ഫ്രീ ഫയര്‍
ഉസ്മാന്‍ പാടലടുക്ക
ചുമരിലെ മൂലയിലൊ
റ്റക്കിരുന്നവന്‍
പാരച്ച്യുട്ട് വഴി
ദ്വീപിലിറങ്ങി
തീതുപ്പുന്ന തോക്കുമേന്തി
നരവേട്ട തുടങ്ങി
അവനുതിര്‍ത്ത വെടിയുണ്ട
പാഞ്ഞു കേറിയ പലരും
ചോര തുപ്പി മരിച്ചുവീണു.
ചായ, ചോറ് എന്തിന്
തൊണ്ടയില്‍
കുരുങ്ങിയ ഉമിനീരു പോലു
മിറക്കാന്‍ കൂട്ടാക്കാതെ
ടച്ച് സ്‌ക്രീനിലൂടെ
അവന്‍ ബുള്ളറ്റുകള്‍
തുരുതുരാ പെയ്തിറക്കി;
കണ്ണുകള്‍ മങ്ങുന്നതും
കൈകാല്‍ മരവിക്കുന്നതുമറിയാതെ.
റൗണ്ടുകളോരോന്ന്
തീരുന്തോറും
മുറ്റത്തെ വണ്ടി
അമ്മയുടെ താലി
പെങ്ങളുടെ കല്യാണത്തിനായ്
അഛന്‍ പെറുക്കിക്കൂട്ടിയ കാശ്
അങ്ങനെ പലതും
അപ്രത്യക്ഷമായി.
കളി ഹരം മുറുകി
അവര്‍ കെണി മുറുക്കി
ടാസ്‌കിന് മുന്നില്‍
അടിയറവു വെക്കാന്‍
ഇനിയൊന്നുമില്ലെ
ന്നറിഞ്ഞപ്പോള്‍ അവന്‍
സ്വയമൊടുങ്ങി കീഴടങ്ങി.
Comments