Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

എന്ത് കൊണ്ട് 'മക്ക'ക്കൊപ്പം 'ബക്ക'യും?

 നൗഷാദ് ചേനപ്പാടി

അര്‍ഥവും പൊരുളും /

إِنَّ أَوَّلَ بَیۡت وُضِعَ لِلنَّاسِ لَلَّذِی بِبَكَّةَ مُبَارَكا وَهُدى لِّلۡعَـٰلَمِینَ

''നിശ്ചയമായും ജനങ്ങള്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ട ആദ്യത്തെ ദൈവികഭവനം, അനുഗൃഹീതവും ലോകര്‍ക്കാകമാനം സന്മാര്‍ഗദര്‍ശകവുമായി ബക്കയില്‍ നിലകൊള്ളുന്നതുതന്നെയാകുന്നു'' (സൂറ: ആലുഇംറാന്‍: 96).
ഈ ആയത്ത് അവതരിക്കുന്നതിന്റെ പശ്ചാത്തലം പറയാം. യഹൂദികള്‍ നബിയോടു ചോദിച്ചു: ഏതു മസ്ജിദാണ് ആദ്യമായി ജനങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടത്? അപ്പോള്‍ നബി(സ) പറഞ്ഞു: ആദ്യം മസ്ജിദുല്‍ ഹറാമും പിന്നീട് ബൈത്തുല്‍ മഖ്ദിസും. എന്നാല്‍ യഹൂദികള്‍ പറഞ്ഞു: ബൈത്തുല്‍ മഖ്ദിസാണ് കഅ്ബയേക്കാള്‍ ഏറ്റവും ശ്രേഷ്ഠം. മുസ്‌ലിംകള്‍ കഅ്ബയാണെന്നും മറുപടി പറഞ്ഞു.  ഈ പശ്ചാത്തലത്തിലാണ് ആയത്തിന്റെ അവതരണം. ഈ സൂക്തത്തില്‍ മക്ക എന്നതിനു പകരം ബക്ക എന്നാണ് അല്ലാഹു ആ പട്ടണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനു കാരണം തൗറാത്തില്‍ മക്കയെ ബക്ക എന്നാണ് പറഞ്ഞിരിക്കുന്നത്. ബക്കയാവട്ടെ അറേബ്യയിലുമാണ്. ഇത് യഹൂദികള്‍ക്കു നല്ലവണ്ണം അറിയാമായിരുന്നു. എന്നിട്ടവരതിനെ 'വാദില്‍ ബുകാഅ്' (വിലപിക്കുന്ന താഴ്‌വര) എന്ന് തിരിമറി നടത്തി പ്രയോഗിച്ചുവന്നു. ഇതുവഴി ഇസ്മാഈലികളുടെ പാരമ്പര്യത്തെയും അവരില്‍ ആഗതനാകുന്ന അന്ത്യപ്രവാചകനെയും നിഷേധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ ഈ കാപട്യത്തെ തുറന്നു കാണിക്കുവാന്‍ വേണ്ടി തന്നെയാണ് ബക്ക എന്ന് ഇവിടെ അല്ലാഹു പ്രയോഗിച്ചതെന്ന് വ്യാഖ്യാതാക്കളും ചരിത്രപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.
വിലപിക്കുന്ന താഴ്‌വര ബൈത്തുല്‍ മഖ്ദിസിനു സമീപമാണല്ലോ.

ബക്ക എന്ന പദത്തിന് നിരവധി അര്‍ഥങ്ങളുണ്ട്

1. തകര്‍ക്കുക, നശിപ്പിക്കുക

تبكّ أعناق الجبابرة إذا اُحدثوا فيها - لم يقصدها جبّار إلا قصمه الله.

(അവിടെ ഏതെങ്കിലും അക്രമിയോ മുട്ടാളനോ അക്രമം പ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവനെ തകര്‍ത്തു നശിപ്പിച്ചുകളയും.)
2. കൂട്ടംകൂടുക, തിരക്കുകൂടുക

بكّ النّاس بعضهم بعضا - إذا ازدحموا . تباكّ القوم - ازدحموا

ജനങ്ങള്‍ തിക്കിത്തിരക്കി എന്നര്‍ഥം.

3. വെളളം കുറവുള്ള സ്ഥലമാവുക

وأطلقوا  عليها بكّة لقلّة مايُها - إنها ماُخوذ من بكاُت النّاقة  أو الشّاة - إذا  قلّ لبنها

ഈ പ്രയോഗം 'ബക്കഅത്തിന്നാഖത്തു അവിശ്ശാത്തു' എന്ന പ്രയോഗത്തില്‍ നിന്നാണ്. അതായത് ആടിനോ ഒട്ടകത്തിനോ പാല് കുറയുക എന്നര്‍ത്ഥം.

4. പിരിഞ്ഞ് പോവുക, നീക്കുക

بكّ الشّيء: فسخ

(ഫസ്ഖ്- വേര്‍പ്പെടുത്തുക. അഴിക്കുക.)

ഹജ്ജിനും ഉംറക്കും ത്വവാഫിനുമായി ജനങ്ങള്‍ എപ്പോഴുമവിടെ ഒന്നിച്ചുകൂടുന്നു, തിക്കുംതിരക്കുമുണ്ടാകുന്നു. അവിടെ ആരെങ്കിലും അക്രമമോ അതിക്രമമോ കാണിച്ചാല്‍ അല്ലാഹു അവനെ തകര്‍ക്കും, നശിപ്പിക്കും. മക്ക വെളളം കുറവുള്ള സ്ഥലമാണ്. ഉംറയും ഹജ്ജും ത്വവാഫും കഴിഞ്ഞ് ജനങ്ങള്‍ അവിടെ നിന്നും പിരിഞ്ഞു പോകുന്നു. ഈ അര്‍ഥങ്ങളോടൊപ്പം, നീക്കുക എന്നും ആകര്‍ഷിക്കുക എന്നും ബക്കക്ക് അര്‍ഥമുണ്ട്. അതായത് ജനങ്ങളെ ബക്ക: തന്നിലേക്കാകര്‍ഷിക്കുന്നുണ്ടല്ലോ. അവരുടെ പാപങ്ങളെ നീക്കുകയും ചെയ്യുന്നുണ്ടല്ലോ. അങ്ങനെ ഈ അര്‍ഥങ്ങളെല്ലാം ബക്കയില്‍ ഉള്‍ച്ചേരുന്നു.

وَهُوَ الَّذِي كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِن بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا (٤٨:٢٤)
'മക്കയുടെ താഴ്വാരത്ത് വെച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകളെ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത് അല്ലാഹുവാണ്. - അവന്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്ക് വിജയമരുളിക്കഴിഞ്ഞിരിക്കെ. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു' (അല്‍ ഫത്ഹ്: 24).

ബക്കഃ എന്ന് ഒരു പ്രാവശ്യമേ ഖുര്‍ആനില്‍ വന്നിട്ടുള്ളു. അതുപോലെ മക്ക എന്ന വാക്കും ഒരു തവണ മാത്രം. മക്കക്കും നിരവധി അര്‍ഥങ്ങളുണ്ട്.

1. വലിച്ചു കുടിക്കുക, ഈമ്പുക, പുറത്തെടുക്കുക.

مكّ الصبيّ ثدي أمه: إذا استقصي مصّه و كذلك كلّ راضع -

(കുട്ടി ഉമ്മയുടെ മുല ശക്തിയോടെ വലിച്ചു കുടിച്ചു.)

مكّ الفصيل ما في ضرع امّه - امتصّ جميع ما فيه و شربه كلّه

(ഒട്ടകക്കുട്ടി തന്റെ ഉമ്മയുടെ അകിട്ടിലുള്ളതു മുഴവന്‍ ശക്തിയോടെ വലിച്ചു കുടിച്ചു).
  തള്ളയുടെ അകിടില്‍ നിന്ന് പാലും, എല്ലില്‍നിന്ന് അതിന്റെ മജ്ജയും ശക്തിയോടെ വലിച്ചു കുടിക്കുക എന്നാണ് മക്ക എന്നതിന്റെ മൗലികമായ ഭാഷാര്‍ഥം.

2. ആകര്‍ഷിക്കുക, വലിച്ചടുപ്പിക്കുക
امتكّ الفصيل اخلاف النّاقة : إذا جذب جميع ما فيها جذبا شديدا فلم يبق فيها شيئا. 

(ഒട്ടകക്കുട്ടി തന്റെ തള്ളയുടെ അകിടിലെ എല്ലാ മുലകളും ശക്തിയായി വലിച്ചടുപ്പിച്ചു, ഒട്ടും ബാക്കിയാക്കാതെ കുടിച്ചു.)

3. തകര്‍ക്കുക,  നശിപ്പിക്കുക

تمكّ من ظلم فيها : أي تهلكه و تدكّه

(ആര്‍ മക്കയില്‍ അക്രമവും അതിക്രമവും പ്രവര്‍ത്തിച്ചുവോ അവനെ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യും.)

4. തിക്കും തിരക്കും

مكّ معني ازدحام
ബക്കഃ എന്ന വാക്കിനെന്നപോലെ മക്കക്കും തിക്കും തിരക്കുമെന്ന അര്‍ത്ഥമുണ്ട്.  കുട്ടി ഉമ്മയുടെ മുല ശക്തിയായി വലിച്ചു കുടിക്കുന്നതുപോലെ മക്ക  ലോകത്തെങ്ങുമുള്ള മുസ്ലിംകളെ തന്നിലേക്കു വലിച്ചടുപ്പിക്കുന്നു; അതുപോലെ ലോകത്തുള്ള എല്ലാ നന്മകളെയും. ജനങ്ങളുടെ പാപങ്ങളെ മക്ക വലിച്ചെടുക്കുകയും നീക്കിക്കളയുകയും ചെയ്യുന്നു; അഥവാ നശിപ്പിക്കുന്നു. ജനങ്ങളെ മക്ക എപ്പോഴും ആകര്‍ഷിച്ചു നിര്‍ത്തുന്നുണ്ടല്ലോ.
ഹജ്ജിലും ഉംറയിലും ത്വവാഫിലും എപ്പോഴുമവിടെ തിരക്കാണല്ലോ. അവിടെ അതിക്രമം കാണിക്കുന്നവരെ അല്ലാഹു നശിപ്പിക്കാതെ വിടില്ല. ഇഹത്തിലും പരത്തിലും അക്രമിക്ക് കഠിനമായ ശിക്ഷയുണ്ടാവും. ഇത്രയും മൗലിക വിവക്ഷകള്‍ മക്ക എന്ന പദത്തിനുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌