Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

വിശുദ്ധ ഖുര്‍ആനിലെ ഇബ്‌റാഹീമീ പാത

ഹൈദറലി ശാന്തപുരം

വിശുദ്ധ ഖുര്‍ആനിലെ അല്‍ബഖറ, ആലുഇംറാന്‍, അന്നിസാഅ്, അല്‍അന്‍ആം, അത്തൗബ, ഹൂദ്, യൂസുഫ്, ഇബ്‌റാഹീം, അല്‍ ഹിജ്ര്‍, അന്നഹ്ല്‍, മര്‍യം, അല്‍ അമ്പിയാഅ്, അല്‍ ഹജ്ജ്, അശ്ശുഅറാഅ്, അല്‍ അന്‍കബൂത്ത്, അല്‍ അഹ്‌സാബ്, അസ്സ്വാഫ്ഫാത്ത്, സ്വാദ്, അശ്ശൂറാ, അസ്സുഖ്‌റുഫ്, അദ്ദാരിയാത്ത്, അന്നജ്മ്, അല്‍ ഹദീദ്, അല്‍ മുംതഹിന, അല്‍ അഅ്‌ലാ എന്നീ ഇരുപത്തിയഞ്ച് അധ്യായങ്ങളില്‍ ഇബ്‌റാഹീം നബി(അ)യെ സംബന്ധിച്ച പരാമര്‍ശം വന്നിട്ടുണ്ട്. ഇബ്‌റാഹീം നബി (അ)യുടെ മഹത്വം, അല്ലാഹു നല്‍കിയ സ്ഥാനങ്ങള്‍, സ്വപിതാവിനോടും ജനങ്ങളോടുമുള്ള പ്രബോധനം, രാജാവുമായി നടത്തിയ സംവാദം, ഏകദൈവത്വത്തിന്റെ ബുദ്ധിപരമായ തെളിവുകള്‍, ആരാധ്യ വസ്തുക്കളായ വിഗ്രഹങ്ങളുടെ നിസ്സഹായതയും സ്വയംപ്രതിരോധ ശേഷിയില്ലായ്മയും, സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍ അസ്തമിക്കുന്നവയാകയാല്‍ ആരാധിക്കപ്പെടാന്‍ അര്‍ഹമല്ലെന്ന വസ്തുത, പ്രബോധന മാര്‍ഗത്തിലെ അഗ്നിപരീക്ഷ, പ്രകൃതിനിയമം ഭേദഗതി ചെയ്തുകൊണ്ട് അദ്ദേഹത്തെ അല്ലാഹു അഗ്നികുണ്ഡത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്, പ്രതികൂല സാഹചര്യങ്ങള്‍, ജന്മനാട്ടില്‍നിന്നുള്ള പലായനം, ദൈവാജ്ഞ പ്രകാരം സ്വന്തം മകനെ ബലിയറുക്കാന്‍ സന്നദ്ധനായത്, മകന്‍ ഇസ്മാഈലുമൊന്നിച്ച് കഅ്ബ നിര്‍മിച്ചത്, വിവിധ സന്ദര്‍ഭങ്ങളില്‍ ഇബ്‌റാഹീം (അ) നടത്തിയ പ്രാര്‍ഥനകള്‍, ഇബ്‌റാഹീമിന്റെ മാര്‍ഗം അനുധാവനം ചെയ്യാന്‍ പ്രവാചകനോടും അനുചരന്മാരോടും നടത്തിയ ആഹ്വാനം എന്നിവയെല്ലാം പ്രസ്തുത അധ്യായങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

അല്ലാഹു നല്‍കിയ സ്ഥാനങ്ങള്‍

അല്ലാഹു ഇബ്‌റാഹീം നബി(അ)യെ പല സവിശേഷ സ്ഥാനങ്ങളും നല്‍കി അനുഗ്രഹിച്ചതായി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലൊന്നാണ് അല്ലാഹുവിന്റെ ഖലീല്‍ (ആത്മമിത്രം) എന്ന സ്ഥാനം. അല്ലാഹു പറയുന്നു: ''അല്ലാഹു ഇബ്‌റാഹീമിനെ ആത്മമിത്രമാക്കി'' (അന്നിസാഅ് 125).
രണ്ടാമത്തേത് മാനവകുലത്തിന്റെ നേതാവ് എന്ന സ്ഥാനമാകുന്നു. വിവിധ പരീക്ഷണങ്ങളില്‍ സമ്പൂര്‍ണ വിജയം വരിച്ചപ്പോഴാണ് അല്ലാഹു ആ സ്ഥാനം നല്‍കിയത്. അല്ലാഹു പറയുന്നു: ''ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ വിവിധ കല്‍പനകള്‍ കൊണ്ട് പരീക്ഷിച്ച സന്ദര്‍ഭം സ്മരിക്കുക. അവയെല്ലാം അദ്ദേഹം പൂര്‍ത്തീകരിച്ചപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ താങ്കളെ മാനവസമൂഹത്തിന്റെ നേതാവാക്കുകയാണ്'' (അല്‍ ബഖറ 124).
മൂന്നാമതായി അല്ലാഹു ഇബ്‌റാഹീം (അ) എന്ന വ്യക്തിക്ക് ഒരു സമുദായത്തിന്റെ സ്ഥാനം പ്രദാനം ചെയ്തു. അല്ലാഹു പറയുന്നു: ''ഇബ്‌റാഹീം അല്ലാഹുവിന് കീഴ്‌പ്പെട്ടു ജീവിക്കുന്ന, നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു സമുദായമായിരുന്നു'' (അന്നഹ്ല്‍: 120).
നാലാമതായി, സിദ്ദീഖ് (പരമ സത്യവാന്‍) എന്ന സ്ഥാനം നല്‍കി. അല്ലാഹു പറയുന്നു: ''വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം താങ്കള്‍ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സിദ്ദീഖും (പരമ സത്യവാന്‍) പ്രവാചകനുമായിരുന്നു'' (മര്‍യം 4).

പ്രബോധന പ്രവര്‍ത്തനങ്ങള്‍

ഇബ്‌റാഹീം നബി(അ)യുടെ ഏകദൈവത്വാദര്‍ശത്തിലേക്കുള്ള പ്രബോധനത്തിന്റെ വിശദാംശങ്ങള്‍ ഖുര്‍ആനിലെ വിവിധ അധ്യായങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. സ്‌നേഹാദരവുകളോടെ പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ട് യുക്തിപൂര്‍വം അദ്ദേഹം പിതാവിനെ ഏകദൈവാദര്‍ശത്തിലേക്ക് ക്ഷണിച്ചു. സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ അസ്തമിക്കുമെന്നതിനാല്‍ അവ ദൈവങ്ങളാകാന്‍ യോഗ്യമല്ല എന്ന് അദ്ദേഹം സമര്‍ഥിച്ചു. വിഗ്രഹങ്ങള്‍ സ്വയം പ്രതിരോധത്തിനു പോലും അശക്തമായതിനാല്‍ അവ ദൈവങ്ങളാകാന്‍ യോഗ്യമല്ലെന്ന് അദ്ദേഹം വിഗ്രഹഭഞ്ജനം നടത്തി തെളിയിച്ചുകൊടുത്തു. അധികാര ശക്തിയുടെ പേരില്‍ അഹങ്കരിച്ച രാജാവുമായി ഇബ്‌റാഹീം (അ) സംവാദം നടത്തി (അല്‍ ബഖറ: 258).
ജനങ്ങള്‍ ദൈവങ്ങളായി സങ്കല്‍പിച്ച് ആരാധിക്കുന്ന വിഗ്രഹങ്ങളുടെ നിസ്സഹായത പ്രയോഗത്തില്‍ തന്നെ ബോധ്യപ്പെടുത്താന്‍ ഇബ്‌റാഹീം (അ) അവയെ തച്ചുടച്ചു. ശേഷം അവരദ്ദേഹത്തെ പിടിച്ചുകൊണ്ടുവന്ന് വിചാരണ നടത്തി. അദ്ദേഹത്തെ അഗ്നിയിലിട്ട് കരിച്ചുകളയുക എന്നതായിരുന്നു അവര്‍ വിധിച്ച ശിക്ഷ. പക്ഷേ അല്ലാഹു അഗ്നിയുടെ കരിച്ചുകളയുക എന്ന പ്രകൃതിയില്‍ തന്നെ മാറ്റം വരുത്തി ഇബ്‌റാഹീമി(അ)നെ അത്ഭുതകരമായ രക്ഷപ്പെടുത്തുകയാണ് ചെയ്തത് (അല്‍ അമ്പിയാഅ്: 68-70, അസ്സ്വാഫ്ഫാത്ത്: 97,98).

പലായനവും ഇഖാമത്തുദ്ദീനും

ഇബ്‌റാഹീം (അ) അഗ്നിപരീക്ഷയില്‍നിന്ന് രക്ഷപ്പെട്ട ശേഷം ജന്മദേശത്തുനിന്ന് പലായനം ചെയ്തു. അദ്ദേഹം പറഞ്ഞു: ''തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോവുകയാണ്'' (അസ്സ്വാഫ്ഫാത്ത്: 99).
അല്ലാഹു പറയുന്നു: ''ലോകര്‍ക്കു വേണ്ടി നാം അനുഗൃഹീതമാക്കി വെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തെയും ലൂത്വിനെയും നാം രക്ഷപ്പെടുത്തിക്കൊണ്ടുപോയി'' (അല്‍ അമ്പിയാഅ്: 71).
ഇബ്‌റാഹീം (അ) ഉള്‍പ്പെടെയുള്ള പ്രമുഖ പ്രവാചകന്മാരുടെ ദൗത്യവും പ്രവര്‍ത്തന ലക്ഷ്യവും ഇഖാമത്തുദ്ദീന്‍ (ദീനിന്റെ സംസ്ഥാപനം) ആയിരുന്നുവെന്ന് അല്ലാഹു പറയുന്നു:
''നൂഹിനോട് കല്‍പിച്ചതും താങ്കള്‍ക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം -നിങ്ങള്‍ ദീനിനെ സംസ്ഥാപിക്കുക. അതില്‍ നിങ്ങള്‍ ഭിന്നിക്കരുത് എന്ന കാര്യം- അവന്‍ നിങ്ങള്‍ക്ക് നിയമമായി നിശ്ചയിച്ചിരിക്കുന്നു'' (അശ്ശൂറാ: 13).

പുത്രനെ ബലിയറുക്കാനുള്ള ദിവ്യാജ്ഞ

ഇബ്‌റാഹീം നബി(അ)യുടെ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ പരീക്ഷണം തന്റെ പുത്രനെ ദൈവമാര്‍ഗത്തില്‍ ബലിയറുക്കാനുള്ള അല്ലാഹുവിന്റെ കല്‍പനയായിരുന്നു. അദ്ദേഹവും പുത്രനും പ്രസ്തുത കല്‍പന ശിരസ്സാ വഹിക്കാന്‍ സര്‍വാത്മനാ സന്നദ്ധരായപ്പോള്‍ അല്ലാഹു ആ പരീക്ഷണത്തില്‍നിന്ന് അദ്ദേഹത്തെ മുക്തനാക്കി. അല്ലാഹു പറയുന്നു: 
''(അദ്ദേഹം പ്രാര്‍ഥിച്ചു): എന്റെ നാഥാ സദ് വൃത്തരില്‍ ഒരാളെ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷ വാര്‍ത്ത അറിയിച്ചു. പിന്നീട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞു മകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ, നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ, അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്‌പ്പെടുകയും അവനെ നെറ്റിമേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: 'ഹേ, ഇബ്‌റാഹീം തീര്‍ച്ചയായും താങ്കള്‍ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു.' തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നാം നല്‍കുകയും ചെയ്തു'' (അസ്സ്വാഫ്ഫാത്ത് 100-107).

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകള്‍

ഇബ്‌റാഹീം (അ) വിവിധ സന്ദര്‍ഭങ്ങളില്‍ അല്ലാഹുവോട് നടത്തിയ പ്രാര്‍ഥനകള്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. അല്‍ബഖറ, ഇബ്‌റാഹീം, അശ്ശുഅറാഅ്, അല്‍ മുംതഹിന എന്നീ അധ്യായങ്ങളിലാണ് അവയുള്ളത്.
ഇബ്‌റാഹീം (അ) അല്ലാഹു നല്‍കിയ കല്‍പനകളെല്ലാം ശിരസ്സാ വഹിക്കുകയും പരീക്ഷണങ്ങളില്‍ സമ്പൂര്‍ണ വിജയം വരിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: 'ഞാന്‍ താങ്കളെ മാനവസമൂഹത്തിന് നേതാവാക്കുകയാണ്.' അപ്പോള്‍ അദ്ദേഹം അല്ലാഹുവോട് പ്രാര്‍ഥിച്ചു: 'എന്റെ സന്തതികളില്‍ പെട്ടവരെയും' (നേതാക്കളാക്കേണമേ). അല്ലാഹു ഒരു ഉപാധിയോടുകൂടിയാണ് ആ പ്രാര്‍ഥന സ്വീകരിച്ചത്; താങ്കളുടെ സന്താനങ്ങളില്‍ അക്രമികള്‍ക്ക് എന്റെ നിശ്ചയം ബാധകമാവുകയില്ല എന്ന ഉപാധിയോടെ (അല്‍ബഖറ: 124).
പരിശുദ്ധ മക്കയെ ഒരു നിര്‍ഭയ നാടാക്കാനും മക്കാനിവാസികള്‍ക്ക് ഫലമൂലാദികള്‍ ആഹാരമായി നല്‍കാനും വേണ്ടിയുള്ള പ്രാര്‍ഥന:
''എന്റെ നാഥാ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ഫലമൂലാദികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും ഓര്‍ക്കുക. അല്ലാഹു പറഞ്ഞു: അവിശ്വസിക്കുന്നവനും (ഞാന്‍ ആഹാരം നല്‍കുന്നതാണ്). പക്ഷേ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് ഞാന്‍ അവന് നല്‍കുക. പിന്നീടവനെ നരകശിക്ഷ അനുഭവിക്കാന്‍ നിര്‍ബന്ധിതനാക്കുന്നതാണ്. (അവന്) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്തയാണ്'' (അല്‍ബഖറ: 126).
മക്കാനിവാസികള്‍ വിശ്വാസികളായിരിക്കുക എന്ന ഇബ്‌റാഹീം നബി(അ)യുടെ ഉപാധി അല്ലാഹു എടുത്തു കളയുകയും അവിശ്വാസികള്‍ക്കും ആഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ഥന സ്വീകരിക്കുകയുമാണ് ചെയ്തത്.
കഅ്ബാ നിര്‍മാണവേളയില്‍ ഇബ്‌റാഹീം നബി (അ)യും ഇസ്മാഈല്‍ നബി(അ)യും നടത്തിയ പ്രാര്‍ഥന ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: ''ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടിപ്പൊക്കിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു). ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് നീ ഇത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളിരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാകര്‍മങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ നാഥാ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു'' (അല്‍ബഖറ 127-129).
അല്ലാഹുവിന്റെ കല്‍പന പ്രകാരം ഇബ്‌റാഹീം (അ) ഭാര്യയെയും സന്താനത്തെയും ജലശൂന്യവും ജനശൂന്യവുമായ മക്കയില്‍ കൊണ്ടുവന്നാക്കി തിരിച്ചുപോകുമ്പോള്‍ ഇബ്‌റാഹീം (അ) നടത്തിയ പ്രാര്‍ഥനയുടെ തുടക്കം   ഇങ്ങനെയാണ്: ''എന്റെ നാഥാ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ സന്താനങ്ങളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യേണമേ. എന്റെ നാഥാ, തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍നിന്ന് വളരെ പേരെ പിഴപ്പിച്ചുകളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ ആര് പിന്തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുത്തുകൊടുക്കുന്നവനും കരുണാനിധിയുമാണല്ലോ. ഞങ്ങളുടെ നാഥാ, എന്റെ സന്തതികളില്‍നിന്ന് (ചിലരെ) കൃഷിയൊന്നുമില്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരുടെ മനസ്സുകളെ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്നു വരാം'' (ഇബ്‌റാഹീം: 35-37).
ഇബ്‌റാഹീം നബി(അ)യുടെ മറ്റൊരു പ്രാര്‍ഥന: ''എന്റെ നാഥാ, എനിക്ക് നീ തത്ത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ. പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ. തീര്‍ച്ചയായും അദ്ദേഹം പിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു. അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത് കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം'' (അശ്ശുഅറാഅ്: 83-89).

ഇബ്‌റാഹീം നബി(അ)യെ മാതൃകയാക്കുക

ഇബ്‌റാഹീം നബി(അ)യെ ഉത്തമ മാതൃകയായി സ്വീകരിക്കാനും അദ്ദേഹത്തിന്റെ മാര്‍ഗം അനുധാവനം ചെയ്യാനും അല്ലാഹു മുഹമ്മദ് നബി(സ)യോടും സത്യവിശ്വാസികളോടും ആജ്ഞാപിച്ചിരിക്കുന്നു.
അല്ലാഹു പറയുന്നു: ''പിന്നീട്, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ അനുധാവനം ചെയ്യണമെന്ന് നാം താങ്കള്‍ക്ക് ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല'' (അന്നഹ്ല്‍ 123).
''(നബിയേ) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്‌കനായ ഇബ്‌റാഹീമിന്റെ മാര്‍ഗം നിങ്ങള്‍ അനുധാവനം ചെയ്യുക. അദ്ദേഹം ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിരുന്നില്ല'' (ആലുഇംറാന്‍ 95).
''സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പ്പെടുത്തുകയും നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ അനുധാവനം ചെയ്യുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്?'' (അന്നിസാഅ് 125).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌