Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

യുക്രെയ്ന്‍ യുദ്ധം കിഴക്കിന്റെ ഉദയം, പടിഞ്ഞാറിന്റെ അസ്തമയം

മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

യുക്രെയ്ന്‍ പ്രതിസന്ധിയെ നമുക്ക് മൂന്ന് തലത്തില്‍ വിശകലനം ചെയ്യാം. ഒന്ന്: ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണുന്ന തരത്തിലുള്ള ഉപരിപ്ലവമായ വിശകലനങ്ങള്‍. പ്രസക്തമല്ലാത്തതും തുണ്ടം തുണ്ടമാക്കിയതുമായ വിവരങ്ങളുടെ പ്രളയം സൃഷ്ടിച്ചുകൊണ്ടാണ് ഇത് അരങ്ങ് തകര്‍ക്കുന്നത്. രണ്ട്: രാഷ്ട്രീയ, നയതന്ത്ര വിശകലനങ്ങള്‍. ഇത് വളരെ പ്രധാനം തന്നെ. പക്ഷേ ലോകത്തെ ശാക്തിക സന്തുലനം മാറുന്നതിനുസരിച്ച് അതും മാറിക്കൊണ്ടിരിക്കും. മൂന്ന്: ഭൂമിശാസ്ത്രം, ചരിത്രം, വന്‍ ശക്തി ഇടപെടലുകള്‍, ശാക്തിക ഘടനയിലെ മാറ്റങ്ങള്‍ എന്നിവ മുന്നില്‍ വെച്ചുള്ള സ്ട്രാറ്റജിക് വിശകലനങ്ങള്‍. ഈ മൂന്നാമത് പറഞ്ഞ സ്ട്രാറ്റജിക് വിശകലനത്തിനാണ് നാം ഈ ലേഖനത്തിലും ശേഷം വരാന്‍ പോകുന്ന രണ്ട് ലേഖനങ്ങളിലും മുതിരുന്നത്. ഈ ഒന്നാം ലേഖനം യുക്രെയ്ന്‍ പ്രശ്‌നത്തിന്റെ രാഷ്ട്രീയ- സ്ട്രാറ്റജിക് പശ്ചാത്തലത്തെക്കുറിച്ചാണ്. രണ്ടാം ലേഖനത്തില്‍ പ്രതിസന്ധി കൊണ്ട് ലാഭമുണ്ടാക്കിയവരെക്കുറിച്ചും നഷ്ടം പിണഞ്ഞവരെക്കുറിച്ചുമാണ് പറയുക. ഇസ്‌ലാമിക ലോകത്ത് പ്രത്യേകിച്ച് അറബ് ലോകത്ത് ഇതെങ്ങനെ പ്രതിഫലിക്കുന്നു എന്നതായിരിക്കും മൂന്നാം ലേഖനത്തിന്റെ ഉള്ളടക്കം.
ഈ മൂന്ന് ലേഖനങ്ങളിലും സമര്‍ഥിക്കാന്‍ ഉദ്ദേശിക്കുന്ന കേന്ദ്ര വിഷയം കിഴക്കിന്റെ ഉദയവും പടിഞ്ഞാറിന്റെ അസ്തമയവും (ശൂറൂഖുശ്ശര്‍ഖ്, ഗുറൂബുല്‍ ഗര്‍ബ്) ആണ്. അതായത് ലോക രാഷ്ട്രീയത്തിന്റെ കേന്ദ്രം അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കും യുറേഷ്യയിലേക്കും മാറിക്കൊണ്ടിരിക്കുന്നു. മൂന്ന് കാര്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. ഒന്ന്: യുദ്ധത്തിന്റെ പൊടിപടലമടങ്ങുമ്പോള്‍ സ്ട്രാറ്റജിക് വിജയം നേടുന്നത് ചൈനയായിരിക്കും; പിന്നെ റഷ്യയും. യുദ്ധം കാരണം റഷ്യക്ക് നേരിടേണ്ടി വരുന്ന എല്ലാ തിരിച്ചടികളും കണക്കിലെടുത്ത് തന്നെയാണ് ഇത് പറയുന്നത്. തുര്‍ക്കിക്കും ഇറാന്നും പാകിസ്താന്നും പിന്നെ ജര്‍മനിയുടെ നേതൃത്വത്തിലുള്ള പുതിയ യൂറോപ്പിനും യുദ്ധം കൊണ്ട് നേട്ടമുണ്ടാവാന്‍ പോകുന്നുണ്ട്. രണ്ട്: ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകാന്‍ പോകുന്നത് അമേരിക്കക്കാണ്.  പിന്നെ പഴയ യൂറോപ്പിനെ പ്രതിനിധീകരിക്കുന്ന ബ്രിട്ടന്നും ഫ്രാന്‍സിന്നും. അതിന് നിരവധി കാരണങ്ങളുണ്ട്. അത് നമ്മള്‍ രണ്ടാം ലേഖനത്തില്‍ പറയും. മൂന്ന്: ഈ പ്രതിസന്ധി കാരണം വിവിധ ശക്തികള്‍ അറബ് ലോകത്തേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധ്യതയുണ്ട്. സ്വാര്‍ഥ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവെച്ചു കൊണ്ട്, നിലപാടുകള്‍ അടിയറ വെക്കാതെ ഒരു വിശാല ഇസ്‌ലാമിക ഭൂമികയില്‍ നിന്നു കൊണ്ട് അറബ് ലോകത്തിന് ഈ സ്ഥിതിവിശേഷത്തെ  കൈകാര്യം ചെയ്യാനാവുമോ?
പ്രശ്‌നത്തിന്റെ ചരിത്രപരവും സ്ട്രാറ്റജിക്കലുമായ മൂന്ന് തലങ്ങളാണ് നാം ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അതിലൊന്നാമത്തേത് റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളാണ്. ആ ബന്ധങ്ങള്‍ വളരെ ആഴത്തിലുള്ളതും എന്നാല്‍ സങ്കീര്‍ണവുമാണ്. റഷ്യയുടെയോ യുക്രെയ്‌ന്റെയോ പാശ്ചാത്യരുടെയോ ഈ പ്രശ്‌നത്തിലെ നിലപാട് വിശകലനം ചെയ്യണമെങ്കില്‍ ഈ വശം കണക്കിലെടുത്തേ മതിയാവൂ. പ്രശ്‌നത്തിന്റെ രണ്ടാമത്തെ തലം കിഴക്കന്‍ യൂറോപ്പിലെ ശീതയുദ്ധകാല ശേഷിപ്പുകളാണ്. ആ ഫയലുകള്‍ ക്ലോസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതിലെ വിഷയങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊന്ന് ഇടക്കിടെ തല പൊക്കിക്കൊണ്ടിരിക്കും. അതിലൊന്നാണ് യുക്രെയ്‌നെ നാറ്റോയിലും യൂറോപ്യന്‍ യൂനിയനിലും ചേര്‍ക്കാനുള്ള ശ്രമം. സോവിയറ്റ് സാമ്രാജ്യം തകര്‍ന്നതിന് ശേഷമുള്ള ശൂന്യതയില്‍ പാശ്ചാത്യര്‍ വ്യാപനതന്ത്രങ്ങള്‍ പയറ്റിനോക്കുകയാണ്. ചൈനയുടെ വെച്ചടി വെച്ചടിയുള്ള കയറ്റമാണ് മൂന്നാമത്തെ തലം. പാശ്ചാത്യരുടെ കാലിനടിയില്‍ നിന്ന് ഒച്ചയും ബഹളവുമുണ്ടാക്കാതെ ചവിട്ടടി വലിച്ചു മാറ്റിക്കൊണ്ടേയിരിക്കുകയാണ് ചൈന. നൂറ്റാണ്ടുകളായി തുടരുന്ന പാശ്ചാത്യ മേധാവിത്വത്തിന്റെ അവസാനമായിരിക്കും അതിന്റെ അനന്തരഫലം.
സങ്കീര്‍ണമായ റഷ്യ-യുക്രെയ്ന്‍ ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. പുടിന്‍ എന്ന കര്‍ക്കശക്കാരനായ ഈ മുന്‍ കെ.ജി.ബി ഉദ്യോഗസ്ഥന് യുക്രെയ്‌നുമായി വല്ലാത്തൊരു വൈകാരിക ബന്ധമുണ്ട്. അയല്‍ക്കാരായ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ എന്ന രാഷ്ട്രീയ ബന്ധത്തിനും അപ്പുറമുള്ള ഒന്നാണിത്. അദ്ദേഹം യുക്രെയ്‌നെക്കുറിച്ച് സംസാരിക്കുമ്പോള്‍ അസാധാരണമായ ഒരു വൈകാരികത ആ സംസാരത്തില്‍ നമുക്ക് അനുഭവിക്കാനാവുന്നുണ്ട്. ചരിത്രത്തില്‍ നിന്നും ദേശീയതയില്‍ നിന്നും മതത്തില്‍ നിന്നുമുള്ള പ്രതിബിംബങ്ങള്‍ ആ സംസാരത്തില്‍ കടന്നുവരുന്നു. അത് ഇരു സമൂഹങ്ങളും തമ്മിലുള്ള വിചിത്ര ചരിത്ര ബന്ധങ്ങളിലേക്ക് സൂചന നല്‍കുന്നു. പുടിന്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ആഗ്രഹിക്കുന്ന സ്ലാവ് ദേശീയതയിലേക്കും വിരല്‍ ചൂണ്ടുന്നു. സ്ലാവ് വംശജരായ എല്ലാ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളെയും - അവരില്‍ റഷ്യക്കാരും ബെലാറസുകാരും യുക്രെയ്ന്‍കാരും സെര്‍ബുകളുമെല്ലാമുണ്ട് - നാഗരികമായും സ്ട്രാറ്റജിക്കലായും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് പുടിന്‍ നടത്തുന്നത്. ഇത് തകര്‍ന്ന സോവിയറ്റ് യൂനിയന് ബദലാകുമെന്നും കണക്കുകൂട്ടുന്നു.
യഥാര്‍ഥത്തില്‍ റഷ്യന്‍ വംശജര്‍ ലോക രാഷ്ട്രീയ ചരിത്രത്തിലേക്ക് കടക്കുന്നത് പത്താം നൂറ്റാണ്ടില്‍ സ്ഥാപിതമായ കിയവ് നാട്ടുരാജ്യ(Kiev Principality)ത്തിന്റെ പിറവിയോടെയാണ്. ചെറിയ ഈ നാട്ടുരാജ്യത്തിന്റെ സാംസ്‌കാരികവും മതപരവുമായ സ്വാധീനത്തില്‍ നിന്നാണ് സാര്‍ സാമ്രാജ്യം ഉദയം കൊള്ളുന്നത്. ആ സാമ്രാജ്യത്തിന്റെ വിത്ത് പാകപ്പെട്ടത് യുക്രെയ്ന്‍ തലസ്ഥാനത്തായിരുന്നു എന്നര്‍ഥം. പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന  പോളണ്ടിന്റെയും ലിത്വാനിയയുടെയും ഇടയില്‍ പെട്ടു പോയ നാടായിരുന്നു നൂറ്റാണ്ടുകളായി യുക്രെയ്ന്‍. പിന്നെയാണത് അതിന്റെ റഷ്യന്‍ ഓര്‍ത്തഡോക്‌സ്  വേരുകളിലേക്ക് മടങ്ങുന്നത്. പതിനേഴാം നൂറ്റാണ്ടു മുതല്‍ സാര്‍ സാമ്രാജ്യം അതിനെ അധിനിവേശപ്പെടുത്തുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സോവിയറ്റ് യൂനിയന് അത് അനന്തരമായി കിട്ടി. ഇപ്പോഴും റഷ്യക്കാര്‍ അതിനെ വിശേഷിപ്പിക്കുക 'ചെറിയ റഷ്യ' എന്നാണ്.
സോവിയറ്റ് യൂനിയന്‍ ശിഥിലമായതോടെ യുക്രെയ്‌ന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമായി. യുക്രെയ്ന്‍ വീണ്ടും 'വെടിക്കാരുടെ ഇടയില്‍' പെട്ടു. ഒരു ഭാഗത്ത് സ്ലാവ് - ഓര്‍ത്തഡോക്‌സ് പാരമ്പര്യം. ആ പാരമ്പര്യമുള്ളവരെല്ലാം തന്റെ ഒപ്പം നില്‍ക്കണമെന്ന പുടിന്റെ പിടിവാശി. മറുവശത്ത് ഒരു പാശ്ചാത്യ യൂറോപ്യന്‍ രാജ്യമായി മാറാനുള്ള ഒരു വിഭാഗം ജനങ്ങളുടെ ആഗ്രഹം. അതിനായി വലവിരിക്കുന്നത് നാറ്റോ സഖ്യം. 1949-ല്‍ നാറ്റോ സഖ്യം നിലവില്‍ വരുമ്പോള്‍ അതിലെ രാഷ്ട്രങ്ങള്‍ പന്ത്രണ്ട് മാത്രം. കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടക്ക് നാറ്റോ രാഷ്ട്രങ്ങളുടെ എണ്ണം മുപ്പത് ആയി വര്‍ധിച്ചു. ഏറ്റവുമൊടുവില്‍ ചേര്‍ന്നത് മസിഡോണിയ, 2020-ല്‍. ഈ നാറ്റോ വിപുലനം എന്നും റഷ്യക്ക് തലവേദനയായിരുന്നു. കാരണം നാറ്റോ നിലവില്‍ വന്നത് തന്നെ സോവിയറ്റ് യൂനിയനെ ചെറുക്കാനാണ്. സോവിയറ്റ് യൂനിയന്റെ അവസാന കാലങ്ങളില്‍ നാറ്റോയുടെ പരിധി ജര്‍മനിക്കപ്പുറം വ്യാപിപ്പിക്കില്ലെന്ന രഹസ്യധാരണ പാശ്ചാത്യ രാഷ്ട്രങ്ങളുമായി ഉണ്ടാക്കിയതാണ്. അതിന് പകരമായി സോവിയറ്റ് യൂനിയന്‍ അതിന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാമെന്നുമേറ്റു. അതിനാല്‍ പുടിന്‍ പ്രതിനിധീകരിക്കുന്ന റഷ്യക്കാര്‍ക്ക്, നേരത്തെയുള്ള ധാരണക്ക് വിരുദ്ധമായി നാറ്റോ അവരുടെ മേഖലയിലേക്ക് കടന്നുകയറുന്നതില്‍ കഠിനമായ രോഷമുണ്ട്. ഇത് വഞ്ചനയാണെന്നും തങ്ങളുടെ ശക്തിക്ഷയം പാശ്ചാത്യര്‍ ചൂഷണം ചെയ്യുകയാണെന്നും അവര്‍ പരാതിപ്പെടുന്നു.
ബോറിസ് യെല്‍ത്സിന്‍  പ്രസിഡന്റായിരുന്ന കാലത്ത് റഷ്യ നാറ്റോ വിപുലനത്തില്‍ വല്ലാതെയൊന്നും പ്രതിഷേധിച്ചിരുന്നില്ല. കാരണവര്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിന്റെ വലിയ ആഘാതത്തിലും തളര്‍ച്ചയിലുമായിരുന്നല്ലോ. ഒരു ദിനം തങ്ങളെയും യൂറോപ്യന്‍ യൂനിയനില്‍ ചേര്‍ക്കുമെന്ന് റഷ്യ ആഗ്രഹിച്ചിരിക്കാം. അതുകൊണ്ടാവാം മുന്‍ റിപ്പബ്ലിക്കുകള്‍ യൂറോപ്യന്‍ യൂനിയനില്‍ ചേരുന്നതിനെ അവര്‍ എതിര്‍ക്കാതിരുന്നത്. പക്ഷേ ഗോര്‍ബച്ചേവും യെല്‍ത്സിനും സ്വപ്‌നം കണ്ടത് പോലെ, റഷ്യയെ യൂറോപ്യന്‍ യൂനിയനില്‍ ചേര്‍ക്കാനുള്ള യാതൊരു ഉദ്ദേശ്യവും പാശ്ചാത്യര്‍ക്ക് ഉണ്ടായിരുന്നില്ല. അതിനെ പരിമിത വൃത്തത്തിലുള്ള സ്ലാവ് മേഖലയില്‍ പോലും പുതിയൊരു സാമ്രാജ്യത്വ ശക്തിയായി കളിക്കാന്‍ വിടാന്‍ പാശ്ചാത്യര്‍ ഒരുക്കവുമായിരുന്നില്ല. പക്ഷേ വ്‌ളാഡ്മിര്‍ പുടിന്റെ ഭരണകാലത്ത് ഈ തലവിധി മാറ്റിയെഴുതപ്പെടാന്‍ തുടങ്ങി. സ്ലാവ് ദേശീയതയും സ്ട്രാറ്റജിക്കലായ ചടുല നീക്കങ്ങളുമായിരുന്നു പുടിന്റെ കൈമുതല്‍.
സോവിയറ്റ് സാമ്രാജ്യം തകര്‍ന്നതില്‍ വളരെയേറെ ദുഃഖിതനായിരുന്നു പുടിന്‍. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജൈവ രാഷ്ട്രീയ ദുരന്തം എന്നാണ് ആ തകര്‍ച്ചയെ 2014-ല്‍ അയാള്‍ വിശേഷിപ്പിച്ചത്. എന്നല്ല പുടിന്‍ സോവിയറ്റ് ചരിത്രത്തെ പുനര്‍വായിക്കുന്നുമുണ്ട്. ആ പുനര്‍വായനയില്‍ ബോള്‍ഷെവിക് വിപ്ലവത്തലവനായ വ്‌ളാഡിമിര്‍ ലെനിനെ (1870-1924) അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു. സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്ക് സ്വയംഭരണം നല്‍കിയത് കൊണ്ടാണ് യൂനിയന്‍ ഈ വിധം ശിഥിലമായത് എന്നാണ് പുടിന്റെ കണ്ടെത്തല്‍.
രണ്ട് രീതികള്‍ അവലംബിച്ചു കൊണ്ട് റഷ്യന്‍ പ്രതാപം തിരിച്ചു
പിടിക്കാമെന്നാണ് പുടിന്‍ കണക്കുകൂട്ടുന്നത്. സ്ലാവിക് - ഓര്‍ത്തഡോക്‌സ് ജനവിഭാഗങ്ങളുടെ ശക്തമായ ഐക്യനിര കെട്ടിപ്പടുക്കുകയാണ് ആദ്യത്തേത്. അവിടങ്ങളില്‍ റഷ്യന്‍ ഭരണമോ മേധാവിത്തമോ ഉണ്ടാകണം. ചുറ്റും ഉപഗ്രഹ രാഷ്ട്രങ്ങളുടെ ഒരു നിര ഉണ്ടാക്കിയെടുക്കുകയാണ് രണ്ടാമത്തേത്. ശത്രു രാഷ്ട്രങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് ഇത് പരിരക്ഷ നല്‍കും. റഷ്യയുടെ പടിഞ്ഞാറുള്ള കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളും തെക്കുള്ള മധ്യേഷ്യന്‍ രാജ്യങ്ങളുമാണ് ഇങ്ങനെ വിധേയപ്പെട്ട് നില്‍ക്കേണ്ടത്. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ മധ്യേഷ്യന്‍ രാജ്യങ്ങളെ പുടിന്‍ നേരത്തെ തന്നെ തന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്തിക്കഴിഞ്ഞു. അയല്‍ക്കാരനും വന്‍ ശക്തിയുമായ ചൈനയുമായിട്ട് കരാറുകളും ഉണ്ടാക്കിക്കഴിഞ്ഞു. ഈ പദ്ധതിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പാശ്ചാത്യ ശക്തികള്‍ നടത്തുന്ന വ്യാപന ശ്രമങ്ങളാണ്. അതിനാല്‍ സോവിയറ്റ് യൂനിയന്‍ പോയ വഴിയെ പോകാതിരിക്കാനുള്ള പുടിന്റെ ശാഠ്യമായി യുക്രെയ്ന്‍ ആക്രമണത്തെ കാണാം.
പുടിന്റെ പ്ലാന്‍ പ്രകാരം സ്ലാവിക് ദേശീയതയുടെ മര്‍മങ്ങളിലൊന്നാണ് യുക്രെയ്ന്‍. സ്ട്രാറ്റജിക്കലായും സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും അത് വളരെ പ്രാധാന്യമുള്ള രാജ്യമാണ്.  റഷ്യന്‍വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി യുക്രെയ്‌നെ നാറ്റോയിലേക്ക് ചേര്‍ക്കുക എന്ന് വെച്ചാല്‍ ഒരു നിലക്കും പുടിന് അത് സഹിക്കാന്‍ കഴിയില്ല. ലോക രാഷ്ട്രങ്ങള്‍ എതിര്‍ത്തിട്ടും റഷ്യ യുക്രെയ്‌നില്‍ അതിഭീകരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് അത് കൊണ്ടാണ്.
വിഷയത്തിന്റെ മറ്റൊരു തലം കഴിഞ്ഞ ഏതാനും ദശകങ്ങളായി ചൈന നടത്തിക്കൊണ്ടിരിക്കുന്ന അമ്പരപ്പിക്കുന്ന മുന്നേറ്റമാണ്. വിഷയം ആഴത്തില്‍ പഠിക്കുന്ന ഗവേഷകര്‍ക്കൊന്നും ഇക്കാര്യത്തില്‍ തര്‍ക്കമില്ല. അത് ലോക രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രതിഫലനം എന്തായിരിക്കുമെന്ന കാര്യത്തിലേ അവര്‍ക്ക് ഭിന്നാഭിപ്രായമുള്ളൂ. പാശ്ചാത്യ രാഷ്ട്രങ്ങളുമായി ഒരു ഏറ്റുമുട്ടല്‍ ഇല്ലാതെ തന്നെ ചൈന മുകള്‍ത്തട്ടിലെത്തുമെന്നാണ് കിശോരി മഹ്ബൂബാനി(സിംഗപ്പൂര്‍)യെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. Has China Won?, Has the West Lost It? തുടങ്ങി ഈ വിഷയത്തില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് അദ്ദേഹം. മുകളിലോട്ടുള്ള ഈ കയറ്റത്തിനിടക്ക് ചൈനക്ക് അമേരിക്കയെ നേരിടേണ്ടി വരുമെന്ന് കരുതുന്നവരാണ് ജോണ്‍ മെര്‍ഷെയ്മറിനെ(John Mearsheimer)പ്പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍. അദ്ദേഹത്തിന്റെ The Tragedy of Great Power Politics എന്ന പുസ്തകത്തിലെ ഒരു അധ്യായം തന്നെ 'ചൈനക്ക് സമാധാനം നിലനിര്‍ത്തി മുന്നേറ്റം സാധ്യമാണോ?' എന്നാണ്. അമേരിക്കന്‍ നയരൂപീകരണ വിദഗ്ധരും ഒരു ഘട്ടത്തില്‍ സംഘട്ടനം വേണ്ടി വരുമെന്ന അഭിപ്രായക്കാരാണ്. അതിനാലാണ് കഴിഞ്ഞ വര്‍ഷം ഒരു ആംഗ്ലോ- സാക്‌സന്‍ സഖ്യം (Aukus) അവര്‍ തട്ടിപ്പടച്ചുണ്ടാക്കിയത്. ശാന്തസമുദ്രത്തിലും ദക്ഷിണ ചൈനാ കടലിലും ചൈനയെ ഉപരോധിക്കുകയായിരുന്നു ലക്ഷ്യം. കിഴക്കന്‍ യൂറോപ്പില്‍ പുടിന്‍ ആക്രമണമഴിച്ചുവിട്ടതോടെ ആ പദ്ധതി പാളി.
ചരിത്രപരവും സ്ട്രാറ്റജിക്കലുമായ ഈ പരിപ്രേക്ഷ്യത്തിലൂടെ നോക്കിയാല്‍, പാശ്ചാത്യചേരിയുടെ നീക്കങ്ങളാണ് യുക്രെയ്‌നെ യുദ്ധക്കളമാക്കിയത് എന്ന തീര്‍പ്പിലാണ് എത്തിച്ചേരുക. നാറ്റോ വിപുലീകരിക്കുമെന്ന പിടിവാശിയാണ് അതിന് നിമിത്തമായത്. ജോണ്‍ മെര്‍ഷെയ്മറിനെപ്പോലുള്ള അമേരിക്കന്‍ സ്ട്രാറ്റജി വിദഗ്ധര്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2017-ല്‍ മരണമടഞ്ഞ മുന്‍ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ബ്രസന്‍സ്‌കി, നാറ്റോ വിപുലീകരണം സ്ട്രാറ്റജിക് മണ്ടത്തരമായിരിക്കുമെന്ന് പല അഭിമുഖങ്ങളിലും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ശീതയുദ്ധം കഴിഞ്ഞ സ്ഥിതിക്ക്  കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നാറ്റോയില്‍ ചേര്‍ക്കേണ്ട യാതൊരു അനിവാര്യതയും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ ചെറു രാജ്യങ്ങളെ ചേര്‍ത്തത് കൊണ്ട് നാറ്റോ ശക്തിപ്പെടാനും പോകുന്നില്ല. അവ ശരിക്കും ഒരു ഭാരമായിത്തീരുകയേ ഉള്ളൂ. ഒരാവശ്യവുമില്ലാതെ റഷ്യയുമായി ഉരസാനും അത് വഴി വെക്കും. അതാണിപ്പോള്‍ യുക്രെയ്‌നില്‍ സംഭവിച്ചത്. രണ്ടാലൊരു ഓപ്ഷന്‍ സ്വീകരിക്കുകയേ പാശ്ചാത്യര്‍ക്ക് നിവൃത്തിയുള്ളൂവെന്നും ബ്രസന്‍സ്‌കി പറയുന്നു. ഒന്നുകില്‍  യുക്രെയ്ന്‍ റഷ്യനാവുക; അല്ലെങ്കില്‍ റഷ്യ യൂറോപ്യനാവുക. മറ്റൊരു നിര്‍ദേശം കൂടി ബ്രെസന്‍സ്‌കി മുന്നോട്ട് വെച്ചു. യൂറോപ്യന്‍ യൂനിയനിലേക്ക് റഷ്യയെയും തുര്‍ക്കിയെയും ചേര്‍ക്കണം. റഷ്യ ക്രൈസ്തവമായത് കൊണ്ട് യൂറോപ്പിന്റെ അതേ നാഗരിക ഭൂമികയിലാണ് അതും നിലകൊള്ളുന്നത്.  മേഖലാ ശക്തിയായ വളര്‍ന്നു കഴിഞ്ഞ തുര്‍ക്കിയെ കൂടി ചേര്‍ത്താലല്ലാതെ യൂറോപ്പിന്റെ തെക്ക്-കിഴക്ക് ഒരിക്കലും സുരക്ഷിതമാകില്ല. ജര്‍മനിക്ക് അതിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നും ബ്രസന്‍സ്‌കി വാദിക്കുന്നുണ്ട്. റഷ്യ - തുര്‍ക്കി - ജര്‍മനി എന്ന ഈ മുക്കൂട്ട് മുന്നണിക്കേ മേഖലയിലെ ചൈനീസ് വ്യാപനം ഫലപ്രദമായി തടയാനാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ മുന്നണി  തങ്ങളുടെ മേഖലാ സ്ട്രാറ്റജി സംവിധാനത്തിന് ബദലായിത്തീരും എന്നതിനാല്‍ അമേരിക്കന്‍ പോളിസി നിര്‍മാതാക്കള്‍ അങ്ങനെയൊരു മുന്നണി ഉണ്ടാവുന്നത് സമ്മതിക്കുകയില്ല. എന്നാല്‍ അമേരിക്കക്കാകട്ടെ യൂറോപ്പിനെ സംരക്ഷിക്കാനുള്ള ത്രാണി ഇല്ല താനും.
ഹവാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ സ്റ്റീഫന്‍ വാള്‍ട്ട് പറയുന്നത്, ഇരുകൂട്ടര്‍ക്കും യുക്രെയ്ന്‍ ഒരേ തരത്തില്‍ പ്രധാനമല്ല എന്നാണ്. റഷ്യയെ സംബന്ധിച്ചേടത്തോളം അത് സ്ട്രാറ്റജിക് ആഴമുള്ള പ്രദേശമാണ്. പാശ്ചാത്യര്‍ക്ക് ഇത് പുറമ്പോക്കിലുള്ള ഒരു കളിസ്ഥലം മാത്രം. റഷ്യ യുദ്ധത്തിന് തന്നെ ഇറങ്ങിയപ്പോള്‍ മീഡിയയില്‍ ഒച്ച വെച്ചും സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും പാശ്ചാത്യര്‍ കാലം കഴിക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ ഈ പോരാട്ടത്തില്‍ തുടക്കത്തില്‍ തന്നെ പാശ്ചാത്യര്‍ തോറ്റുകഴിഞ്ഞിരുന്നു.
ഈയൊരു രീതിയിലാണ് നമ്മളും പ്രശ്‌നത്തെ വിശകലനം ചെയ്യുന്നത്. യുക്രെയ്ന്‍ നഷ്ടപ്പെടുന്നത് റഷ്യക്ക് ചിന്തിക്കാനേ വയ്യ. പാശ്ചാത്യര്‍ക്കാകട്ടെ യുക്രെയ്ന്‍ പോയത് കൊണ്ട് കാര്യമായൊന്നും നഷ്ടപ്പെടാനുമില്ല. പാശ്ചാത്യ ചേരിയിലെ എല്ലാ രാഷ്ട്രങ്ങള്‍ക്കും പ്രശ്‌നത്തോട് ഒരേ വൈകാരിക സമീപനമല്ല ഉള്ളത്. അമേരിക്കയും ജര്‍മനിയോടൊപ്പമുള്ള രാജ്യങ്ങളും തീര്‍ത്തും ഭിന്നമായ രീതിയിലാണ് പ്രശ്‌നത്തെ നോക്കിക്കാണുന്നത്. റഷ്യയെ തളര്‍ത്തുമെങ്കില്‍ ഈ യുദ്ധത്തില്‍ യുക്രെയ്ന്‍കാരെ വിറകായി ഉപയോഗിക്കാന്‍ അമേരിക്കക്ക് യാതൊരു മടിയുമില്ല. അനിവാര്യമായും സഹായിക്കപ്പെടേണ്ടവരാണ് യുക്രെയ്ന്‍കാര്‍ എന്ന് അമേരിക്കക്ക് തോന്നുന്നുമില്ല. രണ്ട് ഭാഗത്തുമൊഴുകുന്നത് സ്ലാവ് ചോരയാണല്ലോ. യൂറോപ്യന്‍ - അമേരിക്കന്‍ നോട്ടത്തില്‍ അതിന് കുഴപ്പമൊന്നുമില്ല. സോവിയറ്റ് യൂനിയനെ ക്ഷീണിപ്പിക്കുമെങ്കില്‍ അഫ്ഗാനില്‍ മുസ്‌ലിം രക്തം ഒഴുകിക്കോട്ടെ എന്ന് വെച്ചവരാണ് അമേരിക്കക്കാര്‍. ആ രക്തത്തിന് അവരുടെ നോട്ടത്തില്‍ കാര്യമായ വിലയൊന്നുമില്ല.
മെറ്റാരു വിധം പറഞ്ഞാല്‍, അമേരിക്ക പുടിനെ  ആഭ്യന്തര യുദ്ധത്തിന് സദൃശമായ ഒരു ഏറ്റുമുട്ടലിലേക്ക് തള്ളിവിടുകയായിരുന്നു. ഈ യുദ്ധത്തില്‍ ആര് ജയിച്ചാലും ഇരുപക്ഷത്തിനും അത് കഴിയുമ്പോള്‍ അപരിഹാര്യമായ നഷ്ടം പറ്റിയിരിക്കും. ഒരേ കുടുംബക്കാര്‍ തമ്മിലുള്ള യുദ്ധമായേ ഇതിനെ കാണാന്‍ പറ്റൂ. യുക്രെയ്‌ന്റെ മുന്‍ വിദേശകാര്യ മന്ത്രി പാവ്‌ലോ ക്‌ളിംകിന്‍ റഷ്യന്‍ വംശജനാണ്. റഷ്യന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരില്‍ മൂന്നിലൊന്ന് യുക്രെയ്ന്‍ വംശജരുമാണ്.  ഭീകരമായ വിനാശങ്ങള്‍ വരുത്തിവെക്കുന്ന ഈ യുദ്ധത്തെ വിശകലനം ചെയ്യുമ്പോള്‍ ഈ ചരിത്രവും സ്ട്രാറ്റജിക് പശ്ചാത്തലവും നമ്മുടെ മുമ്പിലുണ്ടാകണം. 
(അല്‍ ജസീറ കോളമിസ്റ്റും ഖത്തര്‍ ഹമദ് ബ്ന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ അസി. പ്രഫസറുമാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌