Prabodhanm Weekly

Pages

Search

2021 ജൂണ്‍ 25

3207

1442 ദുല്‍ഖഅദ്‌ 14

'നെതന്യാഹുവിന്റെ നെതന്യാഹു'

അല്‍ ജസീറ കോളമിസ്റ്റ് മര്‍വാന്‍ ബിശാറ പുതിയ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന് നല്‍കിയ വിശേഷണമാണ് മേല്‍ കൊടുത്തത്. വലതുപക്ഷ തീവ്രത, അനധികൃത കുടിയേറ്റവും പാര്‍പ്പിട നിര്‍മാണവും, ഫലസ്ത്വീനികളോടുള്ള ക്രൂരത, ദ്വിരാഷ്ട്ര ഫോര്‍മുല തള്ളിക്കളയല്‍ തുടങ്ങി പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കുന്ന ഏതു വിഷയങ്ങളിലും സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിനെ കടത്തിവെട്ടും പുതിയ പ്രധാനമന്ത്രി എന്നാണ് അദ്ദേഹം അര്‍ഥമാക്കിയത്. ശതകോടീശ്വരന്‍ കുടിയായ ബെന്നറ്റ് അനധികൃത കുടിയേറ്റത്തിന്റെ വക്താവായിരുന്നു എന്നും. അറബികളെ കൊന്നൊടുക്കുന്നതിലുള്ള ആഹ്ലാദം അയാള്‍ ഒരുകാലത്തും മറച്ചുവെച്ചിട്ടില്ല. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 120 പേരില്‍ ഏഴു പേര്‍ മാത്രമാണ് ബെന്നറ്റിന്റെ പാര്‍ട്ടിയായ യമീനായില്‍നിന്നുള്ളവര്‍. അതായത് ആറ് ശതമാനം മാത്രം വോട്ട് പങ്കാളിത്തമുള്ള ഒരു പാര്‍ട്ടിയുടെ നേതാവാണ് പ്രധാനമന്ത്രിയാവുന്നത്. എന്നല്ല, പാര്‍ട്ടിയിലെ ഏഴു പേരില്‍ ഒരാള്‍ ഈ കൂട്ടുകക്ഷി മന്ത്രിസഭക്ക് എതിരാണെന്നും കേള്‍ക്കുന്നു. ഇത്ര ചെറിയ കക്ഷിയില്‍ നിന്നുള്ള ഒരാള്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയാവുന്നത് ഇതാദ്യമാണ്. 2019 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെസറ്റില്‍ സീറ്റ് ലഭിക്കാനുള്ള മിനിമം വോട്ട് ഷെയര്‍ പോലും യമീനാ പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം. എത്ര ദുര്‍ബലമാണ് നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടി ഉണ്ടാക്കിയ ഈ മുന്നണി എന്ന് ഇതില്‍നിന്ന് വ്യക്തം.
ഈ മുന്നണിയില്‍ അണിചേര്‍ന്നവരാകട്ടെ ആശയപരമായി ഭിന്നധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍. മുന്നണി ധാരണ പ്രകാരം രണ്ട് വര്‍ഷം കഴിഞ്ഞ് പ്രധാനമന്ത്രിയാകാനിരിക്കുന്ന യേഷ് ആറ്റിഡ് പാര്‍ട്ടിയുടെ നേതാവ് യാഇര്‍ ലാപിഡ് പല കാര്യങ്ങളിലും നിയുക്ത പ്രധാനമന്ത്രിയുമായി വിയോജിപ്പുള്ളയാളാണ്. പിന്നെയുള്ളത് 'യിസ്രയേല്‍ ബൈത്തുനു' പാര്‍ട്ടി നേതാവ് അവിഗ്ദര്‍ ലിബര്‍മാനും ന്യൂഹോപ്പ് പാര്‍ട്ടി ചെയര്‍മാന്‍ ഗിഡിയോണ്‍ സാറും മുമ്പ് നെതന്യാഹുവുമായി ധാരണയുണ്ടാക്കി തെറ്റിപ്പിരിഞ്ഞ ബെന്നി ഗ്രാന്റ്‌സും യുനൈറ്റഡ് അറബ് ലിസ്റ്റ് നേതാവ് മന്‍സൂര്‍ അബ്ബാസും ലേബര്‍ പാര്‍ട്ടി നേതാവ് മിറവ് മിഖയേലിയും രാഷ്ട്രീയ നേതാവും പ്രതപ്രവര്‍ത്തകനുമായ നിറ്റ്‌സന്‍ ഹോറോവിറ്റ്‌സുമാണ്. അറബ് കക്ഷിയായ യുനൈറ്റഡ് അറബ് ലിസ്റ്റിന്റെയും ലേബര്‍ പാര്‍ട്ടിയുടെയും നേതാക്കളെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവരൊക്കെയും ഒരു കാലത്ത് നെതന്യാഹുവിന്റെ സ്വന്തം ആളുകളായിരുന്നു. ആഭ്യന്തര മന്ത്രി, രാജ്യരക്ഷാ മന്ത്രി, ചീഫ് ഓഫ് സ്റ്റാഫ് തുടങ്ങി ഉയര്‍ന്ന പദവികളില്‍ നെതന്യാഹു അവരെ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.
മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ വലതുപക്ഷത്തിന്റെ പ്രതിനിധാനമായ ലിക്കുഡ് പാര്‍ട്ടിയില്‍നിന്ന് പൊട്ടിമുളച്ചതാണ് സഖ്യം ചേര്‍ന്ന എട്ട് കക്ഷികളില്‍ ആറെണ്ണവും. ഊഴം വെച്ച് പ്രധാനമന്ത്രിമാരാവാന്‍ പോകുന്ന രണ്ടു പേരും നെതന്യാഹുവിനോളമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ സയണിസം തലയില്‍ കയറിയവര്‍. സ്വന്തം കാര്യം നേടാന്‍ നെതന്യാഹു നടത്തിയ വഞ്ചനയും അഴിമതിയും കുതികാല്‍വെട്ടുമൊക്കെയാണ് അവരെ മറുപക്ഷത്ത് എത്തിച്ചത്. നിലപാടുകള്‍ തമ്മില്‍ കാര്യമായി ഒരു മാറ്റവുമില്ല. അതിനാല്‍ തന്നെ ഫത്ഹും ഹമാസും പോലുള്ള ഫലസ്ത്വീനീ ബഹുജന പ്രസ്ഥാനങ്ങള്‍ ഭരണമാറ്റത്തില്‍ യാതൊരു പ്രതീക്ഷയും വെച്ചുപുലര്‍ത്തുന്നില്ല. ചരിത്രത്തിലാദ്യമായി ഒരു അറബ് കക്ഷി ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഭാഗമായി മാറുമെങ്കിലും, മറ്റൊരു തീവ്ര സയണിസ്റ്റ് കക്ഷിയെ പകരം കിട്ടിയാല്‍ അവരെ ചവിട്ടിപ്പുറത്താക്കാനും ഈ കൂട്ടുകക്ഷി ഭരണത്തെ നയിക്കുന്നവര്‍ മടിക്കില്ല. അതിനിടെ സഖ്യത്തില്‍ ചേര്‍ന്ന അറബ് കക്ഷിയെ നയിക്കുന്ന മന്‍സൂര്‍ അബ്ബാസ് 'ഇഖ്‌വാനി'യാണെന്ന നുണ പ്രചാരണവും തല്‍പരകക്ഷികള്‍ മുറക്ക് നടത്തുന്നുണ്ട്. ഇസ്രയേലിനകത്ത് ഇഖ്‌വാന്റെ ആശയധാരയെ പ്രതിനിധീകരിക്കുന്നവര്‍ റാഇദ് സ്വലാഹും കമാലുല്‍ ഖത്വീബുമാണ്. അവരുമായി തെറ്റിപ്പിരിഞ്ഞാണ് മന്‍സൂര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. ആഭ്യന്തര രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങളാവാം അദ്ദേഹത്തെ ഈയൊരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ആ കക്ഷിയിലെ ഒരു നെസറ്റ് അംഗം വോട്ട് ചെയ്യാതെ മാറിനിന്നത് പാര്‍ട്ടിക്കകത്ത് തന്നെ മുറുമുറുപ്പുണ്ടെന്നതിന് തെളിവാണ്. ഏതായാലും വൈരുധ്യങ്ങളുടെ ഈ അഷ്ടകക്ഷി മുന്നണി കുതന്ത്രങ്ങളുടെ ആശാനായ നെതന്യാഹുവിന്റെ മുന്നില്‍ എത്രകാലം പിടിച്ചുനില്‍ക്കുമെന്ന് കണ്ട് തന്നെ അറിയണം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (30-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

സല്‍ക്കര്‍മനിരതമായ ദീര്‍ഘായുസ്സ്
അബ്ദുല്ലത്വീഫ് കൊടുവള്ളി