Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

ജ്ഞാനാന്വേഷണത്തിന്  സമര്‍പ്പിച്ച ജീവിതം

കെ.എ ഖാദര്‍ ഫൈസി/ ബഷീര്‍ തൃപ്പനച്ചി 

1950-ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിലാണ് എന്റെ ജനനം. പിതാവ് കോര്‍മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍ അറിയപ്പെട്ട മുദര്‍രിസും മതപ്രഭാഷകനുമായിരുന്നു. കോര്‍മത്ത് കുടുംബത്തിന്റെ വേരുകള്‍ അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ മകന്‍ അബ്ദുര്‍റഹ്മാന്റെ സന്താനപരമ്പരയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്ന് കുറേ പേര്‍ കായല്‍പട്ടണത്ത് വന്നു താമസമാക്കി. അവിടെനിന്ന് അവരില്‍ ചിലര്‍ തിരൂരങ്ങാടി പള്ളിയുടെ അടുത്ത് വന്ന് താമസമുറപ്പിച്ചു. എല്ലാവരും ദീനീരംഗത്ത് പ്രവര്‍ത്തിക്കുന്നവരായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് അവര്‍ പിന്നീട് വ്യാപിച്ചു. മഞ്ചേരിയിലും കൊടിയത്തൂരിലുമൊക്കെ ഇന്ന് കോര്‍മത്ത് കുടുംബങ്ങളുണ്ട്.
ഉപ്പ ദീനീവിദ്യാഭ്യാസരംഗത്തായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. വിവിധ പള്ളിദര്‍സുകളില്‍ മുദര്‍രിസായിരുന്നു അദ്ദേഹം. വെല്ലൂര്‍ ബാഖിയാത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതനായിരുന്നു. അതിനാല്‍ സമസ്തയുടെ നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തികള്‍ക്കും അന്നത്തെ പ്രമുഖ മുദര്‍രിസുകള്‍ക്കും ഉപ്പയെ വ്യക്തിപരമായി അറിയാമായിരുന്നു. എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ചപ്പോഴും ഒരു പ്രത്യേക സംഘടനാ സംവിധാനത്തോടും ഉപ്പ ആഭിമുഖ്യവും വിധേയത്വവും കാണിച്ചിരുന്നില്ല. കെ. മൊയ്തു മൗലവി ഉപ്പയുടെ സഹപാഠിയായിരുന്നു. കെ.സി അബ്ദുല്ല മൗലവി അദ്ദേഹത്തിന്റെ ഗുരുനാഥനുമായിരുന്നു. അതിനാല്‍ അവര്‍ക്കും ഉപ്പയുമായി അടുപ്പവും ബന്ധവുമുണ്ടായിരുന്നു. ഒരു മുദര്‍രിസും പണ്ഡിതനുമെന്ന നിലക്ക് നാട്ടിലെ ജമാഅത്ത് പ്രവര്‍ത്തകരും ഉപ്പയെ സമീപിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഒരാളെയും ഉപ്പ അകറ്റിനിര്‍ത്തിയിരുന്നില്ല. പാരമ്പര്യ പള്ളി ദര്‍സുകളിലും മഹല്ല് സംവിധാനത്തിനുമൊപ്പം തന്നെ നിലയുറപ്പിച്ച് ഉപ്പ എല്ലാവരോടും നല്ല രീതിയില്‍ ബന്ധം തുടര്‍ന്നു.
ഉമ്മ സൈനബ എന്റെ രണ്ടാം വയസ്സില്‍ മരണപ്പെട്ടു. സന്താനമായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ഉപ്പ പുനര്‍വിവാഹിതനായി. അതിലെനിക്ക് രണ്ട് സഹോദരന്മാരും രണ്ട് സഹോദരികളുമുണ്ട്. സഹോദരന്മാരായ അബ്ദുര്‍റഹ്മാനും അബൂബക്കര്‍ അഹ്‌സനിയും ദീനീസേവനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. എ.പി വിഭാഗം സമസ്തയുടെ പ്രസിഡന്റും ഞങ്ങള്‍ മൂന്ന് സഹോദരന്മാരുടെയും ഉസ്താദുമായ ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ മകളെയാണ് അനിയന്‍ അബൂബക്കര്‍ അഹ്‌സനി വിവാഹം ചെയ്തിരിക്കുന്നത്. എന്റെ പെങ്ങളുടെ മകളെ വിവാഹം ചെയ്തത് സുലൈമാന്‍ മുസ്‌ലിയാരുടെ മകനുമാണ്.

പഠനവും അധ്യാപനവും

തോട്ടശ്ശേരിയറ എല്‍.പി സ്‌കൂളിലും അവിടെയുള്ള സുല്ലമുസ്സലാം മദ്‌റസയിലുമാണ് എന്റെ വിദ്യാഭ്യാസത്തിന്റെ തുടക്കം. അഞ്ചാം ക്ലാസ് വരെയായിരുന്നു അന്ന് എല്‍.പി സ്‌കൂള്‍. മദ്‌റസയില്‍ ക്ലാസ് സംവിധാനങ്ങളോ നിര്‍ണിത സിലബസോ ഉണ്ടായിരുന്നില്ല. ഖുര്‍ആന്‍ ഓതാനും പിന്നെ അമലിയ്യാത്ത്, ദീനിയ്യാത്ത് തുടങ്ങിയ ചില കിതാബുകളിലൂടെ അടിസ്ഥാന വിഷയങ്ങളും പഠിപ്പിക്കും. അഞ്ചാം ക്ലാസ് ഫൈനല്‍ പരീക്ഷയില്‍ സ്‌കൂളില്‍ ഏറ്റവുമധികം മാര്‍ക്ക് നേടിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ ഞാനായിരുന്നു. സ്‌കൂളില്‍ അനുമോദന പരിപാടിയും സമ്മാനദാനവുമൊക്കെ സംഘടിപ്പിച്ചതായി ഓര്‍ക്കുന്നു. ഇംഗ്ലീഷ് ഭാഷാ പഠനത്തില്‍ സ്‌കൂളിലായിരിക്കെ പ്രത്യേകം താല്‍പര്യമെടുത്തിരുന്നു. നൂറില്‍ 98 മാര്‍ക്ക് ഇംഗ്ലീഷില്‍ നേടിയിരുന്നു.
അഞ്ചാം ക്ലാസ് പൂര്‍ത്തീകരിച്ചപ്പോള്‍ തുടര്‍ന്ന് സ്‌കൂള്‍ പഠനത്തിനായി തൊട്ടടുത്ത കുറ്റൂര്‍ യു.പി സ്‌കൂളില്‍ ചേര്‍ന്നു. അവിടെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അസുഖം മൂലം തുടര്‍ച്ചയായി ഒരു മാസം സ്‌കൂളില്‍ പോകാന്‍ സാധിച്ചില്ല. അത്രയധികം ദിവസം സ്‌കൂളില്‍ പോയില്ലെങ്കില്‍ തോല്‍ക്കുമെന്നായിരുന്നു അന്നത്തെ ധാരണ. അതിനാല്‍ ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് തീരുമാനിച്ചു. എല്‍.പി സ്‌കൂള്‍ പഠനത്തിനു ശേഷം എന്നെ പള്ളിദര്‍സ് പഠനത്തിന് അയക്കാനായിരുന്നു ഉപ്പാക്ക് താല്‍പര്യം. ഉപ്പ ഹജ്ജിന് പോയ വര്‍ഷമാണ് ഞാന്‍ എല്‍.പി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി യു.പി സ്‌കൂളില്‍ ചേരുന്നത്. അന്ന് ഉപ്പ മക്കയിലായിരുന്നു. തിരിച്ചുവന്നപ്പോള്‍ ഉപ്പ ആഗ്രഹം എന്നോട് പറഞ്ഞുവെങ്കിലും സ്‌കൂള്‍ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിച്ചില്ല. എനിക്കാണെങ്കില്‍ പള്ളിദര്‍സ് പഠനത്തോട് അന്ന് ഒട്ടും താല്‍പര്യവും ഇല്ലായിരുന്നു. ഇതറിയാവുന്നതുകൊണ്ടുകൂടിയാണ് ഉപ്പ നിര്‍ബന്ധിക്കാതിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചതിനാല്‍ പള്ളിദര്‍സ് സിസ്റ്റത്തോട് ഒത്തുപോകാന്‍ പ്രയാസമുണ്ടായിരുന്നു. സ്‌കൂള്‍ പഠനം നിര്‍ത്തിയതോടെ പള്ളിദര്‍സില്‍ ചേരാന്‍ തീരുമാനിച്ചു. എന്റെ പ്രകൃതമറിയുന്നതിനാല്‍ അനുയോജ്യമായ പള്ളിദര്‍സ് ഉപ്പ തന്നെ നിര്‍ദേശിച്ചു. പ്രസിദ്ധ പണ്ഡിതനായിരുന്ന കോടങ്ങാട് സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പള്ളിദര്‍സിലേക്കാണ് ഉപ്പ എന്നെ അയച്ചത്. അദ്ദേഹത്തിന്റെ ദര്‍സ് അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മാത്രമാണ് അദ്ദേഹത്തിനു കീഴില്‍ പഠിച്ചിരുന്നത്. ഉപ്പാക്ക് അദ്ദേഹത്തോടുള്ള അടുപ്പം മൂലമാണ് എന്നോടവിടേക്ക് വരാന്‍ പറഞ്ഞത്. 'എസ്.എസ്.എല്‍.സി പഠിച്ച ഉസ്താദാണ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍' എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഉപ്പ അദ്ദേഹത്തിന്റെ പള്ളി ദര്‍സിനെക്കുറിച്ച് എന്നോട് പറയുന്നത്. എസ്.എസ്.എല്‍.സി പഠിച്ചശേഷം ഒരാള്‍ മുസ്‌ലിയാരാവുക അന്ന് അപൂര്‍വമായിരുന്നു. അതിനാല്‍ പ്രത്യേക താല്‍പര്യത്തോടെയാണ് കോടങ്ങാട്ട് പള്ളിദര്‍സിലെത്തിയത്. പക്ഷെ, അവിടെ കണ്ട കാഴ്ച എന്നെ പരിഭ്രാന്തനാക്കി. എണ്‍പതിലധികം വിദ്യാര്‍ഥികള്‍. എല്ലാവരും എന്നേക്കാള്‍ എത്രയോ വയസ്സ് മുതിര്‍ന്നവര്‍. കുട്ടിയായി ഞാന്‍ മാത്രം. അതോടെ മൂന്നാമത്തെ ദിവസം തന്നെ ആദ്യ പള്ളിദര്‍സ് പഠനം അവസാനിപ്പിച്ച് വീട്ടിലെത്തി.
ബന്ധു കൂടിയായ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ നടത്തുന്ന പൂനൂര്‍ മടത്തുപൊയില്‍ പള്ളി ദര്‍സിലാണ് പിന്നീട് ചേരുന്നത്. അവിടെ ഒരു വര്‍ഷം പഠിച്ചു. അതിനു ശേഷമാണ് ഒ.കെ ഉസ്താദ് എന്ന പേരില്‍ പ്രശസ്തനായ പ്രമുഖ പണ്ഡിതന്‍ ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ സ്ഥാപിച്ച ഒതുക്കുങ്ങല്‍ ഇഹ്‌യാ ഉസ്സുന്ന അറബി കോളേജില്‍ ചേരുന്നത്. ഉപ്പയുടെ ഉസ്താദായിരുന്നു അദ്ദേഹം. ഉപ്പയുടെ നിര്‍ദേശ പ്രകാരമായിരുന്നു അവിടെ ചേര്‍ന്നത്. നിര്‍ണിത സിലബസോ ഒന്നിലധികം ഉസ്താദുമാരോ അന്നവിടെ ഉണ്ടായിരുന്നില്ല. പാങ്ങില്‍ കെ.സി മുഹമ്മദ് മുസ്‌ലിയാരായിരുന്നു ഞാന്‍ ചെല്ലുമ്പോള്‍ ഇഹ്‌യാഉസ്സുന്ന നടത്തിയിരുന്നത്. രാവിലെ മുതല്‍ രാത്രി വരെ വിവിധ കിതാബുകള്‍ ഓതുന്ന സമ്പ്രദായമാണ് അവിടെയുണ്ടായിരുന്നത്. ആദ്യവര്‍ഷം കഴിഞ്ഞപ്പോള്‍ കെ.സി മുഹമ്മദ് മുസ്‌ലിയാര്‍ സ്ഥാപനം വിട്ടു. അദ്ദേഹം പിന്നീട് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിത്തീര്‍ന്നു. എന്റെ ജീവിതത്തില്‍ നിര്‍ണായകമായ ചില ഇടപെടലുകള്‍ അദ്ദേഹം നടത്തിയതിനെ കുറിച്ച് പിന്നീട് പറയാം.
കെ.സി ഉസ്താദ് പോയ ഒഴിവിലേക്കാണ് പ്രമുഖ പണ്ഡിതനും ഇപ്പോള്‍ എ.പി വിഭാഗം സമസ്തയുടെ അധ്യക്ഷനുമായ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ എത്തുന്നത്. ഇഹ്‌യാഉസ്സുന്നയിലെ അദ്ദേഹത്തിന്റെ ആദ്യകാല ശിഷ്യരായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ പഠിക്കുന്ന കാലത്തൊന്നും സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് യാതൊരുവിധ സംഘടനാ ബന്ധവും ഉണ്ടായിരുന്നില്ല. എട്ടു വര്‍ഷമാണവിടെ പഠിച്ചത്. പള്ളി ദര്‍സുകളില്‍ അന്ന് പഠിപ്പിച്ചിരുന്ന മുഴുവന്‍ കിതാബുകളും അവിടെനിന്ന് ഓതിയിരുന്നു. പുറമെ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, തുഹ്ഫ എന്നീ കിതാബുകളും പഠിച്ചു. മുജാഹിദ് നേതാവായ കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ അവിടെ ആദ്യവര്‍ഷം എന്റെ സഹപാഠിയായിരുന്നു. അന്നദ്ദേഹം കര്‍ക്കശക്കാരനായ പാരമ്പര്യവാദിയായിരുന്നു. എന്റെ ചില വായനകളെയും അഭിപ്രായങ്ങളെയും വഴിതെറ്റലായിട്ടാണ് അദ്ദേഹമന്ന് വിലയിരുത്തിയിരുന്നത്. അന്നവിടത്തെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍ രണ്ടു പേരും.
ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്നയിലെ ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ കീഴിലെ പഠനം അവസാനിച്ചപ്പോള്‍ ഉപരിപഠനസാധ്യതയെ കുറിച്ച് വീണ്ടും അന്വേഷണമായി. കേരളത്തിലന്ന് ഉന്നത മതപഠന കേന്ദ്രമെന്ന നിലക്ക് പട്ടിക്കാട് ജാമിഅ നൂരിയ്യ മാത്രമാണുണ്ടായിരുന്നത്. പൂര്‍ണമായും ഒരു സംഘടനാ സംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പഠിക്കുന്നതിനോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അത്തരം സ്ഥാപനങ്ങളിലെ വിദ്യാഭ്യാസത്തിനും പഠനത്തിനും അതിന്റേതായ മുന്‍ഗണനകളും പരിമിതികളും ദോഷങ്ങളുമുണ്ടാകുമെന്നതിനാലായിരുന്നു അത്. അതിനാല്‍ മറ്റ് ഉപരിപഠന സാധ്യതകളെക്കുറിച്ച് പലനിലക്ക് അന്വേഷണമാരംഭിച്ചു. ശാന്തപുരം കോളേജിലടക്കം ഉപരിപഠന സാധ്യത ആരാഞ്ഞ് ഒതുക്കുങ്ങലില്‍ പഠിക്കുമ്പോള്‍ സന്ദര്‍ശിച്ചിരുന്നു. അന്നവിടത്തെ മുതിര്‍ന്ന വിദ്യാര്‍ഥിയായ ടി.കെ ഉബൈദ് സാഹിബ് എന്റെ ബന്ധുവും പരിചയക്കാരനുമായിരുന്നു. അദ്ദേഹത്തെയും വി.കെ അലി സാഹിബിനെയുമൊക്കെ അന്ന് കണ്ടതോര്‍ക്കുന്നു. അപ്പോള്‍ അഡ്മിഷന്‍ സമയമായിരുന്നില്ല. എന്റെ ചുറ്റുപാടില്‍നിന്ന് തികച്ചും വ്യത്യസ്തമായ പരിസരത്തേക്ക് പഠനം പറിച്ചുനടുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആലോചിച്ചു. ഇതെല്ലാം കാരണമായി ശാന്തപുരത്തെ പഠനം വേന്നെു വെക്കുകയായിരുന്നു.
വെല്ലൂര്‍ ബാഖിയാത്തും ലഖ്‌നൗ ദാറുല്‍ ഉലൂമുമായിരുന്നു മുന്നിലുണ്ടായിരുന്ന മറ്റ് സാധ്യതകള്‍. പരിചയത്തിലുള്ള പലരും വെല്ലൂരിലുള്ളതിനാല്‍ ആ സ്ഥാപനത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ലഖ്‌നൗ ദാറുല്‍ ഉലൂമിനെ കുറിച്ച് കൂടുതലറിയാന്‍ വെള്ളിമാട്കുന്ന് പ്രബോധനം ഓഫീസിലെത്തി അബുല്‍ ജലാല്‍ മൗലവിയെയും ടി.കെ അബ്ദുല്ല സാഹിബിനെയും കണ്ടിരുന്നു. വെല്ലൂരിലെയും ലഖ്‌നൗവിലെയും ഉഷ്ണകാലാവസ്ഥ എനിക്ക് ചേരില്ലെന്ന സഹപാഠികളുടെയും സുഹൃത്തുക്കളുടെയും ഉപദേശപ്രകാരം അവസാനം അവ ഒഴിവാക്കുകയായിരുന്നു. ഉഷ്ണകാലത്തെ നാട്ടിലെ ചൂട് തന്നെ എന്റെ ശരീരപ്രകൃതത്തിന് അസഹ്യമായിരുന്നു. അതറിയുന്നതുകൊണ്ടാണ് സുഹൃത്തുക്കള്‍ ഇത്തരമൊരു ഉപദേശം നല്‍കിയത്. അതോടുകൂടി വേണ്ടെന്നുവെച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ തന്നെ എനിക്ക് ഉപരിപഠനത്തിനായി തെരഞ്ഞെടുക്കേണ്ടിവന്നു.
1972-ല്‍ ഉന്നത ഉപരിപഠനമായ രണ്ടു വര്‍ഷത്തെ മുത്വവ്വല്‍ കോഴ്‌സിനാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേരുന്നത്. ശംസുല്‍ ഉലമ എന്നറിയപ്പെടുന്ന ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും കോട്ടുമല ടി. അബൂബക്കര്‍ മുസ്‌ലിയാരുമായിരുന്നു അവിടത്തെ പ്രധാന ഉസ്താദുമാര്‍. സമസ്തയുടെ പ്രമുഖ നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, മുസ്തഫല്‍ ഫൈസി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, മമ്മദ് ഫൈസി എന്നിവരൊക്കെ അന്നത്തെ എന്റെ ജാമിഅ നൂരിയ്യ സഹപാഠികളാണ്. ജാമിഅ നൂരിയ്യയിലാണ് ഔദ്യോഗിക പഠനം അവസാനിച്ചത്.
ജാമിഅ നൂരിയ്യയില്‍ ഉന്നത പഠനം കഴിഞ്ഞവര്‍ക്കെല്ലാം ഉടനെ തന്നെ ജോലി ലഭിക്കുമായിരുന്നു. എല്ലാവരും അധ്യാപന രംഗമാവും തെരഞ്ഞെടുക്കുക. അല്ലാത്തവര്‍ അപൂര്‍വമായേ ഉണ്ടാകൂ. അധ്യാപനം എനിക്കൊട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പഠനത്തിന്റെയും എഴുത്തിന്റെയും മേഖലയാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. അതിനാല്‍ അധ്യാപന രംഗത്തേക്കുള്ള അവസരമൊന്നും ഞാന്‍ ഗൗനിച്ചില്ല. ഒടുവില്‍ കൂടെയുള്ള എല്ലാവര്‍ക്കും ജോലിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും എനിക്ക് ഒന്നുമില്ല. അതുണ്ടാക്കിയ പ്രയാസങ്ങള്‍ അലട്ടാന്‍ തുടങ്ങിയതോടെ എന്തു ജോലിയും സ്വീകരിക്കാന്‍ എന്റെ മനസ്സ് പാകപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴാണ് ഉപ്പ മുദര്‍രിസായിരുന്ന വള്ളുവമ്പ്രം മഹല്ലിലുള്ള മദ്‌റസയിലേക്ക് അധ്യാപകനായി എന്നെ ക്ഷണിക്കുന്നത്. സമസ്തയുടെ ഏഴാം ക്ലാസ് മദ്‌റസ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളെ അഫ്ദലുല്‍ ഉലമ എന്‍ട്രന്‍സിന് തയാറാക്കുന്ന പുതിയ പരീക്ഷണ സ്ഥാപനത്തിന്റെ തുടക്കമായിരുന്നു അത്. ഞാനവിടെ എത്തുമ്പോള്‍ വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ഥികളേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചകള്‍ക്കകം മുന്‍വര്‍ഷങ്ങളില്‍ ഏഴാം ക്ലാസ് പൂര്‍ത്തീകരിച്ചവരെയും ആ കോഴ്‌സില്‍ ചേര്‍ക്കാനാരംഭിച്ചു. അതോടെ ആവശ്യത്തിന് വിദ്യാര്‍ഥികളായി. കുട്ടികളെല്ലാവരും സ്‌കൂളില്‍ പഠിക്കുന്നവരായിരുന്നു. അവരുമായി അടുത്തിടപഴകി നല്ലൊരു ടീമായി ഞങ്ങള്‍ മാറി. അവര്‍ തന്നെ മുന്‍കൈയെടുത്ത് സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ സ്‌പെഷല്‍ മദ്‌റസാ ക്ലാസുകളും ആരംഭിച്ചു.
വള്ളുവമ്പ്രം മദ്‌റസ ഇങ്ങനെ ഉസ്താദും കുട്ടികളും ഒരുപോലെ താല്‍പര്യമെടുത്ത് മുന്നോട്ടുപോകുന്ന സന്ദര്‍ഭത്തിലാണ് ഒരു ദിവസം ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്നയിലെ എന്റെ ആദ്യ ഉസ്താദായിരുന്ന കെ.സി മുഹമ്മദ് മൗലവി മദ്‌റസയിലേക്ക് കയറി വരുന്നത്. വള്ളുവമ്പ്രത്തെത്തി എട്ടു മാസമേ ആയിട്ടുള്ളൂ, അപ്പോള്‍. ഉസ്താദ് കെ.സി അന്ന് തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജ് അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ കൂടെ വണ്ടൂര്‍ ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനായിരുന്ന വി.ടി അബ്ദുര്‍റഹ്മാന്‍ ബാഖവിയും വാണിമേല്‍ ദാറുല്‍ ഹുദാ കോളേജിന്റെ പ്രസിഡന്റും സെക്രട്ടറിയും ഉണ്ടായിരുന്നു. ഒരു മുഖവുരയും കൂടാതെ ഉസ്താദ് കെ.സി എന്നോട് പറഞ്ഞു: ''നീ ഇവരോടൊപ്പം പോയി വാണിമേല്‍ ദാറുല്‍ ഹുദാ കോളേജിലെ പ്രിന്‍സിപ്പല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം.'' പെട്ടെന്ന് മദ്‌റസയിലെ കുട്ടികളെ ഉപേക്ഷിച്ചു പോകുന്നതിലെ പ്രയാസവും പ്രിന്‍സിപ്പല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പരിചയസമ്പത്തില്ലായ്മയും ഉസ്താദിനെ അറിയിച്ചു. ''മദ്‌റസയില്‍ പഠിപ്പിക്കാന്‍ ധാരാളം പേരെ ഇനിയും ലഭിക്കും. ഇത് നിന്നെ പോലുള്ളവര്‍ നില്‍ക്കേണ്ട സ്ഥലമല്ല. വാണിമേലില്‍ കാര്യങ്ങളെല്ലാം നോക്കി നടത്താന്‍ കെ. മൊയ്തു മൗലവി ഉണ്ടായിരിക്കും. അതിനാല്‍ പ്രിന്‍സിപ്പല്‍ ഉത്തരവാദിത്തം പ്രയാസമുണ്ടാവില്ല'' - ഇങ്ങനെയായിരുന്നു ഉസ്താദിന്റെ മറുപടി. സംഘടനാതീതമായി സുന്നിയും മുജാഹിദും ജമാഅത്തെ ഇസ്‌ലാമിയും ഒരുമിച്ച് നടത്തുന്ന സ്ഥാപനം എന്ന സവിശേഷത എന്നെ ആകര്‍ഷിച്ചു. അങ്ങനെ വാണിമേല്‍ ദാറുല്‍ഹുദായിലേക്ക് പോകാന്‍ തയാറായി.
നാലാം ക്ലാസ് എന്‍ട്രന്‍സും അഫ്ദലുല്‍ ഉലമ പ്രിലിമിനറിയുമായിരുന്നു വാണിമേല്‍ ദാറുല്‍ ഹുദായിലെ കോഴ്‌സുകള്‍. അവിടെ ചെല്ലുമ്പോള്‍ സ്ഥാപനത്തില്‍ കുറച്ച് കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതോടെ വിദ്യാര്‍ഥികള്‍ വര്‍ധിക്കുകയും അഫ്ദലുല്‍ ഉലമ കോഴ്‌സ് ആരംഭിക്കുകയും ചെയ്തു. അതിന്റെ ഫസ്റ്റ് ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കു തന്നെ ഫസ്റ്റ് റാങ്ക് ലഭിക്കുകയും ചെയ്തിരുന്നു. സുന്നി-മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി ആശയക്കാരെല്ലാം അവിടെ അധ്യാപകരായി ഉണ്ടായിരുന്നു. ഇതുപോലെ പല പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളും വാണിമേലില്‍നിന്നും പുറത്തുള്ള പ്രദേശങ്ങളില്‍നിന്നുമായി പഠിക്കാനുമുണ്ടായിരുന്നു. ഏഴു വര്‍ഷത്തോളം അവിടെ പ്രിന്‍സിപ്പലായി. വേറിട്ട ഈ പരീക്ഷണം ആസ്വദിക്കുന്നതിനിടെയാണ് സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില സംഘടനാ പ്രതിനിധികള്‍ അസ്വസ്ഥരാവുന്നതും ഇടപെടലുകള്‍ നടത്തുന്നതും. നിലവിലെ രീതിയില്‍ സുഗമമായി സ്ഥാപനം അധികകാലം മുന്നോട്ടു പോവില്ലെന്ന് മനസ്സിലാക്കിയ ഉടന്‍ അവിടം വിടാന്‍ തീരുമാനിച്ചു. മൈസൂര്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഞാനന്ന് പൊളിറ്റിക്കല്‍ സയന്‍സിന് പഠിക്കുന്നുണ്ടായിരുന്നു. അതിന്റെ പരീക്ഷാ സമയമായപ്പോള്‍ ഇനി തിരിച്ചുപോകേണ്ടതില്ലെന്ന തീരുമാനത്തോടെ ലീവെടുത്തു. നാട്ടിലെത്തിയ ശേഷം എന്റെ തീരുമാനം അവരെ അറിയിക്കാനുള്ള ഏര്‍പ്പാടും ചെയ്തിരുന്നു.
അടുത്ത ഇടം അന്വേഷിക്കുന്നതിനിടെ കെ.സി മുഹമ്മദ് മൗലവി വീണ്ടും എന്റെ ജീവിതത്തില്‍ ഇടപെട്ടു. വാണിമേലില്‍നിന്ന് തിരിച്ചെത്തി ഏറെ വൈകാതെ ഒരു ദിവസം യാദൃഛികമായി അദ്ദേഹത്തെ കണ്ടുമുട്ടി. വിവരങ്ങളറിഞ്ഞ അദ്ദേഹം തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജില്‍ വന്ന് അധ്യാപകനായി ചാര്‍ജെടുക്കാന്‍ പറഞ്ഞു. അദ്ദേഹം അന്ന് ഇലാഹിയ്യാ കോളേജിലെ അധ്യാപകനും അതിന്റെ ഭാരവാഹിയുമായിരുന്നു. അങ്ങനെ 1982-ല്‍ തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജില്‍ എത്തി. നീണ്ട 28 വര്‍ഷമവിടെ അധ്യാപനം നടത്തി. ഇക്കാലത്ത് ഡോ. മുഹ്‌യിദ്ദീന്‍ ആലുവായിയുടെ നേതൃത്വത്തില്‍ ശാന്തപുരം കോളേജില്‍ നടന്നിരുന്ന അധ്യാപക ട്രെയ്‌നിംഗ് കോഴ്‌സിലും പങ്കെടുത്തിരുന്നു. മജ്‌ലിസിന്റെ നിയമപ്രകാരം 2010-ല്‍ അറുപതാം വയസ്സില്‍ ഇലാഹിയ്യാ കോളേജില്‍നിന്നും റിട്ടയര്‍ ചെയ്തു. അതിനിടക്ക് ഒരു വര്‍ഷമവിടെ പ്രിന്‍സിപ്പല്‍ ചുമതലയും വഹിച്ചു. ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്നയില്‍ പഠിക്കുന്ന കാലത്ത് ആരംഭിച്ച ചില പ്രത്യേക വിഷയങ്ങളിലെ ഗവേഷണ പഠനങ്ങളിലും വായനകളിലും എഴുത്തിലും ഗ്രന്ഥരചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പിന്നീട് ചെയ്തത്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌