Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

നമ്മുടെ ദൗത്യം ഇസ്‌ലാമിന്റെ പ്രബോധനവും പ്രതിരോധവും

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

പ്രവാചക പരമ്പര അവസാനിച്ചെങ്കിലും പ്രവാചകത്വത്തിന്റെ ബാധ്യതകള്‍ അന്ത്യനാള്‍ വരെയും നിര്‍വഹിക്കപ്പെടണം. മുസ്‌ലിം ഉമ്മത്ത് ഈ ലോകത്ത് നിലനില്‍ക്കുന്നതിന്റെ ന്യായമാണ് ഇത്. ആ ഉത്തരവാദിത്തത്തില്‍ ഏറ്റവും പ്രധാനമായത് ദീനിന്റെ പ്രബോധനവും (ദഅ്വത്ത്), ഇസ്ലാമിന്റെ പ്രതിരോധവും (ദിഫാഅ്) ആണ്. ഖുര്‍ആന്‍ പറയുന്നത്, 'വ ജാദില്‍ഹും ബില്ലത്തീ ഹിയ അഹ്സന്‍' (നീ അവരോട് ഏറ്റവും നല്ല നിലയില്‍ സംവദിക്കുക) എന്നും, 'ഇദ്ഫഅ് ബില്ലത്തീ ഹിയ അഹ്സന്‍' (ഏറ്റവും നല്ല നിലയില്‍ പ്രതിരോധമൊരുക്കുക) എന്നുമാണ്.  ഇസ്‌ലാമിനെ വിമര്‍ശിക്കുകയും, ഖുര്‍ആനിനും പ്രവാചകനുമെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നവരോടും ഏറ്റവും നല്ല നിലയില്‍ ഇസ്‌ലാമിനെ പ്രതിരോധിച്ചു കൊണ്ട് സംസാരിക്കാനാവുന്ന ഭാഷയും ശൈലിയും നാം സ്വായത്തമാക്കണം എന്നാണ് ഖുര്‍ആന്റെ ആഹ്വാനം. ഇമാം ഇബ്നു തൈമിയ്യ ഈ ആയത്തുകളിലെ 'ബില്ലത്തീ ഹിയ അഹ്സന്‍' എന്ന പ്രയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്. വിശുദ്ധ ഖുര്‍ആന്‍ ജിദാലിനെക്കുറിച്ചും ദിഫാഇനെക്കുറിച്ചും (സംവാദം, പ്രതിരോധം) പറഞ്ഞപ്പോള്‍ വിശേഷണോത്തമ രൂപം (സൂപ്പര്‍ലേറ്റീവ് ഡിഗ്രി) ആണ് ഉപയോഗിച്ചത്. ഏറ്റവു നല്ല രീതിയില്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കുകയും ഏറ്റവും നല്ല നിലയില്‍ തന്നെ, ഇസ്‌ലാമിനെതിരായി ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുകയും ചെയ്യുക എന്നാണ് ഇതിന്റെ താല്‍പര്യം.
ഞാന്‍ മനസ്സിലാക്കിയേടത്തോളം അസ്ഹറുല്‍ ഉലൂം കോളേജ് ജമാഅത്തെ ഇസ്‌ലാമിയുമായി അടുപ്പം കാത്തു സൂക്ഷിക്കുന്ന കലാലയമാണ്. ജമാഅത്തിന്റെ വലിയ പിന്തുണ ഈ സ്ഥാപനത്തിനുണ്ട് എന്നും ഞാന്‍ വിശ്വസിക്കുന്നു. അതില്‍ എനിക്ക് അഭിമാനവുമുണ്ട്. കാരണം, ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലാനാ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി കഴിഞ്ഞ നൂറ്റാണ്ടില്‍ ഇസ്‌ലാമിനുവേണ്ടി വലിയ സേവനങ്ങള്‍ ചെയ്ത പരിഷ്‌കര്‍ത്താവായിരുന്നു. അദ്ദേഹത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സുപ്രധാനമായതായിരുന്നു ദീനിന്റെ ദഅ്വത്തും അതിനെതിരെ ഉയര്‍ന്നു വന്ന വൈജ്ഞാനിക വെല്ലുവിളികള്‍ക്കെതിരെ അദ്ദേഹം തീര്‍ത്ത പ്രതിരോധവും. ഇന്നും ഈ പ്രസ്ഥാനം ഈ രണ്ട് ഉത്തരവാദിത്തവും ഏറ്റവും മാതൃകാപരമായി ഇന്ത്യയില്‍ നിര്‍വഹിക്കുന്നുമുണ്ട്. സയ്യിദ് മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനമുള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും ഇതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ്. അദ്ദേഹത്തിന്റെ വൈജ്ഞാനിക പ്രതിരോധങ്ങള്‍ക്കു മുന്നില്‍ ഇസ്‌ലാം വിമര്‍ശകര്‍ സ്തബ്ധരായതും ചരിത്രമാണ്.
സയ്യിദ് മൗദൂദി നിര്‍വഹിച്ചതുപോലെയുള്ള ദൗത്യം നിര്‍വഹിക്കാന്‍ മുസ്‌ലിം ഉമ്മത്തിന് ഇന്നും ആളുകളെ വേണം. കാരണം, പടിഞ്ഞാറന്‍ ചിന്തകളില്‍ ആകൃഷ്ടരായവരും നവ നാസ്തികരും നിരീശ്വരവാദികളും യുക്തിവാദികളും ഉയര്‍ത്തിവിടുന്ന ചിന്തകളിലും പ്രചാരണ കോലാഹലങ്ങളിലും യുവാക്കള്‍ കൂടുതലായി ഇന്ന് ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു. കടുത്ത ദൈവവിശ്വാസികളും ആത്മീയവാദികള്‍ വരെയും സന്ദേഹികളും ദൈവനിഷേധികളും ആകുന്ന വേദനിപ്പിക്കുന്ന അനുഭവം വര്‍ധിച്ചുവരുന്നു. മുസ്‌ലിം ചെറുപ്പക്കാരായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളിലും ഇതിന്റെ സ്വാധീനം ശക്തിപ്പെട്ടു വരുന്നു. ഈ വെല്ലുവിളികളെ വൈജ്ഞാനികമായി പ്രതിരോധിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് സാധിക്കണം. ഇന്നിവിടെ സനദ് നേടുന്ന യുവപണ്ഡിതന്മാര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണം.
ഇപ്പോള്‍ ഹിജാബ് ലോകമെമ്പാടും വലിയ ചര്‍ച്ചാവിഷയമാണല്ലോ. ഒരു വസ്ത്രത്തിനെതിരായ നീക്കമാണിത് എന്നാരും കരുതരുത്. ഇസ്‌ലാമിനെതിരായ ആക്രമണത്തിന്റെ ഭാഗമാണിത്. കാരണം, ഖുര്‍ആനും സുന്നത്തും, ഇസ്‌ലാമിന്റെ പ്രമാണങ്ങളും അടിസ്ഥാനമായി സ്വീകരിക്കുന്ന ഒരു വേഷത്തിന്റെയും വസ്ത്ര ധാരണത്തിന്റെയും ഭാഗമാണ് ഹിജാബ്. മുസ്‌ലിംകളുടെ മതവിശ്വാസത്തിന്റെ ഭാഗമായ ഒന്നാണ്  ഹിജാബ്. അതുകൊണ്ടാണ് ഹിജാബ് വിരോധം ഇസ്ലാംവിരോധമാണെന്ന് നാം പറയുന്നത്. സഹോദര സമുദായങ്ങളെ ഇതാണ് നാം ബോധ്യപ്പെടുത്തേണ്ടത്.
ഒരു മനുഷ്യന്റെ ഏറ്റവും വിലപ്പെട്ടത് ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അയാളുടെ ബാധ്യതയാണ്. സ്ത്രീകളെ ഇസ്‌ലാം ഉന്നതമായ പദവിയിലാണ് പ്രതിഷ്ഠിക്കുന്നത്. ഹിജാബ് നിയമത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്നാണിത്. സ്ത്രീയെ ഇസ്‌ലാം ഏറെ ആദരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് ഹിജാബ്. ഈ വേഷം സ്ത്രീയുടെ അഭിമാനത്തെ ഹനിക്കുന്നുവെന്നാണ് ഇസ്‌ലാംവിരോധികളുടെ പ്രചാരണം. യഥാര്‍ഥത്തില്‍ സ്ത്രീയുടെ അഭിമാനവും സൗന്ദര്യവുമാണ് ഹിജാബ്. ഇവ രണ്ടും സംരക്ഷിക്കാനാണ് ഇസ്‌ലാം ഹിജാബ് നിയമമാക്കിയത്. ഹിജാബ് നിയമത്തിന്റെ വശ്യവും മനോഹരവുമായ ഈ വശം പൊതുജനങ്ങളെ വേണ്ടവിധം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ നമുക്കാവുന്നില്ല എന്നത് നമ്മുടെ പ്രശ്നമാണ്.
ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ചും വ്യാപകമായ തെറ്റിദ്ധാരണകള്‍ ഇവിടെ പ്രചരിക്കുന്നുണ്ട്. ഇതിനെയും നാം പ്രതിരോധിക്കണം. ശരീഅത്തിനെക്കുറിച്ച് നടക്കുന്ന തെറ്റായ പ്രചാരണങ്ങളിലൊന്നാണ് സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്തേ അനന്തരാവകാശമായി ഇസ്‌ലാം നല്‍കുന്നുള്ളൂ എന്നത്. ഇതിനെതിരെ ഒരു കേസ് കേരളത്തില്‍ നിന്നും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ നിയമം സ്ത്രീയോടുള്ള വിവേചനമാണെന്നാണ് ഹരജിയുടെ മര്‍മം. മൂന്നു ലക്ഷം രൂപ അനന്തരാവകാശ സ്വത്തായി ഉപേക്ഷിച്ചു കൊണ്ട് ഒരാള്‍ മരണപ്പെടുന്നു. അതില്‍ രണ്ട് ലക്ഷം രൂപ ആണിനും ഒരു ലക്ഷം രൂപ പെണ്ണിനും കൊടുക്കുന്ന നിയമമാണ് ഇസ്‌ലാമിലേതെന്നാണ് ഹരജിക്കാരുടെ ആക്ഷേപം. ഇത് വിവേചനമാണെന്നും ഈ വിവേചനം അവസാനിപ്പിക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യമുന്നയിക്കുന്നത്.
എന്നാല്‍, പലരും വേണ്ടവിധം ശ്രദ്ധിക്കാത്ത ഒന്നുണ്ട്. ലോകത്ത് ആദ്യമായി സ്ത്രീക്ക് അനന്തരാവകാശവും സ്വത്തവകാശവും സ്ഥാപിച്ചുകൊടുത്ത നിയമവ്യവസ്ഥയാണ് ഇസ്‌ലാം എന്നതാണത്. ജൂത മതത്തില്‍ മൂത്തമകന് മാത്രമാണ് അനന്തരാവകാശമുള്ളത്. ഹിന്ദുമതത്തില്‍ അനന്തരാവകാശവുമായി ബന്ധപ്പെട്ട കൃത്യമായ ഒരു നിയമവുമില്ല. ആധുനിക വ്യവസ്ഥയായ കമ്യൂണിസം അനന്തരാവകാശം അംഗീകരിക്കുന്നു പോലുമില്ല. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം.
ഇസ്‌ലാമിലെ അനന്തരാവകാശം, ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടാണ് രൂപപ്പെടുന്നത്. ഉത്തരവാദിത്തങ്ങളും ബാധ്യതകളും കൂടുതലുള്ളത് ആര്‍ക്കാണോ അവര്‍ക്കാണ് കൂടുതല്‍ അവകാശം ഇസ്‌ലാം നിര്‍ണയിക്കുന്നത്. ഇത് സ്ത്രീയുടെ വിഷയത്തില്‍ മാത്രം പാലിക്കപ്പെടുന്ന തത്ത്വമല്ല. പുരുഷന്മാരുടെ കാര്യത്തിലുമിതുണ്ട്.  ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് അവകാശികളായി പിതാവുമുണ്ട്, മകനുമുണ്ട്. സ്ഥാനം കൊണ്ടും പദവി കൊണ്ടും വലുത് പിതാവാണെങ്കിലും അവകാശം കൂടുതല്‍ ലഭിക്കുന്നത് മകനാണ്. കാരണം പിതാവിനെ അപേക്ഷിച്ച് ബാധ്യതയും ഉത്തരവാദിത്തവും കൂടുതല്‍ മകനാണ്. നേരത്തേ സൂചിപ്പിച്ച തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം ശരീഅത്ത് ആവിഷകരിച്ചത്. ഇതൊന്നും പക്ഷേ സമൂഹം മനസ്സിലാക്കുന്നില്ല. അതു മനസ്സിലാക്കിക്കൊടുക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് വലിയ വീഴ്ചയാണ് സംഭവിച്ചത്. ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യബുദ്ധിക്കും യുക്തിക്കും വഴങ്ങുന്നതാണ് എന്നത് അതിന്റെ മൗലികമായ സവിശേഷതയാണ്. ഈ സവിശേഷതയും, ജനങ്ങള്‍ക്കറിയാത്തതായ ശരീഅത്തിന്റെ പുരോഗമനപരമായ വശങ്ങളും പണ്ഡിതന്മാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം.
ഇതു പറയുമ്പോള്‍, ദൗര്‍ഭാഗ്യകരമായ മറ്റൊരു കാര്യം സൂചിപ്പിക്കാതിരിക്കാന്‍ കഴിയില്ല. ഇത് പറയേണ്ടി വന്നതില്‍ നിങ്ങളെന്നോട് ക്ഷമിക്കണം. ഇന്ത്യയിലെ പണ്ഡിതന്മാര്‍, വിശേഷിച്ചും ഉത്തരേന്ത്യയില്‍- കേരളത്തിലെ കാര്യം എനിക്കറിയില്ല - അവരുടെ മദ്ഹബുകളെക്കുറിച്ചാണ് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത്. ഉര്‍ദു ഭാഷയില്‍ രചിക്കപ്പെടുന്ന പുസ്തകങ്ങളില്‍ ബഹുഭൂരിപക്ഷവും ഈ സ്വഭാവത്തിലുള്ളതാണ്. ദീനിനെ സ്ഥാപിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന് പകരം തങ്ങളുടെ കര്‍മശാസ്ത്ര സരണികളെ സംരക്ഷിക്കാനാണ് ഈ രചനകളെല്ലാം നടക്കുന്നത്. ദീനിന്റെ സംരക്ഷണത്തിന് പുസ്തകങ്ങള്‍ കുറയുകയും കര്‍മശാസ്ത്ര മദ്ഹബുകളുടെ സംരക്ഷണത്തിന് ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ഏറെ വേദനയുളവാക്കുന്നതാണ്. അല്ലാഹു നമ്മോട് ചോദിക്കുക, നിങ്ങള്‍ മദ്ഹബിനുവേണ്ടി എന്തു ചെയ്തു എന്നല്ല, ഇസ്‌ലാമിനുവേണ്ടി എന്തു ചെയ്തു എന്നായിരിക്കും. ഇത് പണ്ഡിതന്മാരും സമുദായവും ഗൗരവത്തില്‍ ചിന്തിക്കണം.
പൂര്‍വികര്‍ പറയാറുണ്ടായിരുന്നു, ദീനാണ് വിശ്വാസികള്‍ക്ക് പ്രധാനം; അല്ലാതെ അവനവന്‍ വിശ്വസിക്കുന്ന, ആചരിക്കുന്ന കര്‍മശാസ്ത്ര സരണിയല്ല. യുവാക്കളായ പണ്ഡിതന്മാരും ഇതില്‍നിന്നും ഭിന്നമായ ഒരു മാതൃക പിന്തുടരുന്നില്ല എന്നത് ദുഃഖകരമാണ്. നമ്മുടെയെല്ലാം മുഖ്യമായ ചര്‍ച്ചാവിഷയം ഇസ്‌ലാമാകട്ടെ.
പൂര്‍വികരായ പണ്ഡിതന്മാര്‍ക്കിടയില്‍ ദീനിന്റെ വിശദാംശങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. പക്ഷേ, അതൊരിക്കലും സങ്കുചിതമായ കക്ഷിത്വത്തിലേക്കും പക്ഷപാതിത്വത്തിലേക്കും വളര്‍ന്നിരുന്നില്ല. അവര്‍ പരസ്പരം തുടര്‍ന്ന് നമസ്‌കരിച്ചു. സ്നേഹവും സൗഹൃദവും നിലനിര്‍ത്തി. ഗുരു ശിഷ്യ ബന്ധം വരെ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. മൗലിക കാര്യങ്ങള്‍ വെടിഞ്ഞ് അപ്രധാനമായ കാര്യങ്ങള്‍ക്ക് വേണ്ടി പണ്ഡിതന്മാര്‍ സമയം പാഴാക്കുകയാണ്. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. പുതു തലമറ ഇതിലൊക്കെ ശ്രദ്ധിക്കുകയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ അവയുടെ മൗലികതയില്‍ ഉള്‍ക്കൊള്ളുകയും പ്രതിനിധീകരിക്കുകയും വേണം. ഇസ്‌ലാമിന്റെ പ്രബോധനവും ആശയപരമായ പ്രതിരോധവും പുതിയ കാലത്തെ നമ്മുടെ സുപ്രധാനമായ ദൗത്യമായി മാറണം. 
വിവ: എസ്.എം സൈനുദ്ദീന്‍
(ആലുവ അസ്ഹറുല്‍ ഉലൂം കോളേജില്‍ സനദ് ദാനം നിര്‍വഹിച്ച് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി നടത്തിയ പ്രഭാഷണം)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌