Prabodhanm Weekly

Pages

Search

2021 ജൂണ്‍ 25

3207

1442 ദുല്‍ഖഅദ്‌ 14

അടിമവ്യവസ്ഥയെ ഇസ്‌ലാം എന്തു ചെയ്തു?

ടി.കെ.എം ഇഖ്ബാല്‍

ഇസ്‌ലാമിനെതിരെ ഏറ്റവുമധികം ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങളിലൊന്ന് അടിമത്തവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യര്‍ മനുഷ്യരെ വില കൊടുത്തു വാങ്ങി അടിമകളാക്കി വെക്കുന്ന മനുഷ്യവിരുദ്ധമായ ഒരു സമ്പ്രദായത്തെ ഇസ്ലാം എന്തുകൊണ്ട് നിരോധിച്ചില്ല എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം. ധാരാളം ഇസ്ലാമിക പണ്ഡിതന്മാര്‍ ഈ വിഷയം കൈകാര്യം ചെയ്യുകയും അവരുടേതായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാദമിക തലങ്ങളില്‍ അടിമത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പഠനങ്ങളും ഇപ്പോഴും ധാരാളമായി നടക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന ഭീകര സംഘടന ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അതിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് അടിമത്തവും ഇസ്ലാമുമായി ബന്ധപ്പെട്ട ചര്‍ച്ച ആഗോളതലത്തില്‍ വീണ്ടും സജീവമായി ഉയര്‍ന്നുവന്നത്. ഐ.എസിന്റെ നടപടിയെ ഇസ്ലാമികവിരുദ്ധം എന്ന് പണ്ഡിതന്മാര്‍ വിശേഷിപ്പിച്ചുവെങ്കിലും അടിമത്തത്തിനുള്ള അനുവാദം ഇസ്ലാമില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. ഐ.എസ് പോലെയുള്ള സംഘടനകളെ ചൂണ്ടിക്കാട്ടി ഇസ്ലാമിനെ ഭീകരവല്‍ക്കരിക്കുന്ന വിമര്‍ശകരുടെ കൈയില്‍ ഐ.എസിന്റെ നടപടി മറ്റൊരു ആയുധമായി മാറി. ഇപ്പോഴും നാസ്തികര്‍ ഉള്‍പ്പെടെയുള്ള ഇസ്ലാംവിമര്‍ശകര്‍ ഇസ്ലാമിനെ പൊതു സമൂഹത്തിനു മുമ്പില്‍ താറടിക്കുന്നതിനു വേണ്ടി അടിമത്തം എന്ന വിഷയം വ്യാപകമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇതു സംബന്ധമായ വിമര്‍ശനങ്ങളെ സംക്ഷിപ്തമായി പരിശോധിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.
മനുഷ്യന്‍ ഏകദൈവത്തിന്റെ മാത്രം അടിമയാണെന്ന് പറയുന്ന ഇസ്ലാമിന് മനുഷ്യര്‍ മനുഷ്യരെ അടിമകളാക്കുന്ന ഒരു സമ്പ്രദായത്തെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും എന്നതാണ് ഇസ്ലാമിനകത്തു നിന്നു തന്നെ ഉന്നയിക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം. അടിമത്തം നിലവിലില്ലാത്ത ഒരു സാഹചര്യത്തില്‍ നിന്നു കൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോഴുള്ള ഒരു പ്രധാന പ്രശ്‌നം, അടിമത്തത്തെ ചരിത്രപരമായി മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ്. മുഹമ്മദ് നബി വരുന്നതിനും എത്രയോ മുമ്പു തന്നെ അറേബ്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിമത്തം ഒരു സാമൂഹിക, സാമ്പത്തിക ക്രമമായി നിലവിലുണ്ടായിരുന്നു. പുരാതന റോമിലും ഗ്രീസിലും അടിമക്കച്ചവടവും ചൂഷണവും സര്‍വത്ര വ്യാപകമായിരുന്നു. വിവരണാതീതമായ ക്രൂരതകള്‍ക്കും മനുഷ്യത്വഹീനമായ പെരുമാറ്റങ്ങള്‍ക്കും ഇരയാക്കപ്പെട്ടവരായിരുന്നു അടിമകള്‍. ഉദാഹരണത്തിന്, ബി.സി 1755-1750 കാലത്ത് നിലവില്‍ വന്ന ബാബിലോണിയന്‍ നിയമസംഹിതയായ ഹമ്മുറാബി കോഡില്‍ അടിമകളെ ഒളിച്ചോടാന്‍ സഹായിക്കുന്നവര്‍ക്കും ഒളിച്ചോടുന്ന അടിമകള്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ക്കും വധശിക്ഷയാണ് നിര്‍ദേശിക്കപ്പെട്ടിരുന്നത്. പ്രവാചകന്‍ ആഗതനാവുന്ന സമയത്ത് അറേബ്യയിലെയും പരിസര ദേശങ്ങളിലെയും, പ്രത്യേകിച്ച് റോമാ സാമ്രാജ്യത്തിലെ അടിമകളുടെ അവസ്ഥ അതീവ ശോചനീയമായിരുന്നു. അടിമകളെ ചാട്ടവാറ് കൊണ്ടടിക്കുക, ബന്ധനസ്ഥരാക്കുക, ചങ്ങലക്കിടുക, പട്ടിണിക്കിടുക, പൊതുസ്ഥലങ്ങളില്‍ നഗ്‌നരാക്കി നിര്‍ത്തി അപമാനിക്കുക തുടങ്ങിയ ശിക്ഷാ മുറകള്‍ റോമക്കാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. അടിമകളായ പുരുഷന്മാര്‍ മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെട്ടപ്പോള്‍, അടിമസ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന്റെ നിസ്സഹായരായ ഇരകളായി മാറി. അടിമച്ചന്തകളില്‍ നഗ്‌നരാക്കി നിര്‍ത്തപ്പെട്ട സ്ത്രീകളും പുരുഷന്മാരും ആടുമാടുകളെപ്പോലെ കച്ചവടം ചെയ്യപ്പെട്ടു. ശക്തിയും അധികാരവുമുള്ള മനുഷ്യര്‍ മറ്റു മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിച്ച  ചരിത്രത്തിലെ പ്രാകൃതവും കിരാതവുമായ ചൂഷക വ്യവസ്ഥയായിരുന്നു അടിമത്തം. അടിമത്തം ഏകമുഖമായ ഒരു വ്യവസ്ഥയായിരുന്നില്ല എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. പല കാലങ്ങളില്‍ പല സമൂഹങ്ങളില്‍ പല രീതിയിലാണ് അത് നിലനിന്നിരുന്നത്. അടിമത്തത്തിന്റെ ചില വകഭേദങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതാണ് ആധുനിക അടിമത്തം (Modern Slavery) എന്ന പേരില്‍ വ്യവഹരിക്കപ്പെടുന്നത്.
അടിമത്തം ഇസ്ലാം ഉണ്ടാക്കിയതോ പ്രചരിപ്പിച്ചതോ അല്ല. പക്ഷേ, നിലനില്‍ക്കുന്ന ഒരു സാമൂഹിക, സാമ്പത്തിക ക്രമം എന്ന നിലയില്‍ ഇസ്ലാമിനും പ്രവാചകനും അതുമായി ഇടപെടാതിരിക്കാന്‍ കഴിയുമായിരുന്നില്ല. പലിശയും മദ്യപാനവും നിരോധിച്ചതു പോലെ നിരോധിക്കാന്‍ കഴിയുന്നതോ നിരോധനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നതോ ആയിരുന്നില്ല അടിമത്തം. അത് അന്നത്തെ ലോകത്തെ സാമ്പത്തിക, സാമൂഹിക ജീവിതത്തിന്റെ അടിത്തറയായിരുന്നു. വീട്ടുജോലിക്കും മറ്റു പല തരം തൊഴിലുകള്‍ക്കും വ്യാപകമായി ഉപയോഗപ്പെടുത്തിയത് അടിമകളെയായിരുന്നു. കൂലിവേലസമ്പ്രദായം പ്രചാരത്തിലുണ്ടായിരുന്നില്ല. പലതരം കുറ്റകൃത്യങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്ന ശിക്ഷ കുറ്റവാളികളെ അടിമകളാക്കുക എന്നതായിരുന്നു. മനുഷ്യസമൂഹത്തിന്റെ സാമ്പത്തിക വികാസ പ്രക്രിയയിലെ വിവിധ പടികളായിട്ടാണ് അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം എന്നിവ മനസ്സിലാക്കപ്പെടുന്നത്. അടിമത്തം നിയമം മൂലം നിരോധിക്കാനുള്ള സാമൂഹിക, സാമ്പത്തിക സഹചര്യം രൂപപ്പെടുന്നതിനു മുമ്പ് ഏതെങ്കിലും സമൂഹമോ ഭരണകൂടമോ ഏകപക്ഷീയമായി അത് നിരോധിച്ചിരുന്നുവെങ്കില്‍ അവിടെ സാമ്പത്തിക അരക്ഷിതാവസ്ഥയും മനുഷ്യവിഭവദാരിദ്യവും അനുഭവപ്പെടുമായിരുന്നു എന്നുറപ്പാണ്. നിരോധം ലംഘിക്കപ്പെടുക എന്നതായിരിക്കും അതിന്റെ സ്വാഭാവിക ഫലം.
ലോകരാജ്യങ്ങള്‍ക്ക് അടിമത്തം നിയമം മൂലം നിരോധിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നു എന്നതു തന്നെ ആ സമ്പ്രദായം എത്രമാത്രം വ്യാപകമായിരുന്നു എന്നതിന് തെളിവാണ്. മനുഷ്യ സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമൊക്കെ പുതിയ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെച്ച ജ്ഞാനോദയ കാലഘട്ടത്തിനു ശേഷവും നൂറ്റാണ്ടുകളോളം യൂറോപ്പിലും അമേരിക്കയിലും അടിമത്തം അതിന്റെ എല്ലാ ഭീകരതയോടുമൊപ്പം നിലനിന്നു. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെയും അടിമത്തത്തിന്റെയും ചരിത്രം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. കോളനി രാജ്യങ്ങളില്‍നിന്ന് പ്രകൃതി വിഭവങ്ങളോടൊപ്പം കടല്‍ കടത്തിക്കൊണ്ട് വന്ന അടിമകളാണ് യൂറോപ്യന്‍ നാടുകളുടെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തിയത്.  അമേരിക്കയിലെ  പരുത്തിത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വേണ്ടി ആഫ്രിക്കയില്‍നിന്ന് വിലയ്ക്കു വാങ്ങിയും വേട്ടയാടിപ്പിടിച്ചും കപ്പലില്‍ കയറ്റിക്കൊണ്ടു വന്ന അടിമകളുടെ കഥ അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ്. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നാടുക്കിയ, നാല് വര്‍ഷത്തിലധികം നീണ്ടു നിന്ന അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ പ്രകോപനം തെക്കന്‍ സംസ്ഥാനങ്ങളില്‍ അടിമത്തം നിരോധിക്കാനുള്ള പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ നീക്കങ്ങളായിരുന്നു. ഏഴ് തെക്കന്‍ സംസ്ഥാനങ്ങള്‍ സ്വന്തമായ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ച് ലിങ്കന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി. തെക്കന്‍ സംസ്ഥാനങ്ങളുടെ മുഖ്യമായ മനുഷ്യവിഭവശേഷി ആഫ്രിക്കന്‍ അടിമകളായിരുന്നു. അതിനെ ഇല്ലാതാക്കിക്കൊണ്ട് ഈ സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലമാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം അബ്രഹാം ലിങ്കന്റെ നിരോധന നീക്കത്തിനു പിന്നില്‍ ഉണ്ടായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്രരാക്കപ്പെടുന്ന ആഫ്രിക്കന്‍ അടിമകള്‍ക്ക് തുല്യാവകാശങ്ങള്‍ നല്‍കുന്നതിന് ലിങ്കന്‍ എതിരായിരുന്നു. അടിമത്തത്തിന്റെ തുടര്‍ച്ചയായി ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരെ നടക്കുന്ന വംശീയമായ അതിക്രമങ്ങളും വിവേചനങ്ങളും ഭരണകൂട ഹിംസയും ഇന്നും വലിയ ചര്‍ച്ചാ വിഷയമാണ്.

ഇസ്‌ലാം അടിമത്തത്തെ പുനര്‍ നിര്‍വചിക്കുന്നു 

അടിമത്തം (SIavery)  എന്ന വാക്ക് കൊണ്ട് പൊതുവെ മനസ്സിലാക്കപ്പെടുന്ന തരത്തിലുള്ള പ്രാകൃതവും മനുഷ്യവിരുദ്ധവുമായ രൂപത്തിലുള്ള അടിമസമ്പ്രദായത്തെ ഇസ്ലാം അനുവദിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല എന്ന് പറയാവുന്നതാണ്. ആശയപരമായും പ്രായോഗികമായും അടിമത്തത്തെ പുനര്‍നിര്‍വചിക്കുകയും പരിഷ്‌കരിക്കുകയുമാണ് ഇസ്ലാം ചെയ്തത്. അടിമത്തത്തിന്റെ ആശയപരമായ അടിത്തറ ശക്തിയും അധികാരവുമുള്ള മനുഷ്യര്‍ ദുര്‍ബലരായ മനുഷ്യരെ അടിമകളാക്കി ചൂഷണം ചെയ്യുക എന്നതാണ്. അടിമയെ അടിമ (അബ്ദ്) എന്ന് അഭിസംബോധന ചെയ്യരുത് എന്ന നിര്‍ദേശത്തിലൂടെ മനുഷ്യര്‍ മനുഷ്യരുടെ അടിമയാവുക എന്ന കാഴ്ചപ്പാടിനെ പ്രവാചകന്‍ തിരുത്തി.
മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: 'നിങ്ങളില്‍ ആരും എന്റെ അടിമേ, എന്റെ അടിമസ്ത്രീയേ എന്ന് വിളിക്കരുത്. നിങ്ങള്‍ എല്ലാ  പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിന്റെ അടിമകളാണ്.' അടിമത്തത്തെ നേര്‍ക്കു നേരെ സൂചിപ്പിക്കുന്ന അബ്ദ് എന്ന വാക്കിനു പകരം അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഗുലാം, ജാരിയത്ത്, ഫതന്‍, ഫതാത്ത് (വേലക്കാരന്‍, വേലക്കാരി, വാല്യക്കാരന്‍, വാല്യക്കാരി) തുടങ്ങിയ വാക്കുകള്‍ കൊണ്ട് അവരെ അഭിസംബോധന ചെയ്യാന്‍ തുടര്‍ന്ന് പ്രവാചകന്‍ നിര്‍ദേശിച്ചു. ഖുര്‍ആനില്‍ വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ അടിമകളെക്കുറിച്ച്  പറയുമ്പോള്‍ അബ്ദ് എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളൂ. അതു തന്നെയും വ്യാവഹാരികമായ അര്‍ഥത്തില്‍. അടിമകളെ വിശേഷിപ്പിക്കാന്‍ 'നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയത്' (മാ മലകത്ത് അയ്മാനുകും) എന്ന ഒരു പുതിയ പ്രയോഗം ഖുര്‍ആന്‍ ആവിഷ്‌കരിച്ചു. നിയമപരമായി അധീനപ്പെടുത്തിയത് എന്ന് ചില പണ്ഡിതന്മാര്‍ ഇതിന് അര്‍ഥം കൊടുത്തിട്ടുണ്ട്. ഹദീസുകളില്‍ അബ്ദ് എന്ന വാക്ക് പലേടത്തും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് അടിമകളുമായി ബന്ധപ്പെട്ട നിയമനിര്‍ദേശങ്ങള്‍ നല്‍കാനുള്ള അനിവാര്യമായ ആശയ വിനിമയോപാധി എന്ന നിലയിലാണ്. ഉദാഹരണത്തിന് 'അടിമകളെ മോചിപ്പിക്കുക' എന്ന് പറയേണ്ടിടത്ത് ആശയം കൃത്യമായി വിനിമയം ചെയ്യപ്പെടണമെങ്കില്‍ സമൂഹത്തിന് പരിചിതമായ അബ്ദ് എന്ന വാക്കു തന്നെ ഉപയോഗിക്കേണ്ടി വരും. ഇസ്ലാം അനുവദിച്ച അടിമസമ്പ്രദായത്തെ വിവക്ഷിക്കാന്‍ 'രിഖ്' എന്ന പദമാണ് അറബി ഭാഷയില്‍ ഉപയോഗിക്കപ്പെടുന്നത്. ഇത് സാമ്പ്രദായികമായ അടിമത്തത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ് എന്ന് അടിമകളുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ നിയമനിര്‍ദേശങ്ങളും ഇസ്ലാമിക സമൂഹത്തില്‍ നിലനിന്ന അടിമത്തത്തിന്റെ സ്വഭാവവും പഠനവിധേയമാക്കിയാല്‍ മനസ്സിലാവും. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (30-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

സല്‍ക്കര്‍മനിരതമായ ദീര്‍ഘായുസ്സ്
അബ്ദുല്ലത്വീഫ് കൊടുവള്ളി