Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

അനീതിക്കെതിരായ പോരാട്ടം ഇരവാദമല്ല

കെ.ടി ഹുസൈന്‍

മുസ്ലിം, ഇസ്ലാം എന്നത്  ഒരു ജാതിപ്പേരോ വംശീയ നാമമോ അല്ലെന്ന് അതിന്റെ അനുയായികള്‍ക്കും എതിരാളികള്‍ക്കും അറിയാം. ലോകത്ത് വംശത്തിന്റെയും ജാതിയുടെയും  പേരില്‍ പലരും വേട്ടയാടപ്പെടുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ ലോകത്ത്  എവിടെയെങ്കിലും വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം വംശീയമോ ജാതീയമോ അല്ല. മറിച്ച്  ഇസ്‌ലാം തന്നെയാണ് അതിന് കാരണം. എന്ത് കൊണ്ടെന്നാല്‍, ഇസ്‌ലാം എന്നത് ഒരു നിലപാടിന്റെയും  സമീപനത്തിന്റെയും പേരാണ്. ദൈവത്തിനുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്ന് നമുക്കതിനെ ചുരുക്കിപ്പറയാം. ദൈവത്തിനുള്ള സമര്‍പ്പണം എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം ചില വഴിതെറ്റിയ സൂഫികള്‍ മനസ്സിലാക്കിയത് പോലെ ദൈവത്തില്‍ വിലയം പ്രാപിക്കലല്ല;  മറിച്ച്,  പരലോകത്ത് സ്വര്‍ഗവും ദൈവ പ്രീതിയും കാംക്ഷിക്കുന്നതോടൊപ്പം  ഭൂമിയില്‍ തന്നെ പൂര്‍ത്തീകരിക്കേണ്ട നിര്‍ണിത ദൗത്യങ്ങള്‍ നിര്‍വഹിക്കുക എന്നു കൂടിയാണ്.
സൂഫികളുടെ ദൈവ സമര്‍പ്പണവും യഥാര്‍ഥ ദൈവ സമര്‍പ്പണവും തമ്മിലുള്ള വ്യത്യാസം പ്രവാചക ദൗത്യത്തെ കുറിച്ച് വിവരിക്കവെ ഡോ. അല്ലാമാ ഇഖ്ബാല്‍, അബ്ദുല്‍ ഖുദ്ദൂസ് ഗന്‍ഗോഹി എന്ന സൂഫിയുടെ വരികളിലൂടെ തന്നെ  വ്യക്തമാക്കിയിട്ടുണ്ട്. 'മുഹമ്മദ് നബി മിഅ്‌റാജ് യാത്ര നടത്തുകയും ഭൂമിയിലേക്ക് തിരിച്ചു വരികയും ചെയ്തു. അല്ലാഹുവാണ,  ഞാനാണ് ആ യാത്ര നടത്തിയിരുന്നതെങ്കില്‍ ഒരിക്കലും തിരിച്ച് വരില്ലായിരുന്നു.' നിഗൂഢ സൂഫികളില്‍നിന്ന് വ്യത്യസ്തമായി ദൈവത്തിനുള്ള സമര്‍പ്പണം  എന്ന ഇസ്‌ലാമിക ദൗത്യം നിര്‍വഹിക്കാനുള്ളത് ഭൂമിയിലാണെന്നതിന്റെ വ്യക്തമായ  സൂചന നല്‍കുകയായിരുന്നു അല്ലാമാ ഇഖ്ബാല്‍ ഇതിലൂടെ. നന്മ കല്‍പ്പിക്കുക, തിന്മ വിലക്കുക, നീതി സ്ഥാപിക്കുക എന്നിങ്ങനെയാണ് ആ ദൗത്യത്തെ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രസ്തുത ദൗത്യം ഏത് സാഹചര്യത്തിലും ഏറിയും കുറഞ്ഞും മുസ്‌ലിംകള്‍ നിര്‍വഹിക്കുകയോ മുസ്‌ലിംകളെ കുറിച്ച് അത്തരമൊരു ഭീതി ശത്രുക്കളില്‍ നിലനില്‍ക്കുകയോ ചെയ്യുന്നതാണ്  മുസ്‌ലികളും ഇസ്‌ലാമും എവിടെയും വേട്ടയാടപ്പെടാനുള്ള കാരണം. ഈ ദൗത്യം നിര്‍വഹിക്കുന്ന മുസ്‌ലിംകളെയാണ് 'നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായം ആണെ'ന്നും 'നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍' എന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
അതിന്റെ അര്‍ഥം അവര്‍ വേട്ടയാടപ്പെടുകയോ അവര്‍ ഇരകളാക്കപ്പെടുകയോ ഇല്ല എന്നല്ല. അവരില്‍ ആരും ഖൈറു ഉമ്മത്തിന്റെ ദൗത്യം നിര്‍വഹിക്കാത്തതിന്റെ ശിക്ഷയും അല്ല ഈ വേട്ടയാടപ്പെടുന്ന അവസ്ഥ. എന്നാല്‍ ഇരയാക്കപ്പെടുന്ന അവസ്ഥയെ കണ്ടില്ല എന്ന് നടിക്കലും ഇരബോധവും രണ്ടും രണ്ടാണ്. ഇരബോധം ഒരു മാനസികാവസ്ഥയാണ്. അത് പിടികൂടിക്കഴിഞ്ഞാല്‍ പിന്നെ നിഷ്‌ക്രിയത്വമാണ് ഫലം. അത് പിടികൂടാതിരിക്കാന്‍ വേണ്ടിയാണ് ഏറ്റവും കഠിനമായി വേട്ടയാടപ്പെടുമ്പോഴും നിങ്ങള്‍ ദുര്‍ബല ഹൃദയരാവുകയോ ദുഃഖിക്കുകയോ ചെയ്യരുതെന്നും വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍ എന്നും ഖുര്‍ആന്‍ വിശ്വാസികളെ സമാശ്വസിപ്പിച്ചത്.
എന്നാല്‍ വേട്ടയാടപ്പെടുന്ന അവസ്ഥയെ തന്നെ നിഷേധിക്കുകയോ അതിനെ ദൈവിക വിധിയായി കണ്ട് മൗനം ഉപദേശിക്കുകയോ ചെയ്ത്   ഇസ്‌ലാമിന്റെ നിരുപദ്രവകരമായ ചില സവിശേഷതകളെ  മാത്രം ഇസ്ലാമായി ന്യൂനീകരിക്കുന്ന  പ്രവണത നിഷ്‌ക്രിയത്വം എന്നതിലുപരി അനീതിയുടെ മുന്നില്‍ തലകുനിക്കലാണ്. അത്തരമൊരു നിലപാട് ഒടുവില്‍ എത്തിച്ചേരുക അനീതിക്ക് ഓശാന പാടുന്നതിലാണ്. തങ്ങളുടെ  പീഡിതാവസ്ഥ അനീതിയുടെ  മുന്നില്‍  മൗനം പാലിക്കുന്നതിന് ന്യായമാക്കുന്നവരോട് ഖുര്‍ആന്‍ ചോദിക്കുന്നത്, ഭൂമി വിശാലമല്ലേ നിങ്ങള്‍ക്ക് പലായനം ചെയ്ത് കൂടായിരുന്നോ എന്നാണ്.
ഇസ്‌ലാമെന്നാല്‍ സമാധാനമാണ്, ഇസ്‌ലാമിന്റ അടിസ്ഥാന സ്വത്വം ആത്മീയതയാണ്, നീതി നിഷേധത്തിനെതിരെ പ്രതികരിക്കുകയോ  സമരം ചെയ്യുകയോ ചെയ്യുന്നവര്‍  ഇരവാദികളും അവര്‍ ഇസ്‌ലാമിന്റെ അടിസ്ഥാന സ്വത്വമായ  ആത്മീയതയെ തിരിച്ചറിയാത്തവരുമാണ് എന്ന് തുടങ്ങി ഇസ്ലാമിനെ കുറിച്ച പല പുതിയ വ്യവഹാരങ്ങളും  ഇസ്ലാമും മുസ്‌ലിംകളും ഏറ്റവും വലിയ നീതി നീഷേധത്തിന് ഇരയാകുന്ന സമകാലിക  സന്ദര്‍ഭത്തില്‍ രൂപപ്പെടുന്നതിനെ കുറിച്ചാണ് സൂചിപ്പിച്ചത്.   അറിഞ്ഞോ അറിയാതെയോ ചില ബാഹ്യ അജണ്ടകള്‍ അതിന്റെ വക്താക്കളെ സ്വാധീനിക്കുന്നില്ലേ എന്ന് സംശയിച്ചാല്‍ തെറ്റാവില്ല.
ഇസ്ലാം സമാധാനമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഏറ്റവും വലിയ സമാധാന ഭംഗത്തിന് കാരണമാകുന്ന അനീതിയെ കണ്ടില്ലെന്ന് നടിക്കാന്‍ ഇസ്ലാം സമാധാനമാണ് എന്ന ആഖ്യാനത്തെ ഉപയോഗിക്കുന്നത് ഇസ്ലാമികമല്ല. മാത്രമല്ല  ഇസ്‌ലാം സമാധാനമെന്ന് പറയുന്നത് യഥാര്‍ഥത്തില്‍ മനഃശാന്തിയെ കുറിച്ചാണ്. 'അറിയുക ദൈവ സ്മരണ കൊണ്ട് മാത്രമേ മനഃശാന്തി ലഭിക്കൂ' എന്ന് ഖുര്‍ആന്‍ പറഞ്ഞത് അത്തരം സമാധാനത്തെ കുറിച്ചാണ്. അത് സമൂഹത്തില്‍ ഭൗതികമായി സമാധാനം ഉണ്ടാകുമ്പോള്‍ മാത്രം ലഭിക്കുന്ന ഒന്നല്ല.  സാമൂഹികമായി അശാന്തി നിലനില്‍ക്കുമ്പോഴും ഒരു വിശ്വാസിക്ക് അത് ലഭിച്ചുകൊണ്ടിരിക്കും. എന്തിനേറെ, യുദ്ധക്കളത്തില്‍ പൊരുതി മരിക്കുമ്പോഴും അവന് പൂര്‍ണ സമാധാനമായിരിക്കും.
പറഞ്ഞ് വന്നത് ഇസ്ലാമിന്റെ നീതി എന്ന വ്യവഹാരത്തിനെതിരെ ഉപയോഗിക്കുന്ന ഒരു വ്യവഹാരമായി കൂട്ടാന്‍ പാടില്ലാത്തതാണ് ഇസ്ലാം സമാധാനമാണ് എന്ന ആഖ്യാനം. അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത്, 'വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാണ്' എന്ന ഖാരിജി വാദത്തിനെതിരെ ഹസ്റത്ത് അലി പറഞ്ഞത് മാത്രമാണ്. 'പറഞ്ഞ വാക്ക് സത്യമാണ്; പക്ഷേ അതുകൊണ്ട് ഉദ്ദേശിക്കുന്നത് മിഥ്യയാണ്' എന്നാണല്ലോ അലിയുടെ അവരോടുള്ള പ്രതികരണം. ഇസ്‌ലാമിന്റെ അടിസ്ഥാന സ്വത്വം  ആത്മീയതയാണ്, രാഷ്ട്രീയപരതയല്ല എന്ന ആഖ്യാനവും അത് പോലെ തന്നെയാണ്. ഇസ്‌ലാമില്‍ തീര്‍ച്ചയായും ആത്മീയത പ്രധാനമാണ്. ഏത് സല്‍ക്കര്‍മവും  ദൈവത്തിന്റെ അടുക്കല്‍ സ്വീകാര്യമാകണമെങ്കില്‍ ആത്മാവിന്റെ ശുദ്ധീകരണവും ഹൃദയത്തെ അല്ലാഹുവുമായി ബന്ധപ്പെടുത്തലും കൂടിയേ തീരൂ. പക്ഷേ അതിന്റെ അര്‍ഥം ഇസ്‌ലാമിന് ഭൂമിയില്‍ സാക്ഷാല്‍ക്കരിക്കേണ്ട യാതൊരു ലക്ഷ്യവും ദൗത്യവും ഇല്ല എന്നല്ല. 'നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ എങ്കില്‍  അറബും അനറബും നിങ്ങള്‍ക്ക് കീഴ്പ്പെടും' എന്ന് മക്കയില്‍ വെച്ച് പ്രവാചകന്‍  പ്രഖ്യാപിച്ചത് ആത്മീയതയാണോ രാഷ്ട്രീയപരതയാണോ? ലോകത്ത് മുഴുവന്‍  നീതി സ്ഥാപിക്കല്‍ ഇസ്‌ലാമിന്റെ ലക്ഷ്യമായത് കൊണ്ടാണ് മക്കയില്‍ അങ്ങേയറ്റം ഇരകളാക്കപ്പെട്ട  സന്ദര്‍ഭത്തിലും ഈ പ്രഖ്യാപനം പ്രവാചകന്‍ നടത്തുന്നത്. എന്നല്ല, നീതി നിഷേധത്തിനെതിരായ ഏറ്റവും ധീരമായ  പ്രഖ്യാപനങ്ങളെല്ലാം  പ്രവാചകന്‍ നടത്തിയത് മുസ്ലിംകള്‍ ഇരകളാക്കപ്പെട്ട, പ്രവാചകന്റെ മക്കാ ജീവിത കാലത്താണ്. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ച് മൂടുന്നതിനെതിരെയും അനാഥരെ ആട്ടിയകറ്റുന്നതിനെതിരെയും അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തതിനെതിരെയും മക്കി സൂറകളിലൂടെ പ്രവാചകന്‍ ശബ്ദമുയര്‍ത്തിയത് മുസ്ലിംകള്‍ക്ക് രാഷ്ട്രീയാധികാരമോ സാമ്പത്തിക ശക്തിയോ ഇല്ലാതെ  അവര്‍ മര്‍ദക വ്യവസ്ഥയുടെ  ഇരകളായപ്പോഴാണ് . അതായത് മുസ്‌ലിംകളുടെ ഭൗതികമായ ഇരാവസ്ഥ ഒരിക്കലും അനീതിക്കെതിരെ ശബ്ദിക്കാതിരിക്കാനുള്ള ന്യായമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് ഈ മക്കീ സൂറകള്‍ തന്നെ. പിന്നെങ്ങനെയാണ് ഇസ് ലാമിലെ ആത്മീയതയെ അനീതിക്കെതിരെ മൗനം പാലിക്കാന്‍ ന്യായമാക്കുക!
ഇസ്‌ലാമും മുസ്‌ലിംകളും സമകാലിക ലോകത്ത് വേട്ടയാടപ്പെടുന്നു എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ഥം  വേട്ട കേവലം ഭൗതികം മാത്രമാണ് എന്നല്ല, മറിച്ച്  അത് ജ്ഞാനശാസ്ത്രപരം കൂടിയാണ് .ഇസ്‌ലാമിന്റെ ആത്മീയ വായന/ ഇസ്‌ലാമിന്റെ രാഷ്ട്രീയ വായന, പാരമ്പര്യ വായന/ ആധുനികതാ വായന  തുടങ്ങിയ പല തരം ബൈനറികള്‍ സൃഷ്ടിച്ച്  ഇസ്‌ലാമിനകത്ത് തന്നെ പരസ്പരം  എതിരാകുന്ന അപരങ്ങളെ രൂപപ്പെടുത്തുന്നതും  ഈ വേട്ടയുടെ മറ്റൊരു മുഖമാണ്. അത്തരം ബൈനറികളാല്‍  സ്വാധീനിക്കപ്പെട്ട ചില മുസ്ലിം പണ്ഡിതന്മാരുടെ  ഉദ്ദേശ്യ ശുദ്ധി എന്തോ ആകട്ടെ, അവരുടെ പണ്ഡിതോചിതം എന്ന് തോന്നിക്കുന്ന ഇസ്‌ലാമിനെ കുറിച്ച ഇത്തരം ന്യൂനീകരണ വായനകളുടെ ഗുണഭോക്താക്കള്‍  ദേശീയ തലത്തില്‍ അതത് രാജ്യങ്ങളിലെ ആധിപത്യ ശക്തികളും സാര്‍വദേശീയ തലത്തില്‍ സാമ്രാജ്യത്വ ശക്തികളുമാണ്. സാമ്രാജ്യത്വം  തന്നെ സൃഷ്ടിച്ച ഗുഡ് മുസ്ലിം, ബാഡ് മുസ്ലിം പ്രതിഛായ നിര്‍മിതിക്ക് ഇസ്ലാമിനകത്ത് നിന്നുള്ള പ്രത്യയ ശാസ്ത്ര ദൃഢീകരണമായി മാറുന്നുണ്ട് ഇത്തരം വായനകള്‍.
ഇന്ത്യയിലെ വഹീദുദ്ദീന്‍ ഖാന്‍, പാകിസ്താനിലെ താഹിറുല്‍ ഖാദിരി, ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത പാശ്ചാത്യനും  സൂഫി പണ്ഡിതനുമായ   അബ്ദുല്‍ ഹകീം മുറാദ്, അമേരിക്കക്കാരനായ ഹംസ യൂസുഫ്, സിറിയക്കാരനായ സഈദ് റമദാന്‍ ബൂത്വി തുടങ്ങിയവരുടെ ചില ഇസ്‌ലാമിക വായനകളെങ്കിലും ഇത്തരത്തില്‍  ഭരണകൂട ആഖ്യാനമായി  മാറുകയും അവരുടെ ഹിംസക്ക് പ്രത്യയ ശാസ്ത്ര ഉപകരണമായി വര്‍ത്തിക്കുകയും  ചെയ്യുന്നുണ്ട്. ഫാഷിസ്റ്റ് ഹിംസയുടെ സമകാലിക ഇന്ത്യനവസ്ഥയില്‍ അവരുടെ ഇത്തരം ആശയങ്ങള്‍ ചില സമസ്ത സുന്നി പ്രസിദ്ധീകരണങ്ങളിലും വന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിരീക്ഷണങ്ങള്‍ പങ്ക് വെക്കുന്നത്.
അവരുടെയെല്ലാം എതിര്‍പ്പ്  യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തേക്കാള്‍ അതിന്റെ ചരിത്രപരവും സമകാലികവുമായ പ്രയോഗത്തോടാണ്. ദൈവത്തിന്റെ പരമാധികാരത്തെ കുറിച്ചെല്ലാം മനോഹരമായും  ശക്തമായും  എഴുതിയിട്ടുള്ള സഈദ് റമദാന്‍ ബൂത്വിയെ പോലുള്ളവര്‍ ഇസ്ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ താത്ത്വികമായി എതിര്‍ക്കുന്നവരാണെന്ന്  പറയാനാവില്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം അടിസ്ഥാനപരമായി രൂപപ്പെടുന്നത് നീതിയെ കുറിച്ച ഇസ്‌ലാമിക സങ്കല്‍പ്പത്തില്‍ നിന്നാണ്. ഇസ്‌ലാമിന് രാഷ്ട്രീയാധികാരം ഉണ്ടായാലും ഇല്ലെങ്കിലും  അവര്‍ ഇരകളാക്കപ്പെടുമ്പോള്‍ പോലും നീതിയെ കുറിച്ച് സംസാരിക്കുക എന്നത് ദൈവിക സമര്‍പ്പണത്തിന്റെ അനിവാര്യ ബാധ്യതയാണെന്നതിന് ഖുര്‍ആന്റെ പ്രമാണ പാഠങ്ങളും പ്രവാചകന്റെ മക്കി, മദനി ജീവിതങ്ങളും തെളിവാണ്. മക്കയില്‍ ഇരകളായിരുന്നപ്പോള്‍ എങ്ങനെയാണ് ഖര്‍ആന്‍ അനീതിക്കെതിരെ സംസാരിച്ചതെന്ന് ഉദാഹരണ സഹിതം മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്ന സമകാലിക രാഷ്ട്രീയാവസ്ഥ ദൈവിക വിധിയായതിനാല്‍  അതിനെ അത്തരത്തില്‍ കണ്ട് ക്ഷമയവലംബിക്കുന്നതിന് പകരം  അതിനെതിരെ പ്രതിഷേധിക്കുന്ന ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സമകാലിക പ്രയോഗം  ഇസ്‌ലാമിന്റെ അടിസ്ഥാന സ്വത്വമായ ആത്മീയതയെ ദുര്‍ബലപ്പെടുത്തുമെന്നാണ് ഇവരുടെയെല്ലാം വാദത്തിന്റെ രത്നച്ചുരുക്കം. 'പറയുക സമസ്ത അധികാരങ്ങളുടെയും  ഉടയവനായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് ആധിപത്യം നല്‍കുന്നു. നീ ഇഛിക്കുന്നവരില്‍ നിന്ന് അത് നീക്കിക്കളയുന്നു. നീ ഇഛിക്കുന്നവര്‍ക്ക് പ്രതാപമേകുന്നു. നീ ഇഛിക്കുന്നവരെ നിന്ദിതരാക്കുന്നു. സൗഭാഗ്യങ്ങളത്രയും നിന്റെ കരങ്ങളിലത്രെ' എന്ന ഖുര്‍ആനിക പ്രാര്‍ഥനയെ അനീതിയുടെ തേര്‍വാഴ്ച്ചയെ വിധിയായി സമാധാനിച്ച് അതിനെ നിശ്ശബ്ദം സഹിക്കണമെന്ന് ന്യായം ചമക്കുന്നവര്‍, 'നിന്നില്‍  നിന്നുള്ള ഒരധികാര ശക്തിയെ എനിക്ക് തുണയാക്കി തരികയും ചെയ്യണമേ' എന്ന് പ്രവാചകനോട് ഹിജ്‌റ വേളയില്‍ പ്രാര്‍ഥിക്കാന്‍ ഖുര്‍ആന്‍ തന്നെ ആവശ്യപ്പെട്ടതിനെ കണ്ടില്ലെന്ന് നടിക്കുന്നു.  ഇതാണ് ഇസ്‌ലാമിന്റെ ആത്മീയ വായന എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ ആഖ്യാനത്തിന്റെ പരിമിതി. മുറ്റത്ത് ശത്രുക്കള്‍ ആക്രോശം മുഴക്കി  നിരന്ന് നില്‍ക്കുമ്പോള്‍ തന്ത്രപൂര്‍വം  ശത്രുക്കള്‍ തീരെയില്ലാത്ത  മദീനയിലേക്ക്  ഹിജ്‌റ പോകാന്‍ നബി കാണിച്ച ശുഷ്‌കാന്തി പോലും അനീതിക്കെതിരെ ശബ്ദിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ന്യായമാക്കുന്നത് ഹിജ്‌റയെ കുറിച്ച തീര്‍ത്തും തെറ്റായ വായനയാണ്. ഭാവിയില്‍ ശത്രുക്കള്‍ നിരന്നിരിക്കുന്ന മക്കയിലും നീതി സ്ഥാപിക്കാന്‍  യുദ്ധം  ചെയ്യേണ്ടി വന്നാല്‍ പോലും കൂടെ നില്‍ക്കുമെന്ന് മദീനക്കാരുമായി കരാറുണ്ടാക്കിയാണ് നബി മദീനയിലേക്ക് ഹിജറ പോയതെന്ന ചരിത്ര വസ്തുതയെ കണ്ടില്ലെന്ന് നടിച്ചാണ് ഹിജ്‌റയെ ഒളിച്ചോട്ടമായി ചിത്രീകരിക്കുന്നത്. ഖുര്‍ആനെയും നബി ചരിത്രത്തെയും അതിന്റെ സാകല്യത്തില്‍ വായിക്കാന്‍ ശ്രമിക്കാത്തതിന്റെ  പ്രശ്നമാണിത്.
അനീതിയുടെ തേര്‍വാഴ്ചയെ ദൈവിക വിധിയായി സമാധാനിക്കുന്ന ഈ മൗനത്തിന്റെ  ദൈവ ശാസ്ത്രം പക്ഷേ പുതിയതല്ല. ഇസ്‌ലാമിക ചരിത്രത്തില്‍ അതിന് പൂര്‍വ  മാതൃകകളുണ്ട്. ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തെ പ്രവാചകന്‍ പഠിപ്പിച്ചതും ഖുലഫാഉര്‍റാശിദുകള്‍ മാതൃക കാണിച്ചതുമായ ശൂറാ രീതിശാസ്ത്രത്തില്‍ നിന്ന് വംശീയ പിന്തുടര്‍ച്ചയിലേക്ക് വ്യതിചലിപ്പിച്ച് അതിനെ ഒരേകാധിപത്യ മര്‍ദക വ്യവസ്ഥയാക്കി മാറ്റിയ  ഉമവികള്‍ക്ക്  അനൂകൂലമായി രൂപം കൊണ്ട  മുര്‍ജിഅ, ജബ് രി ആശയങ്ങളിലാണ് ഖദ്‌റിനെ പിടിച്ച്  ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട്  കൊണ്ടിരിക്കുന്ന ഈ പുതിയ ദൈവ ശാസ്ത്രത്തിന്റെ  വേരുകളുള്ളത് എന്ന്  ഇല്‍മുല്‍ കലാമിന്റ വികാസ ചരിത്രം സൂക്ഷമമായി പഠിച്ചാല്‍ മനസ്സിലാകും. വിശ്വാസവും (ഈമാന്‍)  പ്രവര്‍ത്തനവും ( അമല്‍) പരസ്പര പൂരകമാണെന്നാണ് ഖുര്‍ആന്റെയും നബി ചര്യയുടെയും  അനിഷേധ്യ നിലപാട്. എന്നാല്‍ ഈ പരസ്പര പൂരകത്വം നിഷേധിച്ച് വിശ്വാസം ഹൃദയപരവും (ഖല്‍ബി) വാചികവും (ലിസാനി) മാത്രമാണെന്നും, പ്രവൃത്തി എത്ര മാത്രം മോശമാണെങ്കിലും അത് വിശ്വാസത്തെ തീരെ സ്വാധിനിക്കുകയില്ലെന്നുമുള്ള  ചിന്ത ആദ്യമായി അവതരിപ്പിച്ചത് മുര്‍ജിഅകളാണ്. ജനമര്‍ദകരായ ഭരണാധികാരികളെ കുറ്റവിമുക്തരാക്കി അവരുടെ കുറുള്ള പ്രജകളാക്കി ജനങ്ങളെ മാറ്റുക എന്ന രാഷ്ട്രീയ ലക്ഷ്യമുള്ള ദൈവശാസ്ത്രമായിരുന്നു ഇത്. വിധിയില്‍ നിന്ന്  പുറത്ത് കടക്കാന്‍ കഴിയാത്ത അതിന്റെ തടവുകാരന്‍ മാത്രമാണ് മനുഷ്യന്‍. അതിനാല്‍  മര്‍ദക വ്യവസ്ഥയോടും  അതിന്റെ അനീതിയോടും പ്രതിഷേധിക്കുന്നതും പ്രതികരിക്കുന്നതും ദൈവവിധിക്കെതിരായ  നീക്കമാണെന്നായിരുന്നു ജബ്‌രി വാദത്തിന്റെ അടിസ്ഥാനം. ഇതും നിലനില്‍ക്കുന്ന  മര്‍ദക വ്യവസ്ഥയെ ചോദ്യം ചെയ്യാത്ത, അതിനോടുള്ള കൂറിന്റെ ദൈവ ശാസ്ത്രമാണെന്നതില്‍ സംശയമില്ല.
ഈ രണ്ട്  ചിന്തകളും പില്‍ക്കാലത്ത് അശ്അരികളിലൂടെ അഹ്‌ലുസ്സുന്നയിലേക്ക് ഒളിച്ച് കടത്തിയിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. എന്നാല്‍ അഹ്‌ലുസ്സുന്നയിലെ നാല് ഇമാമുകളും മര്‍ദ്ദക ഭരണകൂടത്തോട് സ്വീകരിച്ച ധീരമായ നിലപാടുകളില്‍ നിന്നും അശ്അരി ചിന്താ സരണിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ഇമാം അബുല്‍ ഹസന്‍ അശ്അരിയുടെയും ഇമാം ഗസാലിയുടെയും  എഴുത്തുകളില്‍ നിന്നും മനസ്സിലാകുന്നത് അതൊരിക്കലും അഹ്‌ലുസ്സുന്നയുടെയോ  യഥാര്‍ഥ അശ്അരികളുടെയോ നിലപാടല്ല എന്നാണ്. കേവലം അനുകര്‍ത്താക്കള്‍ മാത്രമായ പില്‍ക്കാല അശ്അരികള്‍ അഹ്‌ലുസ്സുന്നയിലേക്ക് ഒളിച്ച് കടത്തിയ ഈ മുര്‍ജിഅ, ജബ്‌രി വാദങ്ങളാണ് അബ്ദുല്‍ ഹകീം മുറാദും സഈദ് റമദാന്‍ ബൂത്വിയും അവരെ സമസ്ത സുന്നികളുടെ ആശയ പരിസരത്തിലേക്ക് പുനരാനയിക്കുന്നവരും അഹ്‌ലുസ്സുന്നയുടെ പാരമ്പര്യമായി അവതരിപ്പിക്കുന്നത്.
ഇത്തരം വായനകളുടെ ഏറ്റവും വലിയ  സാമൂഹിക പ്രത്യാഘാതം എന്താണെന്ന് വെച്ചാല്‍  മുസ്‌ലിം ഐക്യം ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ പോലും അതിനെ ദുര്‍ബലമാക്കുന്ന വിഭാഗീയത മുസ്ലിം സമുദായത്തില്‍ ശക്തിപ്പെടുത്തുമെന്നതാണ്. ഇത് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതും ചരിത്രത്തില്‍ സംഭവിച്ചതുമാണ്. കൊളോണിയല്‍ ഇന്ത്യയില്‍ ഏറ്റവും ശക്തമായ  മുസ്‌ലിം ഐക്യം രൂപപ്പെട്ട സന്ദര്‍ഭം ഏതെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാവുന്നത് അത് 1857-ലെ ഒന്നാം സ്വാതന്ത്ര സമരത്തിലായിരുന്നു എന്നാണ്. ദല്‍ഹി പ്രഖ്യാപനം എന്ന  പേരില്‍ അറിയപ്പെട്ട ദല്‍ഹിയിലെ 500 പണ്ഡിതന്മാര്‍ ഒപ്പ് ചാര്‍ത്തിയ ഒരു ഫത്‌വയാണ് ശിപായിമാര്‍ തുടങ്ങി വെച്ച  ആ സമരത്തെ ഒരു വന്‍ ജനകീയ സമരമാക്കി മാറ്റിയത്. പില്‍ക്കാലത്ത് ദയൂബന്ദി, ബറേലവി എന്നീ  പേരുകളില്‍  സ്ഥാപനവല്‍ക്കരിക്കപ്പെട്ട രണ്ട് ചിന്താ ധാരകളുടെ  ആശയങ്ങള്‍ പങ്ക് വെക്കുന്നവരും അതില്‍ ഒപ്പ് വെച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പ്രസ്തുത ഫത്‌വയുടെ സൂത്രധാരനായ ഫള്‌ലുല്‍ഹഖ് ഖൈറാബാദി തന്നെ പില്‍ക്കാലത്ത് ബറേലവിയത്തായി  അറിയപ്പെട്ട ആശയങ്ങള്‍ ഉള്ള ആളായിരുന്നു. അതേസമയം ഈ ഫത്‌വയുടെ ഉള്ളടക്കമാകട്ടെ അതിനും 50 വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഷാ അബ്ദുല്‍ അസീസ് ദഹ്‌ലവി നല്‍കിയതായിരുന്നു. ഖൈറാബാദിക്ക്, ഷാ അബ്ദുല്‍ അസീസിന്റെ പല ആശയങ്ങളോടും യോജിപ്പുണ്ടായിരുന്നില്ല. എന്നിട്ടും 1803-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ അബ്ദുല്‍  അസീസ് ദഹ്‌ലവിയുടെ 'ഇന്ത്യ ദാറുല്‍ ഹര്‍ബാണ്' എന്ന ഫത്‌വയെ തന്നെ  1857-ലെ ദല്‍ഹി ഫത്‌വയുടെയും ഉള്ളടക്കമാക്കാന്‍ ഫദ്‌ലുല്‍ഹഖ് ഖൈറാബാദിക്ക് തടസ്സമായില്ല.
 എന്നാല്‍ 1857-ലെ പരാജയം സൃഷ്ടിച്ച നിരാശയില്‍ നിന്നാണ് ഇന്ത്യയില്‍ ആദ്യമായി ഒരു മുസ്ലിം മത പണ്ഡിതനില്‍ നിന്ന് ബ്രിട്ടീഷ് രാജിനോട് കൂറ് പ്രഖ്യാപിക്കുന്ന ഫത്‌വ ഉണ്ടാകുന്നത്. പില്‍ക്കാലത്ത് ബറേലവി ചിന്താ ധാരയുടെ ഉപജ്ഞാതാവായ അഹ്മദ് റിളാ ഖാന്‍ ബറേലവിയാണ് അത്തരമൊരു ഫത്‌വ പുറപ്പെടുവിച്ച ആദ്യത്തെ മത പണ്ഡിതന്‍. പിന്നീട് ബറേലവികള്‍ക്കും ദയൂബന്ദികള്‍ക്കുമിടയിലും, അഹ്‌ലെ ഹദീസുകാര്‍ക്കും മറ്റുള്ളവര്‍ക്കുമിടയിലും   ശക്തിപ്പെട്ട  വിഭാഗീയത,  ഇത്തരം ഫത്‌വകളുടെ കൂടി  പ്രത്യാഘാതമായിരുന്നു. മുഹമ്മദ് ഹുസൈന്‍ ഛട്ടാലവിയെ പോലുള്ള അഹ്‌ലെ ഹദീസ് പണ്ഡിതന്മാരില്‍ നിന്നും ഇത്തരം കൂറ് ഫത്‌വകളോ സാമ്രാജ്യത്വാനുകൂല അഭിപ്രായങ്ങളോ  ഉണ്ടായിട്ടുണ്ട്. ഒരു വിഭാഗം, സാമ്രാജ്യത്വവിരുദ്ധത എന്ന നിലപാടില്‍ നിന്ന് അനുകൂല നിലപാടിലേക്ക് മാറിയതോടെ മുസ്‌ലിംകള്‍ക്ക് പൊതുവായ ലക്ഷ്യം ഇല്ലാതായതാണ് അവരുടെ മത സാമൂഹിക പ്രവര്‍ത്തനം വിഭാഗീയതയില്‍ കേന്ദ്രീകരിക്കാന്‍ കാരണമായത്.
ചരിത്രത്തില്‍ നിന്ന് നാം വര്‍ത്തമാന കേരളാവസ്ഥയിലേക്ക്  വന്നാല്‍  ഇവിടെ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളി സംഘ് പരിവാര്‍ ഫാഷിസത്തില്‍ നിന്ന്  മാത്രമല്ല എന്ന് വ്യക്തമാവും. ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതോടൊപ്പം മുസ്‌ലിംകള്‍ക്കിടയില്‍ വിഭാഗീയത ശക്തിപ്പെടുത്തി അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നതും കേരള മുസ്‌ലിംകള്‍ നേരിടുന്ന ഒരു  പ്രധാന വെല്ലുവിളിയാണ്. അതിനാല്‍ കേരള മുസ്‌ലിംകളുടെ പ്രധാന പൊതു ലക്ഷ്യമാകേണ്ടത് ഈ ഇരട്ട വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നതാണ്. അത്തരമൊരു പൊതു ലക്ഷ്യം ഉണ്ടായാല്‍ മാത്രമേ മുസ്‌ലിം ഐക്യം സാധ്യമാകൂ. ഈ സന്ദര്‍ഭത്തില്‍ എല്ലാ യോജിപ്പും അസാധ്യമാക്കും വിധം അനീതിയോട് രാജിയാകുന്നതിന്റെയും കൂറിന്റെ  ദൈവശാസ്ത്രം പുതിയ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെയും രാഷ്ട്രീയ സൂചന വ്യക്തമാണ്. വഹാബികളെ സമസ്തക്കാരും വഹാബികള്‍ തിരിച്ചും ഭീകരവാദികളാക്കുന്ന, ഇടക്കാലത്ത് നിന്ന് പോയിരുന്ന  കാമ്പയിനുകള്‍ വീണ്ടും  രൂപപ്പെടുന്നതിന്റെയും ഹിന്ദുത്വം സാധ്വീനിച്ച കോടതികളില്‍ നിന്ന് ഹിജാബിനെതിരെ ഉണ്ടായ വിധിയുടെ പാപഭാരം സലഫിസത്തില്‍ കെട്ടിവെക്കുന്ന പാണ്ഡിത്യ പ്രകടനത്തിന്റെയും  ആശയ പരിസരം എന്താണെന്ന് ഇപ്പോള്‍  വ്യക്തമാണല്ലോ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌