Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

യുദ്ധത്തടവുകാര്‍

ടി.കെ.എം ഇഖ്ബാല്‍

സാമ്പ്രദായിക അടിമവ്യവസ്ഥയില്‍ മനുഷ്യര്‍ അടിമകളാക്കപ്പെടുന്നതിന് പലവഴികള്‍ നിലവിലുണ്ടായിരുന്നു. അടിമയായ മാതാവില്‍ ജനിക്കുക, യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുക, മനുഷ്യരെ തട്ടിക്കൊണ്ടുപോയി അടിമകളാക്കുക, സ്വയം അടിമത്തം ഏറ്റുവാങ്ങുക, കുട്ടികളെയും ബന്ധുക്കളെയും അടിമകളാക്കി വില്‍ക്കുക, കടം വീട്ടാത്തതിന്റെ പേരില്‍ അടിമയാക്കുക, ഉപേക്ഷിക്കപ്പെട്ട കുട്ടികളെ അടിമകളാക്കി വളര്‍ത്തുക, കുറ്റങ്ങള്‍ക്ക് ശിക്ഷയായി അടിമയാക്കുക ഇവയായിരുന്നു പ്രധാന വഴികള്‍. പരമ്പരാഗത അടിമകള്‍, യുദ്ധത്തടവുകാര്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ ഒഴികെ മേല്‍പറഞ്ഞ മറ്റെല്ലാ വഴികളിലൂടെയും അടിമകള്‍ ഉണ്ടാവുന്നത് ഇസ്‌ലാം തടഞ്ഞു. അടിമത്തത്തിന്റെ അത്തരം എല്ലാ വാതായനങ്ങളും കൊട്ടിയടച്ചു. സ്വതന്ത്രരായ മനുഷ്യരെ അടിമകളാക്കരുത് എന്ന പ്രവാചക നിര്‍ദേശത്തിലൂടെ സമൂഹത്തില്‍ പുതുതായി അടിമകള്‍ സൃഷ്ടിക്കപ്പെടുന്നത് ഇല്ലാതാക്കി.
പ്രവാചകന്‍ അരുളി: 'മൂന്ന് വ്യക്തികള്‍ക്കെതിരെ അന്ത്യനാളില്‍ ഞാന്‍ സ്വയം വാദിക്കും. എന്നോട് കരാര്‍ ചെയ്ത് അത് ലംഘിക്കുന്നവനാണ് ഒരാള്‍. രണ്ടാമത്തെയാള്‍ സ്വതന്ത്രനെ വിറ്റു അതിന്റെ വില തിന്നുന്നവനാണ്. തൊഴിലാളിയായി പണിയെടുപ്പിച്ച ശേഷം കൂലി കൊടുക്കാത്തവനാണ് മൂന്നാമത്തെയാള്‍.' സ്വതന്ത്രനെ അടിമയാക്കുന്നത് അല്ലാഹുവിന്റെ കടുത്ത കോപത്തിനും ശിക്ഷക്കും കാരണമാക്കുന്ന പ്രവൃത്തിയാണെന്ന് പറയുന്ന വേറെയും നബിവചനങ്ങളുണ്ട്. സ്വതന്ത്രന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുസ്‌ലിംകളെ മാത്രമല്ല, എല്ലാ മനുഷ്യരെയുമാണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. മുസ്‌ലിംകളെ അടിമകളാക്കുന്നത് ഇസ്‌ലാം പ്രത്യേകമായിത്തന്നെ നിരോധിച്ചിട്ടുണ്ട്. ഒരാള്‍ സ്വയം അടിമത്തം സ്വീകരിക്കുന്നതു പോലും ഇസ്‌ലാമിക ശരീഅത്തില്‍ നിഷിദ്ധമായിട്ടാണ് കരുതപ്പെടുന്നത്. എല്ലാ മനുഷ്യരും സ്വതന്ത്രരായിട്ടാണ് ജനിക്കുന്നതെന്നും അവര്‍ ദൈവത്തിന്റെ മാത്രം അടിമകളാണെന്നും സ്വന്തം ശരീരത്തെ മറ്റൊരു മനുഷ്യന് അടിമപ്പെടുത്താന്‍ ഒരാള്‍ക്ക് അവകാശമില്ല എന്നുമുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ് ഇതിന്റെ അടിസ്ഥാനം.
അടിമമോചനത്തിന് നല്‍കിയ വമ്പിച്ച പ്രോത്സാഹനത്തിലൂടെയും അതിനു വേണ്ടി സ്വീകരിച്ച ധാര്‍മികവും പ്രായോഗികവുമായ നടപടികളിലൂടെയും പരമ്പരാഗത അടിമകളുടെ എണ്ണം ഇസ്‌ലാം കുറച്ചുകൊണ്ടുവന്നു. പ്രവാചകന്റെയോ നാല് ഖലീഫമാരുടെയോ കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിനകത്ത് ഒരു അടിമച്ചന്ത പോലും ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടിമകളെ പരസ്യമായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം ഏറക്കുറെ ഇല്ലാതായി. അടിമത്തിന്റെ ഒരു കവാടം മാത്രമാണ് പിന്നീട് തുറന്നു കിടന്നത് - യുദ്ധം. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളും പുരുഷന്മാരും അന്നത്തെ യുദ്ധരീതിയനുസരിച്ച് അടിമകളാക്കി മാറ്റപ്പെടുമായിരുന്നു. യുദ്ധത്തടവുകാരെ അടിമകളാക്കാന്‍ ഇസ്‌ലാം അനുമതി നല്‍കിയെങ്കിലും അത് നിര്‍ബന്ധമോ അനിവാര്യമോ ആയിരുന്നില്ല. യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്നതിന് നിര്‍ദേശിച്ച പല രീതികളില്‍ ഒന്നു മാത്രമായിരുന്നു അത്. ഈ വിഷയം സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി 'ജിഹാദ്' എന്ന തന്റെ പ്രശസ്തമായ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചത് അല്‍പം വിശദമായി ഇവിടെ ഉദ്ധരിക്കാം:
''യുദ്ധത്തടവുകാരെ അടിമകളാക്കാനുള്ള നിയമം ഇസ്‌ലാമില്‍ ഉണ്ടെന്നുള്ളത് വസ്തുതയാണ്. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്താനുള്ള അനുവാദവും ഇസ്‌ലാമില്‍ ഉണ്ട്. പക്ഷേ, അതിന്റെ ന്യായവും യാഥാര്‍ഥ്യവും മനസ്സിലാകണമെങ്കില്‍ ചില കാര്യങ്ങള്‍ ഗ്രഹിക്കേണ്ടതുണ്ട്. ഒന്നാമതായി, അക്കാലത്ത് യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യാനുള്ള നിയമം ഉണ്ടായിരുന്നില്ല. മുസ്‌ലിംകളില്‍ ആരെങ്കിലും ശത്രുക്കളുടെ അടുക്കല്‍ ബന്ദിയായാല്‍ അവര്‍ അടിമകളാക്കപ്പെട്ടിരുന്നു. അതിനാല്‍ മുസ്‌ലിംകള്‍ക്കും അങ്ങനെ ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു. എന്നാല്‍ കൈമാറ്റം ചെയ്യാനുള്ള അവസരം കിട്ടുമ്പോഴൊക്കെ മുസ്‌ലിംകള്‍ അത് സസന്തോഷം സ്വീകരിക്കുകയും ചെയ്തിരുന്നു.....
രണ്ടാമതായി, യുദ്ധത്തില്‍ ചിലപ്പോള്‍ ഒരു നഗരത്തിലെ പുരുഷന്മാരില്‍ അധികവും കൊല്ലപ്പെട്ടുവെന്ന് വരാം. ചിലപ്പോഴൊക്കെ ഒരു പ്രദേശത്തെ ആയുധമെടുക്കാന്‍ കഴിയുന്ന മുഴുവന്‍ ആളുകളും കൊല്ലപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന്, ജേതാക്കളായ ജനതക്ക് അവരുടെ സംരക്ഷണം ഏറ്റെടുക്കുകയല്ലാതെ മറ്റൊരു രൂപവും സാധ്യമാവുകയില്ല.......
മൂന്നാമതായി, യുദ്ധത്തടവുകാരെ അടിമകളാക്കാന്‍ അനുവാദം നല്‍കുക മാത്രമാണ് ഇസ്ലാം ചെയ്തത്. അതൊരിക്കലും ഒരാജ്ഞയല്ല. ഈ അനുവാദം ഉപയോഗപ്പെടുത്തലും ഉപയോഗപ്പെടുത്താതിരിക്കലും മുസ്‌ലിംകളുടെ വിവേചനാധികാരത്തിന്റെ ഭാഗമാണ്. എങ്കിലും സച്ചരിതരായ ഖലീഫമാരുടെ പ്രവര്‍ത്തന രീതിയില്‍നിന്ന് മനസ്സിലാകുന്നത്, ഉപയോഗപ്പെടുത്താതിരിക്കലാണ് ഉത്തമം എന്നാണ്. ഈജിപ്ത്, ശാം, ഇറാഖ്, ആഫ്രിക്ക, അര്‍മീനിയ, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നടത്തിയ വിജയകരമായ പടയോട്ടത്തില്‍ തദ്ദേശീയരായ ലക്ഷക്കണക്കിന് ആളുകള്‍ തടവുകാരാക്കപ്പെട്ടിരുന്നു. എന്നിട്ടും അവരില്‍ വളരെക്കുറച്ചു പേരെയല്ലാതെ അടിമകളാക്കിയില്ല. സൈന്യാധിപന്‍ അടിമകളാക്കിയവരെ ഖലീഫ അറിഞ്ഞ മാത്രയില്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട എത്രയോ സന്ദര്‍ഭങ്ങളുണ്ട്....
നാലാമതായി, യുദ്ധത്തില്‍ പിടിക്കപ്പെട്ട ആളുകളെ മാത്രം അടിമകളാക്കാനേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. സ്വതന്ത്രരായ ആളുകളെ പിടികൂടി അടിമകളാക്കുന്ന സമ്പ്രദായം പ്രാചീന കാലത്ത് നിലവിലുണ്ടായിരുന്നു. ഇസ്‌ലാം അത് കര്‍ശനമായി വിലക്കി'' (ജിഹാദ്: പേജ് 221- 223. മലയാളം പരിഭാഷ.
പ്രസാധനം ഐ.പി.എച്ച്.).

യുദ്ധത്തടവുകാരെ നാലു രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇസ്‌ലാമില്‍ അനുവാദമുണ്ട്. ഒന്ന്: പ്രതിഫലം വാങ്ങാതെ വിട്ടയക്കുക. അങ്ങനെ ചെയ്യുന്നത് കൊണ്ട് ഇസ്‌ലാമിക രാഷ്ട്രത്തിനും സമൂഹത്തിനും ദോഷമില്ലെന്ന് ബോധ്യപ്പെടുകയാണെങ്കില്‍.
രണ്ട്: ശത്രുക്കള്‍ ബന്ദികളാക്കിയ  മുസ്ലിംകള്‍ക്ക് പകരമായി അവരെ കൈമാറുക.
മൂന്ന്: പ്രതിഫലം വാങ്ങി വിട്ടയക്കുക. നാല്: അടിമകളായി പരിഗണിച്ചു കൊണ്ട് അവരുടെ സംരക്ഷണം മുസ്ലിം യോദ്ധാക്കള്‍ക്ക് ഏല്‍പിച്ചുകൊടുക്കുക.
സ്ത്രീകളെയും പുരുഷന്മാരെയും ബന്ധനസ്ഥരാക്കി അടിമകളാക്കി മാറ്റുക എന്നതും ഇങ്ങനെ ലഭിക്കുന്ന അടിമസ്ത്രീകളെ നിര്‍ബാധം ലൈംഗികാസ്വാദനത്തിന് ഉപയോഗിക്കുക എന്നതും അക്കാലത്തെ യുദ്ധങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. യുദ്ധത്തില്‍ പിടിക്കപ്പെട്ടാല്‍ തങ്ങള്‍  അടിമകളാക്കപ്പെടും എന്ന് യുദ്ധത്തിലേര്‍പ്പെടുന്ന ഇരുപക്ഷത്തിനും അറിയാമായിരുന്നു. ഇതറിഞ്ഞു കൊണ്ടു തന്നെയാണ് പുരുഷന്മാരോടൊപ്പം സ്ത്രീകളും യുദ്ധത്തില്‍ പങ്കെടുത്തിരുന്നത്. യുദ്ധത്തടവുകാരെ അടിമകളാക്കുന്നത് ഇസ്‌ലാം ഏകപക്ഷീയമായി നിരോധിച്ചിരുന്നെങ്കില്‍ യുദ്ധങ്ങളില്‍ മുസ്‌ലിംകള്‍ മാത്രം അടിമകളാക്കപ്പെടുന്ന അവസ്ഥ വരും. തങ്ങളും തങ്ങളുടെ സ്ത്രീകളും അടിമകളാക്കപ്പെട്ടേക്കാം എന്ന ഭയം ഇരുപക്ഷത്തെയും യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഒരു ഘടകം കൂടിയായിരുന്നു. ശത്രുക്കള്‍ക്ക് ഈ ഭയം ഇല്ലാതാവുന്നതോടെ മുസ്‌ലിംകളെ കടന്നാക്രമിക്കാന്‍ അത് പ്രചോദനമായിത്തീരും. മുസ്‌ലിം തടവുകാര്‍ മാത്രം യുദ്ധത്തിന്റെ ബലിയാടുകളായി മാറും. ഇത്തരം ഒരു സാഹചര്യത്തില്‍ മറ്റു വഴികള്‍ ഇല്ലാതാവുമ്പോള്‍ യുദ്ധത്തടവുകാരെ അടിമകളാക്കുക എന്നത് രാഷ്ട്രീയവും നയതന്ത്രപരവുമായ ഒരനിവാര്യതയായിരുന്നു. യുദ്ധം വേണ്ട എന്ന് ഏതെങ്കിലും ഭരണകൂടത്തിന് ഏകപക്ഷീയായി തിരുമാനിക്കാനുള്ള സാഹചര്യം പോലും അന്ന് ലോകത്ത് നിലവിലുണ്ടായിരുന്നില്ല. ആരെങ്കിലും അങ്ങനെ തീരുമാനിച്ചാല്‍ അവരെ മറ്റുള്ളവര്‍ ആക്രമിച്ചു കീഴടക്കുക എന്നതാണ്, യുദ്ധത്തിലൂടെ ശക്തിയും അധികാരവും തീരുമാനിക്കപ്പെടുന്ന ഒരു ലോകക്രമത്തില്‍ സംഭവിക്കുക.
രക്തരൂഷിതമായ പടയോട്ടങ്ങളിലൂടെ നാടുകള്‍ ജയിച്ചടക്കുകയും സ്വതന്ത്രരായ മനുഷ്യരെ മുഴുവന്‍ അടിമകളാക്കി മാറ്റി ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഒരു സമ്പ്രദായത്തിന് അറുതി വരുത്തുകയാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാം ചെയ്തത്. യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്നതിന് നിരുപാധികമായ മോചനം ഉള്‍പ്പെടെ നിരവധി വഴികള്‍ സ്വീകരിച്ചു. അടിമകളാക്കി മാറ്റുക എന്നത് അതില്‍ ഒരു വഴി മാത്രമായിരുന്നു. അങ്ങനെ അടിമകളാക്കപ്പെടുന്ന സ്ത്രീകളെയും പുരുഷന്മാരെയും നിര്‍ബാധമായ ചൂഷണത്തിന് വിട്ടുകൊടുക്കാതെ വ്യക്തമായ നിയമങ്ങളോടെയും നിയന്ത്രണങ്ങളോടെയും ഉടമയുടെ സംരക്ഷണത്തിനു കീഴില്‍ കൊണ്ടു വന്നു. യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടുക എന്നതല്ല, അതില്‍ ഇടപെട്ടുകൊണ്ട് മനുഷ്യര്‍ക്ക് നീതിയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പു വരുത്തുക എന്നതാണ് ഇസ്‌ലാമിന്റെ രീതി.
ഇസ്‌ലാമിക നിയമപ്രകാരം, യുദ്ധത്തില്‍ പിടിക്കപ്പെട്ട് അടിമകളാക്കി മാറ്റപ്പെടുന്ന സ്ത്രീകളുടെ പൂര്‍വ വിവാഹങ്ങള്‍ ഫലത്തില്‍ റദ്ദ് ചെയ്യപ്പെടും. വിവാഹബന്ധത്തിലിരിക്കെ ലൈംഗിക ബന്ധം അനുവദിക്കപ്പെട്ടവര്‍ എന്ന് ഖുര്‍ആന്‍ പറയുന്നത് ഈ വിഭാഗത്തെക്കുറിച്ചാണ്.
''വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. ഇത് നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ നിയമമത്രെ.....'' (ഖുര്‍ആന്‍ 4: 24).  ഇങ്ങനെ വിവാഹമോചിതരാവുന്നവരുടെ ഇദ്ദാ കാലഘട്ടം ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതു വരെയും ആര്‍ത്തവകാരികളാണെങ്കില്‍ ഒരു ആര്‍ത്തവ കാലം കഴിയുന്നതു വരെയുമാണ്. അതിനു മുമ്പ് അവരെ വിവാഹം ചെയ്യാനോ അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനോ ഉടമകള്‍ക്ക് അധികാരമില്ല. മാതാപിതാക്കളും കുട്ടികളും യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടാല്‍ അവരെ പരസ്പരം വേര്‍പെടുത്താന്‍ ഇസ്‌ലാമിക നിയമം അനുവദിക്കുന്നില്ല.
അനിവാര്യ സാഹചര്യത്തില്‍ യുദ്ധത്തടവുകാരെ അടിമകളാക്കാന്‍ മാത്രമാണ് ഇസ്‌ലാമില്‍ അനുവാദമുള്ളത്. അങ്ങനെ അടിമകളാക്കപ്പെടുന്നവരെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കാന്‍ പാടില്ല. അതുപോലെ, ദിമ്മികള്‍ എന്ന് അറിയപ്പെട്ടിരുന്ന ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്മാരെ അടിമകളാക്കി മാറ്റാന്‍ ഇസ്‌ലാമിക നിയമം അനുവാദം നല്‍കുന്നില്ല; അവര്‍ ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെ കലാപം നടത്തിയാല്‍ പോലും. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ശത്രുക്കള്‍ ദിമ്മികളെ തടവിലാക്കി അടിമകളാക്കി മാറ്റിയാല്‍ ശരീഅത്ത് അനുസരിച്ച് ആ നടപടി നിയമവിരുദ്ധമാണ്. അവര്‍ നിയമവിധേയമായ അടിമകളായി പരിഗണിക്കപ്പെടുകയില്ല. ദിമ്മികളായ പരമ്പരാഗത അടിമകളെ സ്വന്തം മതത്തില്‍ വിശ്വസിക്കാനും അത് ആചരിക്കാനും അനുവദിക്കണം.
ഇസ്‌ലാമിക സമൂഹത്തില്‍ അടിമകളുടെ പദവിയെക്കുറിച്ച് സയ്യിദ് മൗദൂദി എഴുതുന്നു:
''ഇസ്‌ലാമിക നിയമത്തില്‍ അടിമകള്‍ക്ക് ഏറക്കുറെ സ്വതന്ത്രന്നുള്ള അത്ര തന്നെ വിശാലമായ അവകാശങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അവരുടെ ധനം കവരുന്നവര്‍ക്കും അവരെ കൊല ചെയ്യുന്നവര്‍ക്കും അവരുടെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നവര്‍ക്കും അവര്‍ അടിമകളായിരുന്നാലും സ്വതന്ത്രരായിരുന്നാലും, സ്വതന്ത്രരായ ആളുകളോട് ഇതേ കുറ്റം ചെയ്താലുള്ള ശിക്ഷ തന്നെ നിശ്ചയിച്ചു. ഇപ്രകാരം അവരുടെ സ്വത്തിനു മേല്‍ അവര്‍ക്ക് ഉടമാവകാശം അംഗീകരിച്ചു. തങ്ങളുടെ സ്വകാര്യ സ്വത്തില്‍ ക്രയവിക്രയം ചെയ്യാന്‍ സ്വതന്ത്രമായ അധികാരവും നല്‍കി. അവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി അവരുടെ സ്വത്തില്‍ എന്തെങ്കിലും ഇടപാട് നടത്താനോ അവര്‍ക്ക് ശാരീരികമായ എന്തെങ്കിലും ഉപദ്രവങ്ങള്‍ ഏല്‍പിക്കാനോ അവരുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുമായി അനുവദനീയമല്ലാത്ത ബന്ധം പുലര്‍ത്താനോ അവരുടെ ഉടമകള്‍ക്ക് പോലും അവകാശമുണ്ടായിരുന്നില്ല'' (ജിഹാദ് - മലയാള പരിഭാഷ, പേജ് 226).

അടിമത്തം പില്‍ക്കാല ഇസ്‌ലാമിക സമൂഹത്തില്‍

പ്രവാചകന്‍ ആഗതനാവുന്ന കാലത്ത് നിലവിലുണ്ടായിരുന്ന തരത്തിലുള്ള മനുഷ്യത്വഹീനമായ അടിമസമ്പ്രദായത്തെ ആന്തരികമായ പരിഷ്‌കരണങ്ങളിലൂടെ ഇസ്‌ലാം ഏറക്കുറെ ഇല്ലാതാക്കി എന്നു പറയാം. അടിമ മോചനത്തിനുള്ള വിപുലവും വൈവിധ്യമാര്‍ന്നതുമായ നടപടികളിലൂടെ ഇസ്‌ലാമിക സമൂഹത്തില്‍ അടിമകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പക്ഷേ, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വ്യാപനത്തോടെ യുദ്ധത്തടവുകാരായും അല്ലാതെയും ധാരാളം അടിമകള്‍ ഇസ്‌ലാമിക സമൂഹത്തിലേക്ക് വീണ്ടും കടന്നുവന്നു. ഇസ്‌ലാമിക ഖിലാഫത്ത് രാജവാഴ്ചക്ക് വഴിമാറിയതും സുഖലോലുപരായ രാജാക്കന്മാര്‍ അവരുടെ കൊട്ടാരങ്ങള്‍ അടിമകളെക്കൊണ്ട് നിറച്ചതും ഈ പ്രവണതക്ക് ആക്കം കൂട്ടി എന്നു പറയാം. നൂറ്റാണ്ടുകളോളം അടിമകള്‍ വിശാലമായ ഇസ്‌ലാമികലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി നിലകൊണ്ടു. വലിയ ഒരു ജനസഞ്ചയത്തിന്റെ സാമ്പത്തികവും തൊഴില്‍പരവുമായ ആവശ്യങ്ങള്‍ക്ക് അടിമകള്‍ ഒരനിവാര്യതയായിരുന്നു എന്നതാവാം ഇതിന്റെ കാരണം. ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും അപ്പോഴും അടിമത്തം നിലനിന്നിരുന്നു എന്നതും ഒരു കാരണമാവാം. അടിമത്തം നിയമം മൂലം നിരോധിക്കാനുള്ള സാമൂഹിക, സാമ്പത്തിക സാഹചര്യം അപ്പോഴും രൂപപ്പെട്ടിരുന്നില്ല. സ്വതന്ത്രരായ മനുഷ്യരെയും മുസ്‌ലിംകളെയും ദിമ്മികളെയും അടിമകളാക്കുന്നത് ഇസ്‌ലാം കര്‍ശനമായി നിരോധിച്ചതുകൊണ്ട്, അടിമകളാക്കപ്പെട്ട യുദ്ധത്തടവുകാരും, ഇസ്‌ലാമിക ലോകത്തിന്റെ പുറത്തു നിന്ന് അടിമവ്യാപാരത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അമുസ്‌ലിംകളായ പരമ്പരാഗത അടിമകളും മുസ്‌ലിം സമൂഹങ്ങളിലേക്ക് ധാരാളമായി കടന്നുവന്നു. അടിമത്തത്തോടുള്ള ഇസ്‌ലാമിന്റെ വിപ്ലവകരവും വിമോചനപരവുമായ ഇടപെടലിന് നിരക്കുന്നതായിരുന്നില്ല ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ വരെ ചില മുസ്‌ലിം നാടുകളില്‍ അടിമത്തം നിയമവിധേയമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും അടിമത്തം നിയമം മൂലം നിരോധിക്കാന്‍ നടപടികള്‍ സ്വീകരിച്ചതോടെ മുസ്‌ലിം രാഷ്ട്രങ്ങളുടെ മേലും അടിമത്ത നിരോധം ഏര്‍പ്പെടുത്താനുള്ള രാഷ്ട്രീയ സമ്മര്‍ദമുണ്ടായി. ഇസ്‌ലാം അടിമത്തം നിരോധിച്ചിട്ടില്ല എന്ന ന്യായം പറഞ്ഞുകൊണ്ട് ചില പണ്ഡിതന്മാര്‍ നിരോധനനീക്കത്തെ എതിര്‍ത്തുവെങ്കിലും മുസ്‌ലിം ഭരണകൂടങ്ങളും പണ്ഡിതന്മാരില്‍ വലിയ ഒരു വിഭാഗവും ഇസ്‌ലാമിക തത്ത്വങ്ങളില്‍ നിന്നു കൊണ്ടു തന്നെ നിരോധനത്തെ അനുകൂലിക്കുകയാണ് ചെയ്തത് (ഇതു സംബന്ധമായ വിശദമായ വിവരങ്ങള്‍ ജോനാഥന്‍ എ. സി ബ്രൗണിന്റെ നേരത്തേ പരാമര്‍ശിച്ച പുസ്തകത്തില്‍ കാണാം. ഇസ്‌ലാം സ്വീകരിച്ച് ഇസ്‌ലാമിക പണ്ഡിതനായി മാറിയ, അമേരിക്കക്കാരനായ ബ്രൗണിന്റെ പുസ്തകം ഈ വിഷയത്തിലെ ഏറ്റവും വിശദവും സര്‍വതലസ്പര്‍ശിയുമായ പഠനങ്ങളിലൊന്നാണ്).
ആദ്യകാല ഇസ്‌ലാമിക സമൂഹത്തില്‍ അടിമകള്‍ക്ക് ലഭിച്ചിരുന്ന ഉന്നതമായ മാനുഷിക പരിഗണനയില്‍നിന്ന് ചില വ്യതിചലനങ്ങള്‍ പില്‍ക്കാല ഇസ്‌ലാമിക ചരിത്രത്തില്‍ സംഭവിച്ചതായി ബ്രൗണ്‍ രേഖപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിന്റെ വ്യക്തമായ നിര്‍ദേശങ്ങള്‍ പോലും പലപ്പോഴും ലംഘിക്കപ്പെട്ടിരുന്നു. ദിമ്മികളും മുസ്‌ലിംകളും പലപ്പോഴും അടിമകളാക്കപ്പെട്ടിരുന്നു. ഇസ്‌ലാമിലെ വിവിധ മദ്ഹബുകള്‍ അടിമകളുമായി ബന്ധപ്പെട്ട വിശദമായ നിയമങ്ങളും കര്‍മശാസ്ത്ര വിധികളും ആവിഷ്‌കരിച്ചതും ഇക്കാലയളവിലാണ്. അടിമകളുമായി ബന്ധപ്പെട്ട് പില്‍ക്കാലത്ത് രൂപപ്പെട്ട ഇസ്‌ലാമികനിയമങ്ങളില്‍ ഇതര മതങ്ങളിലും സമൂഹങ്ങളിലും നിലനിന്ന ചില ആചാരങ്ങളുടെ  സ്വാധീനവും കണ്ടെത്താന്‍ കഴിയും. പണ്ഡിതന്മാര്‍ അവര്‍ ജീവിക്കുന്ന ചുറ്റുപാടിന്റെയും സാഹചര്യങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് നിയമങ്ങള്‍ നിര്‍മിക്കുകയാണ് ചെയ്തത്. അടിമയുടെ സ്വത്തവകാശം, അടിമ കൊല്ലപ്പെട്ടാലുള്ള പ്രതിക്രിയ തുടങ്ങി നിരവധി വിഷയങ്ങളില്‍ അടിമയെ സ്വതന്ത്രരുടെ അതേ നിലയില്‍ പരിഗണിച്ച്  അഭിപ്രായം പറഞ്ഞ പ്രഗത്ഭരായ പണ്ഡിതന്മാരുണ്ടായിരുന്നു. ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ അടിമകളുടെ മാനുഷികമായ അവകാശങ്ങളെ ഊന്നിപ്പറയുന്ന കര്‍മശാസ്ത്രവിധികള്‍ കൊണ്ട് സമ്പന്നമാണ് വിവിധ മദ്ഹബുകള്‍. നാട്ടുനടപ്പനുസരിച്ച് മാന്യമെന്ന് കരുതപ്പെടുന്ന വസ്ത്രം അടിമകള്‍ക്ക് നല്‍കണം എന്നാണ് പണ്ഡിതാഭിപ്രായം. ഇത് നഗ്നത (ഔറത്ത്) മറയ്ക്കാന്‍ സഹായിക്കുന്നത് മാത്രം ആയാല്‍ പോരാ, പ്രതികൂല കാലാവസ്ഥകളില്‍ ശരീരത്തിന് സംരക്ഷണം നല്‍കുന്നത് കൂടിയായിരിക്കണം. ഇതര നാടുകളില്‍നിന്ന് അടിമവ്യാപാരത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അടിമകളെ സ്വീകരിക്കുന്നത് അനുവദനീയമാണോ എന്നതുമായി ബന്ധപ്പെട്ട ധാരാളം ചര്‍ച്ചകള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ നടന്നിരുന്നു. നിരവധി പണ്ഡിതന്മാര്‍ അതിനെ എതിര്‍ത്തുവെങ്കിലും സമൂഹത്തില്‍ പൊതുവെ അത് അംഗീകരിക്കപ്പെട്ടിരുന്നു എന്ന് ബ്രൗണ്‍ പറയുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്മാരില്‍നിന്ന് അടിമകളെ വിലയ്ക്കു വാങ്ങുന്നത് ഖലീഫാ ഉമര്‍ നിരോധിച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മേല്‍ പറഞ്ഞ പുസ്തകത്തിലെ 'അടിമത്തം ഇസ്‌ലാമിക ശരീഅത്തില്‍' എന്ന അധ്യായത്തിന്റെ സമാപനമായി ബ്രൗണ്‍ എഴുതുന്നു:
''ശരീഅത്തിന്റെ നിയമവിധികളായാലും ഇസ്‌ലാമിക സദാചാര തത്ത്വങ്ങളായാലും, രിഖ് (ഇസ്‌ലാമിലെ അടിമസമ്പ്രദായത്തിന് പറയുന്ന പേര്) പ്രയോഗത്തില്‍ എങ്ങനെ നിലനിന്നുവെന്നത് ഒന്നാമതായും കുടുംബത്തിനകത്തും പൊതുജീവിതത്തിന്റെ അനൗപചാരിക ഇടങ്ങളിലും തീരുമാനിക്കപ്പെട്ട കാര്യങ്ങളായിരുന്നു. ഒരു അടിമ കോടതിയുടെയോ സമൂഹ നേതൃത്വത്തിന്റെയോ മുമ്പില്‍ പരാതിപ്പെടാത്ത കാലത്തോളം,  നിയമങ്ങളുടെ മേല്‍നോട്ടം കുടുംബങ്ങളിലും സമൂഹങ്ങളിലും ഉടമകളിലും നിക്ഷിപ്തമായിരുന്നു.
രിഖിന്റെ തിയറിയും ശരീഅത്തില്‍ അതിന്റെ മാതൃകാപരമായ പ്രയോഗവല്‍ക്കരണവും മനസ്സിലാക്കേണ്ടത് ഇസ്‌ലാമിലെ അടിമത്തത്തിന്റെ ധാര്‍മിക പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ അനിവാര്യമാണ്. അതേസമയം രിഖ് ഒരു യാഥാര്‍ഥ്യമായിരുന്നു. ഇസ്‌ലാമിക നാഗരികതയില്‍ അതെങ്ങനെ പ്രയോഗവല്‍ക്കരിക്കപ്പെട്ടു എന്നതുമായി നാം രാജിയാവാതെ തരമില്ല'' (Jonathan A C Brown - Slavery and Islam).

അടിമത്തത്തിന്റെ നിഷേധാത്മകമായ ചില വശങ്ങള്‍ നിലനിന്നുവെങ്കിലും ഇസ്‌ലാമിക സമൂഹത്തിലെ 'രിഖ്' ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിലനിന്ന സാമ്പ്രദായിക അടിമത്തത്തില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു അപ്പോഴും. അടിമകള്‍ക്ക് സമൂഹത്തില്‍ ലഭിച്ച ഉയര്‍ന്ന പദവികളും അടിമമോചനത്തിന് മുസ്‌ലിം സമൂഹങ്ങള്‍ നല്‍കിയ പ്രാധാന്യവും അതിന്റെ തെളിവായി ബ്രൗണ്‍ ചൂണ്ടിക്കാണിക്കുന്നു.
 
(അവസാനിച്ചു)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌