സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്
സുഹൃത്തുക്കളെ വിശ്വാസത്തിലെടുത്തും പരസ്പരം സന്തോഷം പങ്കിട്ടും നിരാശപ്പെടാതെയും നിരാശപ്പെടുത്താതെയുമായിരിക്കണം ഒരാളുടെ ജീവിതം. സൗഹൃദത്തില്‍ ആഹ്ലാദം അലതല്ലണം. അവഗണിച്ചും വേണ്ട പരിഗണന നല്‍കാതെയും ഒരു സൗഹൃദവും മുന്നോട്ട് കൊണ്ടുപോകാനാവില്ല. സാഹ്ലാദം, സുസ്‌മേരനായി, ആര്‍ദ്രതയോടെ പെരുമാറുക. നമ്മുടെ സാന്നിധ്യം ആത്മസുഹൃത്തിന് ഉന്മേഷവും സന്തോഷവും പകര്‍ന്നുനല്‍കുന്നതാവണം.
അബ്ദുല്ലാഹിബ്‌നു ഹാരിസ് പറയുന്നു: 'നബി(സ)യേക്കാള്‍ പുഞ്ചിരിക്കുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല' (തിര്‍മിദി). ജാബിറുബ്‌നു സമുറ പറയുന്നു: 'നബി(സ)യുടെ സാന്നിധ്യമുള്ള നൂറിലധികം സദസ്സുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ആ സദസ്സുകളില്‍ സ്വഹാബികള്‍ കവിതാലാപനം നടത്തുകയും ജാഹിലിയ്യാ കാല കഥകള്‍ കേള്‍പ്പിക്കുകയും ചെയ്തപ്പോള്‍ നബി (സ) അവ നിശ്ശബ്ദം കേട്ടിരിക്കുകയും ചിലപ്പോള്‍ അവരോടൊപ്പം ചിരിയില്‍ പങ്കു ചേരുകയുമുണ്ടായി' (തിര്‍മിദി).
ശരീദ് (റ) ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബിയുടെ വാഹനത്തിന് പുറകിലിരുന്ന് ഞാന്‍ സഞ്ചരിക്കുമ്പോള്‍ ഉമയ്യത്തുബ്‌നു സ്വല്‍തിന്റെ നൂറ് കവിതകള്‍ ഞാന്‍ കേള്‍പ്പിക്കുകയുണ്ടായി. ഓരോ കവിത കഴിയുമ്പോഴും ഇനിയും കേള്‍പ്പിക്കൂ എന്ന് അവിടുന്ന് പറയും. ഞാനത് കേള്‍പ്പിക്കുകയും ചെയ്യും (തിര്‍മിദി).
നബി(സ)യും തന്റെ സദസ്സില്‍ ഇടക്ക് കഥ പറയും. ആഇശ (റ) പറയുന്നു: ഒരിക്കല്‍ കുടുംബാംഗങ്ങള്‍ക്ക് മുമ്പാകെ നബി ഒരു കഥ കേള്‍പ്പിച്ചപ്പോള്‍ ഇത് ഖുറാഫയുടെ വിചിത്ര കഥയാണെന്ന് കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ അഭിപ്രായപ്പെട്ടു. അവിടുന്ന് പറഞ്ഞു: 'നിങ്ങള്‍ക്ക് ഖുറാഫയുടെ യഥാര്‍ഥ കഥ അറിയുമായിരിക്കും.' അങ്ങനെ ഖുറാഫയുടെ ഒരു അസ്സല്‍ ഖിസ്സ്വ സവിശദം നബി അവരെ കേള്‍പ്പിച്ചു. മറ്റൊരിക്കല്‍ ആഇശ(റ)ക്ക് പതിനൊന്ന് സ്ത്രീകളുടെ ഹൃദയാവര്‍ജകമായ വേറൊരു കഥയും നബി (സ) കേള്‍പ്പിച്ചു. പ്രവാചകാനുചരന്മാരുടെ അകൃത്രിമമായ സല്‍പ്രകൃതത്തെ വര്‍ണിച്ചുകൊണ്ട് ബക്‌റുബ്‌നു അബ്ദുല്ല പറയുന്നു: 'വിനോദത്തിലും കളിതമാശകളിലും തണ്ണിമത്തന്‍ തൊണ്ട് പരസ്പരം എറിഞ്ഞു കളിക്കുന്നവരെ പോലെയായിരുന്നു സ്വഹാബികള്‍. എന്നാല്‍ യുദ്ധമുഖത്ത് അതേ സ്വഹാബികള്‍ തന്നെയാണ് കുതിരപ്പടയാളികളായും മാറുക' (അല്‍ അദബുല്‍ മുഫ്‌റദ്). അലി (റ) പറയുന്നു: 'മനസ്സിനെ സ്വതന്ത്രമായി വിട്ടയക്കുക, സന്തോഷദായകമായവ ചിന്തിക്കുക, കാരണം ശരീരം കണക്കെ മനസ്സും ക്ഷീണിക്കാനിടയുണ്ട്.'
വരണ്ട പ്രകൃതവും മരിച്ച മനസ്സും കൊണ്ടു നടക്കുന്നതിനു പകരം സന്തോഷവും ആഹ്ലാദവും നിറഞ്ഞ പ്രകൃതം സ്വായത്തമാക്കണം. എന്നാല്‍ ആഹ്ലാദം പരിധി ലംഘിക്കാനും പാടില്ല. ആഹ്ലാദ മനഃസ്ഥിതിയെ മതപരമായ സൂക്ഷ്മതയുമായി ബന്ധിപ്പിച്ച് സന്തുലിതത്വവും കാത്തു സൂക്ഷിക്കണം. പ്രവാചകാനുചരന്മാരെ പറ്റി അബ്ദുര്‍റഹ്മാന്‍ (റ) പറയുന്നു: 'അവര്‍ വരണ്ട പ്രകൃതമുള്ളവരോ മനസ്സ് ചത്തവരോ ആയിരുന്നില്ല. തങ്ങളുടെ സദസ്സുകളില്‍ അവര്‍ കവിതകള്‍ പാടി, ജാഹിലീ കാലത്തെ കഥകള്‍ ഉദ്ധരിച്ചു. എന്നാല്‍ വല്ല ഇടപാടുകളിലും സത്യവിരുദ്ധമായ കാര്യം ആവശ്യപ്പെട്ടാല്‍ അവരുടെ കണ്ണുകള്‍ കോപത്താല്‍ ചുവക്കും. അപ്പോള്‍ ഒരു തരം ജിന്നുബാധിതര്‍ കണക്കെ അവരെ കാണാനാവും' (അല്‍അദബുല്‍ മുഫ്‌റദ്). പ്രമുഖ ഹദീസ് നിവേദകന്‍ സുഫ്‌യാനുബ്‌നു ഉയൈനയോട് ഒരാള്‍ പറഞ്ഞു: 'തമാശ ഒരു വിപത്ത് തന്നെയാണ്.' അദ്ദേഹം മറുപടി പറഞ്ഞു: 'അല്ല, അത് പ്രവാചക ചര്യയാണ്. പക്ഷെ പറയുന്ന ആള്‍ സന്ദര്‍ഭവും സാഹചര്യവും പരിഗണിച്ച് നല്ല നിലയില്‍ പറയണമെന്ന് മാത്രം.'
സ്‌നേഹിക്കുന്നവരോട് നിര്‍ബന്ധമായും നാം സ്‌നേഹം പ്രകടിപ്പിക്കണം. ആ മാനസിക പ്രതിഫലനത്തിലൂടെ പരസ്പരമുള്ള ഹൃദയമടുപ്പം രൂപപ്പെടും. വികാരവിചാരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ സ്‌നേഹവികാരങ്ങളുടെ അസാധാരണ കൈമാറ്റം വര്‍ധിച്ചുവരും. അങ്ങനെ സ്‌നേഹം കേവലം ഹൃദയവികാരം എന്ന അവസ്ഥ വിട്ട് പ്രായോഗിക ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന അനുരണനങ്ങളായി രൂപപ്പെടും. അത് വ്യക്തിബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കും. നബി (സ) അരുളി: 'ഒരാള്‍ തന്റെ സുഹൃത്തിനെ ഉള്ളില്‍ തട്ടുംവിധം സ്‌നേഹിക്കുന്നുവെങ്കില്‍ അക്കാര്യം അയാളോട് അറിയിക്കേണ്ടതും പറയേണ്ടതുമാണ്' (അബൂദാവൂദ്).
നബിക്കരികെ കുറച്ച് പേര്‍ ഇരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഒരാള്‍ ആ വഴി നടന്നുപോവുകയുണ്ടായി. അപ്പോള്‍ ഒരാള്‍ പറഞ്ഞു: 'അല്ലാഹുവെ മാത്രം മുന്‍നിര്‍ത്തി ഞാന്‍ അയാളെ ഇഷ്ടപ്പെടുന്നു.' അതു കേട്ട നബി (സ) ചോദിച്ചു: 'അക്കാര്യം താങ്കള്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടോ?' അയാള്‍ പറഞ്ഞു: 'ഇല്ല.' പ്രവാചകന്‍: 'എങ്കില്‍ എഴുന്നേറ്റു പോയി അക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തുക.' അങ്ങനെ അദ്ദേഹം അവിടെനിന്ന് എഴുന്നേറ്റു പോയി തന്റെ സ്‌നേഹവായ്പ്പുകള്‍ അറിയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഏതൊരു അസ്തിത്വത്തെ മുന്‍നിര്‍ത്തിയാണോ താങ്കള്‍ എന്നെ സ്‌നേഹിക്കുന്നത്, അവന്‍ താങ്കളെയും സ്‌നേഹിക്കട്ടെ' (തിര്‍മിദി, അബൂദാവൂദ്).
സുഹൃദ് ബന്ധം പുഷ്ടിപ്പെടാനും കൂടുതല്‍ അടുപ്പമുണ്ടാകാനും സുഹൃത്തുക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൂടുതല്‍ അറിയേണ്ടിവരും. നബി (സ) പറഞ്ഞു: 'ഒരാള്‍ മറ്റൊരാളുമായി സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുമ്പോള്‍ അയാളുടെ പേരും പിതാവിന്റെ പേരും കുടുംബാവസ്ഥകളും മനസ്സിലാക്കേണ്ടതുണ്ട്. അതുമുഖേന പരസ്പര ബന്ധത്തിന്റെ വേരുകള്‍ ഭദ്രമാകുന്നതാണ്' (തിര്‍മിദി).
സൗഹൃദം സന്തുലിതവും സമുചിതവുമാകണം. അതൊരിക്കലും ഭ്രാന്തമാകരുത്. ഉമറി(റ)ല്‍നിന്ന് അസ്‌ലം (റ) ഉദ്ധരിക്കുന്നു: 'നിങ്ങളുടെ സുഹൃദ് ബന്ധം ഭ്രാന്തമാവരുത്. ശത്രുതക്കോ ആക്രമണോത്സുകതക്കോ പ്രേരകമാവരുത്.'
ഞാന്‍ പറഞ്ഞു: 'പ്രിയരേ, അതെങ്ങനെയാണുണ്ടാവുക?' ഉമര്‍ വിശദീകരിച്ചു: 'സ്‌നേഹിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ ചലനങ്ങള്‍ കണക്കെ ഹൃദ്യമായി പെരുമാറുക. അതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ ജീവനും സ്വത്തും നശിപ്പിക്കുംവിധം പെരുമാറാതിരിക്കുക' (അല്‍ അദബുല്‍ മുഫ്‌റദ്). അലി(റ)യില്‍നിന്ന് ഉബൈദുല്‍ കിന്ദി ഉദ്ധരിക്കുന്നു: 'സുഹൃത്തിനോട് നിര്‍മല സ്വഭാവത്തില്‍ പെരുമാറുക. ചിലപ്പോള്‍ അയാള്‍ നിന്റെ ശത്രുവായും മാറാനിടയുണ്ട്. ശത്രുവോടും നീതിപൂര്‍വകമായി വര്‍ത്തിക്കണം. അയാള്‍ പിന്നെയും മിത്രമായി മാറാനും സാധ്യതയുണ്ടല്ലോ.'
ഉയര്‍ന്ന ധാര്‍മിക സ്വഭാവ ഗുണങ്ങളുള്ള ആളാക്കി സുഹൃത്തിനെ മാറ്റുക എന്നതായിരിക്കണം ലക്ഷ്യം. അതാണ് അയാളോടുള്ള ഗുണകാംക്ഷ. അയാളുടെ ദുന്‍യാവ് നന്നാക്കുന്നതിനേക്കാള്‍ പരലോകം വിജയപ്രദമാക്കി നല്‍കാനാവണം ശ്രദ്ധ. നബി (സ) അരുള്‍ ചെയ്തു: 'ദീന്‍ പൂര്‍ണ ഗുണകാംക്ഷയാകുന്നു. തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുക എന്നതാണ് യഥാര്‍ഥ ഗുണകാംക്ഷയുടെ അടിത്തറ. സ്വന്തത്തിനു വേണ്ടി ആരും ഒരിക്കലും തിന്മ ആഗ്രഹിക്കാറുമില്ല. അല്ലാഹുവാണ, തനിക്കു വേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടാത്ത കാലത്തോളം ഒരാളും വിശ്വാസിയാകുന്നതേയല്ല'(ഹദീസ്).
സുഹൃത്തുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുകയും സന്തോഷത്തില്‍ സാമോദം ഭാഗഭാക്കാവുകയും വേണം. ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അത് മായ്ച്ചുകളയാനും സന്തോഷത്തില്‍ ഒപ്പം നിന്ന് അത് വര്‍ധിപ്പിക്കാനുമാകണം ശ്രമം. ദുഃഖസന്ദര്‍ഭത്തില്‍ തന്നെ കൈവിടാതെ തന്നോടൊപ്പം ആത്മസുഹൃത്തുക്കള്‍ കൂടി പങ്കുചേരാനുണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. അപ്രകാരം സന്തോഷവേളയില്‍ കൂടെ ചേര്‍ന്ന് സാമൂഹികാവസരങ്ങളെ കൂടുതല്‍ അലംകൃതവും പ്രഭാപൂരിതവുമാക്കാനും ആത്മമിത്രങ്ങള്‍ കൂടെയുണ്ടാകണമെന്ന് ഏതൊരാളും പ്രതീക്ഷിക്കും. നബി (സ) അരുളി: 'പരസ്പരം കരുത്തും താങ്ങും നല്‍കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ഉപമ ഒരു കെട്ടിടം പോലെയാകുന്നു. അതിലെ ഓരോ ഇഷ്ടികയും തൊട്ടടുത്തുള്ള ഇഷ്ടികയോട് ചേര്‍ന്നു നിന്ന് പരസ്പര ബലവും സഹായവുമായി വര്‍ത്തിക്കുന്നു.' തുടര്‍ന്ന് തന്റെ ഒരു കൈയിലെ വിരലുകള്‍ മറുകൈയിലെ വിരലുകളുമായി കോര്‍ത്തുപിടിച്ച് വിശ്വാസികളുടെ പരസ്പര ബന്ധവും അടുപ്പവും ഇങ്ങനെ ആയിരിക്കുമെന്ന് അവിടുന്ന് വിശദീകരിച്ചു(ബുഖാരി, മുസ്‌ലിം). മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു: 'പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും വിശ്വാസിയുടെ ഉപമ ഒരു ശരീരം പോലെയാകുന്നു. അതിലെ ഏതെങ്കിലും അവയവത്തിന് രോഗം ബാധിച്ചാല്‍ മറ്റെല്ലാ അവയവങ്ങളും ഉറക്കമൊഴിച്ചും പനിപിടിച്ചും അതില്‍ പങ്കു ചേരുന്നു' (ബുഖാരി, മുസ്‌ലിം).
സുഹൃത്തുക്കളെ ഹൃദയാഹ്ലാദത്തോടെയും നൈര്‍മല്യത്തോടെയും സസന്തോഷം അഭിമുഖീകരിക്കുകയും സ്വീകരിക്കുകയും വേണം. അവഗണനയും നിസ്സാരമായി കാണലും അരുത്. ഹൃദയങ്ങളെ അകറ്റുന്ന ദൂഷ്യങ്ങളാണവ. കുമുട്ടുമ്പോഴൊക്കെ സമാധാനവും സന്തോഷവുമേകുന്ന വര്‍ത്തമാനം പറയുക. ദുഃഖവും നിരാശയും പടര്‍ത്തുന്നതാവരുത് സംസാരം. നിങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെ സുഹൃത്തിന് സന്തോഷമാണ് അനുഭവപ്പെടേണ്ടത്. അയാളുടെ മനസ്സ് ചടച്ചുപോകുംവിധം ഒരിക്കലും പെരുമാറരുത്. നബി (സ) പറഞ്ഞു: 'നന്മകളില്‍ ഒന്നിനെയും നിസ്സാരമായി കാണരുത്. തന്റെ സഹോദരനെ സുസ്‌മേരവദനനായി കാണുന്നതു പോലും പുണ്യമാണ്.'
തുറന്ന ഹൃദയത്തോടെയുള്ള ഇടപഴക്കം ഹൃദയങ്ങള്‍ക്കിടയില്‍ കോര്‍വയും പിരിശവും ഉണ്ടാക്കും. അത്തരം സ്വഭാവങ്ങള്‍ മുറുകെ പിടിച്ചവരിലൂടെയാണ് ഉത്തമ സമൂഹത്തിന്റെ പിറവി. നബി (സ) പറഞ്ഞു: 'നിര്‍മല പ്രകൃതവും നിര്‍മല സ്വഭാവവുമുള്ളവര്‍ നരകത്തീക്ക് നിഷിദ്ധമായിരിക്കും. അവര്‍ക്ക് നരകത്തീയും നിഷിദ്ധമായിരിക്കും' (തിര്‍മിദി).
നബി (സ) ആരോടെങ്കിലും സംസാരിക്കുകയാണെങ്കില്‍ ശരീരം പൂര്‍ണമായും അവരിലേക്ക് തിരിച്ചു നിര്‍ത്തിയാണ് അഭിമുഖീകരിക്കുക. ആരെങ്കിലും അദ്ദേഹത്തോട് സംസാരിക്കുകയാണെങ്കില്‍ അവരെ പൂര്‍ണമായും കേള്‍ക്കുംവിധം അവരിലേക്ക് തിരിഞ്ഞു നിന്നും അത് കേള്‍ക്കുമായിരുന്നു. ഒരിക്കല്‍ നബി (സ) പള്ളിയിലിരിക്കെ ഒരാള്‍ അങ്ങോട്ട് വന്നപ്പോള്‍ ശരീരം അല്‍പം ചലിപ്പിച്ചും ഇത്തിരി അങ്ങോട്ട് തിരിഞ്ഞുമാണ് നബി അയാളെ വരവേറ്റത്. ഇടുങ്ങിയ സ്ഥലത്തു വെച്ച് ഇങ്ങനെ വേണ്ടിയിരുന്നോ എന്നയാള്‍ ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞു: 'സഹോദരനെ കാണുമ്പോള്‍ അവനു വേണ്ടി ശരീരം അല്‍പം ചലിപ്പിക്കുക എന്നത് മുസ്‌ലിമിന്റെ ബാധ്യതയാകുന്നു' (ബൈഹഖി).
സുഹൃത്തുക്കള്‍ തമ്മില്‍ വല്ല അഭിപ്രായ വ്യത്യാസവും ഉടലെടുക്കുകയാണെങ്കില്‍ വളരെ വേഗം അത് പരിഹരിച്ച് സന്ധിയാവണം. ക്ഷമ പറയാനും സ്വന്തം വീഴ്ചയെ അംഗീകരിക്കാനുമുള്ള മനഃസ്ഥിതിയാണുണ്ടാകേണ്ടത്. അബുദ്ദര്‍ദാഅ് (റ) ഉദ്ധരിക്കുന്നു: ഒരിക്കല്‍ അബൂബക്‌റും (റ) ഉമറും (റ) തമ്മിലുണ്ടായ പ്രശ്‌നത്തില്‍ അബൂബക്‌റി(റ)ന് അല്‍പം കാര്‍ക്കശ്യത്തോടെ സംസാരിക്കേണ്ടി വന്നു. അതില്‍ ദുഃഖം തോന്നി പിന്നീടദ്ദേഹം നബിയുടെ സന്നിധിയില്‍ വന്നു പറഞ്ഞു: 'പ്രവാചകരേ, ഞാനും ഉമറും തമ്മില്‍ ചില അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. കോപം വന്നപ്പോള്‍ ഞാന്‍ അല്‍പം കയര്‍ത്ത് സംസാരിച്ചുപോയിട്ടുണ്ട്. പിന്നീട് എനിക്കതില്‍ ലജ്ജ തോന്നുകയും ഞാന്‍ ഉമറിനോട് മാപ്പപേക്ഷിക്കുകയുമുണ്ടായെങ്കിലും അദ്ദേഹം അതിന്ന് തയാറായില്ല. അതിനാല്‍ വിഷമത്തോടെയാണ് ഞാനിപ്പോള്‍ അങ്ങയുടെ സന്നിധിയിലെത്തിയിരിക്കുന്നത്.' നബി (സ) പറഞ്ഞു: 'അല്ലാഹു നിങ്ങള്‍ക്ക് മാപ്പരുളുന്നതാണ്.' അപ്പോഴേക്കും ഉമറി(റ)നും തന്റെ ചെയ്തിയിലെ തെറ്റ് ബോധ്യപ്പെട്ട് അദ്ദേഹം ധൃതിയില്‍ അബൂബക്‌റി(റ)ന്റെ വീട്ടിലേക്ക് ചെന്നിരുന്നു. അവിടെയെത്തിയപ്പോഴാണ് അബൂബക്ര്‍, നബിയുടെ അരികിലാണെന്ന് അറിഞ്ഞത്. ഉടനെ ഉമറും നബിക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു. ഉമറിനെ കണ്ടപാടേ നബിയുടെ മുഖത്ത് ദേഷ്യത്തിന്റെ അടയാളം തെളിഞ്ഞു. അതുകണ്ട് വിഷമിച്ച അബൂബക്ര്‍ അങ്ങേയറ്റം വിനയത്തോടെ പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഉമറിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല. തെറ്റ് മുഴുവന്‍ എന്റേതാണ്. ഞാനാണ് അക്രമകാരിയും വാക്കുകള്‍ കടുപ്പിച്ചവനും.' നബി (സ) ഉമറിനോടായി പറഞ്ഞു: 'അല്ലാഹു പ്രവാചകനായി എന്നെ നിങ്ങളിലേക്ക് അയച്ചപ്പോള്‍ തുടക്കത്തില്‍ ജനങ്ങള്‍ എന്നെ ആട്ടിയകറ്റി. അപ്പോള്‍ എന്നില്‍ വിശ്വസിച്ച ആളാണ് അബൂബക്ര്‍. ജീവനും സമ്പത്തും മുഖേന എന്നോടൊപ്പം ചേര്‍ന്നുനിന്നു. എന്നിട്ടിപ്പോള്‍ താങ്കളെന്റെ സുഹൃത്തിനെ അവഗണിക്കുകയോ?'
സുഹൃത്തുക്കള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരിക്കലും കാലതാമസമരുത്. വൈകുന്നതിനനുസരിച്ച് തിന്മ വേരുറക്കും; മാനസികാകല്‍ച്ച വര്‍ധിക്കുകയും ചെയ്യും.
വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
Comments