Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

മുസ്‌ലിം കുടുംബങ്ങളില്‍നിന്ന് ഇസ്‌ലാം അന്യം നില്‍ക്കുമ്പോള്‍ സംഭവിക്കുന്നത്

എം.എസ്.എ റസാഖ്

സമകാലീന മുസ്‌ലിം കുടുംബങ്ങളില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന അപഭ്രംശങ്ങളുടെ വാര്‍ത്തകള്‍ ഏറെ ദുഃഖിപ്പിക്കുന്നതും ഒട്ടനവധി സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. സമൂഹഗാത്രത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ധാര്‍മികാധഃപതനത്തിന്റെ പ്രതിഫലനം കൂടിയാണിത്. വിവാഹപൂര്‍വ ബന്ധങ്ങളും വിവാഹബാഹ്യ ലൈംഗികതയും സര്‍വ സീമകളും ലംഘിച്ചുകൊണ്ടിരിക്കുന്നു. ആ ഗണത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ദാരുണ സംഭവമാണ് മാസങ്ങള്‍ക്കു മുമ്പ് കൊല്ലം  ജില്ലയിലെ ഒരു മുസ്‌ലിം ഭവനത്തില്‍ നടന്നത്. വധൂവരന്മാരുടെ കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിച്ച ശേഷം വരനും വീട്ടുകാരും ഏകപക്ഷീയമായി വിവാഹത്തില്‍നിന്ന് പിന്‍വാങ്ങിയതാണ് മുസ്‌ലിം യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുമ്പോഴാണ് കഥയുടെ കൂടുതല്‍ വിവരങ്ങള്‍ ചുരുളഴിയുന്നത്.
യുവതിയും യുവാവും നീണ്ട ഒമ്പത് വര്‍ഷം പ്രണയത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പിച്ച ശേഷം അവര്‍ വിവാഹിതരെ പോലെ ശരീരം പങ്കുവെച്ചിരുന്നുവെന്നും അത് പെണ്‍കുട്ടിയുടെ ഗര്‍ഭധാരണത്തിലേക്കും ഭ്രൂണഹത്യയിലേക്കും നയിച്ചിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വിവരങ്ങള്‍. ഇവിടെയാണ് വിഷയത്തിന്റെ മര്‍മം. പ്രായപൂര്‍ത്തിയായവരും മഹ്‌റമിന്റെ പരിധിയില്‍ വരാത്തവരുമായ യുവതിക്കും യുവാവിനും യഥേഷ്ടം വിഹരിക്കാന്‍ അവസരം ലഭിച്ചതാണ് വഴിവിട്ട ബന്ധങ്ങളിലേക്ക് വളര്‍ന്നത്. ഇത് കേവലം ഒറ്റപ്പെട്ട സംഭവമല്ല. സമാന സ്വഭാവമുള്ള വേറെയും സംഭവങ്ങളുണ്ട്.  ഭര്‍ത്താവും മക്കളുമുള്ള സ്ത്രീകള്‍ അന്യപുരുഷന്റെ കൂടെ ഒളിച്ചോടുക, ഭര്‍ത്താവ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റു സ്ത്രീകളുടെ കൂടെ കടന്നുകളയുക, ഒരേ മതത്തില്‍പെട്ടതോ അന്യ മതത്തില്‍പെട്ടതോ ആയ യുവതീയുവാക്കള്‍ പ്രണയബദ്ധരായി ഒളിച്ചോടുക, ഫേസ്ബുക്കില്‍ പ്രണയിക്കുക തുടങ്ങി പലതും നിത്യേനയെന്നോണം നടന്നുകൊണ്ടിരിക്കുന്നു. 
കുടുംബങ്ങളില്‍നിന്നു ഇസ്‌ലാമിക ജീവിത മൂല്യങ്ങള്‍ അന്യംനിന്നുപോകുന്നതിന്റെ ദുരന്തഫലമാണിത്. കുടുംബ സംവിധാനം, സന്താന പരിപാലനം, അന്യസ്ത്രീപുരുഷന്മാര്‍ തമ്മില്‍ സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും നിര്‍ബന്ധമായും പാലിക്കേണ്ട ഇസ്‌ലാമിക മര്യാദകള്‍ തുടങ്ങിയവ ഇസ്‌ലാമിക ശരീഅത്ത് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ജീവിതം ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളില്‍നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുന്നുവെന്ന് ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനങ്ങളില്‍നിന്ന് മനസ്സിലാക്കാം. നബി (സ) വളരെ വ്യക്തവും ശക്തവുമായ ഭാഷയില്‍ താക്കീതു നല്‍കുന്നു: 'നിങ്ങള്‍ ഒരാളും അന്യ സ്ത്രീയുമായി ഒറ്റക്കാവരുത്; മഹ്‌റമിന്റെ കൂടെയല്ലാതെ' (ബുഖാരി, മുസ്‌ലിം). വിവാഹം കഴിക്കല്‍ നിഷിദ്ധമായിട്ടുള്ളവരാണ് മഹ്‌റമുകള്‍. അത്തരത്തില്‍ വിവാഹം കഴിക്കല്‍ നിഷിദ്ധമല്ലാത്ത സ്ത്രീയും പുരുഷനും തനിച്ചാവുന്നതിനാണ് 'ഖല്‍വത്ത്' എന്ന് സാങ്കേതികമായി പറയുന്നത്. നബി (സ) പറയുന്നു: 'അന്യരായ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ തനിച്ചാവരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ക്കിടയില്‍ മൂന്നാമനായി പിശാചുണ്ടായിരിക്കും' (തിര്‍മിദി). അഹിതകരവും നിഷിദ്ധവുമായ കാര്യങ്ങളിലേക്ക് അവരെ അത് കൊണ്ടെത്തിക്കാന്‍ സാധ്യതയേറെയുണ്ടെന്നാണ് നബി (സ) പറഞ്ഞതിന്റെ പൊരുള്‍. ഹദീസുകളില്‍ പരാമര്‍ശിക്കുന്ന അപകടകരമായ 'സംരക്ഷിത മേഖല'യാണത്. സംരക്ഷിത മേഖലക്കു ചുറ്റും വിഹരിക്കുന്നതു പോലും പ്രവാചകന്‍ വിലക്കുകയുണ്ടായി. കാരണം പ്രവേശനമില്ലാത്ത സംരക്ഷിത മേഖലയിലേക്ക് കടന്നുകയറാന്‍ അത് നിമിത്തമാകും.  വ്യഭിചാരത്തെക്കുറിച്ച പരാമര്‍ശത്തില്‍ അല്ലാഹു പറയുന്നത്, 'നിങ്ങള്‍ വ്യഭിചാരത്തോട് സമീപിക്കരുത്' എന്നാണ്. വ്യഭിചാര വൃത്തിയിലേക്ക് കൊണ്ടെത്തിക്കുന്ന സാഹചര്യങ്ങളില്‍നിന്നും നിമിത്തങ്ങളില്‍നിന്നും അകന്നു നില്‍ക്കണമെന്നാണ്  ഇതിന്റെ താല്‍പര്യം. നബി (സ) പറയുന്നു: 'നിങ്ങള്‍ അന്യസ്ത്രീകളുടെ അടുക്കല്‍ പ്രവേശിക്കുന്നത് സൂക്ഷിക്കുക.' ഭര്‍ത്താവിന്റെ അടുത്ത കുടുംബങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്ന് അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ നബി(സ)യോട് ചോദിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: 'ഭര്‍ത്താവിന്റെ അടുത്ത കുടുംബം വളരെ നാശകരമാണ്' (ബുഖാരി). അവരുമായി ഇടപഴകുന്നത് കൂടുതല്‍ സൂക്ഷിക്കണമെന്നാണ് പ്രവാചക വചനത്തിന്റെ സന്ദേശം. ഇമാം നവവി (റ) പറയുന്നു: 'മൂന്നാമതൊരാളുടെ സാന്നിധ്യമില്ലാതെ ഒരു യുവാവ് അന്യസ്ത്രീയുമായി തനിച്ചാവുന്നതും സന്ധിക്കുന്നതും നിഷിദ്ധമാകുന്നു. പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം ഈ വിഷയത്തിലുണ്ട്'' (അല്‍ മജ്മൂഅ് 9/109). ജാബിര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ) അരുളി: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മഹ്‌റമിന്റെ സാന്നിധ്യത്തിലല്ലാതെ അന്യസ്ത്രീയുമായി തനിച്ചാവരുത്. മൂന്നാമനായി അവിടെ പിശാച് ഉണ്ടാകും' (അഹ്മദ്). 'കന്യകയല്ലാത്ത ഒരു സ്ത്രീയുടെ വീട്ടില്‍ അന്യനായ ഒരു പുരുഷനും അന്തിയുറങ്ങാന്‍ പാടില്ല, അവളുടെ മഹ്‌റമിന്റെയോ ഭര്‍ത്താവിന്റെയോ സാന്നിധ്യമില്ലാത്ത സാഹചര്യത്തില്‍ വിശേഷിച്ചും' (മുസ്‌ലിം). ഹസന്‍ ബസ്വരി(റ)യുടെ സാരോപദേശങ്ങളില്‍ പറയുന്നു: 'വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനാണെങ്കിലും നിങ്ങള്‍ അന്യസ്ത്രീയുമായി തനിച്ചാവരുത്.'
പ്രവാചകന്റെയും പ്രമുഖരായ ഇമാമുമാരുടെയും താക്കീതുകളും മുന്നറിയിപ്പുകളും നിലനില്‍ക്കെ അവ പ്രാവര്‍ത്തികമാക്കാന്‍ ബാധ്യസ്ഥരായ മുസ്‌ലിംകള്‍ അത്തരം നിര്‍ദേശങ്ങള്‍ അവഗണിക്കുന്നുവെന്നതാണ് യഥാര്‍ഥ പ്രശ്‌നം. അതാണ് നാം തുടക്കത്തില്‍ ഉദ്ധരിച്ചതുപോലെയുള്ള സംഭവങ്ങളുടെ അടിസ്ഥാന കാരണം. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ അവരുടെ സഞ്ചാരം, ബന്ധങ്ങള്‍, സുഹൃദ് വലയം, സോഷ്യല്‍ മീഡിയാ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ നിരീക്ഷിക്കുകയും തല്‍വിഷയത്തിലുള്ള ഇസ്‌ലാമികാധ്യാപനങ്ങള്‍ അവരെ പഠിപ്പിക്കുകയും ചെയ്യണം. പരിധിവിട്ടാലുണ്ടാകാവുന്ന അപകടങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും വേണം. മാതാപിതാക്കള്‍ മക്കളുടെ കാവലും കരുതലുമാകണം. ചെറുപ്പം മുതല്‍ മക്കളെ ഖുര്‍ആനും നബിചര്യയും സ്വഹാബികളുടെ ജീവിത മാതൃകയും പഠിപ്പിക്കുകയും നമസ്‌കാരം ശീലിപ്പിക്കുകയും ഇസ്‌ലാമിക വസ്ത്രധാരണം ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കുകയും ചെയ്യണം. പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. മഹ്‌റമിന്റെ വിധികള്‍ പഠിപ്പിക്കണം. മഹ്‌റമിന്റെ പരിധിയില്‍ പെടാത്ത അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും വീടകങ്ങളില്‍ അവര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അനുവാദം നല്‍കരുത്. ഗൃഹാന്തരീക്ഷത്തില്‍ ഇസ്‌ലാമിക ചിട്ടകള്‍ കണിശതയോടെ പാലിക്കപ്പെടണം. വീടിനു പുറത്ത് അന്യരായ യുവതീയുവാക്കള്‍ പരസ്പരം ഇടപഴകുമ്പോഴും പരിചയം വികസിച്ച് സൗഹൃദത്തിലേക്കും സൗഹൃദം ബന്ധങ്ങളിലേക്കും വികസിക്കാന്‍ അവസരം നല്‍കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ മക്കള്‍ക്കുണ്ടാവണം. ആ തിരിച്ചറിവ് പകര്‍ന്നുനല്‍കാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. സമകാലീന ജീവിതപരിസരത്ത് സോഷ്യല്‍ മീഡിയയുടെ വ്യാപനത്തോടെ അവയുടെ ഉപയോഗത്തില്‍ ഉയര്‍ന്ന മാനവിക മൂല്യങ്ങളും വ്യക്തിത്വവും കാത്തുസൂക്ഷിക്കാന്‍ യുവതലമുറ സ്വയം പ്രാപ്തരാകണം. സൗഹൃദങ്ങള്‍ ആവാം. അതിനെ നിശ്ചിത അതിര്‍വരമ്പുകളില്‍ നിര്‍ത്താന്‍ കഴിയണം. അതിരുകവിയുന്നിടത്ത് അരുത് എന്ന് ശക്തമായി പറയാന്‍ ഇഛാശക്തിയും തന്റേടവും കാണിക്കണം. അത്തരമൊരു ആര്‍ജവവും ഇസ്‌ലാമിക ബോധവും മക്കള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കുടുംബങ്ങള്‍ക്ക് ബാധ്യതയുണ്ട്. 'മക്കളുടെ സംസ്‌കരണത്തിന് പരിശ്രമിക്കുകയും മക്കളെ മതപരമായ ചിട്ടയില്‍ വളര്‍ത്തുകയും ചെയ്യുകയാണ് കുടുംബത്തിന്റെ ലക്ഷ്യമെ'ന്ന് ഇമാം ഗസ്സാലി (റ) ഇഹ്‌യായില്‍ പറയുന്നു. നബി (സ) അരുളി: 'നിങ്ങളുടെ മക്കളെ സംസ്‌കാരസമ്പന്നരാക്കുക. അവര്‍ക്ക് നല്ല മര്യാദകള്‍ പഠിപ്പിക്കുക' (ഇബ്‌നുമാജ). അവിടുന്ന് വീണ്ടും: 'നിങ്ങളുടെ മക്കളെയും കുടുംബത്തെയും ഉത്തമ പാഠങ്ങള്‍ പഠിപ്പിക്കുക. അവര്‍ക്ക് ഇസ്‌ലാമിക മര്യാദകള്‍ പഠിപ്പിക്കുക'' (മുസ്വന്നഫ് അബ്ദിര്‍റസാഖ്).
കുടുംബാന്തരീക്ഷത്തില്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ ഗൃഹനാഥനും ഗൃഹനായികയും ബാധ്യസ്ഥരാണ്. നബി (സ) പറഞ്ഞു: 'നിങ്ങളെല്ലാം ഭരണകര്‍ത്താക്കളാണ്. ഭരണീയരെ സംബന്ധിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. അമീറും ഒരു ഭരണകര്‍ത്താവാണ്. പുരുഷന്‍ വീട്ടുകാരുടെ ഭരണകര്‍ത്താവാണ്. സ്ത്രീ തന്റെ ഭര്‍തൃഭവനത്തിന്റെയും സന്താനങ്ങളുടെയും സംരക്ഷകയാണ്. ആകയാല്‍ നിങ്ങളേവരും ഭരണകര്‍ത്താക്കളും ഭരണീയരെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്' (ബുഖാരി, മുസ്‌ലിം). മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ സ്‌നേഹിക്കുകയും ലാളിക്കുകയും അംഗീകരിക്കുകയും ചെയ്യണം. ശിക്ഷണത്തോടൊപ്പം ആവശ്യഘട്ടത്തില്‍ ലഘുശിക്ഷയും നല്‍കേണ്ടതുണ്ടെങ്കില്‍ അതിനും തയാറാവണം. മക്കളെ ശ്രവിക്കാനും അവരോട് തുറന്നു സംസാരിക്കാനും കഴിയണം. സ്‌നേഹവും അംഗീകാരവും വീടുകളില്‍നിന്ന് കിട്ടാതാകുമ്പോള്‍ അവ പുറത്തുനിന്ന് ലഭിക്കാനിടയായാല്‍ സ്വീകരിക്കാന്‍ മക്കള്‍ തയാറാകും. അതിനു വഴിതുറന്നുകൊടുക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
മക്കള്‍ ജീവിതാലങ്കാരം ആണെന്നതോടൊപ്പം പരീക്ഷണോപാധിയാണെന്നുകൂടി ഖുര്‍ആന്‍ പറയുന്നു: ''സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാകുന്നു'' (അല്‍കഹ്ഫ് 46). ''നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (അല്‍അന്‍ഫാല്‍ 28). മക്കള്‍ ജീവിതാലങ്കാരമായിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ മാതാപിതാക്കള്‍ക്കുണ്ടാവണം. ഇസ്‌ലാമികാധ്യാപനങ്ങള്‍ അവര്‍ക്ക് പകര്‍ന്നുനല്‍കുകയാണ് അതിനു ചെയ്യേണ്ടത്. പുരുഷനും സ്ത്രീയും തങ്ങളുടെ ദൃഷ്ടികള്‍ സൂക്ഷിക്കുകയും ചാരിത്ര്യം സംരക്ഷിക്കുകയും ചെയ്യണമെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു. അന്യപുരുഷന്മാരുടെ മുമ്പാകെ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുതെന്ന് സ്ത്രീകളോടും പ്രത്യേകം ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ''പ്രവാചകരേ, വിശ്വാസികളോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ... വിശ്വാസിനികളോടും പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ സൂക്ഷിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ'' (അന്നൂര്‍ 30,31). മുസ്‌ലിംകള്‍ പൊതുവായി വളര്‍ത്തിയെടുക്കേണ്ട മഹിതമായ ജീവിതചര്യയും സംസ്‌കാരവുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അനിസ്‌ലാമിക വസ്ത്രധാരണം രക്ഷിതാക്കള്‍ മക്കള്‍ക്ക് വിലക്കണം. ഔറത്ത് മറയാതെ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് സ്വര്‍ഗീയ പരിമളം പോലും ആസ്വദിക്കാന്‍ കഴിയില്ലെന്ന് പ്രവാചകന്‍ (സ) പറയുന്നു: '...ചില സ്ത്രീകള്‍ വസ്ത്രം ധരിക്കുമെങ്കിലും ധരിക്കാത്തതുപോലെയാണ് (ഔറത്ത് വേണ്ട പോലെ മറയ്ക്കാത്തവരായിരിക്കും). ചാഞ്ഞും ചരിഞ്ഞും നടക്കുന്ന അവരുടെ ശിരസ്സ് ഒട്ടകത്തിന്റെ ചെരിഞ്ഞ പൂഞ്ഞ പോലെയാകും. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ അതിന്റെ പരിമളം ആസ്വദിക്കുകയോ ചെയ്യില്ല. അതിന്റെ സുഗന്ധം ഒരുപാട് വഴിദൂരം എത്തുന്നതാണ്' (മുസ്‌ലിം).
വസ്ത്രധാരണത്തിലെന്ന പോലെ സംസാരത്തിലും ധര്‍മനിഷ്ഠ പാലിക്കാന്‍ ബാധ്യതയുള്ളവരാണ് മുസ്‌ലിംകള്‍. സ്ത്രീകള്‍ അന്യപുരുഷന്മാരുമായും സുഹൃത്തുക്കളുമായും സംസാരിക്കുമ്പോള്‍ ഇസ്‌ലാമിക ശാസനകള്‍ മുറുകെപ്പിടിക്കണം. അല്ലാത്തപക്ഷം അത് ഒട്ടനവധി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അല്ലാഹു പറയുന്നു: ''പ്രവാചകപത്‌നിമാരേ, നിങ്ങള്‍ സാധാരണ വനിതകളെപ്പോലെയല്ല. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നവരാണെങ്കില്‍, മനസ്സില്‍ വൃത്തികേടുള്ളവര്‍ പ്രലോഭിതരാകുംവണ്ണം കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. പ്രത്യുത, നേരെ ചൊവ്വേ വര്‍ത്തമാനം പറയണം'' (അല്‍ അഹ്‌സാബ് 32). ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ സയ്യിദ് മൗദൂദി എഴുതുന്നു: ''ഈ സൂക്തങ്ങള്‍ അഭിസംബോധന ചെയ്യുന്നത് പ്രവാചക പത്‌നിമാരെയാണെങ്കിലും എല്ലാ മുസ്‌ലിം ഗൃഹങ്ങളിലും ഈ സംസ്‌കരണം നടപ്പിലാവുകയാണ് ലക്ഷ്യം. ഈ വിശുദ്ധമായ ജീവിതരീതി പ്രവാചകഗൃഹത്തില്‍നിന്ന് ആരംഭിക്കുകയാണെങ്കില്‍ മറ്റു വനിതകള്‍ സ്വയം അത് അനുകരിച്ചുകൊള്ളും എന്നതുകൊണ്ടു മാത്രമാണ് അഭിസംബോധിതര്‍ പ്രവാചകപത്‌നിമാരായത്.... ആവശ്യം നേരിടുമ്പോള്‍ ഏതു പുരുഷനോടും സംസാരിക്കുന്നതിന് വിരോധമില്ല. പക്ഷേ അത്തരം സന്ദര്‍ഭത്തില്‍, ആ സ്ത്രീയില്‍നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നതു സംബന്ധിച്ച ചിന്ത പോലും പുരുഷന്റെ മനസ്സിലൂടെ കടന്നുപോകാനിടയാകാത്തവിധത്തിലുള്ളതായിരിക്കണം അവളുടെ സ്വരവും സംഭാഷണ ശൈലിയും. കേള്‍ക്കുന്നവരില്‍ ദുര്‍വിചാരമുണര്‍ത്തുകയും കൂടുതല്‍ മുന്നോട്ടു പോകാന്‍ ധൈര്യപ്പെടുത്തുകയും ചെയ്യുന്നവിധം വാക്കുകള്‍ പ്രലോഭനീയവും ശൃംഗാരവുമായിക്കൂടാ, അവളുടെ സ്വരം അറിഞ്ഞുകൊണ്ട് മധുരിതമാക്കിക്കൂടാ. ആ രീതിയിലുള്ള സംസാരത്തെക്കുറിച്ച് അല്ലാഹു പറയുകയാണ്: അത് ദൈവഭയവും തിന്മ വര്‍ജിക്കണമെന്ന വിചാരവുമുള്ള സ്ത്രീകള്‍ക്ക് ഭൂഷണമല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അത് ദുര്‍നടപടിക്കാരും പിഴച്ചവരുമായ സ്ത്രീകളുടെ സംസാര രീതിയാണ്, വിശ്വാസിനികളും ഭക്തകളുമായ സ്ത്രീകളുടേതല്ല. ഇതോടൊപ്പം സൂറത്തുന്നൂറിലെ 31-ാം സൂക്തവും വായിച്ചുനോക്കേണ്ടതാണ്. തങ്ങള്‍ ഗുപ്തമാക്കിവെച്ച അലങ്കാരങ്ങള്‍ ആളുകളെ അറിയിക്കുന്നതിനു വേണ്ടി അവര്‍ നിലത്ത് കാലിട്ടടിച്ചു നടക്കരുത്. അല്ലാഹുവിന്റെ ഉദ്ദേശ്യം സ്ത്രീകള്‍ തങ്ങളുടെ സ്വരത്തിന്റെയോ ആഭരണത്തിന്റെയോ കിലുക്കം അന്യരെ കേള്‍പ്പിക്കരുതെന്നും അന്യപുരുഷന്മാരുമായി സംസാരിക്കേണ്ടത് ആവശ്യമായിവന്നാല്‍ തികഞ്ഞ അച്ചടക്കത്തോടെ സംസാരിക്കണമെന്നുമാണെന്ന് ഇതില്‍നിന്ന് സ്പഷ്ടമായി മനസ്സിലാക്കാം'' (തഫ്ഹീമുല്‍ ഖുര്‍ആന്‍). ഫോണ്‍ കോളുകളായാലും സന്ദേശമായാലും ആവശ്യമില്ലാതെയും വീണ്ടും വീണ്ടും വിളിക്കാനും സന്ദേശം കൈമാറാനും പ്രേരണ നല്‍കുന്ന തരത്തിലാകരുത് ഓരോരുത്തരുടെയും സമീപനം. ചാറ്റിംഗ് ചീറ്റിംഗിലേക്ക് വഴിതെറ്റാതിരിക്കാന്‍ അതിലേക്ക് നയിക്കാന്‍ ഇടവരുത്തുന്ന പഴുതുകള്‍ അടക്കുകയാണ് പരിഹാരം.
വിവാഹം ഉറപ്പിച്ചുവെങ്കിലും വിവാഹ ഉടമ്പടിയിലൂടെ നികാഹ് നടക്കുന്നതുവരെ വധൂവരന്മാര്‍ അന്യര്‍ തന്നെയാണ്. വിവാഹം ഉറപ്പിച്ചുകഴിയുന്നതോടെ വധൂവരന്മാര്‍ യഥേഷ്ടം ഫോണ്‍ വിളിയും സന്ദേശം കൈമാറലും ചാറ്റിംഗും ചില സന്ദര്‍ഭങ്ങളില്‍ ഒത്തുചേരലും നടത്തുന്നതായി കാണാം. ഇരുവര്‍ക്കും സ്വതന്ത്രമായി വിഹരിക്കാനുള്ള അനുമതി ലഭിച്ചുവെന്നാണ് ചിലര്‍ കരുതുന്നത്. ഇതിന് മൗനസമ്മതം നല്‍കുകയാണ് മിക്ക മാതാപിതാക്കളും. ഇസ്‌ലാമികദൃഷ്ട്യാ വിലയിരുത്തുമ്പോള്‍ ഈ പ്രവണത തികച്ചും തെറ്റും അപകടകരവുമാണ്. ഇതേ അപകടമാണ് ആദ്യം പറഞ്ഞ സംഭവത്തിലും നാം കാണുന്നത്. ഇസ്‌ലാം കര്‍ശനമായി വിലക്കിയ 'ഖല്‍വത്തി'ന്റെ പരിധിയില്‍ ഇക്കാര്യം വരുമെന്ന് തിരിച്ചറിഞ്ഞേ മതിയാകൂ. മഹ്‌റമിന്റെ സാന്നിധ്യത്തില്‍ വധൂവരന്മാര്‍ക്ക് പരിചയപ്പെടുന്നതിനോ ആശയവിനിമയം നടത്തുന്നതിനോ വിരോധമില്ല. അതു പക്ഷേ സ്വതന്ത്ര വിഹാരത്തിനുള്ള അനുമതിയല്ല. ഇത്തരത്തില്‍ സ്വാതന്ത്ര്യം അനുവദിക്കുന്നുവെങ്കില്‍ അത് സമൂഹത്തെ ധാര്‍മികാധഃപതനത്തില്‍ കൊണ്ടെത്തിക്കും.
ആദര്‍ശ സമൂഹമായ മുസ്‌ലിംകള്‍ ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ഉത്തരവാദപ്പെട്ട സംഘടനകളും പ്രസ്ഥാനങ്ങളും പ്രാദേശിക കൂട്ടായ്മകളും മഹല്ലുകളും സമുദായത്തെ ബോധവത്കരിക്കണം. മഹല്ലടിസ്ഥാനത്തില്‍ കുടുംബ -സംസ്‌കരണ ക്ലാസ്സുകളും പരിപാടികളും സംഘടിപ്പിച്ച്  മാതാപിതാക്കളെയും യുവതീയുവാക്കളെയും ഇസ്‌ലാമിക കുടുംബവ്യവസ്ഥയും വൈവാഹിക നിയമവും സദാചാര മൂല്യങ്ങളും പഠിപ്പിക്കണം. വഴിതെറ്റുന്ന യുവതയെ രക്ഷിക്കാന്‍ നമ്മുടെ വീടുകളില്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് പരിഹാരം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി