വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണവും വിമര്‍ശകരും
ഇസ്‌ലാമിന്റെ വിമര്‍ശകര്‍ എപ്പോഴും ഏറ്റവും കൂടുതല്‍ കടന്നാക്രമിക്കാറുള്ളത് പരിശുദ്ധ ഖുര്‍ആനെയാണ്. അതിലൊട്ടും അസ്വാഭാവികതയില്ല. ഇസ്ലാമിനെയും ഖുര്‍ആനിനെയും വിമര്‍ശിച്ചും ആക്ഷേപിച്ചും പരിഹസിച്ചും അനേകായിരം ഗ്രന്ഥങ്ങളെഴുതപ്പെട്ടിട്ടുണ്ട്. വിശ്വവിഖ്യാത സാഹിത്യകാരന്മാരുടെയും ചിന്തകന്മാരുടെയും ഗവേഷകരുടെയും പണ്ഡിതന്മാരുടെയും അത്തരം നിരവധി ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. എന്നിട്ടും ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്.
ഇരുനൂറ് കോടിയോളം വരുന്ന ഖുര്‍ആന്റെ അനുയായികള്‍ ജീവിതത്തില്‍ ശരാശരി അമ്പതും അറുപതും തവണ അത് പാരായണം ചെയ്യുന്നു. ദിനേന നമസ്‌കാരത്തില്‍ അഞ്ചു തവണ ഖുര്‍ആനില്‍ നിന്ന് അല്‍പമെങ്കിലും പാരായണം ചെയ്യാത്ത ഒരൊറ്റ വിശ്വാസിയുമില്ല. അതിലെ ചില ഭാഗമെങ്കിലും കാണാതെ പഠിക്കാത്തവരും വിശ്വാസികളിലുണ്ടാവില്ല. ലോകത്തെ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ഹൃദിസ്ഥമാക്കുന്ന ഗ്രന്ഥവും ഖുര്‍ആന്‍ തന്നെ. പ്രവാചകന്റെ കാലം തൊട്ടിന്നോളം എല്ലാ ഓരോ തലമുറയിലും ആയിരക്കണക്കിനാളുകള്‍ അത് കാണാതെ പഠിച്ചവരായുണ്ടായിരുന്നു. ഇന്നും അത് ഹൃദിസ്ഥമാക്കിയ ലക്ഷങ്ങളുണ്ട്. ജനജീവിതത്തെ ഖുര്‍ആന്‍ പോലെ നിയന്ത്രിക്കുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തില്ലെന്നുറപ്പ്. ഇസ്‌ലാമിന്റെ ശത്രുക്കളെ പ്രകോപിതരാക്കാനും അസ്വസ്ഥരാക്കാനും അവരുടെ ഉറക്കം കെടുത്താനും ഇനിയെന്തു വേണം!
അതുകൊണ്ടുതന്നെയാണ് ഇസ്‌ലാംവിമര്‍ശകര്‍ കഴിഞ്ഞ കാലങ്ങളില്‍ ഖുര്‍ആനിനെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്.
ഖുര്‍ആന്‍ പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന ധാരണ സൃഷ്ടിക്കാനാണ് വിമര്‍ശകര്‍ ശ്രമിക്കാറുള്ളത്. അതിനായി അവര്‍ പ്രചരിപ്പിക്കാറുള്ള പ്രധാന ആരോപണങ്ങള്‍ ഇവയാണ്:
1. ഖുര്‍ആന്‍ ക്രോഡീകരിച്ചത് ഉസ്മാനുബ്‌നു അഫ്ഫാന്റെ കാലത്താണ്. അബൂബക്‌റും ഉമറുമായി കൂടിയാലോചിച്ചാണ് അങ്ങനെ ചെയ്തത്.
2. ഖുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ വലിയ കുഴപ്പം ഉണ്ടായി. പല അധ്യായങ്ങളും വാക്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
3. ആഇശാ ബീവിയുടെ തലയണയുടെ ചുവട്ടിലുണ്ടായിരുന്ന വ്യഭിചാരിയെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കല്‍പ്പിക്കുന്ന ഖുര്‍ആന്‍ വാക്യം പ്രവാചകന്റെ മരണദിവസം ആട് തിന്നു പോയി.
4. വ്യഭിചാരം വര്‍ധിച്ചതിനാല്‍ ധാരാളമാളുകളെ എറിഞ്ഞു കൊല്ലേണ്ടിവരുമെന്നതിനാല്‍ ശിക്ഷ നിര്‍ദേശിക്കുന്ന വാക്യം ബോധപൂര്‍വം ഒഴിവാക്കിയതാണ്.
5. ഉസ്മാന്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ അലിയുടെ വശമുണ്ടായിരുന്ന ഒരധ്യായം ബോധപൂര്‍വം ഒഴിവാക്കി. ഇബ്‌നു മസ്ഊദിന്റെ വശവും ആ അധ്യായം ഉണ്ടായിരുന്നു.
6. വ്യഭിചാരിയെ എറിഞ്ഞു കൊല്ലാന്‍ കല്‍പ്പിക്കുന്നതുള്‍പ്പെടെ നിരവധി ഖുര്‍ആന്‍ വാക്യങ്ങള്‍ മുസ്വ്ഹഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉമര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സൂറത്തുല്‍ അഹ്‌സാബിലെ നിരവധി വാക്യങ്ങളും വിട്ടുപോയതിലുള്‍പ്പെടുന്നു.
7. പ്രവാചകന്റെ മരണത്തോടെ മുസൈലിമ എന്ന പ്രവാചകന്‍ രംഗത്തുവന്നു. മുഹമ്മദ് നബിയുടെ അനുയായികളില്‍ ഭൂരിപക്ഷവും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. അബൂബക്ര്‍ അദ്ദേഹത്തിനെതിരെ യുദ്ധം നയിച്ചു. ഇരുപക്ഷത്തും പതിനായിരക്കണക്കിനാളുകള്‍ വധിക്കപ്പെട്ടു. അവരില്‍ മനപ്പാഠമാക്കിയ ഹാശിം കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. അപ്പോള്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ ഉമര്‍ നിര്‍ദേശിച്ചു.അങ്ങനെ ഉമറും അലിയും ഇബ്‌നുമസ്ഊദും ഖുര്‍ആന്‍ ക്രോഡീകരിച്ചു. അധ്യായങ്ങളും വാക്യങ്ങളും വിവിധ രീതികളിലാണ് ക്രോഡീകരിച്ചിരുന്നത്. അതിനാല്‍ അവ വ്യത്യസ്തങ്ങളായിരുന്നു. പിന്നീട് ഉസ്മാന്‍ ഭരണാധികാരിയായിരിക്കെ ഖുര്‍ആന്‍ ക്രോഡീകരിച്ചു. അതാണ് ഔദ്യോഗികമെന്ന് പ്രഖ്യാപിച്ച് ബാക്കിയൊക്കെ കത്തിച്ചു.
8. ഇക്കാര്യങ്ങളെല്ലാം സുയൂത്വി തന്റെ അല്‍ ഇത്ഖാന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രോഡീകരണം
ഖുര്‍ആനിലെ ഓരോ സൂക്തവും അവതരിക്കുമ്പോള്‍ തന്നെ പ്രവാചകന്‍ ആദ്യം പുരുഷന്മാരെ വിളിച്ചുകൂട്ടി അവരെയത് കേള്‍പ്പിക്കും. പിന്നീട് സ്ത്രീകളെ ഒരുമിച്ചുകൂട്ടി അവര്‍ക്കുമത് പാരായണം ചെയ്തുകൊടുക്കും. അപ്പോള്‍തന്നെ അവരിലെ അക്ഷരാഭ്യാസമുള്ളവരെ വിളിച്ചുവരുത്തി അതെഴുതിയെടുപ്പിക്കും.
എഴുതിയെടുത്താല്‍ അത് വായിക്കാന്‍ പറയും. തെറ്റില്ലെന്നു ഉറപ്പുവരുത്തി കൃത്യത വരുത്തും. അതോടൊപ്പം പലരുമത് പലതവണ പാരായണം ചെയ്ത് മനപ്പാഠമാക്കും. അങ്ങനെ ഹൃദിസ്ഥമാക്കിയ ഭാഗം നമസ്‌കാരത്തില്‍ പാരായണം ചെയ്യാന്‍ പ്രവാചകന്‍ അവരോട് കല്‍പ്പിക്കുമായിരുന്നു. പ്രവാചകനില്‍ നിന്ന് ഖുര്‍ആന്‍ കേട്ടെഴുതിയവര്‍ 44 പേരുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു മസ്ഊദ്, സാലിം മൗലാ അബീ ഹുദൈഫ, മുആദുബ്‌നു ജബല്‍, ഉബയ്യുബ്‌നു കഅ്ബ്, സൈദു ബ്‌നു സാബിത്ത്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, സഈദുബ്‌നുല്‍ ആസ്വ്, അബ്ദുര്‍റഹ്മാനുബ്‌നുല്‍ ഹാരിസ് തുടങ്ങിയവരെല്ലാം അവരില്‍ പ്രധാനികളാണ്. പ്രവാചകന്‍ പ്രത്യേകം ചുമതലപ്പെടുത്തിയവര്‍ എഴുതിയെടുത്തവ പ്രവാചകന്റെ മുറിയിലാണ് സൂക്ഷിച്ചിരുന്നത്.
ചുരുക്കത്തില്‍ ഖുര്‍ആന്റെ അവതരണനാള്‍ തൊട്ടു തന്നെ അത് മനപ്പാഠമാക്കാനും എഴുതിവെക്കാനും പ്രവാചകന്‍ തന്നെ സംവിധാനമുണ്ടാക്കിയിരുന്നു. പ്രവാചകന്റെ ജീവിതകാലത്തുതന്നെ നൂറുകണക്കിനാളുകള്‍ ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കിയവരായി ഉണ്ടായിരുന്നു. അതോടൊപ്പം മനപ്പാഠമാക്കിയവര്‍, തന്നെ അത് ഓതിക്കേള്‍പ്പിക്കണമെന്നും എഴുതിവെച്ചവര്‍ വായിച്ചു കേള്‍പ്പിക്കണമെന്നും നബി തിരുമേനി നിഷ്‌കര്‍ഷിച്ചിരുന്നു. എവിടെയെങ്കിലും വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രവാചകന്‍ തന്നെ തിരുത്തുമായിരുന്നു. പിന്നീട് അനുയായികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ അവരെ പഠിപ്പിക്കാനായി പരമ വിശ്വസ്തരും വളരെ യോഗ്യരുമായ ഒരു സംഘത്തെ തെരഞ്ഞെടുത്ത് നിയോഗിച്ചു. അങ്ങനെ പ്രവാചകനില്‍നിന്ന് ഖുര്‍ആന്‍ പഠിച്ച സംഘത്തില്‍നിന്നുള്ള പിന്തുടര്‍ച്ചയാണ് ഇന്ന് ലോകമെങ്ങുമുള്ള ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ലക്ഷക്കണക്കിനാളുകള്‍. അപ്രകാരം തന്നെ അദ്ദേഹം സാക്ഷ്യപ്പെടുത്തിയ ഖുര്‍ആന്‍ ലിഖിതങ്ങളുടെ പകര്‍പ്പുകളാണ് ലോകത്തെവിടെയുമുള്ള മുസ്വ്ഹഫുകള്‍. ഖുര്‍ആന്‍ രേഖപ്പെടുത്തിയ ഗ്രന്ഥത്തിനു മുസ്വ്ഹഫ് എന്നാണ് പറയുക. ഖുര്‍ആനെപ്പോലെ അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും സംരക്ഷിക്കപ്പെട്ട മറ്റൊരു ഗ്രന്ഥവും ലോകത്തില്ല.
സന്ദര്‍ഭാനുസൃതം ഘട്ടംഘട്ടമായി ഇരുപത്തി മൂന്ന് വര്‍ഷങ്ങളിലൂടെയാണല്ലോ ഖുര്‍ആന്‍ അവതീര്‍ണമായത്. അതുകൊണ്ടുതന്നെ ഓരോ സൂക്തവും വന്നുകിട്ടുമ്പോള്‍ അത് എവിടെയാണ് രേഖപ്പെടുത്തേണ്ടതെന്ന് പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു.
പ്രവാചക ചരിത്രത്തെക്കുറിച്ച് ഗവേഷണ പഠനം നടത്തിയ ഡോക്ടര്‍ മുഹമ്മദ് ഹമീദുല്ല എഴുതുന്നു: 'ഹദീസില്‍ വന്ന ഒരു സംഭവം ഇപ്രകാരമാണ്: ഓരോ റമദാന്‍ മാസം ആഗതമാകുമ്പോഴും പ്രവാചകന്‍ തിരുമേനി അതുവരെ അവതരിച്ച ഖുര്‍ആന്‍ അധ്യായങ്ങളും സൂക്തങ്ങളുമെല്ലാം അവയുടെ ക്രമത്തില്‍ ഉച്ചത്തില്‍ പാരായണം ചെയ്യുമായിരുന്നു. അപ്പോള്‍ അനുയായികളും സന്നിഹിതരായിരിക്കും. എഴുത്തും വായനയും അറിയുന്നവര്‍ തങ്ങള്‍ എഴുതി സൂക്ഷിച്ച ഖുര്‍ആന്‍ കോപ്പികളും കൂടെ കരുതിയിരിക്കും. സൂക്തങ്ങള്‍ എഴുതിയെടുക്കുന്നതിലോ സൂക്തങ്ങളും അധ്യായങ്ങളും ക്രമപ്പെടുത്തുന്നതിലോ തങ്ങള്‍ക്ക് വല്ല അബദ്ധവും പിണഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പ്രവാചകന്റെ പാരായണം ശ്രദ്ധിച്ചുകൊണ്ട് തിരുത്തലുകളും മാറ്റങ്ങളും വരുത്തും. ഈ പ്രക്രിയക്ക് അര്‍ദഃ (അവലോകനം) എന്നാണ് പറഞ്ഞിരുന്നത്' (ഇസ്‌ലാം: ചരിത്രം സംസ്‌കാരം നാഗരികത, പേജ് 26).
അതോടൊപ്പം ഓരോ വര്‍ഷവും റമദാനില്‍ അന്നേവരെ അവതീര്‍ണമായ ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കിയവരും എഴുതിവെച്ചവരും പ്രവാചകന് അങ്ങോട്ടും പാരായണം ചെയ്ത് കേള്‍പ്പിച്ചു കൊടുക്കുക പതിവായിരുന്നു. അവസാനവര്‍ഷം ഖുര്‍ആന്‍ മുഴുവനും പ്രവാചകന്‍ അനുയായികളില്‍നിന്ന് പാരായണം ചെയ്ത് കേള്‍ക്കുകയുണ്ടായി. അതോടൊപ്പം അദ്ദേഹം രണ്ടു തവണ അത് ഓതിക്കേള്‍പ്പിക്കുകയും ചെയ്തു.
അതേക്കുറിച്ച് പ്രവാചകന്‍ പറഞ്ഞു: 'എന്റെ മരണം അടുത്തെത്തിയിരിക്കുന്നു. ഖുര്‍ആന്‍ രണ്ടു തവണ ഓതിക്കേള്‍പ്പിക്കണമെന്ന് മലക്ക് ജിബ്‌രീല്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഴുതിവെച്ചതിലോ മറ്റോ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അവ തിരുത്താന്‍' (ബുഖാരി).
ഗ്രന്ഥരൂപത്തില്‍
പ്രവാചകന്റെ വേര്‍പാടിനു ശേഷം ഹിജ്‌റ പന്ത്രണ്ടാം വര്‍ഷമുണ്ടായ യമാമ യുദ്ധത്തില്‍ 1200 മുസ്‌ലിംകള്‍ വധിക്കപ്പെട്ടു. അവരില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ എഴുപതോളം പേരുണ്ടായിരുന്നു. അതോടെ ഭരണാധികാരി ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖ്, പില്‍ക്കാലത്ത് രണ്ടാം ഖലീഫയായിത്തീര്‍ന്ന ഉമറുല്‍ ഫാറൂഖിന്റെ നിര്‍ദേശമനുസരിച്ച് പ്രവാചകന്റെ പ്രമുഖ സഹചാരികളുമായി കൂടിയാലോചിച്ച് ഖുര്‍ആന്‍ ഗ്രന്ഥരൂപത്തിലാക്കാന്‍ തീരുമാനിച്ചു. അതിനായി ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരും മറ്റു പ്രമുഖരും അടങ്ങുന്ന ഒരു സമിതിയെ നിശ്ചയിച്ചു. എഴുത്തു കലയില്‍ വിദഗ്ധനും പ്രവാചകനില്‍നിന്ന് ഖുര്‍ആന്‍ നേരില്‍ കേട്ട് എഴുതിയെടുത്ത അദ്ദേഹത്തിന്റെ പ്രമുഖ അനുയായിയുമായ സൈദുബ്‌നു സാബിത്തിനെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഖുര്‍ആന്‍ രേഖപ്പെടുത്തിയ തോല്‍, എല്ല്, ഈന്തപ്പനയോല, മരപ്പലക, ഇലകള്‍ എല്ലാം പ്രസ്തുത സമിതിയുടെ മുമ്പില്‍ കൊണ്ടുവരപ്പെട്ടു. ഹൃദിസ്ഥമാക്കിയവരും ഹാജരാക്കപ്പെട്ടു. അങ്ങനെ പ്രവാചകന്‍ ഓതിക്കേള്‍പ്പിച്ച അതേ ക്രമത്തില്‍ വിശുദ്ധ ഖുര്‍ആന്‍ രണ്ട് ചട്ടകള്‍ക്കിടയില്‍ ക്രോഡീകരിക്കപ്പെട്ടു. ഖുര്‍ആന്‍ കാണാതെ പഠിച്ചവര്‍ അത് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തി. അങ്ങനെ ആദ്യത്തെ മുസ്വ്ഹഫ് രൂപംകൊണ്ടു.
വിദൂര ദിക്കുകളില്‍നിന്നു പോലും ധാരാളമാളുകള്‍ ഇസ്‌ലാം സ്വീകരിച്ചുകൊണ്ടിരുന്നു. അവര്‍ പലരില്‍നിന്നുമാണ് ഖുര്‍ആന്‍ കേട്ടു പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവരുടെ പാരായണത്തില്‍ ചില അബദ്ധങ്ങള്‍ കടന്നുവരാന്‍ തുടങ്ങി. ഏതാണ് ഏറ്റവും ശരിയെന്ന കാര്യത്തിലും ഭിന്നാഭിപ്രായമുണ്ടായി. ഇക്കാര്യം ഹുദൈഫതുബ്‌നുല്‍ യമാന്‍ മൂന്നാം ഖലീഫ ഉസ്മാനു ബ്‌നു അഫ്ഫാനെ അറിയിച്ചു. തുടര്‍ന്ന് മുസ്വ്ഹഫുകളുടെ കോപ്പികളെടുത്ത് അവ വിവിധ പ്രദേശങ്ങളിലേക്ക് അയച്ചുകൊടുക്കാന്‍ നിര്‍ദേശിച്ചു. ഖലീഫക്ക് പ്രസ്തുത നിര്‍ദേശം ഹൃദ്യമായി. അങ്ങനെ ഖുര്‍ആന്റെ പകര്‍പ്പുകളെടുക്കാനായി നാലു പേരെ ചുമതലപ്പെടുത്തി. സൈദു ബ്‌നു സാബിത്ത്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, സഈദു ബ്‌നുല്‍ ആസ്വ്, അബ്ദുര്‍റഹ്മാനുബ്‌നു ഹാരിസ് എന്നിവരായിരുന്നു അവര്‍. പ്രവാചക പത്‌നി ഹഫ്‌സ്വയുടെ വശമുണ്ടായിരുന്ന മുസ്വ്ഹഫ് അവരെ ഏല്‍പ്പിച്ചു. നാലു പേരുടെയും നേതൃത്വത്തില്‍ അതിന്റെ ഏഴ് പകര്‍പ്പുകളെടുത്തു. നാലെന്നും അഭിപ്രായമുണ്ട്. അവ ഓരോന്നും ആദ്യാവസാനം മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ വെച്ച് ഉച്ചത്തില്‍ പാരായണം ചെയ്യാന്‍ ഖലീഫാ ഉസ്മാന്‍ കല്‍പ്പിച്ചു. പകര്‍പ്പ് എടുക്കുന്ന സന്ദര്‍ഭത്തില്‍ ഖുര്‍ആനില്‍ ഒരു വാക്ക് പോലും കൂടുകയോ കുറയുകയോ മാറുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. ഇങ്ങനെ ഖുര്‍ആന്റെ പതിപ്പുകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. അവ വിവിധ നാടുകളിലേക്ക് അയച്ചുകൊടുത്തു. അതില്‍നിന്നല്ലാതെ മുസ്വ്ഹഫ് കോപ്പിയെടുക്കരുതെന്ന് ഉത്തരവിറക്കുകയും ചെയ്തു.
പില്‍ക്കാലത്ത് അഭിപ്രായവ്യത്യാസമുണ്ടാവാതിരിക്കാന്‍ മറ്റ് പലരുടെയും വശമുണ്ടായിരുന്ന ഖുര്‍ആന്റെ ലിഖിതങ്ങള്‍ നശിപ്പിക്കാന്‍ ഖലീഫ കല്‍പ്പന നല്‍കി.
ഇതൊക്കെയും ചെയ്തത് അക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്ന പ്രഗത്ഭരായ പ്രവാചക ശിഷ്യന്മാരുടെയും അനുയായികളെയും സാന്നിധ്യത്തിലാണ്. എല്ലാവരുടെയും അംഗീകാരത്തോടെയും.
വിമര്‍ശനങ്ങള്‍ വിശകലനവിധേയമാക്കുമ്പോള്‍
അല്ലാഹു ശാശ്വതമായി സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത, മലക്ക് ജിബ്‌രീല്‍ പ്രവാചകന് മരണത്തിനു മുമ്പ് രണ്ടു തവണ പാരായണം ചെയ്തുകൊടുത്ത, പ്രവാചകന്റെ കാലത്തു തന്നെ നൂറുകണക്കിനാളുകള്‍ ഹൃദിസ്ഥമാക്കിയ വിശുദ്ധ ഖുര്‍ആനിലെ ഏതെങ്കിലും വാക്യമോ വാക്കോ ഗ്രന്ഥരൂപത്തില്‍ മുസ്വ്ഹഫാക്കിയപ്പോള്‍ അതിലുള്‍പ്പെടുത്താതിരുന്നിട്ടുണ്ടോ എന്നതാണല്ലോ മൗലികമായ പ്രശ്‌നം. ഒരു വാക്ക് പോലും വിട്ടുപോയിട്ടില്ലെന്ന് സംശയരഹിതമായി ബോധ്യമാകാന്‍ വലിയ പഠനമോ ഗവേഷണമോ ആവശ്യമില്ല. സര്‍വാംഗീകൃതമായ ചരിത്രം ഒരു തവണ വായിച്ചാല്‍ മാത്രം മതി. അതിന്റെ വെളിച്ചത്തില്‍ നമുക്ക് ഖുര്‍ആനെതിരെ ഉന്നയിക്കപ്പെട്ട മേല്‍ വിമര്‍ശനങ്ങള്‍ പരിശോധനക്ക് വിധേയമാക്കാം:
1. ഖുര്‍ആന്‍ ക്രോഡീകരിച്ചത് ഉസ്മാനുബ്‌നു അഫ്ഫാനാണന്ന പ്രസ്താവം പരമാബദ്ധമാണ്. ക്രോഡീകരണം അല്ലാഹു തന്നെയാണ് നടത്തിയതെന്നതും ജിബ്‌രീല്‍ ഖുര്‍ആന്‍ പൂര്‍ണമായും ക്രോഡീകരിച്ച രീതിയില്‍ പ്രവാചകന് പാരായണം ചെയ്തുകൊടുത്തുവെന്നതും പ്രവാചകനത് അനുയായികള്‍ക്ക് അതേപോലെ ഓതിക്കൊടുത്തുവെന്നതും ഹദീസ് ഗ്രന്ഥങ്ങളിലൂടെ സ്ഥിരപ്പെട്ട അനിഷേധ്യ യാഥാര്‍ഥ്യമാണ്. ഇസ്‌ലാമിക ചരിത്രവും അത് സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല.
2. ഉസ്മാനു ബ്‌നു അഫ്ഫാന്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ കുഴപ്പമുണ്ടായി എന്നതും തീര്‍ത്തും കള്ളമാണ്. അദ്ദേഹമല്ലല്ലോ ഖുര്‍ആന്‍ ക്രോഡീകരിച്ചത്. ഖുര്‍ആന്‍ വാക്യങ്ങളും അധ്യായങ്ങളും വിട്ടുകളഞ്ഞുവെന്നത് അതിനേക്കാള്‍ വലിയ പെരുങ്കള്ളം. ഉസ്മാനുബ്‌നു അഫ്ഫാനെതിരെ കലാപത്തിനിറങ്ങിയവര്‍, ഇത്തരമൊരു ആേരാപണമുണ്ടായിരുെന്നങ്കില്‍ അതാകുമായിരുന്നു ആദ്യം ഉന്നയിക്കുക. എന്നാല്‍ കലാപകാരികള്‍ മറ്റു പലതും ഉന്നയിച്ചെങ്കിലും ഇങ്ങനെയൊന്ന് പറഞ്ഞിട്ടു പോലുമില്ല. ഖുര്‍ആനിലെ ഒരു വാക്യമല്ല ഒരു വാക്ക് ഒഴിവാക്കിയാല്‍ പോലും സമകാലികരായ പ്രവാചകശിഷ്യന്മാര്‍ അതംഗീകരിക്കുമായിരുന്നില്ല. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖ് രണ്ടു ചട്ടകള്‍ക്കിടയില്‍ ഗ്രന്ഥരൂപത്തിലാക്കിയത് കോപ്പിയെടുപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ക്രോഡീകരണവും ഗ്രന്ഥരൂപത്തിലാക്കലും നേരത്തേ തന്നെ നിര്‍വഹിക്കപ്പെട്ടിരുന്നതിനാല്‍ അദ്ദേഹത്തിനതില്‍ ഇടപെടാനുള്ള സാധ്യത പോലുമുണ്ടായിരുന്നില്ല.
3. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലാന്‍ കല്‍പ്പിക്കുന്ന ആഇശ (റ) വശമുണ്ടായിരുന്ന ഖുര്‍ആന്‍ സൂക്തം ആടു തിന്നു എന്നതാണല്ലോ ഒരു വിമര്‍ശനം. ഒരാളുടെ വശമുള്ളതല്ല, എല്ലാവരുടെയും വശമുള്ള എല്ലാ സൂക്തങ്ങളും ആടു തിന്നാലും പ്രവാചകന്‍ പാരായണം ചെയ്തു കൊടുത്തതും എഴുതിയെടുക്കാന്‍ കല്‍പ്പിച്ചതുമായ ഖുര്‍ആനില്‍നിന്ന് ഒരു വാക്കു പോലും നഷ്ടപ്പെടുകയില്ല. കാരണം നൂറുകണക്കിനാളുകള്‍ അത് പൂര്‍ണമായും ഹൃദിസ്ഥമാക്കിയവരായി ഉണ്ടായിരുന്നു.
ആഇശ(റ)യുടെ പിതാവ് അബൂബക്ര്‍ സിദ്ദീഖാണല്ലോ ഖുര്‍ആന്‍ രണ്ടു ചട്ടകള്‍ക്കിടയില്‍ ഗ്രന്ഥരൂപത്തിലാക്കിയത്. ഖുര്‍ആനില്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടേണ്ടതുമായ ഒരു വാക്യമോ വാക്കോ വിട്ടു പോയിരുന്നുവെങ്കില്‍ ആഇശ (റ) അത് ഉള്‍പ്പെടുത്താന്‍ പിതാവിനോട് പറയുമായിരുന്നു. പ്രവാചകപത്‌നി അങ്ങനെ പറഞ്ഞാല്‍ അബൂബക്ര്‍ സിദ്ദീഖ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരോടും എഴുതിവെച്ചവരോടും അതേക്കുറിച്ച് അന്വേഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അത്തരമൊരാവശ്യം ആഇശ (റ) ഉന്നയിച്ചില്ലെന്നുറപ്പ്. ഉണ്ടെങ്കില്‍ വിമര്‍ശകന്മാര്‍ തെളിവ് ഹാജരാക്കട്ടെ. തന്റെ പ്രിയതമന്‍ കൂടിയായ പ്രവാചകന്‍ പാരായണം ചെയ്തു കൊടുത്തതും അല്ലാഹു സുരക്ഷിതത്വം വാഗ്ദാനം ചെയ്തതുമായ ഖുര്‍ആനില്‍ അങ്ങനെ സൂക്തം ഉള്‍പ്പെട്ടിട്ടില്ലെന്ന് ആഇശ ബീവിക്ക് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് പിതാവിനോടോ അദ്ദേഹത്തിനുശേഷം രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോടോ മുസ്വ്ഹഫിന്റെ കോപ്പിയെടുത്ത് വിവിധ നാടുകളിലേക്കയച്ച മൂന്നാം ഖലീഫ ഉസ്മാനു ബ്‌നു അഫ്ഫാനോടോ തന്റെ സമകാലികരില്‍ മറ്റാരോടെങ്കിലുമോ ഖുര്‍ആനില്‍ ഏതെങ്കിലും ഒരു വാക്കോ വാക്യമോ വിട്ടുപോയതായി അവര്‍ സൂചിപ്പിച്ചിട്ടു പോലുമില്ല. തന്റെ പിതാവ് ഗ്രന്ഥരൂപത്തിലാക്കുകയും ഉസ്മാന്‍ (റ) കോപ്പികളെടുക്കുകയും ചെയ്ത ഖുര്‍ആന്‍ സമ്പൂര്‍ണമാണെന്നും അതില്‍ ഒരു വാക്കും വിട്ടുപോയിട്ടില്ലെന്നും അവര്‍ക്ക് ഉറപ്പുണ്ടായിരുന്നതിനാലാണിത്.
4. ഖുര്‍ആനില്‍ ഉള്‍പ്പെടുത്താത്ത അധ്യായങ്ങളും സൂക്തങ്ങളും അലിയുടെയും ഇബ്‌നു മസ്ഊദിന്റെയും വശമുണ്ടായിരുന്നുവെന്നും ഉസ്മാനുബ്‌നു അഫ്ഫാന് അലിയോട് വെറുപ്പുണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും പ്രചരിപ്പിക്കാന്‍ ചരിത്രത്തിന്റെ ബാലപാഠമെങ്കിലുമറിയുന്ന ആര്‍ക്കും സാധ്യമല്ല. ഉസ്മാനുബ്‌നു അഫ്ഫാനു ശേഷം നാലാം ഖലീഫയായി ഭരണം നടത്തിയത് അലി (റ) ആണല്ലോ. തന്റെ വശമുള്ള ഖുര്‍ആന്‍ അധ്യായം മുന്‍ഗാമി വിട്ടുകളഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുക അത് ഖുര്‍ആനില്‍ ഉള്‍പ്പെടുത്തുകയാണല്ലോ.
ഇസ്‌ലാമിനെയും ഖുര്‍ആനിനെയും പ്രവാചകനെയും പ്രവാചകശിഷ്യന്മാരെയും സംബന്ധിച്ച് എന്തു കള്ളവും പറയാമെന്ന് തീരുമാനിച്ചുറപ്പിച്ചവരാണ് ഇസ്‌ലാം വിമര്‍ശകരെന്നാണ് ഇതൊക്കെയും തെളിയിക്കുന്നത്.
5. ഖുര്‍ആന്റെ കുറേ ഭാഗം വിട്ടുകളഞ്ഞുവെന്ന് ഉമറുല്‍ ഫാറൂഖ് പറഞ്ഞുവെന്നാണ് വിചിത്രമായ മറ്റൊരു വാദം. അദ്ദേഹം ആവശ്യപ്പെട്ടാണ് ഖുര്‍ആന്‍ ഗ്രന്ഥരൂപത്തിലാക്കിയത്. അപ്പോള്‍ അതില്‍നിന്ന് എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെടുമെന്ന് സാമാന്യബുദ്ധിയുള്ള ഏവര്‍ക്കും അറിയാവുന്നതാണല്ലോ. അങ്ങനെ അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ആരും വാദിക്കുന്നു പോലുമില്ല. അബൂബക്ര്‍ സിദ്ദീഖിന് ശേഷം അധികാരത്തില്‍ വന്നത് ഉമറുല്‍ ഫാറൂഖാണല്ലോ. ഖുര്‍ആന്റെ കുറേ ഭാഗം വിട്ടുപോയിട്ടും അത് കൂട്ടിച്ചേര്‍ക്കാന്‍ തന്റെ സാമാന്യം ദീര്‍ഘമായ ഭരണകാലത്ത് ഉമര്‍ (റ) ഒന്നും ചെയ്തില്ലെന്ന് അദ്ദേഹത്തെക്കുറിച്ച് കേട്ടുകേള്‍വിയെങ്കിലുമുള്ള വിമര്‍ശകര്‍ക്കു പോലും വിശ്വസിക്കാന്‍ സാധ്യമല്ല.
കഴിഞ്ഞ കാലങ്ങളില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്ന പോലെ വരും കാലങ്ങളിലും സംഭവിക്കും. അപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുകയും ഹൃദിസ്ഥമാക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും പിന്തുടരപ്പെടുകയും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അജയ്യവും അദ്വിതീയവും കാലാതീതവും ദേശാതീതവുമായ നിത്യനൂതന ഗ്രന്ഥമായി വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുകയും ചെയ്യും, തീര്‍ച്ച.
Comments