Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 25

3245

1443 ശഅ്ബാന്‍ 22

പ്രഭാതത്തിലെയും പ്രദോഷത്തിലെയും തസ്ബീഹ്

ഹാഫിള് സല്‍മാനുല്‍ ഫാരിസി

 

 

ഖുര്‍ആന്‍ ചിന്തകള്‍ / 

നാം നിലകൊള്ളുന്ന ഈ മാസത്തിലും വരാനിക്കുന്ന പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലും അല്ലാഹുവുമായി ആത്മബന്ധം സ്ഥാപിക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. അതിനുള്ള ഒരു ഉപാധിയാണ് സ്രഷ്ടാവിനോടുള്ള സൃഷ്ടികളുടെ പ്രകീര്‍ത്തനങ്ങള്‍. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളും അവയെ സൃഷ്ടിച്ച നാഥന്റെ പരിശുദ്ധിയെ വാഴ്ത്തി ക്കൊണ്ടിരിക്കുന്നുവെന്ന് ഖുര്‍ആന്‍ (അല്‍ഹദീദ്: 1). സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കാന്‍ ഏറ്റവും ബാധ്യതപ്പെട്ടവന്‍ 'ഉല്‍കൃഷ്ട സൃഷ്ടി'യെന്ന ഖ്യാതിയുള്ള താന്‍ തന്നെയാണെന്ന വസ്തുത മനുഷ്യന്‍ പലപ്പോഴും മറന്നു പോകുന്നു. ജീവിതപ്പാച്ചിലിനിടയില്‍ പ്രപഞ്ച നാഥന്റെ അനുഗഹങ്ങള്‍ കണ്ടറിഞ്ഞ് അവനെ വാഴ്ത്തുന്നതിന് പകരം നന്ദികേട് അലങ്കാരമായി കൊണ്ടു നടക്കുന്നതിലാണ് പലപ്പോഴും പുതിയ തലമുറയ്ക്ക് താല്‍പര്യം. വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ തസ്ബീഹ് നടത്താന്‍ നമ്മോട് കല്‍പിക്കുമ്പോഴെല്ലാം പ്രത്യേകമായി എടുത്ത് പറഞ്ഞ രണ്ട് സമയങ്ങള്‍ ഉണ്ട്. ഉദാ: സൂറത്തുല്‍ അഹ്‌സാബ് 42-ാം വചനത്തില്‍ -  وَسَبِّحُوهُ بُكۡرَة وَأَصِیلًا (പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ധാരാളം വാഴ്ത്തുക).
സൂറത്തുല്‍ ഫത്ഹിന്റെ 9-ാം വചനത്തില്‍,   وَتُسَبِّحُوهُ بُكۡرَة وَأَصِیلا എന്ന് അതേ കാര്യം തന്നെ പറഞ്ഞിരിക്കുന്നു. സൂറ: അല്‍ഇന്‍സാന്‍ 25-ാം വചനത്തില്‍ വിണ്ടും വന്നിരിക്കുന്നു; وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَة وَأَصِیلا
ഈ പദങ്ങള്‍ നാലിടങ്ങളില്‍  പടച്ച റബ്ബ് ആവര്‍ത്തിക്കുന്നു. ഇവിടെയെല്ലാം പ്രഭാതത്തിലും പ്രദോഷത്തിലും ധാരാളമായി അല്ലാഹുവിനെ വാഴ്ത്തുക എന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു രൂപത്തില്‍ സൂറ: റൂമിന്റെ 17-ാം സൂക്തത്തില്‍;  فَسُبۡحَـٰنَ ٱللَّهِ حِینَ تُمۡسُونَ وَحِینَ تُصۡبِحُونَ ( പ്രഭാതത്തിലും സന്ധ്യാവേളയിലും നിങ്ങള്‍ അവനെ പ്രകീര്‍ത്തിക്കുക). മാത്രമല്ല, ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന സമയത്തും വി.ഖുര്‍ആന്‍ സൂറത്തുല്‍ കഹ്ഫിന്റെ 28-ാം വചനത്തിലൂടെ ഇതേ കാര്യം ഉണര്‍ത്തുന്നു; 
സൂറ: ത്വാഹയുടെ 130-ാം വചനത്തിലും കാണാം. ഇതേ കാര്യം.
ഏകദേശം പത്തിലധികം സ്ഥലങ്ങളില്‍ പടച്ച റബ്ബ് ഇതേ കാര്യം ഉണര്‍ത്തുന്നുണ്ട്. ഈ രണ്ടു സമയങ്ങളെ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ഈ രണ്ടു സമയത്തെക്കുറിച്ച് ആലോചിക്കാം. പ്രഭാതം എന്നത് ഇരുട്ടിന്റെ ആവരണത്തെ വകഞ്ഞു മാറ്റി വെളിച്ചം കടന്നുവരുന്ന സന്ദര്‍ഭമാണ്. സന്ധ്യാവേള വെളിച്ചം നമ്മളില്‍ നിന്നും വിടപറയാന്‍ ആരംഭിക്കുന്ന സമയവും.  നമുക്ക് ചുറ്റുമുളള പ്രകൃതി ഏറ്റവും വലിയ മാറ്റത്തിന് വിധേയമാകുന്ന രണ്ട് സന്ദര്‍ഭങ്ങളാണിത്. ഈ രണ്ടു സമയങ്ങളിലും സ്രഷ്ടാവിന്റെ കരവിരുത് കണ്ടറിഞ്ഞ് മനസ്സിലാക്കുമ്പോള്‍ ഒരു മനുഷ്യന്റെ ഹൃദയത്തില്‍ നിന്ന് സ്വാഭാവികമായി വരേണ്ട  തസ്ബീഹാണ് നാഥന്‍ ആവശ്യപ്പെടുന്നത്.
എന്താണ് തസ്ബീഹ്? അല്ലാഹുവിന്റെ മഹത്ത്വത്തെ വാഴ്ത്തുക അല്ലെങ്കില്‍ പ്രകീര്‍ത്തിക്കുക എന്നാണ്  سبح എന്ന പദത്തില്‍ ഉള്ളടങ്ങിയ ആശയം. سباح ആണ് അതിന്റെ മൂലപദമെന്ന് ഭാഷാകാരന്മാര്‍ പറയുന്നു. വെള്ളത്തില്‍ നീന്തുക, പൊന്തിക്കിടക്കുക, വേഗത്തില്‍ സഞ്ചരിക്കുക എന്നര്‍ഥം. മാത്രമല്ല,  വെള്ളത്തിലൂടെയോ അല്ലെങ്കില്‍ വായുവിലൂടെയോ ഒരാള്‍ സഞ്ചരിക്കുന്നതിനെയും 'സിബാഹ്' എന്നു പറയും.  വെള്ളത്തില്‍ നീന്തുന്ന ഒരാള്‍ തന്റെ സ്ഥാനം വെള്ളത്തില്‍ കൃത്യമായി നിര്‍ണയിക്കേണ്ടതുണ്ട്. സന്തുലിതത്വം തെറ്റിക്കഴിഞ്ഞാല്‍ അയാള്‍ അടിതെറ്റി മുങ്ങിപ്പോകും. അല്ലാഹു എല്ലാ ന്യൂനതകള്‍ക്കും അതീതനാണെന്ന് നാം പ്രഖ്യാപിക്കുകയാണ് യഥാര്‍ഥത്തില്‍ തസ്ബീഹിലൂടെ. പടച്ച റബ്ബിന്റെ സൃഷ്ടിയിലുള്ള പൂര്‍ണതയാണ് നാം അതിലൂടെ  ഉദ്‌ഘോഷിക്കുന്നത്. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും അവന്റെ മഹത്ത്വത്തെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. വിശുദ്ധ ഖുര്‍ആനില്‍ 'മുസബ്ബിഹാത്ത്' എന്ന വിശേഷണമുള്ള സൂറകളുണ്ട്.
ചില ആളുകള്‍ അല്ലാഹുവിന്റെ മേല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സന്ദര്‍ഭത്തില്‍ അല്ലാഹു  سبحانഎന്ന പദം കൊണ്ട് അവരെ ഖണ്ഡിക്കുന്നതായി കാണാം. ഉദാ: സൂറത്തു മര്‍യം. ക്രൈസ്തവരുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അതില്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. സൂറയില്‍ പ്രത്യേകമായി ഊന്നിപ്പറയുന്നത്, അല്ലാഹു സന്താനത്തെ സ്വീകരിച്ചു എന്ന അവരുടെ ഗുരുതരമായ ആരോപണത്തെക്കുറിച്ചാണ്. 88 മുതലുള്ള സൂക്തങ്ങള്‍ വായിക്കുമ്പോള്‍ കാണാം; وَقَالُوا۟ ٱتَّخَذَ ٱلرَّحۡمَـٰنُ وَلَدا   (കാരുണ്യവാനായ അല്ലാഹു തആലാ സന്താനത്തെ സ്വീകരിച്ചിരിക്കുന്നുഎന്ന് അവര്‍ പറഞ്ഞിരിക്കുന്നു). ആരോപണം എത്ര ഗുരുതരമാണെന്ന് നമ്മെ ഉണര്‍ത്തുകയാണ്. ഇത്രയും ഗുരുതരമായ ജല്‍പനം അവര്‍ നടത്തിയപ്പോഴും അല്ലാഹു അവരെ ഖണ്ഡിക്കുന്നത് ഇതേ സൂറയിലെ തന്നെ 35-ാം വചനം കൊണ്ടാണ്. അവിടെയും ഉപയോഗിച്ചിരിക്കുന്ന പദം  سبحانഎന്നാണ്. സന്താനത്തെ സ്വീകരിച്ചു എന്ന് പരാമര്‍ശിക്കുന്ന സ്ഥലങ്ങളിലൊക്കെ, ഏകദേശം അഞ്ചില്‍ പരം സ്ഥലങ്ങളില്‍  ഇതേ പദം ചേര്‍ക്കുന്നതായി കാണാം. മക്കാ മുശ്‌രിക്കുകള്‍, അല്ലാഹു പെണ്‍ സന്താനത്തെ സ്വീകരിച്ചു എന്നു ഗുരുതരമായ ആരോപണം നടത്തിയപ്പോഴും പടച്ച റബ്ബ് അവരെ ഖണ്ഡിച്ചത് സൂറ: അന്നഹ്ലിന്റെ 57-ാം വചനം കൊണ്ടാണ്; وَیَجۡعَلُونَ لِلَّهِ ٱلۡبَنَـٰتِ سُبۡحَـٰنَهُۥ

സൃഷ്ടികളുടെ ന്യൂനതകള്‍ സ്രഷ്ടാവിലേക്ക് ആരോപിക്കുന്ന സന്ദര്‍ഭത്തിലെല്ലാം എന്റെ റബ്ബ് ഇതില്‍ നിന്നെല്ലാം മുക്തനാണെന്ന് (സുബ്ഹാന) നമ്മോട് പറയാന്‍ ആജ്ഞാപിച്ചിരിക്കുകയാണ്. മേല്‍പ്പറഞ്ഞ ആ രണ്ടു സമയങ്ങളില്‍ ആ പ്രകീര്‍ത്തനം വളരെ പുണ്യകരമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 64-66
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹതഭാഗ്യരായ മൂന്നാളുകള്‍
ഡോ.കെ.മുഹമ്മദ്, പാണ്ടിക്കാട്‌