Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

ഇവരോ  സ്ത്രീപക്ഷ വാദികള്‍?

റഹ്മാന്‍ മധുരക്കുഴി

വേഷസംവിധാനത്തില്‍ മാത്രമല്ല; ജീവിതത്തിന്റെ സകല മേഖലകളിലും ലിംഗസമത്വം പ്രായോഗികമാക്കണമെന്ന് ശക്തിയായി വാദിക്കുന്നവരുടെ മുന്‍പന്തിയിലാണ് മാര്‍ക്‌സിസ്റ്റുകാര്‍. സ്ത്രീപക്ഷ കേരള സൃഷ്ടിയെക്കുറിച്ച് സദാ വാചാലരാണവര്‍. ഇപ്പോഴിതാ കാര്യത്തോടടുത്തപ്പോള്‍ സ്ത്രീപുരുഷ സമത്വമല്ല, സ്ത്രീവിരുദ്ധതയും ആണ്‍കോയ്മയുമാണ് അവരില്‍നിന്ന് പുറത്ത് ചാടിയിരിക്കുന്നത്.
പാര്‍ട്ടിയുടെ 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം കേവലം 13 മാത്രം. സംസ്ഥാന സെക്രട്ടറിയേറ്റിലെ 17 പേരില്‍ ഒരേയൊരു വനിതക്കാണ് ലിംഗ നീതിയുടെ ഈ അപ്പോസ്തലന്മാര്‍ ഇടമനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ 12 വനിതകളുണ്ടായിരുന്നതില്‍ ഒരാളെ കൂടി ചേര്‍ക്കാന്‍ ഇവര്‍ 'സന്മനസ്സ്' കാണിച്ചിട്ടുണ്ട്. സംഘടനയില്‍ ആണ്‍കോയ്മയാണെന്ന് വനിതാ പ്രതിനിധികള്‍ തുറന്നടിച്ചു പറയേണ്ടിവന്നിടത്തോളം, പാര്‍ട്ടിയുടെ ലിംഗ സമത്വവാദത്തിന്റെയും സ്ത്രീപക്ഷ നിലപാടിന്റെയും പൊള്ളത്തരം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.
പാര്‍ട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റിയില്‍ 50 ശതമാനം വനിതകളെ ഉള്‍പ്പെടുത്തുമോ എന്ന പത്രപ്രതിനിധികളുടെ അന്വേഷണത്തിന് 'നിങ്ങള്‍ ഈ പാര്‍ട്ടിയെ തകര്‍ക്കാനാണോ ഇങ്ങനെ ചോദിക്കുന്നത്' എന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ മുഖം അര്‍ഥശങ്കക്കിടയില്ലാത്ത വിധം വെളിപ്പെടുത്തിയിരിക്കുന്നു. പുരുഷ മേധാവിത്വത്തിനെതിരെ ഗര്‍ജിക്കുകയും ലിംഗ സമത്വത്തെക്കുറിച്ച് വാചാലമാവുകയും ചെയ്യുന്നത് പതിവാണെങ്കിലും, പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ സ്ത്രീക്ക് പ്രാമുഖ്യം നല്‍കുന്നതില്‍ പാര്‍ട്ടി പിന്നോട്ടാണെന്നതാണ് യാഥാര്‍ഥ്യം.
'ഇത്രയും പുരോഗമിച്ച നമ്മുടെ നാട് ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്ന തരത്തില്‍ ഇനിയും വളര്‍ന്നിട്ടില്ലേ' എന്ന ചോദ്യത്തിന് (വാരാദ്യ മാധ്യമം 2002 മാര്‍ച്ച് 6) മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ നല്‍കിയ മറുപടി 'മന്ത്രിസഭയെ നയിക്കാന്‍ രാഷ്ട്രീയമായി ഇടപെട്ട് തഴക്കവും പഴക്കവും വേണം. അങ്ങനെയുള്ള ഇടപെടലിലേക്ക് സ്ത്രീ വന്നാല്‍ സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തേക്കും വരും' എന്നായിരുന്നു. രാഷ്ട്രീയമായി ഇടപെട്ട് തഴക്കവും പഴക്കവും ആര്‍ജിക്കുകയും കഴിവ് തെളിയിക്കുകയും ത്യാഗപൂര്‍ണമായ കഠിന സമരങ്ങളിലൂടെ ഏറെ സഹിക്കുകയും ചെയ്ത കെ.ആര്‍ ഗൗരിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് എന്തിന്റെ പേരിലായിരുന്നുവെന്ന് വിശദീകരിക്കപ്പെടേണ്ടതല്ലേ?
തുടക്കം മുതല്‍ പുരുഷ മേധാവിത്വത്തിനെതിരെ നിലയുറപ്പിക്കുകയും സ്ത്രീ ശാക്തീകരണ മുദ്രാവാക്യം അത്യുച്ചത്തില്‍ മുഴക്കുകയും ചെയ്തു പോന്ന ഒരു 'പുരോഗമന' പ്രസ്ഥാനത്തിന് ജീവിതത്തിന്റെ ബഹുമുഖ മണ്ഡലങ്ങളില്‍ പുരുഷനോടൊപ്പം കഴിവ് തെളിയിക്കാന്‍ കഴിയുന്ന വിഭാഗമായി സ്ത്രീകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എന്തേ സാധിക്കാതെ പോയി എന്ന ചോദ്യം പ്രസക്തമല്ലേ? 

അരനൂറ്റാണ്ട് കാലത്തെ
സൗഹൃദം

പി.എന്‍ ഹമീദ് ഹാജി, പടന്ന

ടി.കെ അബ്ദുല്ലാ സാഹിബുമായി എനിക്ക് അരനൂറ്റാണ്ട് കാലത്തെ ബന്ധമുണ്ട്. 1969-ല്‍ മലപ്പുറം സമ്മേളന കാലം മുതല്‍ അദ്ദേഹത്തിന്റെ വിയോഗം വരെ, നിരന്തരം ഫോണില്‍ ബന്ധപ്പെടും. അല്ലെങ്കില്‍ വീട്ടില്‍ ചെന്ന് നേരില്‍ കാണും. അദ്ദേഹത്തിന്റെ നര്‍മം തുളുമ്പുന്ന സംസാരം എന്നെ വല്ലാതെ ആകര്‍ഷിക്കാറുണ്ടായിരുന്നു. ലക്കം 3241-ല്‍ സുഹൃത്ത് വി.ടി സൂപ്പി നിടുവാല്‍ എഴുതിയ പോലെ, തലശ്ശേരി മേഖലാ സമ്മേളനവും തിരൂരിലെ മധ്യ കേരള സമ്മേളനവും അദ്ദേഹത്തിന്റെ ആ പ്രഭാഷണങ്ങളാല്‍ എന്നും എക്കാലവും പ്രവര്‍ത്തകരുടെ മനോമുകരത്തില്‍ തങ്ങിനില്‍ക്കുക തന്നെ ചെയ്യും. കേരളക്കരയിലെ പതിനായിരക്കണക്കിന് യുവാക്കളെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കര്‍മഭടന്മാരാക്കുന്നതില്‍ ടി.കെയുടെ പ്രഭാഷണം നിമിത്തമായി മാറിയിട്ടുണ്ടെന്നത് സത്യമാണ്.
സാധാരണ ഏതെങ്കിലും ഒരു മുസ്‌ലിം പണ്ഡിതന്റെ പ്രഭാഷണം എന്ന് കേട്ടാല്‍ അമുസ്‌ലിം സുഹൃത്തുക്കള്‍ അത് ശ്രദ്ധിക്കാറില്ല. എന്നാല്‍ ടി.കെയുടെ പ്രഭാഷണമുള്ള സദസ്സിലും പുറത്തും സഹോദര സമുദായാംഗങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നത് ഈയുള്ളവന്‍ പല പരിപാടികളിലും കണ്ടിട്ടുണ്ട്.
മരണത്തിന്റെ മൂന്ന് ദിവസം മുമ്പ് ഫോണ്‍ ചെയ്തപ്പോള്‍ ഉറങ്ങുകയാണെന്ന് മകന്‍ ഇഖ്ബാല്‍ പറഞ്ഞു. പക്ഷേ, അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആമിന ഉമ്മ വിളിച്ചു പറഞ്ഞു: 'ഉണര്‍ന്നപ്പോള്‍, നിങ്ങള്‍ ഫോണ്‍ ചെയ്ത വിവരം പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞിട്ടാണ് വീണ്ടും വിളിക്കുന്നത്. സംസാരിക്കാന്‍ പ്രയാസമുണ്ടെന്നും പ്രാര്‍ഥിക്കണമെന്നും പറയാന്‍ പറഞ്ഞു.' അല്ലാഹു നമ്മുടെ പ്രിയപ്പെട്ട നേതാവിന് സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.. 


വിചാര വിപ്ലവത്തിന് ആക്കം കൂട്ടിയ
പ്രസാധനാലയം

അബ്ബാസ് എ. റോഡുവിള

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസിദ്ധീകരണാലയമായ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഇതിനകം നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. കാലഘട്ടത്തിന്റെ ഭാഷയില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് അവയില്‍ മിക്കതും.
ഐ.പി.എച്ച് പ്രസിദ്ധീകരണങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി വര്‍ഗീകരിക്കാവുന്നതാണ്. ആധുനിക ലോകത്തിന്റെ പ്രത്യയ ശാസ്ത്രാടിസ്ഥാനങ്ങളെ നിരൂപണാത്മകമായി വിലയിരുത്തുന്നതാണ് ഒരിനം. ഇസ്‌ലാമിനെ ഒരു ജീവിത ദര്‍ശനമായി കാലത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുന്നതാണ് മറ്റൊരിനം. പുതിയ കാലത്തെ പ്രശ്നങ്ങളുടെ ഇസ്‌ലാമിക പ്രതിവിധി അന്വേഷിക്കുന്നതാണ് മൂന്നാമിനം.
കേരളത്തില്‍ ഐ.പി.എച്ച് നിര്‍വഹിച്ച ദൗത്യം മഹത്തരമാണ്. ഏകദൈവത്വം, പ്രവാചകത്വം, മരണാനന്തര ജീവിതം എന്നീ ഇസ്‌ലാമികാശയങ്ങളെ അന്ധവിശ്വാസങ്ങളായും കെട്ടുകഥകളായും ചിത്രീകരിച്ച് മുസ്‌ലിം സമൂഹത്തെ പരിഹസിച്ചുകൊണ്ടിരുന്ന നാസ്തിക വാദ, യുക്തിവാദ ലോബികളുടെ മുന്നില്‍ ചങ്കൂറ്റത്തോടെ എഴുന്നേറ്റ് നില്‍ക്കാന്‍ മുസ്‌ലിം യുവാക്കളെ പ്രാപ്തരാക്കിയത് ഐ.പി.എച്ച് പ്രസിദ്ധീകരണങ്ങളാണ്.
മനുഷ്യജീവിതത്തെയും പ്രപഞ്ചത്തെയും പരിണാമവാദത്തിന്റെ വീക്ഷണത്തില്‍ അവതരിപ്പിച്ച് കൊണ്ടിരുന്ന ഡാര്‍വിനിസ്റ്റുകളെ ചോദ്യം ചെയ്തതും ഐ.പി.എച്ച് തന്നെ.
ആനന്ദിനെ പോലുള്ള  സാഹിത്യകാരന്മാരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞതും ഐ.പി.എച്ച് സാഹിത്യങ്ങളാണെന്ന് കാണാം. എന്നാല്‍ സാമൂഹിക ശാസ്ത്രം, നരവംശശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളില്‍ പ്രസക്തമായ ഗ്രന്ഥങ്ങള്‍ ഇനിയും പുറത്ത് വരേണ്ടതുണ്ട്. കച്ചവടക്കണ്ണോടെ ഏത് ചപ്പും ചവറും മഷിപുരട്ടി കമ്പോളത്തില്‍ വിറ്റ് ലാഭം കൊയ്യുന്നതിന് പകരം ഉറങ്ങി കിടന്ന ഒരു സമൂഹത്തെ വിളിച്ചുണര്‍ത്തി അവരില്‍ വായനാശീലം ഉണ്ടാക്കി  വിചാരവിപ്ലവത്തിന് സജ്ജമാക്കിയ  പ്രകാശഗോപുരമായി ഐ.പി.എച്ച് നിലകൊള്ളുന്നു. ഐ.പി.എച്ച് ഇനിയും ഉത്തരോത്തരം വളരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.  


കടമെടുക്കുന്നത് ഭിന്നിപ്പിക്കല്‍ തന്ത്രം

നേമം താജുദ്ദീന്‍, തിരുവനന്തപുരം

ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമയോടെ ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കിടയില്‍ വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ് ഫാഷിസ്റ്റ് ശക്തികള്‍. ഹിജാബ് വിവാദവും അതിന്റെ ഭാഗമായേ കാണാനാവൂ. മുസ്‌ലിം സ്ത്രീകള്‍ തലമറയ്ക്കുന്നത് എന്തടിസ്ഥാനത്തില്‍ എതിര്‍ക്കുന്നു എന്ന് മനസ്സിലാകുന്നില്ല. മറ്റു മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ മാനിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മതങ്ങള്‍ അവയുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തി പോകുന്ന ഇന്ത്യയില്‍ വെറുതെ ഹിജാബ് പ്രശ്‌നം ഊതി വീര്‍പ്പിക്കുമ്പോള്‍ ബ്രിട്ടീഷുകാരന്റെ ഭിന്നിപ്പിക്കല്‍ തന്ത്രം തന്നെയാണ് അവര്‍ കടമെടുക്കുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌