Prabodhanm Weekly

Pages

Search

2021 ജൂണ്‍ 25

3207

1442 ദുല്‍ഖഅദ്‌ 14

അവര്‍ വെടിവെച്ചിടുന്ന ഞങ്ങളുടെ ഭൂതവും ഭാവിയും

മെഹദ് മഖ്ബൂല്‍

ചില വര്‍ഷങ്ങളോട് അത്രയേറെ ഇഷ്ടമായിരിക്കും ചിലര്‍ക്ക്, മറ്റു ചിലര്‍ക്കത് ഭീതി മാത്രമായിരിക്കും നല്‍കുക. 1948 എന്ന വര്‍ഷം ഫലസ്ത്വീനികള്‍ക്ക് അത്തരത്തിലുള്ള ഒന്നാണ്, പേടിപ്പെടുത്തുന്ന വര്‍ഷം. 1948-നു ശേഷമുള്ള ഒരു പ്രഭാതവും ഫലസ്ത്വീനികള്‍ക്ക് സ്വാതന്ത്ര്യത്തിന്റേതായിരുന്നില്ല. തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് യാതൊരു തിട്ടവുമില്ലാതെ ഏഴു പതിറ്റാണ്ടിലധികമായി അവര്‍ ജീവിക്കുന്നു. ബ്രിട്ടന്‍ ഫലസ്ത്വീനില്‍നിന്ന് മടങ്ങുന്നതും ഇസ്രയേല്‍ രൂപപ്പെടുന്നതും 1948-ലാണ്. അതിനു മുമ്പും ശേഷവുമുള്ള ഫലസ്ത്വീന്റെ കഥ പറയുകയാണ് Mornings in Jenin എന്ന പുസ്തകത്തില്‍ സൂസന്‍ അബുല്‍ ഹവ. പതിറ്റാണ്ടുകളുടെ ദുരിതങ്ങളാണ് പുസ്തകത്തില്‍ അക്ഷരമാവുന്നത്.
യഹ്‌യ അബുല്‍ ഹിജയുടെ മകനാണ് ഹസന്‍. ഇവിടെയൊരു ജൂതരാഷ്ട്രം വരാന്‍ പോവുകയാണെന്ന് ആരോ പറഞ്ഞാണ് അവന്‍ അറിയുന്നത്. ചിലപ്പോള്‍ നമ്മെ ഇവിടെ താമസിക്കാന്‍ ഇസ്രയേല്‍ സമ്മതിക്കുമായിരിക്കും എന്നും കൂട്ടുകാരന്‍ അവനോട് പറയുന്നു. സ്വന്തം മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കുമായിരിക്കും എന്നോ! അവന് ആശ്ചര്യം തോന്നി. പിന്നീട് ഇസ്രയേല്‍ സൈന്യം വരുകയും ഐന്‍ ഹൂദ് എന്ന ഗ്രാമത്തിലെ ആളുകളെയെല്ലാം ആട്ടിയോടിക്കുകയും ചെയ്യുന്നു. അവസാനം അവരെല്ലാം ജെനിനില്‍ അഭയാര്‍ഥികളായി മാറി. എട്ടു നൂറ്റാണ്ടിന്റെ തങ്ങളുടെ ചരിത്രമാണ് നഷ്ടപ്പെടുന്നതെന്ന് യഹ്‌യ സങ്കടപ്പെട്ടു. 
യൂറോപ്പില്‍നിന്നും റഷ്യയില്‍നിന്നും യു.എസില്‍നിന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ജൂതന്മാര്‍ അങ്ങോട്ടു വന്നുകൊണ്ടിരുന്നു. 
നവംബര്‍ മാസം കൊയ്ത്തുകാലമാണ്; ഒലീവിന്റെ, അത്തിയുടെ, മുന്തിരിയുടെ. അതാലോചിച്ച് അഭയാര്‍ഥി ക്യാമ്പിലിരുന്ന് വിതുമ്പുകയാണ് യഹ്‌യ.
ഇസ്രയേല്‍ പട്ടാളത്തിന്റെ കണ്ണു വെട്ടിച്ച് ഒരു ദിവസം തന്റെ ഗ്രാമത്തിലേക്ക് അദ്ദേഹം പോകുന്നുണ്ട്. തന്റെ ഒലീവ് മരങ്ങളെ കാണാനും ഭാര്യയുടെ ഖബ്‌റിടം സന്ദര്‍ശിക്കാനും. ഐന്‍ ഹൂദില്‍ ഇപ്പോള്‍ താമസമാക്കിയിരിക്കുന്നത് ഫ്രാന്‍സില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളാണെന്ന് അദ്ദേഹം കണ്ടു. തന്റെ ഭാര്യയുടെ ഖബ്‌റിടം കാണാന്‍ പോകും വഴിയാണ് യഹ്‌യ വെടിയേറ്റു മരിക്കുന്നതും. അന്നേരം അദ്ദേഹത്തിന്റെ പോക്കറ്റില്‍ മൂന്ന് ഒലീവുകളും കുറച്ച് അത്തിപ്പഴങ്ങളുമുണ്ടായിരുന്നു. 
തങ്ങളുടെ വീട്ടിലേക്കിനി പോകാന്‍ കഴിയില്ലെന്ന്, ബന്ധുക്കളുടെ ഖബ്‌റിടം കാണാന്‍ പറ്റില്ലെന്ന്, നാല്‍പതു വര്‍ഷങ്ങളായി  കൃഷി ചെയ്യുന്ന തങ്ങളുടെ കൃഷിഭൂമിയിലെ വിളവുകള്‍ ഭക്ഷിക്കാന്‍ കഴിയില്ലെന്ന്,  ആ സംഭവത്തോടെയാണ് അവര്‍ക്ക് മനസ്സിലാവുന്നത്. 
ഭൂതകാലത്തു നിന്നും ഭാവിയില്‍നിന്നും നമ്മെ തുടച്ചുനീക്കാനുള്ള പദ്ധതിയാണ് നടക്കുന്നതെന്ന് പതിയെ അവര്‍ക്ക് വെളിച്ചം വന്ന് തുടങ്ങുകയായിരുന്നു. പിന്നീട് ജെനിനില്‍, അഭയാര്‍ഥി ക്യാമ്പില്‍ ജീവിതം നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലായി അവര്‍. യഹ്‌യയുടെ മകന്‍ ഹസന്റെ നേതൃത്വത്തിലാണ് അവിടെ പള്ളിയും മൂന്ന് സ്‌കൂളുകളുമെല്ലാം സ്ഥാപിക്കുന്നത്.  
1955-ലാണ് ഹസന് അമല്‍ എന്ന പെണ്‍കുട്ടി ജനിക്കുന്നത്. ഫലസ്ത്വീന്‍ എന്നത് അവള്‍ക്കൊരു സ്വപ്‌നത്തിന്റെ പേരായിരുന്നു. ആ സ്വപ്‌നത്തില്‍ വല്യുപ്പ യഹ്‌യയുടെയും വല്യുമ്മ ബാസിമയുടെയും വീടും മുന്തിരിത്തോപ്പും ഉമ്മയുടെ റോസാപ്പ് തോട്ടവും ദര്‍വേശ് എളാപ്പയുടെ അറബിക്കുതിരകളും  ഉപ്പയുടെ ലൈബ്രറിയും ഫാമും എല്ലാം തെളിഞ്ഞു വന്നു. ഫലസ്ത്വീന്റെ കഥകള്‍ ഒരു അറബിക്കഥ പോലെ അവള്‍ കേട്ടുകൊണ്ടിരുന്നു. ഒരിക്കലും അവള്‍ക്ക് പോകാന്‍ പറ്റാത്ത സ്ഥലമായി ഫലസ്ത്വീന്‍ മാറി. അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച് അവിടെ തന്നെ വളര്‍ന്ന കുട്ടിയാണല്ലോ അവള്‍. പിന്നീട് 1967-ലെ യുദ്ധവും പുസ്തകത്തില്‍ പറയുന്നു. ആ യുദ്ധത്തിനിടെ അമലും കൂട്ടുകാരി ഹുദയും ഒറ്റപ്പെട്ടു.  പെട്ടെന്നായിരുന്നല്ലോ ബോംബാക്രമണം. എല്ലാവരും ചിതറിയോടി.
അമല്‍ കൂട്ടുകാരി ഹുദയോട് വിറയലോടെ പറഞ്ഞു; 'ഹുദാ.. ഖുര്‍ആനില്‍ പറഞ്ഞ അന്ത്യനാള്‍ ഇന്നാണെന്ന് തോന്നുന്നു. നമുക്ക് ശഹാദത്ത് കലിമ ചൊല്ലാം...
'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദുര്‍റസൂലുല്ലാഹ്.. നമുക്കിത് നിരന്തരം ചൊല്ലാം.. അപ്പോള്‍ സ്വര്‍ഗത്തില്‍ പോകാന്‍ പറ്റും.' 
തൊട്ടപ്പുറത്തെ താമസക്കാരനായിരുന്ന അബൂസമീഹ് കൊല്ലപ്പെട്ട തന്റെ കുഞ്ഞുമോനെ മറമാടുന്നത് അമലും ഹുദയും കണ്ടു. 1948-ലെ ഇസ്രയേല്‍ ആക്രമണത്തില്‍ അബൂ സമീഹിന്റെ ഉപ്പയും നാല് സഹോദരങ്ങളും കൊല്ലപ്പെട്ടിരുന്നു. പിന്നീട് അഭയാര്‍ഥി ക്യാമ്പില്‍ വെച്ചാണ് അദ്ദേഹം കല്യാണം കഴിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ടിരിക്കുന്നു. 
ഭയപ്പാടോടെ ഒരു മൂലയിലിരുന്ന് ഫാത്തിഹ ഓതുകയാണ് ഹുദ. അന്നേരം ഒരു വെടിയൊച്ച കേട്ടു. അബൂ സമീഹും കൊല്ലപ്പെട്ടിരിക്കുന്നു. 
പിന്നീട് യു.എന്‍ റെസ്‌ക്യൂ ടീം ആണ് പരിക്കേറ്റ അവരെ രണ്ടു പേരെയും രക്ഷിക്കുന്നത്. അവരെ കൊണ്ടുപോകാന്‍ പറ്റില്ലെന്നും റിപ്പോര്‍ട്ടര്‍മാര്‍ പരുക്കേറ്റ ഈ കുട്ടികളുടെ പടം എടുക്കുമെന്നും ഒരു ഇസ്രയേല്‍ പട്ടാളക്കാരന്‍ യു.എന്‍ പ്രതിനിധിയെ തടയുന്നുണ്ട്. നിങ്ങള്‍ക്ക് കുട്ടികളോട് ഇങ്ങനെയൊക്കെ ചെയ്യാം, അത് ലോകം കാണുന്നതില്‍ മാത്രമാണ് നിങ്ങള്‍ക്ക് പരാതി എന്ന് അവര്‍ പട്ടാളക്കാരനോട് കയര്‍ക്കുകയും ചെയ്യുന്നുണ്ട്. 
തങ്ങളെ ആരെല്ലാമാണ് വഞ്ചിച്ചതെന്ന് ഈ പുസ്തകം പറയുന്നുണ്ട്. കഴിഞ്ഞ എട്ടു പതിറ്റാണ്ടിന്റെ ഫലസ്ത്വീന്‍ കഥകളാണ്  പുസ്തകത്തില്‍ സൂസന്‍ വിവരിക്കുന്നത്. സങ്കടത്തോടെയും അമര്‍ഷത്തോടെയുമല്ലാതെ പുസ്തകം വായിച്ചുതീര്‍ക്കാന്‍ കഴിയില്ല.  അഭയാര്‍ഥി ക്യാമ്പുകളില്‍ പ്ലേ ഗ്രൗണ്ടുകള്‍ ഉണ്ടാക്കി നല്‍കുന്ന എന്‍.ജി.ഒയുടെ സ്ഥാപക കൂടിയാണ് ഗ്രന്ഥകാരി സൂസന്‍ അബുല്‍ ഹവ.   

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (30-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

സല്‍ക്കര്‍മനിരതമായ ദീര്‍ഘായുസ്സ്
അബ്ദുല്ലത്വീഫ് കൊടുവള്ളി