ഹൈദറലി ശാന്തപുരം ജീവിതം പറയുന്നു
ഓര്‍ത്തു പറയാന്‍ ധാരാളം വകയുള്ള സംഭവബഹുലമായ ജീവിതമാണ് ഹൈദറലി ശാന്തപുരത്തിന്റേത്. ആയുഷ്‌കാലമത്രയും ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവെച്ച ഹൈദറലിയോളം ശാന്തപുരം ഗ്രാമത്തെ കനവിലും കിനാവിലും കൊണ്ടുനടന്ന അധിക പേരുണ്ടാവില്ല. ഹൈദറലി ശാന്തപുരം രചിച്ച 'ഗതകാല സ്മരണകള്‍' എന്ന ഓര്‍മപുസ്തകം ഒരു വ്യക്തിയുടെ ജീവിതചരിത്രം എന്നതിലുപരി, ഏഴു പതിറ്റാണ്ടുകളായി പരന്നുകിടക്കുന്ന ഇസ്‌ലാമിക നവോത്ഥാന-പരിഷ്‌കരണ-സാംസ്‌കാരിക സംരംഭങ്ങളുടെയും നവജാഗരണ പ്രവര്‍ത്തനങ്ങളുടെയും രേഖാചിത്രങ്ങള്‍ തിളക്കത്തോടെ വരച്ചുവെച്ച രചനയാണ്. പ്രബോധകനായും അധ്യാപകനായും പത്രപ്രവര്‍ത്തകനായും ജീവിച്ച ഹൈദറലിയുടെ പകര്‍ന്നാട്ടങ്ങളില്‍ ദൃശ്യമാവുന്നത്, ഉന്നതവും ഉദാത്തവുമായ ലക്ഷ്യത്തിലേക്ക് വിവിധ വഴികളിലൂടെ കുതിക്കുന്ന തേരാളിയുടെ ക്ഷീണമറിയാത്ത, കരുത്തും നിശ്ചയദാര്‍ഢ്യവും നിറഞ്ഞ തേജസ്സാര്‍ന്ന മുഖമാണ്. പുസ്തകത്തിന്റെ മുഖമൊഴിയില്‍ ഹൈദറലി എഴുതിയ വരികള്‍ ഉദ്ധരിക്കാം: ''ഒരു എളിയ ഇസ്‌ലാമിക പ്രവര്‍ത്തകന്‍ തന്റെ ജീവിതസായാഹ്നത്തില്‍ കഴിഞ്ഞകാലാനുഭവങ്ങളെ ഓര്‍ത്തെടുത്ത് എഴുതിയതാണ് ഈ ഗതകാല സ്മരണകള്‍. അധ്യയനം, അധ്യാപനം, സംഘാടനം, പത്രപ്രവര്‍ത്തനം, ഇസ്‌ലാമിക പ്രബോധനം മുതലായ മേഖലകളില്‍ വിനിയോഗിച്ച ആയുഷ്‌കാലത്തെ ആറ് ഘട്ടങ്ങളിലായി വിഭജിക്കാന്‍ സാധിക്കും. ശാന്തപുരം കാലം, അന്തമാന്‍ കാലം, മദീനാ കാലം, വെള്ളിമാട്കുന്ന് കാലം, പ്രവാസ കാലം, പ്രവാസാനന്തര കാലം എന്നിങ്ങനെ. അങ്ങനെത്തന്നെയാണ് ഈ പുസ്തകത്തിലെ അധ്യായങ്ങളുടെ ക്രമീകരണവും. ഓരോ അധ്യായത്തിലും ആത്മകഥാംശങ്ങള്‍ക്കു പുറമെ വായനക്കാര്‍ക്ക് പ്രയോജനകരമാവുമെന്ന് തോന്നിയ പൊതുവിവരങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് ഒരു ആത്മകഥയല്ല; പല കാര്യങ്ങള്‍ക്കും അവലംബമാക്കാവുന്ന ചരിത്രരേഖ കൂടിയാണ്.''
'ഗതകാല സ്മരണകളു'ടെ ഇരുനൂറ് പേജിലൂടെയും അനുബന്ധമായി ചേര്‍ത്ത ചിത്രങ്ങളിലൂടെയും കടന്ന് വായന അവസാനിപ്പിക്കുമ്പോള്‍ ബോധ്യമാകുന്ന ഒരു സത്യമുണ്ട്; മൊഴിവാക്കിലെ ഓരോ അക്ഷരത്തിന്റെയും സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ കൃതി.
ഹൈദറലിയുടെ ജന്മദേശമായ ശാന്തപുരത്തു നിന്നാണ് ഓര്‍മകള്‍ വിരിയുന്നത്. കേരള മുസ്‌ലിം സമൂഹത്തിന്റെ മനസ്സില്‍ ശാന്തപുരം ഒരു വികാരമായി കത്തിനിന്ന കാലഘട്ടത്തിന്റെ കഥയും പിന്നീട് ആ ഗ്രാമം വൈജ്ഞാനിക മുന്നേറ്റത്തിന്റെ മടിത്തട്ടായി മാറിയ ചരിത്രവും ഗ്രന്ഥകാരന്റെ തൂലിക ചേതോഹരമായി വിവരിക്കുന്നുണ്ട്. ഗ്രാമത്തിന്റെ സാംസ്‌കാരിക-സാമൂഹിക പ്രതലങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളെ അകലെ നിന്ന് നിരീക്ഷിക്കുന്ന ചരിത്രകാരന്റെ അനുമാനങ്ങളും നിഗമനങ്ങളുമല്ല ഈ കൃതിയിലെ വസ്തുതകളെ മുന്നോട്ടു നയിക്കുന്നത് എന്ന സത്യമാണ് ഇതിനെ മറ്റ് ഓര്‍മപുസ്തകങ്ങളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നത്. ബാല്യം, കൗമാരം, യൗവനം, മധ്യവയസ്സ് എന്നീ ജീവിതത്തിന്റെ വിവിധ ദശകളിലൂടെ കടന്നുപോകുന്ന രചയിതാവിന്റെ ശ്വാസോഛ്വാസങ്ങള്‍ അലിഞ്ഞുചേര്‍ന്ന ഗ്രാമത്തിന്റെ ഭൂമികയില്‍, ഗ്രാമത്തിന്റെ കുതിപ്പും കിതപ്പും സ്പര്‍ശവും സ്പന്ദനവും കണ്ണീരും പുഞ്ചിരിയും അടയാളപ്പെട്ടു കിടക്കുന്ന മണ്ണില്‍, ഗ്രാമത്തിന്റെ ആള്‍ക്കൂട്ടങ്ങളില്‍ ഒരാളായി ജീവിച്ച വ്യക്തിക്ക് ചരിത്ര കഥനവും സ്മരണാഖ്യാനവും തന്റെ ജീവിതത്തിന്റെ നേര്‍ചിത്രമായി മാത്രമേ കാണാനും അവതരിപ്പിക്കാനും കഴിയുകയുള്ളൂ. 'കുടുംബവും വിദ്യാഭ്യാസവും' എന്ന അധ്യായം തുടങ്ങുന്നതു തന്നെ ജീവിതത്തില്‍ ഉടനീളം താന്‍ മുറുകെ പിടിക്കുന്ന എളിമയുടെയും വിനയത്തിന്റെയും വേരുകള്‍ ചികഞ്ഞുകൊണ്ടാണ്. ''ശാന്തപുരം മഹല്ലിലെ ചെറിയ കുടുംബങ്ങളില്‍ ഒന്നാണ് എന്റെ കുടുംബമായ ആര്യാട്ടില്‍.... എന്റെ മാതാവായ ആമിനയുടെ പിതാവ് കളത്തുംപടിയന്‍ അയമുട്ടിയെ പ്രദേശത്തെ ധനാഢ്യനായിരുന്ന ആനമങ്ങാടന്‍ പോക്കര്‍ ഹാജി തന്റെ കുതിരകള്‍ക്ക് പുല്ലരിയാന്‍ ഐലക്കര എന്ന സ്ഥലത്തുനിന്ന് കൊണ്ടുവന്നതായിരുന്നു'' (പുറം: 48).
'മുള്ള്യാകുര്‍ശ്ശി' എന്ന കുഗ്രാമം, ലോക വൈജ്ഞാനിക ഭൂപടത്തില്‍ 'ശാന്തപുരം' എന്ന അറിവിന്റെ കേന്ദ്രമായി വികസിച്ചുവന്നതിന്റെ നാള്‍വഴികള്‍ എത്ര കൃത്യമായും സൂക്ഷ്മമായും ആണ് ഹൈദറലി രേഖപ്പെടുത്തിയത് എന്ന് കാണുമ്പോള്‍, ആ ഓര്‍മശക്തിക്ക് മുമ്പില്‍ വായനക്കാരന്‍ വിസ്മയിച്ചുനിന്നുപോകും. ഓത്തുപള്ളി മുതല്‍ സര്‍വകലാശാല വരെ തന്നെ പഠിപ്പിച്ച ഗുരുവര്യരെയും അധ്യാപകരെയും പണ്ഡിതന്മാരെയും ഒന്നൊഴിയാതെ ഓര്‍ത്തു പറയുന്ന ഹൈദറലിയുടെ കടപ്പാടിന്റെയും നന്ദിയുടെയും നിഴലാട്ടങ്ങള്‍ ദൃശ്യമാണ് ഓരോ വരിയിലും. ആരെയും മറന്നിട്ടില്ല, ആരെയും ഓര്‍ക്കാതിരുന്നിട്ടില്ല. സഹപാഠികളില്‍ ഓരോരുത്തരെയും പേരെടുത്ത് പരാമര്‍ശിക്കുന്നതില്‍ കാണിക്കുന്ന സൂക്ഷ്മതയും കൃത്യതയും ജീവിതത്തില്‍ ഉടനീളം ഹൈദറലി കാത്തുപോരുന്ന കൃത്യതയുടെയും സൂക്ഷ്മതയുടെയും മറ്റൊരു തെളിവായി മിന്നുന്നു.
എഴുപത്തെട്ട് വര്‍ഷം മുമ്പാണ് ഹൈദരലിയുടെ ജനനം. കുഞ്ഞുനാള്‍ മുതല്‍ക്കുള്ള അനുഭവങ്ങള്‍ ഓര്‍ത്തു പറയുമ്പോള്‍, അനുഭവങ്ങള്‍ക്ക് ചിറകുമുളച്ച കാലം എത്രയോ മാറി. പിറന്നുവീണ മണ്ണും മാനവും മാറി. കാലവും ലോകവും മാറുമ്പോള്‍ കഥമാറി. ഏഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള രൂപകങ്ങളും സങ്കേതങ്ങളും രചനയില്‍ വരുമ്പോള്‍ വായനക്കാരന്റെ രുചിഭേദങ്ങള്‍ക്ക് അവ ഇണങ്ങിയാലും ഇല്ലെങ്കിലും സത്യസന്ധമായ ആവിഷ്‌കരണത്തിന് അവ കൂടിയേ തീരൂ.
ഹൈദറലി ശാന്തപുരം ഭൂതകാലത്തിലൂടെ സഞ്ചരിക്കുന്നതും അക്കങ്ങളിലും അക്ഷരങ്ങളിലും അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്നതും വരുംതലമുറക്ക് പഠിക്കാനും പകര്‍ത്താനും സഹായകമാകും എന്ന പ്രതീക്ഷയിലാണ്. ഇരുനൂറ് പുറങ്ങളില്‍, ആറ് അധ്യായങ്ങളില്‍, മുപ്പത് തലക്കെട്ടുകളില്‍ വിരചിതമായ ഈ ഓര്‍മപുസ്തകം വിലപ്പെട്ട ഒരു ചരിത്ര രേഖയായിത്തീരുന്നത് പഠനത്തിന്റെയും അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും പ്രയത്‌ന ഫലങ്ങള്‍ അതില്‍ തൊട്ടറിയാം എന്നതുകൊണ്ടാണ്. ഈ വസ്തുത പ്രസാധക കുറിപ്പില്‍ രേഖപ്പെടുത്തിയതിങ്ങനെ: ''ഇസ്‌ലാമിക പ്രസ്ഥാനത്തെ വിട്ട് ഗ്രന്ഥകാരന് മറ്റൊരു ജീവിതമില്ലാത്തതിനാല്‍ ഈ ആത്മകഥ കേരളത്തിലെയും അന്തമാനിലെയും ഗള്‍ഫിലെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും അതിന്റെ കീഴിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയുടെയും അത് സ്ഥിതിചെയ്യുന്ന കേരളത്തിലെ മാതൃകാ മഹല്ലുകളിലൊന്നായ ശാന്തപുരം മഹല്ലിന്റെയും ചരിത്രം കൂടിയാണ്.''
ത്യാഗോജ്ജ്വലമായ ജീവിതാനുഭവങ്ങള്‍ നല്‍കിയ അന്തമാന്‍ ദ്വീപാണ് ഗ്രന്ഥകാരന്റെ മനസ്സില്‍ തറച്ചു നില്‍ക്കുന്നതെന്ന്, 1965 ആഗസ്റ്റ് 20-ന് അവിടെ കാല്‍ കുത്തിയതു മുതല്‍ക്കുള്ള പ്രവര്‍ത്തനങ്ങളുടെ വിസ്തൃത വിവരണം നമ്മെ ബോധ്യപ്പെടുത്തും.
സെല്ലുലാര്‍ ജയിലിലൂടെയും 'കാലാപാനി'യിലൂടെയും മാത്രം ദ്വീപിനെ പരിചയിച്ചവര്‍ക്ക് തികച്ചും വ്യത്യസ്തമായ അറിവാണ് ഗ്രന്ഥകാരന്‍ നല്‍കുന്നത്. നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന പ്രവിശാലമായ കടലിനേക്കാള്‍ ആഴവും പരപ്പുമുള്ള ഹൃദയങ്ങളെ കണ്ടുമുട്ടാനും അവര്‍ക്ക് ദിശാബോധം നല്‍കാനും സാധിച്ച കാലഘട്ടം ഹൈദറലിയുടെ ഓര്‍മയില്‍ തിളങ്ങി നില്‍ക്കുന്നു.
പത്രപ്രവര്‍ത്തകന്‍ കൂടിയായ ഹൈദറലിയുടെ വിവരണത്തിന് വശ്യതയുണ്ട്. ഓരോ കാലഘട്ടത്തെയും പ്രത്യേകം അടയാളപ്പെടുത്തി ഓര്‍മകളുടെ ഇഴകളെ ഉടയാതെയും കുതറാതെയും സംയോജിപ്പിച്ച് ജീവിതചരിത്രം പറയുമ്പോഴാണ് അത് സത്യസന്ധമായ ആഖ്യാനമായിത്തീരുന്നത്. മദീനാ യൂനിവേഴ്‌സിറ്റിയിലെ പഠനത്തോടെ തുടങ്ങുന്ന മദീനാ സ്മരണകളാണ് ഹൈദറലിയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഏടുകള്‍. യൂനിവേഴ്‌സിറ്റി ചാന്‍സ്‌ലറും സുഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നു ബാസുമായി ഉണ്ടാക്കാന്‍ കഴിഞ്ഞ ഉറ്റ സൗഹൃദം ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നു ഗ്രന്ഥകര്‍ത്താവ്.
വെള്ളിമാട്കുന്നിലേക്ക് കൂടുമാറ്റം നടത്തിയ ഗ്രന്ഥകര്‍ത്താവിന്റെ പിന്നീടുള്ള വേഷപ്പകര്‍ച്ച പ്രബോധനം വാരികയില്‍ പത്രാധിപ സമിതി അംഗമായാണ്. പത്രപ്രവര്‍ത്തനം, ജമാഅത്ത് കേന്ദ്രത്തില്‍ സെക്രട്ടറി പദം, അടിയന്തരാവസ്ഥയിലെ അനുഭവങ്ങള്‍ തുടങ്ങിയ അധ്യായങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രസ്ഥാനത്തിനു വേണ്ടി നടത്തിയ അക്ഷീണയത്‌നങ്ങള്‍ നാം പ്രാര്‍ഥനയോടെ വിലയിരുത്തും.
സുഊദിയിലെ ദാറുല്‍ ഇഫ്താ വഴി യു.എ.ഇയില്‍ പ്രബോധകനായി നിയമിക്കപ്പെടുന്നതു മുതല്‍ ആരംഭിക്കുന്നു ഹൈദറലി എന്ന പ്രവാസിയുടെ ദഅ്‌വാ ജീവിതം. ഗ്രന്ഥകര്‍ത്താവ് യു.എ.ഇയിലെ പ്രബോധന-സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിത്തീരുന്നതാണ് പിന്നെ കാണുന്നത്. ദശകങ്ങള്‍ നീണ്ട യു.എ.ഇ ജീവിതത്തിലെ വൈവിധ്യവും വൈജാത്യവും നിറഞ്ഞ അനുഭവങ്ങള്‍ വായനക്കാരനെ കൊണ്ടുപോകുന്നത് കര്‍മകുശലനായ ഒരു ഇസ്‌ലാമിക പ്രബോധകന്റെ വിശ്രമരഹിത ജീവിത വിഹായസ്സിലേക്കാണ്. ഹജ്ജ് ക്ലാസുകള്‍, ഹജ്ജ് സംബന്ധമായ കൃതികള്‍, വീഡിയോകള്‍, ക്ലാസുകള്‍, ജയില്‍ ക്ലാസുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി സംഭവ സമ്പന്നമായിരുന്നു ഗള്‍ഫ് ജീവിതം. ഗതകാല ജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരന്റെ വാക്കുകള്‍: ''കഴിഞ്ഞകാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നഷ്ടബോധമില്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ചിലത് ചെയ്യാന്‍ സാധിച്ചു എന്ന ആത്മനിര്‍വൃതിയാണ് അനുഭവപ്പെടുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും ത്യാഗനിര്‍ഭരമായ കാലം അന്തമാനില്‍ ചെലവഴിച്ച കാലമാണ്. ഏറ്റവും കര്‍മനിരതമായ കാലം യു.എ.ഇയില്‍ കഴിച്ചുകൂട്ടിയ കാലവും'' (പേജ് 182). 1964 മുതല്‍ 2006 വരെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ശാന്തപുരത്തിന്റെ പുത്രന്‍ വീണ്ടും 'മാതാവി'ന്റെ സവിധത്തില്‍ എത്തിച്ചേരുന്നതും അല്‍ ജാമിഅയില്‍ അധ്യാപകനാകുന്നതും അലുംനി അസോസിയേഷന്‍ ഭാരവാഹിയായിരിക്കെ അല്‍ ജാമിഅക്ക് സാമ്പത്തിക ഭദ്രതയുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളും സമീപകാല ചരിത്രം.
Comments