Prabodhanm Weekly

Pages

Search

2021 ജൂണ്‍ 25

3207

1442 ദുല്‍ഖഅദ്‌ 14

എക്‌സ് മുസ്‌ലിം മതം വിട്ടവരുടെ നിരര്‍ഥക ബഹളങ്ങള്‍

സഈദ് പൂനൂര്‍ 

മതത്തിനകത്തെ മതനിരാസം സമുദായ പാരമ്പര്യത്തില്‍ അപരിചിതമൊന്നുമല്ല. മതം വിട്ട 'മതക്കാരാ'ണ് സത്യത്തില്‍ മതം വിറ്റും മതത്തില്‍ കറങ്ങിയും കാലം തീര്‍ക്കുന്നത്. അവരുടെ ചിന്തയാണ്  ഒരു കാലത്തും ഒട്ടും സ്വതന്ത്രമല്ലാത്തതും. തെളിയിക്കപ്പെടുന്നതേ ഇസ്ലാമിലുള്ളൂ എന്ന് വരുത്തേണ്ട ബൗദ്ധികദാസ്യം ചിലര്‍ ഏറ്റെടുത്തതോടെയാണ് 'എക്‌സ് മുസ്ലിം' (മുന്‍ മുസ്‌ലിം) ഡോഗ്മ നിരര്‍ഥകമായി വിഭാവനം ചെയ്യപ്പെട്ടത്. ഏകദേശം ഒരേ കാലത്തുണ്ടായ മിഡില്‍ ഈസ്റ്റിലെ  മോഡേണിസ്റ്റ് ചിന്തകളും യൂറോപ്പിലെ ശാസ്ത്രീയ മുന്നേറ്റവും ഇതിന് കൈത്താങ്ങാവുകയും ചെയ്തു.
എക്‌സ് മുസ്ലിം എന്ന വാക്കു തന്നെ ലോജിക്കലായി ശരിയല്ല. മതത്തിനകത്തില്ലാത്തവര്‍ പുറത്ത് കൃത്യമായ സ്‌പെയ്‌സുണ്ടാക്കിയിട്ടുമില്ല. ഒരുപക്ഷേ ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ ഇവരായിരിക്കും. യഥാര്‍ഥത്തില്‍ അവര്‍ യുക്തിവാദികളോ ശാസ്ത്രപ്രചാരകരോ തനി നാസ്തികരോ സന്ദേഹവാദികളോ പ്രകൃതിവാദികളോ ഒന്നുമല്ല. സാമൂഹികമോ ഗാര്‍ഹികമോ ലൈംഗികമോ ഒക്കെയായ കാരണങ്ങളാല്‍ മുസ്ലിം എഡന്റിറ്റി ഇഷ്ടപ്പെടാത്തവരാണ്. പിന്നീട് ,പിടിച്ചുനില്‍ക്കാന്‍ ഇസ്ലാം വിമര്‍ശനം തൊഴിലാക്കുന്നുവെന്നു മാത്രം. മൈലേജും മാര്‍ക്കും കുറയുമെന്നതിനാലാണ്  അവര്‍ തങ്ങളുടെ അറബി മുസ്ലിം പേരുകള്‍ ഉപേക്ഷിക്കാന്‍ തയാറാവാത്തത്. 
ആ പേരുകളില്‍ മാത്രം ബാക്കി നില്‍ക്കുന്ന മുസ്ലിം സ്പര്‍ശം തന്നെയാണ് അവര്‍ക്ക് Ex- Muslimship നല്‍കുന്ന ഏക അടയാളവും. അതിനാല്‍ തങ്ങളുടെ പേരിന്റെ വേരുകള്‍ അവര്‍ പിഴുതു മാറ്റുകയില്ല.  അതു വെച്ച് മതനിരാസ പ്ലാറ്റ്‌ഫോമുകളില്‍ എ പ്ലസ് സ്‌കോര്‍ ചെയ്യുകയും ചെയ്യും. മുമ്പുണ്ടായിരുന്ന സാമൂഹികപദവിയെ കുറിക്കാന്‍ EX പ്രയോഗം ഉപകരിക്കുമെങ്കിലും, പൂര്‍വ ജീവിതഘട്ടത്തെ നിലവിലുള്ള വ്യക്തിഗത വിലാസമായി ഉപയോഗിക്കുന്നത് തനി കാപട്യമല്ലേ? നിര്‍വചനമോ ആത്മാഖ്യാനമോ  കൃത്യമാവണമെങ്കില്‍ നിലവില്‍ താന്‍ ആരാണെന്ന് വ്യക്തമായി പറയുകയാണ് വേണ്ടത്. ഐന്‍സ്റ്റീന്‍ ആരായിരുന്നു എന്ന ചോദ്യത്തിന് പന്ത്രണ്ടാം വയസ്സില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു എന്ന് പറയുന്നതു പോലെ അസംബന്ധമാണ് എക്‌സ് മുസ്ലിം എന്ന പ്രയോഗവും.
എക്‌സ് മുസ്ലിം എന്ന പ്രയോഗത്തിന്റെ മറവില്‍ പല കാപട്യങ്ങളും ഒളിച്ചുകടത്തുന്നുണ്ട്. എം.എം അക്ബര്‍ / ഇ.എ ജബ്ബാര്‍ സംവാദത്തെ സംബന്ധിച്ച്, 'മുസ്ലിം പണ്ഡിതനും മുസ്ലിം  യുക്തിവാദിയും' എന്നാണ് കമ്യൂണിസ്റ്റ് നാസ്തിക പക്ഷവും സവര്‍ണ ഹിന്ദുത്വ നാസ്തികരും ഒരുപോലെ എഴുതിയത്. ഇ.എ ജബ്ബാറിനെ  യുക്തിവാദിയായി സി. രവിചന്ദ്രന്‍ അംഗീകരിക്കുന്നുണ്ടോ എന്നിടത്തു തന്നെ കാര്യം വ്യക്തമാവും. കേരളത്തിലെ സവര്‍ണ നാസ്തികര്‍ക്കിടയില്‍ ഇത്തരക്കാരിപ്പോഴും സെക്കന്റ് ഓപ്ഷനുകള്‍ മാത്രമാണ്.
കേരളത്തിലെ യുക്തിവാദം സവര്‍ണ ഹിന്ദുത്വ -ലെഫ്റ്റ് ലിബറല്‍ ടെന്റന്‍സി ബ്രാന്‍ഡ് ചെയ്യുമ്പോള്‍ 'മതക്കാരായ'  ഈ മുസ്ലിം മതനിരാസകരുടെ  കാര്യമാണ് കഷ്ടത്തിലാവുന്നത്. അവര്‍ സവര്‍ണ ഹിന്ദുത്വ യുക്തിവാദികളുടെ ഇസ്ലാം വിരുദ്ധതക്ക് കൈയടിക്കാന്‍ വിധിക്കപ്പെട്ടവരാവുകയാണ്. 
ഇ.വി പെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര്‍ സവര്‍ക്കറെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി. രവിചന്ദ്രന്‍ വലതുപക്ഷ യൂറോപ്യന്‍ നാസ്തികതയാണല്ലോ പ്രചരിപ്പിക്കുന്നത്. ദലിത്-കീഴാള യുക്തിവാദികള്‍ പൊതുവെ സെമിറ്റിക്/ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കാറില്ല. ഹിന്ദു യുക്തിവാദികള്‍ക്ക് മൊത്തത്തില്‍ ഹൈന്ദവതയെ ദാര്‍ശനികമായി എതിര്‍ക്കാതെ തന്നെ, ജാതീയതയെ മാത്രം വിമര്‍ശിച്ച് പരിക്കേല്‍ക്കാതെ നില്‍ക്കാനുള്ള സ്പേസ് അവിടെ ആവോളമുണ്ട്. ആ ഇടം  പക്ഷേ മുസ്ലിം യുക്തിവാദികള്‍ക്ക് ഇസ്ലാമിലില്ല. അതിനാല്‍ അവര്‍, ക്ലീഷേകള്‍ക്കൊപ്പം ഖുര്‍ആനും ഹദീസും ലോക ഭീഷണികളാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. അതേസമയം നിരീശ്വര പ്രത്യയശാസ്ത്രത്തിന്റെ സാങ്കേതിക വൃത്തങ്ങളൊന്നും അവരെ ഉള്‍ക്കൊള്ളുന്നുമില്ല.
മനുഷ്യ ജീവിതത്തിലെ സങ്കീര്‍ണമായ സമസ്യകളെയൊക്കെ ലളിതയുക്തി കൊണ്ട് സമീപിച്ച്, ബാലിശമായ ചോദ്യങ്ങളും വാദങ്ങളും ഉന്നയിക്കുന്ന മലയാള നാസ്തികരെ യുക്തിവാദികള്‍ എന്ന് വിളിക്കേണ്ടിവരുന്നതു തന്നെ വ്യാവഹാരിക സൗകര്യത്തിനു വേണ്ടി മാത്രമാണ്. മുഹമ്മദ് നബി(സ)യെക്കുറിച്ച് ജബ്ബാറും ജാമിദയും ഉള്‍പ്പെടെയുളള കേരളത്തിലെ യുക്തിവാദികള്‍ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും കണ്ടാല്‍ ഇസ്ലാമോഫോബിയക്ക് പേരുകേട്ട നവനാസ്തികരുടെ ആചാര്യന്മാരായ റിച്ചാര്‍ഡ് ഹോക്കിന്‍സും സാം ഹാരിസുമൊക്കെ തല കുനിച്ചുപോകും. ക്രിസ്ത്യന്‍ ഓറിയന്റലിസ്റ്റുകള്‍ പണ്ടെന്നോ എഴുതിവിട്ടതും പാശ്ചാത്യ ചിന്തകരില്‍ പലരും അവജ്ഞയോടെ തള്ളിക്കളഞ്ഞതുമായ നുണകളാണ് മുസ്ലിം യുക്തര്‍ പൊടി തട്ടിയെടുത്ത്  ഛര്‍ദിക്കുന്നത്. മുഹമ്മദ് നബി സ്ത്രീലമ്പടനാണെന്നും യുദ്ധക്കൊതിയനാണെന്നുമൊക്കെയുള്ള പഴകിപ്പുളിച്ച ആരോപണങ്ങള്‍ക്ക് മുസ്ലിം പണ്ഡിതന്മാര്‍ മറുപടി പറയാന്‍ വിസമ്മതിച്ചപ്പോള്‍ അത് തങ്ങളുടെ വിജയമായി ആഘോഷിച്ചവരാണ് കേരളത്തിലെ യുക്തിവാദികള്‍. 
സ്വയം സന്നദ്ധ എക്‌സ് മുസ്ലിംകളായ ഇ.എ ജബ്ബാറിനെപ്പോലുള്ളവര്‍ സ്വതന്ത്ര ചിന്ത ഒരു സമഗ്ര ചിന്താ പദ്ധതിയാണ് എന്ന് ഊറ്റം കൊള്ളുമെങ്കിലും ഈ ചിന്താപദ്ധതിയുടെ ദാര്‍ശനിക അടിത്തറ  ചോദിച്ചാല്‍ പദാര്‍ഥവാദത്തിനപ്പുറം ഒരു ഉത്തരം നല്‍കാന്‍ കഴിയാറില്ല. ഈ ദാര്‍ശനിക ദാരിദ്ര്യം മറച്ചുപിടിക്കാനുളള മറയാണ് ഇത്തരം പ്രഛന്ന എക്‌സ് മുസ്ലിംസിന്റെ ഹിംസാത്മകമായ മതവിമര്‍ശനങ്ങള്‍. ഇത്തരം വിമര്‍ശനങ്ങള്‍ കൊണ്ട് മാത്രം അധികകാലം പിടിച്ചുനില്‍ക്കാനാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ധാര്‍മികതയുടെയും മാനവികതയുടെയും ഹോള്‍സെയില്‍ ഏജന്റുമാരായി സ്വയം ചമയാനുള്ള ഇവരുടെ ബൗദ്ധിക വ്യായാമങ്ങള്‍. ഇസ്ലാം വിരുദ്ധതയുടെ വിത്തെറിഞ്ഞ് മതവിരുദ്ധതയുടെ വിളവെടുക്കാനാണ് തന്ത്രം മെനയുന്നത്. ദാര്‍ശനികമായി തങ്ങളുടെ വാദം സമര്‍ഥിക്കുന്നതിനു പകരം മതവിമര്‍ശനം വഴി മൈലേജുണ്ടാക്കാനായിരുന്നു അവര്‍ എന്നും ശ്രമിച്ചത്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും പേരുപറഞ്ഞ് ആളെക്കൂട്ടിയവര്‍ കേവല മതവിമര്‍ശന തൊഴിലാളികളാകുന്നതാണ് പിന്നീട്  കണ്ടത്. 
റെഡിമെയ്ഡ് ഉത്തരങ്ങളും പ്രീപ്ലാന്‍ഡ് ചോദ്യങ്ങളുമായി നിരന്തരം ദൈവത്തെക്കുറിച്ചോര്‍ത്ത് കാലം തീര്‍ക്കുന്നവരാണ്  പൊതുവെ കേരളത്തിലെ  നിരീശ്വരവാദികള്‍. ഒരാള്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുക അയാളുടെ ശത്രുവിനെയായിരിക്കും എന്നതാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന രസതന്ത്രം. ദൈവമില്ലായെന്ന് പറയുന്നവരാണ് ദൈവമെന്ത് ജോലിയാണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് എന്നതാണ് കേരളീയ പരിസരങ്ങളിലെ തമാശയും വൈരുധ്യവും. ആരാധനാലയങ്ങളില്‍ ദൈവം ലിംഗനീതി കാണിക്കുന്നില്ല എന്നാണ് ഈയടുത്തായി ഉയര്‍ന്ന ഒരു വിമര്‍ശനം. ലിംഗനീതി നടപ്പിലാക്കിയാല്‍ ദൈവത്തെ അംഗീകരിക്കുമോ എന്ന ചോദ്യം അത്തരക്കാരോട് ചോദിക്കുകയുമരുത്! പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോഴും ദൈവം ഏറെ പഴികേള്‍ക്കേണ്ടി വരുന്നു.
ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് എത്രയോ കണ്ടതാണ്. ശരീഅത്ത് പരിഷ്‌കരണം, ഖുര്‍ആന്‍ ഭേദഗതീവാദം, മുത്ത്വലാഖ് നിരോധനം, ഏക സിവില്‍ കോഡ്, സ്ത്രീസ്വാതന്ത്ര്യം, തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളില്‍  മുസ്ലിംകള്‍ക്കെതിരെ ചര്‍ച്ചാഗതി തിരിച്ചുവിടാനുള്ള ഹിന്ദുത്വയുടെ ഏജന്‍സികളായാണ് സി. രവിചന്ദ്രനും അനുചരരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
അതിന് താങ്ങാവുന്നതാണ് മുസ്ലിം മതനിരാസകരുടെ മൈലേജ്. ആ ഗ്രാഫ് പക്ഷേ എം.എം അക്ബര്‍ /ജബ്ബാര്‍, ജാമിദ/ ശുഐബുല്‍ ഹൈതമി സംവാദങ്ങളാനന്തരം താഴ്ന്നതായും കാണാം. ഇ. എ ജബ്ബാറിനെ 'ഇസ്ലാം വിമര്‍ശകന്‍' എന്നതിനപ്പുറം യുക്തിവാദി എന്ന് വിശേഷിപ്പിക്കാന്‍ രവിചന്ദ്രന്‍ പോലും തയാറാവാത്തതിനുള്ള കാരണങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
ശാസ്ത്രത്തെയും ഭാഷയെയുമൊക്കെ പോറലും കീറലുമേല്‍ക്കാതെ ഉത്തരോത്തരം വളര്‍ത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഇസ്ലാം വിമര്‍ശകരുടെ പാണ്ഡിത്യം തന്നെ തീര്‍ത്തും പ്രാഥമികമാണ്. യുക്തിവാദികള്‍ എന്ന ഗമയിലാണ് മിക്കവരുമെങ്കിലും റാഷണലിസം, സയന്റിഫിക് റാഷണലിസം, മൈക്രോ ഇന്റലക്ച്വലിസം, നാനോ ഫാക്റ്റിസം, ആന്റി ക്ലെറിക്കലിസം, സെക്യുലരിസം, ,ഹ്യൂമനിസം, എത്തിസം, അഗ്‌നോട്ടിസം,  സയന്റിസം എന്നൊക്കെയാണ് ഫീല്‍ഡുകള്‍.
പക്ഷേ കേട്ടവരിലും സംസാരിച്ചവരിലും 90 ശതമാനത്തിനും ആ വിഷയങ്ങളില്‍  പ്രാഥമിക ജ്ഞാനം പോലും ഉണ്ടാകില്ല. സയന്റിസം പറയുന്ന രവിചന്ദ്രനും വൈശാഖന്‍ തമ്പിയും തന്നെ പറച്ചിലില്‍ വരുത്തിയ തെറ്റുകള്‍ ധാരാളമാണെങ്കില്‍ ജസ്‌ല മടശ്ശേരിയുടെയോ ജാമിദയുടേയോ ജബ്ബാറിന്റേയോ കാര്യം പറയാനുമില്ല.
അടിസ്ഥാന തത്ത്വങ്ങളില്‍ എബിസിഡി നിലവാരം പോലും ഇല്ലാത്തതുകൊണ്ടാണ് സത്യത്തില്‍ കേരളത്തില്‍ യുക്തിവാദം നിരീശ്വരവാദമായി പരിണമിച്ചതുതന്നെ. കേരളത്തിലെ യുക്തിവാദികളുടെ നേതാവായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ദൈവനിഷേധിയാകാന്‍ കാരണം ശ്രീനാരായണ ഗുരുവിന്റെ മരണരംഗം നേരിട്ടു കണ്ടതാണ്. ആചാര്യശ്രേഷ്ഠനായ ശ്രീനാരായണ ഗുരു മരണവേളയില്‍ വേദനിച്ചു നിലവിളിക്കുന്നതു കണ്ടപ്പോള്‍ കൃഷ്ണപിള്ള ചിന്തിച്ചത്, ഇത്ര നല്ല മനുഷ്യനെപ്പോലും വേദനയില്ലാതെ മരണപ്പെടുത്താന്‍ സാധിക്കാത്ത ദൈവത്തെ എന്തിന് ആരാധിക്കണം എന്നായിരുന്നു. വൈകാരികതലത്തില്‍നിന്നും വൈചാരിക മണ്ഡലത്തിലേക്കുയര്‍ന്നു ചിന്തിച്ചാല്‍ അത് സംഭവിക്കുമായിരുന്നില്ല. അതേസമയം, ഒ.വി വിജയനും പൊന്‍കുന്നം വര്‍ക്കിയും അവസാന സമയത്ത് ഈശ്വരശക്തിയെ അംഗീകരിക്കുകയാണ് ചെയ്തത്. ഈ അടിസ്ഥാനശൂന്യതയെ താങ്ങുമ്പോള്‍ സ്വാഭാവികമായുണ്ടാവുന്ന സ്‌പെയ്‌സില്ലായ്മ തന്നെയാണ് സ്വയം അവരോധിത എക്‌സ് മുസ്ലിംസ് കേരളത്തിലനുഭവിക്കുന്ന വെല്ലുവിളിയും.

മലയാളത്തിലെ യുക്തിപൂജയുടെ നാള്‍വഴികള്‍ 

കേരളത്തില്‍ യുക്തിവാദ/നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ വിത്തു പാകിയത് 19,20 നൂറ്റാണ്ടുകളിലെ ജാതീയതയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും ഫലപുഷ്ടിയുള്ള മണ്ണിലായിരുന്നു. മനുഷ്യത്വം മരവിച്ച ചാതുര്‍വര്‍ണ്യത്തിന്റെ നേര്‍ചിത്രത്തില്‍ താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും അവര്‍ക്ക് മാനുഷിക അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും ജാതിവിരുദ്ധ സമരങ്ങള്‍ കേരളത്തില്‍ അരങ്ങേറി. ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു നാരായണഗുരു.
യുക്തിവാദികളുടെ പാഠപുസ്തകം, അടിസ്ഥാനഗ്രന്ഥം എന്നീ പേരിലറിയപ്പെടുന്ന 'യുക്തിദര്‍ശന'ത്തില്‍ കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ചരിത്രം പരാമര്‍ശിച്ച് പുതുപ്പള്ളി രാഘവന്‍, എം. പ്രഭ, യു. കലാനാഥന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതു കാണാം:  'പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ 1888-ല്‍ അന്നോളം ബ്രാഹ്മണര്‍ക്കു മാത്രം, അതും ആഢ്യബ്രാഹ്മണര്‍ക്കു മാത്രം അട്ടിപ്പേറായി വിധിച്ചിരുന്ന അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് നാരായണ ഗുരു അരുവിപ്പുറത്ത് ക്ഷേത്രപ്രതിഷ്ഠ നടത്തി. 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന'തിന് ആഹ്വാനം ചെയ്തു. നാരായണ ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠ കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മൂത്തുമുരടിച്ച യാഥാസ്ഥിതികത്വത്തിന്റെയും നാരായവേരുകള്‍ക്ക് കത്തിവെക്കുന്ന മഹത്തായ കര്‍മമായിരുന്നു. അദ്ദേഹം അതില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. ജാതിവ്യത്യാസത്തിന്റെയും മറ്റു അനാചാരങ്ങളുടെയും നേര്‍ക്ക് അദ്ദേഹം ആഞ്ഞടിച്ചു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നും 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നും അന്നത്തെ സ്ഥിതിക്ക് അത്യന്തം വിപ്ലവകരങ്ങളായ ആശയങ്ങള്‍, സന്ദേശങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു' (യുക്തിദര്‍ശനം, പേ: 763, 764).
കേരള യുക്തിവാദത്തിന്റെ ആചാര്യരാണ് സഹോദരന്‍ അയ്യപ്പനും കുറ്റിപ്പുഴ കൃഷ്ണപിള്ളയും ഇ.വി പെരിയോരുമെല്ലാം. കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം. ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീനാരായണനോട് അങ്ങേയറ്റം ഭവ്യത കാത്തു സൂക്ഷിച്ചിരുന്നു  സഹോദരന്‍ അയ്യപ്പന്‍. തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്ന നിലയിലായിരുന്നു.
ശ്രീനാരായണ ഗുരുവിന്റെ പാതയില്‍ നിന്ന് ഊര്‍ജം നുകര്‍ന്ന് ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ 1917 മെയ് 29-ാം തീയതി 'സഹോദര സംഘം' എന്ന കൂട്ടായ്മ രൂപീകരിച്ചു. മിശ്രഭോജനത്തിലൂടെ സംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഈ സഹോദരസംഘത്തില്‍ നിന്നാണ് കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം പിറവിയെടുത്തത്. യുക്തിദര്‍ശനത്തില്‍ ഇത് രേഖപ്പെടുത്തിയതു കാണാം: 'ഇതോടടുത്ത കാലത്ത് തന്നെയാണ് 'സഹോദരനും' 'മിതവാദിയും' 'കേരള കൗമുദി'യും യഥാക്രമം മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ മൂന്ന് പത്രങ്ങളും സഹോദര സംഘവും ഒത്തുചേര്‍ന്ന് കേരളത്തില്‍ വിചാര വിപ്ലവത്തിന്റെ വിത്ത് ശരിക്കും വിതക്കുകതന്നെ ചെയ്തു. അതിന്റെ ഫലമോ? സ്വതന്ത്ര ചിന്ത, നിര്‍ജാതിത്വം, നിര്‍മതത്വം, നിരീശ്വരത്വം, മിശ്രഭോജനം, മിശ്രവിവാഹം, സ്വതന്ത്ര സമുദായ വാദം എന്നിങ്ങനെ കേരളീയ ജനതയെ ആവേശം കൊള്ളിച്ച, പ്രവൃത്യുന്മാരാക്കിയ പുതിയ പുതിയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. അതേവിധത്തില്‍ തന്നെ മുള പൊട്ടിയതാണ് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനവും' (യുക്തിദര്‍ശനം, പേ: 766 -767). ജാതിപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുതുടങ്ങി ഒടുവില്‍ മതനിഷേധത്തിലേക്ക് വഴിതെറ്റിയതാണ് കേരള യുക്തിവാദ പ്രസ്ഥാനങ്ങളെന്നു സാരം.
മലയാള യുക്തിവാദത്തിന്റെ സവര്‍ണബാധ കഴിഞ്ഞ പതിറ്റാണ്ടുകളിലെ ക്രമാനുഗതമായ പരിണാമമാണ്.
1970-കളില്‍ യുക്തിവാദിസംഘത്തില്‍ കോണ്‍ഗ്രസ്സുകാരും സി.പി.ഐക്കാരും ആര്‍.എസ്.പിക്കാരും നക്‌സലൈറ്റുകളും സി.പിഎമ്മില്‍ പെട്ടവരും ഉണ്ടായിരുന്നു. കോണ്‍ഗസ് നേതാവായിരുന്ന എം.എ ജോണ്‍, മുന്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ഡോ. എം.എ കുട്ടപ്പന്‍, സി.പി.ഐ നേതാവായിരുന്ന പവനന്‍, വി. ജോര്‍ജ്, തെങ്ങമം ബാലകൃഷ്ണന്‍, ആര്‍. എസ്.പിയില്‍ നിന്നും വന്ന ഇടമറുക്, സി.പി.എമ്മില്‍ നിന്നും വന്ന യു. കലാനാഥന്‍ , സി.പി.ഐ.എം.എല്ലില്‍ നിന്ന് വന്ന കെ. വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കള്‍. പവനനും യു. കലാനാഥനും നേതൃത്വത്തിലെത്തിയതോടെ അവര്‍ക്കിടയില്‍ ആഭ്യന്തര സംവാദങ്ങള്‍ ഉടലെടുത്തു തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാര്‍ക്‌സിസവും തമ്മില്‍ സംവാദമുണ്ടായത്. പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തു നിന്നും ഇ.എം.എസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്തു നിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു.  
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പ്രശസ്ത ഗ്രന്ഥമായ ദി ഗോഡ് ഡെല്യൂഷന്‍ (The God Delusion) എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയായ 'നാസ്തികനായ ദൈവം' സി. രവിചന്ദ്രന്‍  എഴുതുന്നതോടെയാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍, സാം ഹാരിസ് ഡാനിയല്‍ തുടങ്ങിയവരുടെ ചിന്തയില്‍ നിന്നുതിര്‍ന്നുവീണ നവനാസ്തികതയുടെ വിത്ത് കേരള മണ്ണിലെത്തുന്നത്. ഈ പുസ്തകം പുറത്തിറങ്ങിയതോടെയാണ് രവിചന്ദ്രന്‍ യുക്തിവാദ പ്രസ്ഥാനങ്ങളോട് ബന്ധപ്പെടാന്‍ തുടങ്ങിയത്. 'പച്ചക്കുതിര'ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്: '2009 ഒക്ടോബറില്‍ 'നാസ്തികനായ ദൈവം' പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിലെ പ്രമുഖ യുക്തിവാദികളെ നേരിട്ട് പരിചയപ്പെടുന്നത്. പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ കേരളം ചുറ്റാന്‍ തുടങ്ങിയത് 2010 മുതലാണ്' (പച്ചക്കുതിര 2018 ഏപ്രില്‍, പേ: 30).
ശാസ്ത്രത്തിന്റെ പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ കൂടി ശാസ്ത്ര കണ്ടെത്തലുകള്‍ മാത്രം സ്വീകരിക്കുന്ന നവനാസ്തികതാ പ്രചാരണം കൂടിയായിരുന്നു രവിചന്ദ്രന്‍ നിര്‍വഹിച്ചിരുന്നത്. കേവല മതവിമര്‍ശനത്തിന് അപ്പുറം ശാസ്ത്രവിരുദ്ധമായി താന്‍ കാണുന്നതിനെ മുഴുവന്‍ എതിര്‍ക്കുക എന്ന പുതിയ ശൈലി രൂപപ്പെട്ടു. യുക്തിവാദികളില്‍ തന്നെയുള്ള 'ശാസ്ത്രവിരുദ്ധ' നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തു. യുക്തിവാദികളിലെ ശാസ്ത്ര വിരുദ്ധരെക്കുറിച്ച് രവിചന്ദ്രന്‍ പറയുന്നതിപ്രകാരമാണ്: 'ശാസ്ത്ര ചിന്തയോട് ആഴത്തില്‍ കലഹിക്കുന്നവര്‍ പോലും അവര്‍ക്കിടയിലുണ്ട്. കളിമണ്‍ ചികിത്സ, ഹോമിയോപ്പതി, പ്രകൃതി ചികിത്സ തുടങ്ങിയ കപട ചികിത്സകളെ പിന്തുണക്കുന്നവരും അങ്ങിങ്ങുണ്ട്. എന്തിനേറെ, വാക്‌സിന്‍ വിരുദ്ധരെ പോലും അവര്‍ക്കിടയില്‍ കാണാനാവും!' (പച്ചക്കുതിര 2018 ഏപ്രില്‍, പേ: 31).
അധികാരമോഹങ്ങളും സംഘടനാ സങ്കുചിതത്വവും കേരള യുക്തിവാദ സംഘത്തില്‍ മറ്റൊരു പിളര്‍പ്പ് കൂടിയുണ്ടാക്കി. ഈ പിളര്‍പ്പ് രവിചന്ദ്രന്‍ വിശദീകരിക്കുന്നതിപ്രകാരമാണ്: '2011-ല്‍ കേരള യുക്തിവാദത്തില്‍ പിളര്‍പ്പുണ്ടായി. മലപ്പുറം ജില്ലാ കമ്മറ്റി ഒന്നടങ്കം വിട്ടുപോയി. ഇ.എ ജബ്ബാര്‍, മുഹമ്മദ് പാറയ്ക്കല്‍, പ്രഫ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ 'യുക്തിവാദി സംഘം' എന്ന സംഘടന രൂപീകരിച്ചു' (വെളിച്ചപ്പാടിന്റെ ഭാര്യ, പേ: 216). ഇ.എ ജബ്ബാറും രവിചന്ദ്രനും തമ്മില്‍ നടന്ന അഭിമുഖത്തില്‍ ഈ പിളര്‍പ്പിനെക്കുറിച്ച് ഇ. എ ജബ്ബാര്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: 'സംഘടന വന്നതിനുശേഷമാണ് സംഘടനാ മൗലികവാദം വരുന്നത്. ആശയപ്രചാരണത്തേക്കാള്‍ സംഘടനയുടെ ചട്ടക്കൂടും അതിന്റെ അച്ചടക്കവും അതിന്റെ അജണ്ടകളും പ്രധാനമായിത്തീര്‍ന്നു. നിര്‍ഭാഗ്യവശാല്‍ അക്കാലഘട്ടത്തിലാണ് ഞാനും ഈ സംഘടനയിലേക്ക് വരുന്നത്. സംഘടനക്കകത്ത് വന്നുകഴിഞ്ഞാല്‍ മിക്കവാറും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലല്ല, സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്താണ് സമയം കളയുന്നത്. അതുകൊണ്ട് വലിയ പ്രയോജനം ഇല്ലായെന്ന് എനിക്ക് അനുഭവങ്ങളിലൂടെ തോന്നി. പലപ്പോഴും ഇത്തരം കമ്മിറ്റികളില്‍ പോയിരുന്നാല്‍ നമുക്കൊന്നും ചര്‍ച്ച ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. ഇത് പോരാ, ആശയം പ്രചരിപ്പിക്കലായിരിക്കണം പ്രധാനം, അതുപോലെ കാലം മാറുന്നതിനനുസരിച്ച് പുതിയ സങ്കേതങ്ങളും രീതികളുമൊക്കെ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്ന ആശയങ്ങള്‍ ഞാന്‍ സംഘടനക്കകത്ത് വെച്ചിരുന്നു. പക്ഷേ, അതിനോടൊന്നും സംഘടനക്കകത്ത് പലര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. 2012-ലെ സ്വതന്ത്രലോകം ദേശീയ സെമിനാറോടു കൂടി ഞാന്‍ സംഘടനയുമായി ഔപചാരികമായി പിരിഞ്ഞു' (പച്ചക്കുതിര, 2016 ഡിസംബര്‍, പേ: 27).
യുക്തിവാദി പ്രസ്ഥാനത്തിന് മാര്‍ക്‌സിസം വേണോ വേണ്ടയോ എന്നതില്‍ വീണ്ടും അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകളെ എതിര്‍ക്കാനും വേണ്ടി എന്ന പേരില്‍ മാര്‍ക്‌സിസത്തെ അനുകൂലിക്കാത്ത ചില യുക്തിവാദികളുടെ നേതൃത്വത്തില്‍  കേരളാ ഫ്രീ തിങ്കേഴ്‌സ് ഫോറം (KFTF)  നിലവില്‍ വന്നു. യൂട്യൂബ് ചാനലും ഫേസ്ബുക്ക് കൂട്ടായ്മയുമായി മുന്നോട്ടു ഗമിച്ചു. ഡോ. വിശ്വനാഥന്‍, ഇ. എ ജബ്ബാര്‍, രവിചന്ദ്രന്‍ തുടങ്ങിയവര്‍ ഈ ഫോറത്തോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ 'യുക്തിയുഗം' എന്ന മാസികയും ആരംഭിച്ചു. ഈ കൂട്ടായ്മയുടെ വാര്‍ഷിക സെമിനാറാണ് 'സ്വതന്ത്ര ലോകം'. അതിനിടയില്‍ 2013 സ്വതന്ത്രലോകം സെമിനാറില്‍ രവിചന്ദ്രന്‍ 'വെളിച്ചപ്പാടിന്റെ ഭാര്യ'  അവതരിപ്പിച്ചു. പക്ഷേ ഈ അവതരണത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് യുക്തിവാദി സംഘത്തിന് ഫെമിനിസം വേണോ വേണ്ടയോ തുടങ്ങിയ ചര്‍ച്ചകളായി. ആ സമയത്ത് തനിക്ക് തെറ്റു പറ്റിയെന്ന കുറ്റസമ്മതത്തിലേക്ക് രവിചന്ദ്രന്‍ വരികയായിരുന്നു.
എന്നാല്‍ 2016-ല്‍ തൃശൂരില്‍ വെച്ച് 'വെളിച്ചപ്പാടിന്റെ ഭാര്യ ഞലഹീമറലറ' എന്ന പേരില്‍ വീണ്ടും അതേ വിഷയം രവിചന്ദ്രന്‍ അവതരിപ്പിച്ചതോടെ സംഘടനയില്‍ പിളര്‍പ്പുണ്ടായി. അങ്ങനെ തന്നെ അനുകൂലിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളിച്ച് 2016 ഒക്ടോബറില്‍ 'എസ്സന്‍സ് ക്ലബ്' എന്ന പുതിയ സംഘടന രവിചന്ദ്രന്‍ രൂപീകരിച്ചു. എന്നാല്‍ ഇത്തരം സംഘടനകളിലൊന്നും മെമ്പറാവുകയോ നേതൃസ്ഥാനം ഏറ്റെടുക്കുകയോ ചെയ്യാതെ, അവയെ തന്റെ നിയന്ത്രണത്തിലാക്കി വെക്കുക എന്ന തന്ത്രമാണ് അദ്ദേഹം സ്വീകരിച്ചത്. ഈ സംഘടനയെ രവിചന്ദ്രന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: 'സജീവന്‍ അന്തിക്കാട്, പ്രശാന്ത് രണ്ടേടത്ത്, പി. സുശീല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2013 ഒക്ടോബറില്‍ രൂപംകൊണ്ട ആയിരത്തിലധികം അംഗങ്ങളുള്ള എസ്സെന്‍സ് എന്ന ഹ്യൂമനിസ്റ്റ് സൈബര്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം ശാസ്ത്ര-നാസ്തിക-മാനവികവാദ പ്രചാരണമാണ്. എസ്സന്‍സ് ഫ്രീ തിങ്കേഴ്‌സ് ഡയറി എന്ന ഓണ്‍ലൈന്‍ മാഗസിന്‍, യൂട്യൂബ് ചാനല്‍, ഓഡിയോ-ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ തുടങ്ങിയവയും എസ്സെന്‍സ് നടത്തുന്നു. കൂടാതെ വിവിധ വിഷയങ്ങളില്‍ സംവാദ പരമ്പരകളും' (വെളിച്ചപ്പാടിന്റെ ഭാര്യ, പേ: 226).
ചുരുക്കത്തില്‍, ഭിന്നിപ്പുകളും സൈദ്ധാന്തിക വൈരുധ്യങ്ങളും ആവോളമുള്ള അടിസ്ഥാനരഹിത ഡോഗ്മകളാണ് കേരള പരിസരത്തെ യുക്തിവാദത്തിന്റെ പ്രാതിനിധ്യവും അടിയൊഴുക്കുകളും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (30-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

സല്‍ക്കര്‍മനിരതമായ ദീര്‍ഘായുസ്സ്
അബ്ദുല്ലത്വീഫ് കൊടുവള്ളി