നമുക്കുണ്ടാവേണ്ട തിരിച്ചറിവുകള്‍
എല്ലാം സ്വന്തമായിട്ടും ഒന്നും നേടാതെ, സമൃദ്ധികള്‍ക്ക് നടുവിലും സന്തോഷമെന്തെന്നറിയാതെ ഒരുപാട് മനുഷ്യരുണ്ട്, നമുക്കിടയില്‍. വിഭവങ്ങളുടെ ആധിക്യമല്ല, പരിമിതികളിലും പ്രാരാബ്ധങ്ങളിലും മനസ്സനുഭവിക്കുന്ന സംതൃപ്തിയാണ് ജീവിതത്തിന്റെ ഐശര്യമെന്ന് അനുഭവങ്ങള്‍ നമ്മെ നിരന്തരം ബോധ്യപ്പെടുത്തുന്നുണ്ട്.
നിറപ്പകിട്ടുള്ള മധുര പാനീയങ്ങളും ശുദ്ധമായ തെളിനീരും മുന്നിലിരിക്കെ ദാഹശമനത്തിന് ഏത് വേണമെന്ന തീരുമാനമാണ് പ്രധാനം. വിശ്രമിക്കാന്‍ ശീതീകരിച്ച മുറിയോ പടര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തിന്റെ തണലോ നല്ലതെന്ന് വിവേചിക്കുന്ന മനസ്സിലാണ് കാര്യം. വിശക്കുമ്പോള്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന നഗരവാസിക്കും കാട്ടുകിഴങ്ങ് ചുട്ടുതിന്നുന്ന വനവാസിക്കും വിശപ്പടങ്ങുന്നതിന്റെ ആശ്വാസവും ആനന്ദവുമുണ്ട്. വിഷയാസക്തിയുടെ ശമനത്തിന് വിഹിതവും അവിഹിതവുമായ മാര്‍ഗങ്ങളുണ്ട്. രതി സുഖത്തിന്റെ ഭൗതികാനന്ദം രണ്ടിടത്തും ഒരുപോലെയാവാം. എന്നാല്‍ വിഹിതമായതില്‍ തൃപ്തിപ്പെടാന്‍ കഴിയുന്ന അകതാരിലാണ് മനുഷ്യത്വം ജീവിക്കുന്നത്. ഇങ്ങനെയൊക്കെ ചിന്തിക്കാനും തിരിച്ചറിയാനും സഹായകമായ സന്മാര്‍ഗമാണ് ദൈവദൂതന്മാര്‍ പകര്‍ന്നു നല്‍കിയ ധര്‍മസരണി.
ഇരുട്ട് നമ്മെ പേടിപ്പെടുത്തും, വെളിച്ചമൊരാശ്വാസമാണ്. ഇരുട്ട് അനുഭവിക്കുമ്പോഴാണ് വെളിച്ചത്തിന്റെ വെണ്മ നാം ആസ്വദിക്കുന്നത്. വിശപ്പുള്ളിടത്താണല്ലോ ആഹാരം വേണ്ടത്. തണല്‍ കുളിര് പകരുന്നത് ഉഷ്ണം അസഹ്യമാകുമ്പോഴാണ്. ഇങ്ങനെ, വൈവിധ്യപൂര്‍ണമായ അനുഭവങ്ങളാണ് ജീവിതത്തെ ആസ്വാദ്യകരമാക്കുന്നത്. സുഖവും ദുഃഖവും, സന്തോഷവും സങ്കടവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദുഃഖങ്ങളെ അഭിമുഖീകരിക്കാന്‍ അവസരങ്ങളുണ്ടാവുമ്പോള്‍ നാം സുഖമെന്താണെന്ന് അറിയുന്നു. ഗുണമെന്നും ദോഷമെന്നും നാം വിവേചിക്കുന്നതെല്ലാം ജീവിതം അനുഭവവേദ്യമാകുന്നതിന് അനിവാര്യമാണെന്നര്‍ഥം. ഇതാണ് പ്രകൃതി, പ്രകൃതിനിയമവും. വെളിച്ചത്തെ പ്രതീക്ഷിക്കാന്‍ കഴിയാത്തവന് ഇരുട്ട് അസഹ്യമായിരിക്കും. ഭാവിയെക്കുറിച്ച് പ്രത്യാശിക്കാന്‍ കഴിയാത്തവന്‍ വര്‍ത്തമാനാനുഭവങ്ങളുടെ നീര്‍ച്ചുഴിയില്‍ വീര്‍പ്പുമുട്ടി മരിച്ചുപോയെന്നും വരാം. ജീവിതം ആസ്വാദ്യകരമാകുന്നതിന് വൈവിധ്യമാര്‍ന്ന ഈ അനുഭവങ്ങള്‍ അനിവാര്യമായ പ്രകൃതിനിയമമാണെന്ന്, ദൈവനിശ്ചയമാണെന്ന് ദൈവദൂതന്മാര്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നവനാണ് വിശ്വാസി. ഇത് അംഗീകരിക്കാന്‍ ബുദ്ധിപരമായ സത്യസന്ധതയില്ലാത്തവനാണ് നിഷേധി.
ജനിച്ചുപോയതു കൊണ്ട് മരിച്ചു തീരുകയല്ല നമ്മുടെ നിയോഗം. മറിച്ച് ജനിമൃതികള്‍ക്കിടയിലെ ജീവിതം അര്‍ഥപൂര്‍ണമായി അടയാളപ്പെടുത്തുകയാണ്. സ്വയം തിരിച്ചറിഞ്ഞവനാണ് ബുദ്ധിമാന്‍. താന്‍ വെറും ശരീരം മാത്രമല്ലെന്നും തന്നിലെ മനുഷ്യത്വം രൂപപ്പെടുന്നത് അകതാരിലാണെന്നുമുള്ള തിരിച്ചറിവാണ് പ്രധാനം. നമ്മുടെ ശരീരത്തിലെ ബാഹ്യാവയവങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുകയല്ലല്ലോ. കണ്ണ് നോക്കുന്നതും അടയ്ക്കുന്നതും, നാവനങ്ങുന്നതും അടങ്ങുന്നതും, കൈകള്‍ കര്‍മനിരതമാകുന്നതും നിഷ്‌ക്രിയമാകുന്നതും, കാലുകള്‍ നമ്മെ നടത്തുന്നതും വെറുതെയിരിക്കുന്നതും ഒരുള്‍വിളിയനുസരിച്ചാണ്.
മനസ്സാണ് രാജാവ്. അവയവങ്ങള്‍ കേവലം പ്രജകള്‍. ഗുണദോഷ വിചാരങ്ങളുണ്ട് നമ്മുടെയുള്ളില്‍, നന്മതിന്മകളെക്കുറിച്ച വിവേചനബോധം. അത് ജന്മസിദ്ധമാണ്. ശുദ്ധ പ്രകൃതത്തിലാണ് എല്ലാ മനുഷ്യരും ജനിക്കുന്നത്. പുണ്യവും പാപവും നാം തന്നെ കെട്ടിപ്പടുക്കുന്നതാണ്.
'ഓരോ മനുഷ്യന്റെയും ഭാഗധേയം നാമവന്റെ തന്നെ പിരടിയില്‍ ബന്ധിച്ചിരിക്കുന്നു' (17: 13) എന്ന് ഖുര്‍ആനിക പാഠം.
അപൂര്‍വമായെങ്കിലും ഈ സന്മനോഭാവത്തിന് ജീവന്‍ വെക്കുമ്പോഴാണ് കടുത്ത അപരാധികളില്‍ പോലും കുറ്റബോധമുണ്ടാകുന്നത്.
ചില നിമിത്തങ്ങള്‍, ഇനിയും ചിലപ്പോള്‍ ബോധപൂര്‍വകമായ ശ്രമങ്ങള്‍. ഇങ്ങനെ ആകസ്മികമായ അനുഭവങ്ങളിലൂടെ എത്രയെത്ര വ്യക്തികളും കുടുംബങ്ങളുമാണ് വഴികേടുകളില്‍നിന്ന് നന്മകളുടെ അനന്ത വിഹായസ്സിലേക്ക് നടന്നുകയറിയത്!
സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച ചക്രവര്‍ത്തിമാര്‍ക്കും വിത്തപ്രതാപികളായ പ്രമാണിമാര്‍ക്കും ഒരു പാട് നേടിയിട്ടും അന്യമായിപ്പോകുന്ന ഒന്നുണ്ട്, അപൂര്‍വം മനുഷ്യരനുഭവിക്കുന്ന മനസ്സുഖം. അത് വില കൊടുത്ത് വാങ്ങാനോ വെട്ടിപ്പിടിക്കാനോ കഴിയില്ല. ഓരോ മനുഷ്യനും സ്വയം കണ്ടെത്തേണ്ടതാണ്.
'ആ ആനന്ദം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ അത് കൊള്ളയടിക്കാന്‍ ചക്രവര്‍ത്തിമാര്‍ സൈന്യത്തെ നിയോഗിച്ചേനെ' എന്ന് പൂര്‍വിക സാത്വികരിലൊരാള്‍ പറഞ്ഞിട്ടുണ്ട്.
മേനിയഴക് കുറയുമ്പോള്‍, ശരീരത്തെ ജരാനരകള്‍ ബാധിക്കുമ്പോള്‍ അസ്വസ്ഥരാകുന്നു നാം. ശരീര പരിചരണത്തിലേക്ക് നാം ധൃതിപ്പെടും. അപ്പോഴും അന്തഃരംഗം മലിനമായിത്തന്നെ കിടക്കുകയാവും. അത് വൃത്തിയാക്കാനോ പരിചരിക്കാനോ ശ്രദ്ധയില്ല. വലിയ അക്രമമേല്ല ഇത്. മറ്റുള്ളവരുടെ കുറ്റങ്ങളില്‍ വല്ലാതെ അസ്വസ്ഥപ്പെടുന്ന നാം സ്വന്തം ദൗര്‍ബല്യങ്ങള്‍ കാണാതെ പോകുന്നു.
മുക്കുവന്മാരായ തന്റെ സഖാക്കളുടെ വൃത്തിഹീനതയെ പരിഹസിച്ച വരേണ്യരോട് ഈസാ പ്രവാചകന്‍ പറഞ്ഞിരുന്നു: 'അകത്തെ മാലിന്യമാണ് പുറത്തെ ചേറിനേക്കാള്‍ ആദ്യം കഴുകപ്പെടേണ്ടത്.' 'അഭിമാനം ആക്ഷേപങ്ങളില്‍നിന്ന് സുരക്ഷിതനായവന്‍ ധരിക്കുന്ന ഏതു വസ്ത്രവും മനോഹരം' എന്ന് മുഹമ്മദ് നബിയും. ആത്മസംസ്‌കരണത്തെ അവഗണിക്കുന്ന വ്യക്തിയും സമൂഹവും സ്വതവേ ദുര്‍ബലമായിരിക്കും.
സംസാരിക്കുന്ന മൃഗവും സഞ്ചരിക്കുന്ന പദാര്‍ഥവുമായി നാം നമ്മെ തന്നെ സ്വയം നിര്‍വചിക്കാന്‍ ശ്രമിച്ചതാണ് ഏറ്റവും വലിയ അപരാധം.
ഭൗതികമായി അനന്ത സാധ്യതകളുള്ള അനുഗൃഹീത ജന്മമാണ് നമ്മുടേത്. നിറവും മണവും, രൂപവും ഭാവവും, വിരലും മുടിയും ഒന്നിനൊന്ന് വ്യത്യസ്തമായ സൃഷ്ടിപ്പ്. വൈവിധ്യമാര്‍ന്ന സര്‍ഗസിദ്ധികള്‍, അപാരമായ ബുദ്ധിപാടവം, വ്യത്യസ്തങ്ങളായ അഭിരുചികള്‍ ഇങ്ങനെ ഭൂമിയിലെ ലക്ഷക്കണക്കിന് ജീവവര്‍ഗങ്ങളില്‍ എന്തുകൊണ്ടും ലക്ഷണമൊത്ത വേറിട്ട ജന്മം. അതാണ് ആദരണീയനായ മനുഷ്യന്‍. ''നിശ്ചയം ആദം സന്തതികളെ (മനുഷ്യരെ) നാം ആദരിച്ചിരിക്കുന്നു'' (ഖുര്‍ആന്‍ 17:70). അവന്റെ അപാരമായ സിദ്ധികളാണ് നാഗരികതകളെ സമ്പന്നമാക്കിയത്, സംസ്‌കാരങ്ങളെ അര്‍ഥവത്താക്കിയത്. മാലാഖമാര്‍ വരെ നമിച്ചുപോകാന്‍ മാത്രം വിശേഷപ്പെട്ട ഗുണഗണങ്ങള്‍. 'ആദമിനെ (മനുഷ്യനെ) നാം നാമങ്ങള്‍ പഠിപ്പിച്ചു' എന്ന് ഖുര്‍ആന്‍ (2:31). കേവല പദസമ്പത്തിനെക്കുറിച്ചല്ല ഈ പരാമര്‍ശം. മറിച്ച് ഓരോ വസ്തുവിനെയും അപഗ്രഥിക്കാനും അതിന്റെ ഗുണവും തരവും തിരിച്ചറിയാനുമുള്ള മനുഷ്യന്റെ സിദ്ധിയും സാധനയും, അതാണ് ഈ വചനം സൂചിപ്പിക്കുന്നത്.
വസ്തുക്കളും വസ്തുതകളും കണ്ടെത്താനും വികസിപ്പിക്കാനും മാത്രമല്ല അത് ഏറെ ഹൃദ്യമായി ആവിഷ്‌കരിക്കാനുമുള്ള മനുഷ്യശേഷി വിസ്മയാവഹമാണ്.
പുതിയ കാലത്ത് ആശയവിനിമയരംഗത്ത് നാം നേടിയെടുത്ത സാങ്കേതിക വൈദഗ്ധ്യവും സ്‌ഫോടനാത്മകമായ വാര്‍ത്താ വിനിമയ സംവിധാനങ്ങളും അതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഇതര ജന്തുക്കളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ഈ സിദ്ധിയെ വേദവചനം എടുത്തു പറഞ്ഞിട്ടുണ്ട് (ഖുര്‍ആന്‍ 55-3,4).
അറിവും അനുഭവങ്ങളും സ്വന്തമാക്കുക മാത്രമല്ല, അവ തലമുറകള്‍ക്ക് പങ്കുവെക്കാനുള്ള അക്ഷര വഴക്കവും നമുക്ക് മാത്രം സ്വന്തമായുള്ളതാണ്. സാങ്കേതിക സൗകര്യങ്ങളുടെ പരിമിതികള്‍ കൊണ്ട് ഏടുകളില്‍ കുമിഞ്ഞുകൂടിയ എത്രയെത്ര ശാസ്ത്രശേഖരങ്ങളാണ് തലമുറകള്‍ പ്രയോജനപ്പെടുത്തിയത്!
ഭൗതിക ജീവിതത്തിലെ അലങ്കാരങ്ങളും ഭൂമിയിലെ എണ്ണമറ്റ വിഭവങ്ങളും നമുക്ക് പ്രയോജനപ്പെടുത്താനുള്ളതു തന്നെയാണ്. ജീവിത വിഭവങ്ങളെ സമീപിക്കുമ്പോഴും നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴുമുള്ള വിഹിതാവിഹിത ചിന്ത നമ്മുടെ മനുഷ്യത്വത്തിന്റെ തേട്ടമാണ്. കിടമത്സരങ്ങളുടെ നവലോക മാര്‍ക്കറ്റില്‍ ഈ വിവേചനബോധം നമുക്കന്യമാവുകയാണ്.
പണത്തിനും പദവികള്‍ക്കും വേണ്ടി, അധികാരവും ആധിപത്യവും ഉറപ്പിക്കാന്‍ വേണ്ടി യുദ്ധങ്ങളും കലാപങ്ങളും വ്യവസ്ഥാപിതമായും സമയബന്ധിതമായും നടത്തിക്കൊണ്ടിരുന്ന സമകാലീന ലോകം എത്ര വിചിത്രവും ഭീകരവുമാണ്!
ജീവിതപരിസരങ്ങളില്‍നിന്ന് നൈതിക മൂല്യങ്ങള്‍ പടിയിറക്കപ്പെടുമ്പോള്‍ ആര്‍ത്തിയുടെയും ആസക്തികളുടെയും പുതിയ മതമാണ് അവിടെ കയറിപ്പറ്റുന്നത്.
വന്യമായ ജഢികേഛകളിലും പണാധിപത്യ ചൂഷണങ്ങളിലും കെട്ടിപ്പടുക്കപ്പെട്ട നവ നാഗരികതയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടപ്പെടുമ്പോഴെങ്കിലും തിരിഞ്ഞുനോക്കാനും വേറിട്ടു ചിന്തിക്കാനും നമുക്ക് കഴിയേണ്ടതല്ലേ?
Comments