Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

നീതിബോധം പണയപ്പെടുത്തരുത്

ബഷീര്‍ മാടാല

ചീഫ് ജസ്റ്റിസ് പദവി വരെ അലങ്കരിച്ച ന്യായാധിപന്മാര്‍ വിരമിച്ച ശേഷം സര്‍ക്കാറില്‍ ഉന്നത പദവികള്‍ സ്വീകരിക്കുന്നത് കോടതികളുടെ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. ന്യായാധിപന്മാരായിരുന്ന കാലത്ത് സര്‍ക്കാറിനെ പ്രതികൂലമായി ബാധിക്കുന്ന പ്രമാദ കേസുകളില്‍ വിധിപറഞ്ഞ ശേഷമാണ് ഇവര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നത്. ആ വിധികള്‍ പലതും പരിശോധിച്ചാല്‍ നിലവിലുള്ള സര്‍ക്കാരിന് അനുകൂലമായിരുന്നു അവയെന്ന് കാണാം. 
 അപ്പോള്‍ അത്തരം വിധികള്‍ പറഞ്ഞ ന്യായാധിപന്മാരെ ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍, അത് കേന്ദ്രമായാലും സംസ്ഥാന സര്‍ക്കാറുകളായാലും ഉന്നത പദവികളില്‍ നിയമിക്കുന്നത് അഴിമതി തന്നെയാണ്. സുപ്രീം കോടതി മുന്‍ ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു ഇത്തരം നിയമനങ്ങളെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അടുത്ത കാലത്ത് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും ജെ. ചെലമേശ്വറും ഇതേ നിലപാടാണ് സ്വീകരിച്ചത്. വിരമിച്ച ശേഷം ഒരുതരത്തിലുള്ള പദവിയും തങ്ങള്‍ സ്വീകരിക്കില്ലെന്ന് ഈ ന്യായാധിപന്മാര്‍ വെളിപ്പെടുത്തിയിരുന്നു. 
കേരള ഗവര്‍ണറായി മുന്‍ സുപ്രീം കോടതി ജസ്റ്റിസ് സദാശിവത്തെ മോദി സര്‍ക്കാര്‍ നിയമിച്ചപ്പോഴും അതിനു മുമ്പ് ചീഫ് ജസ്റ്റിസായി വിരമിച്ച കെ.ജി ബാലകൃഷ്ണനെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായി നിയമിച്ചപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ ഉന്നത സ്ഥാനം ലഭിച്ചത് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കാണ്. അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭാ മെമ്പറായി നോമിനേറ്റ് ചെയ്യുകയാണുണ്ടായത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാറുമായി ബന്ധപ്പെട്ട റഫേല്‍ കേസ് ഉള്‍പ്പെടെ അനവധി കേസുകളില്‍ വിധി പറഞ്ഞത് ഇദ്ദേഹമായിരുന്നു. അവസാനഘട്ടത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന സ്ത്രീപീഡനക്കേസ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ കറുത്ത അധ്യായമായി അവശേഷിക്കുന്നു. അത്തരം ഒരു ന്യായാധിപനെ രാഷ്ട്രപതി നേരിട്ട് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ജുഡീഷ്യറിയുടെയും പാര്‍ലമെന്റിന്റെയും വിശ്വാസ്യത തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടത്. 
 ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിന് ഒരു രൂപ ശിക്ഷ വിധിച്ചുകൊണ്ട് വിവാദം ഉയര്‍ത്തിയ ജസ്റ്റിസ് അരുണ്‍ മിശ്ര ഈയടുത്താണ് വിരമിച്ചത്. ഇദ്ദേഹം സുപ്രീം കോടതി ജസ്റ്റിസായിരിക്കെ വിധി പ്രസ്താവിച്ച കേസുകളെല്ലാം അതീവ വാര്‍ത്താപ്രാധാന്യം ലഭിച്ചവയാണ്. അതില്‍ ഒടുവിലത്തേതാണ് പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസ്. നിലവിലെ ചീഫ് ജസ്റ്റിസ് ലോക്ക് ഡൗണ്‍ കാലത്ത് വന്‍ വിലപിടിപ്പുള്ള മോട്ടോര്‍ ബൈക്കില്‍ മാസ്‌ക് ധരിക്കാതെ, ഹെല്‍മറ്റിടാതെ ഇരിക്കുന്ന ചിത്രം പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. അതോടൊപ്പം കഴിഞ്ഞ ആറു കൊല്ലത്തിനിടയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരായിരുന്ന നാല് ന്യായാധിപന്മാര്‍ അഴിമതിക്കാരായിരുന്നു എന്ന് വിമര്‍ശിച്ചിരുന്നു. ഈ രണ്ടു നടപടികളും കോടതിയലക്ഷ്യമാണെന്ന് കണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര സ്വമേധയാ കേസെടുത്തത്. ഈ നടപടി ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ജസ്റ്റിസ് മിശ്ര നിലപാടില്‍നിന്നും പിന്മാറിയില്ല. പ്രതീകാത്മകമായി പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. മാപ്പ് അപേക്ഷിച്ചാല്‍ ശിക്ഷ ഒഴിവാക്കാമെന്ന ജസ്റ്റിസ് മിശ്ര നല്‍കിയ അവസരം പ്രശാന്ത് ഭൂഷണ്‍ നിരസിക്കുകയും മാപ്പു പറയില്ലെന്ന് പരസ്യമായി പറയുകയും ചെയ്തു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് തുറന്ന കോടതിയില്‍ ആവശ്യപ്പെട്ടിട്ടു പോലും കോടതി അത് ചെവിക്കൊണ്ടില്ല. അരുണ്‍ മിശ്രക്ക് നല്‍കിയ യാത്രയയപ്പ് ചടങ്ങിലും അറ്റോര്‍ണി ജനറല്‍ വേണുഗോപാല്‍ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു. 
രാജസ്ഥാന്‍, കല്‍ക്കട്ട ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസായിരുന്ന അരുണ്‍ മിശ്ര 2014-ലാണ് സുപ്രീം കോടതിയില്‍ എത്തിയത്. ഈ കാലയളവില്‍ 132-ഓളം കേസുകളിലാണ് അദ്ദേഹം വിധികള്‍ പ്രസ്താവിച്ചത്. അതില്‍ ഏറെയും രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളായിരുന്നു. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ഹരജി തള്ളിക്കളഞ്ഞത് ഇദ്ദേഹമാണ്. ഈ കേസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലേക്ക് വിട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി നാല് ജസ്റ്റിസുമാര്‍ കോടതി മുറ്റത്ത് പത്രസമ്മേളനം നടത്തി പ്രതിഷേധിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ചെലമേശ്വര്‍, മദന്‍ ലോക്കൂര്‍, മലയാളിയായ കുര്യന്‍ ജോസഫ് എന്നിവരായിരുന്നു മാധ്യമങ്ങളോട് പരസ്യമായി സംസാരിക്കുകയും അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളെ വിമര്‍ശിക്കുകയും ചെയ്തത്. എന്നാല്‍ ഈ നാല് ജസ്റ്റിസുമാരില്‍ ഒരാളായ രഞ്ജന്‍ ഗോഗോയ് പിന്നീട് ചീഫ് ജസ്റ്റിസായപ്പോഴും വിവാദങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. 
ഗുജറാത്ത് കമീഷണറായിരിക്കെ മോദിക്കെതിരെയും അമിത് ഷാക്കെതിരെയും നടപടികളെടുത്ത പോലീസ് കമീഷണര്‍ സഞ്ജീവ് ഭട്ട് ഐ.പി.എസിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ എടുത്ത കേസ് കേട്ടതും ജസ്റ്റിസ് അരുണ്‍ മിശ്രയായിരുന്നു. ഇപ്പോഴും ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന്റെ അപ്പീല്‍ സ്വീകരിക്കാന്‍ പോലും മിശ്ര തയാറായില്ല. നേരത്തേ പറഞ്ഞ ജസ്റ്റിസ് ലോയയുടെ അന്വേഷണ ഹരജിയും തള്ളിക്കളഞ്ഞു. മോദി ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ സഹാറാ കേസ് തള്ളിയതും ജസ്റ്റിസ് മിശ്രയാണ്. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദിനെതിരെയുള്ള വിചാരണകള്‍ പ്രത്യേകമായി കേള്‍ക്കുകയും ലാലുവിനെ ശിക്ഷിക്കുകയും ചെയ്തതും അരുണ്‍ മിശ്രയാണ്. കേരളത്തിലെ മരടില്‍ നാല് ഫ്ളാറ്റുകള്‍ ഇടിച്ചുനിരത്താനുള്ള വിധി പറഞ്ഞത് വന്‍ വിവാദമായി. തീരദേശ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ഫ്ളാറ്റുകള്‍ ഇടിച്ചുനിരത്തണമെന്ന കര്‍ക്കശമായ വിധിയാണ് അരുണ്‍ മിശ്ര നടപ്പിലാക്കിയത്. അനധികൃതമായി കെട്ടിപ്പൊക്കിയ ഫ്ളാറ്റ് നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കമ്പനികളെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കുന്നതിനു പുറമെയായിരുന്നു ഇടിച്ചുനിരത്തല്‍. വര്‍ഷങ്ങളായി ഫ്ളാറ്റുകള്‍ വാങ്ങി താമസിച്ചിരുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചെങ്കിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം സംസ്ഥാന സര്‍ക്കാറിന് നേരിടേണ്ടിവന്നത്. ഇത്തരത്തില്‍ വിവാദം ഉയര്‍ത്തിയ അനവധി രാഷ്ട്രീയ കേസുകളില്‍ സന്ധിയില്ലാത്ത നിലപാടുകളാണ് അരുണ്‍ മിശ്ര സ്വീകരിച്ചത്. 
 മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ പോലെ കേന്ദ്ര സര്‍ക്കാര്‍ അരുണ്‍ മിശ്രക്ക് ഉന്നത പദവികള്‍ ഏതെങ്കിലും നല്‍കുമോ എന്ന് ഉറ്റുനോക്കുകയാണ് നിയമവൃത്തങ്ങള്‍. കര്‍ക്കശക്കാരനായ ഈ ന്യായാധിപന്‍ അത്തരം പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നു കരുതാം. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം എടുത്ത തീരുമാനങ്ങളുടെ നിഷ്പക്ഷതയാകും ചോദ്യം ചെയ്യപ്പെടുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി