Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

ബാബരി കേസ് വിധി മാധ്യമങ്ങള്‍ കണ്ടത്  (കാണാതിരുന്നതും)

ഡോ. യാസീന്‍ അശ്‌റഫ്

'തിരുത്ത്' എന്ന എന്‍.എസ് മാധവന്റെ കഥ, സത്യം നേര്‍ക്കു നേരെ പറയണമെന്ന് നിര്‍ബന്ധമുള്ള ഒരു പത്രാധിപരെ പരിചയപ്പെടുത്തുന്നത് ബാബരി മസ്ജിദ് തകര്‍ത്ത വാര്‍ത്തയിലൂടെയാണ്. 
'തര്‍ക്കമന്ദിരം തകര്‍ത്തു' എന്ന് സബ് എഡിറ്റര്‍ എഴുതിയ തലക്കെട്ടു കണ്ട് രോഷം കൊണ്ട എഡിറ്റര്‍ കെ. ചുല്യാറ്റ്, കൈയില്‍ കിട്ടിയ ബാള്‍പെന്‍ ഉളിപോലെ പിടിച്ച് ആ തലക്കെട്ട് മാറ്റി 'ബാബരി മസ്ജിദ് തകര്‍ത്തു' എന്നാക്കി.
28 വര്‍ഷങ്ങള്‍ക്കു ശേഷം, ബാബരി പള്ളി തകര്‍ത്ത കേസിലെ 32 പ്രതികളെയും ലഖ്‌നൗ സി.ബി.ഐ കോടതി വെറുതെ വിട്ടപ്പോഴും സംഘ് പരിവാര്‍ പത്രമായ ജന്മഭൂമി (2020 ഒക്‌ടോബര്‍ 1) തലക്കെട്ടെഴുതി: 'തര്‍ക്കമന്ദിരം തകര്‍ന്ന കേസ്: എല്ലാവരും കുറ്റവിമുക്തര്‍.'
മലയാളത്തിലെ മറ്റു പത്രങ്ങള്‍ എങ്ങനെയാണ് തലക്കെട്ടിട്ടത്? തര്‍ക്കമന്ദിരമെന്നോ? 'തെളിവില്ലെന്ന് കോടതി; ബാബരി മസ്ജിദ് പൊളിക്കല്‍: 32 പ്രതികളെയും വെറുതെവിട്ടു' (മാതൃഭൂമി), 'ബാബരി മസ്ജിദ് കേസ്: 32 പ്രതികളെയും വിട്ടയച്ചു' (മലയാള മനോരമ), 'മസ്ജിദ് ഗൂഢാലോചന ഇല്ല, ആരും കുറ്റക്കാരല്ല' (കേരള കൗമുദി), 'ബാബരി മസ്ജിദ് കേസില്‍ അന്തിമവിധി: തെളിവില്ല, എല്ലാവരെയും വിട്ടു' (മംഗളം), 'ബാബരി മസ്ജിദ് തകര്‍ക്കല്‍: പ്രതികളെ വെറുതെ വിട്ടു' (ദേശാഭിമാനി). 'ബാബരി മസ്ജിദ് പൊളിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു' (ദീപിക), 'ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിചിത്ര വിധിന്യായം' (ജനയുഗം).
ജന്മഭൂമി ഒഴികെ മറ്റൊരു പത്രവും ബാബരി പള്ളിയെ തര്‍ക്കമന്ദിരമാക്കിയില്ല. പ്രത്യേക ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് ഹിന്ദിയില്‍ തയാറാക്കിയ 2300 പേജ് വരുന്ന വിധിന്യായത്തില്‍ 'ബാബരി മസ്ജിദ് എന്ന പദം 881 തവണ പ്രയോഗിച്ചിട്ടുണ്ട്. എന്നിട്ടും മലയാളത്തിലെ ഒരു പത്രം അതിന്റെ പേര് തന്നെ മായ്ച്ചു. 'തര്‍ക്കമന്ദിരം തകര്‍ന്ന (തകര്‍ത്തതല്ല!) കേസും' 'ബാബരി മസ്ജിദ് തകര്‍ത്ത കേസും' തമ്മിലുള്ള വ്യത്യാസം വിഭാഗീയ റിപ്പോര്‍ട്ടിംഗും വസ്തുതാപരമായ റിപ്പോര്‍ട്ടിംഗും തമ്മിലുള്ള വ്യത്യാസം തന്നെയാണ്.
പൊതുവെ നോക്കിയാല്‍ വിഭാഗീയ റിപ്പോര്‍ട്ടിംഗിന് കൂടുതല്‍ പേരെടുത്തിട്ടുള്ളത് വടക്കേ ഇന്ത്യയിലെ ഭാഷാ പത്രങ്ങളും ചാനലുകളുമാണ്. വസ്തുതകളേക്കാള്‍ തീവ്ര വൈകാരികതയാണ് അവയുടെ ഉള്ളടക്കത്തിന്റെ നിറം. ഈ ശൈലി മലയാളത്തിലേക്ക് വരുന്നതിന്റെ ലക്ഷണങ്ങള്‍ അങ്ങിങ്ങ് കാണാനുണ്ട്. ജന്മഭൂമിയാണ് ആ ശൈലി പൂര്‍ണമായി ഏറ്റെടുത്തിട്ടുള്ള മലയാള പത്രം.
പക്ഷേ ഹിന്ദി പത്രങ്ങള്‍ പോലും ബാബരി മസ്ജിദിനെ ആ പേരുകൊണ്ട് വിളിക്കാന്‍ മടിച്ചിട്ടില്ല- കോടതിവിധിയുടെ ഉള്ളടക്കത്തില്‍ അങ്ങനെയുള്ളതുകൊണ്ട് വിശേഷിച്ചും. ദ ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്താന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യന്‍ ഏയ്ജ്, ദ ട്രിബ്യൂണ്‍, ടെലിഗ്രാഫ് തുടങ്ങിയവയെല്ലാം ബാബരി എന്ന  പേര് പറഞ്ഞു. മിക്ക ഹിന്ദി പത്രങ്ങളും (പ്രഭാത് ഖബര്‍, ദൈനിക് ഭാസ്‌കര്‍, ലോക്‌സത്ത ഉദാഹരണം) അതേ ഗണത്തിലാണ്. ദൈനിക് ജാഗരണ്‍ ആണ് തലക്കെട്ടിലോ കുറിപ്പുകളിലോ 'പള്ളി'യെപ്പറ്റി പറയാതിരുന്നത്. തീവ്ര വര്‍ഗീയ ഉള്ളടക്കത്തിന്റെ പേരില്‍ ഏറെ വിമര്‍ശനത്തിന് പാത്രമായിട്ടുള്ള ഈ പത്രത്തെ പിന്തുടരാന്‍ മലയാളത്തിലും പത്രമുണ്ടായി എന്നത് ഒരു സൂചനയാണ്.
മതനിരപേക്ഷതയോട് പ്രതിബദ്ധതയുള്ള ഇംഗ്ലീഷ് പത്രമായ ടെലിഗ്രാഫ് മൂര്‍ച്ചയുള്ള തലക്കെട്ടുകള്‍ക്ക് പേരെടുത്ത പത്രം കൂടിയാണ്. മൂന്നു പതിറ്റാണ്ടോളമായി ബാബരി ധ്വംസനത്തെപ്പറ്റി വിശദമായി മനസ്സിലാക്കിയ നാട്ടുകാരോട് ഒന്നും ആസൂത്രിതമല്ല, ആരും കുറ്റക്കാരല്ല എന്ന് കോടതി പറഞ്ഞതിനെ ആ പത്രം ചിത്രീകരിച്ചത് മുന്‍ പേജില്‍ കഴുതയെ കാണിച്ചുകൊണ്ടാണ്. 'ഞെട്ടി, അല്ലേ? ഇതാ, ഇതാണിന്ന് നമ്മള്‍' എന്ന തലക്കെട്ട്. ഒപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ: '1992 ഡിസംബര്‍ 6-ലേക്ക് നയിച്ച സംഭവങ്ങളും 2020 സെപ്റ്റംബര്‍ 30-ഉം നമ്മുടെ കണ്‍മുന്നിലാണ് ചുരുളഴിഞ്ഞത്. ആര് ചെയ്തു, എന്തിന് എന്നൊക്കെ നമുക്കറിയാം. എന്നിട്ടും തെരഞ്ഞെടുപ്പ് തോറും നാമവര്‍ക്ക് സാധുത നല്‍കി, ലാഭം നല്‍കി. എന്നിട്ടിപ്പോള്‍ കഴുത കണക്കെ കരയുന്നു.' ഉള്‍പ്പേജിലെ 'ഡാര്‍വിന്റെ ധ്വംസന പരിണാമം' എന്ന കുറിപ്പും കുറിക്കുകൊള്ളുന്ന കമന്റാണ്.
ബാബരി വാര്‍ത്തകളില്‍ കാണാവുന്ന പരിണാമങ്ങളെപ്പറ്റി രണ്ടു തരം പഠനങ്ങള്‍ സാധ്യമാണ്. ഒന്ന്, പള്ളി പൊളിച്ച കാലത്തെ പത്രങ്ങളും കഴിഞ്ഞ വര്‍ഷം മസ്ജിദ് ഭൂമി രാമക്ഷേത്രത്തിന് നല്‍കിയ സുപ്രീം കോടതി വിധി, ഇപ്പോഴത്തെ പള്ളി പൊളിക്കല്‍ കേസ് വിധി എന്നിവ റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളും തമ്മിലെ താരതമ്യം. രണ്ട്, 'ഹിന്ദി ബെല്‍റ്റ്' പത്രങ്ങളും മലയാള പത്രങ്ങളും തമ്മിലെ താരതമ്യം. 1992-ലേത് ശരിക്കും ഞെട്ടലാണ്; 2019, 2020 വര്‍ഷങ്ങളിലെ വിധികള്‍ ഉള്‍ക്കൊള്ളാനാകാത്തതെങ്കിലും പ്രതീക്ഷിതവും. രാജ്യത്തിന്റെ മാറ്റം അസ്വാസ്ഥ്യത്തോടെ തിരിച്ചറിയുന്നു മാധ്യമങ്ങള്‍. ഒപ്പം, 'ഹിന്ദി ബെല്‍റ്റി'ലെ തീവ്ര വര്‍ഗീയത മലയാളത്തിലേക്ക് പ്രസരിക്കുന്നതും കണ്ടറിയാം. ജന്മഭൂമിയുടെ പ്രത്യക്ഷ വര്‍ഗീയത മാത്രമല്ല, ചില 'പൊതു' പത്രങ്ങളുടെ അധികാര വിധേയത്വവും കാണേണ്ടതുണ്ട്.
ബാബരി പള്ളി തകര്‍ത്തപ്പോള്‍ അത് കാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരെ കര്‍സേവകര്‍ ആസൂത്രിതമായി വേട്ടയാടി ഓടിച്ചിരുന്നു. എന്നിട്ടും ചില പടങ്ങളെങ്കിലും പകര്‍ത്തി രക്ഷപ്പെട്ട അപൂര്‍വം ചിലരുണ്ട്. മലയാള മനോരമയുടെ പി. മുസ്തഫ അവരിലൊരാളാണ്. ആ പടങ്ങള്‍, പക്ഷേ മനോരമ പ്രസിദ്ധപ്പെടുത്തിയില്ല. അത് ജനങ്ങളെ പ്രകോപിതരാക്കിയേക്കും എന്ന ചിന്തയായിരുന്നു കാരണം. അക്കാലത്ത് അത് ന്യായമായ ചിന്തയായിരുന്നു താനും. എന്നാല്‍ പള്ളി പൊളിക്കല്‍ ആസൂത്രിതമല്ലെന്ന് ഇന്ന് കോടതി പറയുമ്പോള്‍, പൊതുസമൂഹത്തിനു മുന്നില്‍ പഴയ ആ ഫോട്ടോകള്‍ പ്രകോപനമല്ല, മറിച്ചുള്ള തെളിവാണ്. ഇക്കാലത്തെങ്കിലും അവ വെളിച്ചം കാണേണ്ടതുമാണ്. അതാണ് പ്രവീണ്‍ ജെയ്ന്‍ ചെയ്തത്.
അദ്ദേഹം 1992-ല്‍ പയനിയര്‍ പത്രത്തിന്റെ ഫോട്ടോഗ്രാഫറാണ്. വി.എച്ച്.പി നേതാവ് ബി.എല്‍ ശര്‍മയുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഡിസംബര്‍ 5-ലെ പൊളിക്കല്‍ റിഹേഴ്‌സലും (അതേ, റിഹേഴ്‌സല്‍ വരെ നടന്നിരുന്നു!) 6-ലെ പൊളിക്കലും കാമറയില്‍ പകര്‍ത്തി. പത്രം, പക്ഷേ പ്രകോപനമൊഴിവാക്കാന്‍ ആ പടങ്ങള്‍ മാറ്റിവെച്ചു. കോടതിക്ക് തെളിവല്ലെങ്കിലും പൊതുസമൂഹത്തിനു മുമ്പാകെ അവ എത്തണമെന്ന തീരുമാനത്തില്‍ പ്രവീണ്‍ ജെയിന്റെ ആ പടങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ അല്‍ജസീറ വഴി പുറത്തെത്തിച്ചു. ഇപ്പോള്‍ ദ പ്രിന്റ്  പോര്‍ട്ടല്‍ വഴിയും (ജെയിന്‍ ഇപ്പോള്‍ പ്രിന്റിലാണ്).
മനോരമ അന്ന് മാറ്റിവെച്ച ആ പടങ്ങള്‍ ഇനി പുറത്തുവരുമോ? സി.ബി.ഐ കോടതിവിധിയെ പറ്റി ആ പത്രത്തിന്റെ പ്രതികരണത്തില്‍ ദൃശ്യമാകുന്ന അധികാരദാസ്യം സന്ദേഹമുണര്‍ത്തുന്നു. കോടതിവിധിയെ എഡിറ്റോറിയലില്‍ വിമര്‍ശിക്കാന്‍ മാതൃഭൂമി, കൗമുദി അടക്കം ആര്‍ജവം കാട്ടിയപ്പോള്‍ മനോരമ 'സമ്മിശ്ര പ്രതികരണ'ത്തെപ്പറ്റിയും 'നീതിയുടെ വൈകിയോട്ട'ത്തെപ്പറ്റിയും പറഞ്ഞ്, 'രാഷ്ട്രത്തിനേറ്റ മുറിവിനെ'പ്പറ്റി സാരോപദേശങ്ങള്‍ നല്‍കി, വിധിക്ക് നിശ്ശബ്ദമായ പിന്തുണ നല്‍കുകയാണ് ചെയ്തത് ('വിധിതീര്‍പ്പും ചരിത്രബോധ്യവും' എന്ന എഡിറ്റോറിയല്‍).
പള്ളി പൊളിക്കല്‍ പ്രത്യക്ഷമായ വിധ്വംസനമാണെങ്കില്‍, മാധ്യമരംഗത്ത് അങ്ങിങ്ങായി കാണുന്ന രോഗപ്പകര്‍ച്ച പരോക്ഷവും നിശ്ശബ്ദവുമായ മറ്റൊരു തകര്‍ച്ചയുടെ കൂടി നാന്ദിയാവാം. ഇത്രയൊക്കെ നടന്നിട്ടും പള്ളി പൊളിച്ചതിനെ ഭീകരകൃത്യമായി ആരും വിശേഷിപ്പിച്ചില്ല എന്നത് ശ്രദ്ധിച്ചില്ലേ? 


മുഖപ്രസംഗങ്ങളില്‍നിന്ന്

നീതി തരിപ്പണമായി
(പള്ളി തകര്‍ത്ത) സ്ഥലം സുപ്രീം കോടതി രാമക്ഷേത്രത്തിന് വിട്ടുകൊടുത്തപ്പോള്‍ പോലും പള്ളി പൊളിച്ചതിനെ അതിനീചമായ നിയമലംഘനമെന്ന് കോടതി വിശേഷിപ്പിച്ചത്, ചില അവസാന പ്രതീക്ഷകള്‍ ബാക്കിവെച്ചിരുന്നു, തെമ്മാടിക്കൂട്ടത്തെ ഇളക്കിവിട്ടവര്‍ക്ക് ശിക്ഷ നല്‍കിക്കൊണ്ട് നീതി നിര്‍വഹിക്കപ്പെടുമെന്ന്. പക്ഷേ അവസാന ശകലങ്ങളും ലഖ്‌നൗ കോടതി മനസ്സാക്ഷിയില്ലാത്ത വിധിയിലൂടെ നീക്കിക്കളഞ്ഞിരിക്കുന്നു.
മതനിരപേക്ഷതക്കും നിയമവാഴ്ചക്കുമെതിരെ ജുഡീഷ്യറി ഇങ്ങനെ നിരന്തരം ആഘാതമേല്‍പിച്ചാല്‍ സമുദായ സൗഹാര്‍ദത്തിന് താങ്ങാനാകില്ല (ദ ഹിന്ദു).

രാജ്യം വീണ്ടും വഞ്ചിക്കപ്പെടുന്നു (ദേശാഭിമാനി).

കുറ്റക്കാരില്ലാതായ കുറ്റകൃത്യം
ലോകം മുഴുവന്‍ വീര്‍പ്പടക്കിക്കണ്ട ഒരു സംഘടിത കുറ്റകൃത്യത്തിനു പിന്നില്‍ ആസൂത്രണമില്ലെന്നും തെളിവില്ലെന്നും വിശ്വസിക്കേണ്ടി വരുന്നത് നീതിബോധത്തിനുതന്നെ വെല്ലുവിളിയാണ് (ദീപിക).
മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിന് ആരും നേരില്‍ ഉത്തരവാദികളല്ലെന്ന സി.ബി.ഐ കോടതിയുടെ കണ്ടെത്തല്‍ നിയമജ്ഞരുടെ മാത്രമല്ല സാധാരണക്കാരുടെയും പുരികം ചുളിക്കുന്നത് തികച്ചും സ്വാഭാവികമാണ് (കേരള കൗമുദി).

മസ്ജിദ് തകര്‍ക്കപ്പെട്ടാല്‍ അതിനുള്ളില്‍ പ്രതിഷ്ഠിതമായ രാംലല്ല വിഗ്രഹത്തിനും കേടുപറ്റുമായിരുന്നു എന്ന് അശോക് സിംഗാള്‍ കരുതിയിരുന്നു എന്ന് കോടതി പറയുന്നു. ഇത്രയും വരുന്ന ആള്‍ക്കൂട്ടം അവിടെ എന്തിനെത്തി എന്ന സംശയം, പക്ഷേ പരാമര്‍ശവിധേയമായില്ല. ആള്‍ക്കൂട്ട മനശ്ശാസ്ത്രം വൈകാരികമാവാന്‍ കാരണമായത് എന്ത് എന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല (മാതൃഭൂമി).

വിചിത്ര വിധിന്യായം (ജനയുഗം)

അത്യന്തം സങ്കീര്‍ണവും വിവാദപൂര്‍ണവുമാണ് ഈ കേസിന്റെ ഇതുവരെയുള്ള നാള്‍വഴികള്‍.... ഇപ്പോഴുണ്ടായ വിധിയുടെ വിശദാംശങ്ങളെച്ചൊല്ലി ഇനിയുള്ള ദിവസങ്ങളിലും ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാവാം. ബഹുസ്വര സമൂഹത്തില്‍ അത് സ്വാഭാവികമാണു താനും (മലയാള മനോരമ).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി