Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ 'കൊലപാതക'വും യു.എ.പി.എ ഭീകരതയും

സി.എ നൗഷാദ്

'ഇന്ത്യയില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത വേദനാജനകമാണ്. വ്യാജതീവ്രവാദക്കുറ്റം ചുമത്തി ഒമ്പത് മാസം ജയിലിലടച്ച ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരണമടഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ ജയിലിലടക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല.' യു.എന്‍ മനുഷ്യാവകാശ പ്രതിനിധി മേരി ലാവ്ലറ്ററിന്റെ വാക്കുകളാണിത്. ഭരണകൂടം സ്റ്റാന്‍ സ്വാമിയെ കൊലക്ക് കൊടുത്തതാണെന്നു തന്നെയാണ് ഈ പ്രസ്താവനയിലെ സൂചന. യൂറോപ്യന്‍ യൂനിയനടക്കമുള്ള പല അന്താരാഷ്ട്ര സ്ഥാപനങ്ങളും ഇതേവിധം പ്രതികരിച്ചിരുന്നു.
ഭീമാ കൊറഗാവിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഫാ. സ്റ്റാന്‍ സ്വാമിയടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും അക്കാദമിസ്റ്റുകളെയും പ്രതിചേര്‍ത്ത് യു.എ.പി.എ നിയമപ്രകാരം കസ്റ്റഡിയിലെടുക്കുന്നത്. വിചാരണാതടവുകാരനായി തുടരുന്നതിനിടെ സ്റ്റാന്‍ സ്വാമി മരണപ്പെടുകയായിരുന്നു. ഭരണകൂടത്തിനെതിരെ പ്രതികരിക്കുകയോ വംശീയ അജണ്ടകളെ എതിര്‍ക്കുകയോ ചെയ്യുന്ന ആരെയും പൂട്ടാനാകുന്ന തരത്തില്‍ ഭീകരനിയമങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ അട്ടിമറിക്കുകയാണ്. അതുകൊണ്ടുതന്നെ ഫാ. സ്റ്റാന്‍ സ്വാമിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.പി.എ എന്ന ഭീകര നിയമത്തെക്കുറിച്ച് പുനരാലോചന നടത്തിയേ മതിയാവൂ.

ഇരകളെ ഉല്‍പാദിപ്പിക്കുന്ന ഭീകര നിയമം
1967-ലാണ് യു.എ.പി.എ നിലവില്‍ വരുന്നത്. വിവിധ രാജ്യദ്രോഹ കുറ്റങ്ങളെ കൈകാര്യം ചെയ്യാനുള്ള കൊളോണിയല്‍ നിയമങ്ങളെ ഏകീകരിച്ചുണ്ടാക്കിയ നിയമമായിരുന്നു അത്. ജനാധിപത്യ രാജ്യത്ത് ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന രാജ്യദ്രോഹ കുറ്റങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ശക്തമായി വാദിച്ചിരുന്നു ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു. അദ്ദേഹത്തിന്റെ മരണശേഷമാണ് രാജ്യദ്രോഹത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ) പടച്ചുണ്ടാക്കപ്പെടുന്നത്. അത് സ്വാഭാവികമായും പിന്നാക്ക-മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ കൂടുതലായി ഉപയോഗിക്കപ്പെട്ടുകൊണ്ടുമിരുന്നു. വന്‍ വ്യവസായമായി മാറിക്കഴിഞ്ഞ സുരക്ഷാ സംവിധാനങ്ങളും ഏറ്റുമുട്ടല്‍ നാടകങ്ങളും ഈ നിയമംകൊണ്ട് ന്യായീകരിക്കപ്പെട്ടു.
2008-ല്‍ മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ അതിന്റെ മറവില്‍ യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ നിയമം ഭേദഗതി വരുത്തി വിപുലീകരിച്ചു. ഏതൊരാളെയും എന്തെങ്കിലുമൊക്കെ ആരോപണം ഉന്നയിച്ച് ടാര്‍ഗറ്റ് ചെയ്യാനും നിരോധിത സംഘടനകളുമായി അയാളെ ബന്ധിപ്പിക്കാന്‍ തെളിവുകള്‍ കെട്ടിച്ചമക്കാനും അങ്ങനെ അവരെ എത്രയും കാലം ജയിലിലടക്കാനും ഇത് പൊലീസിന് സൗകര്യമൊരുക്കി.  ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മുസ്ലിംവേട്ടയുടെ പ്രധാന ടൂളുകളിലൊന്നായിരുന്നു രാജ്യത്ത് പലേടത്തുമുണ്ടായ സ്ഫോടന പരമ്പരകള്‍.  അതിന്റെ പേരില്‍ ഒരുപാട് ചെറുപ്പക്കാരെ ജയിലിലടച്ചു. ഈ കേസുകളെല്ലാം പലതരത്തില്‍ കെട്ടിച്ചമക്കപ്പെട്ടവയാണെന്നും ചില സ്ഫോടനങ്ങള്‍ക്കു പിന്നില്‍ സംഘ് പരിവാര്‍ തന്നെയാണെന്നും പിന്നീട് തെളിയിക്കപ്പെട്ടു. കുറ്റസമ്മതമൊഴികള്‍ പുറത്തുവന്നിട്ടും ആ കേസുകളില്‍ കുടുക്കി ജയിലിലടച്ച നിരപരാധികളായ മുസ്ലിംകളെ സ്വതന്ത്രരാക്കിയില്ല. ഇതിനെല്ലാം യു.എ.പി.എ ഉപയോഗിക്കപ്പെട്ടു. പതിനാല് വര്‍ഷത്തോളം തടവറയില്‍ യുവത്വം നഷ്ടപ്പെട്ട ആമിര്‍ ഖാന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന നന്ദിതാ ഹക്സര്‍ കൂടി ചേര്‍ന്ന് പ്രസിദ്ധീകരിച്ച Framed as a Terrorist പോലുള്ള പുസ്തകങ്ങളില്‍ ഇത്തരം അനുഭവ വിവരണങ്ങള്‍ കാണാം. തുറന്ന പുസ്തകമായി അബ്ദുന്നാസിര്‍ മഅ്ദനി, സകരിയ്യ പോലുള്ളവരുടെ ജീവിതം നമുക്ക് മുന്നിലുണ്ട്. 20 മുതല്‍ 30 വരെ വര്‍ഷങ്ങള്‍ ജയിലില്‍ നഷ്ടമായ പലരുടെയും വിവരണങ്ങള്‍ പിന്നീട് പുറത്തുവരികയുണ്ടായി. വാഹിദ് ശൈഖിന്റെ ബെ ഗുണാഹ് ഖൈദി എന്ന പുസ്തകം മറ്റൊരു ഉദാഹരണമാണ് (മലയാളത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രസിദ്ധീകരിച്ച 'കെട്ടിച്ചമച്ച കേസുകളുടെ ജനകീയ തെളിവെടുപ്പ്,' 'പിന്നെ അവര്‍ എന്നെ തേടിവന്നു' തുടങ്ങിയ പുസ്തകങ്ങളില്‍ യു.എ.പി.എ കേസുകളുടെ വിശദവിവരങ്ങളുണ്ട്; പ്രത്യേകിച്ചും കേരളത്തിലെ കേസുകള്‍).
ഇതിനിടെ റാഡിക്കലൈസേഷന്‍ തിയറിയും മറ്റും  യു.എ.പി.എ കേസുകളുടെ സ്വഭാവം വല്ലാതെ മാറ്റിമറിക്കുന്നുണ്ട്. ഗവേഷകനായ ഷഹ്ദാബ് പെരുമാള്‍ കുറിക്കുന്നത് കാണുക:
''നിലവില്‍ തീവ്രവാദിയല്ലാത്ത എന്നാല്‍, ഭാവിയില്‍ തീവ്രവാദിയായേക്കാവുന്ന ആളുകളെ ഇതിലൂടെ കണ്ടെത്താനാവുമെന്നാണ് റാഡിക്കലൈസേഷന്‍ തിയറി അവകാശപ്പെടുന്നത്. ഇത് ഒരു പ്രവചന അവകാശവാദമാണ്. കാരണം, ഒരാളുടെ മതപരമായ പെരുമാറ്റം കൊണ്ട് ഒരാള്‍ക്ക് ഒരു തീവ്രവാദിയെ കണ്ടെത്താന്‍ കഴിയുമെന്ന് കരുതുന്നുവെങ്കില്‍, അത് ജനകീയ നിരീക്ഷണ സംവിധാനം ആവശ്യപ്പെടുന്നു. യു.എ.പി.എ നിയമത്തിന്റെ ശ്രദ്ധാപൂര്‍വവും മനസ്സാക്ഷിയില്‍നിന്നുള്ളതുമായ വായനയിലൂടെ അത് വലിയ നിരീക്ഷണത്തിന് ഇടം നല്‍കുന്ന ഒന്നാണെന്ന് വ്യക്തമാകും. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് യു.എ.പി.എ നിയമം ഉദ്ദേശിക്കുന്നത്. കൗതുകകരമെന്നു പറയട്ടെ, യു.എ.പി.എ നിയമത്തിന്റെ കേന്ദ്രലക്ഷ്യം തീവ്രവാദത്തെ തടയുകയെന്നതാണ്.
സംശയിക്കപ്പെടുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക വ്യവസ്ഥ നല്‍കുന്നു. 'ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു', 'സംശയിക്കാന്‍ ന്യായമായ കാരണമുണ്ട്', 'തീവ്രവാദത്തിന് തയാറെടുക്കുക', 'ഭീകരതയുടെ വരുമാനം' തുടങ്ങിയ പദങ്ങളെക്കുറിച്ച് നിയമത്തിന്റെ വ്യവസ്ഥകളില്‍ ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നു'' (ജനപക്ഷം, ജൂണ്‍ 2021).
അതായത്, ഒരു യോഗം അല്ലെങ്കില്‍ ഒരാളുടെ കൈയിലുള്ള പണമോ വസ്തുവോ നിയമത്തില്‍ ഒരു തെറ്റുമല്ലാത്ത മറ്റു വല്ലതുമോ, ഇതൊക്കെ അയാള്‍ തീവ്രവാദത്തിന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് ഒരു പൊലീസുദ്യോഗസ്ഥന്‍ സംശയിച്ചാല്‍ മതി, അവിടെ യു.എ.പി.എ വരാം. അടുത്തകാലത്ത് എല്ലാവരെയും വെറുതെവിട്ട പാനായിക്കുളം കേസില്‍ ഇതാണ് സംഭവിച്ചത്. ഒരു  ക്രിമിനല്‍ പ്രവൃത്തിയും അവിടെ നടന്നിട്ടില്ല. എന്നാല്‍ നേരത്തേ പരസ്യപ്പെടുത്തിയ ഒരു പൊതുപരിപാടി ഭീകരത ഉദ്ദേശിച്ച് സംഘടിപ്പിച്ചതാണെന്ന ആരോപണമാണ് എല്ലാം യു.എ.പി.എയില്‍ കൊണ്ടെത്തിച്ചത്.
ഒരു മതവിഭാഗം അല്ലെങ്കില്‍ ഒരു പ്രദേശത്തുള്ളവര്‍ എന്തുചെയ്താലും അത് ഭീകരതയായി ഭരണകൂടത്തിനോ നിയമപാലകര്‍ക്കോ തോന്നിയാല്‍ അവിടെ യു.എ.പി.എ വരും. ഇതാണ് റാഡിക്കലൈസേഷന്‍ തിയറി. ഈയൊരു മാറ്റത്തോടെ വ്യാപകമായ മുസ്ലിം അറസ്റ്റുകളാണ് ഈ നിയമത്തിന്റെ മറപിടിച്ച് നടന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ ഡി.ജി.പി വിരമിക്കുമ്പോള്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ഡിറാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങളെ ഈ പശ്ചാത്തലത്തിലാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

എതിര്‍പ്പുകളെ അടിച്ചൊതുക്കാന്‍ യു.എ.പി.എ
രാജ്യത്തെ മുസ്ലിംകളെ അപരവല്‍ക്കരിക്കുന്നതിനുള്ള നിയമപരമായ വലിയൊരു ടൂളായി യു.എ.പി.എ മാറിയിരുന്നു. ദല്‍ഹി ജാമിഅ മില്ലിയ്യയിലെ അധ്യാപിക പ്രഫ. മനീഷാ സേഥി യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങളെക്കുറിച്ച് പറയുന്നു: ''തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നത് മൂന്നു തരം ആള്‍ക്കാരാണ്. അതിലാദ്യം മുസ്ലിംകള്‍ തന്നെ. പിന്നെയുള്ളത് ഛത്തീസ്ഗഢ്, ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ കോര്‍പറേറ്റ് ഭൂമാഫിയകള്‍ക്കെതിരെ പൊരുതുന്ന ആദിവാസികളും ഗോത്രസമൂഹങ്ങളും മാവോവാദികളെന്ന് മുദ്രകുത്തപ്പെട്ടവരുമാണ്. ഇനിയൊരു കൂട്ടര്‍ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്നവരാണ്. തീര്‍ച്ചയായും ഇതിലേറ്റവും നന്നായി ഭീകരവാദിയെന്ന മുദ്ര ചേരുക മുസ്ലിംകള്‍ക്കാണ്. കാരണം അവരാണ് ഇവിടെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍. 9/11-നു ശേഷമുള്ള ഇസ്ലാമോഫോബിയ സാഹചര്യത്തില്‍ ഇത് വളരെ എളുപ്പവുമാണ്'' (സോളിഡാരിറ്റി പത്രിക, 2017 ജൂണ്‍).
ആദ്യഘട്ടത്തില്‍ മുസ്ലിംകള്‍ക്കെതിരെ കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരുന്ന യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങള്‍ പിന്നീട് മുഴുവന്‍ എതിരാളികള്‍ക്കെതിരെയും വ്യാപകമായി പ്രയോഗിക്കാന്‍ തുടങ്ങി.  മോദി സര്‍ക്കാര്‍ 'അര്‍ബന്‍ നക്സലുകള്‍' എന്നൊരു പ്രയോഗം തന്നെ സംഭാവന ചെയ്തു. അതിന്റെ മറവില്‍ സര്‍ക്കാര്‍-സംഘ് വിമര്‍ശകരെ വ്യാപകമായി അറസ്റ്റ് ചെയ്തു. സ്റ്റാന്‍ സ്വാമിയടക്കമുള്ളവരുടെ കേസുകള്‍ ഈ ഗണത്തില്‍ വരുന്നതാണ്. ദല്‍ഹി യൂനിവേഴ്സിറ്റിയിലെ പ്രഫ. ഹാനി ബാബു അടക്കമുള്ള പലരെയും ഇതുമായി ബന്ധപ്പെടുത്തി യു.എ.പി.എ കേസില്‍ കുടുക്കിയിട്ടുണ്ട്.
കേരളത്തിലും യു.എ.പി.എ പ്രയോഗങ്ങള്‍ നടന്നതു കാണാം. 2014-ല്‍ കതിരൂറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ടപ്പോള്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചാര്‍ത്തുമെന്ന് അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അതുമുതല്‍ രാഷ്ട്രീയ എതിരാളികള്‍ക്കും മറ്റും എതിരെ ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുമെന്ന നിലവന്നു. അന്ന് യു.എ.പി.എക്കെതിരാണ് തങ്ങളെന്ന് വാദിച്ചിരുന്ന ഇടതുപക്ഷം ഭരണത്തിലേറിയപ്പോള്‍ ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ 53 യു.എ.പി.എ കേസുകളാണ് എടുത്തത്. പിന്നീട് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ  മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ എതിരഭിപ്രായമുള്ളവര്‍ക്കെതിരെയും യു.എ.പി.എ പ്രയോഗിക്കാന്‍ തുടങ്ങി. അതാണ് അലന്‍, ത്വാഹ കേസുകള്‍.

യു.എ.പി.എ വിരുദ്ധ രാഷ്ട്രീയം
ഇന്ന് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെയും എതിര്‍ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെയും ഭീകരനിയമങ്ങള്‍ ഉപയോഗിക്കുന്നു എന്ന പൊതുധാരണ ശക്തിപ്പെട്ടത് അതിന് നിമിത്തമായി. സ്റ്റാന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എം.എ ബേബി പ്രതികരിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടിയുടെയും അതിന്റെ സര്‍ക്കാറിന്റെയും നിലപാടിനെയും വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ ഇത്തരം അഭിപ്രായമുള്ളവരും അത് പരസ്യമായി പ്രകടിപ്പിക്കുന്നവരും ഇപ്പോള്‍ ധാരാളമുണ്ട്.
എന്നാല്‍ മുസ്ലിംകള്‍ക്കെതിരെ  ഇത്തരം കരി നിയമങ്ങള്‍ തുടര്‍ച്ചയായി പ്രയോഗിച്ചുകൊണ്ടിരുന്നപ്പോള്‍ അധികമാരും പ്രതികരിക്കാനുണ്ടായിരുന്നില്ല. കേരളത്തില്‍ പോലും രാഷ്ട്രീയ നേതാക്കളോ സാംസ്‌കാരിക പ്രവര്‍ത്തകരോ ഈ കരിനിയമത്തിന്റെ ആദ്യകാല ഇരകളെ പിന്തുണക്കാന്‍ മുന്നോട്ട് വന്നിരുന്നില്ല. ഒരാള്‍ അറസ്റ്റു ചെയ്യപ്പെട്ട് ഇരയാക്കപ്പെടുന്നതോടെ നാട്ടുകാരില്‍നിന്നും വീട്ടുകാരില്‍നിന്നും ആ കുടുംബവും ഒരുപക്ഷേ നാടും തന്നെ ഒറ്റപ്പെട്ടു പോവുകയായിരുന്നു. സന്ദര്‍ശകര്‍ പോലും അവിടങ്ങളിലെത്താന്‍ ഭയപ്പെടുന്ന സാഹചര്യമാണ് പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിച്ചിരുന്നത്. വിരലിലെണ്ണാവുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും സോളിഡാരിറ്റി പോലുള്ള സംഘടനകളുമാണ് ഈ അവസ്ഥയില്‍നിന്ന് ഇപ്പോഴുള്ള രീതിയില്‍ ഒരു പൊതുപ്രശ്‌നമായി അതിനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കാരണമായത്. അന്യായമായി തടവിലാക്കപ്പെടുകയും ഭീകരനിയമങ്ങളുടെ ഇരകളാക്കപ്പെടുകയും ചെയ്യുന്ന ആളുകളുടെ പ്രദേശങ്ങളില്‍ അവര്‍ പൊതുപരിപാടികള്‍ സംഘടിപ്പിച്ചു; അവരുടെ കുടുംബങ്ങളെയും മറ്റും വേദിയിലിരുത്തി ഭരണകൂട ഭീകരതക്കെതിരെ സംസാരിച്ചു. തുടക്കത്തില്‍ ആളുകള്‍ പേടിച്ച് മാറിനിന്നു. പിന്നെ പ്രാദേശികമായി ഇത്തരം കമ്മിറ്റികളില്‍ സഹകരിക്കാന്‍ പലരും സന്നദ്ധരായി. ഇപ്പോള്‍ സംഘ് പരിവാറല്ലാത്ത മിക്കവാറും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരനിയമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നുണ്ട്.
സകരിയ്യ ആക്ഷന്‍ ഫോറത്തിലും മറ്റും സഹകരിച്ചിരുന്ന എം. ജിഷ പറയുന്നു: 'സകരിയ്യ 2009-ലാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സാക്ഷികളെല്ലാം കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കപ്പെട്ടു. എന്നാലും അവര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല. പിന്നീടാണ് സകരിയ്യ ആക്ഷന്‍ ഫോറം രൂപീകരിക്കപ്പെടുന്നത്. ഈ ആക്ഷന്‍ ഫോറത്തിന്റെ ഒരു നട്ടെല്ല് സോളിഡാരിറ്റിയായിരുന്നു. അങ്ങനെ നമുക്ക് കുറേ കാമ്പയിനുകള്‍ വിഷയത്തില്‍ നടത്താന്‍ സാധിച്ചു' ('പോരാട്ടങ്ങളുടെ 10 വര്‍ഷങ്ങള്‍', ഡോക്യുമെന്ററി). ഇതേ അവസ്ഥയായിരുന്നു കേരളത്തില്‍ മൊത്തത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോഴും ഭരണകൂടവും നിയമപാലകരും ബ്രാന്റിംഗിനായും പേടിപ്പെടുത്താനും ഇത്തരം നിയമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും എതിരെ സംസാരിക്കാന്‍ പലരും ധൈര്യം കാണിക്കുന്നുണ്ട്. വയനാട്ടുകാരനായ ഇബ്‌റാഹീം ആറു വര്‍ഷമായി യു.എ.പി.എ ചുമത്തപ്പെട്ട് വിചാരണാത്തടവുകാരനായി കഴിയുകയാണ്. പലതരം രോഗങ്ങള്‍ അലട്ടുന്ന 67-കാരനായ ഇദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പലരും രംഗത്തു വന്നുകഴിഞ്ഞു.

ഫാ. സ്റ്റാന്‍ സ്വാമിയും ക്രിസ്ത്യന്‍ വിഭാഗങ്ങളും
ഇന്ത്യയില്‍ പ്രധാന അപര സമൂഹമായി സംഘ് പരിവാര്‍ സ്ഥാപിച്ചെടുത്തത് മുസ്ലിംകളെയായിരുന്നു. എന്നാല്‍ മറ്റ് ന്യൂനപക്ഷങ്ങളും അവരുടെ ശത്രുക്കളാണെന്ന് 'വിചാരധാര' മുതല്‍ തന്നെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് പിന്‍ബലം നല്‍കുന്ന സംഭവങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. കണ്ഡമാല്‍ കൂട്ടക്കൊല, കന്യാസ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ പോലുള്ളവ അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ക്രിസ്ത്യന്‍ വിഭാഗങ്ങളെ വ്യാപകമായി പലതരത്തില്‍ സ്വാധീനിക്കാന്‍ സംഘ്ശക്തികള്‍ ശ്രമിക്കുന്നുണ്ട്.  ഇപ്പോള്‍ മുസ്ലിംവിരുദ്ധ പ്രചാരണത്തിലും പ്രവര്‍ത്തനങ്ങളിലും ചില ക്രൈസ്തവ വിഭാഗങ്ങള്‍ പങ്കാളികളാകുന്നതും അതിന്റെ ഭാഗം തന്നെ. കേരളീയ പശ്ചാത്തലത്തില്‍ അക്കാര്യം കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.
ഫാ. സ്റ്റാന്‍ സ്വാമി ഒരു കത്തോലിക്കാ പുരോഹിതനാണ്. എന്നാല്‍ അദ്ദേഹത്തിനു വേണ്ടി ശബ്ദിക്കാന്‍ ഒറ്റപ്പെട്ട ചില മനുഷ്യാവകാശ പ്രവര്‍ത്തകരല്ലാതെ ക്രൈസ്തവ വിഭാഗങ്ങളൊന്നും പൊതുവെ രംഗത്തുവന്നിട്ടില്ലെന്നു കാണാം. ഭരണകൂടത്തോട് ഒട്ടിനില്‍ക്കാനുള്ള ഈ പ്രവണത, എല്ലാ ഭരണകൂട ഗൂഢപദ്ധതികളുടെയും പ്രയോക്താക്കളും പ്രചാരകരുമാക്കി അവരെ മാറ്റും. അതിന്റെ ഏറ്റവും വലിയ തെളിവാണ് സ്റ്റാന്‍ സ്വാമി വിഷയത്തിലെ നിശ്ശബ്ദതയും നിഷ്‌ക്രിയത്വവും.
രാജ്യത്ത് ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വലിയ കെണിയാണ് ഇത്. അടുത്തത് തങ്ങളാകാമെന്നുള്ള സാധ്യത പല തരത്തില്‍ വെളിപ്പെട്ടിട്ടും ഭരണകൂട അജണ്ടകളില്‍ വീണ് ഇരകളെ വേട്ടയാടാന്‍ സഹായിക്കുന്ന നിലപാടാണ് പല സംഘങ്ങളും പുലര്‍ത്തുന്നത്. അതിന് അവരെ ഉപയോഗിക്കാന്‍ താല്‍ക്കാലികമായുള്ള ശത്രുതകള്‍ പെരുപ്പിച്ചു കാണിക്കുകയാണ് സംഘ്ശക്തികള്‍. അതിനായി മീഡിയയും പ്രൊപഗണ്ടാ മെഷിനുകളും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.

വേട്ടക്കാര്‍ക്ക് ഇരകളെ ചൂണ്ടിക്കാണിക്കുന്നവര്‍
ക്രിസ്ത്യന്‍ വിഭാഗങ്ങളിലെപോലെതന്നെ, ഭരണകൂടത്തിന്റെ വേട്ടക്ക് ഏറ്റവും കൂടുതല്‍ ഇരകളായിക്കൊണ്ടിരിക്കുന്ന മുസ്ലിംകള്‍ക്കിടയിലും വേട്ടക്കാരെ സഹായിക്കുന്നവരുണ്ട്. യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ പ്രയോഗിക്കേണ്ട മുസ്ലിംകളെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ് ഇത്തരം സംഘങ്ങള്‍. ഇസ്ലാമിസം, മതരാഷ്ട്രവാദം, മതമൗലികവാദം തുടങ്ങി ലോകതലത്തില്‍ തന്നെ ദേശസുരക്ഷാ പദാവലികളില്‍ (Security Discourses) മുഖ്യമായവ ഉപയോഗിച്ച് മുസ്ലിംകളിലെ തന്നെ ചില വിഭാഗങ്ങളെ വേട്ടക്കാര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്.  വോട്ട് രാഷ്ട്രീയത്തിലും മറ്റും ഇറക്കുന്ന ഇസ്ലാം-മുസ്ലിം പേടിയെ ശക്തിപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്.
ഞങ്ങള്‍ നല്ല മുസ്ലിംകളാണ്, അവരാണ് ചീത്ത മുസ്ലിംകള്‍ എന്ന് സ്വയം മേനി പറഞ്ഞ് വേട്ടക്കാര്‍ക്ക് ഇരകളെ പറഞ്ഞുകൊടുക്കുന്നു. തൊട്ടടുത്ത ഇരകള്‍ അവര്‍ തന്നെയായിരിക്കുമെന്ന് അവര്‍ തിരിച്ചറിയുന്നുമില്ല.

ജനാധിപത്യപോരാട്ടം തന്നെ പരിഹാരം
രാജ്യത്തിന്റെ ജനാധിപത്യത്തെയും ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനയെയുമെല്ലാം ഭരണഘടനാ-ജനാധിപത്യ സ്ഥാപനങ്ങള്‍ തന്നെ ഉപയോഗിച്ച് ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍. രാജ്യത്തെ നിയമവ്യവസ്ഥയെപോലും അവര്‍ക്ക് നിയന്ത്രിക്കാനാകുന്നു എന്നാണ് ബാബരി വിധിയാനന്തരമുള്ള നിയമ സംവിധാനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഇവിടെ ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ അതില്‍ വിശ്വസിക്കുന്നവരെല്ലാം കൈകോര്‍ക്കുക  മാത്രമാണ് പരിഹാരം. ഭരണകൂട ഭാഷ്യങ്ങളെയും ഭീകരനിയമങ്ങളെയും ചോദ്യം ചെയ്ത് പരസ്പരം ശക്തിപ്പെടുത്തി ജനാധിപത്യത്തെ സംരക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ഫാ. സ്റ്റാന്‍ സ്വാമിയടക്കമുള്ള പോരാളികള്‍ നമ്മെ അതാണ് ഓര്‍മിപ്പിക്കുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌