124 A
കാട്
ലേലത്തില്‍ വെച്ചന്ന്
ഉള്ളംനിറയെ വേരാഴമുള്ള
മരങ്ങള്‍ നട്ടവന്‍
എന്റെ പഴയ ചങ്ങാതിയാണ്.
അതിന്റെ പച്ചത്തഴപ്പുകള്‍
കാറ്റിലുലയന്ന ശബ്ദം
കിളികള്‍ ചിലക്കുന്ന ശബ്ദം
നെഞ്ചോടു ചെവി ചേര്‍ത്ത്
ഞങ്ങളെല്ലാവരും മതിയാവോളം കേട്ടു
പുഴ ലേലത്തില്‍ വെച്ചന്ന്
ചെറുചാലു കീറിയവന്‍
കാതങ്ങള്‍ ഒഴുക്കിക്കൊണ്ടുവന്ന്
ഹൃദയത്തില്‍ തളംകെട്ടി നിര്‍ത്തി.
അവനടുത്ത് വരുമ്പോള്‍
പുഴ മണക്കുന്നു
നടക്കുമ്പോള്‍ പുഴ തുളുമ്പുന്നു
ഉഛ്വസിക്കുമ്പോള്‍ തണുത്ത കാറ്റ് വീശുന്നു.
ഒന്ന് നീന്തണമെന്നോ
കക്ക വാരണമെന്നോ തോന്നുമ്പോള്‍
അതീവ രഹസ്യമായി പുഴയെയവന്‍
കെട്ടഴിച്ചുവിടും.
ആ കുളിക്കടവുകളില്‍
ഒച്ചവെക്കാതെ ഞങ്ങള്‍ കയറും
ഉപ്പൂറ്റി വിള്ളലിലെ ചേറില്‍
ഇനിയും വംശനാശം വന്നിട്ടില്ലാത്ത
പരല്‍മീനുകള്‍ ചുണ്ടുരുമ്മും.
പാഠശാലകള്‍
ലേലത്തില്‍ വെക്കും മുമ്പ്
ചരിത്രത്താളുകളെ ഒന്നൊന്നായി
അവനവന്റെ നെഞ്ചിലെ
ഏറുമാടത്തിലേക്ക്
വളച്ചുകെട്ടില്ലാതെ മാറ്റിപ്പാര്‍പ്പിച്ചു
വ്യാജങ്ങള്‍ പഠിക്കുന്നതിനിടയിലും
ഞങ്ങളുടെ കുട്ടികള്‍ക്കവന്‍
അതീവ രഹസ്യമായി
മുന്തിരിച്ചാറ് ഇറ്റിച്ചുതരും പോലെ
അല്‍പാല്‍പം നേരുകള്‍
ഇറ്റിച്ചുകൊടുത്തു.
തമ്മിലടിയുടെ രസതന്ത്രം
വികസിപ്പിച്ചെടുത്ത്
ആയുധപ്പുരകള്‍ക്ക് തറക്കല്ലിടുമ്പോള്‍
അവന്റെ നെഞ്ചിലെ പ്രാവുകള്‍
ചിറകു തല്ലി
തൊണ്ട കഴക്കാതെ കുറുകി.
നേരിനെ
ലേലം പിടിക്കാനെത്തിയ
നുണയുടെ കോര്‍പറേറ്റുകള്‍ക്കു മുന്നില്‍
ഒടുവിലവന്‍ ആദ്യമായി തോറ്റത്
ദൂരെ മാറിനിന്നു ഞങ്ങള്‍ കണ്ടു.
അവനിപ്പോള്‍
രാജ്യദ്രോഹക്കുറ്റത്തിന് അകത്താണ്.
Comments