Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

അക്ഷരസ്മൃതി പ്രകാശനം ചെയ്തു

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനെക്കുറിച്ച ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കുന്ന, പ്രബോധനം വാരികയുടെ വിശേഷാല്‍ പതിപ്പ് 'അക്ഷരസ്മൃതി', ലളിത ഗംഭീരമായ വേദിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ സ്വദേശമായ കൊടുങ്ങല്ലൂരില്‍ വിപുലമായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന പരിപാടി കോവിഡ് കാരണം, കാലിക്കറ്റ് ടവറില്‍ ക്ഷണിക്കപ്പെട്ടവരുടെ സദസ്സില്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. അതും സാധിക്കാതെ വന്നപ്പോഴാണ് കോഴിക്കോട് ഹിറാ സെന്ററിലെ പരിമിതമായ സദസ്സില്‍ പ്രകാശന പരിപാടി സംഘടിപ്പിച്ചത്. സ്റ്റേജിലും സദസ്സിലും പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായ സദസ്സും ഓണ്‍ലൈനില്‍ പ്രകാശന ചടങ്ങ് വീക്ഷിച്ച നാലായിരത്തിലേറെ പ്രേക്ഷകരും പരിപാടിയെ ധന്യമാക്കി.
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ടി. ആരിഫലി പരിപാടി ഉദ്ഘാടനം ചെയ്തു. ഇടപഴകിയ ഓരോ വ്യക്തിയെയും സ്പര്‍ശിച്ച നേതാവായിരുന്നു സിദ്ദീഖ് ഹസന്‍ സാഹിബെന്നും തന്നെ സ്പര്‍ശിച്ച സിദ്ദീഖ് ഹസന്‍ സാഹിബിനെക്കുറിച്ച് എഴുതാനാണ് അക്ഷരസ്മൃതിയിലെ  ഓരോ എഴുത്തുകാരനും ശ്രമിച്ചതെന്നും ടി. ആരിഫലി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവര്‍ എഴുതിയിട്ടുണ്ട് എന്നതാണ് ഈ  പതിപ്പിന്റെ സവിശേഷത. വിഷന്‍ സംരംഭങ്ങളുടെ മുഖ്യ സ്ഥാപകനും ഉത്തരേന്ത്യയില്‍ ന്യുനപക്ഷങ്ങളുടെയും പിന്നാക്ക ജന വിഭാഗങ്ങളുടെയും ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച സാമൂഹിക പ്രവര്‍ത്തകനുമായ പ്രഫ. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് ടി. ആരിഫലി പ്രഖ്യാപിച്ചു. നിശ്ചിത തുകയുടെ അവാര്‍ഡ് എല്ലാ വര്‍ഷവും നല്‍കുന്ന രീതിയിലായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഒരു പിന്നാക്ക പ്രദേശത്ത് സിദ്ദീഖ് ഹസന്റെ പേരില്‍ വിദ്യാഭ്യാസ ഹബ് സ്ഥാപിക്കും. 100 വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ട് വരുന്നതിനും ഭാവിയില്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ അവരെ വളര്‍ത്തിക്കൊണ്ടു വരുന്നതിനും ലക്ഷ്യം വെക്കുന്നതാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി - അദ്ദേഹം പറഞ്ഞു.
പ്രബോധനം വിശേഷാല്‍ പതിപ്പിന്റെ പ്രകാശനം വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മുഴുവന്‍ മനുഷ്യസമൂഹത്തിനും വേണ്ടി വലിയ ദൗത്യം നിര്‍വഹിച്ച നേതാവായിരുന്നു സിദ്ദീഖ് ഹസന്‍ സാഹിബ്. അക്ഷരസ്മൃതിയിലെ എഴുത്തുകാരുടെ വൈവിധ്യത, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടയാളമാണ് - അദ്ദേഹം പറഞ്ഞു. 'സിദ്ദീഖ് ഹസന്‍ സാഹിബിനെ പരിചയപ്പെടാന്‍ കഴിഞ്ഞത് എന്റെ സുകൃതമായിരുന്നു, മാധ്യമം ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി ചുമതലയേല്‍ക്കുമ്പോള്‍, ദുര്‍ബലമായ ആ ശരീരത്തില്‍ നിന്ന് എന്നിലേക്ക് നീണ്ടു വന്ന ഊര്‍ജം പ്രസരിക്കുന്ന കൈകളും നക്ഷത്രത്തിളക്കമുള്ള കണ്ണുകളും ഞാന്‍ ഓര്‍ക്കുന്നു' - കെ.പി രാമനുണ്ണി അനുസ്മരിച്ചു. ജമാഅത്തെ ഇസ്‌ലാമിയിലെ മറ്റൊരു നേതാവിനും ലഭിക്കാത്ത സ്ഥാനവും പരിഗണനയും ലഭിച്ച അമീറായിരുന്നു സിദ്ദീഖ് ഹസന്‍ സാഹിബ്, പ്രവര്‍ത്തന മണ്ഡലങ്ങളിലെ വൈവിധ്യതയും പൊതു സമൂഹത്തില്‍ പ്രസ്ഥാനത്തിന് നേടിക്കൊടുത്ത ഇടവുമാണ് ഇതിന് കാരണമെന്ന് ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. പി.സി അന്‍വര്‍, പി.കെ അഹമ്മദ്, ടി.കെ ഉബൈദ്, കെ.എസ് ഫസ്‌ലുര്‍റഹ്മാന്‍, നഹാസ് മാള എന്നിവരും പരിപാടിയില്‍ സംസാരിച്ചു. പ്രബോധനം ചീഫ് എഡിറ്റര്‍ കൂട്ടില്‍ മുഹമ്മദലി ആമുഖവും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ് നന്ദിയും പറഞ്ഞു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌