ഒരു നാടിന്റെ നന്മ
(ജീവിതം - 23)
അങ്ങനെ ശാന്തപുരം മഹല്ലിലെ കിഴക്കെ പള്ളിക്കുത്ത് ജ്യേഷ്ഠന്റെ വീട് പണി ആരംഭിച്ചു. പണി തുടങ്ങാനായി നാട്ടില്‍നിന്ന് രണ്ടു മൂന്ന് സുഹൃത്തുക്കളെയും കൂട്ടി ജ്യേഷ്ഠന്‍ അവിടെ എത്തിയപ്പോള്‍, യൂസുഫ് മാഷുടെ നേതൃത്വത്തില്‍ ഒരു യുവനിര തന്നെ അവിടെ വന്നു ചേര്‍ന്നിരുന്നു. വീടിന്റെ തറപ്പണി ഒരു ആഘോഷം പോലെയാണ് നടന്നത്. മക്കയില്‍നിന്നിറങ്ങി പുറപ്പെട്ട 'മുഹാജിറു'കളെ സ്വീകരിച്ച 'അന്‍സാറു'കളുടെ ചരിത്രം ഓര്‍ത്തു പോയ സന്ദര്‍ഭമായിരുന്നു അത്.
അങ്ങനെ 2007 ഏപ്രില്‍ മാസത്തില്‍ ജ്യേഷ്ഠനും കുടുംബവും ശാന്തപുരത്തേക്ക് താമസം മാറി. വീടുപണി നടന്നുകൊണ്ടിരിക്കെയാണ് മാറിയത്. തൊട്ടടുത്തുള്ള, ആള്‍ത്താമസമില്ലാത്ത ഒരു വീട്ടിലേക്കാണ് ആദ്യം മാറിയത്. ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. നല്ല ഒരു നാടിന്റെയും നാട്ടുകാരുടെയും ലക്ഷണങ്ങള്‍ തുടക്കത്തിലേ അനുഭവപ്പെട്ടു.
ഇസ്ലാമിക പ്രസ്ഥാനത്തിന് ആദ്യമായി ഒരു 'മഹല്ല്' ഉണ്ടായ നാടാണത്. ഒരുപാട് ഇസ്‌ലാമിക പണ്ഡിതന്മാരുടെ പാദസ്പര്‍ശമേറ്റ നാട്. വിശ്വാസപരമായും വൈജ്ഞാനികമായും വളരാന്‍ ഒരു കുറവും അവിടെ ഉണ്ടാവുകയില്ലെന്ന് നേരത്തേ തോന്നിയിരുന്നു. അതുകൊണ്ടാണ് അങ്ങനെ ഒരു പ്രദേശം തെരഞ്ഞെടുത്തത്.
മക്കളുടെ ഇസ്‌ലാമിക പഠനകാര്യങ്ങള്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല. കാര്യക്ഷമമായ മദ്‌റസാ സംവിധാനം അവിടെയുണ്ട്. മാത്രമല്ല, അബ്ദുസ്സലാം ഉസ്താദ് വീട്ടില്‍ വന്ന് ബിജിനെ പ്രത്യേകം പഠിപ്പിച്ചിരുന്നു. അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ എന്ന വൈജ്ഞാനിക കേന്ദ്രം തലയുയര്‍ത്തിനില്‍ക്കുന്നുണ്ടവിടെ. ഒരുപാട് ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിയ കേന്ദ്രമാണത്.
ജ്യേഷ്ഠന്റെ മൂത്ത മകന്‍ ബിജിന്‍ അല്‍ജാമിഅയില്‍നിന്ന് ഏഴു വര്‍ഷത്തെ ശരീഅ കോഴ്‌സ് കഴിഞ്ഞ് 'സനദ്' വാങ്ങുന്ന മധുര നിമിഷങ്ങളില്‍, നാളെ പരലോകത്ത് ദൈവസന്നിധിയിലും ഇതുപോലെ അംഗീകാരങ്ങള്‍ വാങ്ങാന്‍ അവസരങ്ങളുണ്ടാവട്ടെ എന്ന് പ്രാര്‍ഥിച്ചുപോയി. ബിജിന്‍ ഇന്ന് ഒരു പള്ളിയില്‍, വെള്ളിയാഴ്ച വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്ന ഖത്വീബാണ്. മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒവിന്റെ ശാന്തപുരം ഏരിയാ പ്രസിഡന്റായിരുന്നു മൂന്നു തവണ.
ഒരു റമദാനില്‍ പള്ളിക്കുത്ത് ജുമാ മസ്ജിദില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ബിജിനായിരുന്നു. പിറകെ നിന്ന് നമസ്‌കരിക്കുമ്പോള്‍ സന്തോഷവും അഭിമാനവും മാത്രമല്ല തോന്നിയത്; 'അസൂയ'യും തോന്നിപ്പോയി. അങ്ങനെ ആവാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒരു തോന്നല്‍. അതിന് 'അസൂയ' എന്നാണോ പറയുക എന്നറിയില്ല. എന്തായാലും രണ്ടു കാര്യങ്ങളില്‍ അസൂയ ആവാമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ! ദൈവം നല്‍കിയ സമ്പത്ത് ദൈവിക മാര്‍ഗത്തില്‍ അഥവാ ദാനധര്‍മങ്ങളായി ധാരാളം ചെലവഴിക്കുന്ന ഒരാളുടെ കാര്യത്തിലാണ് അതിലൊന്ന്. മറ്റൊന്ന്, വിജ്ഞാനത്തിന്റെ കാര്യത്തിലുമാണ്.
രണ്ടാമത്തെ മകന്‍ ജിഷ്ണു ഇന്ന് ജസീം ആണ്. പേരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒടുവില്‍ എത്തിയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് അവന്റെ പേര് മാറ്റിയത്. ഇസ്‌ലാമിന്റെ വിശ്വാസത്തിന് നിരക്കാത്ത അര്‍ഥം വരുന്ന പേരുകള്‍ മാറ്റണം എന്നത് പ്രവാചകന്‍ പഠിപ്പിച്ച കാര്യമാണ്. പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായ അബൂബക്‌റിന്റെ ആദ്യത്തെ പേര് അബ്ദുല്‍ കഅ്ബ എന്നായിരുന്നല്ലോ. അതിന്റെ അര്‍ഥം 'കഅ്ബയുടെ ദാസന്‍' എന്നാണ്. ഒരു വിശ്വാസി യഥാര്‍ഥത്തില്‍ ദൈവത്തിന്റെ മാത്രം ദാസനാണ്. മനുഷ്യന്‍ സൃഷ്ടികളുടെ അടിമയാവുക എന്നത് ഇസ്ലാം അംഗീകരിക്കുന്നേയില്ല. അതിനാലാണ് അത്തരം പേരുകള്‍ മാറ്റിയത്. അത്തരം പേരുമാറ്റലുകളാവട്ടെ, കൈ വിരലില്‍ എണ്ണാവുന്നത്ര മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.
മറ്റൊന്ന് 'സമുദായച്ചുവ'യുള്ള പേരുകളാണ്. പ്രവാചകന്റെ കാലത്ത് പേരുകൊണ്ട് ഒരാള്‍ ഏത് വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു അല്ലെങ്കില്‍ ഏത് സമുദായാംഗമാണ് എന്ന് മനസ്സിലാക്കാവുന്ന അവസ്ഥ ഉണ്ടായിരുന്നില്ലല്ലോ. ഇന്ന് പക്ഷേ അങ്ങനെയല്ല. 'സമുദായങ്ങള്‍' എന്നതൊരു യാഥാര്‍ഥ്യമാണ്. ചില പേരുകള്‍ നേര്‍ക്കുനേരെ സമുദായങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. സമുദായങ്ങളാവട്ടെ വിവിധ വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും പ്രതിനിധികരിക്കുന്നു. മുസ്‌ലിം സമുദായം പൂര്‍ണമായും ഇസ്‌ലാമിക വിശ്വാസത്തെയും സംസ്‌കാരത്തെയുമാണ് പ്രതിനിധീകരിക്കുന്നത് എന്നു പറയാന്‍ കഴിയില്ല. എന്നാലും അതിനോട് അടുത്ത് നില്‍ക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്.
എന്തായാലും പേരുകള്‍ സമുദായങ്ങളെയും സമുദായങ്ങള്‍ സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്നതിനാല്‍, സമുദായച്ചുവയുള്ള പേരുകള്‍ മാറ്റുന്നതായിരിക്കും നല്ലത് എന്നാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ടാണ് 'ജിഷ്ണു' എന്ന പേര് മാറ്റിയത്. എന്നാല്‍, 'രേശ്മ'യും 'ബിജിനും' അങ്ങനെയല്ല. അതിനാല്‍, ആ പേരുകള്‍ മാറ്റിയില്ല. ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ 'പേരുമാറ്റല്‍ നിര്‍ബന്ധമാണ്' എന്ന നിലപാടിന്റെയും 'പേര് എന്തായാലും അത് മാറ്റേണ്ടതില്ല' എന്ന നിലപാടിന്റെയും മധ്യേയുള്ള ഒരു നിലപാടിലാണ് ഒടുവില്‍ എത്തിപ്പെട്ടത് എന്ന് ചുരുക്കം.
പുതിയ നാടിന്റെ നന്മകളെക്കുറിച്ചാണ് പറഞ്ഞു വന്നത്. പല സന്ദര്‍ഭങ്ങളിലായി അവിടെ നടന്ന ഖുര്‍ആന്‍ പാരായണ മത്സരങ്ങളിലും ഹിഫഌ (മനപ്പാഠം) മത്സരങ്ങളിലുമൊക്കെ ബിജിനെപ്പോലെ ജസീമും ധാരാളം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. തിരൂര്‍ക്കാട് ഇലാഹിയാ കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന എം.ടി അബൂബക്കര്‍ മൗലവി ഒരു മത്സരത്തില്‍ ജസീമിന്റെ പ്രകടനം പ്രത്യേകം എടുത്തു പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.
ഇത്തരം കാര്യങ്ങള്‍ ഇവിടെ കുറിച്ചത് 'അഹങ്കാരം' പറയാനല്ല; ഒരു നാടിന്റെ നന്മ പറയാനാണ്. ഇതിനൊന്നും അവസരമില്ലാത്തൊരു നാട്ടിലേക്കായിരുന്നു പുനരധിവാസമെങ്കിലോ? എന്ത് ലക്ഷ്യം വെച്ചാണോ പിറന്ന മണ്ണിനോട് വിട പറഞ്ഞത് അത് നേടാനാവുന്നില്ലെങ്കിലോ? അതിനു പറ്റിയ മണ്ണിലേക്കു തന്നെ 'പറിച്ചുനടാനാ'യതിലെ സന്തോഷമാണിവിടെ പങ്കുവച്ചത്.
വിശുദ്ധ ഖുര്‍ആനില്‍ എട്ടാം അധ്യായത്തിലെ എഴുപത്തിനാലാം സൂക്തത്തില്‍ പറയുന്നത്, 'വിശ്വസിക്കുകയും അതിന്റെ പേരില്‍ സ്വദേശം വെടിയുകയും ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാണ് യഥാര്‍ഥ സത്യവിശ്വാസികള്‍; അവര്‍ക്ക് അഭയമേകുകയും അവരെ സഹായിക്കുകയും ചെയ്തവരും. അവര്‍ക്ക് പാപമോചനവും മാന്യമായ ജീവിതവിഭവങ്ങളുമുണ്ട്' എന്നാണ്.
ഈ ദിവ്യവചനം വായിക്കുമ്പോള്‍ ആ നാടിനെയും നാട്ടുകാരെയും ഓര്‍മ വരും. ജന്മനാട്ടില്‍ നഷ്ടപ്പെട്ട അയല്‍പക്ക ബന്ധങ്ങള്‍ പതിന്മടങ്ങ് ഹൃദ്യതയോടെ പുതിയ നാട്ടില്‍ തിരിച്ചുകിട്ടിയതായിട്ടാണ് അനുഭവം. നല്ല അയല്‍പക്കം എന്നത് സ്വസ്ഥജീവിതത്തിന് അനിവാര്യമായ ഘടകമാണല്ലോ. അതുകൊണ്ടുതന്നെയാവാം, അയല്‍പക്ക ബന്ധത്തെ ഒരു സാധാരണ ബന്ധമായിട്ടല്ല പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. ഇക്കാലത്ത് അത് അനുഭവിക്കാന്‍ കഴിയുക എന്നത് മഹാഭാഗ്യമാണ്. കാരണം, 'അമേരിക്കയിലേക്ക് അകലം കുറയുകയും അയല്‍വീട്ടിലേക്ക് അകലം കൂടുകയും ചെയ്ത' ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്.
സുരക്ഷിതത്വത്തിനു വേണ്ടി മതിലുകളും ഗേറ്റുകളുമാവാം. അത് പക്ഷേ മനസ്സുകളില്‍ രൂപപ്പെട്ടാലോ? മനസ്സുകളില്‍ തലപൊക്കുന്ന മതിലുകള്‍ പൊളിക്കാനോ മനസ്സുകളില്‍ താഴിട്ട ഗേറ്റുകള്‍ തുറക്കാനോ ഒരു സാങ്കേതിക വിദ്യക്കും സാധ്യമല്ല. മനുഷ്യന്‍ 'പുരോഗമിക്കു'മ്പോള്‍ കുറ്റിയറ്റു പോകുന്ന മൂല്യങ്ങളില്‍ ഒന്നാണ് അയല്‍പക്ക ബന്ധങ്ങള്‍. പല സ്ഥലങ്ങളിലും അയല്‍പക്ക ബന്ധങ്ങള്‍ അന്യംനിന്നുപോയതായിട്ടാണ് അനുഭവം. അങ്ങോട്ട് പോയാല്‍ പോലും ഇങ്ങോട്ടില്ല എന്ന രീതിയിലേക്ക് സംസ്‌കാരം തന്നെ മാറിയിട്ടുണ്ട്.
അയല്‍പക്ക ബന്ധങ്ങളുടെ പ്രാധാന്യം മലക്ക് ജിബ്‌രീല്‍ പ്രവാചകനെ പഠിപ്പിക്കുന്ന ഒരു സംഭവം വായിച്ചപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. അയല്‍വാസിക്ക് അനന്തരാവകാശം വരെ നിശ്ചയിക്കുമോ എന്ന് പ്രവാചകന്‍ ശങ്കിച്ചുപോയി എന്നാണതില്‍ പറയുന്നത്.
നല്ല നാട്ടുകാരും നല്ല അയല്‍വാസികളും എന്നത് മാറിത്താമസിക്കാന്‍ തീരുമാനിച്ചതു മുതലുള്ള പ്രാര്‍ഥനയായിരുന്നു. ഏത് കാര്യത്തിലും സഹകരിക്കുന്ന നല്ല അയല്‍വാസികള്‍ ഉള്ള സ്ഥലത്തു തന്നെ എത്തിപ്പെട്ടു. അയല്‍ വീടുകളിലെ 'അടുക്കളകള്‍' വരെ പരസ്പരം സഹകരിക്കുന്നതു കണ്ടപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്. അത് കാണുമ്പോള്‍, പ്രവാചകന്‍ തന്റെ അബൂദര്‍റുല്‍ഗിഫാരി എന്ന ശിഷ്യനോട് പറഞ്ഞ ഉപദേശമാണ് ഓര്‍മ വരാറുള്ളത്. പ്രവാചകന്‍ പറഞ്ഞത്, 'അബൂദര്‍റേ, നീ കറി പാകം ചെയ്യുമ്പോള്‍ വെള്ളം അധികരിപ്പിക്കുക. നിന്റെ അയല്‍വാസിക്കും അതില്‍നിന്ന് നീ നല്‍കുക' എന്നാണ്.
ഏതെങ്കിലും സാഹചര്യത്തില്‍, കറിയോ ചോറോ തികയാതെ വന്നാല്‍ ഓടിപ്പോയി അടുത്ത വീട്ടിലെ അടുക്കളയില്‍നിന്ന് പ്രശ്‌നം പരിഹരിക്കുന്ന കാഴ്ച നല്ല രസമാണ്. രണ്ട് തവണ അസമയത്ത് ചെന്നപ്പോള്‍ ചോറിന്റെയും കറിയുടെയും പ്രശ്‌നം പരിഹരിച്ച അനുഭവമുണ്ട്. തിരിച്ചും അങ്ങനെത്തന്നെ. കൊണ്ടും കൊടുത്തുമുള്ള ഊഷ്മളമായ ബന്ധങ്ങള്‍. 'ദുരഭിമാന'ത്തിന്റെ കളങ്കം ചേരാത്ത നല്ല ബന്ധങ്ങള്‍.
'അഭിമാന'മാണെന്ന് തെറ്റിദ്ധരിച്ച് 'ദുരഭിമാനം' കൊണ്ടു നടക്കുന്നവരാണ് മിക്കവരും. കറി പാകം ചെയ്തുകൊണ്ടിരിക്കെ ഉപ്പ് തീര്‍ന്നാല്‍ അല്ലെങ്കില്‍ ഉള്ളി തീര്‍ന്നാല്‍ അയല്‍പക്കത്തെ ആശ്രയിക്കുന്നത് അഭിമാനക്കുറവല്ലേ എന്ന തോന്നല്‍ യഥാര്‍ഥത്തില്‍ ദുരഭിമാനമാണ്. ഇത്തരം ചെറുതും വലുതുമായ ദുരഭിമാനങ്ങളാണ് ബന്ധങ്ങളെ തകര്‍ക്കുന്ന പല കാരണങ്ങളിലൊന്ന് എന്നാണ് തോന്നിയിട്ടുള്ളത്.
ആശ്രയങ്ങള്‍ ബന്ധങ്ങള്‍ക്കുള്ള നിമിത്തങ്ങളാണ്. കൊടുക്കല്‍ വാങ്ങലുകളാണ് അയല്‍പക്ക ബന്ധത്തിന്റെ അടിസ്ഥാന ശില എന്നു പറയാം. പ്രവാചകന്‍ സത്യവിശ്വാസിനികളോട് പറഞ്ഞത്, 'ഹേ, മുസ്ലിം സ്ത്രീകളേ, ഒരു അയല്‍വാസിനിയും തന്റെ അയല്‍വാസിനിക്ക് ഒരു ആട്ടിന്‍കുളമ്പാണെങ്കിലും പാരിതോഷികമായി നല്‍കുന്നത് നിസ്സാരമായി കാണരുത് ' എന്നാണ്. നല്ല അയല്‍വാസികള്‍ എന്നത് ദൈവികമായ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. പ്രവാചകന്‍ പറഞ്ഞത്, 'മനുഷ്യന്റെ സൗഭാഗ്യത്തില്‍ പെട്ടതാണ് നല്ല അയല്‍വാസിയും സുഖദായകമായ വാഹനവും വിശാലമായ പാര്‍പ്പിടവും' എന്നാണല്ലോ.
അമ്മ അസുഖമായി കിടക്കുന്ന അവസാന നാളുകളില്‍, അയല്‍വാസിയായ ഹംസാക്ക എല്ലാ ദിവസവും വൈകുന്നേരം വരും. അമ്മയുടെ അടുത്ത് വന്ന് പ്രാര്‍ഥിച്ചാണ് തിരിച്ചുപോവുക. പ്രായം കാരണം നടക്കാന്‍ പ്രയാസമുണ്ട്. വടിയും കുത്തിയാണ് വരാറുള്ളത്. എന്തിനാണ് ഇത്ര പ്രയാസപ്പെട്ട് ഹംസാക്ക ദിവസവും വരുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ട്. നിഷ്‌കളങ്കമായ വിശ്വാസവും സ്‌നേഹവും ഉണ്ടെങ്കില്‍ മാത്രം സാധ്യമാകുന്ന ഒന്നാണത്. ഹംസാക്ക കുറച്ചു കാലം വെള്ളിമാട്കുന്ന് ഐ.എസ്.ടിയിലും ജോലി ചെയ്തിട്ടുണ്ട്.
പുതിയ നാട്ടിലെ പുതിയ ബന്ധങ്ങള്‍ വലിയ ആശ്വാസമാണ് നല്‍കിയത്. മറിയത്താത്ത, മോളിത്താത്ത, സാഹിറത്താത്ത അങ്ങനെ പലരെപ്പറ്റിയും ജ്യേഷ്ഠത്തി പ്രത്യേകം പറയാറുണ്ട്. വാര്‍ഡ് മെമ്പര്‍ കൂടിയായ മോളിത്താത്ത അമ്മ കിടപ്പിലായ സമയത്ത്, പലപ്പോഴും വന്ന് നഖം മുറിച്ചു കൊടുക്കുക പോലും ചെയ്തിരുന്നു. അങ്ങനെ തുടങ്ങി പല കാര്യങ്ങളിലുമുള്ള അവരുടെ സഹായവും സഹകരണവും ജ്യേഷ്ഠത്തി എടുത്തു പറയാറുണ്ട്. യൂസുഫ് മാഷുടെ ഭാര്യയാണ് മോളിത്താത്ത.
സ്‌കൂള്‍ അധ്യാപികയായ സാഹിറത്താത്ത ഏതു തിരക്കിനിടയിലും വന്ന് സഹകരിക്കുന്ന കാര്യവും എടുത്തു പറയാറുണ്ട്. അമ്മ കിടപ്പിലായതോടെ നിത്യസന്ദര്‍ശകയായിരുന്നു അവര്‍. അമ്മ മരണപ്പെട്ട അന്ന് രാത്രി, മൂന്നര മണിക്ക് വിവരം അറിയിച്ച ഉടനെ സ്വന്തം സ്‌കൂട്ടറില്‍, സാഹിറത്താത്ത അവിടെ ഓടിയെത്തിയിരുന്നു. ഒരു പുതിയ നാട്ടില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍, ഇങ്ങനെയുള്ള സഹകരണങ്ങള്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം പറയേണ്ടതില്ലല്ലോ.
യൂസുഫ് മാഷുടെ അനിയന്റെ ഭാര്യയാണ് സാഹിറത്താത്ത. പ്രിയ സുഹൃത്ത് മുസ്തഫാ ഹുസൈന്‍ സാഹിബിന്റെ പെങ്ങളാണവര്‍ എന്ന് പിന്നീടാണറിഞ്ഞത്. ചില കുടുംബങ്ങള്‍ അങ്ങനെയാണ്. അവര്‍ക്ക് ദൈവമാര്‍ഗത്തിലെ സേവനം ഒരു 'ഹര'മായിരിക്കും.
മുസ്തഫാ ഹുസൈന്‍ സാഹിബിനെ ആദ്യമായി പരിചയപ്പെടുന്നത് ആലത്തൂരില്‍ വെച്ചാണെന്നാണ് ഓര്‍മ. ചേലാകര്‍മം കഴിഞ്ഞ് റെസ്റ്റെടുത്തിരുന്നത് ആലത്തൂരിലെ ഒരു പള്ളിയിലായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. ആ പള്ളിയിലെ ഖത്വീബായിരുന്നു അദ്ദേഹം.
'നീണ്ട താടി'യില്ലാത്തവര്‍ക്കും നല്ല ഖത്വീബാകാം എന്ന ഒരു 'പുതുമ' അന്ന് അദ്ദേഹത്തിന്റെ ഖുത്വ്ബ കേള്‍ക്കുമ്പോള്‍ തോന്നിയിരുന്നു.
ശ്രദ്ധേയമായി തോന്നിയ മറ്റൊരു കാര്യം, ഒരു സ്ത്രീക്ക് രാത്രിയില്‍ ഇങ്ങനെ ഒറ്റക്ക് പുറത്തിറങ്ങാന്‍ പറ്റുന്ന സാമൂഹികാന്തരീക്ഷമാണ്. ഇതും ഒരു നാടിന്റെ വലിയ നന്മയായി പ്രത്യേകം പറയേണ്ടതായിട്ടാണ് തോന്നിയിട്ടുള്ളത്. ജ്യേഷ്ഠത്തി ഈ വിവരം പറഞ്ഞപ്പോള്‍ ഓര്‍മ വന്നത്, ഇസ്‌ലാം വിഭാവന ചെയ്യുന്ന തരത്തിലേക്ക് ഒരു നാട് മാറുന്നതിന്റെ മുഖ്യ അടയാളമായി പ്രവാചകന്‍ അദിയ്യിനോട് പറഞ്ഞ കാര്യമാണ്. 'ഹീറയില്‍നിന്ന് യാത്ര പുറപ്പെട്ട ഒരു സ്ത്രീ ദൈവത്തെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ ഒറ്റക്ക് യാത്ര ചെയ്ത് കഅ്ബയെ ത്വവാഫ് ചെയ്യുന്ന ഒരു കാലം വരും' എന്നാണ് അദിയ്യിനോട് പ്രവാചകന്‍ പറഞ്ഞത്. പിന്നീട് അത് സംഭവിച്ചത് നേരില്‍ കണ്ടതായി അദിയ്യ് പറയുന്നുണ്ട്.
ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, വൃദ്ധരും രോഗികളുമൊക്കെയായ സ്വന്തം മാതാപിതാക്കളെ വരെ പരിചരിക്കാന്‍ 'സമയമില്ലാത്ത മക്കള്‍' ഉള്ള ഒരു കാലത്താണ് ഇത്തരം അനുഭവങ്ങള്‍ എന്നതാണ്. ഇത് മാത്രമല്ല, വലിയ സന്തോഷം നല്‍കുന്ന വേറെയും കുറേ നല്ല അനുഭവങ്ങളുണ്ട് പറയാന്‍. പെട്ടേങ്ങാട്ട് നാസറും കുടുംബവുമടക്കം പലരും സ്വന്തം കുടുംബത്തെ പോലെ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് നടത്തുന്നത് എന്ന കാര്യം പ്രത്യേകം പറയാറുണ്ട്.
തൊട്ടടുത്ത അയല്‍വാസിയായ ഉമറാക്കയും കുടുംബവും നല്‍കിയ സവിശേഷ സഹകരണവും പരിഗണനയും ഒരുപാട് പറയാനുണ്ട്. 'ഒരു വീട്ടുകാരെപ്പോലെ' എന്നാണ് ജ്യേഷ്ഠത്തി അനുഭവം വെച്ച് പറഞ്ഞത്. സ്വന്തം കുടുംബത്തെപ്പോലെ കണ്ടു കൊണ്ടാണ് പല വിഷയങ്ങളിലും ഇടപെട്ടിരുന്നതും സഹകരിച്ചിരുന്നതും എന്ന് ജ്യേഷ്ഠനും പറഞ്ഞിരുന്നു. മരണാസന്നനായി കിടക്കുന്ന സമയത്തു പോലും ഉമറാക്ക ജ്യേഷ്ഠന്റെ മകള്‍ രേശ്മയുടെ വിവാഹത്തെപ്പറ്റിയും മറ്റും സംസാരിച്ചിരുന്നു.
മൂത്ത മകള്‍ രേശ്മയുടെ വിവാഹം ഒരു 'വെല്ലുവിളി' പോലെയായിരുന്നു. കാരണം, 'മതം മാറിയ'വര്‍ക്ക് 'നല്ല വിവാഹം' അസംഭവ്യം എന്നൊരു പൊതുബോധം ബന്ധുക്കളിലും മറ്റും നിലനില്‍ക്കുന്നുണ്ടായിരുന്നു. അത് സ്വാഭാവികവുമാണല്ലോ. കാണുമ്പോഴൊക്കെ പലരും അവളുടെ വിവാഹം നടന്നോ എന്ന ചോദ്യം ചോദിച്ചു തുടങ്ങി. ഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ വിവാഹത്തെ സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചു. ചില ആലോചനകളൊക്കെ നടന്നു. അതിനിടയിലാണ് അടുത്ത പ്രദേശമായ വേങ്ങൂരിലെ ചാത്തോലി കുടുംബത്തില്‍നിന്ന് ഒരു ആലോചന വന്നത്. പരസ്പരം ഇഷ്ടപ്പെട്ടു. വിവാഹം തീരുമാനമായി.
വേങ്ങൂരിലെ ധാരാളം അംഗങ്ങളുള്ള ഒരു വലിയ കുടുംബമാണ് ചാത്തോലി കുടുംബം. അതില്‍ പരേതനായ ചാത്തോലി മുഹമ്മദിന്റെ നാല് ആണ്‍ മക്കളില്‍ ഒരാളായ മൂസയാണ് വരന്‍. സുമുഖനും സല്‍സ്വഭാവിയുമായൊരു ചെറുപ്പക്കാരന്‍. ആര്‍ക്കും ഇഷ്ടപ്പെടുന്ന പ്രകൃതവും പെരുമാറ്റവും. വേങ്ങൂരിലെ മസ്ജിദില്‍ വെച്ചായിരുന്നു നികാഹ്. പിന്നീട് ചുങ്കത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ വെച്ച് റിസപ്ഷന്‍ നടന്നു. നാട്ടില്‍നിന്ന് ആളുകളെ പ്രത്യേകമായിത്തന്നെ ക്ഷണിച്ചിരുന്നു. ക്ഷണിച്ച ഏതാണ്ടെല്ലാവരും പങ്കെടുത്തു. സഹോദരിമാരെല്ലാവരും വന്നിരുന്നു. മൂസയുടെ പ്രകൃതവും പെരുമാറ്റവും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അതോടെ, ഇസ്ലാം സ്വീകരിച്ചാല്‍ 'നല്ല കല്യാണം' നടക്കുകയില്ല എന്ന പൊതുബോധത്തിന് അതൊരു മറുപടിയായി.
പെണ്‍കുട്ടികളെ വിവാഹം കഴിച്ചയച്ചാല്‍ പിന്നെയും ചില ആശങ്കകള്‍ ബാക്കിനില്‍ക്കാറുണ്ട് പൊതുവില്‍. കാരണം, തികച്ചും അപരിചിതമായ ഒരു വീട്ടിലേക്കും നാട്ടിലേക്കുമാണല്ലോ പറഞ്ഞയക്കുന്നത്; വ്യത്യസ്ത പ്രകൃതക്കാരായ പുതിയ കുറേ മനുഷ്യര്‍ക്കിടയിലേക്ക്. അമ്മോശന്‍, അമ്മായി അമ്മ, നാത്തൂന്‍, മൂത്തഛന്‍, എളേഛന്‍ ഇങ്ങനെ തുടങ്ങി പുതിയ കുറേ ബന്ധങ്ങള്‍ വിവാഹത്തോടെ വന്നു ചേരും.
'അമ്മായിഅമ്മപ്പോര്' എന്ന 'ഭീഷണി' ചിരപുരാതനമായ ഒരു 'നാട്ടുനടപ്പാ'ണ്. അതിനു പല കാരണങ്ങളുണ്ട്. അമ്മായി അമ്മ എന്നത് കുടുംബത്തില്‍ സ്ത്രീക്ക് അധികാരമുള്ള ഒരു 'പോസ്റ്റാ'യിട്ടാണ് കരുതിപ്പോരുന്നത്. 'അധികാരം മനുഷ്യനെ ദുഷിപ്പിക്കും. പരമാധികാരം പരമമായി ദുഷിപ്പിക്കും' എന്നു പറയാറുണ്ട്. സ്‌നേഹത്തിനു പകരം ഈ അധികാര മനോഭാവമാണ് 'അമ്മായി അമ്മപ്പോര്' എന്ന ഭീഷണിക്ക് പല കാരണങ്ങളിലൊന്ന്. വേറെ പല കാരണങ്ങളുമുണ്ടാവാം.
'നാത്തൂന്‍ പോര്' എന്ന സമ്പ്രദായവും സാധാരണയാണ്. സ്‌നേഹത്തിനും സഹകരണത്തിനും പകരം അധികാരവും മത്സരവും തലപൊക്കുന്നിടത്താണ് ഇത്തരം 'ഭീഷണി'കള്‍ തലപൊക്കുക.
എന്തായാലും ഇത്തരം 'ഭീഷണി'കളൊന്നും രേശ്മക്ക് നേരിടേണ്ടി വന്നിട്ടില്ല. സ്‌നേഹസമ്പന്നമായൊരു കുടുംബമാണത്. മൂസയുടെ ഉമ്മക്ക് സ്‌നേഹിക്കാന്‍ മാത്രമേ കഴിയൂ എന്നാണ് തോന്നിയിട്ടുള്ളത്. അവരുടെ പ്രകൃതവും പെരുമാറ്റവും അങ്ങനെയാണ്. മരുമക്കളോട് ദേഷ്യപ്പെടുക പോലും ചെയ്യാറില്ല എന്നാണ് രേശ്മയുടെ സാക്ഷ്യം.
പറിച്ചു നട്ടത്, വളര്‍ന്നു വലുതായി, പൂത്ത് കായ്ക്കുന്നതു കണ്ട സന്തോഷമാണിവിടെ പങ്കുവെച്ചത്. തിരിഞ്ഞുനോക്കുമ്പോള്‍, സത്യവിശ്വാസത്തിന്റെ പാതയിലെ എല്ലാ പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും കൂടെ ഇങ്ങനെയുള്ള 'എളുപ്പങ്ങള്‍' ധാരാളം ഉണ്ടായിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ പല മോഹങ്ങളും സാക്ഷാല്‍ക്കരിക്കപ്പെട്ടു. അമ്മയുടെ ഖബ്‌റിടം ശാന്തപുരം മഹല്ലിലെ ഖബ്‌റിസ്ഥാനിലായതു പോലും ഒരു മോഹത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു.
ഈ അനുഭവങ്ങള്‍ അനുസ്മരിക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നത് വിശുദ്ധ ഖുര്‍ആനിലെ തൊണ്ണൂറ്റി നാലാം അധ്യായം ആറാം സൂക്തമാണ്. അതില്‍ പറയുന്നത്, 'നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം' എന്നാണ്. ഖുര്‍ആനിലെ പല സൂക്തങ്ങളും പല സ്വഭാവത്തിലാണ് മനസ്സിനെ സ്വാധീനിച്ചിട്ടുള്ളത്. മാര്‍ഗത്തില്‍ പ്രയാസം പ്രതീക്ഷിച്ച് ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ച സൂക്തങ്ങളിലൊന്നാണിത്.
ഒരു ഭാഗത്ത് സത്യമാര്‍ഗത്തിലെ പ്രയാസങ്ങളും മറുഭാഗത്ത് ദൈവസഹായവും. ഇതിന് രണ്ടിനുമിടയിലാണ് ഒരു വിശ്വാസിയുടെ ജീവിതം.
പ്രയാസങ്ങള്‍ തിരമാലകളെപ്പോലെ ആഞ്ഞടിച്ചുകൊണ്ടിരിക്കും. ദൈവസഹായം പക്ഷേ സമുദ്രം പോലെ വിശാലമായി കിടക്കുന്നുണ്ട്. തിരമാലകളുള്ളത് കടലോരങ്ങളിലാണ്. തിരമാലകളെ മറികടന്ന് കടലില്‍ പ്രവേശിച്ചാല്‍ പിന്നെ തിരമാലകളുണ്ടാവുകയില്ലല്ലോ. പക്ഷേ, തിരയടങ്ങിയിട്ട് തോണി ഇറക്കാം എന്ന് വിചാരിച്ചിരുന്നാലോ? മനുഷ്യന്‍ പൊതുവില്‍ അങ്ങനെയാണ്. ഒരു വിശ്വാസി അങ്ങനെ ആയിക്കൂടാ എന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചുതന്ന ജീവിതപാഠം. അതാണ് വിജയത്തിന്റെ വഴി. അനുഭവം അതിനു സാക്ഷിയാണ്.
ശാന്തപുരത്തെ അനുസ്മരിക്കുമ്പോള്‍ ഓര്‍മയില്‍ വരുന്ന ഒരു കാര്യം കൂടി അനുസ്മരിച്ചുകൊണ്ട് ഈ അനുഭവക്കുറിപ്പ് ഇവിടെ ചുരുക്കുകയാണ്.
ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ ഒരു വാര്‍ഷികത്തോടനുബന്ധിച്ചോ മറ്റോ കുടുംബസമേതം പോയിരുന്നു. പല നേതാക്കളെയും പരിചയപ്പെട്ടത് അവിടെ നിന്നാണ്. പരിപാടി കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ഡ്രസ്സുകളും മറ്റും ഉള്‍ക്കൊള്ളുന്ന വലിയ നീളമുള്ള ഒരു ബാഗ് കൈയിലുണ്ട്. അല്‍പം പ്രയാസത്തോടെയാണ് നടക്കുന്നത്. അപ്പോഴാണ് ബാഗിന്റെ ഒരറ്റം പിടിക്കാന്‍ ഒരു 'സഹായി' വന്നത്. ആരിഫലി സാഹിബായിരുന്നു അത്.
1995 ഡിസംബര്‍ 25-ന് എടക്കരയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് എന്നാണ് ഓര്‍മ. 'ജനങ്ങളുടെ ഭാഷ'യില്‍ സംസാരിക്കുന്ന നേതാവ് എന്ന വിശേഷണം അദ്ദേഹത്തെപ്പറ്റി തോന്നിയിട്ടുണ്ട്. അദ്ദേഹം പലപ്പോഴായി പറഞ്ഞ ഉദാഹരണങ്ങളും ഉപമകളും മനസ്സില്‍ മായാതെ ഇപ്പോഴും കിടക്കുന്നുണ്ട്. ചില വിഷയങ്ങളില്‍ വ്യക്തത കിട്ടാനും ചില കാര്യങ്ങളില്‍ സ്വന്തത്തെ തിരുത്താനും അദ്ദേഹത്തിന്റെ സംസാരങ്ങളും ഇടപെടലുകളും കാരണമായിട്ടുണ്ട്. നല്ലതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തെറ്റിനെ തിരുത്താന്‍ കൂടി ശ്രമിക്കുമ്പോഴാണല്ലോ ഒരാള്‍ യഥാര്‍ഥ നേതാവാകുന്നത്. ഇത് രണ്ടും അദ്ദേഹത്തില്‍നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിശദാംശങ്ങള്‍ക്കിവിടെ സന്ദര്‍ഭമില്ല.
ഒരു ബസ്സ് യാത്രക്കിടയില്‍, 'പുഴ കടലിനോട് ചേരാം, കടല്‍ പുഴയോട് ചേരരുത്' എന്ന് ആരെയോ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ യാത്രാ ചാര്‍ജ് കൂടി നല്‍കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അത്. കൊണ്ടോട്ടിയില്‍നിന്ന് നീറാട്ടിലേക്കുള്ളതിനേക്കാള്‍ ചാര്‍ജ് എടവണ്ണപ്പാറയിലേക്ക് കൊടുക്കണം. ഭാര്യയും കുടുംബവും അന്ന് നീറാട് അടുത്ത് മുതുവല്ലൂരാണ് താമസിച്ചിരുന്നത്. അദ്ദേഹം എടവണ്ണപ്പാറക്കടുത്ത് മുണ്ടുമുഴിയിലും.
ഇത്തരം ഉപമകളും ഉദാഹരണങ്ങളും ധാരാളം ചിന്തിക്കാന്‍ കാരണമാകാറുണ്ട്. ആ യാത്രക്കിടയില്‍, അദ്ദേഹത്തിന്റെ നാടായ മുണ്ടുമുഴിയില്‍ വീട് വെക്കണോ എന്ന് ചോദിച്ചിരുന്നു. എവിടെയാണ് വീട് വെക്കേണ്ടത് എന്ന് അന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. അമ്മയും ജ്യേഷ്ഠനുമൊക്കെ മാറിയതിനു ശേഷം കുടുംബസമേതം അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.
വിവാഹത്തിനു ശേഷം വിവാദങ്ങള്‍ കത്തിനിന്ന കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. അക്കാലത്തെ മിക്ക പൊതുപരിപാടികളും വമ്പിച്ച ജനപങ്കാളിത്തത്തോടു കൂടിയുള്ളവയായിരുന്നു. ഓരോ പരിപാടി കഴിയുമ്പോഴും പ്രശംസകളും അംഗീകാരങ്ങളും കിട്ടിക്കൊണ്ടിരുന്നു. ക്രമേണ ഉള്ളിന്റെ ഉള്ളില്‍ അറിയാതെ 'ഞാന്‍' എന്ന ഒരു ബോധം കടന്നുകൂടിയിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. ആ ബോധത്തെ തിരുത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാന്‍ പറ്റാത്തതാണ്.
ഒരു ക്ലാസ്സില്‍, ഇംഗ്ലീഷ് ഭാഷയില്‍ 'ഞാന്‍' എന്നതിനുപയോഗിക്കുന്ന 'ക' എന്ന അക്ഷരത്തിലെ 'അഹങ്കാരം' അദ്ദേഹം വിവരിച്ചത് ശ്രദ്ധേയമായി തോന്നി.
'ഞാന്‍' എന്നതിനെ സൂചിപ്പിക്കാനുള്ള 'ക' എന്ന ഇംഗ്ലീഷ് അക്ഷരം ചെറിയ അക്ഷരത്തില്‍ എഴുതാനേ പാടില്ല. ഒരിക്കലും ചെറുതാവാത്ത, എവിടെയും വളയാത്ത, ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത 'ക'-ല്‍ ഒരു 'അഹങ്കാര'മുണ്ട്.
ഒരു വ്യക്തിയില്‍ സ്വന്തത്തെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം കാരണത്താല്‍ ക്രമേണ ഉണ്ടായിവരുന്ന 'ഞാന്‍' എന്ന ബോധത്തില്‍ അഹങ്കാരം കടന്നുകൂടും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലുള്ള പ്രശംസകളും അംഗീകാരങ്ങളുമൊക്കെ അതിനു കാരണമാകാം. അത്തരം ചില ദൗര്‍ബല്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പരോക്ഷമായ ചില സംസാരങ്ങളിലൂടെയും ഇടപെടലുകളിലൂടെയും അദ്ദേഹം ആ ദൗര്‍ബല്യത്തെ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്.
പ്രസ്ഥാനത്തില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഇന്റര്‍വ്യൂ വേളയില്‍, 'നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ചുള്ള അഭിപ്രായമെന്താണ്' എന്നദ്ദേഹം ചോദിച്ചിരുന്നു. അതേ സംബന്ധിച്ച് കൂടുതല്‍ ചിന്തിച്ചത് പിന്നീടാണ്. ചില സന്ദര്‍ഭങ്ങളിലെ ചിലരുടെ ചില ചോദ്യങ്ങള്‍ നരകമുക്തിക്കു പോലും കാരണമാകും എന്നാണ് തോന്നിയിട്ടുള്ളത്. കാരണം, ഇസ്ലാമിന്റെ അധ്യാപനപ്രകാരം അഹങ്കരിക്കാന്‍ ദൈവത്തിനു മാത്രമാണ് അര്‍ഹതയുള്ളത്. മനുഷ്യന്‍ അഹങ്കരിക്കുന്നത് നരകത്തില്‍ 'ഇരിപ്പിടം' ഉറപ്പിക്കലാണ്. ഹൃദയത്തില്‍ അഹങ്കാരത്തിന്റെ അംശമുണ്ടായാല്‍ പോലും ഒരാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
ഈ ഓര്‍മക്കുറിപ്പില്‍ എവിടെയും 'ഞാന്‍' എന്ന പദം പ്രയോഗിക്കാതിരിക്കാന്‍ പോലും കാരണം ബഹുമാന്യനായ ആരിഫലി സാഹിബ് നല്‍കിയ തിരിച്ചറിവാണ്.
(അവസാനിച്ചു)
Comments