Prabodhanm Weekly

Pages

Search

2021 ജൂണ്‍ 25

3207

1442 ദുല്‍ഖഅദ്‌ 14

എല്ലാം പ്രകൃതിയുടെ ലീലാവിലാസങ്ങളോ?

കെ.പി.എഫ് ഖാന്‍

നമ്മുടെ വീടും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാഹനങ്ങളും പ്രയോജനത്തെ അല്ലെങ്കില്‍ ഉപയോഗത്തെ മുന്‍നിര്‍ത്തി (സോദ്ദേശ്യം) നിര്‍മിക്കപ്പെട്ടവയാണ്. 'കാക്ക വന്നു, പനമ്പഴം വീണു, ഒച്ചിഴഞ്ഞപ്പോള്‍ ഏതോ ചില അക്ഷര രൂപങ്ങളുണ്ടായി.' പനമ്പഴം വീഴ്ത്തണമെന്നോ, ആര്‍ക്കെങ്കിലും ഉപയോഗമുണ്ടാകണമെന്നോ കാക്കക്ക് നിയ്യത്തുണ്ടായിരുന്നില്ല. അക്ഷരമെഴുതണമെന്ന് ഒച്ചിനും. എന്നിരുന്നാലും അവക്കു പിന്നില്‍ കര്‍ത്താവുണ്ടായിരുന്നു, കാക്ക/ഒച്ച് എന്നീ സംഭവ സ്രഷ്ടാക്കള്‍. മനുഷ്യഭാഷകളൊന്നും തന്നെ വശമില്ലാത്ത ഒച്ചിന്റെ പ്രവൃത്തി സോദ്ദേശ്യമല്ല. അക്ഷരമുണ്ടായത് യാദൃഛികമായിട്ടാണ്. അതാര്‍ക്കാണ് പ്രയോജനപ്പെടുക? ഉപയോഗം അല്ലെങ്കില്‍ പ്രയോജനമെന്ന ഉദ്ദേശ്യം, നാമുപയോഗിക്കുന്ന വസ്തുക്കളുടെ (നിര്‍മാണത്തിനു) പിന്നില്‍ വര്‍ത്തിച്ചിട്ടുണ്ട്. ഉപയോഗത്തെ അല്ലെങ്കില്‍ പ്രയോജനത്തെ കരുതിയുള്ള പ്ലാനും രൂപരേഖയും നിര്‍മാതാവിന്റെ മനസ്സിലെങ്കിലും അനിവാര്യമായും ഉണ്ടായിരിക്കും. ചിലപ്പോള്‍ കടലാസിലും മറ്റും വരച്ചുണ്ടാക്കുകയും ചെയ്തിരിക്കും. ഉപയോഗിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യുന്ന വസ്തുക്കള്‍ യദൃഛയാ ഉണ്ടായതല്ലെന്നു സാരം. അവ കണ്ടെത്തിയത് യദൃഛയാ ആയെന്നു വന്നേക്കാം. പണ്ടത്തെ ഗുഹാവാസികള്‍ കണ്ടെത്തിയ ഗുഹകള്‍ പ്രയോജനപ്പെടുത്തിയതുപോലെയോ, കാട്ടിലെ കായ്കനികളും കാട്ടുചോലയിലെ തെളിനീരും പ്രയോജനപ്പെടുത്തിയതുപോലെയോ, സോദ്ദേശ്യം നിര്‍മിക്കപ്പെട്ട വീടും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റും യദൃഛയാ ഉണ്ടായതല്ലല്ലോ. പ്രകൃത്യാ ഉണ്ടായിരുന്നതുമല്ലല്ലോ. പ്രയോജന/ഉപയോഗ ക്ഷമത കണക്കാക്കിയാണ്, പ്ലാനും രൂപരേഖയും (മനസ്സിലെങ്കിലും വരച്ച്) ഉണ്ടാക്കുന്നത്.
പ്രകൃതിനിര്‍ധാരണം (Natural Selection)  വഴിയാണ് ജീവജാലങ്ങളെല്ലാം ഇന്നത്തെ നിലയിലെത്തിയതെന്ന് ഡാര്‍വിന്‍ സിദ്ധാന്തം പറയുന്നു. ചാള്‍സ് ഡാര്‍വിന്റെ നിഗമനപ്രകാരം അന്ധവും അനിഛാപൂര്‍വകവും യാന്ത്രികവുമായ പ്രക്രിയയായ പ്രകൃതിനിര്‍ധാരണത്തിലൂടെയാണ്, നാമിന്നറിയുന്ന, വ്യക്തമായും സോദ്ദേശ്യങ്ങളായ ജീവരൂപങ്ങള്‍ ഉടലെടുത്തത്. ജീവോല്‍പത്തിയുടെ വിശദീകരണമായ പ്രകൃതിനിര്‍ധാരണ സിദ്ധാന്തത്തിന്, മനസ്സിലൊരുദ്ദേശ്യമോ പദ്ധതിയോ രൂപരേഖയോ ഇല്ല. അതിനൊരു മനസ്സോ മനോ നേത്രമോ ഉണ്ടായിട്ടു വേണ്ടേ? ഭാവിക്കു വേണ്ടി ആസൂത്രണം ചെയ്യാന്‍ മുന്‍കാഴ്ചയോ (ദീര്‍ഘവീക്ഷണമോ) കാഴ്ച തന്നെയോ ഇല്ല.
ഡാര്‍വിന്റെ അതിശക്തനായ 'പിന്താങ്ങി' റിച്ചാര്‍ഡ് ഡോക്കിന്‍സ് പ്രകൃതിക്ക് കല്‍പിച്ചരുളിയിരിക്കുന്നത് അന്ധനായ വാച്ച് നിര്‍മാതാവിന്റെ റോളാണ്. 18-ാം ശതകത്തിലെ ദൈവതത്ത്വശാസ്ത്രജ്ഞനായിരുന്ന വില്യം പാലിയുടെ ചിന്താസന്തതിയായ ഒരു കഥാപുരുഷനാണ് 'വാച്ച് മേക്കര്‍.' ദൈവാസ്തിക്യം സ്ഥാപിക്കാനുള്ള വില്യം പാലിയുടെ വാദങ്ങളിലാണ് ഈ വാച്ച് മേക്കര്‍ കടന്നുവരുന്നത്. വാച്ച്‌മേക്കറുടെ കഥയുടെ ചുരുക്കമിതാണ്: ''ഒരു ചുള്ളിക്കാട് തരണം ചെയ്യേണ്ടി വന്നപ്പോള്‍ എന്റെ (വില്യം പാലിയുടെ) കാല്‍ ഒരു കല്ലില്‍ തട്ടി. 'ആ കല്ല് എങ്ങനെ അവിടെ വന്നു?' സ്വയം ചോദിച്ചു. 'ഓ! അത് അനാദികാലം മുതലേ അവിടെ ഉണ്ടായിരുന്നതാണെന്ന' മറുപടിയും എന്നില്‍നിന്നു തന്നെയുണ്ടായി, അഥവാ അങ്ങനെയാണ് എനിക്കു ബോധ്യം വന്നത്. അത്രതന്നെ, കൂടുതലെന്തു ചിന്തിക്കാന്‍! പിന്നെ ഒരിക്കല്‍ തന്റെ വഴിയില്‍ ഒരു വാച്ച് വീണുകിടക്കുന്നതു കാണാനിടയായി. അതെങ്ങനെ, എവിടെനിന്ന് വന്നെന്നറിയാന്‍ എന്റെ ജിജ്ഞാസയുണര്‍ന്നു. കല്ലിനെപ്പോലെ അനാദികാലം മുതലേ അതവിടെ ഉണ്ടായിരിക്കാനിടയില്ല, തീര്‍ച്ച. കല്ലുപോലുള്ള അസംസ്‌കൃത വസ്തുവല്ലത്. അതിനൊരു രൂപമുണ്ട്; അതിനൊരു ഉപയോഗമുണ്ട്. തീര്‍ച്ചയായും അതിനൊരു നിര്‍മാതാവുണ്ട്. അതിനുപയോഗിക്കപ്പെട്ട ലോഹങ്ങള്‍ക്കും മറ്റും സംസ്‌കരണം വന്നിട്ടുണ്ട്. മുമ്പുണ്ടായിരുന്ന സ്ഥാനത്തിന് മാറ്റം വന്നിട്ടുമുണ്ട്. അതിനാല്‍, വാച്ചിന്റെ ഉപയോഗം ലക്ഷ്യം വെച്ച് പ്ലാന്‍ ചെയ്തു ഒരു നിര്‍മാതാവ് തീര്‍ച്ചയായും അതിനുണ്ടെന്ന് നിഗമിക്കാനേ നിവൃത്തിയുള്ളൂ.''
വസ്തുക്കളുടെ അല്ലെങ്കില്‍ ജീവജാലങ്ങളുടെ പ്രകൃതിപദ്ധതിയുടെ രൂപരേഖ(Design)യെ ഡോക്കിന്‍സും സമ്മതിക്കുന്നു. എന്നാല്‍ ബോധപൂര്‍വം, സോദ്ദേശ്യം പ്ലാനോ രൂപരേഖയോ തയാറാക്കുന്ന ഒരു രൂപശില്‍പി(Designer)യെ അദ്ദേഹത്തിന് കാണാന്‍ കഴിയുന്നില്ല. രൂപശില്‍പി അന്ധയായ പ്രകൃതിയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍.
താപം വര്‍ധിച്ച ദിക്കില്‍നിന്ന് ചൂടുപിടിച്ച വായു ഉയര്‍ന്ന് നീങ്ങിയപ്പോള്‍ കാറ്റായി. കാറ്റിന് കണ്ണില്ല, ചെവിയില്ല. പരിപാടി തയാറാക്കാന്‍ മസ്തിഷ്‌കവുമില്ല. കാറ്റു വീശി പോയി. കാറ്റുപോയ പോക്കില്‍ മരച്ചില്ലകള്‍ കുലുങ്ങി, പഴങ്ങള്‍ പൊഴിഞ്ഞു. ഇലകളും ഉണങ്ങിയ ചില്ലകളും വീണു. അപ്പോള്‍ ജീവജാലങ്ങള്‍ പ്രയോജനപ്പെടുത്തി. ജീവജാലങ്ങള്‍ക്ക് കായ്കനികള്‍ വേണ്ടതായിരുന്നോ? കാറ്റിന് അക്കാര്യം അറിയില്ലല്ലോ. പഴങ്ങള്‍ ജീവജാലങ്ങള്‍ക്ക് ആവശ്യമുള്ളവയെന്ന് അവക്ക് തോന്നാന്‍ കാരണം ജന്മവാസനയാണെന്ന് സമാധാനിക്കാം. കാറ്റിന് അതില്ലല്ലോ.
കുറേയേറെ യാദൃഛികതകള്‍ സമഞ്ജസമായി സമ്മേളിച്ച് അവ ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതെങ്ങനെ? പ്രകൃതിയില്‍ ഒട്ടേറെ പ്രതിഭാസങ്ങളുണ്ട്. ഉഷ്ണവും ശൈത്യവും ഇരുട്ടും വെളിച്ചവും ചലനവും നിശ്ചലനവും തുടങ്ങിയവ. ഈ ദ്വന്ദ്വങ്ങളിലൊന്ന് മറ്റേതിന്റെ അഭാവമാണ്. ഒന്ന് മറ്റേതിന്റെ പ്രതിവിധിയുമാകാം; ഒന്ന് മറ്റേതിന്റെ വിരുദ്ധവുമാണ്. ജീവജാലങ്ങള്‍ക്ക് ഈ ദ്വന്ദ്വങ്ങള്‍ അവശ്യം ആവശ്യവുമായവയാണ്. ജീവജാലങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ടാണ് മിക്കതും നിലനില്‍ക്കുന്നത്. ജീവജാലങ്ങളുടെ ആവിര്‍ഭാവം പോലെ പ്രതിഭാസങ്ങളും യാദൃഛികങ്ങളെന്ന്, ആസൂത്രണമില്ലാതെ സംഭവിക്കുന്നുവെന്നും സങ്കല്‍പിക്കുക. യാദൃഛികങ്ങളെ സമന്വയിപ്പിക്കാനോ ഏകോപിപ്പിക്കാനോ അന്ധയായ പ്രകൃതിക്കെങ്ങനെ കഴിയും?
പരിണാമത്തിന്റെ അനന്തമായി നീളുന്ന ഘട്ടങ്ങളിലൂടെ ജീവജാലങ്ങള്‍ പരിണമിച്ചു പരിണമിച്ച് ഇന്നത്തെ നിലയിലെത്തിയെന്നാണ് അനുമാനം. ഇക്കണക്കില്‍ ഇനിയും അസംഖ്യം പരിണാമങ്ങളുണ്ടാകണമല്ലോ. ആ പരിണാമങ്ങളില്‍ ഒന്നെങ്കിലും കാണാന്‍ ഈ തലമുറയിലല്ല ഒരായിരം തലമുറകള്‍ക്കപ്പുറമുള്ള തലമുറയില്‍ ആരെങ്കിലും ഭാഗ്യവാന്മാര്‍ ഉണ്ടായേക്കാമെന്ന് ന്യായമായും നിഗമനത്തിലെത്താമല്ലോ. കഴിഞ്ഞുപോയ അനേകമനേകം പരിണാമങ്ങളെ അഭ്യൂഹിക്കാനല്ലേ കഴിയൂ! ഇമ്മാതിരി അഭ്യൂഹങ്ങള്‍ വെച്ച്, ഭാവിപരിണാമങ്ങള്‍ എന്ത്, എങ്ങനെ ആയിരിക്കുമെന്ന് പ്രകൃതിനിര്‍ധാരണവാദികള്‍ പ്രവചിക്കേണ്ടതായിരുന്നു. പരിണാമം നരനിലെത്തിയതോടെ പൂര്‍ത്തിയായെന്ന് സമാധാനിച്ചതുപോലെയുണ്ട്.
നരന്മാരുടെ മുതുമുത്തഛന്മാര്‍ക്ക്, ഒരു മരത്തില്‍നിന്ന് മറ്റു മരങ്ങളിലേക്കു ചാടാനറിയാം. വാനരന്മാരില്‍നിന്ന് പുരോഗമിച്ച നരന്മാര്‍ക്കു അതസാധ്യവും! ജീവജാലങ്ങളിലൊരു വര്‍ഗം (species) പരിണമിച്ചു പരിണമിച്ച് അന്തരീക്ഷത്തില്‍ പറന്നുനടക്കുന്നു. പരിണാമപ്രക്രിയ പൂര്‍ത്തീകരിക്കപ്പെട്ടവനെന്ന് അഭിമാനിക്കുന്ന നരന് ആകാശസഞ്ചാരത്തിന് വാഹനം കണ്ടുപിടിക്കേണ്ടിവന്നു. നരന്റെ കോടാനുകോടി വര്‍ഷം മുമ്പുള്ള പരിണാമത്തിലെ മുതുമുത്തഛന്മാര്‍ ഇഛിച്ചിരുന്നെങ്കില്‍ ചിറകുകള്‍ മുളക്കുമായിരുന്നില്ലേ? അന്തരീക്ഷത്തില്‍ അന്നം തേടാന്‍ വകയൊന്നുമില്ലാത്തതുകൊണ്ട് അവരതു ഇഛിച്ചില്ലെന്ന് സമാധാനിക്കാം. കരയിലെ തീറ്റകള്‍ തീര്‍ന്നപ്പോള്‍ ജലാശയങ്ങളില്‍ ഇര തേടാനിഛിച്ച താറാവുകള്‍ക്ക് തുഴയാന്‍ പറ്റിയ കാലുകളുണ്ടായല്ലോ. ഇച്ഛിക്കുന്നയുടനെ സംഭവിക്കുകയില്ലല്ലോ പരിണാമം. തുഴമാതിരിയുള്ള കാലുകള്‍ കിട്ടാതെ കോടാനുകോടി താറാവുകള്‍ വിശന്നോ മുങ്ങിയോ ചത്തുകാണും!? അഭ്യൂഹിക്കാനേ നിവൃത്തിയുള്ളൂ.
ഈ ഘട്ടത്തോടെ പരിണാമം അടുത്തൊരു ഘട്ടത്തിന്റെ ആവശ്യമില്ലാത്തവിധം പൂര്‍ത്തിയാകുകയോ അവസാനിക്കുകയോ ചെയ്‌തെന്ന് കരുതാമോ? അന്ധയായ പ്രകൃതിയോട് അന്വേഷിപ്പിക്കാനാവുമോ? ഗവേഷണം നടത്താനാണെങ്കില്‍ എന്തിനെയാണ് ആസ്പദമാക്കുക? മനുഷ്യജന്മം പരിണാമപ്രക്രിയയുടെ പൂര്‍ത്തീകരണമാണെങ്കില്‍ അതിലാരുടെയെങ്കിലും പദ്ധതിയോ ആസൂത്രണമോ ഉണ്ടായിരിക്കണമല്ലോ?
പരിണാമപ്രക്രിയ ആരംഭിക്കുന്നത് എവിടെനിന്ന് എങ്ങനെയെന്നത് ശാസ്ത്രസഹായത്തോടെ നമുക്ക് അഭ്യൂഹിക്കാനേ നിവൃത്തിയുള്ളൂ. നമുക്കൊന്ന് സങ്കല്‍പിച്ചുനോക്കാം. പരശ്ശതം കോടി വര്‍ഷങ്ങള്‍ക്ക് അപ്പുറം ഏകകോശ ജീവിയായ അമീബയില്‍ നിന്നാരംഭിക്കുന്നു. ആദ്യകാല ജീവികള്‍ക്ക് കണ്ണോ കാതോ നാക്കോ മൂക്കോ ഒന്നുമുണ്ടായിരുന്നില്ല. (അല്ലെങ്കില്‍ ഈ ഇന്ദ്രിയങ്ങളെല്ലാം ചേര്‍ന്ന ഏകകോശ ജീവിയായിരിക്കണം!) ജീവിയുടെ പുറത്ത് (വെളിയില്‍/ചുറ്റുപാടില്‍) പലതും സംഭവിക്കുന്നുണ്ടായിരുന്നു. സംഭവങ്ങള്‍ യാദൃഛികങ്ങളെന്നും സങ്കല്‍പിക്കാം. ജീവികളുടെ പ്രകൃതിക്കു തോന്നിയപ്പോള്‍ (തോന്നലുണ്ടായിയെന്നും അത് യാദൃഛികമായിരുന്നുവെന്നും സങ്കല്‍പിക്കുക; ഇന്ദ്രിയാനുഭവങ്ങളാണ് മനസ്സിനെ സൃഷ്ടിച്ചതെന്നും സങ്കല്‍പിക്കുക) പുറത്തെ പ്രതിഭാസങ്ങളുടെ പ്രതികരണമായി നേത്രങ്ങളുടെ (അഥവാ നേത്രക്കൂട്ടങ്ങളുടെ) ഭാഗം, അനന്തകാലത്തെ പ്രകാശരശ്മികളുടെ ആഘാതഫലമായി കീറിത്തുറന്നു കാഴ്ചയുണ്ടായി. പുറത്തെ ശബ്ദങ്ങളുടെ ആഘാതത്താല്‍ കേഴ്‌വിയുണ്ടായി. പുറത്തെ ഗന്ധം വന്നടിച്ചപ്പോള്‍ നാസാരന്ധ്രങ്ങള്‍ തുറന്നു; അതല്ല ശ്വസന പ്രക്രിയക്ക് മുമ്പെങ്ങോ തുറക്കപ്പെട്ടിരുന്ന ദ്വാരങ്ങളിലൂടെ ഗന്ധവുമാസ്വദിച്ചു. എല്ലാം സങ്കല്‍പിക്കുകയോ അഭ്യൂഹിക്കുകയോ നിവൃത്തിയുള്ളൂ.
ഉണ്മയുണ്ടെന്ന് സങ്കല്‍പിക്കുന്ന വസ്തുവിനെ കണ്ടെത്താനാണ് ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇല്ലെന്ന് ഉറപ്പിച്ചിട്ട് ഒന്നിനെ കണ്ടെത്താന്‍ ഗവേഷണവും പരീക്ഷണവും ആവശ്യമില്ല. ചിന്ത നിയതമായിരിക്കണം (Positive Thinking). ഇല്ലാത്തതിനെപ്പറ്റിയുള്ള ചിന്ത നിഷേധാത്മകമാണ് (Negative). ആദ്യത്തേതാണ് ശാസ്ത്രീയം. ഇല്ലെന്നുറപ്പിച്ചിട്ടുള്ളവയെ കുറിച്ച് തേടിപ്പിടിച്ചെടുത്ത തെളിവുകളും നിഷേധാത്മകങ്ങളാണ്. നിഷേധാത്മക ചിന്ത അശാസ്ത്രീയമാണ്. അഭാവങ്ങള്‍ക്കൊന്നിനും തെളിവിന്റെ ആവശ്യമില്ല. വെളിച്ചത്തിന്റെ അഭാവം ഇരുട്ട്, ഇരുട്ടിന്റെ അഭാവം വെളിച്ചം. ഉഷ്ണത്തിന്റെ അഭാവം ശൈത്യം, ശൈത്യത്തിന്റെ അഭാവം ഉഷ്ണം. ഈ അഭാവങ്ങള്‍ക്കാരും തെളിവു തേടാറില്ല. അഭാവത്തിനു തെളിവു തേടുന്നതാണ് നാസ്തിക ചിന്ത.
ഒന്നിനെ തുടര്‍ന്ന് പല സംഭവങ്ങളുണ്ടാകാം. അപ്പോള്‍ ആദ്യ സംഭവം കാരണവും പിന്നത്തേത് കാര്യവുമാകാം. ആ കാര്യം അതിന്റെ പിന്നാലെ വരുന്നതിന്റെ കാരണവുമാകാം. ആദ്യകാരണം യാദൃഛികമെന്ന് സങ്കല്‍പിക്കുക. സാഹചര്യമൊത്തപ്പോള്‍ അങ്ങനെ സംഭവിച്ചിരിക്കണം! സാഹചര്യങ്ങള്‍ എങ്ങനെ കൂട്ടിയിണക്കപ്പെട്ടു? അല്ലെങ്കില്‍ അനുകൂലമാക്കപ്പെട്ടു? എന്തുകൊണ്ട്? പ്രകൃതിനിയമമനുസരിച്ച് സംഭവിച്ചതായിരിക്കാമെന്നും സമാധാനിക്കാം. അന്ധയായ പ്രകൃതിക്ക് എവിടെനിന്നു ലഭിച്ചു നിയമങ്ങള്‍? പ്രകൃതിശക്തികള്‍ എന്നു വിളിക്കപ്പെടുന്നവ എവിടെനിന്നു വന്നു?
വൈദ്യുത-കാന്തശക്തികള്‍, ആകര്‍ഷണ-വികര്‍ഷണങ്ങള്‍, താപവികിരണം, പ്രകാശ രശ്മികളുടെ പ്രസരണം, ഖഗോള ഭ്രമണം ഇത്യാദി എങ്ങനെ സംഭവിക്കുന്നു? 'അത്യര്‍ഹമായത് അതിജീവിക്കും' (Survival of the Fittest)  എന്നത് പ്രകൃതി തത്ത്വമാണ്. അന്ധയായ പ്രകൃതി അത്യര്‍ഹമായതിനെ തെരഞ്ഞെടുക്കുന്നതെങ്ങനെ? മുന്‍കൂട്ടി ആസൂത്രണം ചെയ്യാനാവാത്ത സംഗതികള്‍ യാദൃഛികമായി സംഭവിക്കുമ്പോള്‍, അതിലെങ്ങനെ ഏറ്റവും അര്‍ഹമായത് അതിജീവിക്കും?
പല യാദൃഛികങ്ങള്‍ ഒട്ടേറെ യുഗങ്ങളിലൂടെയുള്ള യാദൃഛിക സംഗമങ്ങളില്‍നിന്ന് ജീവനുള്ള വസ്തുക്കളുണ്ടായി! അന്ധയായ പ്രകൃതിക്കു നോക്കി നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍! അന്ധയായ പ്രകൃതിയുടെ നിര്‍ധാരണത്തിലൂടെ ശതകോടി വര്‍ഷങ്ങളിലുടനീളമുള്ള നിര്‍ധാരണത്തിലൂടെ സൃഷ്ടി-നിര്‍മാണ പ്രക്രിയകള്‍ നടന്നുപോല്‍!! പലപല യാദൃഛികതകള്‍ എങ്ങനെ സമഞ്ജസമായി സമ്മേളിച്ചു? അവയുടെ സംഘാടനം അല്ലെങ്കില്‍ ഏകോപനം യാദൃഛികമായിരിക്കുമോ? ഉദ്ദേശ്യ(ഇറാദ)വും മുന്‍നിര്‍ണയ(തഖ്ദീര്‍)വും മുന്‍കൂട്ടി നിര്‍ണയിക്കാനുള്ള ജ്ഞാന(ഇല്‍മ്)വും ആസൂത്രണ(തദ്ബീര്‍)വുമില്ലാതെയുള്ള സാമഞ്ജസ്യം അസംഭവ്യം! അചിന്തനീയം!
വിശുദ്ധ ഖുര്‍ആനിലെ അല്‍വാഖിഅ അധ്യായത്തില്‍ നാലു വസ്തുതകളെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നുണ്ട്: നിങ്ങള്‍ സ്ഖലിക്കുന്ന ബീജം, നിങ്ങള്‍ വിതയ്ക്കുന്ന വിത്ത്, നിങ്ങള്‍ കുടിക്കുന്ന ജലം, നിങ്ങള്‍ കത്തിക്കുന്ന തീ എന്നിവയെപ്പറ്റി ചിന്തിച്ചിട്ടില്ലെങ്കില്‍ ചിന്തിക്കാന്‍ അവസരമായി എന്നാണ് ഉണര്‍ത്തുന്നത്.
ഒന്നാമത്തെ ചിന്താവിഷയം വംശവര്‍ധനവിനുള്ള ഏര്‍പ്പാടാണ്. ജീവജാലങ്ങളില്‍ വംശവര്‍ധനവും വംശം നിലനിര്‍ത്തലും ഇണകളിലൂടെയാണ് സാധിക്കുന്നത്. ജീവികള്‍ ആണ്‍-പെണ്‍ ഇണകളായതും ജീവികളില്‍ ലിംഗഭേദമുണ്ടായതുമെങ്ങനെ? അന്ധയായ പ്രകൃതിയുടെ താല്‍പര്യമായിരുന്നോ? ലിംഗഭേദമെങ്ങനെ ആസൂത്രണം ചെയ്തു? ജീവിതാരംഭത്തില്‍ തന്നെ യാദൃഛികമായി സംഭവിച്ചതാണോ? ഭ്രൂണത്തെ വിവിധ ഘട്ടങ്ങളിലൂടെ വളര്‍ത്തിയെടുക്കാനുള്ള ഏര്‍പ്പാടുകളും യാദൃഛികങ്ങളോ? പ്രത്യുല്‍പാദനാവയവങ്ങള്‍ വ്യത്യസ്തങ്ങള്‍ (ആണ്‍-പെണ്‍ ഭേദം) ആയതും യാദൃഛികമോ? ലൈംഗികാകര്‍ഷണം ജീവികളില്‍ എങ്ങനെ സംഭവിച്ചു? ഇണകളിലൊന്നിന് മറ്റേതിനോടുള്ള ആശ്രിതത്വം- പുരുഷനില്ലെങ്കില്‍ സ്ത്രീയില്ല, സ്ത്രീയില്ലെങ്കില്‍ പുരുഷനുമില്ല; പരസ്പരാശ്രിതത്വം- അതിനൊരു ആസൂത്രണമുണ്ടായിരിക്കണമല്ലോ. അന്ധയായ പ്രകൃതിക്ക് അത് സാധ്യമോ? പുംബീജവും സ്ത്രീയുടെ അണ്ഡവും തമ്മില്‍ സന്ധിക്കാനും സിക്താണ്ഡമാകാനും അത് വളര്‍ന്നുവരാനും അതിനു വളരാനുള്ള സാഹചര്യവുമൊക്കെ ആസൂത്രണമില്ലാതെ സാധ്യമായതെങ്ങനെ? ഭ്രൂണത്തെ വിവിധ ഘട്ടങ്ങളിലൂടെ വളര്‍ത്തിയെടുക്കാനുള്ള ഏര്‍പ്പാടുകള്‍ ആസൂത്രണമില്ലാതെ യാദൃഛികമായി സംഭവിച്ചതോ? ജീവജാലങ്ങള്‍ ഒരു തലമുറ നശിച്ചിട്ട് ഭാവിതലമുറക്ക് സ്ഥലമൊഴിഞ്ഞുകൊടുക്കുന്നതും ആസൂത്രണമില്ലാതെയോ?
ജീവജാലങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള ഏര്‍പ്പാട് അന്ധയായ പ്രകൃതി ചെയ്തുകൊടുത്തതാണോ? പരിണാമത്തിന്റെ തികവിലെത്തിയ മനുഷ്യന്‍ കൃഷി ചെയ്ത് ഭക്ഷ്യവിഭവങ്ങളുണ്ടാക്കാന്‍ പഠിച്ചു. ജീവികള്‍ക്ക് വിശപ്പനുഭവപ്പെട്ടപ്പോള്‍ വിശപ്പടക്കാനുള്ള വിഭവങ്ങള്‍ എങ്ങനെ അവ തിരിച്ചറിഞ്ഞു? ജന്മവാസന കൊണ്ടായിരിക്കാം. വിശപ്പടക്കാനുള്ള വിഭവങ്ങള്‍ (യാദൃഛികമായി) പരിണമിച്ചു പരിണമിച്ച് ജീവികളുടെ പ്രാപ്യതയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍! വംശനാശം നേരിടുമായിരിക്കും. വംശനാശം നേരിടരുതെന്ന് അന്ധയായ പ്രകൃതിക്ക് വല്ല നിര്‍ബന്ധവുമുണ്ടായിരുന്നോ?
കര്‍ഷകന്‍ വിത്തിറക്കിയപ്പോള്‍ അതിനു മുളയ്ക്കാനും വളരാനും ഫലോല്‍പാദത്തിനുമുള്ള ഏര്‍പ്പാട് ചെയ്തത് അന്ധയായ പ്രകൃതിയാണെങ്കില്‍ അതിനു പ്രേരിപ്പിച്ച വല്ല സംഗതിയും പ്രകൃതിക്കു പുറമെ ഉണ്ടായിരിക്കണമല്ലോ. ജീവജാലങ്ങള്‍ക്കാവശ്യമായ ശുദ്ധജലം ലഭിക്കാനുള്ള ഏര്‍പ്പാട് ആരാണ് ചെയ്തുകൊടുത്തത്?  നീരാവി ശുദ്ധജലമായി വര്‍ഷിക്കുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. ജീവികള്‍ക്ക്, ശുദ്ധജല ലഭ്യതക്ക് തഖ്ദീറും തദ്ബീറും ആരോ നടത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നില്ലേ എന്നാണ് ചോദ്യം.
കൃഷി ചെയ്തുണ്ടാക്കുന്ന ഫലങ്ങളും വേട്ടയാടിപ്പിടിക്കുന്നവയും പാകം ചെയ്യുന്നതിനാവശ്യമായ അഗ്നിയും അത് പിടിപ്പിക്കുന്നതിനുള്ള ഇന്ധനവും എങ്ങനെയുണ്ടായി? നിങ്ങളുടെ ആവശ്യമറിഞ്ഞ് അന്ധയായ പ്രകൃതിയുടെ കാരുണ്യത്താല്‍ ലഭിച്ചതാണോ?
'നിങ്ങളുടെ റബ്ബ് ആരാണു മൂസാ' എന്ന ഫിര്‍ഔന്റെ ചോദ്യത്തിന് മൂസാ നബി(അ)യുടെ മറുപടി ഇങ്ങനെ: 'എല്ലാ വസ്തുക്കള്‍ക്കും അവയുടെ പ്രകൃതം നല്‍കുകയും എന്നിട്ട് അവയെ വഴികാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ റബ്ബ്.' അണു മുതല്‍ അണ്ഡകടാഹം വരെയുള്ള ഓരോന്നിനും അതതിന്റേതായ 'ധര്‍മ'മുണ്ട്. ആ ധര്‍മനിര്‍വഹണത്തിനാണ് വഴികാണിക്കുന്നത്, ഇതിനെ ഖുര്‍ആന്‍ 'ഹിദായത്ത്' എന്നാണ് വിളിച്ചത്.
ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടാന്‍ തക്കവിധത്തില്‍ താപപ്രസരണവും രശ്മിവികിരണവും സൂര്യധര്‍മമാണ്. ഭൂമി അതിന്റെ ഭ്രമണപഥത്തിലൂടെ സൂര്യനെ പ്രദക്ഷിണം വെക്കുന്നതുകൊണ്ട് ദിനരാത്രങ്ങളും ഋതുഭേദങ്ങളുമുണ്ടാകുന്നു. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമായി വര്‍ത്തിക്കുന്നു. ഗ്രഹങ്ങള്‍ക്ക് നിര്‍ണയിക്കപ്പെട്ട പരിധി ലംഘിച്ചാല്‍ ഭൂമിയില്‍ ജീവജാലങ്ങള്‍ ശേഷിക്കയില്ല. യദൃഛയാ ആസൂത്രണമൊന്നുമില്ലാത്ത ഒന്നാണ് സൂര്യഭവമെങ്കില്‍, യദൃഛയാ സംഭവിച്ച ജീവജാലങ്ങള്‍ക്കു പ്രയോജനപ്പെടുകയില്ല. ഇനി യദൃഛയാ പരിണമിച്ചുണ്ടായ ജീവജാലങ്ങള്‍ (ഉണ്ടാകാന്‍ പറ്റുന്ന സാഹചര്യത്തില്‍) പുറത്തുനിന്നുള്ള 'ഹിദായത്ത്' കൂടാതെ എങ്ങനെ മറ്റൊന്നിനെ പ്രയോജനപ്പെടുത്തും?
ജീവജാലങ്ങളുണ്ടാകാനുള്ള ഘടകങ്ങളും അനുകൂല സാഹചര്യങ്ങളുമെല്ലാം (യദൃഛയാ) ഒത്തുചേര്‍ന്നപ്പോള്‍ ജീവജാലങ്ങളുണ്ടായി എന്ന് സങ്കല്‍പിക്കുക. എന്നിട്ടവ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തി ജീവിച്ചു. എങ്കില്‍ ആ സാഹചര്യങ്ങളെല്ലാം ജീവജാലങ്ങള്‍ക്കു വേണ്ടി ഏതോ പദ്ധതി പ്രകാരം സജ്ജമാക്കപ്പെട്ടവയാണെന്ന് സമ്മതിച്ചുകൂടേ?
ജീവജാലങ്ങളുടെ നിലനില്‍പിന് മണ്ണിന്റെയും വിണ്ണിന്റെയും സഹകരണം ആസൂത്രിതമല്ലെന്ന് ആരു പറയും!
അന്തരീക്ഷ വായുവിന്റെ സംവിധാനം നോക്കൂ. ഓക്‌സിജന്‍ മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പിനാധാരമാണ്. ജന്തുജാലങ്ങള്‍ ഓക്‌സിജന്‍ ഉള്‍ക്കൊണ്ട ശേഷം പുറത്തേക്കു വിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് സസ്യജാലങ്ങള്‍ ആര്‍ത്തിയോടെ സ്വീകരിച്ച് അവയുടെ ഭക്ഷ്യനിര്‍മാണം നിര്‍വഹിക്കുന്നു. എന്നിട്ട് അതിലെ ഓക്‌സിജനെ പുറത്തേക്കു വിടുന്നു. അന്നജ നിര്‍മാണത്തിന് സസ്യങ്ങള്‍ക്കു കാര്‍ബണ്‍ ഡയോക്‌സൈഡ് അനിവാര്യം. അതോടൊപ്പം ജീവജാലങ്ങള്‍ക്ക് ശ്വസിക്കാനുള്ള വായുവെ ശുദ്ധീകരിക്കുകകൂടി ചെയ്യുകയാണ് സസ്യജാലങ്ങള്‍. ഈ പരസ്പര സേവനക്രമം യാദൃഛികമോ? ഇതില്‍നിന്ന് അന്ധയായ പ്രകൃതിക്ക് എന്തു നേട്ടമാണ് ലഭിക്കുന്നത്? ആസൂത്രണം ചെയ്യാനോ മുന്‍കൂട്ടി നിര്‍ണയിക്കാനോ പോകുന്ന ഒരു മഹാമസ്തിഷ്‌കം (Master Brain) പിന്നിലില്ലാതെ സമഞ്ജസമായ സംവിധാനം എങ്ങനെയുണ്ടായി? 

അവലംബം
1) 1955 ഡിസംബര്‍ ലക്കം നൂറുല്‍ഹുദാ മാസികയില്‍ വന്ന 'പ്രപഞ്ചവും മനുഷ്യനും' എന്ന ലേഖനം
2) തഫ്ഹീമുല്‍ ഖുര്‍ആന്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (30-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

സല്‍ക്കര്‍മനിരതമായ ദീര്‍ഘായുസ്സ്
അബ്ദുല്ലത്വീഫ് കൊടുവള്ളി