Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

അതിജീവനം  തീര്‍ച്ച,  മുസ്‌ലിം ബഹുജനം മുന്നില്‍ നടക്കുകയാണ്

അഡ്വ. ഫൈസല്‍ ബാബു  മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി.

 


യുവ സംവാദം

വിശ്വാസം, സ്വത്വം എന്നിവയില്‍ കടന്നുകയറി ഒരു സമൂഹത്തെ അരികുവല്‍ക്കരിക്കാനുള്ള ആര്‍.എസ്.എസിന്റെ ശ്രമങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിലപ്പോവില്ല. ആഗോളതലത്തില്‍ ആര്‍.എസ്.എസിനേക്കാള്‍ വിപുലമായ സംവിധാനങ്ങളും ശക്തിയും സ്വാധീനവുമുള്ള കുരിശ്-സാമ്രാജ്യത്വ ശക്തികള്‍ ചരിത്രത്തില്‍ പരാജയപ്പെട്ടിടത്ത് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ വിജയിക്കുമെന്ന് കരുതാന്‍ ന്യായമില്ല. ഇസ്‌ലാമിന്റെ വിശ്വാസ വിശുദ്ധിയെ നശിപ്പിക്കാന്‍ കഴിയാത്തിടത്തോളം ഇസ്‌ലാമും മുസ്‌ലിംകളും അതിജീവിക്കും.
അതിജീവനത്തെക്കുറിച്ച് ഇന്ത്യന്‍ മുസ്‌ലിം ബഹുജനം ധാരാളമായി ആലോചിക്കുന്ന കാലമാണിത്. പൗരത്വ സമരത്തോടെ മുസ്‌ലിംകള്‍ക്കിടയിലെ എല്ലാ അടരുകളിലുമുള്ള ജനസഞ്ചയം തെരുവില്‍ ആര്‍.എസ്.എസിനെ ചോദ്യംചെയ്യുന്ന കാഴ്ചകള്‍ നാം കണ്ടു. വിഭജനവും ബാബരി തകര്‍ച്ചയും ഇതേ അളവില്‍ മുസ്‌ലിം ബഹുജനം മുഴുവന്‍ ഗൗരവമായി കണ്ട തിരിച്ചടികളായിരുന്നില്ല.
ബുദ്ധ-ജൈന മതങ്ങളുടെ വ്യതിരിക്തത നശിപ്പിച്ച് ഹിന്ദു മതത്തില്‍ ലയിപ്പിച്ച മട്ടാണ്. സിഖ് മതത്തില്‍ കയറിക്കൂടാനാണ് ആര്‍.എസ്.എസ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതേ സാഹചര്യം ഇസ്‌ലാമിലും സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെങ്കിലും അത് സാധ്യമല്ലെന്ന് അവര്‍ തിരിച്ചറിയും. അത് ഇസ്‌ലാമിന്റെ മൗലിക സ്വഭാവം കൊണ്ട് സംഭവിക്കുന്നതുമാണ്.
അതിജീവനത്തെക്കുറിച്ച പ്രതീക്ഷ ഇന്ത്യന്‍ മുസ്‌ലിമിന്റെ മുഖത്ത് പ്രകടമാണ്. പൗരത്വ സമരത്തില്‍ അവര്‍ പങ്കെടുത്തത് ഭയചകിതരായല്ല. ആഘോഷപൂര്‍വം രണ്ടാം സ്വാതന്ത്ര്യസമരത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ശഹീന്‍ ബാഗ് അടക്കമുള്ള സമരങ്ങള്‍. തെരുവില്‍ നേരിടാന്‍ തീരുമാനിച്ചവരാണവര്‍.
ഇന്ത്യന്‍ മുസ്‌ലിം ബഹുജനം മുന്നില്‍ നടക്കുന്ന കാഴ്ചയാണ് കാണുന്നത്. സംഘടനകള്‍ പലപ്പോഴും പിന്നിലായിപ്പോവുകയോ ഒപ്പമെത്താന്‍ പാടുപെടുകയോ ചെയ്യുകയാണ്. മുസ്‌ലിം ചെറുപ്പക്കാര്‍ സര്‍വമേഖലയിലും സജീവമാണ്. അവര്‍ ജീവിക്കാന്‍ തീരുമാനിച്ചവരാണ്. അതിനെ പഴയകാല മാതൃകയില്‍ വിലക്കുകളുടെയും തിട്ടൂരങ്ങളുടെയും ശാസനകള്‍കൊണ്ട് തടഞ്ഞുനിര്‍ത്താനാവില്ല. അതിനെ മറികടക്കാനുള്ള മെക്കാനിസം ചെറുപ്പം വികസിപ്പിച്ചിട്ടുണ്ട്. കളിക്കളത്തില്‍, സിനിമയില്‍, സംഗീതത്തില്‍, പ്രഫഷണല്‍ മേഖലയില്‍ അങ്ങനെ തുടങ്ങി എല്ലാ മേഖലകളിലും മുസ്‌ലിം ചെറുപ്പം സാന്നിധ്യമറിയിക്കുകയാണ്. സംഘടനകള്‍ക്ക് അവരുടെ ഒപ്പം നടക്കാനെങ്കിലും കഴിയണം. ഇല്ലെങ്കില്‍ ചരിത്രത്തില്‍നിന്ന് സംഘടനകള്‍ അപ്രത്യക്ഷമാവും. സംഘടനകള്‍ ബഹുജനസാന്നിധ്യവും നേതാക്കള്‍ ബഹുജനങ്ങളുടെ നേതാക്കളും ആവുന്നതിന് പകരം സ്ഥാപനങ്ങളുടെ മാനേജര്‍മാരായി പരിമിതപ്പെടുന്നത് ആശാവഹമല്ല.
മുസ്‌ലിം ബഹുജനത്തിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ കഴിയാത്ത സംഘടനകള്‍ കാലയവനികക്കുള്ളില്‍ മറയും. നിരന്തരമായി സംഘടനകള്‍ പ്രസരണം ചെയ്തുകൊണ്ടിരിക്കുന്ന വാര്‍ത്താവിശകലനങ്ങള്‍ ഈ സമൂഹത്തെ പ്രചോദിപ്പിക്കുന്നതിനും ചേര്‍ത്തുനിര്‍ത്തുന്നതിനും ഒട്ടും പര്യാപ്തല്ല. അവരുടെ പ്രസിദ്ധീകരണങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ചാല്‍ അതിജീവന പ്രതീക്ഷ പകര്‍ന്നുനല്‍കുന്നതിന് പകരം ഇരയാക്കപ്പെട്ടതിന്റെ, അനീതിക്കിരയായതിന്റെ തുടര്‍ക്കഥകള്‍ മാത്രമാണ് അവയില്‍ കാണാന്‍ കഴിയുക.
വിഭജനം ഇന്ത്യന്‍ മുസ്‌ലിമിന്റെ ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭമായിരുന്നെങ്കിലും ഒരു 'പ്രകൃതിദുരന്തം' പോലെ മാത്രമേ അതിനെ പരിഗണിച്ചുള്ളൂ. പക്ഷേ, ബാബരി മസ്ജിദ് തകര്‍ച്ചയുടെ കാലഘട്ടത്തോടെ ചിത്രം മാറി. ഇന്ത്യന്‍ മുസ്‌ലിം അവന്റെ സ്വത്വത്തെക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കാന്‍ തുടങ്ങി. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കണ്‍മുന്നില്‍ തകര്‍ക്കപ്പെടുന്നതിന്റെ വേദന അവര്‍ അനുഭവിച്ചു. അപ്പോഴും ഉപരിവര്‍ഗം കേവലമൊരു 'പള്ളിപ്രശ്‌നം' മാത്രമായി, മതപരതയില്‍ ജീവിക്കുന്നവരുടെ ആശങ്ക മാത്രമായി കണ്ടു. സാംസ്‌കാരിക സ്വത്വം, മാനവികത എന്നിവക്കെതിരെയുള്ള ആക്രമണമായി മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ, പൗരത്വ സമരത്തിന്റെ ഘട്ടം വന്നപ്പോള്‍ കേവല മുസ്‌ലിം സ്വത്വം ഉള്ളവര്‍പോലും ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവിളികളില്‍നിന്ന് ഞങ്ങള്‍ പുറത്തല്ല എന്നത് തിരിച്ചറിഞ്ഞു. ഷാരൂഖാന്‍ വിവാദം മികച്ച ലിറ്റ്മസ് ആണ്.
ഇസ്‌ലാമിന്റെ പ്രഹര ശേഷിയെ ഭയക്കുന്നതുകൊണ്ടാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. പ്രഹരശേഷി വലുതായതുകൊണ്ടുതന്നെ അതിന്റെ അതിജീവനശേഷിയും തര്‍ക്കമില്ലാത്തതാണ്. ഏക മാനവികത ഉദ്‌ഘോഷിക്കുന്ന മതമാണ് ഇസ്‌ലാം. മനുഷ്യര്‍ തമ്മിലെ അസമത്വങ്ങളെ ഇല്ലാതാക്കുന്ന, മനുഷ്യന്‍ മനുഷ്യര്‍ക്കുമേല്‍ ആധിപത്യം നേടാനുള്ള എല്ലാ വഴികളും അടച്ച ദര്‍ശനമാണ് ഇസ്‌ലാം.
ആര്‍.എസ്.എസിന്റെ മതം ഹിന്ദുമതമല്ല, സാംസ്‌കാരിക ദേശീയതയാണ്. ദേശപൂജയുടെ ആദര്‍ശമാണ്. ഹിന്ദു മതത്തെ സെമിറ്റിക് മത മാതൃകയില്‍ മാറ്റാനുള്ള ശ്രമം ഉണ്ട്.
സമകാലിക ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങളെ ആര്‍.എസ്.എസിന്റെ ഐഡിയോളജിക്കല്‍ വിജയമായി വിലയിരുത്തുന്നതില്‍ കാര്യമില്ല. ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ബോധ്യം കൂടുതല്‍ ഉറച്ചതാവുകയാണ് ചെയ്യുന്നത്.
ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ഭക്ഷണം, വസ്ത്രം, ആകാരം, ഭാഷ, സംഗീതം, ശില്‍പകല, ആര്‍കിടെക്റ്റ് തുടങ്ങിയവയെല്ലാം രാജകീയ പ്രൗഢിയുടെ ബാക്കിപത്രം തന്നെയാണിന്നും. റോഡിന്റെ പേര് മാറ്റുന്നത് കൊണ്ട് തകര്‍ന്നുപോവുന്നതല്ല ഇന്ത്യന്‍ മുസ്‌ലിമിന്റെ ചരിത്രം. 170 വര്‍ഷം മുമ്പ് ഇന്ത്യ ഭരിച്ചവരാണ്. അതിനാല്‍ ഒരു സമൂഹം ആശങ്കപ്പെടുമ്പോള്‍ ആശങ്കപ്പെടേണ്ടവരല്ല പ്രസ്ഥാനങ്ങളും നേതൃത്വവും. മുസ്‌ലിം നേതൃത്വം ഗൗരവത്തില്‍ അഭിമുഖീകരിക്കേണ്ട വിഷയമാണത്. വിവരങ്ങളുടെ സ്രോതസ്സ് ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്.
മതത്തെ എത്ര അളവില്‍ അതിന്റെ അനുയായികള്‍ പരിഗണിക്കുന്നുണ്ട് എന്നത് ചിന്തിക്കണം. അതിന്റെ വില നാം ഒടുക്കിയേ തീരൂ. സംഘടിത ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തതാണ് ഇസ്‌ലാം. എന്നാല്‍, മഹല്ല് സംവിധാനങ്ങള്‍ എത്ര അളവില്‍ ജനാധിപത്യ ഇടമാണ്? മഹല്ലിന്റെ മുന്‍കൈയില്‍ പൗരത്വ നിഷേധത്തിനെതിരെ സമരം ചെയ്യുമ്പോള്‍ മഹല്ലുകള്‍ പൗരത്വം നിഷേധിക്കുന്നില്ലേ? കുടുംബം എത്ര അളവില്‍ ജനാധിപത്യപരമാണ്? പള്ളികളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? അതൊരു സാംസ്‌കാരിക ഇടമായി വികസിപ്പിക്കാന്‍ കഴിഞ്ഞോ? 'അരുതു'കളുടെ സംഗമ ഭൂമിയായി പള്ളികളെ മാറ്റിത്തീര്‍ത്തത് ആരാണ്?
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌