ഇസ്‌ലാമിനെ അരമനകളുടെ ജീര്‍ണതകളില്‍ തളക്കുന്നവര്‍
'അധികാരികള്‍ തേടുന്ന സൂഫികള്‍', 'പണ്ഡിതരുടെ ഭരണകൂട ദാസ്യം' കവര്‍ സ്റ്റോറി (ലക്കം 3209) ശ്രദ്ധേയമായി. അമേരിക്കയുടെ ഭീകര വിരുദ്ധ യുദ്ധങ്ങള്‍ എന്ന പേരില്‍ അരങ്ങേറുന്ന മിലിറ്ററി ഓപ്പറേഷനുകള്‍ അതില്‍ മാത്രം പരിമിതമല്ലെന്നും, സൈദ്ധാന്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ വിശാല പരിസരം അതിനുണ്ടെന്നുമുള്ള എച്ച്. ശിയാസിന്റെ നീരിക്ഷണം, നാം ഗൗരവത്തില്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതാണ്.
ഇസ്‌ലാമിന്റെ മത സാമൂഹികതയെ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ഐ.എസ് / ബോക്കോ ഹറാം ഭീകര സംഘങ്ങളെയും ഒരേ ഫ്രെയ്മില്‍ ചേര്‍ത്തു വെച്ചാണ് സാമ്രാജ്യത്വവും, ഇങ്ങ് കേരളത്തിലെ ഇടത് പുരോഗമനവാദികളും പൊതു സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാറ്. ഇത്തരം വിമര്‍ശനങ്ങളുടെ ലക്ഷ്യം ഇസ്‌ലാമാണ്. പക്ഷേ അത് സമര്‍ഥമായി ഒളിച്ചുവെക്കാനാണ് ലേഖനത്തില്‍ സൂചിപ്പിച്ച പോലെ 'മിതവാദ' ഇസ്‌ലാമിനെ അവര്‍ പ്രമോട്ട് ചെയ്യുന്നത്.
'മിതവാദ' ഇസ്‌ലാമിനെ സൂഫി ലേബലില്‍ അടുത്ത കാലത്ത് സംഘ് പരിവാര്‍ പിന്തുണയോടെ അവതരിപ്പിച്ചത് ഓര്‍ക്കുമല്ലോ. ശഹാബുദ്ദീന്‍ റസ്വിയുടെ സൂഫി ധാരയായ എ.ഐ.ടി.യു.ഐ എന്ന സംഘടന ഇസ്‌ലാമിക തീവ്രവാദത്തെ നേരിടാന്‍ സംഘ് പരിവരിവാറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന വാര്‍ത്ത കേരളത്തിലെ സംഘ് പരിവാര്‍ ചാനലായ ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പി.കെ ജമാല്‍ തന്റെ ലേഖനത്തില്‍ പറഞ്ഞതുപോലെ ലോകമെങ്ങും നടക്കുന്ന മുസ്ലിം വംശഹത്യയും ഇസ്ലാമോഫോബിയയും സമൂഹത്തിലെ ചില പണ്ഡിതന്മാര്‍ വിഷയമാക്കാറേയില്ല. ആര്‍ക്കൊക്കെ സലാം ചൊല്ലാം എന്ന തര്‍ക്കത്തില്‍ അഭിരമിക്കാനാണ് അവര്‍ക്ക് താല്‍പര്യം. അധര്‍മകാരികളായ ഭരണാധികാരികളുടെ അരമനകളില്‍ അവര്‍ക്ക് റാംമൂളികളായി കഴിഞ്ഞു കൂടുന്ന പണ്ഡിത വേഷധാരികള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടവാം, വര്‍ത്തമാനകാലത്തും നാം അത്തരക്കാരെ കണ്ടുകൊണ്ടിരിക്കാന്‍ വിധിക്കപ്പെട്ടവരാണ്.
ഗതകാലത്ത് എന്നപോലെ വര്‍ത്തമാന കാലത്തും സച്ചരിതരായ പ്രവാചകന്മാരെയും മഹാന്മാരായ പരിഷ്‌കര്‍ത്താക്കളെയും ബിംബവല്‍ക്കരിച്ച് പാമര ജനങ്ങളെ കൂടെനിര്‍ത്തി ഏകാധിപതികളുടെയും അധര്‍മകാരികളായ ഭരണകര്‍ത്താക്കളുടെയും പിന്തുണ തരപ്പെടുത്തി സ്വന്തം കാര്യം നേടാനുള്ള കൗശലം തന്നെയാണ് ഇവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഭരണാധികാരികളെ സുഖിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിക്കുന്ന ഇത്തരം പണ്ഡിത വേഷധാരികളുടെ ജീവിത വ്യവഹാരങ്ങളിലേക്ക് കടന്നുചെന്നാല്‍, രാജാക്കന്മാരെ വെല്ലുന്ന സുഖ സൗകര്യങ്ങളില്‍ അവര്‍ ആറാടുന്നതും കാണാം.
ഇതിനെക്കുറിച്ച് അവരുടെ അനുയായിവൃന്ദങ്ങളോട് സംസാരിച്ചാല്‍, അല്ലാഹു അവനിഷ്ടപ്പെട്ടവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നതില്‍ നിങ്ങള്‍ക്കെന്താ ഇത്ര അസൂയ എന്നായിരിക്കും മറുപടി! എന്തിനെയും ഏതിനെയും സമര്‍ഥമായി ന്യായീകരിച്ച് ഖണ്ഡനമണ്ഡനങ്ങള്‍ നടത്തി അണികളെ തക്ബീര്‍ ചൊല്ലിക്കുകയും അവരുടെയും സമ്പത്ത് തന്ത്രപൂര്‍വം കീശയിലാക്കുകയുമാണ്.
മതത്തെ ആചാരബന്ധിതമാക്കി ജനങ്ങളെ ഷണ്ഡീകരിച്ച് ജീര്‍ണതയുടെ അരമനകളില്‍ എത്തിച്ച് തങ്ങളുടെ ആത്മീയ കച്ചവട സാമ്രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന വിഭാഗം. ഇത്തരം ആത്മീയ വേഷധാരികളുടെ പരിണതി ചരിത്രം അതിന്റെ ചുവരില്‍ കോറിയിട്ടതും നമുക്ക് കാണാം.
മുസ്‌ലിം രാഷ്ട്രീയം, ചര്‍ച്ചകള്‍ തുടരണം
മുസ്‌ലിം രാഷ്ട്രീയത്തിന്റെ വര്‍ത്തമാനങ്ങള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന (ലക്കം 3208) പതിപ്പ് അവസരോചിതമായി. അനര്‍ഹമായ ആനുകൂല്യങ്ങള്‍ അന്യായമായി അപഹരിച്ചുകൊണ്ടു പോകുന്നു എന്ന ദുഷ്‌പേരും പേറി അര്‍ഹമായത് പോലും ലഭിക്കാതെ തികച്ചും നിസ്സഹായരായിപ്പോയ സമൂഹമാണ് മുസ്‌ലിംകള്‍. ആരെങ്കിലും അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ തീവ്രവാദചാപ്പ കുത്തി അവരെ മൂലക്കിരുത്താന്‍ ഫാഷിസ്റ്റ് മനസ്സുള്ളവരോടൊപ്പം സംഘടനാ സങ്കുചിതത്വമുള്ള സമുദായ നേതാക്കള്‍ കൂടി കൈകോര്‍ക്കുന്നു എന്നതാണ് മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിക്കുന്ന ദുരന്തം.
രാഷ്ട്രീയ, സാംസ്‌കാരിക, ഉദ്യോഗസ്ഥ തലങ്ങളില്‍ പരമാവധി അരികുവല്‍ക്കരിക്കപ്പെടാന്‍ വിധിക്കപ്പെട്ട സമുദായമാണ് മുസ്‌ലിംകള്‍. സിനിമകളില്‍ പോലും ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത വേഷവും ഭാഷയുമായി മുസ്‌ലിമിനെ ചിത്രീകരിക്കാനാണ് വിഖ്യാത എഴുത്തുകാര്‍ക്കു വരെ താല്‍പ്പര്യം.
പെരുംനുണകള്‍ കൊണ്ട് സാമൂഹിക അന്തരീക്ഷം മലീമസമാവുന്ന ഫാഷിസ്റ്റ്കാലത്ത് ഒത്തൊരുമയും യോജിപ്പും സമുദായ സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടാവുക എന്നത് കാലത്തിന്റെ തേട്ടമാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം പരിചയപ്പെടുത്തുന്നതോടൊപ്പം, കേരള മുസ്‌ലിംകളുടെ ഗതകാലചരിത്രം പൊതുസമൂഹത്തിനു മുമ്പില്‍ പുനരാവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും കൂടുതലായി ഉണ്ടാവണം. വ്യക്തിതാല്‍പര്യങ്ങളല്ല നേതാക്കളെ ഭരിക്കേണ്ടത്; അവര്‍ വീക്ഷണവിശാലത പ്രകടിപ്പിക്കുന്നവരാകട്ടെ.
ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌റൈന്‍
ജിജ്ഞാസയോടെ കാത്തിരുന്ന ജീവിതം പറച്ചില്‍
പ്രബോധനം വാരികയില്‍ കഴിഞ്ഞ 23 ലക്കങ്ങളിലായി 'ജീവിതം' പറഞ്ഞ ജി. കെ. എടത്തനാട്ടുകര തന്റെ ജീവിതാനുഭവങ്ങള്‍ കോറിയിട്ടപ്പോള്‍ കേവലം കഥപറച്ചിലായല്ല തോന്നിയത്. ഒരു പ്രബോധകന്റെ മനോഭാവവും സമീപനവും വ്യക്തിയിലും സമൂഹത്തിലുമുണ്ടാക്കുന്ന സ്വാധീനം, പുതിയ ജീവിതരീതി സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ ഇഛാശക്തിയോടെ മറികടക്കല്‍, സാമ്പ്രദായിക ഇസ്‌ലാം വിശ്വാസിയും ധിഷണ കൊണ്ട് ദിശ തീരുമാനിച്ച 'ദൈവവിധേയ'നും തമ്മിലുള്ള അന്തരം, ഖുര്‍ആനും പ്രവാചകചര്യയും ഒരാളെ എങ്ങനെ വഴിനടത്തുന്നു ഇതൊക്കെ വളരെ മനോഹരമായി ജി.കെ അവതരിപ്പിച്ചിരിക്കുന്നു.
വളരെ താല്‍പര്യപൂര്‍വം ഓരോ ലക്കവും കാത്തിരിക്കാന്‍ മാത്രം അനുവാചകനില്‍ ജിജ്ഞാസ വളര്‍ത്തിയ രചനാ ശൈലി അഭിനന്ദനമര്‍ഹിക്കുന്നു..
ഒരാള്‍ ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോള്‍ അനുഭവിക്കുന്ന വ്യഥ, കുടുംബവും സമൂഹവും ഉണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍, ചെറിയ ലോകത്തു നിന്നും ഇസ്‌ലാമിന്റെ ആഗോള മാനവികതയിലേക്കുള്ള വളര്‍ച്ച, അത് നല്‍കുന്ന ആത്മീയവും ശാരീരികവുമായ ഉത്കൃഷ്ടതയും സമത്വബോധവും, പ്രതിസന്ധികള്‍ ദൈവിക ഊര്‍ജമാകുന്ന മാസ്മരികത, അത് നല്‍കുന്ന ആത്മശാന്തി, എതിര്‍പ്പുകള്‍ക്കു മുന്നില്‍ പതറാതെ തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്നുനിന്ന് നടത്തിയ പോരാട്ടങ്ങള്‍, ഉമ്മയിലും സഹോദരീ സഹോദന്മാരിലും അവ സൃഷ്ടിച്ച ആന്ദോളനം..
വായിച്ചു കഴിഞ്ഞപ്പോള്‍ ജി.കെയോട് അസൂയ തോന്നി. നന്മയില്‍ മുന്നേറിയവനോട് തോന്നുന്ന അസൂയ, പ്രവാചകന്‍ അനുവദിച്ച അസൂയ.
ജീവിത മുഹൂര്‍ത്തങ്ങള്‍ പ്രാമാണികയുക്തിയില്‍ തെളിച്ചുകാട്ടി വിവരിക്കാനുള്ള ആ കരവിരുതാണ് 'ജീവിതം' പറച്ചിലിലെ ആകര്‍ഷകമായ ഘടകം..
ജീവിതം തുടങ്ങിയിട്ടേയുള്ളൂ...
തുടര്‍ന്നും ജീവിതം പറച്ചില്‍ ഉണ്ടാകണം..
അല്ലാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. അനേകം സഹോദരീസഹോദങ്ങള്‍ക്ക് വെളിച്ചം പകരാന്‍ നമ്മുടെ പ്രവൃത്തികള്‍ നിമിത്തമാകട്ടെ. പ്രബോധനത്തിനും ജി.കെക്കും അഭിനന്ദനങ്ങള്‍!
ശാഫി മൊയ്തു
ബാംഗ്ലൂരിലെ സാമ്പത്തിക സെമിനാര്‍
പ്രഫ. കെ. മൂസ സാഹിബിനെ കുറിച്ച അനുസ്മരണം (ജൂണ്‍ 18 ലക്കം 4) വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്ന ഒരു സംഭവം. 1990 തുടക്കത്തിലാണ്. ബാംഗ്ലൂര്‍ ഗേറ്റ്‌വേ ഹോട്ടലില്‍ ഒരു അഖിലേന്ത്യാ സെമിനാര്‍ നടന്നു. വിഷയം: 'ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം.' സാമ്പത്തിക വിദഗ്ധന്‍ ഡോ: എം.എം ഫരീദി (മുംബൈ) അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്രമുഖര്‍ പങ്കെടുത്ത ബാംഗ്ലൂരിലെ ആ ആദ്യ സെമിനാറില്‍ ഇസ്‌ലാമിക് ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സകാത്ത് ഫണ്ട്, അനന്തരാവകാശം പോലുള്ള വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കപ്പെട്ടു. ഇതിന്റെ ആതിഥേയനും സംഘാടകനും പ്രഫസര്‍ മൂസയായിരിന്നു. ഇന്ത്യയില്‍ ഈ വിഷയം പരക്കെ ചര്‍ച്ച ചെയ്യപ്പെടാന്‍ അത് നിമിത്തമായി. പാര്‍ലമെന്റില്‍ മുന്‍ ധനകാര്യ മന്ത്രി ചിദംബരം ഇതുസംബന്ധമായി പരാമര്‍ശം നടത്തിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ പൊതു അവബോധമുണ്ടാക്കാന്‍ യത്‌നിച്ച ആദ്യ പേരുകളിലൊരാളാണ് മൂസ സാഹിബ്.
സി.എച്ച് അബൂബക്കര്‍, കടവത്തൂര്‍
Comments