ഉന, ഉന്നാവ്, ഹാഥ്‌റസ്...ദലിതര്‍ ബി.ജെ.പിയെ തിരിച്ചറിയുന്നത് എന്നാണ്?
ദല്‍ഹി വംശഹത്യക്കു ശേഷം നമ്മുടെ നിയമപാലക സമൂഹം സ്വീകരിക്കുന്ന നടപടിക്രമങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ഹാഥ്റസ് ബലാത്സംഗത്തിനു ശേഷം എന്തായിരിക്കും സംഭവിക്കുകയെന്ന് പ്രവചിക്കുക കുറേക്കൂടി എളുപ്പമാണ്. കുറ്റമല്ല, കുറ്റത്തെ കുറിച്ച പൊതുബോധമാണ് ഭരണകൂടത്തെ സംബന്ധിച്ചേടത്തോളം പ്രധാനപ്പെട്ടതായി മാറുന്നത്. ദല്‍ഹിയില്‍ വംശഹത്യ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ബി.ജെ.പി നേതാക്കളാണെന്ന് ആരൊക്കെ തെളിവ് നിരത്തിയോ അവര്‍ക്കൊക്കെയും എതിരെ എഫ്.ഐ.ആറുകള്‍ ഇടാനുള്ള നീക്കങ്ങളാണല്ലോ പിന്നീടുണ്ടായത്. ബി.ബി.സിയുടെയും ടൈമിന്റെയും വാഷിംഗ്ടണ്‍ പോസ്റ്റിന്റെയുമൊക്കെ എഡിറ്റര്‍മാരെയാണ് ഇനി പ്രതിചേര്‍ക്കാനുള്ളത്. ദല്‍ഹി പോലീസിനോട് ഇക്കാര്യം കൂടി ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടാലും അത്ഭുതപ്പെടാനൊന്നുമില്ല. പുതിയ കാലത്തെ നിയമവാഴ്ചയുടെ തത്ത്വങ്ങള്‍ പ്രകാരം കലാപം നടത്തിയ ബി.ജെ.പിയേക്കാളേറെ, അതേക്കുറിച്ച് വാര്‍ത്ത നല്‍കിയവരും പ്രതിഷേധിച്ചവരുമൊക്കെയാണ് ഇന്ത്യയെ അപമാനിച്ചവര്‍. ഹാഥ്റസിലും അതിലപ്പുറമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ബലാത്സംഗം ചെയ്ത നാലു തെമ്മാടികളിലൊരുത്തന്റെ അപ്പന്‍ രാജ്യം ഭരിക്കുന്നവരുടെ അടുത്ത ശിങ്കിടിയായ സ്ഥിതിക്ക് ഈ കേസിനെ കുറിച്ച ഏത് അന്വേഷണവും രാജ്യത്തിനെതിരെയുള്ളതായി മുദ്രകുത്തപ്പെട്ടേക്കും. പ്രതിഷേധിക്കുന്നവരെ പാകിസ്താനില്‍നിന്ന് പണം കൈപ്പറ്റുന്ന അഞ്ചാംപത്തികളായി ചിത്രീകരിക്കാന്‍ ചാനലുകള്‍ രംഗത്തിറങ്ങും. ഭരണഘടനാ മൂല്യങ്ങള്‍ക്ക് 'ഹിന്ദു'വിരുദ്ധമെന്നും അതിലൂടെ 'രാജ്യ'വിരുദ്ധമെന്നുമുള്ള പുതിയ തരം വ്യാഖ്യാനമാണല്ലോ രൂപപ്പെടുന്നത്. ദല്‍ഹി മാത്രമല്ല, ഇന്ത്യ എന്ന രാജ്യത്തിന്റെ ചരിത്രം പോലും 2014-നു ശേഷമാണ് ആരംഭിച്ചതെന്ന് വിശ്വസിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍. ഈ പുത്തന്‍കൂറ്റുകാരുടെ കണ്ണില്‍ അങ്ങേയറ്റത്തെ മഹാപുരുഷനും പൊതുജനത്തിന്റെ കണ്ണില്‍ നിലവാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധം ജനാധിപത്യവിരുദ്ധനുമായ ഒരു ആഭ്യന്തരമന്ത്രിയുടെ മൂക്കിന്‍ചുവടെയാണ് ദല്‍ഹി. അവിടെ കലാപവും കൊള്ളിവെപ്പുമൊക്കെ നടന്നത് ഇദ്ദേഹം അറിഞ്ഞുകൊണ്ടാണെന്നും ആഗ്രഹിച്ചിട്ടാണെന്നും സാമാന്യബോധമുള്ളവരൊക്കെയും തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാലും അതാരും പരസ്യമായി പറയരുത്. ഇത്തരം സംഭവങ്ങളില്‍ ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിനകത്തുള്ള നികൃഷ്ട ചിന്തകളെയും നിലവാരശൂന്യതയെയുമല്ല, മറിച്ച് ആ വ്യക്തി ഇരിക്കുന്ന കസേരയെയും അത് പ്രതിനിധാനം ചെയ്യുന്ന രാജ്യത്തെയുമാണ് അപമാനിക്കുന്നതെന്നാണ് എല്ലാ വിമര്‍ശകരും മനസ്സിലാക്കേണ്ടത്. ആകയാല്‍ ആദിത്യനാഥ് എന്ന 'സന്യാസി' ഭരിക്കുന്ന യു.പിയെ കുറിച്ചും വായപൊത്തിക്കൊള്ളണം. ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനെതിരെ ജനരോഷം 'ഇളക്കിവിടുന്ന' രാഹുല്‍ ഗാന്ധിയും പ്രിയങ്കയുമൊക്കെ സാമൂഹിക കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരും ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുമൊക്കെയായി മാറുന്ന സാഹചര്യമാണ് പിന്നീട് രാജ്യത്തുണ്ടായത്. രാജ്യദ്രോഹമുള്‍പ്പെടെ 19 കേസുകള്‍ ഹാഥ്റസില്‍ പ്രതിഷേധിക്കാന്‍ പോയവര്‍ക്കു നേരെ യു.പി സര്‍ക്കാര്‍ എടുക്കുന്നതായാണ് ഇതെഴുതുന്ന ദിവസത്തെ റിപ്പോര്‍ട്ട്.
ബി.ജെ.പി ഭരണകാലത്ത് ഒന്നിനു പിറകെ മറ്റൊന്നായി ആവര്‍ത്തിക്കപ്പെടുകയും അതിവേഗം മറവിയിലേക്കു നീങ്ങുകയും ചെയ്യുന്ന ദലിത് പീഡനങ്ങളില്‍ ചില അസാധാരണമായ സമാനതകളുണ്ടെന്നു കാണാനാവും. പ്രതികള്‍ ഉന്നതജാതിക്കാരും ഇരകള്‍ താഴെത്തട്ടിലുള്ളവരുമായ കേസുകളാണ് ഇതില്‍ മഹാഭൂരിപക്ഷവും. ഇത്തരം കേസുകള്‍ കോണ്‍ഗ്രസ്സിന്റെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയുമൊക്കെ കാലത്ത് ഉണ്ടായിട്ടുണ്ടെങ്കിലും നിയമവാഴ്ചയുടെ കാര്യത്തില്‍ പരസ്യമായി അവരാരും പക്ഷം ചേര്‍ന്നിരുന്നില്ല. എന്നാല്‍ സമീപകാലത്ത് ഇന്ത്യയെ നാണംകെടുത്തിയ കത്വ, കത്ര, ഉന്നാവ് സംഭവങ്ങളിലൊക്കെ പ്രതികളെ സംരക്ഷിക്കാന്‍ ഭരണകൂടം ഏതറ്റം വരെയും പോയതാണ് ചിത്രം. മറുഭാഗത്ത് പ്രതികളില്‍ മറ്റു സമുദായങ്ങളോ അവര്‍ണരോ ഉണ്ടെങ്കില്‍ ഇതല്ല ബി.ജെ.പിയും അവര്‍ നയിക്കുന്ന ഗവണ്‍മെന്റുകളും സ്വീകരിക്കുന്ന നിലപാട്. ഹൈദറാബാദില്‍ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ നാലു പ്രതികളെ പോലീസ് വെടിവെച്ചുകൊന്നപ്പോള്‍ 'അതാണ്‍ട്രാ മോദി ഭരണ'മെന്ന് സൈബറിടങ്ങളില്‍ ആര്‍ത്തുവിളിക്കുകയാണ് സംഘ് പരിവാര്‍ ചെയ്തത്. അതേ കൂട്ടരാണ് ഹാഥ്റസിലെ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലിട്ട് ഇപ്പോഴും മാനഭംഗപ്പെടുത്തുന്നത്. ബി.ജെ.പിയുടെ ഒരു എം.എല്‍.എ, അതായത് നിയമ നിര്‍മാണ സഭയിലെ അംഗം പറഞ്ഞത് പെണ്‍കുട്ടികളുടെ വളര്‍ത്തുദോഷമാണ് ഇത്തരം സംഭവങ്ങളുടെ മൂലകാരണം എന്നായിരുന്നു. ബലാത്സംഗം നടന്നിട്ടില്ല എന്ന് സ്ഥാപിച്ചെടുക്കാനായി രാജ്യത്തെ സകലമാന സൈബര്‍ ഗുണ്ടകളെയും രംഗത്തിറക്കിയിട്ടും പോരാഞ്ഞ് കാശു കൊടുത്ത് ഒരു പി.ആര്‍ ഏജന്‍സിയെ കൂടി നിയമിച്ചിരിക്കുകയാണ് ആദിത്യനാഥ് സര്‍ക്കാര്‍. ഇത്തരം കേസുകളില്‍ ഇതാദ്യമായല്ല സര്‍ക്കാറുകള്‍ ദലിതന്റെ എതിര്‍പക്ഷത്തു നിന്നത്. ബദായൂനിലെ കത്രയില്‍ 2014-ല്‍ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന രണ്ട് ദലിത് പെണ്‍കുട്ടികളുടെ കേസ് ഉദാഹരണം. യു.പിയില്‍ ബി.ജെ.പി തൂത്തുവാരി ജയിച്ച 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിറകെയായിരുന്നു ഈ സംഭവം. അന്ന് സി.ബി.ഐ എന്തായിരുന്നു ചെയ്തതെന്ന് രാജ്യം കണ്ടതാണ്. ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം തൊട്ടു പിറകെ നടക്കാനിരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക സമുദായത്തെ ഒപ്പം നിര്‍ത്തലായിരുന്നു പ്രധാനം. ഈ കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാനായി കത്രയില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പോക്‌സോ കോടതി ഒടുവില്‍ സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്ന നാണംകെട്ട സാഹചര്യം പോലുമുണ്ടായി. കോണ്‍ഗ്രസിന്റെ കാലത്ത് സി.ബി.ഐ കൂട്ടിലിട്ട തത്ത ആയിരുന്നുവെങ്കില്‍ ബി.ജെ.പിയുടെ കാലത്ത് അതൊരു ക്വട്ടേഷന്‍ സംഘമായി മാറുന്നതാണ് രാജ്യം കണ്ടത്.
വരാന്‍ പോകുന്ന കാലത്ത് കോടതികള്‍ വിധി പറയുക ഒരുപക്ഷേ 1992-ലെ ബന്‍വാരി ദേവി കേസിന്റെ മാതൃകയില്‍ പോലുമായേക്കാം. ബന്‍വാരി ദേവിയെ ഗ്രാമത്തിലെ സവര്‍ണ ജാതിക്കാര്‍ കൂട്ട ബലാത്സംഗം ചെയ്ത കേസിന്റെ സുദീര്‍ഘമായ വിചാരണക്കൊടുവില്‍ 1995-ല്‍ ഒരു ജഡ്ജി വിധി പറഞ്ഞത് അതൊരിക്കലും സംഭവിക്കാനിടയില്ല എന്നാണ്. താഴ്ന്ന ജാതിക്കാരിയായ ബന്‍വാരി ദേവിയെ ബലാത്സംഗം ചെയ്യുക വഴി ഉയര്‍ന്ന ജാതിക്കാരായ പ്രതികള്‍ അവരുടെ ജാതിവിശുദ്ധി കളഞ്ഞുകുളിക്കാനിടയില്ലത്രെ! ഹാഥ്റസ് സംഭവത്തില്‍ പ്രദേശത്തെ താക്കൂര്‍മാരുടെ വാദവും ഇതു തന്നെയാണ്. ഈ കേസിലുള്‍പ്പെട്ട യുവാക്കളുടെ ജീവിതം തകരുന്നതാണ് നിലവില്‍ അവരുടെ പ്രശ്നം. അവര്‍ പിച്ചിച്ചീന്തിയ ഒരു പാവം പെണ്‍കുട്ടിയെ കുറിച്ച താക്കൂറുകളുടെ ചെറിയൊരു പരിദേവനം പോലും ഈ ഗ്രാമത്തിലേക്കു പോയ മീഡിയക്ക് റിപ്പോര്‍ട്ട് ചെയ്യാനായിട്ടില്ല. ഉത്തരേന്ത്യയില്‍ നിങ്ങള്‍ കണ്ടുമുട്ടാനിടയുള്ള ഏറ്റവും തെമ്മാടികളായ ഈ വിഭാഗം ചിന്തിക്കുന്നത് മറ്റുള്ളവരെ പാഠം പഠിപ്പിക്കാന്‍ അവര്‍ക്കെന്തോ പ്രത്യേക അവകാശമുണ്ടെന്നാണ്. 48 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രതാപ്ഗഢ് കുണ്ടയിലെ രഘുനാഥ് പ്രതാപ് സിംഗ് എന്ന രാജാഭയ്യ ഉദാഹരണം. ഇപ്പോഴയാള്‍ ബി.ജെ.പിയോടൊപ്പമാണ്. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്, ധനഞ്ജയ് സിംഗ് തുടങ്ങിയ യു.പിയിലെ ബി.ജെ.പി നേതാക്കളും അറിയപ്പെട്ട ഗുണ്ടകളാണ്. യു.പിയിലെ ക്രമിനലുകളെ മുഴുവന്‍ തുടച്ചുനീക്കുമെന്ന് വീമ്പിളക്കുന്ന ആദിത്യനാഥിന്റെ പാര്‍ട്ടിയില്‍നിന്നാണ് 2019-ല്‍ ഏറ്റവുമധികം ക്രിമിനലുകള്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. ഗുണ്ടാ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം നിറഞ്ഞുനില്‍ക്കുന്ന സമുദായം താക്കൂറുകളുടേതാണ്. ജനസംഖ്യാപരമായി കേവലം എട്ട് ശതമാനം മാത്രമേ ഉള്ളൂവെങ്കിലും സംസ്ഥാനത്തെ ഭൂമിയുടെ 65 ശതമാനവും കൈയടക്കിവെച്ച ഇക്കൂട്ടര്‍ ദലിത് സമൂഹത്തോട് ചെയ്തുകൂട്ടിയ അക്രമങ്ങള്‍ക്ക് കൈയും കണക്കുമില്ല. ജാതിക്കോമരങ്ങളായ സകല ജന്മികളെയും പാവപ്പെട്ട ദലിതര്‍ വിശേഷിപ്പിക്കുന്നതു പോലും താക്കൂര്‍ സാബ് എന്നായി മാറി. അധികാരത്തിലെത്തുമെങ്കില്‍ രാഷ്ട്രീയം ഒരു വിഷയമേയല്ലാത്ത കടുത്ത ജാതിബോധമുള്ള ഈ സമൂഹമാണ് യു.പിയിലെ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ നിശ്ചയിക്കുന്നത്. ബി.ജെ.പിക്കു മുമ്പുള്ള കാലത്ത് മായാവതിയെ പോലും തുണച്ച ചരിത്രം ഇവര്‍ക്കുണ്ട്. യു.പിയുടെ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട വര്‍ഗീയ പശ്ചാത്തലമുള്ള, കൊലപാതകങ്ങളടക്കം ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന, അതിലൊന്നില്‍ ഇപ്പോഴും വിചാരണ നേരിടുന്ന അജയ് ബിഷ്ട് എന്ന ആദിത്യനാഥ് മുഖ്യമന്ത്രി പദവിയിലിരിക്കുന്നത് താക്കൂറുകളുടെ ആത്മബലത്തെ മുമ്പെന്നെത്തേക്കാളും വര്‍ധിപ്പിച്ചിരിക്കുന്നു. ഗൊരഖ്പൂരിലെ ഡോ. തലത്ത് അസീസിന്റെ ഡ്രൈവറെ വധിച്ച കേസൊഴികെ ബാക്കിയുള്ളവ മുഴുവന്‍ ഇരകളെ അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയാണ് ആദിത്യനാഥ് ചെയ്തത്. ക്രിമിനലുകളാണ് ഭരണത്തെ ഇപ്പോള്‍ നിര്‍വചിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഇതിന്റെയൊക്കെ ഏറ്റവും ലളിതമായ ഉസാഘു.
ഹാഥ്റസ് സംഭവം നീറിപ്പുകയുന്നതിനിടെ, കഴിഞ്ഞ മാസം അവസാന വാരത്തിലാണ് ലഖ്‌നൗവില്‍ കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് എന്ന മനുഷ്യാവകാശ സംഘടനയും അസോസിയേഷന്‍ ഫോര്‍ അഡ്വക്കസി ആന്റ് ലീഗല്‍ ഇനീഷ്യേറ്റീവ്സ് എന്ന അഭിഭാഷക സംഘടനയും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ നീതിവാഴ്ചയെ കുറിച്ച് ഒരു സര്‍വേ പുറത്തിറക്കിയത്. ഹാഥ്റസിലെ പെണ്‍കുട്ടി മരണപ്പെടുന്നതിന് ഒരു ദിവസം മുമ്പായിരുന്നു അത്. ദലിതര്‍ക്കു നേരെ നടക്കുന്ന ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ യു.പി സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യമില്ലായ്മയാണ് ഈ റിപ്പോര്‍ട്ട് എടുത്തു പറഞ്ഞത്. സ്ത്രീപീഡകരുടെ കാര്യത്തില്‍ ഒരു നടപടിയും എടുക്കാറില്ലെന്നു മാത്രമല്ല, ഇരകളെ പേടിപ്പിച്ചും നാണം കെടുത്തിയും സര്‍ക്കാറിന്റെ 'പ്രതിഛായ' എങ്ങനെയാണ് യു.പി പോലീസ് സംരക്ഷിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ബലാത്സംഗത്തിനിരയായ ഒരു പെണ്ണും ജീവിതത്തിലൊരിക്കല്‍കൂടി യു.പിയില്‍ ഒരു പോലീസ് സ്റ്റേഷന്റെയും പടി ചവിട്ടുന്നില്ലെന്ന് ആദിത്യനാഥും കൂട്ടരും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ക്രമസമാധാന പാലന റെക്കോര്‍ഡ് എങ്ങനെ ഇന്ത്യയിലെ 'ഏറ്റവും മികച്ചതാ'യി മാറുന്നുവെന്നും സ്ത്രീകളുടെ കാര്യത്തില്‍ കൃത്യമായി കേസുകള്‍ എടുക്കുന്ന സംസ്ഥാനങ്ങള്‍ എങ്ങനെ ക്രമസമാധാന പട്ടികയില്‍ പിന്നാക്കം പോകുന്നുവെന്നും ഈ റിപ്പോര്‍ട്ട് സൂചന നല്‍കുന്നുണ്ട്.
ഈ റിപ്പോര്‍ട്ടിലൊരിടത്ത് അംറോഹയില്‍ നടന്ന ഒരു ബലാത്സംഗത്തിന്റെ വിശദാംശങ്ങള്‍ എടുത്തു പറയുന്നുണ്ട്. പത്തൊമ്പതുകാരിയായ പെണ്ണിനെ അയല്‍വാസിയായ ചെറുപ്പക്കാരനാണ് ബലാത്സംഗം ചെയ്തത്. പരാതിയുമായി സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയോട് ചെറുപ്പക്കാരനെ വിവാഹം കഴിക്കാനും രണ്ട് സമുദായങ്ങളും തമ്മില്‍ ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പുണ്ടാക്കാനുമാണ് സബ് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചത്! സ്വന്തം വീട്ടിലേക്ക് പെണ്‍കുട്ടിയെ ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നറിയിച്ച യുവാവ് അവളെ തല്‍ക്കാലം അമ്മാവന്റെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. വിത്തുഗുണം പത്തുഗുണം, അമ്മാവനും അവളെ ബലാത്സംഗത്തിനിരയാക്കുകയും ഒടുവില്‍ ഏതോ ബസ് സ്റ്റാന്റില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു! ഈ സംഭവത്തില്‍ പോലീസ് കേസെടുത്തത് 111 ദിവസങ്ങള്‍ പിന്നിട്ടതിനു ശേഷമായിരുന്നു. മറ്റൊരു ബലാത്സംഗ കേസില്‍ 286 ദിവസങ്ങള്‍ക്കു ശേഷം കോടതി ഇടപെട്ടതിലൂടെ മാത്രം കേസെടുത്ത സംഭവവും യു.പിയില്‍ ഉണ്ടായി. സവര്‍ണരായ പ്രതികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികളുടെയുമൊക്കെ കാര്യത്തില്‍ ഇരകളെ വിശ്വസിക്കാനും കേസുകളുമായി മുന്നോട്ടു പോകാനും തയാറുള്ള എത്ര പോലീസ് ഉദ്യോഗസ്ഥര്‍ യു.പിയില്‍ ഉണ്ടെന്ന് വേറെ തന്നെ കണക്കെടുക്കേണ്ട കാലമെത്തി.
ബി.ജെ.പിയുടെ എം.എല്‍.എയായ കുല്‍ദീപ് സെങ്കാര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗ കേസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വധിക്കാനുള്ള ശ്രമത്തിനും സാക്ഷികളെ വാഹനമിടിച്ച് കൊലപ്പെടുത്തുന്നതിനുമൊക്കെ രാജ്യം സാക്ഷിയായി. ബി.ജെ.പിയുടേതല്ലാത്ത മറ്റേതെങ്കിലും മുഖ്യമന്ത്രി ഭരിച്ച സംസ്ഥാനത്തായിരുന്നുവെങ്കിലും പ്രതി മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ എം.എല്‍.എ ആയിരുന്നുവെങ്കിലും കാണാമായിരുന്നു 'ധാര്‍മിക രോഷം.' ഈ കേസ് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വിചാരണ ദല്‍ഹിയിലേക്ക് മാറ്റിയിരുന്നില്ലെങ്കില്‍ സെങ്കാര്‍ ഇന്നും ജനകോടികളുടെ കണ്ണിലുണ്ണിയായി വിലസിയേനെ. ആദിത്യനാഥിന്റെ ഭരണകാലത്ത് താക്കൂറുകള്‍ പ്രതികളായ കേസുകളുടെ എണ്ണം, അതായത് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതമായവ, കുത്തനെയാണ് കൂടിയത്. ഷാജഹാന്‍പൂരിലും ഗൊരഖ്പൂരിലുമൊക്കെ സമാന രീതിയിലുള്ള ബലാല്‍ക്കാരങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആധ്യാത്മിക ആചാര്യന്റെ വേഷം കെട്ടി നടക്കുന്ന ആദിത്യനാഥിന്റെ ഗൊരഖ്പൂരില്‍ മാത്രം കിരാതമായ രണ്ട് ബലാത്സംഗങ്ങളാണ് താഴ്ന്ന ജാതിക്കാര്‍ക്കു നേരെ കഴിഞ്ഞ മാസം മാത്രം അരങ്ങേറിയത്. അതിലൊന്നില്‍ പെണ്‍കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. രണ്ടാമത്തേതിലും പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടിയായിരുന്നു ഇര. ഈ കുട്ടിയെ സിഗരറ്റ് കത്തിച്ച് ദേഹമാസകലം പൊള്ളിക്കുകയും ചെയ്തു. ഇതേ വര്‍ഷം ഫെബ്രുവരിയിലാണ് രണ്ടു പോലീസുകാര്‍ 20 വയസ്സുകാരിയെ ഗൊരഖ്പൂരില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. നിയമപാലകര്‍ മുതല്‍ നാട്ടുപ്രമാണിമാര്‍ വരെ ചേര്‍ന്ന് തീരുമാനിക്കുന്ന ദലിതന്റെ ഉത്തര്‍പ്രദേശ് ജീവിതത്തിന്റെ ചില സാമ്പിളുകള്‍ മാത്രമാണിത്.
മുസഫര്‍നഗര്‍ കലാപകാലത്ത് ജാട്ടുകള്‍ ബലാത്സംഗം ചെയ്ത ഏഴു സ്ത്രീകളെങ്കിലും അക്കാര്യം തുറന്നുപറയാനും നിയമനടപടികളുമായി മുന്നോട്ടു പോകാനും തയാറായി രംഗത്തു വന്നിരുന്നു. അതില്‍ മൂന്നു പേരെയെങ്കിലും ഈ ലേഖകന്‍ നേരില്‍ കാണുകയും മൊഴികള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. കലാപക്കേസുകളുടെ പില്‍ക്കാല ചരിത്രത്തില്‍ അവരൊന്നും പിന്നീട് എവിടെയും ഇടം കണ്ടെത്തിയില്ല. പരിശോധനയില്‍ ബീജം കണ്ടെത്താനായില്ലെന്നോ സ്ത്രീകള്‍ നുണ പറയുകയാണെന്നോ ഒക്കെ പോലീസ് സ്റ്റേഷനില്‍ തന്നെ തീര്‍പ്പു കല്‍പ്പിച്ച് അടച്ചുപൂട്ടിയ കേസുകളായിരുന്നു അവ. സംഭവം നടന്ന് ആഴ്ചകള്‍ക്കു ശേഷം ചില വനിതാ സംഘടനകള്‍ ഇടപെട്ടതുകൊണ്ടായിരുന്നു കേസ് പോലീസ് സ്റ്റേഷനില്‍ എത്തിയതെന്നോര്‍ക്കുക. യു.പിയിലെ ബി.ജെ.പിയെ നാടു ഭരിക്കുന്ന ബി.ജെ.പിയാക്കാന്‍ സഹായിച്ച ഈ കലാപത്തിലുള്‍പ്പെട്ടവരുടെ കേസുകള്‍ കൂട്ടത്തോടെ എഴുതിത്തള്ളിയ ആദിത്യനാഥ് എന്തിന് ഈ പാവം പിടിച്ച സ്ത്രീകളുടെ കാര്യത്തില്‍ മാത്രമായി നീതി നടപ്പാക്കണമായിരുന്നു? ഇങ്ങനെ എത്രയെത്ര കേസുകള്‍! 3,78,726 അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കുനേരെ നടന്നതായാണ് നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന കണക്കുകളിലുള്ളത്. പരാതികളുമായി പോലീസിനെ സമീപിച്ച കേസുകള്‍ മാത്രമാണിത്. ഇതില്‍ 32,033 കേസുകള്‍ ബലാത്സംഗമായിരുന്നു. 7.6 ശതമാനം വര്‍ധനയാണ് ഈ ഒറ്റ വര്‍ഷത്തിലുണ്ടായത്. ഒരു ലക്ഷം സ്ത്രീകളില്‍ 58.8 ശതമാനം പേര്‍ 2018-ല്‍ അക്രമങ്ങള്‍ക്ക് വിധേയരായെങ്കില്‍ 2019-ല്‍ അത് 62.4 ശതമാനമായി വര്‍ധിച്ചു.
പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് ആയിരിക്കാം ഒരുപക്ഷേ ഇന്ത്യയില്‍ ഏറ്റവുമധികം ദലിത് പീഡനം നടക്കുന്ന സംസ്ഥാനം. ഉനയിലെ ചാട്ടയടി സംഭവത്തിനു ശേഷം സംസ്ഥാനത്തു കൂടെ നടത്തിയ യാത്രയില്‍, പ്രധാനമന്ത്രിയുടെ ജില്ലയായ മെഹ്സാനയില്‍ പോലും ഉയര്‍ന്ന ജാതിക്കാര്‍ ഊരുവിലക്കിയ ദലിത് കോളനികളുണ്ടെന്ന് കണ്ടെത്താനായി. മകളെ ശല്യം ചെയ്തതിന് കേസ് കൊടുത്തതിന് അവിശ്വാസ പ്രമേയത്തിലൂടെ ഉയര്‍ന്ന ജാതിക്കാര്‍ പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് ചന്ദുഭായി അധ്യക്ഷനായിരുന്ന നോര്‍ത്തോല്‍, മെഹ്സാനയില്‍ നിന്നും കഷ്ടിച്ച് പത്തു കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമമാണ്. ഇന്ത്യയുടെ മാതൃകാ സംസ്ഥാനമായി കൊട്ടിഘോഷിക്കപ്പെട്ട മോദിയുടെ ഭരണസിരാകേന്ദ്രത്തില്‍നിന്ന് വിളിപ്പാടകലെ ആയിരുന്നു സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ അനുവാദമില്ലാത്ത പഞ്ചായത്ത് പ്രസിഡന്റ് വിനുഭായി മക്വാന 'ഭരിച്ച' രസ്‌ക എന്ന ഗ്രാമം. എന്തിനേറെ പ്രധാനമന്ത്രിയുടെ ജന്മഗ്രാമത്തിലേക്കുള്ള വഴിയില്‍, കഷ്ടിച്ച് നാലു കിലോമീറ്റര്‍ മുമ്പെ, ദലിതന് മുടി മുറിക്കാന്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കുണ്ടായിരുന്ന ഒരു ഗ്രാമം സ്ഥിതിചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസില്‍ എന്തോ ആവശ്യത്തിന് ചെന്ന ദലിതനെ ചെക്ടത്തടിച്ച പട്ടേല്‍ സമുദായത്തില്‍ പെട്ട ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിന് നന്ദാലിയിലേക്കുള്ള വഴിയടച്ച് കുടിവെള്ളം പോലും വിലക്കുകയാണ് സവര്‍ണര്‍ ചെയ്തത്. ലക്ഷ്മിപുര എന്ന ഗ്രാമത്തില്‍ ദലിതന് കക്കൂസ് പണിയാന്‍ അവന്റെ പറമ്പിലൂടെ വഴിനടക്കുന്ന മേല്‍ജാതിക്കാരന്‍ അനുവാദം നല്‍കുന്നില്ലെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അതും മെഹ്സാനയിലായിരുന്നു. സ്വഛഭാരത് കോലാഹലങ്ങള്‍ക്കിടയില്‍ വിഷയം ദേശീയതലത്തില്‍ വാര്‍ത്തയായപ്പോഴാണ് ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ട് ഒടുവില്‍ അനുമതി ലഭിച്ചത്. 64,000 ശുചീകരണത്തൊഴിലാളികള്‍ ഗുജറാത്തില്‍ മാത്രം തോട്ടിപ്പണി ചെയ്യുന്നുണ്ടെന്ന കണക്കും 2016-ല്‍ പുറത്തുവന്നിരുന്നു.
ജാതിഘടനയില്‍ തൊട്ടു മുകളിലുള്ളവര്‍ക്കു പോലും കൈവെക്കാവുന്ന ആള്‍ക്കൂട്ടമായി ദലിതര്‍ മാറിയതാണ് ഇന്ന് യു.പിയിലെ ചിത്രം. ബദായൂനിലെ കത്ര ബലാത്സംഗ കേസില്‍ ജാതിപരമായി മൗര്യയും ശാഖ്യയും തമ്മിലുള്ള വ്യത്യാസവും ഇതിലാരാണ് ഒ.ബി.സി, ആരാണ് പട്ടികജാതി എന്ന ചോദ്യവും അക്കാലത്ത് ദേശീയ മാധ്യമങ്ങളില്‍ ഉയര്‍ന്നതോര്‍ക്കുക. പ്രതികള്‍ ഒ.ബി.സി ആയതു കൊണ്ട് ഇരകളും അവരും തമ്മിലുള്ള ജാതിസംഘര്‍ഷമല്ല ബലാത്സംഗത്തിന് കാരണമായതെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു ഈ തര്‍ക്കം ഉയര്‍ത്തിക്കൊണ്ടുവന്നത്. ദലിതന്‍ പക്ഷേ എക്കാലത്തും ദലിതന്‍ മാത്രമായിരുന്നു. ബി.എസ്.പിയുടെ ആദ്യകാല സര്‍ക്കാറുകളുടെ കാലത്ത് യു.പിയില്‍ താരതമ്യേന ഭേദപ്പെട്ട നിയമവാഴ്ച ഉണ്ടായിരുന്നുവെങ്കില്‍ പോലും പാര്‍ട്ടിയുടെ സ്ഥാപക നേതാവ് കാന്‍ഷിറാം കൊണ്ടുവരാന്‍ ശ്രമിച്ച സാമൂഹിക വിപ്ലവത്തില്‍ മായാവതി വെള്ളം ചേര്‍ക്കുകയാണ് പിന്നീടുണ്ടായത്. ദലിതന്റെ അധികാരത്തിനായി സവര്‍ണനെ കൂട്ടുപിടിക്കുക എന്ന മായാവതിയുടെ അടവുനയം സ്വന്തം അധികാരത്തിനു വേണ്ടി മാത്രമായി ചുരുങ്ങുകയും സവര്‍ണന്‍ ക്രമേണ പഴയ ജാതിമേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുകയുമായിരുന്നു യു.പിയില്‍. ഇന്ന് മായാവതി അപ്രസക്തമാവുകയും ചന്ദ്രശേഖര്‍ ആസാദ് എന്ന പുതിയ നേതാവ് ഉയര്‍ന്നുവരികയും ചെയ്യുന്നതിന്റെ പശ്ചാത്തലം അതാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇടപെടുന്നതുവരെ ഹാഥ്റസ് സംഭവത്തില്‍ ചില ഒഴുക്കന്‍ പ്രസ്താവനകള്‍ നടത്തുക മാത്രമാണ് മായാവതി ചെയ്തത്. വാല്‍മീകികളുടെയും ചമാറുകളുടെയും പാര്‍ട്ടിയുടെ വോട്ടുബാങ്കിലേക്ക് മിശ്രയും വര്‍മയും ശര്‍മയുമൊക്കെ ഇടക്കാലത്ത് കൂട്ടിയ ആളെണ്ണം ഇപ്പോഴും കൂടെയുണ്ടെന്ന മിഥ്യാബോധമാണ് മായാവതിക്കു വിലങ്ങായി മാറിയത്.
ദലിതനും സവര്‍ണനും തമ്മിലുള്ള ബന്ധം സവര്‍ണന്റെ അധികാരം നിലനിര്‍ത്തുന്നതില്‍ മാത്രമാണ് അന്തിമമായി ഗുണം ചെയ്തത് എന്ന് യു.പിയിലെ പിന്നാക്ക സമുദായങ്ങള്‍ തിരിച്ചറിയുന്നുണ്ട്. വിശാല ഹിന്ദുമതം എന്ന ആര്‍.എസ്.എസ് സിദ്ധാന്തമൊക്കെ വെറും പകല്‍ക്കിനാവാണെന്നും ഇരു സമുദായങ്ങളും ഒരിക്കലും തമ്മില്‍ ചേരുന്നവയല്ലെന്നുമുള്ള കാന്‍ഷിറാം കാഴ്ചപ്പാടിലൂന്നിയാണ് ചന്ദ്രശേഖര്‍ രംഗത്തുള്ളത്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ബ്രാഹ്മണന്‍ ഒരു മിഥ്യയാണെന്നും ജാതി ബ്രാഹ്മണനും മതേതര ബ്രാഹ്മണനും പരസ്പരം താങ്ങി നിര്‍ത്തുകയാണ് ചെയ്യുന്നതെന്നും അംബേദ്കറും നിരീക്ഷിച്ചിരുന്നു. ഈ അടിസ്ഥാന സിദ്ധാന്തങ്ങളൊക്കെ കൈയൊഴിച്ച് സുഖലോലുപ ജീവിതം നയിക്കുന്നതിനു വേണ്ടി മായാവതി വിട്ടുവീഴ്ചകള്‍ ചെയ്തു. ദലിതന്റെ അടിസ്ഥാന ജീവിതത്തില്‍ ഒരു മാറ്റവും അവര്‍ക്ക് കൊണ്ടുവരാനായിട്ടില്ലെന്നാണ് യു.പിയുടെ നിലവിലുള്ള ചിത്രം തെളിയിക്കുന്നത്. ബി.ജെ.പി പാര്‍ലമെന്റംഗം രാഘവ് ലഖന്‍പാലിന്റെ ആശീര്‍വാദത്തോടെ സഹാറന്‍പൂരിലെ ദലിത് കോളനിയില്‍ അഴിഞ്ഞാടിയ താക്കൂര്‍ സമുദായത്തെ കായികമായി തന്നെ നേരിട്ട ചന്ദ്രശേഖറിന്റെ ഭീം ആര്‍മി വേറിട്ടുനില്‍ക്കുന്നത് ഇവിടെയാണ്. ഇന്ന് പശ്ചിമ യു.പിയിലെ സവര്‍ണര്‍ക്കിടയില്‍ നേരിയ തോതിലെങ്കിലും ഉള്‍ഭയം സൃഷ്ടിക്കുന്നതില്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന പേര് വിജയിക്കുന്നുമുണ്ട്. തനിക്കും ജാതി ഹിന്ദുക്കള്‍ക്കുമിടയില്‍ മതത്തിന്റേതായ ഒരു സുരക്ഷിതത്വവും ഇല്ലെന്ന തിരിച്ചറിവ് ദലിതന് പകരുന്നതാണ് ഈ പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ രാജ്യം ഭരിക്കുന്നവര്‍ പകയോടെ നോക്കിക്കാണുന്നതിന്റെ കാരണവും.
Comments