Prabodhanm Weekly

Pages

Search

2021 ജൂണ്‍ 25

3207

1442 ദുല്‍ഖഅദ്‌ 14

കള്ളപ്പണം സംഘ് പരിവാറിന്റെ അധോലോക ശൃംഖല

സജീദ് ഖാലിദ്

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും തങ്ങളുടെ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഇത്തവണ രംഗത്തിറങ്ങിയത്. അതുകൊണ്ടുതന്നെ അവര്‍ സാധ്യത കല്‍പിച്ച സുപ്രധാന മണ്ഡലങ്ങളില്‍ വലിയ തോതില്‍ പണമൊഴുകുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ ഓരോ നിയോജക മണ്ഡലത്തിലും സ്ഥാനാര്‍ഥി ചെലവാക്കുന്ന തുകക്ക് 27 ലക്ഷം  എന്ന പരിധി നിര്‍ണയിച്ചിട്ടുണ്ടെങ്കിലും ഇവിടെ ആ പരിധിക്കുള്ളിലൊന്നുമല്ല കാര്യങ്ങള്‍ എന്ന് വ്യക്തമാണ്. രണ്ട് കോടിയോ അതിലേറെയോ ഒക്കെ ജയസാധ്യതയുള്ള മുന്നണി സ്ഥാനാര്‍ഥികള്‍ ചെലവാക്കാറുണ്ടത്രെ. ഇത് ഏതായാലും കണക്കില്‍പെട്ട പണമാകില്ല. പക്ഷേ കേരളമടക്കം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും ബി.ജെ.പി ഒഴുക്കിയ പണത്തിന് യാതൊരു കണക്കുമില്ല. 
തൃശൂര്‍- എറണാകുളം ഹൈവേയിലെ ഒരു 'അപകട'ത്തെ തുടര്‍ന്ന് നടന്ന കവര്‍ച്ചയില്‍നിന്നാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മുഴുവന്‍ ഇപ്പോള്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊടകര കുഴല്‍പ്പണക്കേസിന്റെ തുടക്കം. വണ്ടിയോടിച്ചിരുന്ന ഷംജീര്‍ ശംസുദ്ദീന്‍ എന്ന ഡ്രൈവറാണ് തന്റെ വാഹനത്തില്‍നിന്ന് ഏപ്രില്‍ 3-ന് 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന പരാതി ആദ്യം ഉന്നയിക്കുന്നത്. പണത്തിന്റെ ഉടമ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനോടൊപ്പമാണ് പരാതി നല്‍കിയത്.
തന്റെ സുഹൃത്തും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററുമായ സുനില്‍ നായിക് ബിസിനസ്സ് ആവശ്യത്തിനു വേണ്ടി തന്ന 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ധര്‍മരാജന്റെ വാദം. ഈ പറയപ്പെട്ട സുനില്‍ നായിക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി ബന്ധമുള്ള നേതാവുമാണ്. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കവര്‍ച്ച നടന്നതെങ്കിലും നാല് ദിവസം കഴിഞ്ഞാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഇത്തരത്തിലൊരു ഹവാല ഇടപാട് നടക്കുന്നു എന്ന് മുന്‍കൂട്ടിയറിഞ്ഞ ക്വട്ടേഷന്‍ സംഘം, കുഴല്‍പ്പണം കവര്‍ച്ച ചെയ്താലും അതാരും പരാതിപ്പെടാന്‍ പോകില്ലെന്ന ആത്മവിശ്വാസത്തിലാകണം ഇതിന് മുതിര്‍ന്നത്. എന്നാല്‍ അവരുടെ എല്ലാ കണക്കൂകൂട്ടലും തെറ്റിച്ചത് ഇങ്ങനെയൊരു പരാതി നല്‍കിയതാണ്.
കേരളീയ അന്തരീക്ഷത്തില്‍ ഈ പ്രശ്‌നം രാഷ്ട്രീയമായി ചര്‍ച്ചയാവില്ല എന്ന കണക്കുകൂട്ടലിലായിരിക്കണം പരാതി നല്‍കിയവരും. ഏതായാലും ബി.ജെ.പിയെ ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും വലിയ പ്രതിസന്ധിയിലും നാണക്കേടിലുമാക്കിയിരിക്കുകയാണ് ഹവാല ഇടപാടും കവര്‍ച്ചയും.
25 ലക്ഷം നഷ്ടപ്പെട്ടു എന്നായിരുന്നു പരാതിയെങ്കിലും മോഷ്ടാക്കളില്‍നിന്ന് പോലീസ് ഇതിനോടകം തന്നെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തു കഴിഞ്ഞു. ഏപ്രില്‍ 2-ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിളിച്ചു പറഞ്ഞാണ് ഹോട്ടല്‍ നാഷ്‌നല്‍ ടൂറിസ്റ്റ് ഹോമില്‍ 315, 316 എന്നീ റൂമുകളിലായി രണ്ട് കാറിലായെത്തിയ സംഘം താമസിച്ചത്. ഇത് ഓഫീസ് സെക്രട്ടറി സതീഷിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷിനെയും പോലീസ് ചോദ്യം ചെയ്തു. സംസ്ഥാന സെക്രട്ടറി എം. ഗണേഷ്, ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ്,  ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്ത തുടങ്ങിയവരെയൊക്കെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ഇതിന്റെ അറ്റം വരെ അന്വേഷണമെത്തുമെന്ന് ഇത്തരം കേസുകളുടെ പഴയകാല ചരിത്രം വെച്ച് ഒരിക്കലും പറയാനാവില്ല.
കള്ളപ്പണവും ഹവാല ഇടപാടുകളുമെല്ലാം നിയന്ത്രിക്കാന്‍ സന്ധിയില്ലാത്ത സമരത്തിന് ഇറങ്ങി എന്ന് സ്വയം അവകാശപ്പെടുന്ന ബി.ജെ.പിയുടെ ശുദ്ധ കാപട്യം വെളിപ്പെടുത്തുന്ന സംഭവം കൂടിയാണ് അവരുടെ നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പണക്കേസ്. കേരളത്തില്‍ 400 കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പാവശ്യത്തിന് കള്ളപ്പണമായി ഇറക്കിയത് എന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നുവരുന്നു. ബി.ജെ.പിക്കുള്ളിലെ വിഭാഗീയത ഇതെല്ലാം പൊതുജനമധ്യത്തിലേക്കും എത്തിക്കുന്നുണ്ട്. 
2016 നവംബര്‍ 8-ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണം തടയാനെന്ന പേരില്‍ അന്ന് നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും മുഴുവന്‍ കറന്‍സികളും നിരോധിച്ചതായി പ്രഖ്യാപിച്ചത്. യഥാര്‍ഥത്തില്‍ കള്ളപ്പണം തടയുക എന്നതായിരുന്നില്ല അവരുടെ ഉദ്ദേശ്യം എന്ന് വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് പിന്നീടുണ്ടായത്.  രാജ്യത്തെ മറ്റു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ്സുകള്‍ തന്നെ ഇല്ലാതാക്കുക എന്നത് ഒരു ലക്ഷ്യമായിരുന്നു. കള്ളപ്പണത്തിന്റെ ആധികാരിക സ്രോതസ്സായി സംഘ് പരിവാര്‍ നിയന്ത്രിക്കുന്ന ഒരു അധോലോകം രൂപപ്പെടുകയുമായിരുന്നു അതോടെ.
നോട്ട് നിരോധ സമയത്ത് രാജ്യത്ത് കള്ളപ്പണവുമായി അറസ്റ്റ് ചെയ്യപ്പെട്ട 30 കേസുകളിലായി 33 ബി.ജെ.പി പ്രാദേശിക,  ജില്ലാ, സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നു. നോട്ട് നിരോധനത്തിന്റെ പിറ്റേ ദിവസം തന്നെ രാജസ്ഥാനില്‍ ബി.ജെ.പിയുടെ നഗരസഭാ അധ്യക്ഷയെയും ഭര്‍ത്താവിനെയും അഴിമതി നിരോധന വകുപ്പ് പിടികൂടി. കൈക്കൂലിയായി വാങ്ങിയ ഒരു ലക്ഷം രൂപ ഇവരില്‍നിന്ന് പിടിച്ചെടുത്തു. നിരോധിച്ച ആയിരം നോട്ടുകളായിട്ടായിരുന്നു തുക. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ ഇവര്‍ കൈക്കൂലി വാങ്ങിയതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
തമിഴ്‌നാട്ടില്‍ സേലം ജില്ലാ യുവമോര്‍ച്ചാ സെക്രട്ടറിയായ ജെ.വി.ആര്‍ അരുണില്‍നിന്ന് 20.5 ലക്ഷം രൂപ കണ്ടെടുത്തു. പിടിച്ചെടുത്ത തുകയില്‍ 2000-ന്റെ 926 പുതിയ നോട്ടുകളും ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെയും നൂറ് കിലോയിലധികം വരുന്ന സ്വര്‍ണത്തിന്റെയും അന്വേഷണം ചെന്നെത്തിയതും ബി.ജെ.പി നേതാക്കളിലാണ്. 
പശ്ചിമ ബംഗാളില്‍ മനീഷ് ശര്‍മയെന്ന ബി.ജെ.പി നേതാവില്‍നിന്ന് 33 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പത്തുലക്ഷം രൂപയും പുതിയ 2000-ന്റെ നോട്ടുകളായിരുന്നു. മധ്യപ്രദേശ് മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ വസ്വാനിയുടെ വീട്ടില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ പണവും ആയുധങ്ങളും കണ്ടെടുത്തിരുന്നു. കേസ് പിന്നീട് ദുര്‍ബലപ്പെടുകയാണുണ്ടായത്.
മഹാരാഷ്ട്രയിലെ അന്നത്തെ സഹകരണവകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ പക്കല്‍നിന്നും അസാധുവാക്കപ്പെട്ട കറന്‍സിയിലുള്ള 91.50 ലക്ഷം രൂപ കണ്ടെടുത്തു. ഗാസിയാബാദ് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ അശോക് മോംഗയില്‍നിന്ന് മൂന്ന് കോടി രൂപയാണ് പിടിച്ചെടുത്തത്.
കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത രമേശ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പില്‍ ബി.ജെ.പി നേതാവായ ഗലി ജനാര്‍ദന റെഡ്ഡിക്കെതിരെ 100 കോടി രൂപയുടെ കള്ളപ്പണ ആരോപണമുണ്ടായിരുന്നു.
അമിത് ഷാ ഡയറക്‌റായിട്ടുള്ള അഹ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് നിരോധനത്തിനു ശേഷം 500 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. ഗുജറാത്ത് ബി.ജെ.പി മന്ത്രിസഭാംഗമായ ശങ്കര്‍ഭായ് ചൗധരി അധ്യക്ഷനായ ഗുജറാത്ത് സഹകരണ ബാങ്കില്‍ 200 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. ഇതെല്ലാം കള്ളപ്പണ ശൃംഖല ബി.ജെ.പിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
കേരളത്തില്‍ കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിനെയും സഹോദരനെയും കള്ളനോട്ടും കള്ളനോട്ടടി യന്ത്രവുമായി പിടികൂടിയിരുന്നല്ലോ. പുഷ്പം പോലെ പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും കള്ളനോട്ട് കോസില്‍ അറസ്റ്റിലാവുകയും വീണ്ടും പുറത്തിറങ്ങുകയും ചെയ്തിരുന്നു.
അഹ്മദാബാദില്‍ വെച്ച് ഒരു ചാനല്‍ പരിപാടിയില്‍ തത്സമയം പങ്കെടുക്കവെ 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് വ്യവസായി മഹേഷ് ഷാ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കള്ളപ്പണം സ്വമേധയാ അറിയിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി (ഐ.ഡി.എസ്) പ്രകാരം വെളിപ്പെടുത്തിയ തുകയുടെ 25 ശതമാനം നികുതി അടക്കാന്‍ അദ്ദേഹത്തോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പണം തന്റേതല്ലെന്നും ബി.ജെ.പി നേതാക്കളടക്കമുള്ള വിവിധ രാഷ്ട്രീയക്കാരുടേതാണെന്നും ഇദ്ദേഹം ചാനലില്‍ പറഞ്ഞിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തെ കാണാതായി. 
രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാനും ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങാനും യഥേഷ്ടം പണമൊഴുക്കുന്നത് ബി.ജെ.പിയാണ്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞത്, രാജ്യത്ത് അമിത് ഷായുടെ നേതൃത്വത്തില്‍ പല സംസ്ഥാനങ്ങളിലും യഥാര്‍ഥ ജനവിധി അട്ടിമറിച്ച് എം.എല്‍.എമാരെ വിലയ്‌ക്കെടുത്താണ് ബി.ജെ.പി അധികാരത്തിലേക്കെത്തിയത് എന്ന കണക്കിന്റെ ബലത്തില്‍ തന്നെയാണല്ലോ.
ഇപ്പോഴത്തെ ഈ കുഴല്‍പണ ഇടപാടിനെ കൊടകരയില്‍ വാഹനത്തില്‍ കൊണ്ടുപോയ ചെറിയ തുകയുടെ ഇടപാടായി ഒതുക്കി കുറച്ച് ചെറുമീനുകളെ അറസ്റ്റ് ചെയ്ത് അവസാനിപ്പിക്കുമോ, അതോ യഥാര്‍ഥ സ്രോതസ്സിലേക്കെത്തുമോ എന്നാണ് ഇനി കാണാനുള്ളത്. കുഴല്‍പണ ഇടപാടിന് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ല എന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. മീഡിയയാകട്ടെ ആദ്യഘട്ടങ്ങളില്‍ ഒരു ദേശീയ പാര്‍ട്ടി എന്നുമായിരുന്നു പ്രയോഗിച്ചിരുന്നത്. അന്വേഷണം ബി.ജെ.പിയുടെ ചെറുനേതാക്കളിലേക്ക് എത്തിയിട്ടുണ്ട് എന്നേ പറയാനാവൂ.
ഇതിനിടയിലാണ് സി.കെ ജാനുവിനെ മുന്നണിയില്‍ ചേര്‍ക്കാന്‍ പണം നല്‍കിയ വിവരം ജെ.ആര്‍.പി ട്രഷറര്‍ പ്രസിത വഴി പുറത്തു വരുന്നത്. ബി.ജെ.പി കേരളത്തിലൊഴുക്കിയ കോടികളുടെ കള്ളപ്പണത്തെ ജാനുവിന് നല്‍കിയെന്നു പറയപ്പെടുന്ന 10 ലക്ഷം രൂപയിലേക്ക് ശ്രദ്ധമാറ്റി വഴിതിരിക്കുന്ന ചര്‍ച്ചയാണ് പിന്നീടുണ്ടായിരിക്കുന്നത്.
യഥാര്‍ഥത്തില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി ഒഴുക്കിവിട്ട 400 കോടി രൂപ കള്ളപ്പണത്തിന്റെ ഉറവിടത്തിലേക്കാണ് അന്വേഷണവും ചര്‍ച്ചയും പോകേണ്ടത്. രാജ്യത്തെ സാമ്പത്തിക-സാംസ്‌കാരിക-സാമൂഹിക മേഖലകളില്‍ സമഗ്രാധിപത്യം ബി.ജെ.പിക്കായത് ഹവാല ഇടപാടുകാര്‍ അടക്കമുള്ള അധോലോകത്തിന്റെ സമ്പൂര്‍ണ പിന്തുണയോടെയാണ്. അത് വെളിച്ചത്തുകൊണ്ടു വന്ന് ആ അധോലോക ശൃംഖല തകര്‍ക്കാതെ രാജ്യം രക്ഷപ്പെടാന്‍ പോകുന്നില്ല. ഏതെങ്കിലും ശാഖയോ ചെറുചില്ലയോ വെട്ടിയതുകൊണ്ട് ആഴത്തില്‍ വേരോടിയ ആ വിഷവൃക്ഷം നശിക്കില്ല എന്ന് തിരിച്ചറിഞ്ഞ് സംഘ് പരിവാര്‍ അധോലോക ശൃംഖലയുടെ വേരെടുക്കാനാണ് ജനാധിപത്യ കേരളവും കേരള സര്‍ക്കാരും ശ്രമിക്കേണ്ടത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (30-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

സല്‍ക്കര്‍മനിരതമായ ദീര്‍ഘായുസ്സ്
അബ്ദുല്ലത്വീഫ് കൊടുവള്ളി