Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

അനാഥ സംരക്ഷണം പ്രതീക്ഷയുടെ പുതുവഴികള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

അനാഥസംരക്ഷണ രംഗത്ത് അനല്‍പ്പമായ സേവനങ്ങള്‍ നിര്‍വഹിച്ചവയാണ് ഇസ്‌ലാമിക സമൂഹത്തിലെ യതീംഖാനകള്‍. പിതാവ് നഷ്ടപ്പെട്ടതോടെ വഴിയാധാരമാകുമായിരുന്ന ആയിരക്കണക്കായ കുരുന്നുകള്‍ക്കാണ് അനാഥശാലകള്‍ അത്താണിയായത്. ഭര്‍ത്താവിന്റെ മരണമോ, വിവാഹമോചനമോ വൈധവ്യത്തിലേക്ക് തള്ളിവിട്ട സ്ത്രീകള്‍, 'ബാധ്യതകള്‍ ഏറ്റെടുക്കാത്ത' പുനര്‍വിവാഹങ്ങള്‍ തുടങ്ങിയവയെല്ലാം നിരവധി കുടുംബങ്ങളില്‍ തോരാത്ത കണ്ണീര്‍ മഴകളും നോവിന്റെ നെരിപ്പോടുകളും സൃഷ്ടിച്ചിട്ടുണ്ട്. വിവാഹ മോചനവും വൈധവ്യവും അനാഥത്വവും അനുഭവിച്ചു മാത്രം അറിയേണ്ട ദുരന്തങ്ങളാണ്. ഭര്‍ത്താവ് മരണപ്പെടുന്നതോടെ കുട്ടികളുമായി ഒറ്റപ്പെട്ടു പോകുന്ന സ്ത്രീ ജന്മങ്ങളുടെ ദുരിതങ്ങള്‍ എത്ര പേര്‍ക്കറിയാം! ഇത്തരം കുടുംബങ്ങളിലെ തീയണച്ചത് ഒരു വശത്ത് ഓര്‍ഫനേജുകളാണ്. കേരളത്തിന്റെ മാത്രം ചരിത്രമെടുത്താല്‍, സാമൂഹിക സേവനത്തിന്റെ മഹദ് മാതൃകകള്‍ സമര്‍പ്പിച്ച നിരവധി അനാഥശാലകളെ പേരെടുത്ത് പറയാനാകും. വെള്ളിമാട്കുന്ന് ജെ.ഡി.റ്റി,  തിരൂരങ്ങാടി, മുട്ടില്‍, മുക്കം, തലശ്ശേരി, കൊടിയത്തൂര്‍, പാലക്കാട് ഓര്‍ഫനേജുകള്‍ തുടങ്ങിയവ ഈ ഗണത്തില്‍ ചിലതു മാത്രം.
കേരളത്തില്‍ അനാഥശാലകള്‍ ആരംഭിച്ചതിന്റെ ചരിത്രം തന്നെ ഒരു പോരാട്ടത്തിന്റേതാണ്. മലബാര്‍ സമരത്തെത്തുടര്‍ന്ന് കൊല ചെയ്യപ്പെട്ട മാപ്പിള പോരാളികള്‍ നിരവധി. നാടുകടത്തപ്പെട്ടവരും ജയിലില്‍ അടക്കപ്പെട്ടവരും അതിലേറെ. ബ്രിട്ടീഷ് പട്ടാളത്തിന്റെയും ജന്മിത്തമ്പുരാക്കന്മാരുടെയും വിളയാട്ടം വേറെ. കൊടിയ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ട കുടുംബങ്ങള്‍. പിതാവും ഭര്‍ത്താവും സഹോദരനുമില്ലാതെ വഴിയാധാരമായിപ്പോയ സ്ത്രീജനങ്ങളുടെ കണ്ണീരില്‍ കിളിര്‍ത്തതാണ് വെള്ളിമാട്കുന്ന് ജെ.ഡി.റ്റിയും തിരൂരങ്ങാടി ഓര്‍ഫനേജും. അനിവാര്യമായ അനാഥശാലകള്‍ വേറെയും മലയാള മണ്ണില്‍ പിന്നീട് ഉയര്‍ന്നു വന്നു. ആ അനാഥാലയങ്ങള്‍ ഒരു കാലത്ത് തലമുറകളുടെ ആശാ കേന്ദ്രങ്ങളും സാമൂഹിക സുരക്ഷിതത്വത്തിന്റെ അടയാളക്കുറികളുമായിരുന്നു. 
പഴയതുപോലെ വിപുലമായ രീതിയില്‍ യതീംഖാനകള്‍ ഇപ്പോള്‍ നടത്തേണ്ടതുണ്ടോ എന്ന ചോദ്യം അടുത്തകാലത്ത് ഉയര്‍ന്നുവരികയുണ്ടായി. ഇന്ന്, കുടുംബാന്തരീക്ഷത്തിലും സാമൂഹികാവസ്ഥയിലും വലിയ മാറ്റങ്ങളുണ്ടായിരിക്കുന്നു. യതീംഖാനകളിലേക്ക് കുട്ടികളെ അയക്കാനും കുട്ടികള്‍ക്കാണെങ്കില്‍ പോകാനും താല്‍പര്യം കുറഞ്ഞു. പല യതീം ഖാനകളിലും 'യതീമുകള്‍' എത്രയുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം, കുട്ടികളെ കിട്ടാത്ത യതീം ഖാനകള്‍ പറഞ്ഞു തരുന്നുണ്ട്. ഗവണ്‍മെന്റ് കൊണ്ടുവരുന്ന നിയമ പരിഷ്‌കരണങ്ങള്‍, യതീംഖാനകളുടെ നടത്തിപ്പിനെ ഏറെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യവും നമ്മുടെ മുമ്പിലുണ്ട്. ഇതൊന്നും പക്ഷേ, അനാഥാലയങ്ങളുടെ അസ്തിത്വത്തെ നിരാകരിക്കുന്നില്ല. ഉമ്മയും ഉപ്പയും നഷ്ടപ്പെടുന്ന കുട്ടികള്‍, വീടുകളില്‍ പഠന - ജീവിത സാഹചര്യം ഏറെ ശോചനീയമായവര്‍, പിതാവിന്റെയും മറ്റും അഭാവത്തില്‍, ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍  കുട്ടികളെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്ന ഉമ്മമാര്‍ തുടങ്ങിയവര്‍ക്കെല്ലാം വേണ്ടി അനാഥശാലകള്‍, ആവശ്യമായ അളവില്‍ തുടരേണ്ടി വരും. അപ്പോഴും, ആത്മാഭിമാനമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കും വിധം മെച്ചപ്പെട്ടതാകണം അവയുടെ സംവിധാനങ്ങള്‍. ഈ രീതിയില്‍ മാതൃകയാക്കാവുന്ന ചില സംരംഭങ്ങളെക്കുറിച്ചാണ് ഇനി സൂചിപ്പിക്കുന്നത്.

ആക്കോട് ഇസ്‌ലാമിക് സെന്റര്‍

2002-ലാണ് വാഴക്കാട് പഞ്ചായത്തിലെ വിരിപ്പാടം ഗ്രാമത്തില്‍ 'ആക്കോട് ഇസ്‌ലാമിക് സെന്റര്‍'  പ്രവര്‍ത്തനം ആരംഭിച്ചത്. അനാഥസംരക്ഷണ രംഗത്തേക്ക് സ്ഥാപനം കടക്കുന്നത് 2010-ലാണ്. യതീംഖാന സ്ഥാപിക്കാതെ, അനാഥരായിത്തീര്‍ന്ന കുട്ടികളെ മാതാവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അവരവരുടെ വീടുകളില്‍ തന്നെ സംരക്ഷിക്കാനായിരുന്നു ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികളുടെ തീരുമാനം. വാഴക്കാട് പഞ്ചായത്തിലെ എട്ട് മഹല്ലുകകളിലുള്ള, ഇരുപത്തിയൊന്ന് കുടുംബങ്ങളില്‍ നിന്നായി മുപ്പത്തിമൂന്ന് കുട്ടികളെയാണ്  ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2016-ല്‍ സമീപ പഞ്ചായത്തുകളിലേക്കും, 2021-ല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും സേവന പരിധി വിപുലീകരിച്ചു. ഇപ്പോള്‍ 96 കുടുംബങ്ങളില്‍നിന്നായി, 179 കുട്ടികളെ സ്ഥാപനം സംരക്ഷിക്കുന്നുണ്ട്.
ഏറെ സവിശേഷതകളുണ്ട് ആക്കോട് ഇസ്‌ലാമിക് സെന്ററിന്റെ അനാഥ സംരക്ഷണ പദ്ധതിക്ക്. യതീം എന്ന വാക്ക് ഉപയോഗിക്കാതിരിക്കാന്‍ അവര്‍ പരമാവധി ശ്രദ്ധിക്കുന്നു, കുട്ടികളെ ഉമ്മയോടൊപ്പം സ്വന്തം വീടുകളില്‍ സംരക്ഷിക്കുന്നു, ഇങ്ങനെ സംരക്ഷിക്കുന്ന കുട്ടികളുടെ ഫോട്ടോ എടുക്കുകയോ, പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയോ, പരിപാടികളില്‍ അവരെ സ്റ്റേജില്‍ പ്രദര്‍ശന വസ്തുക്കളാക്കുകയോ ചെയ്യുന്നില്ല. കുട്ടികളുടെ വിഹിതമായ അഭിലാഷങ്ങള്‍ സാധ്യമാകുന്നിടത്തോളം പൂര്‍ത്തീകരിച്ചു കൊടുക്കാനും ശ്രമിക്കുന്നു. യതീംഖാന എന്ന വാക്ക് സ്ഥാപനത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. കുട്ടികളുമായി ഇടപെടുമ്പോഴും യതീം, അനാഥ തുടങ്ങിയ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നില്ല. കുട്ടികളുടെ മനസ്സില്‍ ആ പദപ്രയോഗം കറയോ, മുറിവോ ഉണ്ടാക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുകയാണ്. പ്രത്യേക കോഡ് നമ്പറുകളുണ്ടാകും  കുട്ടികള്‍ക്ക്. ആ നമ്പറുകളിലാണ് അവര്‍ സ്ഥാപന രേഖകളില്‍ കാണുക. 
പതിവുപോലെ ഒരു ദിവസം ഇസ്‌ലാമിക് സെന്ററിന്റെ പ്രവര്‍ത്തകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാനൊരുങ്ങുമ്പോള്‍, 'എന്താണ് വേണ്ടത്' എന്ന് ഒരു കുട്ടിയോട് ചോദിച്ചു. 'എനിക്കൊരു സൈക്കിള്‍ വേണം!' ഇതായിരുന്നു അവന്റെ ആവശ്യം. ഇത്തരം ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ ഉപ്പയില്ലാത്ത ആ കുരുന്ന്, തന്റെ മോഹം മറ്റാരോട് പറയാന്‍! അയല്‍പ്പക്കത്തെ, സ്‌കൂളിലെ തന്റെ കൂട്ടുകാര്‍ സൈക്കിളില്‍ കറങ്ങുന്നത് ആ കുട്ടി വേദനയോടെ കണ്ടു നിന്നിട്ടുണ്ടാകണം. പിതാവിനെ നഷ്ടപ്പെടുന്ന മക്കളില്‍ പലരും ഇത്തരം നിരവധി നൊമ്പരങ്ങളില്‍ നീറുന്നവരാണ്. അവര്‍ക്ക് ഭക്ഷണവും മറ്റു അടിസ്ഥാന കാര്യങ്ങളും നല്‍കാന്‍ ആളുകളുണ്ടാകും. പക്ഷേ, സമപ്രായക്കാരുടെയും സതീര്‍ഥ്യരുടെയും ജീവിതം, അനാഥരുടെ ഇളം മനസ്സുകളില്‍ സൃഷ്ടിക്കുന്ന ഇത്തരം വിഹിതമായ മോഹങ്ങള്‍ പലപ്പോഴും അകം വേവുന്ന വേദനകളായി അവശേഷിക്കാറാണ് പതിവ്. ഇത്തരം പന്ത്രണ്ട് കുട്ടികള്‍ക്കാണ് സെന്റര്‍  സൈക്കിള്‍ വിതരണം ചെയ്തത്. വിതരണം ചെയ്യുമ്പോള്‍ സദസ്സിലുള്ള എല്ലാവരോടും ഫോണുകളും കാമറകളും ഓഫ് ചെയ്യാന്‍ കമ്മിറ്റി കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.
പിതാവ് മരണപ്പെട്ട കുട്ടികള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പതിനഞ്ച് വയസ്സില്‍ താഴെയായിരിക്കണം. സ്ഥിരവരുമാനമില്ലാത്ത കുടുംബമായിരിക്കണം. സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയവരുടെ വിദ്യാഭ്യാസം, ചികിത്സ, വിവാഹത്തിന്റെ നിശ്ചിത ചെലവുകള്‍ തുടങ്ങിയവ സ്ഥാപനം ഏറ്റെടുക്കുന്നു. സെന്ററുമായി കുട്ടികള്‍ക്ക് നേരിട്ടുള്ള ബന്ധം, മാസത്തിലൊരിക്കല്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ മാതാവിനൊപ്പം പങ്കെടുക്കുക എന്നതാണ്. രാവിലെ മുതല്‍ ഉച്ചവരെയുള്ള ഈ മാസാന്ത ക്ലാസില്‍ കുട്ടികള്‍ക്ക് മൂന്ന് സെഷനും ഉമ്മമാര്‍ക്ക് ഒരു സെഷനുമാണ് ഉണ്ടാവുക. ഈ പരിപാടി ഒരു കാരണവശാലും ലീവ് ആകാന്‍ പാടില്ല. മാസാന്തം കുട്ടിക്കുള്ള ഭക്ഷണക്കിറ്റ്, പരിപാടി കഴിഞ്ഞ് പോകുമ്പോള്‍ നല്‍കുകയോ, സെന്റര്‍ ഭാരവാഹികള്‍ വീട്ടില്‍ എത്തിച്ച് കൊടുക്കുകയോ ചെയ്യും. കമ്മിറ്റിയുടെ ഇഷ്ടപ്രകാരം  തയാറാക്കുന്ന ഭക്ഷണക്കിറ്റായിരിക്കില്ല അത്. പരമാവധി 850 രൂപ വരുന്ന, കുട്ടി ആവശ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളാണ് പൊതുവില്‍ കിറ്റിലുണ്ടാവുക. അരിയും മറ്റും പലവിധത്തില്‍ കിട്ടുന്ന വീട്ടിലേക്ക് പിന്നെയും അരിയുടെ കിറ്റ് തന്നെ കൊടുക്കുന്നതില്‍ അര്‍ഥമില്ലല്ലോ. ഒരു കുട്ടി ഒരിക്കല്‍ ആവശ്യപ്പെട്ടത് ഹോര്‍ലിക്‌സാണ്. അതും കമ്മിറ്റി വാങ്ങിക്കൊടുത്തു. കിറ്റിന് പുറമെ, ഭക്ഷണ ചിലവിന് മാസത്തില്‍ 300 രൂപയും നല്‍കും. 
സംരക്ഷണ പദ്ധതിയില്‍ അംഗമായ ആണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തിയാലും വിവാഹം വരെ സഹായം തുടരും. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിശ്ചയിക്കുന്ന വിവാഹത്തിന്, വേണ്ട സഹായങ്ങള്‍ നല്‍കും. വിവാഹ നിശ്ചയത്തില്‍ കമ്മിറ്റി പ്രതിനിധി പങ്കെടുക്കും. നികാഹ് ഇസ്‌ലാമിക് സെന്ററിലോ, സെന്ററിന്റെ ആഭിമുഖ്യത്തില്‍ അതത് മഹല്ലിലോ നടത്തും. നികാഹിന്റെ ചെലവ്, വരനും സംഘത്തിനുമുള്ള സല്‍ക്കാരം, വധുവിന് ഇരുപത്തിയൊന്ന് പവന്‍ തുടങ്ങിയവയൊക്കെ സെന്റര്‍ നല്‍കും. നികാഹിന് ശേഷം വീട്ടില്‍ വെച്ച് നടക്കുന്ന വിവാഹ സല്‍ക്കാരങ്ങള്‍ക്ക് 15,000 രൂപയും നല്‍കുന്നു. ഇതിനകം പന്ത്രണ്ട് പെണ്‍കുട്ടികളുടെ വിവാഹം ഈ വിധത്തില്‍ നടത്തിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  ഉദാരമതികളുടെ പിന്തുണ കൊണ്ടാണ് ഈ അനാഥസംരക്ഷണ പദ്ധതി മുന്നോട്ട് പോകുന്നത്. ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും മുസ്തഫ ഹുദവി സെക്രട്ടറിയും അബ്ദുല്ല ഹാജി പാറക്കടവ് ഖജാഞ്ചിയുമായുള്ള കമ്മിറ്റിയാണ് ആക്കോട് ഇസ്‌ലാമിക് സെന്ററിന് നേതൃത്വം നല്‍കുന്നത്.
ഇസ്‌ലാഹിയയുടെ 'ഇഹ്‌സാന്‍', വാടാനപ്പള്ളി ഓര്‍ഫനേജ്
വിദ്യാഭ്യാസ മേഖലയിലും അനാഥസംരക്ഷണ രംഗത്തും ദീര്‍ഘകാലത്തെ മഹത്തായ പാരമ്പര്യമുണ്ട് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്. അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, കൊടിയത്തൂര്‍ വാദിറഹ്മ ഓര്‍ഫനേജ്, അനാഥശാലകളുടെ പതിവ് പരിമിതികള്‍ പലതും മറികടക്കാന്‍ ശ്രമിച്ചിട്ടുള്ള സ്ഥാപനമാണ്. അനാഥരെ അവരവരുടെ വീടുകളില്‍ തന്നെ നിര്‍ത്തി സംരക്ഷിക്കുന്ന പദ്ധതി 2015-ലാണ് ഇസ്‌ലാഹിയ അസോസിയേഷന്‍ ആരംഭിച്ചത്. ഇസ്‌ലാഹിയക്ക് കീഴിലുള്ള 'ഇഹ്‌സാന്‍' (ഇസ്‌ലാഹിയ ഹ്യൂമന്‍ സര്‍വീസസ് അസോസിയേഷന്‍) എന്ന വേദിയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ തുടക്കം കുറിച്ച ഈ പദ്ധതിയില്‍, വീടുകളില്‍ സംരക്ഷിക്കുന്ന 2007 അനാഥക്കുട്ടികളുണ്ട്. 410 കുട്ടികളെ അവരുടെ വീടുകള്‍ക്കടുത്തുള്ള ഓര്‍ഫനേജുകളില്‍ താമസിപ്പിച്ച് പഠിപ്പിക്കുന്നു. ഇതിന്റെ ചെലവ് 'ഇഹ്‌സാന്‍' വഹിക്കുന്നു. വീടുകളില്‍ താമസിച്ച് പഠിക്കുന്ന അനാഥരുടെ സാമ്പത്തിക ഉത്തരവാദിത്തം നിര്‍വഹിക്കുന്ന ഇഹ്‌സാന്‍, കുട്ടികളുടെ പഠന നിലവാരം പരിശോധിക്കുകയും വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ഫയലുകള്‍ സൂക്ഷിക്കുന്നുണ്ട്. ചെലവിന് വകയിരുത്തിയ പണം കുട്ടിയുടെയും മാതാവിന്റെയും അക്കൗണ്ടിലേക്ക് അയച്ച് കൊടുക്കുന്നു. വര്‍ഷത്തില്‍ മുന്നോ, നാലോ തവണ രക്ഷിതാക്കളുടേയും രണ്ട് തവണ കുട്ടികളുടെയും സംഗമങ്ങള്‍ സംഘടിപ്പിക്കും. ആവശ്യമായ ക്ലാസ്സുകളും കൗണ്‍സലിംഗും നല്‍കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പുര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഉപരിപഠന ഗൈഡന്‍സ് നല്‍കാനും സംവിധാനമുണ്ട്. ഇസ്‌ലാമിക ശിക്ഷണത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലായി പരന്ന് കിടക്കുകയാണ് 'ഇഹ്‌സാ'ന്റെ സേവന പ്രവര്‍ത്തനങ്ങള്‍.  ഗുണഭോക്താക്കളായ കുട്ടികളെ മേഖലകള്‍ തിരിച്ച്, കമ്മിറ്റി അംഗങ്ങളെ മേല്‍നോട്ട ചുമതല ഏല്‍പ്പിക്കുകയും, കൃത്യമായ മോണിറ്ററിംഗ് നടപ്പിലാക്കുകയും ചെയ്യുന്നു.
അനാഥസംരക്ഷണ രംഗത്ത് മഹിത പാരമ്പര്യമുണ്ട് വാടാനപ്പള്ളി ഓര്‍ഫനേജിന്. 1977-ല്‍ തീരദേശ ഗ്രാമമായ വാടാനപ്പള്ളിയില്‍ മദ്‌റസയായി തുടങ്ങിയ സ്ഥാപനത്തില്‍, 1979-ലാണ് യതീംഖാന ആരംഭിച്ചത്. തലമുറകളുടെ ജീവിതത്തെ ഈ സ്ഥാപനം ക്രിയാത്മകമായി കരുപ്പിടിപ്പിക്കുകയായിരുന്നു.ഇസ്‌ലാമിക രംഗത്ത് സേവനനിരതരായ തലമുറകളെ ഓര്‍ഫനേജ് സംഭാവന ചെയ്തിട്ടുണ്ട്. ജെ.എന്‍.യു, ജാമിഅ മില്ലിയ്യ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ ഇവിടത്തെ നിരവധി വിദ്യാര്‍ഥികള്‍ ഉപരിപഠനം നടത്തുന്നുവെന്നത് അഭിമാനകരമാണ്. പൂര്‍വ വിദ്യാര്‍ഥി സംഘടന ഉപരിപഠനത്തിന് വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കുന്നു. നിലവില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ ഓര്‍ഫനേജില്‍ പഠിക്കുന്നുണ്ട്.
അനാഥശാലയിലേക്ക് കുട്ടികളെ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിനു പുറമെ, കുട്ടികളെ സ്വന്തം വീടുകളില്‍ സംരക്ഷിക്കുന്ന പദ്ധതിയും സ്ഥാപനം നടപ്പിലാക്കി വരുന്നുണ്ട്. പുതിയ ഓര്‍ഫനേജ് നിയമങ്ങള്‍ സ്ഥാപനത്തില്‍ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കുന്ന രീതി ദുഷ്‌കരമാക്കി തീര്‍ക്കുന്നതായി സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഹനീഫ മാസ്റ്റര്‍ പറഞ്ഞു. 
വാടാനപ്പള്ളി ഓര്‍ഫനേജിന് കീഴിലുള്ള, 'ഓര്‍ഫന്‍ കെയര്‍ പ്രോഗ്രാം' അനാഥ കുട്ടികളെ വീടുകളില്‍ തന്നെ സംരക്ഷിക്കുന്ന പദ്ധതിയാണ്. പിതാവ് മരണപ്പെട്ടാലും ഉമ്മയോടും കുടുംബത്തോടുമൊപ്പം നില്‍ക്കാനുളള കുട്ടികളുടെ മനസ്സ് തിരിച്ചറിഞ്ഞാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. കുട്ടികളുടെ സ്‌കൂള്‍, മദ്‌റസ വിദ്യാഭ്യാസം, വീട്ടുകാരുടെ സഹകരണത്തോടെയുള്ള ധാര്‍മിക ശിക്ഷണം  തുടങ്ങിയവക്ക് ഈ പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. 2010 മുതല്‍ സ്ഥാപനത്തില്‍നിന്ന് വിട്ടു പോയ കുട്ടികളെയും ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 250 കുട്ടികള്‍ സ്‌കീമിന്റെ ഗുണഭോക്താക്കളാണ്. നൂറിലധികം അനാഥ പെണ്‍കുട്ടികളുടെ വിവാഹവും നടത്തിയിട്ടുണ്ട് വാടാനപ്പള്ളി ഓര്‍ഫനേജ്.

പാലക്കാട് ഓര്‍ഫനേജ്

പാലക്കാട് ഓര്‍ഫനേജ് അനാഥസംരക്ഷണ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സ്ഥാപനമാണ്. വീടുകളില്‍ സംരക്ഷണ സാധ്യതകളുള്ള അനാഥ കുട്ടികളെ ഉമ്മമാരോടൊപ്പം തന്നെ നിര്‍ത്തി പരിപാലിക്കുന്ന സംവിധാനം പാലക്കാട് ഓര്‍ഫനേജില്‍ ആരംഭിച്ചത് 2014-ലാണ്. വിദ്യാഭ്യാസം, ചികിത്സ, ഭക്ഷണം എന്നിവക്ക് ആവശ്യമായ ചെലവുകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുകയാണ് രീതി. നിലവില്‍ അറുപതോളം കുട്ടികളെ വീടുകളില്‍ സംരക്ഷിക്കുന്നു. ഏതാണ്ട് നൂറ് കുട്ടികള്‍ ഇതുവരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടാകും. കോവിഡ് കാലത്ത്  കുറേയേറെ കുട്ടികളെ വീടുകളില്‍ തന്നെയാണ് നിര്‍ത്തിയിട്ടുള്ളത്. സ്ഥാപനത്തില്‍ ഒരുമിച്ച് നില്‍ക്കുമ്പോഴുള്ളതിനേക്കാള്‍ എത്രയോ കൂടുതലായിരിക്കും ഒറ്റയ്‌ക്കൊറ്റക്ക് വീടുകളില്‍ നില്‍ക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യത. ഈ വിഭവക്കമ്മി സ്ഥാപനത്തിന് വീടുകളിലെ സംരക്ഷണത്തില്‍ പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്.

'ദയ' കാണിച്ച മാതൃക

മാതാക്കളില്‍ നിന്ന് വേര്‍പ്പിരിച്ച്, അനാഥാലയത്തിലേക്ക് കുട്ടികളെ അയക്കുന്നതിന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ബോധ്യപ്പെട്ടപ്പോഴാണ്, കുട്ടികളെ വീടുകളില്‍ തന്നെ പരിപാലിക്കുന്ന, 'ദയ ഓര്‍ഫന്‍ കെയര്‍' എന്ന സംരംഭത്തിന് 1998-ല്‍ ഐ.എസ്.എം തുടക്കം കുറിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ, സംസ്‌കരണ രംഗങ്ങളില്‍ കുട്ടികള്‍ക്ക് ക്രിയാത്മകമായ പരിചരണം വിഭാവന ചെയ്ത 'ദയ' ഈ രംഗത്ത് കേരളത്തിലെ ആദ്യ സംരംഭമാണ്. ഐ. എസ്.എം പ്രാദേശിക ഘടകങ്ങള്‍ വഴി തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക്, പ്രാദേശിക രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍, വീടുകളില്‍ തന്നെ സംരക്ഷണം നല്‍കുകയായിരുന്നു രീതി. താന്‍ അനാഥനാണെന്ന തോന്നല്‍ പരമാവധി കുറക്കാനുള്ള മനശ്ശാസ്ത്ര സമീപനങ്ങള്‍ സ്വീകരിക്കുന്നു. മാസം തോറുമുള്ള സംഗമങ്ങള്‍, കലാ-കായിക മത്സരങ്ങള്‍, വിവിധ സ്വഭാവത്തിലുള്ള ക്ലാസുകള്‍, കുടുംബത്തിന്റെ പുനരധിവാസം, തൊഴില്‍ പരിശീലനം തുടങ്ങിയ പലതും പദ്ധതിയുടെ ഭാഗമായി നടക്കുന്നു. അനാഥര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കിയ ഈ പദ്ധതിയെ, അനാഥ സംരക്ഷണ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായി വിശേഷിപ്പിക്കാം. 
1998 മുതല്‍ 2015 വരെ ഐ.എസ്.എമ്മിന്റെ കീഴില്‍ തുടര്‍ന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതി, പിന്നീട് സംഘടനയുടെ നേരിട്ടുള്ള നടത്തിപ്പ് ഒഴിവാക്കി, പ്രാദേശിക ദാറുല്‍ മസാക്കീനിലേക്ക് മാറ്റുകയാണുണ്ടായത്.  വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ്, അരീക്കോട് സുല്ലമുസ്സലാം, വണ്ടൂര്‍ പ്ലസന്റ് ഹോം, മഞ്ചേരി ആനക്കയം, നിലമ്പൂര്‍ ഗൈഡന്‍സ് കോളേജ്, ചുങ്കത്തറ സ്റ്റുഡന്റ്‌സ് ഹോം തുടങ്ങിയവയൊക്കെ കേന്ദ്രീകരിച്ച് വ്യത്യസ്തങ്ങളായ അനാഥസംരക്ഷണ പദ്ധതികള്‍ നടന്നുവരുന്നു. ഹോസ്റ്റലുകളില്‍ കുട്ടികളെ താമസിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍, സംഘടന നേരിട്ടല്ലാതെ, വിവിധ സംവിധാനങ്ങള്‍ വഴി, ഓര്‍ഫന്‍ കെയറിന്റെ രീതിശാസ്ത്രമനുസരിച്ച്  അനാഥസംരക്ഷണ സംരംഭങ്ങള്‍ വേറെയും നടന്നുവരുന്നുണ്ട്. 

ദ ലൈറ്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ്

വിപുലവും ശാസ്ത്രീയവുമായ പദ്ധതികളിലൂടെ വീടുകളില്‍ കുട്ടികളെ സംരക്ഷിക്കുന്ന 'ദ ലൈറ്റ് ചാരിറ്റബ്ള്‍ ട്രസ്റ്റി'ന്റെ പ്രവര്‍ത്തനങ്ങളാണ് പ്രസ്താവ്യമായ മറ്റൊരു സംരംഭം.  സംഘടനാ വ്യത്യാസമോ, മത സമുദായ വിവേചനമോ ഇല്ലാതെയാണ് ട്രസ്റ്റ് അനാഥര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇതര മത വിഭാഗത്തില്‍പെട്ട അനാഥര്‍ക്കും ഈ പദ്ധതിയില്‍ സംരക്ഷണം നല്‍കി വരുന്നുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, കോഴിക്കോട്, വയനാട്, തിരൂര്‍, പുളിക്കല്‍, വണ്ടൂര്‍ പ്രദേശങ്ങളില്‍ ട്രസ്റ്റ് ഇതിനകം പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. അട്ടപ്പാടി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അടുത്തു തന്നെ തുടങ്ങാന്‍ ആലോചനയുണ്ട്. 250 കുട്ടികളാണ് നിലവില്‍ ഇതിന്റെ ഗുണഭോക്താക്കളായിട്ടുള്ളത്. പുളിക്കല്‍ കേന്ദ്രമായി നടക്കുന്ന സംവിധാനം ഇതിന്റെ ഉദാഹരണമാണ്. സ്ത്രീകളുടെ സ്റ്റിയറിംഗ് കമ്മിറ്റിയും പ്രാദേശിക സമിതികളിലെ മൂന്നംഗ സ്ത്രീ സാന്നിധ്യവും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. വിധവകളുമായി ഇടപഴകേണ്ടതിനാല്‍, സ്ത്രീകളുടെ സ്റ്റിയറിംഗ് കമ്മിറ്റി കൂടുതല്‍ ഫലപ്രദമാണ്. ഓരോ പ്രദേശത്തും സാമൂഹിക സേവന താല്‍പര്യമുള്ള ഏഴംഗ സമിതിയുടെ മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധ നല്‍കിക്കൊണ്ടാണ് വ്യവസ്ഥാപിതമായി പദ്ധതി നടപ്പിലാക്കുന്നത്. 
സ്‌കൂള്‍ കിറ്റ്, വ്യക്തിഗത കൗണ്‍സലിംഗ്, ഭക്ഷണ കിറ്റ്, വീട് സന്ദര്‍ശനം, റമദാനില്‍ വീട്ടുകാര്‍ക്ക് മുഴുവനായും ഇഫ്ത്വാര്‍ - അത്താഴക്കിറ്റ്, വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം പെരുന്നാള്‍ വസ്ത്രം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഒരു വീട്ടില്‍ നിന്ന് ഒരു കുട്ടിയെയാണ് പദ്ധതിയില്‍ അംഗമാക്കുന്നതെങ്കിലും, പല സഹായങ്ങളിലും വീട്ടുകാരെയും പരിഗണിക്കാറുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍, രണ്ട് സബ് കമ്മറ്റികള്‍ ട്രസ്റ്റിന് കീഴിലുണ്ട്. കേരളം മുഴുവനും തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളിലേക്കും വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഈ അനാഥസംരക്ഷണ സംവിധാനം വ്യാപിപ്പിക്കാന്‍ ട്രസ്റ്റിന് പദ്ധതിയുണ്ട്.

വളവന്നൂര്‍ ബാഫഖി യതീംഖാന

1974-ല്‍ മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് വളവന്നൂര്‍ ബാഫഖി യതീംഖാന സ്ഥാപിതമാവുന്നത്. അനാഥരും അഗതികളുമായ കുട്ടികള്‍ക്ക് കെ.ജി മുതല്‍ പി.ജി വരെ ഒരേ കുടക്കീഴില്‍  മത-ഭൗതിക സമന്വയ വിദ്യാഭ്യാസം  യതീംഖാന നല്‍കുന്നുണ്ട്. എസ്.എസ്.എല്‍.സിക്ക് ശേഷം തുടര്‍ പഠനത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നു എന്നതാണ് ബാഫഖി യതീംഖാനയുടെ സവിശേഷത. പ്ലസ് ടു പഠനത്തിനു ശേഷം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിന് 1982-ല്‍ തന്നെ യതീംഖാനക്കു കീഴില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയും നിലവിലുണ്ട്. എഞ്ചിനീയറിംഗ്, പാരാമെഡിക്കല്‍, പ്രഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവരും കോഴ്‌സ് പൂര്‍ത്തിയാക്കി മെച്ചപ്പെട്ട തൊഴില്‍ നേടിയവരും സ്ഥാപനത്തിന്റെ സംഭാവനകളായുണ്ട്.
വളരെ നേരത്തേ അനാഥരായിത്തീരുന്ന കുട്ടികളെ, യതീംഖാനയില്‍ താമസിക്കാവുന്ന പ്രായമാകും വരെ വീടുകളില്‍ തന്നെ, സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ പരിപാലിക്കുന്ന ഹോം കെയര്‍ പദ്ധതി ഈ അടുത്ത കാലത്തായി ബാഫഖി യതീംഖാന ആരംഭിച്ചിട്ടുണ്ട്. ഈ കുട്ടികളുടെ ഭക്ഷണം, ചികിത്സ, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ ചെലവുകള്‍ പൂര്‍ണമായും സ്ഥാപനമാണ് വഹിക്കുന്നത്. പഠന കാര്യങ്ങളില്‍ നിരന്തര മോണിറ്ററിംഗ് നടത്തുന്നു. ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ ലഭിക്കുന്ന ശ്രദ്ധ വീടുകളിലും ലഭിക്കാനായി അധ്യാപകരും മെന്ററും അടങ്ങുന്ന ഒരു ടീം കുട്ടികളുടെ കൂടെയുണ്ടാകും. 2021-ലെ പത്താം ക്ലാസ് പരീക്ഷയില്‍ യതീംഖാനയിലെ കുട്ടികള്‍, 60 ശതമാനം എ. പ്ലസോടെ, നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.
സ്ഥാപക നേതാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ധനാഗമനത്തിനായി റസീവര്‍മാരെ നാളിതുവരെ നിശ്ചയിക്കുകയോ വിദേശ കമ്മിറ്റികള്‍ രൂപീകരിക്കുകയോ പത്രമാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. ഉദാരമതികളും അഭ്യൂദയകാംഷികളും സ്വയം പ്രചോദിതരായി യതീംഖാനയില്‍ നേരിട്ട് എത്തിക്കുന്ന സംഭാവനകളാണ് സ്ഥാപനത്തിന്റെ വരുമാന മാര്‍ഗം.
ചെറിയ പ്രായത്തില്‍ കുട്ടികളെ ഉമ്മയില്‍ നിന്ന് പറിച്ചെടുത്ത് ഓര്‍ഫനേജില്‍ ചേര്‍ക്കുന്നത് വഴിയുണ്ടാകുന്ന സ്‌നേഹ നഷ്ടം കുട്ടികളുടെ പില്‍ക്കാല ജീവിതത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ്, കുട്ടികള്‍ക്ക് ഉമ്മമാരോടൊപ്പം താമസിക്കാവുന്ന 'കുട്ടികളുടെ ഗ്രാമം' പദ്ധതിക്ക് ബാഫഖി യതീംഖാന രൂപം നല്‍കിയത്.  കുട്ടികള്‍ പഠിക്കാന്‍ പോകുന്ന സമയത്ത് ഉമ്മമാര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 
അനാഥശാലകളുടെ പതിവു രീതികളില്‍നിന്ന് വ്യത്യസ്തമായി, പ്രതീക്ഷയുടെ പുതുവഴികള്‍ തുറക്കുന്ന ഏതാനും സംരംഭങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തിയത്. ഇത്തരം സംരംഭങ്ങള്‍ വേറെയും കേരളത്തിലുണ്ടാകാം. കേരളത്തിനു പുറത്ത്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നേത്യത്വം നല്‍കുന്ന വിഷന്‍ 2026-ന് കീഴിലെ അനാഥസംരക്ഷണ പദ്ധതിയായിരിക്കണം ഈ രംഗത്ത് ഇന്ത്യയില്‍ ഏറ്റവും വിപുലമായ സംവിധാനം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌