ടി.എം കുഞ്ഞുമുഹമ്മദ്
ഏതെങ്കിലും രംഗങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായവരെയാണ് നമ്മള്‍ സാധാരണ മരണാനന്തരം കൂടുതലായി അനുസ്മരിക്കാറുള്ളത്. അത്തരത്തില്‍ പ്രശസ്തിയുടെ പടവുകള്‍ കൈയടക്കിയ ഒരാളായിരുന്നില്ല ഈയിടെ മരണപ്പെട്ട ജമാഅത്തെ ഇസ്ലാമി വടുതല കാട്ടുപുറം ഹല്‍ഖയിലെ ടി.എം കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞാമ്മി സാഹിബ് (88). നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞാമ്മി എന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ടി.എം.കെ എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹം ചെറുപുഞ്ചിരിയോടെ സൗമ്യമായി എല്ലാവരോടും ഇടപെട്ടിരുന്ന ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഹല്‍ഖാ യോഗങ്ങളിലെ സൗമ്യസാന്നിധ്യമായിരുന്നു പരേതന്‍. ഒരു വര്‍ഷത്തോളമായി ശയ്യാവലംബിയായി കഴിയുന്നതു വരെയും ആഴ്ചതോറുമുള്ള ഹല്‍ഖാ മീറ്റിംഗുകളില്‍, മുടക്കം കൂടാതെ എത്തുന്നതില്‍ പ്രത്യേകം താല്‍പര്യവും ശ്രദ്ധയും പുലര്‍ത്തിയിരുന്നു. ഹല്‍ഖകളിലെ പങ്കാളിത്തത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെയാണ്: 'കേള്‍ക്കുന്ന കാര്യങ്ങളൊക്കെ പെട്ടെന്ന് മറന്നു പോകും; എന്നാലും ക്ലാസുകള്‍ കേള്‍ക്കണം.' ഇസ്‌ലാമിക പ്രസ്ഥാനം പ്രദേശത്ത് പ്രവര്‍ത്തനമാരംഭിച്ച ആദ്യനാളുകള്‍ തൊട്ടേ പ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച നിഷ്‌കളങ്ക സഹയാത്രികനെയാണ് ടി.എം.കെയുടെ വിയോഗത്തോടെ നഷ്ടമായത്. സാമ്പത്തികമായി ഞെരുക്കമനുഭവിക്കുന്നതിനിടയിലും തന്റേതായ ഒരു വിഹിതം ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കുന്നതില്‍ കുഞ്ഞാമ്മിക്ക കാണിച്ച മാതൃക അനുകരണീയമാണ്.
തന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന അനി ലൈറ്റ് ആന്റ് സൗണ്ട് പ്രദേശത്തെ ഈ ഇനത്തിലെ പ്രഥമ സംരംഭമായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്ത് പിന്നീട് സ്വന്തമായി ഈ മേഖലയിലേക്കിറങ്ങിയ എല്ലാ വിഭാഗത്തിലും പെട്ട ധാരാളം പേരുണ്ട്. പ്രസ്ഥാനത്തിന്റെ സന്ദേശവുമായി വൈക്കം, ചെമ്പ്, കാട്ടിക്കുന്ന് പ്രദേശങ്ങളിലേക്ക് മുമ്പ് കാലത്ത് നടത്തിയ പ്രബോധന സ്‌ക്വാഡുകളില്‍ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു.
താന്‍ ഉടമമായ അനി ലൈറ്റ് ആന്റ് സൗണ്ട് പ്രാസ്ഥാനിക പരിപാടികള്‍ക്ക് ഉപയോഗിക്കുമ്പോള്‍ തുച്ഛമായ സംഖ്യയേ വാങ്ങിയിരുന്നുള്ളൂ. മീഡിയാ വണിന് ഷെയര്‍ ചേര്‍ന്ന ഘട്ടത്തിലും സാധ്യമാകും വിധം അതിലദ്ദേഹം ഭാഗഭാക്കായി. മകള്‍ ലൈലയെ മൂവാറ്റുപുഴ ബനാത്തിലും മകന്‍ മന്‍സൂറിനെ പറപ്പൂര്‍ ഇസ്ലാമിയ കോളേജിന് കീഴിലുള്ള ബോര്‍ഡിംഗിലും ചേര്‍ത്തു പഠിപ്പിച്ചു. വടുതല ഇസ്ലാമിക് സോഷ്യല്‍ ഇംപ്രൂവ്മെന്റ് ട്രസ്റ്റിന്റെ രൂപീകരണശേഷം ട്രസ്റ്റിന് സ്ഥലം വാങ്ങുന്നതിനും മറ്റുമായുള്ള വിവിധ ആവശ്യങ്ങള്‍ക്കായി അദ്ദേഹവും സഹപ്രവര്‍ത്തകര്‍ക്കൊപ്പം രംഗത്തിറങ്ങി. കോവിഡ് പ്രതിരോധ നിയന്ത്രണം ഏര്‍പ്പെടുത്തപ്പെട്ട ഞായറാഴ്ച ആയിരുന്നിട്ടും അദ്ദേഹത്തിന്റെ ജനാസയില്‍ പങ്കെടുത്ത വലിയ ആള്‍ക്കൂട്ടം എല്ലാവരോടും അദ്ദേഹം പുലര്‍ത്തിയിരുന്ന സൗമ്യമായ പെരുമാറ്റത്തിന്റെയും വശ്യമായ ഇടപെടലിന്റെയും നിദര്‍ശനമായിരുന്നു.
സി.കെ അഹമ്മദ് കുട്ടി (വിച്ചാന്‍)
പെരുവയല്‍ കായലം പള്ളിത്താഴത്ത് സി.കെ. അഹമ്മദ് കുട്ടി (വിച്ചാന്‍) സാഹിബ് (81) അല്ലാഹുവിലേക്ക് യാത്രയായി. കുറ്റിക്കാട്ടൂര്‍ കാര്‍കുന്‍ ഹല്‍ഖ അംഗമായിരുന്ന അദ്ദേഹം ദീര്‍ഘകാലം മാവൂര്‍ ഗ്രാസിം പള്‍പ്പ് വിഭാഗത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു.
കണ്ണിന് അസുഖം ബാധിച്ച് വീട്ടിലായതില്‍ പിന്നെ ഹല്‍ഖാ യോഗങ്ങളിലെ പങ്കാളിത്തം കുറഞ്ഞെങ്കിലും പ്രസ്ഥാന ചലനങ്ങളെ കുറിച്ചും പ്രത്യേകമായി മാധ്യമം, മീഡിയവണ്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിരന്തരമായി അന്വേഷിക്കാറുണ്ടായിരുന്നു.
80-കളില്‍ തന്റെ നാട്ടില്‍ സമീപ പ്രദേശത്തെ ഹല്‍ഖകളുമായി സഹകരിച്ച് പ്രഭാഷണങ്ങളും ക്ലാസ്സുകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു.
സ്വാഭാവികമായും സുന്നി വിഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. തന്റെ സ്വതസ്സിദ്ധമായ ശൈലികളും സമീപനങ്ങളും കൊണ്ട് അവരുമായി ഹൃദ്യമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് സുന്നി മഹല്ലിലെ എല്ലാ ജനസേവന സംരംഭങ്ങളുമായും സഹകരിക്കുകയും കമ്മിറ്റി അദ്ദേഹത്തെ സഹകരിപ്പിക്കുകയും ചെയ്തു.
കുടുംബത്തെ പ്രസ്ഥാനത്തിനൊപ്പം നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. കേരള ഇസ്‌ലാമിക് മിഷന്റെ പ്രാരംഭ ഘട്ടത്തില്‍ പരേതനായ കെ.എം രിയാലു സാഹിബിന്റെ കൂടെ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. മാങ്കാവ് കണ്ണിപറമ്പ് റോഡ്, ഫാറൂഖ് കോളേജ് വാഴക്കാട് റോഡ്, ചെറൂപ്പ കായലം പള്ളിത്താഴം റോഡ് എന്നിവയുടെയൊക്കെ നിര്‍മാണത്തിന്റെ പ്രഥമ ഘട്ടത്തില്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുകയും അത് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.
ആക്കോട് ചണ്ണയില്‍ മസ്ജിദുല്‍ ഹുദ പ്രസിഡന്റ്, ആക്കോട് ചീക്കോളില്‍ കുടുംബ സമിതി പ്രസിഡന്റ്, മാവൂര്‍ ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍, കുറ്റിക്കാട്ടൂര്‍ മസ്ജിദ് ഹിറ കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: റുഖിയ്യ. മക്കള്‍: സൈനബ, മുഹമ്മദലി (സഊദി), താജിബ് അലി.
സിദ്ദീഖ് കുറ്റിക്കാട്ടൂര്‍
പി.എ അബ്ദുസ്സമദ്
കോങ്ങാട് പേഴുന്തറക്കല്‍ അബ്ദുസ്സമദ് സാഹിബ് യാത്രയായി. പാലക്കാട് ജില്ലയിലെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്ന ആലിക്കുട്ടി സാഹിബിന്റെ മകനായിരുന്നു.
കോങ്ങാടിലും തൊട്ടടുത്ത പ്രദേശമായ പുലാപ്പറ്റയിലും ഇസ്‌ലാമിക പ്രസ്ഥാനത്തെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ആലിക്കുട്ടി സാഹിബ് മുന്‍പന്തിയിലുണ്ടായിരുന്നു. പുലാപ്പറ്റയിലെ വൈനിപ്പാടത്തേക്ക് സൈതലവി സാഹിബ് കോങ്ങാട് നിന്ന് പ്രബോധനവും ഇസ്‌ലാമിക സാഹിത്യങ്ങളും കൊണ്ട് വരും. അവിടെയുള്ള ബീഡിക്കമ്പനിയില്‍വെച്ച് അബൂബക്കര്‍ സാഹിബിനെ (പോക്കര്‍ സാഹിബ്) പോലെ ആരെങ്കിലും ഉറക്കെ വായിക്കുകയും മറ്റുള്ളവര്‍ ജോലിക്കിടയില്‍ തന്നെ കേട്ട് മനസ്സിലാക്കുകയും ചെയ്യും. ആലിക്കുട്ടി സാഹിബിന്റെയും മകന്‍ സമദ് സാഹിബിന്റെയും പുലാപ്പറ്റ മൂസ സാഹിബിന്റെയും മറ്റും കൂട്ടായ പരിശ്രമങ്ങള്‍ കാരണമാണ് പുലാപ്പറ്റ, കോങ്ങാട് പ്രദേശങ്ങളില്‍ പ്രസ്ഥാനത്തിന് കീഴില്‍ പള്ളികളും മദ്‌റസകളും സ്വന്തമായി ഉണ്ടായത്.
പുലാപ്പറ്റയില്‍നിന്ന് കുട്ടികളെ ഇസ്‌ലാമിയാ കലാലയങ്ങളിലേക്കയച്ച് പഠിപ്പിക്കാനും സമദ് സാഹിബ് മുന്‍കൈയെടുത്തു.
കോങ്ങാടിലെയും പുലാപ്പറ്റയിലെയും ചെര്‍പ്പുളശ്ശേരിയിലെയും മറ്റും വിദ്യാഭ്യാസ വളര്‍ച്ചയില്‍ അദ്ദേഹം കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ആരെയും അറിയിക്കാതെ, തന്റെതായ രീതിയില്‍ തന്റെ കച്ചവടസ്ഥാപനങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും ആവശ്യക്കാരെ സഹായിച്ചിരുന്നു. യോഗങ്ങളില്‍ പുതിയ വീക്ഷണങ്ങള്‍ അവതരിപ്പിക്കുക അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പല നിലകളിലും ആ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പ്രസ്ഥാനത്തിന് കോങ്ങാടില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്.
പ്രബോധനം കാമ്പയിനുകള്‍ വിജയിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വാരികയിലെ ലേഖനങ്ങള്‍ യോഗങ്ങളിലും മറ്റും ചര്‍ച്ചക്ക് വെക്കുകയും ചെയ്തിരുന്നു.
കോങ്ങാട്ടെ മദ്‌റസ കെട്ടിടം ഈ കുറിപ്പുകാരന്‍ അവിടെ ജോലി ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റി എടുക്കണമെന്ന പ്ലാന്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ചില പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. പക്ഷെ സാമ്പത്തിക പ്രതിസന്ധി കാരണം മുന്നോട്ട് പോകാനായില്ല.
കച്ചവടാവശ്യാര്‍ഥം പലസ്ഥലങ്ങളിലും കുടുംബ സമേതം താമസിക്കുകയും ആ കച്ചവട ബന്ധങ്ങള്‍ പ്രസ്ഥാനത്തെ പരിചയപ്പെടുത്താന്‍ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ബിസിനസ് പുതിയ മേഖലകളിലേക്ക് വളര്‍ത്തുന്നതില്‍ നല്ല പാടവമുണ്ടായിരുന്നു. പാലക്കാട് നഗരത്തിലെ സിത്താര കണ്‍വെന്‍ഷന്‍ ഹാളും സൗകര്യങ്ങളും പലപ്പോഴും പരിപാ
ടികള്‍ക്ക് സന്തോഷപൂര്‍വം വിട്ട് നല്‍കി. കുടുംബത്തിലും പ്രസ്ഥാന ബോധം കരുപ്പിടിപ്പിക്കാന്‍ ശ്രമം നടത്തി.
ഡോ. പി.എ റഹ്മാന്‍ പുലാപ്പറ്റ
അഡ്വ. കെ.കെ ഫൈസല്‍
എറണാകുളം വൈറ്റില ഏരിയയിലെ മാടവന ജമാഅത്ത് ഘടകത്തില്‍ പ്രവര്‍ത്തകനായിരുന്നു അഡ്വ. കെ.കെ ഫൈസല്‍. അഭിപ്രായ സുബദ്ധത, തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഏതറ്റം വരെയും പോകാനുള്ള സന്നദ്ധത, കുടുംബ ബന്ധങ്ങളിലെ ഊഷ്മളത, സൗഹൃദ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലുള്ള സജീവ ശ്രദ്ധ ഇതൊക്കെയായിരുന്നു ഫൈസലിന്റെ സവിശേഷതകള്‍.
ഫിഷറീസ് സര്‍വകലാശാലയില്‍ (ഗഡഎഛട) സെക്ഷന്‍ ഓഫീസര്‍ ആയിരിക്കെ 44-ാമത്തെ വയസ്സിലാണ് മരണം. 4 വര്‍ഷം മുമ്പ് ഉംറക്ക് പോവാനുള്ള തയാറെടുപ്പിനിടെ നടത്തിയ മെഡിക്കല്‍ ചെക്കപ്പിലാണ് ഫൈസല്‍ മാരകരോഗത്തിന്റെ പിടിയിലാണെന്ന് അറിയുന്നത്. വിദഗ്ധ ചികിത്സയെ തുടര്‍ന്ന് രോഗം ഏറക്കുറെ ഭേദമായി കുടുംബസമേതം ഉംറ നിര്‍വഹിച്ചു തിരിച്ചെത്തി സാധാരണ ജീവിതത്തിലേക്ക് പോകവേ വീണ്ടും അതേ രോഗം മൂര്‍ഛിക്കുകയായിരുന്നു.
അവസാന നാളുകളില്‍ ഫൈസല്‍ പ്രകടിപ്പിച്ച തവക്കുലും ഈമാനികമായ ദാര്‍ഢ്യവും അസാധാരണമായിരുന്നു. വേദന കടിച്ചിറക്കുമ്പോഴും തന്നെ ആശ്വസിപ്പിക്കാനെത്തുന്നവരെ പുഞ്ചിരിയോടെ തിരിച്ച് ആശ്വസിപ്പിക്കുന്നതും സന്തോഷവാനായി ഏറെ വാചാലനാകുന്നതുമാണ് കണ്ടിട്ടുള്ളത്. മരണത്തിനു ഏതാനും ദിവസം മുമ്പാണ് സിറ്റി പ്രസിഡന്റ് ഉള്‍പ്പെടുന്ന സംഘം ഫൈസലിനെ സന്ദര്‍ശിച്ചത്. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും, അവസാനം തന്റെ അവധി ഏറിയാല്‍ രണ്ടോ മൂന്നോ മാസം എന്നുമൊക്കെ കൂസലന്യേ പറയുന്നുണ്ടായിരുന്നു. ഫൈസലിന്റെ വിയോഗത്തെ തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ലോ കോളേജിലെ സഹപാഠികളും ഔദ്യോഗിക ജീവിതത്തിലെ സഹപ്രവര്‍ത്തകരും വളരെ വൈകാരികമായാണ് സംസാരിച്ചത്.
കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ ജനസേവകനായിരുന്ന ഫൈസല്‍ സോളിഡാരിറ്റി ഏരിയ പ്രസിഡന്റ്, അസ്സെറ്റ് താലൂക്ക് സെക്രട്ടറി, ഏരിയ ജനസേവന വകുപ്പ് കണ്‍വീനര്‍, പി.ആര്‍ സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചു. വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥയായ സനിതയാണ് ഭാര്യ. വിദ്യാര്‍ഥികളായ ആസിഫ്, അഫ്‌റിന്‍ എന്നിവരാണ് മക്കള്‍.
എം.എ അബ്ദു നെട്ടൂര്‍
Comments