോലി വരെ വ്യാപിച്ചു കിടക്കുന്ന മൗര്യകളില്‍ നല്ലൊരു പങ്കും സമീപകാലം വരെയും മായാവതിയുടെ വോട്ടുബാങ്കായിരുന്നു; പ്രത്യേകിച്ചും ബി.എസ്.പി ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമൊക്കെ ആയിരുന്ന സ്വാമി പ്രസാദ് മൗര്യ കൂടെയുണ്ടായിരുന്ന 2014 വരെയുള്ള കാലത്ത്. ഈ വോട്ടുബാങ്ക് മൗര്യയിലൂടെ ബി.ജെ.പിയില്‍ എത്തിപ്പെടുകയാണ് ഇപ്പോള്‍ സംഭവിച്ചത്. സ്വാമി പ്രസാദിനെ 2014-ല്‍ ബി.ജെ.പി രണ്ടു കൈയും നീട്ടി പാര്‍ട്ടിയിലേക്കും കാബിനറ്റിലേക്കും സ്വീകരിച്ചതും മറ്റൊരു മൗര്യ നേതാവായ കേശവ് പ്രസാദിനെ യു.പി ഘടകം അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമാക്കിയതും ആസൂത്രിതമായ ജാതി സമീകരണ ലക്ഷ്യങ്ങള്‍ നേടുന്നതിനായിരുന്നു. എന്നാല്‍ ബി.ജെ.പി വിട്ട് സമാജ്വാദിയിലേക്ക് ചേക്കേറിയ സ്വാമി പ്രസാദ് മൗര്യ ഫസില്‍ നഗര്‍ സീറ്റില്‍ പരാജയപ്പെടുകയാണുണ്ടായത്. അണികളെ ബി.ജെ.പി പിടിച്ചുനിര്‍ത്തിയതും മായാവതി പണി കൊടുത്തതും ഒരുമിച്ചാണ്. കീരി ജയിക്കേണ്ടിയിരുന്ന യുദ്ധത്തില്‍ പാമ്പും ചേരയും ചേര്‍ന്ന് ഒത്തു കളി നടത്തിയെന്നാണ് മൗര്യ ആരോപിച്ചത്. അതായത് ബി.എസ്.പിയുടെ ജാതിവോട്ടര്‍മാര്‍ ബി.ജെ.പിയുമായി ഒത്തുകളിച്ചുവെന്ന്.
പാര്‍ട്ടിക്കകത്ത് മായാവതി കൊണ്ടു നടക്കാന്‍ ശ്രമിച്ച ഒരുതരം കിരാതമായ ഏകാധിപത്യം ബി.എസ്.പിയുടെ തകര്‍ച്ചക്ക് വഴിയൊരുക്കിയതും എടുത്തു പറയേണ്ടതാണ്. ജനാടിത്തറയുള്ള നിരവധി നേതാക്കളെ ഒന്നുകില്‍ മായാവതി പുറത്താക്കുകയോ അല്ലെങ്കില്‍ അവര്‍ സ്വയം പുറത്തു പോവുകയോ ചെയ്തു. ഈ നേതാക്കളെ എന്ത് വില കൊടുത്തും പാഠം പഠിപ്പിക്കുക മാത്രമായിരുന്നു ഇത്തവണത്തെ യു.പി തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ അജണ്ട. കാന്‍ഷിറാമിനൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ സ്ഥാപക നേതാവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ രാം അഛല്‍ രാജ്ബറിനെതിരെ നടന്ന നീക്കങ്ങള്‍ ഉദാഹരണം. ബി.എസ്.പി മുഴുവന്‍ അടവും പയറ്റിയിട്ടും രജ്ബര്‍ അക്ബര്‍പൂരില്‍ സമാജ്വാദി ടിക്കറ്റില്‍ ജയിച്ചു കയറി. മായാവതിയുടെ ഈ പഴയ തട്ടകത്തില്‍ തന്റെ ജനപിന്തുണ ഒരിക്കല്‍ കൂടി തെളിയിച്ച അഛല്‍ കഴിഞ്ഞ തവണത്തേക്കാളും കൂടുതല്‍ വോട്ടുകളും ഇത്തവണ നേടി 12,000-ല്‍ പരം വോട്ടുകള്‍ക്ക് ജയിച്ചു കയറിയപ്പോള്‍ ബി.എസ്.പിയുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരുന്നു എത്തിപ്പെട്ടത്. മായാവതി പുറത്താക്കിയ യു.പി അസംബ്ലി നേതാവ് ലാല്‍ജി വെര്‍മ കത്തേഹാരിയില്‍ ജയിച്ചു കയറിയപ്പോള്‍ ബി.എസ്.പി കോണ്‍ഗ്രസിനു പുറകിലായാണ് ഓടിയെത്തിയത്. ഈ നേതാക്കള്‍ മായാവതിയെ ഒരു പാഠം പഠിപ്പിക്കുകയാണ് ഒടുവിലുണ്ടായത്.
മുസ്ലിംകള്‍ തെരഞ്ഞെടുപ്പില്‍ തന്നെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തുന്ന മായാവതി ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നേടാന്‍ സഹായകമായ ഒരു നീക്കം പോലും നടത്തിയിരുന്നില്ല. എന്നല്ല മുസ്ലിം ജനസാമാന്യത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട ഒരു നേതാവു പോലും ഇക്കുറി ബി.എസ്.പിയില്‍ ഉണ്ടായിരുന്നുമില്ല. എന്നിട്ടും തലങ്ങും വിലങ്ങും മുസ്ലിംകളെ സ്ഥാനാര്‍ഥി വേഷം കെട്ടി രംഗത്തിറക്കി സമാജ്വാദിയുടെ വോട്ടു തട്ടിയെടുക്കാനാവുമെന്നാണ് മായാവതി വിശ്വസിച്ചത്. മറുഭാഗത്ത് അയോധ്യാ വിഷയത്തില്‍ പരസ്യമായി മായാവതി മുസ്ലിംവിരുദ്ധ നിലപാടും സ്വീകരിക്കുന്നുണ്ടായിരുന്നു. ബി.എസ്.പി അധികാരത്തിലെത്തിയാല്‍ എത്രയും വേഗത്തില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ബ്രാഹ്മണര്‍ക്കായി അയോധ്യയില്‍ സംഘടിപ്പിച്ച റാലിയില്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര ഉറപ്പു നല്‍കിയത്. ബി.എസ്.പിയുടെ ദലിത് അടിത്തറ തകര്‍ത്ത് പാര്‍ട്ടിയെ ബ്രാഹ്മണരിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയാണ് മിശ്ര ചെയ്യുന്നതെന്നാണ് ഇദ്ദേഹത്തെ കുറിച്ച് ബി.എസ്.പി വിട്ടവര്‍ ഉന്നയിക്കുന്ന ആരോപണം. ഏറ്റവുമൊടുവില്‍ അയോധ്യയില്‍ ബ്രാഹ്മണര്‍ക്കായി പ്രബുദ്ധ് സമാജ് ഘോഷ്ടി എന്ന പേരില്‍ മായാവതി സംഘടിപ്പിച്ച റാലിയില്‍ ജയ് ശ്രീറാം മുദ്രാവാക്യം പോലും ഉയര്‍ന്നു. ബി.എസ്.പി മുമ്പൊരിക്കലും വിളിക്കാത്ത മുദ്രാവാക്യം.
മുസ്ലിംകള്‍ തന്നെ വഞ്ചിച്ചു എന്ന് തെരഞ്ഞെടുപ്പിന് ശേഷം കുറ്റപത്രമിറക്കിയ മായാവതി ദലിതര്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സാമൂഹികമായ കൂട്ടായ്മകളെ കൂടി തച്ചു തകര്‍ക്കുകയാണ് ഒടുവില്‍ ചെയ്യുന്നത്.  ഭീം ആര്‍മി ചന്ദ്രശേഖര്‍ ആസാദുമായി ഒരു ഒത്തു തീര്‍പ്പിനും മായാവതി തയാറല്ലാത്തതും ശ്രദ്ധിക്കുക. അക്കാര്യത്തില്‍ മായാവതി ആരുടെയോ കണ്ണുരുട്ടലിന് വഴങ്ങിയാണ് മുന്നോട്ടു പോകുന്നത്. ഇരുവരും ഒത്തു ചേര്‍ന്നാല്‍ ദലിത് രാഷ്ട്രീയത്തിന്റെ അടിസ്ഥാന മുദ്രാവാക്യങ്ങള്‍ യു.പിയില്‍ മുമ്പെന്നെത്തേക്കാളും ശക്തമാവുമെന്നിരിക്കെ മായാവതി എന്തിനെയാണ് ഭയപ്പെട്ടത്? തന്റെ നേതാവായി മായാവതിയെ അംഗീകരിക്കാന്‍ തയാറാണെന്ന് പോലും ഒരുഘട്ടത്തില്‍ ചന്ദ്രശേഖര്‍ പരസ്യമായി വ്യക്തമാക്കി. എന്നിട്ടും ഒരു കൂടിക്കാഴ്ചക്കു പോലും മായാവതി തയാറായില്ല. മുസ്ലിംകളോടുള്ള ഈ ഇരട്ടത്താപ്പിന്റെ മറുഭാഗത്ത് അവരെ കൈയൊഴിഞ്ഞ ജാതി നേതാക്കളുടെ കാര്യത്തില്‍ മായാവതി നിശ്ശബ്ദയുമാണ്. ദലിത് രാഷ്ട്രീയത്തിന്റെ സുവര്‍ണ കാലം ഇന്ത്യയില്‍ കഴിയുകയാണെന്നും ദലിതര്‍ ബി.ജെ.പിയില്‍ എത്തിപ്പെട്ടുവെന്നും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായി വിരല്‍ ചൂണ്ടുമ്പോള്‍ അതേകുറിച്ച കാര്യമായ ഒരു വിശകലനവും മായാവതി നടത്തുന്നില്ല. 2007-ല്‍ 206 സീറ്റും 30.46 ശതമാനം വോട്ടും നേടിയ ബി.എസ്.പി 2017-ല്‍ വെറും 22 ശതമാനം വോട്ടിലേക്കും 19 സീറ്റിലേക്കും ഒതുങ്ങിയതിന്റെ പ്രധാന കാരണങ്ങളിലൊന്നു ദലിതുകളെ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ കൃത്യമായ നീക്കങ്ങളാണ്. പ്രത്യേകിച്ചും സംവരണ സീറ്റുകള്‍. 2007-ല്‍ ആകെയുള്ള 86 സംവരണ സീറ്റുകളില്‍ 63-ഉം ബി.എസ്.പിയാണ് ജയിച്ചത്. 2017-ല്‍ ഇതില്‍ 67-ഉം ബി.ജെ.പി കൈയടക്കി. ബി.എസ്.പിക്ക് വെറും രണ്ടെണ്ണമാണ് ലഭിച്ചത്. സംവരണ സീറ്റുകള്‍ക്ക് പുറത്തും ഈ പതനം ഇത്തവണ സമ്പൂര്‍ണമാവുകയാണ്. ബി.എസ്.പി നിയന്ത്രിച്ചുകൊണ്ടിരുന്ന ദലിത് രാഷ്ട്രീയത്തിന് എന്തു പറ്റി എന്നതാണ് നിര്‍ണായകമായ ചോദ്യം. അത് എന്തുകൊണ്ട് ബി.ജെ.പിയില്‍ എത്തിപ്പെട്ടു എന്നതും.
ചെറിയ ജാതിപാര്‍ട്ടികളുടെ കൂട്ടത്തില്‍ ജീവന്‍ ബാക്കിയുള്ളവര്‍ ബി.ജെ.പിയില്‍ നിന്നും വേറിട്ടു വരുമ്പോള്‍ അവരെ ആകര്‍ഷിക്കാന്‍ ബി.എസ്.പിക്കു കഴിയാതിരുന്നത് അഹങ്കാരത്തിന്റെ ആള്‍രൂപമായ മായാവതിയുടെ നിലപാടുകളാണ്. കാന്‍ഷിറാമിനൊപ്പം നിന്ന് വാരാണസിയില്‍ ബി.എസ്.പിയുടെ സ്ഥാനാര്‍ഥിയായി രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഓംപ്രകാശ് രാജ്ബര്‍ അദ്ദേഹവുമായി പില്‍ക്കാലത്ത് പിണങ്ങിയപ്പോഴും ഖാസിപ്പൂരില്‍ ബി.എസ്.പി മുന്നണിയുടെ ഭാഗമായിരുന്നു. മുക്താര്‍ അന്‍സാരിയുടെ ഖൗമി ഏകതാ ദളിനൊപ്പമാണ് രജ്ബറുകള്‍ 2017 വരെ ഉണ്ടായിരുന്നത്. പിന്നീടാണ് ഓം പ്രകാശിന്റെ സുഹല്‍ദേവ് ബഹുജന്‍ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) ബി.ജെ.പിയിലെത്തിയത്. അഅ്‌സംഗഢ്, മൗ, ബലിയ, മിര്‍സാപൂര്‍, ഗാസിപ്പൂര്‍ മേഖലകളില്‍ ബി.എസ്.പിയുടെ തകര്‍ച്ചക്ക് കാരണമായത് എസ്.ബി.എസ്.പിയുടെ വളര്‍ച്ചയാണ്. മൗലാനാ ആമിര്‍ റശാദിയുടെ ഉലമാ കൗണ്‍സില്‍ അഅ്‌സംഗഢ് മേഖലയില്‍ ബി.എസ്.പിയെ സഹായിക്കാന്‍ സമ്മതിച്ചെങ്കിലും മൗലാനയെ പോലും സ്റ്റേജിലിരുത്താന്‍ മായാവതി തയാറായില്ല.  ഈ ധാര്‍ഷ്ട്യമാണ് ഒടുവില്‍ കൗണ്‍സിലിന് സ്വാധീനമുള്ള പൂര്‍വാഞ്ചല്‍ മേഖലയിലെ 50-ലധികം മണ്ഡലങ്ങളില്‍ മുസ്ലിംകളെ ബി.എസ്.പിയില്‍ നിന്നും അകറ്റിയത്. ഹാരാജ്ഗഞ്ച്, കുശിനഗര്‍, മൗ, ബലിയ തുടങ്ങിയ തെക്കുകിഴക്കന്‍ യു.പിയിലെ മണ്ഡലങ്ങളില്‍ മായാവതിയുടെ പ്രധാനപ്പെട്ട വോട്ടുബാങ്കായിരുന്നു മല്ല, കേവാഡ്, നിഷാദ, പ്രജാപതി മുതലായ സമുദായങ്ങള്‍. ഇവരുടെ നേതാവായിരുന്ന ജയ് പ്രകാശ് നിഷാദ് എന്ന മായാവതിയുടെ വിശ്വസ്തനാണ് പിന്നീട് ബി.ജെ.പിയിലെത്തിയത്. എസ്.പിയും ബി.എസ്.പിയും പരീക്ഷണാര്‍ഥം ഒരുമിച്ച് പിന്തുണ നല്‍കിയപ്പോള്‍ ഗൊരഖ്പൂരിലും ഫൂല്‍പൂരിലും ഉപതെരഞ്ഞടുപ്പില്‍ നിഷാദുകള്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയാണുണ്ടായത്. പക്ഷെ നേതാവിനെ ചാക്കിലാക്കി ബി.ജെ.പി നിഷാദുകളെ ഒപ്പം ചേര്‍ത്തു. ഈ സമുദായത്തിന്റെ ദൈവമായ നിഷാദ് രാജിന്റെ പേര് തന്റെ റാലികളില്‍ മോദി പലതവണ പരാമര്‍ശിക്കുക പോലുമുണ്ടായി. രാജ്ബറുകളുടെ അഭിമാനമായ മഹാരാജാ സുഹല്‍ദേവിനെ മഹ്മൂദ് ഗസ്നിയുടെ സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ഹിന്ദുത്വ പോരാളിയാക്കി മാറ്റി പുതിയ ചരിത്രമെഴുതി. ഈ നീക്കങ്ങളുടെയൊക്കെ അന്തിമമായ നഷ്ടം ഏറ്റു വാങ്ങിയത് ബി.എസ്.പി ആയിരുന്നു.
യു.പിയില്‍ സമ്മതിദാനാവകാശം ഉപയോഗിച്ചവരുടെ, അതായത് വോട്ടിംഗില്‍ വിശ്വാസമുള്ളവരുടെ എണ്ണം മുമ്പൊരിക്കലുമില്ലാത്ത വിധം ചുരുങ്ങിപ്പോയിരിക്കുന്നു എന്നതാണ് ഈ പൊറാട്ടു നാടകത്തിന്റെ ബാക്കിപത്രം. കൃത്യമായി പറഞ്ഞാല്‍ നൂറില്‍ 40 പേരും ഈ സംസ്ഥാനത്ത് വോട്ട് ചെയ്യാന്‍ തന്നെ പോയിട്ടില്ല. 60.08 ശതമാനം മാത്രമാണ് ഈ സംസ്ഥാനത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഈ 60.8-ന്റെ 41.29 ശതമാനമാണ് ബി.ജെ.പി നേടിയത്. സംസ്ഥാനത്തെ ഹിന്ദുത്വ വോട്ട്ബാങ്കിന്റെ വലിപ്പം ഇതില്‍ നിന്നും മനസ്സിലാക്കിയെടുക്കാനാവും. 1977-ന് ശേഷം യു.പിയില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടി ഇതാദ്യമായിട്ടാണ് 40 ശതമാനത്തിലേറെ വോട്ടുകള്‍ നേടുന്നത്. അതേസമയം ഇപ്പോഴും ജനാധിപത്യപരമായി അത് 40 ശതമാനം കടന്നിട്ടില്ല എന്നു തന്നെയാണര്‍ഥം. ഈ സാധ്യതകളെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുക എന്നതു തന്നെയാണ് ബി.ജെ.പിക്കെതിരെയുള്ള എല്ലാ നീക്കങ്ങളുടെയും ആണിക്കല്ല്. അതില്‍ ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഒരു നേതാവും ബി.ജെ.പിയെ കൃത്യമായി നേരിടുന്ന ഒരു പ്രചാരണ പദ്ധതിയുമൊക്കെ ഉണ്ടാവണം. ജാതിക്കൂട്ടങ്ങള്‍ക്ക് ഇനിയുള്ള കാലത്ത് യു.പിയില്‍ വലിയ ഭാവിയൊന്നും ഉണ്ടാവണമെന്നില്ല. ജാതി രാഷ്ട്രീയത്തെയാണ് ശക്തിപ്പെടുത്തുന്നതെങ്കില്‍ ബി.ജെ.പിയുടെ മത രാഷ്ട്രീയത്തെ ശക്തമായി കടന്നാക്രമിച്ചു കൊണ്ടായിരിക്കണമെന്ന ബോധവും മറുപക്ഷത്തെ 'ജാത്യാധിഷ്ഠിത' മതേതരമന്യന്മാര്‍ക്കുണ്ടായാല്‍ നല്ലത്. മതവും ജാതിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ക്ക് കളിക്കേണ്ടി വരുന്ന രാഷ്ട്രീയമാണ് മൃദുഹിന്ദുത്വം. ബി.ജെ.പിയുള്ളപ്പോള്‍ ജനങ്ങളെന്തിന് നിങ്ങളെ സ്വീകരിക്കണം? 

ഉവൈസിയുടെ രാഷ്ട്രീയം ആരെയാണ് സഹായിച്ചത്?


പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കാതിരിക്കുമ്പോഴും കോടികള്‍ വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് മല്‍സരിക്കാനെത്തുന്ന ഉവൈസിയുടെ രാഷ്ട്രീയം ആരെയാണ് സഹായിക്കുന്നതെന്ന ചോദ്യത്തിന് യു.പിയില്‍ വളരെ കൃത്യമായ ഉത്തരമുണ്ട്. ഉവൈസി നേടിയ വോട്ടുകളേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ബി.ജെ.പി ജയിച്ച മണ്ഡലങ്ങളുടെ പട്ടിക പുറത്തുവന്നു കഴിഞ്ഞു. ബിജ്നോര്‍, നാക്കൂര്‍, കുര്‍സി, സുല്‍ത്താന്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ഉദാഹരണം. ഉവൈസി നേര്‍ക്കു നേരെ തോല്‍പ്പിച്ച മണ്ഡലങ്ങളുടെ കണക്കുകളും കോണ്‍ഗ്രസിന്റെ വോട്ടുപെട്ടിയില്‍ വീണ ശതമാനവും മുമ്പില്‍ വെച്ചു കൊണ്ടല്ല ഇതിന്റെ ന്യായാന്യായം തിരയേണ്ടത്. ഈ മണ്ഡലങ്ങളില്‍ ഉവൈസിക്കെതിരെ പ്രയോഗിക്കുന്ന യുക്തി കോണ്‍ഗ്രസിനും ബി.എസ്.പിക്കുമൊക്കെ ബാധകമാണ്. പ്രശ്നം അവിടെയല്ല. ഉവൈസി പിടിച്ച വോട്ടുകളോടൊപ്പം അദ്ദേഹം നടത്തിയ റാലികള്‍ ഉല്‍പ്പാദിപ്പിച്ച വര്‍ഗീയ ധ്രുവീകരണം കൂടി കണക്കിലെടുക്കണം. പോലീസ് അകന്നുനിന്നാല്‍ 15 മിനിറ്റ് കൊണ്ട് രാജ്യത്തെ ഹിന്ദുക്കളെ തുടച്ചു നീക്കിത്തരാമെന്ന് ഉവൈസി പറഞ്ഞതായി ബി.ജെ.പിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം നടന്നില്ലേ? ഹിജാബും ഉവൈസിയുമൊക്കെ തെരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന പൊതുവികാരം ബി.ജെ.പി ഉല്‍പ്പാദിപ്പിക്കുന്ന ഒരു അധമ വികാരത്തോട് രഹസ്യമായി രാജിയാവാന്‍ ഹിന്ദു മഹാസാമാന്യത്തെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മോദി രാജ്യത്തില്‍ പരസ്യമായും രഹസ്യമായും വിശ്വസിക്കുന്നവര്‍ എങ്ങനെ ഇത് ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രധാനം. പുതിയ ഇന്ത്യയില്‍, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പൊതു ഇടങ്ങളില്‍ എങ്ങനെ പെരുമാറണം എന്നെങ്കിലും മുസ്ലിം സമുദായത്തിലെ സ്വത്വവാദികള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു. ഇന്ത്യയുടെ ഭൂരിപക്ഷം ജനതയും ഇപ്പോഴും ബി.ജെ.പിയോടൊപ്പമല്ല എന്നത് സത്യമായിരിക്കാം. കണക്കുകള്‍ അത് ശരിവെക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ആ ജനക്കൂട്ടത്തെ ഫാഷിസത്തിനെതിരെയുള്ള വോട്ടുബാങ്കായി മാറ്റുന്നില്ലെന്നതോ പോകട്ടെ, പ്രകോപിപ്പിച്ച് ബി.ജെ.പിയുടെ ആലയിലേക്ക് ആട്ടിത്തെളിക്കേണ്ട കാര്യമെന്തുണ്ട്?
ഉവൈസിയുടെ സംഘടനയായ ആള്‍ ഇന്ത്യാ മജ്ലിസെ ഇത്തിഹാദില്‍ മുസ്ലിമൂന്‍ ബി.ജെ.പിയുടെ ബി. ടീമായാണ് യു.പിയില്‍ മത്സരിച്ചതെന്ന ആരോപണത്തെ അവര്‍ തള്ളിക്കളയുമ്പോഴും അന്തിമമായി ആ പാര്‍ട്ടി ബാക്കിയിട്ടത് എന്താണെന്ന ചോദ്യത്തിന് കുറെ മറുചോദ്യങ്ങളല്ലാതെ വ്യക്തമായ മറുപടിയില്ല. ഹൈദരാബാദിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ കൂടി അധിപരായ ഉവൈസിയും സഹോദരന്മാരും എന്തുകൊണ്ട് ഐ.ഡി റെയ്ഡുകളില്‍ പെടാതെ രക്ഷപ്പെടുന്നു, അവര്‍ക്കെതിരെയുള്ള രാജ്യദ്രോഹ കേസുകളില്‍ എന്തുകൊണ്ട് തുടര്‍ നടപടികള്‍ ഉണ്ടാവുന്നില്ല എന്ന ചോദ്യങ്ങള്‍ക്കും തൊഗാഡിയയെ കുറിച്ചോ മറ്റോ ആവും മറുപടി ലഭിക്കുക. നിലനില്‍പ്പിനായി ബി.ജെ.പിയുടെ ഭീഷണിക്കു വഴങ്ങി യു.പിയില്‍ മത്സരിക്കുന്നവരില്‍ ധാരാളം ചെറിയ മത സംഘടനകളുമുണ്ട്. നിരോധനം എന്ന ഉമ്മാക്കി കാണിച്ചാണ് ഇക്കൂട്ടരെ അവര്‍ക്ക് നാമമാത്രമായ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ആയിരവും അഞ്ഞൂറുമൊക്കെ വോട്ടുകള്‍ക്കായി മത്സരിപ്പിക്കുന്നത്. വോട്ടുകള്‍ വില കൊടുത്തു വാങ്ങുന്നതും അപരന്മാരെ മത്സരിപ്പിക്കുന്നതും വോട്ടു വിഭജിപ്പിക്കാനായി ഈര്‍ക്കില്‍ പാര്‍ട്ടികളെ രംഗത്തിറക്കുന്നതും ഏറ്റവുമൊടുവില്‍ ജയിച്ചവരെ ചാക്കിട്ടു പിടിക്കുന്നതുമൊക്കെ ബി.ജെ.പി സാര്‍വത്രികമാക്കിയ പുതിയ തരം ജനാധിപത്യ സമ്പ്രദായങ്ങളാണെന്നിരിക്കെ അതിനെതിരില്‍ ജാഗ്രത പാലിക്കുക എന്നതും അവര്‍ക്കെതിരെ പോരാടുന്നവരുടെ ചുമതലയല്ലേ?
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌