Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

ദീപ്തമായ മുഖങ്ങള്‍

ടി.കെ ഹുസൈന്‍

കൊച്ചിയില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഊടും പാവും നല്‍കിയ ചില വ്യക്തികളെ ഓര്‍ക്കുകയാണ്. അവരില്‍ പ്രമുഖനാണ് പള്ളുരുത്തി ഹാജി. മുഴുവന്‍ പേര് കെ.ഇ അഹ്മദ് കുട്ടി ഹാജി. ധാരാളം വ്യക്തിബന്ധങ്ങളുള്ള സ്ഥലത്തെ പ്രധാനി. 'പ്രബോധനം' വാരികക്ക് പ്രസ് ആവശ്യമായി വന്നപ്പോള്‍ വാങ്ങിക്കൊടുത്തു ആ ഉദാര വ്യക്തിത്വം. പള്ളുരുത്തി ഹാജി വേറെയും കുറേ സഹായങ്ങള്‍ ജമാഅത്തിന് നല്‍കിയിട്ടുണ്ട്. വെള്ളിമാട്കുന്നിലെ മാധ്യമം ഹെല്‍ത്ത് കെയര്‍ കെട്ടിടത്തിന് സമീപമുള്ള ലോഡ്ജ് നിലകൊള്ളുന്ന സ്ഥലം അദ്ദേഹം ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റിന് (ഐ.എസ്.ടി) വഖ്ഫ് ചെയ്തതാണ്. കെട്ടിടത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി ജമാഅത്തിനും പകുതി ഹാജിയുടെ പ്രദേശമായ പള്ളുരുത്തിക്കുമെന്ന അടിസ്ഥാനത്തില്‍ വ്യവസ്ഥ ചെയ്തുകൊണ്ടായിരുന്നു വഖ്ഫ്. വ്യവസ്ഥ ഇപ്പോഴും തുടരുന്നു. പള്ളുരുത്തിയിലെ മദ്‌റസയും പള്ളിയും നിലകൊള്ളുന്ന സ്ഥലങ്ങളും അദ്ദേഹം നല്‍കിയതാണ്. ജമാഅത്ത് സമ്മേളനങ്ങളിലെ വളന്റിയര്‍ ക്യാപ്റ്റനായുള്ള പള്ളുരുത്തി ഹാജിയുടെ സേവനം മാതൃകാപരമായിരുന്നു. അദ്ദേഹത്തിന്റെ ഇളയ മകന്‍ മന്‍സൂര്‍ പിതാവിനെപ്പോലെ ജമാഅത്തില്‍ സജീവമായിരുന്നു. സേവനപ്രവര്‍ത്തനങ്ങളിലെ സമര്‍പ്പിതനായ മന്‍സൂര്‍ 2019 ജൂലൈയില്‍ കാലയവനികയില്‍ മറഞ്ഞു. മൂത്ത മകന്‍ മനോജ് നല്ല വിലയുള്ള 19 സെന്റ് സ്ഥലം വഖ്ഫായി പീപ്പ്ള്‍സ് ഫൗണ്ടേഷന് നല്‍കിയിട്ടുണ്ട്. 
മറ്റൊരാളാണ് പണ്ഡിതനായ എസ്.വി മുഹമ്മദ് സാഹിബ്. എസ്.വിയുടെ 'ഹദീസ് ശരീഫിലെ കഥകള്‍' ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വിഭാഗത്തോടും അനുഭാവം പ്രകടിപ്പിക്കാത്ത സ്വതന്ത്ര മനസ്സായിരുന്നു എസ്.വിക്ക്. കൊച്ചിയിലെ മദ്‌റസയുടെ സ്വദ്‌റായിട്ടാണ് അദ്ദേഹത്തിന്റെ പൊതുരംഗപ്രവേശം. മദ്‌റസയില്‍ മിക്കവാറും അധ്യാപകര്‍ ഉല്‍പതിഷ്ണുക്കളായിരുന്നു. മദ്‌റസയിലെ ജോലിക്കൊപ്പം ജമാഅത്ത് പ്രവര്‍ത്തനങ്ങളിലും എസ്.വി സജീവമായി. പിന്നീട്, കൊച്ചി പ്രാദേശിക ജമാഅത്തിന്റെ അമീറായി. യു.എ.ഇയില്‍ ഉയര്‍ന്ന ജോലിയുള്ള പ്രഗത്ഭരായ മുനീര്‍, ശരീഫ് എന്നിവര്‍ അദ്ദേഹത്തിന്റെ മക്കളാണ്. യു.എ.ഇയിലെ ജമാഅത്തിന്റെ നേതൃത്വചുമതല ഏറക്കാലം നിര്‍വഹിച്ച വി.എ യൂനുസ് ഉമരി കായംകുളം മരുമകനും.
എസ്.വിക്ക് ജമാഅത്ത് അംഗത്വം ലഭിക്കുന്നതിന് മുന്നോടിയായി അമീര്‍ ഹാജി വി.പി മുഹമ്മദലി സഹിബ് അദ്ദേഹം സാധാരണ സ്വുബ്ഹ് നമസ്‌കരിക്കുന്ന തുരുത്തി പള്ളിയില്‍ എത്തിച്ചേര്‍ന്നു. അന്ന് ചില കാരണങ്ങളാല്‍ മറ്റൊരു പള്ളിയിലാണ് സ്മര്യപുരുഷന്‍ ഫജ്‌റിന് പോയത്. തുരുത്തി പള്ളിയില്‍നിന്ന് സ്വുബ്ഹ് കഴിഞ്ഞ് ഹാജി സാഹിബ് എസ്.വി നടത്തുന്ന ചായമക്കാനിയിലെത്തി. മുഷിഞ്ഞ വേഷത്തിലുള്ള എസ്.വിയെ ആലിംഗനം ചെയ്ത് കുശലാന്വേഷണങ്ങളിലേക്ക് കടന്നു. ഹാജി സാഹിബിന്റെ ഇടപെടല്‍ എസ്.വിയെ ഹഠാദാകര്‍ഷിച്ചു. അംഗത്വാപേക്ഷകരുമായി മുലാഖാത്ത് നടത്തുന്നതിന് അമീര്‍ നേരിട്ട് എത്തുകയായിരുന്നു ആദ്യകാലത്ത് പതിവ്. അക്കാലത്ത് പുലര്‍ത്തിയ സൂക്ഷ്മത ആത്യന്തം മാതൃകാപരമാണ്. പ്രവര്‍ത്തകരുടെ പ്രതിബദ്ധത അറിയാനാണ് ഇപ്രകാരം മുലാഖാത്ത് നടത്തുന്നത്. വ്യക്തി പൂര്‍ണമായും ജമാഅത്ത് പ്രവര്‍ത്തനത്തിന് സന്നദ്ധനാണെന്ന് ബോധ്യപ്പെട്ടാലേ അംഗത്വം നല്‍കുകയുള്ളൂ. 
കൊച്ചിയിലെയും ആലുവയിലെയും ഹംദര്‍ദ് ഹല്‍ഖകള്‍ ഒരേ കാലയളവിലാണ് നിലവില്‍ വന്നത്. കൊച്ചിയില്‍ പോപ്പുലര്‍ ഹോട്ടല്‍ നടത്തിയ തിരൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ മൗലവി, ഇസ്‌ലാമികപ്രവര്‍ത്തനം ലക്ഷ്യംവെച്ച് കൊച്ചിയിലെത്തിയ താജുദ്ദീന്‍ സാഹിബ്, ആലുവ ടി.കെ മുഹമ്മദ് സാഹിബ്, താനൂര്‍ സ്വദേശി ഹസന്‍ രിസാ സാഹിബ് എന്നിവര്‍ ഓര്‍മയില്‍ വരുന്നു. കച്ചവടാവശ്യാര്‍ഥം കൊച്ചിയില്‍ വന്നപ്പോള്‍, അവിടത്തെ ജമാഅത്ത് പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തെത്തിയ മരക്കച്ചവടക്കാരനാണ് ടി.കെ മുഹമ്മദ്. കൊച്ചിയിലെ തടിക്കച്ചവടക്കാരുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. പതിവായി അവരെ  കാണാന്‍ വരും. കൊച്ചിയില്‍ ഞങ്ങള്‍ക്ക് ക്ലാസുകളും എടുക്കും. സ്‌നേഹബന്ധങ്ങളില്‍ ഇഴയടുപ്പവും ഉപദേശനിര്‍ദേശങ്ങളില്‍ സൗമ്യതയും പുലര്‍ത്തുന്ന നേതാവ്. എന്റെ നികാഹിന്റെ കാര്‍മികത്വം ആലുവ ടി.കെയാണ് നിര്‍വഹിച്ചത്. ദീര്‍ഘകാലം ജമാഅത്തിന്റെ സംസ്ഥാന ശൂറാ അംഗമായിരുന്ന ടി.കെ ദക്ഷിണ കേരളത്തില്‍ ജമാഅത്ത് വേദികളിലെ  നിറസാന്നിധ്യമായിരുന്നു. എറണാകുളം ഇസ്‌ലാമിക് സെന്ററിന്റെ നിര്‍മാണത്തിലും ഭരണത്തിലും പി.കെ ഹാശിം ഹാജിയോടൊപ്പം നേതൃപരമായ പങ്കും സെന്ററിന്റെ മാനേജര്‍ ചുമതലയും വഹിച്ച ടി.കെ സ്‌നേഹസൗഹൃദത്തിന്റെ പ്രതീകമാണ്.
മറ്റൊരു വ്യക്തിയാണ് സി.കെ കോയ സാഹിബ്. പള്ളുരുത്തിയിലാണ് അദ്ദേഹത്തിന്റെ വീട്. ജമാഅത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായിരുന്ന സി.കെ കാല്‍നടയായി ദീര്‍ഘദൂരം സഞ്ചരിച്ച് പലരുമായി സംഭാഷണം നടത്തുമായിരുന്നു. അങ്ങനെയൊരു യാത്രയിലാണ് കെ.ടി അബ്ദുര്‍റഹീം സാഹിബ് ജോലിചെയ്യുന്ന കൊല്ലൂര്‍വിളയിലെ പള്ളിയില്‍ സി.കെ എത്തുന്നത്. മുദര്‍രിസുമാരുടെയും ഖത്വീബുമാരുടെയും പതിവുരീതിയില്‍നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളായിരുന്നു കെ.ടി പള്ളിയില്‍ നിര്‍വഹിച്ചിരുന്നത്. നാല്‍പത് യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടുള്ള ദാറുസ്സലാം അസോസിയേഷന്‍, ബുസ്താനുല്‍ ഉലൂം മദ്‌റസ, സുബുലുസ്സലാം ലൈബ്രറി എന്നിവ കെ.ടിയുടെ മേല്‍നോട്ടത്തില്‍ നടന്നുവന്നിരുന്നു. കെ.ടിയുടെ പുതിയ രീതികള്‍ സി.കെ കോയ സാഹിബിന് നന്നേ ഇഷ്ടപ്പെട്ടു.
വായനാശീലമുള്ള കെ.ടിക്ക് പുസ്തകം നല്‍കാനായാണ് സി.കെ പള്ളിയിലെത്തുന്നത്. കൈയിലുള്ള ബാഗില്‍നിന്നും ഏതാനും പുസ്തകങ്ങളെടുത്ത് 'ജമാഅത്തെ ഇസ്‌ലാമിയുടെ കുറച്ചു പുസ്തകങ്ങളാണ്, നിങ്ങളുടെ ലൈബ്രറിയില്‍ ഉപയോഗിക്കാമെന്ന്' പറഞ്ഞ് സി.കെ കോയ സാഹിബ് കെ.ടിക്ക് കൈമാറാനൊരുങ്ങി. മറുപടി ഉടനെ വന്നു: 'നിങ്ങള്‍ ഫിത്‌നകളുടെ ആളാണ്. ഇത്തരം ഫ്വിത്‌നകളൊന്നും ഇവിടെ ചെലവാകില്ല'. ഇതികര്‍ത്തവ്യതാമൂഢനായി കോയ സാഹിബ് ഇരുന്നു. ളുഹ്ര്‍ ബാങ്ക് വിളിച്ചപ്പോള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. നമസ്‌കാരാനന്തരം പള്ളിയില്‍ വിശ്രമിച്ചു. 
ഉച്ചയൂണ്‍ എത്തിയപ്പോള്‍, വരാന്‍ സാധ്യത കുറവായിരിക്കെത്തന്നെ കെ.ടി ഭക്ഷണത്തിന് സി.കെയെ ക്ഷണിച്ചു. അലിവും ആര്‍ദ്രതയുമുള്ള കെ.ടിയുടെ ക്ഷണം കേട്ടപാതി, സി.കെ ഭക്ഷണം കഴിക്കാന്‍ ഒപ്പംകൂടി. ഭക്ഷണം കഴിഞ്ഞ് യാത്ര പറയുമ്പോള്‍ 'ഇതാ സത്യസാക്ഷ്യം, താങ്കളിതൊന്ന് വായിച്ചുനോക്കൂ, മൂന്നു നാള്‍ കഴിഞ്ഞ് തിരിച്ചുവരും, അപ്പോള്‍ തിരിച്ചേല്‍പ്പിച്ചാല്‍ മതി'യെന്ന് പറഞ്ഞ് കോയ സാഹിബ് പടിയിറങ്ങി. മൗദൂദിയുടെ പുസ്തകമല്ലേ എന്നു കരുതി കെ.ടി അതു വായിക്കാതെ മേശപ്പുറത്തു വെച്ചു. രാത്രി ഉറങ്ങാന്‍ കിടന്നു. ഉറക്കം വരാതായപ്പോള്‍ പുസ്തകം കൈയിലെടുത്ത് കിടന്നു വായന തുടങ്ങി. വായന തുടര്‍ന്നതോടെ പുസ്തകം കെ.ടിയുടെ ഉറക്കം കെടുത്തി. ചിന്തകളെ ഉദ്ദീപിപ്പിച്ചു. കിടന്നിടത്തുനിന്ന് എഴുന്നേറ്റിരുന്ന് വായന തുടര്‍ന്നു. ഒരു തവണ വായന പൂര്‍ത്തിയാക്കി. രണ്ടാം തവണയും 'സത്യസാക്ഷ്യ'ത്തിലൂടെ കടന്നുപോയി. തന്റെ ഉറക്കം കെടുത്തിയ പുസ്തകം കെ.ടിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. മൂന്നാംദിവസം കോയ സാഹിബ് എത്തി. മനസ്സില്‍ കുറ്റബോധത്തോടെ കെ.ടി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. പുസ്തകത്തിലെ സന്ദേശം കെ.ടിയുടെ മനസ്സില്‍ അപ്പോഴേക്കും കലാപം സൃഷ്ടിച്ചിരുന്നു. 
കെ.ടിയുടെ മനസ്സ് പതിയെപ്പതിയെ ജമാഅത്തിനൊപ്പമാവാന്‍ സമയമെടുത്തില്ല. അദ്ദേഹം ജമാഅത്തുകാരനാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. സമസ്തയുടെ അംഗീകാരമുള്ള മദ്‌റസയിലെ അധ്യാപകനും മുദര്‍രിസും ഇമാമുമാണല്ലോ കെ.ടി. സമസ്ത അന്വേഷണം ആരംഭിച്ചു. പ്രശ്‌നം രൂക്ഷമാവുംമുമ്പ് കെ.ടി രാജി സമര്‍പ്പിച്ചു. പക്ഷേ, കെ.ടിക്ക് ജനങ്ങളില്‍ സമ്പൂര്‍ണ സ്വീകാര്യത. വലിയ വിഭാഗത്തിന്റെ സമ്മര്‍ദം കാരണം രാജി സ്വീകരിച്ചില്ല. അദ്ദേഹം ലീവെടുത്ത് നാട്ടിലേക്ക് മടങ്ങി. ഭൂരിപക്ഷത്തിന്റെ പിന്തുണ കെ.ടിക്ക് ലഭിച്ചെങ്കിലും, ജനങ്ങള്‍ ഭിന്നിക്കുകയും തമ്മില്‍ തല്ലുകയും ചെയ്യുമെന്ന് വന്നപ്പോള്‍, കെ.ടി സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചില്ല. നാട്ടിലെത്തിയ ശേഷം, വീണ്ടും രാജിക്കത്തയച്ചു. മൂന്നു മാസത്തിനു ശേഷം, കെ.ടിയുടെ സഹോദരന്‍ അബ്ദുല്ല മൗലവിയെന്ന അബ്ദുപ്പു മൗലവിയും മുട്ടക്കാവ് പള്ളിയില്‍നിന്ന് രാജിവെച്ചുപോന്നു. തുടര്‍ന്ന്, മറ്റൊരു സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ മൗലവി കൊല്ലൂര്‍വിളയിലെ മുദര്‍രിസായി നിയമിക്കപ്പെട്ടു. അദ്ദേഹവും ജമാഅത്തുകാരനായി. കെ.ടി അബ്ദുര്‍റഹീം മൗലവി ഉള്‍ക്കൊള്ളുന്ന വലിയൊരു പണ്ഡിതവ്യൂഹത്തെ ജമാഅത്തിന്റെ നേതൃശ്രേണിയിലെത്തിച്ച സി.കെ കോയ സാഹിബും നടേപറഞ്ഞ പണ്ഡിതകേസരികളും നാഥന്റെ സവിധത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. 
1975-ല്‍ അടിയന്തരാവസ്ഥാ കാലത്ത് ജയില്‍വാസം വരിച്ച മര്‍ഹൂം എ.പി അലി ഉസ്താദ് പെരിങ്ങാടി ആദര്‍ശത്തിലും അനുഷ്ഠാനത്തിലും വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വമായിരുന്നു. സലഫി ആശയക്കാരനായിരുന്നു നേരത്തെ.  ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി സ്വദേശമായ പെരിങ്ങാടിയില്‍നിന്ന് അദ്ദേഹം വയനാട്ടിലെത്തി. അവിടെ അലി ഉസ്താദിന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ കെ.എം റിയാലു സാഹിബും സുഹൃത്തുക്കളും കൊച്ചിയിലേക്ക് പോവുന്ന ഒരു ലോറിയില്‍ അദ്ദേഹത്തെ കയറ്റിവിട്ടു. അലി ഉസ്താദിന്റെ ദാമ്പത്യം സ്പര്‍ശിക്കാതെ പെരിങ്ങാടി ജമാഅത്തിന്റെ ചരിത്രം പൂര്‍ത്തിയാവില്ല. വടക്കന്‍ മലബാര്‍ തറവാട്ടിലെ പുതിയാപ്പിളയായ അലി, മൗലിദിലും മരണാനന്തര ചടങ്ങുകളിലും ആചാരങ്ങളിലും പങ്കെടുക്കാത്തത് കുടുംബത്തിന്റെ അന്തസ്സിന്റെ പ്രശ്‌നമായി മാറി. അലി ഉസ്താദ്  പുത്തനാശയം കൈയൊഴിക്കണമെന്നായി വീട്ടുകാര്‍. പുതിയാപ്പിള താടിയും തൊപ്പിയും ധരിച്ച് മൗദൂദി നിലപാട് കടുപ്പിച്ചു. തറവാട്ടു കാരണവരുടെ ഫത്‌വയെ തുടര്‍ന്ന് അദ്ദേഹത്തില്‍നിന്ന് ത്വലാഖ് പിടിച്ചുവാങ്ങണമെന്നായി ഭാര്യാകുടുംബം. വിവാഹബന്ധം വിഛേദിക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ് പ്രിയസഖി പൊട്ടിക്കരഞ്ഞു. ഏക ആരോമലിനെ നെഞ്ചോട് ചേര്‍ത്ത് 'സൗജത്തുമായി ഞാനെവിടേക്കെങ്കിലും നാടുകടന്നോളാ'മെന്ന് അലി ഉസ്താദ് അപേക്ഷിച്ചു. യാഥാസ്ഥിതിക പക്ഷം നിലപാട് കടുപ്പിച്ചു. ജമാഅത്തിനെയാണോ ദാമ്പത്യത്തെയാണോ തെരഞ്ഞെടുക്കേണ്ടത്? അഗ്നിപരീക്ഷയില്‍ ഉസ്താദ് ജമാഅത്തിനെ നെഞ്ചിലേറ്റി. ഗത്യന്തരമില്ലാതെ നിറകണ്ണോടെ കുടുംബവുമായി പിരിഞ്ഞു.
കൊച്ചിയിലെ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് എ.പി അലി ഉസ്താദിന്റെ സാന്നിധ്യം പുത്തനുണര്‍വേകി. ആ കര്‍മയോഗിയുടെ പ്രവര്‍ത്തനം തുടര്‍ന്നു. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ക്ലാസുകള്‍ തുടങ്ങി. ശിഷ്യഗണങ്ങള്‍ അധികരിച്ചു. രക്ഷിതാക്കളുടെ ബഹുമാനാദരവുകള്‍ പിടിച്ചുപറ്റി. പ്രമുഖ വ്യക്തികള്‍ തങ്ങളുടെ മക്കളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. അത് നാട്ടുകാരുമായുള്ള സൗഹൃദം വളര്‍ത്തുന്നതിന് സഹായകമായി. എം.എം ഹസന്റെ ഭാര്യാപിതാവും കൊച്ചി മേയറുമായ എ.എ കൊച്ചുണ്ണി മാസ്റ്റര്‍, സി.ടി.ടി.യു നേതാക്കളായ വി.എ ഹസന്‍, വി.എ ഹംസ തുടങ്ങിയ നേതാക്കളോട് ഊഷ്മളമായ ബന്ധം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റ്, മസ്ജിദുല്‍ ഹുദാ എന്നിവ സ്ഥാപിക്കുന്നതില്‍ അലി ഉസ്താദ് പങ്കുവഹിക്കുകയും വിവിധ പള്ളികളില്‍ ഇമാമും ഖത്വീബുമായി സേവനമനുഷ്ഠിക്കുയും ചെയ്തു. പിന്നീട് വിവാഹം കഴിച്ച ഫാത്വിമയില്‍ ജനിച്ച അഞ്ചുമക്കളും മരുമക്കളും ജമാഅത്ത് പ്രവര്‍ത്തകരാണ്. 
അലി ഉസ്താദിന്റെ പൗത്രന്മാരായ ഫൈസല്‍ കൊച്ചി, കെ.എ ഫിറോസ് എന്നിവര്‍ യഥാക്രമം തനിമ കലാസാഹിത്യവേദി ജനറല്‍ സെക്രട്ടറിയായും കൊല്ലം ഇസ്‌ലാമിയാ കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. ഫൈസല്‍ റവന്യൂവിലും ഫിറോസ് സഹകരണ വകുപ്പിലും ഇപ്പോള്‍ ജോലിചെയ്യുന്നു. മറ്റൊരു പൗത്രന്‍ അബ്ദുല്‍ ഹഫീദ് നദ്‌വി സര്‍ക്കാര്‍ ജോലിയില്‍നിന്നും രാജിവാങ്ങി ശാന്തപുരം അല്‍ജാമിഅയില്‍ അധ്യാപനവൃത്തി നടത്തുന്നു. നിര്‍ബന്ധപൂര്‍വം വിവാഹമോചിതയായ ആദ്യഭാര്യയിലെ പൗത്രന്‍ മന്‍സൂര്‍ പള്ളൂര്‍ കോളമിസ്റ്റും കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ അമരക്കാരനുമാണ്. അലി ഉസ്താദിന്റെ  നിഷ്‌കളങ്കതയും ലാളിത്യവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. 
ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ഉപദേശനിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും നല്‍കിയ വ്യക്തിയാണ് പി.കെ ശൗക്കത്തലി. 'പ്രബോധന'ത്തിന്റെ പ്രതിപക്ഷ പ്രസിദ്ധീകരണം മുതല്‍ മുഴുവന്‍ ലക്കങ്ങളും ബൈന്റ്‌ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് വായനാശീലമുള്ള പി.കെ. ഇസ്‌ലാമികസാഹിത്യത്തില്‍ നേരത്തേ പുറത്തിറങ്ങിയ അപൂര്‍വ ഗ്രന്ഥങ്ങള്‍ ലഭിക്കുന്ന ലൈബ്രറിയാണ് അദ്ദേഹത്തിന്റേത്. 'പ്രബോധന'ത്തില്‍ പ്രതികരണമെഴുതുന്ന പതിവുമുണ്ട്. 
ഉമര്‍ മൗലവി 'സല്‍സബീല്‍' പ്രസിദ്ധീകരിക്കുന്ന കാലം. തനിക്ക് കിട്ടുന്ന അനുകൂലവും പ്രതികൂലവുമായ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുമെന്ന മൗലവിയുടെ പ്രഖ്യാപനം. അങ്ങനെ പി.കെ സല്‍സബീലിലേക്ക് പ്രതികരണമെഴുതാന്‍ തീരുമാനിച്ചു. ആക്ഷേപഹാസ്യം കലര്‍ന്ന പ്രതികരണം അയക്കുന്നതിനുമുമ്പ് എന്നോട് പങ്കുവെച്ചു. അതിലെ അഭിസംബോധനയും വിമര്‍ശനവും വലിയ പുകിലുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍, കത്തെഴുതുന്നത് ഒഴിവാക്കാനും അയച്ചേ പറ്റുള്ളൂവെങ്കില്‍, വിമര്‍ശനവും അഭിസംബോധനാരീതിയും മാറ്റാനും നിര്‍ദേശിച്ചു. എന്റെ നിര്‍ദേശം അദ്ദേഹം ചെവിക്കൊണ്ടില്ല. സല്‍സബീലില്‍ വന്ന പി.കെയുടെ പ്രതികരണത്തിലെ പദപ്രയോഗങ്ങള്‍ നീണ്ടകാലം ചര്‍ച്ച ചെയ്യപ്പെട്ടു. ജമാഅത്തിനും മുജാഹിദിനുമിടയില്‍ വൈരവും വാശിയും പതിന്മടങ്ങ് വര്‍ധിച്ചതല്ലാതെ പ്രതികരണം പോസിറ്റീവായ ഒന്നും നല്‍കിയില്ലെന്നത് ചരിത്രം. 
സ്വപരിശ്രമത്താല്‍ ഉയര്‍ന്ന പദവിയിലെത്തിയ സി.എം മുഹമ്മദ് ശരീഫിന്റെ ജീവിതം ജ്വലിക്കുന്ന ഓര്‍മകളാണ്. ഇടത്തരം കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഗ്രാജ്വേഷന്‍ കഴിഞ്ഞതോടെ സര്‍ക്കാര്‍ ട്രഷറിയില്‍ പ്രവേശിച്ചു. ജോലിയോടൊപ്പം ലോ കോളേജില്‍ ഈവനിംഗ് ക്ലാസിന് ചേര്‍ന്ന് നിയമബിരുദം കരസ്ഥമാക്കി. ട്രഷറിയിലെ ജോലി രാജിവെച്ച് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. എറണാകുളത്തേക്കുള്ള ഒരു ബോട്ട്‌യാത്രക്കിടെ ജോലി രാജിവെച്ച് ഹൈക്കോടതില്‍ പ്രാക്ടീസ് ചെയ്യുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ആരാഞ്ഞിരുന്നു. എന്റെ അനുകൂല പ്രതികരണം ശരീഫിനെ സന്തോഷിപ്പിച്ചു. ഒരിക്കല്‍ സംഭാഷണമധ്യേ വിവാഹത്തെക്കുറിച്ച് ഞാന്‍ സി.എമ്മിനോട് അന്വേഷിച്ചു. പഠനത്തിലാണ്, എങ്കിലും വിവാഹവും ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. അതിനിടക്കാണ് മാധ്യമം ദിനപത്രത്തിന്റെ നിയമകാര്യ ലേഖകനായി സി.എം ചുമതല ഏറ്റത്. പിന്നീട്, വിവാഹത്തെക്കുറിച്ച് അഭിപ്രായം തേടി. ഹൃദയാഘാതം മൂലം നിര്യാതനായ ബാബു ശരീഫിന്റെ വിധവയും രണ്ടു പെണ്‍കുട്ടികളുടെ മാതാവും സര്‍വോപരി ചെമ്മീന്‍ എക്‌സ്‌പോര്‍ട്ട് കമ്പനി ഉടമ ഒ.കെ മൊയ്തീന്റെ മകളുമായ സൈദയാണ് വധുവെന്നും അറിയിച്ചു. 
മരിച്ചുപോയ ഭര്‍ത്താവിന്റെ പെന്‍ഷന്‍ ഡോക്യൂമെന്റ്, ബാങ്ക് ഇടപാട് ഫയലുകള്‍ എന്നിവയിലെ നിയമ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഒരിക്കല്‍ സി.എം ശരീഫിന്റെ വീട്ടില്‍ വന്നതായിരുന്നു സൈദ. മരിച്ച ഭര്‍ത്താവിനുവേണ്ടി പ്രാര്‍ഥിക്കാനും ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടി സേവനംചെയ്യാനും സൈദയോട് സി.എം ഉപദേശിച്ചു. സൈദ ബാഗില്‍നിന്ന് ഡോക്യുമെന്റ് എടുക്കുന്നതിടെ രാത്രിയുറക്കത്തിന് കഴിക്കുന്ന ഗുളികകളുടെ സ്ട്രിപ്പ് താഴെ വീണു. സൈദയുടെ ഉറക്കഗുളികകളോടുള്ള ഭ്രമം സി.എമ്മിന് അത്ര രസിച്ചില്ല. സ്വബോധമുള്ളവരുടെ കേസുകള്‍തന്നെ തീര്‍പ്പാക്കാന്‍ സമയമില്ലാതിരിക്കെ, നിങ്ങളുടെ കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് അദ്ദേഹം  തുറന്നുപറഞ്ഞു. സ്വസ്ഥമായ മനസ്സുമായി വന്നാല്‍ ഇടപെടാമെന്ന പ്രതീക്ഷയും നല്‍കി. കാര്യം നടന്നുകിട്ടാന്‍ ശരീഫ് വക്കീല്‍ നിര്‍ദേശിച്ച മുറക്ക് മുന്നോട്ടുപോകാന്‍ സൈദ തയാറായി. 
ഈ വിധവയെ ജീവിതസഖിയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സി.എം എന്നോട് പറഞ്ഞു. എന്റെ അഭിപ്രായത്തിന് അദ്ദേഹം കാതോര്‍ത്തു. വറ്റിവരണ്ടുപോയ ഒരു ജീവിതത്തെ വളവും വെള്ളവും നല്‍കി പുഷ്ടിപ്പെടുത്താന്‍ താങ്കളെടുത്ത തീരുമാനം എന്തുകൊണ്ടും ശ്ലാഘനീയമാണെന്ന് ഞാന്‍ അഭിനന്ദിച്ചു. രണ്ട് പെണ്‍മക്കളെ സനാഥരാക്കുന്നതിന് വാത്സല്യനിധിയായ ഒരു പിതാവാകുകയെന്നതിനപ്പുറം ഒരു കര്‍മയോഗിക്ക് മറ്റൊന്ന് ചെയ്യാനില്ല, ഞാന്‍ തുടര്‍ന്നു. കമ്മീഷണര്‍ പരീക്ഷ ജയിച്ച് ശരീഫ് ജോലിയില്‍ പ്രവേശിച്ചു. തൊട്ടടുത്ത വര്‍ഷം 1988-ല്‍ ശരീഫിന്റെയും സൈദയുടെയും വിവാഹവും നടന്നു. ഞാന്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു വിവാഹം. തൃശൂര്‍, തലശ്ശേരി, പാലക്കാട് അങ്ങനെ പല സ്ഥലത്തും സി.എം ജോലി തുടര്‍ന്നു. ഡെപ്യൂട്ടേഷനില്‍ കേരള തൊഴിലാളി ക്ഷേമ ബോര്‍ഡ്, കേരള അര്‍ബന്‍ ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്റ് എം.ഡി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കേരള അര്‍ബന്‍ അഫയേഴ്‌സ് ജോയന്റ് ഡയറക്ടറായിരിക്കവെയാണ് സി.എം ജോലിയില്‍നിന്ന് വിരമിച്ചത്. വിരമിച്ചശേഷം വക്കീല്‍ പണി തുടര്‍ന്നു. 
കൊച്ചി ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റിനു കീഴിലെ മസ്ജിദുല്‍ ഹുദാ സകാത്ത് കമ്മിറ്റിയുടെ ചെയര്‍മാനായി തുടരുകയായിരുന്നു സി.എം ശരീഫ്. മകള്‍ ഷെറിന്റെ വിവാഹം നടന്നു. കോവിഡ് കാലമായതിനാല്‍ എനിക്ക് പങ്കെടുക്കാനായില്ല. 2020 ജൂലൈ 15-ന് പഴയ സുഹൃത്ത് കെ.എച്ച് അശ്‌റഫിന്റെ ഫോണ്‍. ഹൃദയാഘാതം മൂലം ശരീഫിനെ ആശുപത്രിയില്‍ കൊണ്ടുപോയെന്ന് സംസാരം. താമസിയാതെ നാഥന്‍ തിരിച്ചുവിളിച്ചുവെന്ന സന്ദേശവും വന്നു. ഇന്നാലില്ലാഹ്.......ഞാന്‍ സ്തംഭിച്ചുപോയി. ശരിയെന്ന് തോന്നിയ നിലപാടില്‍ ഉറച്ചുനിന്നു സി.എം. നല്ല വായനാപ്രേമി, ലളിതജീവിതം, ആത്മാര്‍ഥമായ സ്‌നേഹം.......ഇതൊക്കയായിരുന്നു സി.എമ്മിന്റെ സവിശേഷതകള്‍. 
ജമാഅത്തിലേക്കുള്ള എന്റെ പ്രയാണത്തിന് ഗതിവേഗമുണ്ടാക്കിയത് ഈ മഹനീയ വ്യക്തികളുമായുള്ള സൗഹൃദവും ഇഴയടുപ്പവുമായിരുന്നു. മറക്കാനാവാത്ത ഈ മുഖങ്ങള്‍ എന്റെ ഇസ്‌ലാമിക വ്യക്തിത്വത്തിന് തനിമയും വിശുദ്ധിയും നല്‍കി. നാഥന്‍ അവരെ കൂടുതല്‍ കൂടുതല്‍ അനുഗ്രഹിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. 


(തുടരും)
എഴുത്ത്: ശമീര്‍ബാബു കൊടുവള്ളി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌