Prabodhanm Weekly

Pages

Search

2021 ജൂണ്‍ 25

3207

1442 ദുല്‍ഖഅദ്‌ 14

എഞ്ചിനീയര്‍ മുത്തലിബ്

സി.കെ.എ ജബ്ബാര്‍

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ ഏരിയയിലെ പാലത്തറ പ്രാദേശിക ഘടകത്തിലെ അംഗം കോളേത്ത് മുത്തലിബ് സാഹിബ് (80) മെയ് ഒന്നിന് അല്ലാഹുവിലേക്ക് യാത്രയായി. ദീര്‍ഘകാലം സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്തിരുന്നു. പിന്നീട് പ്രവാസിയായി റിയാദിലെത്തിയപ്പോള്‍ ഇസ്ലാമിക പ്രബോധന മേഖലയില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഹധര്‍മിണി സുഹ്‌റയുടെ വേര്‍പാടിന്റെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം മുത്തലിബ് സാഹിബും വിടപറയുകയായിരുന്നു. എട്ടു മാസം മുമ്പ് മകള്‍ സഫീറയുടെ ഭര്‍ത്താവ് പ്രസ്ഥാന പ്രവര്‍ത്തകനായ അഫ്‌സല്‍ മരണപ്പെട്ടിരുന്നു.
സഹധര്‍മിണിയുടെ വിയോഗദിവസം മുത്തലിബ് സാഹിബിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സ്വയം നിയന്ത്രിച്ച് നെഞ്ചില്‍ തലവെച്ചു കരഞ്ഞു പറഞ്ഞു: 'ഞാനെന്നെയും കുടുംബത്തെയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ചവനാണ്. അതോര്‍ത്ത് വെച്ച് എനിക്കു വേണ്ടി ദുആ ചെയ്യണം!'
മുത്തലിബ് സാഹിബ് പ്രഭാഷകനല്ല, വാചാലനല്ല. പക്ഷേ തന്നോട് ചേര്‍ന്നു നിന്നവരുടെ ഹൃദയത്തിലാണ് അദ്ദേഹം ജീവിതനൈര്‍മല്യം കൊണ്ട് വാചാലതയുടെ ഓളം തീര്‍ത്തത്. മുത്തലിബ് സാഹിബിന്റെ പ്രാസ്ഥാനികമായ ഓരോ ബാധ്യതാ നിര്‍വഹണവും അത്രമേല്‍ ചടുലമായിരുന്നു. മകന്‍ എഞ്ചിനീയര്‍ റിയാസ് സാഹിബിന് ഹല്‍ഖാ അമീര്‍ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹത്തിന്റെ ഈമാനികമായ ചൈതന്യത്തെ എടുത്തു പറയുന്നുണ്ട്. റിയാദില്‍ പോയപ്പോള്‍ ദിവസങ്ങളോളം കൂടെ താമസിച്ചതും അനുഭവിച്ചതും അമീര്‍ സ്മരിച്ചു. വളരെ ഉത്കൃഷ്ടമായ സ്വഭാവചര്യകളുടെ ഉടമയാണ് മുത്തലിബ് സാഹിബ് എന്നും അമീര്‍ പറഞ്ഞു.
മുത്തലിബ് സാഹിബും സഹപ്രവര്‍ത്തകരും പാര്‍ട്ണര്‍മാരായ റിയാദിലെ പ്രശസ്തമായ ടെകസ്റ്റൈല്‍ ബിസിനസ് (സഫയര്‍ ഗ്രൂപ്പ്) സംരംഭം യഥാര്‍ഥത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഒത്തു ചേരാവുന്ന ആസ്ഥാന കേന്ദ്രവുമായിരുന്നു. ദുന്‍യാവിലെ ബിസിനസ് തന്റെ പരലോകത്തേക്കുള്ള മുതല്‍ക്കൂട്ടാവണമെന്ന് അദ്ദേഹം ഉദാരമനസ്‌കത കൊണ്ട് തെളിയിച്ചു. പ്രസ്ഥാന പ്രതിബദ്ധതക്കും സമര്‍പ്പണത്തിനും പുറമെ വിനയത്തിന്റെ ആള്‍രൂപം കൂടിയായിരുന്നു മുത്തലിബ് സാഹിബ്.
പ്രവാസം ആരംഭിച്ച കാലം മുതലേ റിയാദിലെ പ്രസ്ഥാന ഘടകങ്ങളുടെ സ്ഥാപകാംഗം കൂടിയായിരുന്നു അദ്ദേഹം. നാട്ടിലും വിദേശത്തുമൊക്കെയുള്ള പ്രസ്ഥാന സംരംഭങ്ങളില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക പങ്കാളിത്തം ഇല്ലാതെ പോകില്ല. കണ്ണൂര്‍ ജില്ലയിലെ പ്രസ്ഥാന ഘടനയിലേക്ക് ആദ്യകാലത്തു തന്നെ കടന്നുവന്നിരുന്നു. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, തളിപ്പറമ്പ് തുടങ്ങി സമീപ പ്രദേശങ്ങളിലെ പ്രസ്ഥാന സംരംഭങ്ങളിലൊക്കെ നേതൃപരമായ പങ്കു വഹിച്ചു.
തഖ്‌വയിലും സമര്‍പ്പണത്തിലും കൃത്യനിഷ്ഠയിലും സാമ്പത്തിക അച്ചടക്കത്തിലും ദാനശീലത്തിലും കുടുംബ ജീവിതത്തിലുമെല്ലാം മാതൃകാ പുരുഷനായി. കെ.എസ്.ഇ.ബിയില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന അദ്ദേഹം വളന്റിയറി റിട്ടയര്‍മെന്റ് നേടിയാണ് റിയാദിലേക്ക് പോയത്. അവിടെ രണ്ടു പതിറ്റാണ്ടോളം എഞ്ചിനീയറിംഗ് ചുമതലയില്‍ കഠിനാധ്വാനം ചെയ്താണ് ബിസിനസ് രംഗത്ത് പ്രവേശിച്ചത്. മീഡിയാ വണ്‍ ഉള്‍പ്പെടെ നിരവധി സംരംഭങ്ങളില്‍ ഓഹരി പങ്കാളിത്തമുള്ള മുത്തലിബ് സാഹിബ് ഏതു സംരംഭങ്ങളുടെയും ബാധ്യതകള്‍ ഏറ്റെടുക്കാന്‍ പാകപ്പെട്ട ദാനശീലത്തിന്റെ ഉടമയാണ്. പൊതുരംഗത്തെ സംശുദ്ധവും നിര്‍മലവുമായ സാന്നിധ്യവും കൃത്യനിഷ്ഠയും മുത്തലിബ് സാഹിബിനെ വേറിട്ടു നിര്‍ത്തുന്നു.
മുട്ടം തഅ്‌ലീമുല്‍ ഇസ്‌ലാം ട്രസ്റ്റ്, പയ്യന്നൂര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റ്, തളിപ്പറമ്പ് ഇഹ്‌സാന്‍ ട്രസ്റ്റ് എന്നിവയില്‍ അംഗമായിരുന്നു. ഇസ്‌ലാമിക പ്രബോധനരംഗത്ത് തന്റെ കുടുംബത്തെയും കൂടെ കൂട്ടാനായി എന്നത് അദ്ദേഹത്തിന്റെ ജീവിത സൗഭാഗ്യങ്ങളിലൊന്നാണ്. മുഹമ്മദ് ശഫീഖ് (ജമാഅത്തെ ഇസ്‌ലാമി പാലത്തറ ഹല്‍ഖാ നാസിം), ഷമീര്‍, എഞ്ചിനീയര്‍ റിയാസ് (സോളിഡാരിറ്റി മുന്‍ ജില്ലാ സെക്രട്ടറി), മുശ്താഖ്, സഫീറ എന്നിവരാണ് മക്കള്‍. പി.ടി.പി സാജിദ (ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ്), ഷെറിന്‍, ജാസ്മിന്‍, ഹിബ, പരേതനായ അഫ്‌സല്‍ എന്നിവര്‍ ജാമാതാക്കളാണ്.

 

എം.ബി അബ്ദുല്‍ മജീദ്, ആലുവ

ആലുവയിലെ ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരിലൊരാളായിരുന്നു എം.ബി അബ്ദുല്‍ മജീദ് സാഹിബ്. ആലുവ ഹിറാ ട്രസ്റ്റ്, തായിക്കാട്ടുകര മോഡല്‍ ഓര്‍ഫനേജ് ട്രസ്റ്റ് എന്നിവയില്‍ അംഗമായിരുന്നു.
ആലുവ പ്രാദേശിക ജമാഅത്ത് ആദ്യകാല അമീര്‍ മര്‍ഹൂം എം.എം ബാവാ സാഹിബിന്റെ മകനും ജമാഅത്ത് റുക്ന്‍ മര്‍ഹൂം എം.ബി മുഹമ്മദലി സാഹിബിന്റെ ജ്യേഷ്ഠ സഹോദരനുമാണ്. ആദ്യകാല പ്രബോധനം ഏജന്റായിരുന്നു. വെള്ളിയാഴ്ചകളില്‍ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ പോയി പ്രബോധനം കെട്ടെടുത്ത് ചില ബുക്ക് സ്റ്റാളുകളില്‍ കൊടുത്ത ഉടനെ ഒരു കോപ്പി ആലുവ മഹല്ല് ഖത്വീബ് മര്‍ഹൂം കെ.പി ബാപ്പു മൗലവി(താനൂര്‍)ക്ക് കൊടുക്കും. മൗലവി തന്റെ അന്നത്തെ ഖുത്വ്ബയില്‍ പ്രബോധനത്തിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ചേര്‍ത്ത് മനോഹരമായ ഖുത്വ്ബ നടത്തും. ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നും ആളുകളെത്തി ഈ ഖുത്വ്ബയും കേട്ട് മജീദ് സാഹിബില്‍നിന്ന് പ്രബോധനവും വാങ്ങി തിരികെ പോകും. ജില്ലയിലെ പ്രസ്ഥാന വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച ഒന്നായിരുന്നു ബാപ്പു മൗലവിയുടെ ഖുത്വ്ബയും മജീദ് സാഹിബിന്റെ പ്രബോധനവും.
ആലുവ പട്ടേരിപ്പുറത്തായിരുന്നു ബാവാ സാഹിബിന്റെ വീട്. പ്രസ്ഥാന ചരിത്രത്തില്‍ പലതിനും സാക്ഷ്യം വഹിച്ച വീട്. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഈ വീട് വിറ്റ് മൂന്നായി പങ്കിട്ട് ഓരോ പങ്ക് വീതം രണ്ട് മക്കള്‍ക്കും മൂന്നാമത്തെ പങ്ക് പ്രസ്ഥാനത്തിനും നല്‍കി. ഖത്വീബ്  ബാപ്പു മൗലവിയുടെ മുറിയില്‍ വെച്ച് ബാവാ സാഹിബ് ഈ വിഹിതമായ 10000 രൂപ അന്നത്തെ മേഖലാ നാസിം കെ. അബ്ദുസ്സലാം മൗലവിയെ ഏല്‍പിച്ചു. ടി.കെ മുഹമ്മദ് സാഹിബ് തായിക്കാട്ടുകര, വി.എം അബ്ദുര്‍റഹ്മാന്‍ സാഹിബ് ചാലക്കല്‍, ആദ്യകാല ജമാഅത്തംഗം എ. മുഹമ്മദലി സാഹിബ്, കെ.പി അബ്ദുല്‍ അസീസ് സാഹിബ് ആലുവ, പിന്നെ ഈയുള്ളവനും സംഭാവന ഏറ്റുവാങ്ങുന്നതിന് സാക്ഷ്യം വഹിച്ചത് ഇന്നും മറക്കാത്ത ഓര്‍മയാണ്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 275 രൂപയായിരുന്നു വില.
ആലുവയിലെ പഴയ മാര്‍ക്കറ്റിലെ മുന്‍ ജമാഅത്ത് ഓഫീസിന്റെയും ഇന്നത്തെ ഹിറാ കോംപ്ലക്‌സിന്റെയും അസ്തിവാരം ബാവാ സാഹിബിന്റെ ആ സംഭാവനയാണ്.
ആലുവ മഹല്ലിന്റെയും പിന്നീട് മഹല്ലിനു കീഴിലെ ഇസ്‌ലാമിക് സ്‌കൂളിന്റെയും സ്ഥാപനത്തില്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട് ബാവാ സാഹിബ്. ആ സംസ്‌കാരം ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍പറ്റിയ അദ്ദേഹത്തിന്റെ രണ്ട് മക്കളും അല്ലാഹുവിലേക്ക് യാത്രയായി. അവരുടെ തലമുറ എല്ലാവരും തന്നെ ആ പിതാക്കളുടെ കാല്‍പാടുകള്‍  പിന്തുടരുന്നു എന്നത് ഏറെ സന്തോഷകരമാണ്.
ബാവാ സാഹിബിന്റെ വീട് പോലെ തന്നെ ആലുവാ മാര്‍ക്കറ്റിലെ അദ്ദേഹത്തിന്റെ ചായപ്പൊടിക്കടയും അതിന്റെ മുകളിലെ ജമാഅത്ത് ഓഫീസും പ്രസ്ഥാനത്തിന്റെ ജില്ലയിലെ പ്രധാന ആശ്രയമായിരുന്നു. സെന്ററുകളും  താമസ സൗകര്യങ്ങളും ഇല്ലാതിരുന്ന ആദ്യകാലത്ത് ഹാജി സാഹിബ്, കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, അബുല്‍ ജലാല്‍ മൗലവി, എ.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ടി. മുഹമ്മദ് സാഹിബ് തുടങ്ങി  നിരവധി ജമാഅത്ത് നേതാക്കള്‍ക്ക് ആതിഥേയത്വം നല്‍കിയ കുടുംബമായിരുന്നു  മജീദ് സാഹിബിന്റേത്. ആ ചായപ്പൊടിക്കട വിവിധ ഭാഗങ്ങളില്‍നിന്ന് ആലുവയിലെത്തുന്ന പ്രസ്ഥാന പ്രവര്‍ത്തകരെ ബന്ധിപ്പിക്കുന്ന കണ്ണി കൂടിയായിരുന്നു. നിരവധി ആളുകള്‍ക്ക് ആശ്വാസമായിരുന്ന 'ദാറുല്‍ അമാന പലിശരഹിത പരസ്പര സഹായ നിധി' ദീര്‍ഘകാലം  കൈകാര്യം ചെയ്തുവന്നത് അദ്ദേഹമായിരുന്നു.
ആലുവ ടൗണ്‍ ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് ചെറുപ്പക്കാരെ വാരാന്ത യോഗങ്ങളിലേക്ക് ക്ഷണിക്കാന്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവ സാന്നിധ്യമായിരുന്നു. 1972-ല്‍ എന്റെ നാട്ടിലേക്ക് വന്ന ആദ്യത്തെ സ്‌ക്വാഡില്‍ അദ്ദേഹവുമുണ്ടായിരുന്നു. മജീദ് സാഹിബ് ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെയും  അദ്ദേഹത്തിന്റെ ഭാര്യ മര്‍യം ചേന്ദമംഗല്ലൂര്‍ ബനാത്തിലെയും പൂര്‍വ വിദ്യാര്‍ഥികളാണ്.
ജമാഅത്ത് അംഗമായിരുന്ന വടുതല  സയ്ദ് മുഹമ്മദ് സാഹിബിന്റെ മകള്‍ മര്‍യം ആണ് ഭാര്യ. വഹീദ് (ഷാര്‍ജ), നിഷാദ്, സുഫിന (സുഊദി) എന്നിവര്‍ മക്കളാണ്.

വി.എ ഇബ്‌റാഹീം കുട്ടി, എടത്തല

 

വി.പി റിയാസ് കരുവമ്പൊയില്‍

സോളിഡാരിറ്റി കരുവമ്പൊയില്‍ യൂനിറ്റിലെ സജീവ പ്രവര്‍ത്തകനും അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (ALCA അല്‍ക്ക) കൊടുവള്ളി മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു വി.പി റിയാസ്.
ഇസ്ലാമിക പ്രസ്ഥാനത്തോടൊപ്പം, സോളിഡാരിറ്റിയോടൊപ്പം എല്ലാവിധ സാമൂഹിക, സേവന പ്രവര്‍ത്തനങ്ങളിലും എന്നും മുന്‍നിരയില്‍ ഉണ്ടായിരുന്നു അദ്ദേഹം. തന്റെ തൊഴില്‍ മേഖലയിലാവട്ടെ തൊഴിലാളികള്‍ക്കു വേണ്ടി പരിശ്രമിക്കുന്നതിനൊപ്പം ബിസിനസ് തര്‍ക്കങ്ങള്‍ പരിഹരിക്കുക കൂടി ചെയ്തിരുന്നു. ചെറിയ ചെറിയ വര്‍ക്കുകള്‍ പോലും പെട്ടെന്ന് ചെയ്തുകൊടുക്കുക മാത്രമല്ല അവക്ക് പണം വാങ്ങിക്കാന്‍ വിമുഖതയും കാണിച്ചു. പാവങ്ങള്‍ക്ക് പരമ രഹസ്യമായി ചികിത്സയും മരുന്നും ലഭ്യമാക്കുന്നതില്‍ മാതൃകയുമായിരുന്നു. എല്ലാവര്‍ക്കും നല്ലതു മാത്രം ഓര്‍ക്കാനും പറയാനുമുള്ള റിയാസ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുവത്വം സമര്‍പ്പിച്ചവനായിരുന്നു. വീടും വീടകങ്ങളും അലങ്കരിക്കുന്ന അവനെ സ്വര്‍ഗം അലങ്കരിക്കാന്‍ അല്ലാഹു നേരത്തേ വിളിച്ചെന്ന് നമുക്കാശിക്കാം.
പിതാവ്: വി.പി അബ്ദുര്‍റഹ്മാന്‍. മാതാവ്: ഇ. സഫിയ. ഭാര്യ: ഹുസ്ന ബക്കര്‍ (കൊടിയത്തൂര്‍). മക്കള്‍: റബീഹ് റഹ്മാന്‍, ഇസ ഫാത്വിമ, അലിഫ്, ബിസ്മ ബിന്‍ത്.

ഹബീബ് റഹ്മാന്‍, കരുവമ്പൊയില്‍

 

 

കെ.എന്‍ അലി മൗലവി

ചില ആളുകളുടെ വേര്‍പാട് നമ്മെ വല്ലാതെ അസ്വസ്ഥരാക്കും;  മരണം അപ്രതീക്ഷിതമാണെങ്കില്‍ വിശേഷിച്ചും. നല്ലതു മാത്രം പറയാന്‍ ബാക്കിവെച്ച് വേര്‍പിരിയുന്നവര്‍ സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതായിരിക്കും. ഇക്കഴിഞ്ഞ മെയ് 29-ന് നമ്മോട് വിടപറഞ്ഞ മലപ്പുറം ജില്ലയിലെ ആക്കോട് സ്വദേശി കെ.എന്‍ അലി മൗലവി ഈ ഗണത്തില്‍ പെടുന്ന വ്യക്തിത്വമാണ്. കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചുകൊണ്ടിരിക്കെ ന്യൂമോണിയയുടെ ലക്ഷണം കണ്ട് ഐ.സി.യുവിലേക്ക് മാറ്റിയതില്‍ പിന്നെ മരണവാര്‍ത്തയാണ് നാട് ശ്രവിച്ചത്.
താന്‍ ജനിച്ചു വളര്‍ന്ന മലപ്പുറം ജില്ലയിലെ തിരുത്തിയാട് ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേരോട്ടം കിട്ടിത്തുടങ്ങിയ നാളുതൊട്ട് മൗലവി അതിനോടൊപ്പമുണ്ട്. ശരി എന്നു തോന്നുന്ന ഏതു കാര്യവും ചങ്കൂറ്റത്തോടെ തുറന്നുപറയാന്‍ മടികാണിക്കാത്ത പ്രകൃതമായിരുന്ന മൗലവിയുടേത്. ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഇസ്‌ലാഹീ സഹയാത്രികരായ തന്റെ വലിയ കുടുംബത്തില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിരുന്നു. കുറ്റിയാടി ഇസ്‌ലാമിയാ കോളേജില്‍ കുറഞ്ഞകാലത്തെ പഠനത്തിനു ശേഷം തന്റെ സേവന തട്ടകമായി അദ്ദേഹം തെരഞ്ഞെടുത്തത് മദ്‌റസാ അധ്യാപനവും പള്ളി ഇമാമത്തുമാണ്.
മുക്കത്തിനടുത്ത ഗോതമ്പ് റോഡ് നിവാസികള്‍ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയത് നീണ്ട പതിനെട്ടു വര്‍ഷമാണ്. കക്ഷി രാഷ്ട്രീയ മത സംഘടനാ വിഭാഗീയതകള്‍ക്കതീതമായി എല്ലാവരുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധം പ്രസ്ഥാനത്തിന്റെയും ജോലി ചെയതിരുന്ന സ്ഥാപനത്തിന്റെയും വളര്‍ച്ചയില്‍ വലിയ മുതല്‍ക്കൂട്ടായി. 
ഉത്തരവാദിത്തങ്ങള്‍ പരമാവധി ആത്മാര്‍ഥമായും ഭംഗിയായും നിര്‍വഹിക്കുന്നതോടൊപ്പം തന്റെ പ്രവര്‍ത്തന പരിധിയില്‍ പെടാത്ത കാര്യങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടു വരാനും  അദ്ദേഹം ശ്രമിച്ചിരുന്നു.
അരീക്കോട്, വാഴക്കാട്, പണിക്കരപുറായ, താമസസ്ഥലമായ വാഴയൂര്‍ എന്നിവിടങ്ങളിലും അദ്ദേഹം ജോലി ചെയ്തിരുന്നു. ലാളിത്യം, ഹലാല്‍-ഹറാമുകളുടെ കാര്യത്തിലുള്ള അങ്ങേയറ്റത്തെ സൂക്ഷ്മത, അനുഷ്ഠാനങ്ങളിലെ നിഷ്ഠ തുടങ്ങിയ സവിശേഷ ഗുണങ്ങള്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി.
ജോലിചെയ്ത ഇടങ്ങളിലെല്ലാം നടന്ന ഓണ്‍ലൈന്‍ അനുശോചന മീറ്റുകളിലെ വര്‍ധിച്ച ജനപങ്കാളിത്തം സമൂഹം അദ്ദേഹത്തിന് നല്‍കിയ അംഗീകാരത്തിനു മതിയായ തെളിവാണ്. അവരുടെ ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ മൗലവിയുടെ പരലോകജീവിതം ധന്യമാക്കാതിരിക്കില്ല.

അബൂ ഫാസില്‍, ശാന്തിഗ്രാം

 


മുസ്ത്വഫ നീര്‍ക്കുന്നം

ജമാഅത്തെ ഇസ്‌ലാമി അമ്പലപ്പുഴ ഏരിയയിലെ ആദ്യകാല പ്രവര്‍ത്തകന്‍ ഹാജി മുസ്ത്വഫ സാഹിബ് കഴിഞ്ഞ മെയ് 29-ന് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി.
എളിമയുടെ തെളിമയും വ്യക്തിബന്ധങ്ങളിലെ ഊഷ്മളതയും ആരാധനാ കര്‍മങ്ങളിലെ നിഷ്ഠയും സാമ്പത്തിക ഇടപാടിലെ സൂക്ഷ്മതയും അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്വഭാവഗുണങ്ങളായിരുന്നു. പ്രസ്ഥാനനേതൃത്വം പറയുന്ന ഏതു കാര്യവും അനുസരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരിക്കല്‍ ഈയുള്ളവന്‍ നാസിമായ സമയത്ത് ആലപ്പുഴയില്‍ വെച്ച് സോളിഡാരിറ്റി ബഹുജന പ്രതിഷേധറാലി നടത്തുന്നു,  എല്ലാവരും പങ്കെടുക്കണം എന്ന് അറിയിച്ചിരുന്നു. കൃത്യസമയത്തു തന്നെ മുസ്ത്വഫാ സാഹിബ് പരിപാടിസ്ഥലത്തുണ്ട്. പ്രസ്ഥാനം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പ്രായം അദ്ദേഹത്തിന് തടസ്സമല്ലായിരുന്നു.
എഴുപത്തിയെട്ടാമത്തെ വയസ്സിലാണ് വിട പറഞ്ഞതെങ്കിലും, കര്‍മമണ്ഡലങ്ങളിലെ 'യുവത്വം' അവസാനം വരെയും നിലനിര്‍ത്തി. ചെറുപ്പത്തില്‍ ഒരുപാട് പ്രയാസങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. പള്ളിയില്‍ ഖത്വീബായി ജോലി നോക്കിയിരുന്ന പിതാവിന്റെ ചെറിയ വരുമാനം അദ്ദേഹത്തിന്റെ വലിയ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ മതിയായിരുന്നില്ല. കുടുംബത്തിലെ പട്ടിണി മാറ്റാന്‍ പ്രാഥമിക വിദ്യാഭ്യാസം പോലും പാതിവഴിയില്‍ നിര്‍ത്തി അദ്ദേഹവും പണിക്ക് പോകാന്‍ തുടങ്ങി. പല തൊഴിലുകള്‍ ചെയ്തതിനുശേഷം ഞങ്ങളുടെ നാട്ടില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്ന മര്‍ഹൂം മുഹമ്മദ് (എ.എം കുഞ്ഞ്) സാഹിബിന്റെ പലചരക്കു കടയോട് ചേര്‍ന്നുള്ള ചായിപ്പില്‍ മുസ്ത്വഫാ സാഹിബും ഒരു മിഠായിക്കട തുടങ്ങി. ഇവര്‍ തമ്മിലുള്ള സൗഹൃദമാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ കാരണമായത്.
റമദാന്റെ ആദ്യവാരം തന്നെ അദ്ദേഹം താന്‍ നടത്തുന്ന പലചരക്കുകടയുടെ കണക്കുകള്‍ കൃത്യമായി പരിശോധിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുമായിരുന്നു. ഇപ്രാവശ്യത്തെ സകാത്തും മുസ്ത്വഫാ സാഹിബ് നേരിട്ട് കൊണ്ടുപോയി സകാത്ത് കമ്മിറ്റിയെ ഏല്‍പ്പിച്ചു. പിറ്റേന്നാണ് അദ്ദേഹത്തിന് സുഖമില്ലാതായത്. ഒരു പ്രവര്‍ത്തനവും നാളത്തേക്ക് മാറ്റിവെക്കാറില്ല.
കാക്കാഴം പ്രാദേശിക ഘടകം അംഗമായിരുന്നു മുസ്ത്വഫാ സാഹിബ്. നീര്‍ക്കുന്നം പ്രാദേശിക ഘടകം പ്രവര്‍ത്തകനായിരുന്ന മര്‍ഹും മജീദ് സാഹിബ്, മര്‍ഹും ഇബ്‌റാഹീം സാഹിബ്, കബീര്‍ സാഹിബ്, തിരുവനന്തപുരം സിറ്റി ഘടകം പ്രസിഡന്റ് എ. അന്‍സാരി എന്നിവര്‍ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. മക്കളും പ്രസ്ഥാനമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നു.

സജീദ് മക്കാര്‌

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (30-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

സല്‍ക്കര്‍മനിരതമായ ദീര്‍ഘായുസ്സ്
അബ്ദുല്ലത്വീഫ് കൊടുവള്ളി