Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

'പ്രബോധനം' പ്രകാശിക്കട്ടെ

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

വായിക്കുക എന്നാണല്ലോ ഖുര്‍ആനിന്റെ ആദ്യത്തെ ആഹ്വാനം. പ്രബോധകനോടും പ്രബോധിതനോടും പ്രപഞ്ചനാഥന് ആദ്യമായി പറയാനുണ്ടായിരുന്ന കല്‍പന. വായനയുടെ സങ്കേതങ്ങളെ കുറിച്ച് നമുക്ക് വ്യത്യസ്ത നിലപാടുകളാവാം. പക്ഷേ, എത്രമേല്‍ അസാധ്യമെന്ന് പറഞ്ഞാലും മനുഷ്യന്‍ അവന്റെ പൂര്‍ണതയിലെത്തണമെങ്കില്‍ വായന അനിവാര്യമാണ്. അതിനാലാവണം നന്മയോട് പ്രതിപത്തിയുള്ള കേരളത്തിലെ വലിയൊരു വിഭാഗം കഴിഞ്ഞ ഏഴ് ദശാബ്ദമായി പ്രബോധനത്തെ വായിച്ചുകൊണ്ടേയിരുന്നത്.
പ്രബോധനം അതിന്റെ വായനക്കാര്‍ക്ക് നല്ലൊരു വഴികാട്ടിയും സുഹൃത്തും രക്ഷിതാവും നേതാവുമെല്ലാമായിരുന്നു. തെളിമയാര്‍ന്ന ഇസ്ലാമിക വ്യക്തിത്വം രൂപപ്പെടുത്തുന്നതിനാവശ്യമായ എല്ലാം പ്രബോധനം അതിന്റെ വായനക്കാര്‍ക്ക് നല്‍കി. ജീവിതത്തെ കുറിച്ച്, ജീവിതാന്ത്യം വരെ തുടരേണ്ട ബോധ്യങ്ങളെയും കര്‍മങ്ങളെയും കുറിച്ച് അത് അവരോട് സംവദിച്ചു. മരണത്തെ കുറിച്ച്, മരണാനന്തര ജീവിതത്തിലെ സൗഭാഗ്യനിര്‍ഭാഗ്യങ്ങളെ കുറിച്ച് അത് മുന്നറിയിപ്പ് നല്‍കി. വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും പ്രബോധനം അവഗണിച്ചില്ല. വിപ്ലവവും ആത്മീയതയും കലയും കണ്ണീരും ആഹ്ലാദവും ആരവവും ഇസ്‌ലാമില്‍ എത്രയുണ്ടോ അത്രയും അത് സംബോധിതര്‍ക്ക് നല്‍കി; കൂട്ടിയില്ല, കുറച്ചതുമില്ല. അതിനാല്‍ മാതൃകായോഗ്യരായ അനേകം ഇസ്‌ലാമിക വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ പ്രബോധനത്തിന് സാധിച്ചു. ഓരോ ലക്കവും കൈകളിലെത്താന്‍ കാതങ്ങള്‍ താണ്ടിയവരാണ് മുമ്പുണ്ടായിരുന്നതെങ്കില്‍ പ്രബോധനത്തിന്റെ അക്ഷരങ്ങള്‍ക്കായി കണ്ണും നട്ടിരിക്കുന്നവര്‍ ഇന്നുമുണ്ട്.
നിഷേധാത്മകമായി പ്രബോധനത്തെ സമീപിച്ചവരുമുണ്ട്. അവരോടും പ്രബോധനം അതിന്റെ ദൗത്യം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതിനിടക്കെവിടെയോ പ്രബോധനത്തിന്റെ ആശയധാരയോടൊപ്പം അവരില്‍ ചിലര്‍ ഇടകലര്‍ന്നൊഴുകാനാരംഭിച്ചു. അതവരുടെ സുകൃതം, പ്രബോധനത്തിന്റെയും. അവശേഷിക്കുന്നവരും അല്‍പം വൈകാതെ ഈ പ്രവാഹത്തിന്റെ ഭാഗമായി കുതിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടഞ്ഞ മസ്തിഷ്‌കങ്ങളെയും തള്ളിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്; അതിനവര്‍ വഴങ്ങില്ലെങ്കിലും. അവരെ വിട്ടേക്കുക. ഏതൊരു മലയാളിയുടെയും കൈകള്‍ ഏറ്റുവാങ്ങി അവരുടെ ഹൃദയത്തിലേക്കെത്തിച്ചേരാന്‍ പ്രബോധനത്തിന് ആഗ്രഹമുണ്ട്. ഈ പ്രബോധനം ഡേ (ജൂലൈ 25)യും അനുബന്ധ ദിനങ്ങളും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അതിനായി ഉപയോഗപ്പെടുത്തണം.
കര്‍മശാസ്ത്രത്തിന്റെ കൊച്ചു വൃത്തത്തിനുള്ളില്‍ ഇസ്ലാമിനെ പരിമിതപ്പെടുത്തി കേരളീയ ദീനീ നേതൃത്വം പകച്ചു നിന്നപ്പോള്‍ ഭൗതിക പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിക്കാന്‍ തെല്ലൊന്നുമല്ല, പ്രബോധനം പേജുകള്‍ ചെലവിട്ടത്. മുസ്‌ലിം സമുദായം മൊത്തത്തില്‍ ചെയ്യേണ്ട ദൗത്യം അവരുടെ പിന്തുണയോടെ നിര്‍വഹിക്കുകയായിരുന്നു പ്രബോധനം. നവനാസ്തികത, ലിബറലിസം, ഇസ്‌ലാമോഫോബിയ തുടങ്ങി ഇസ്‌ലാം വിരുദ്ധതകള്‍ വീണ്ടുമെത്തുമ്പോള്‍ കേരളത്തിലെ വിദ്യാസമ്പന്നരായ മുസ്‌ലിം ചെറുപ്പം സംഘടനാഭേദമന്യേ കാഴ്ചവെക്കുന്ന പ്രോജ്ജ്വലമായ പ്രകടനം ഇസ്‌ലാമിനെ സംബന്ധിച്ച് അന്ന് സമുദായത്തിന് നല്‍കിയ ആത്മവിശ്വാസമാണെന്ന് പറയാതെ വയ്യ. തീര്‍ച്ചയായും പ്രബോധനത്തിന്റെ പ്രചാരകര്‍ക്ക് അതില്‍ അഭിമാനിക്കാം. ഇന്നും ആ ചെറുപ്പത്തോടൊപ്പം സഞ്ചരിക്കാന്‍ പ്രബോധനമുണ്ട്. മതനിഷ്ഠയുള്ള തലമുറയെ ആഗ്രഹിക്കുന്ന കുടുംബത്തിന് പ്രബോധനം ഒരാശ്വാസമാണ്, ആത്മധൈര്യമാണ്. അതിനാല്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ നാട്ടിലെ ഓരോ കുടുംബത്തിലും പ്രബോധനത്തിന്റെ പ്രചാരകരാവുക. 
മുസ്‌ലിം സമുദായത്തില്‍ ജനിച്ച്, മുസ്‌ലിം പേരില്‍ ജീവിച്ച്, ഏതാ
നും ആരാധനകളും അനുഷ്ഠാനങ്ങളും നിര്‍വഹിച്ച് ജീവിതമടങ്ങുക എന്നതാണ് തങ്ങളുടെ നിയോഗമെന്ന അബോധത്തില്‍ ഉറച്ച സമുദായത്തെ, തങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ ഒരു ദൗത്യവും, ചേര്‍ത്തുപിടിക്കാന്‍ ഒരു ദീനുമുണ്ടെന്ന് പഠിപ്പിച്ചത് പ്രബോധനമായിരുന്നു. ഒരു മുസ്‌ലിമിനോട് ഒരു ഇസ്‌ലാമിക പ്രവര്‍ത്തകനുള്ള ബാധ്യതയുടെ വലിയൊരളവ് പ്രബോധനത്തിന്റെ ഗൗരവ വായനക്കാരനാക്കി അയാളെ മാറ്റുന്നതിലൂടെ നിര്‍വഹിക്കാനാകും. അതായത് പ്രബോധനത്തിന്റെ വരിക്കാരനെ ഉണ്ടാക്കുക എന്നാല്‍ ഒരു ദൗത്യം നിര്‍വഹിക്കുക എന്നാണ്. അതിനാല്‍ തനിക്ക് ബാധ്യതയുള്ള ഓരോരുത്തരിലേക്കും ഇസ്‌ലാമിക പ്രവര്‍ത്തകന്‍ പ്രബോധനവുമായെത്തുക.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച്  തെറ്റിദ്ധാരണകളുള്ളവരാണ് നമുക്കു ചുറ്റും. അവരുടെ ധാരണകളെ ശക്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടുത്തറിയുന്ന ആര്‍ക്കും ആ ധാരണകള്‍ തിരുത്താനാവും. പക്ഷേ അതിനെന്തു വഴി?  വഴികളിലൊന്ന് അവരെ പ്രബോധനത്തിന്റെ വായനക്കാരാക്കുക എന്നതു തന്നെ. ലോകത്തെ മുസ്‌ലിംകള്‍ എങ്ങനെ ജീവിക്കുന്നു, അവരുടെ ആഹ്ലാദങ്ങളും ആകുലതകളും- എല്ലാം അറിയാന്‍, ഇസ്‌ലാമിനെ തെളിമയോടെ മനസ്സിലാക്കാന്‍ പ്രബോധനം അവരെ സഹായിക്കും. അതിനാല്‍ അവരുടെ കൈകളിലും പ്രബോധനമെത്തട്ടെ.  
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ജിഹ്വ എന്ന നിലക്ക് ഇസ്ലാമിക നവോത്ഥാനത്തെ ജനകീയവും സമുദായത്തിനകത്ത് ജനപ്രിയവുമാക്കുന്നതില്‍ പ്രബോധനത്തിന്റെ പങ്ക് പ്രധാനമാണ്. ഇനിയും പ്രബോധനത്തെ ആശ്ലേഷിച്ചിട്ടില്ലാത്ത എത്രയോ സഹോദരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. പ്രബോധനം പ്രചാരണ സന്ദര്‍ഭത്തില്‍ അതിനെ പുതിയ കൈകളിലെത്തിക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് നാം രംഗത്തിറങ്ങുക. നമ്മുടെ സഹോദരങ്ങളുടെ മനസ്സില്‍, കുടുംബത്തില്‍, സമൂഹത്തിന്റെ പ്രയാണപഥങ്ങളില്‍, കാലത്തിന്റെ ഇടനാഴികകളില്‍ ദൈവികസന്മാര്‍ഗത്തിന്റെ വിളക്കായി പ്രബോധനം പ്രകാശിക്കട്ടെ. ആ സുകൃതത്തിന്‍ പങ്കാളിത്തം ആകാശങ്ങളില്‍ നമുക്കായി വളരട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌