Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

ഇ-കാലം: ശുഭാപ്തികള്‍ക്കപ്പുറം

ഹസീം മുഹമ്മദ്

ഇ-കാലത്തെ കുറിച്ച് വന്ന ലേഖനങ്ങള്‍ (ലക്കം 3166) വായിച്ചു. മാറുന്ന കാലത്തെയും വേഗത്തെയും ശുഭാപ്തിയോടെ സ്വീകരിക്കാനുള്ള ആഹ്വാനമാണ് പൊതുവില്‍ എല്ലാവരും പങ്കുവെക്കുന്നത്. തീര്‍ച്ചയായും കാലത്തോട് പുറംതിരിഞ്ഞുനില്‍ക്കുക ഉചിതമല്ല. മാറ്റങ്ങളോട് പോസിറ്റീവ് ആയ വിധത്തില്‍ പ്രതികരിക്കുക തന്നെ വേണം. എന്നാല്‍ മാറുന്ന ലോകത്തിന്റെ ഘടനകളെയും അധികാര രൂപങ്ങളെയും വേണ്ടവിധം മനസ്സിലാക്കുന്നതില്‍ നാമെത്ര വിജയിക്കുന്നു എന്നതും പരിഗണിക്കേണ്ടതാണ്. ഇല്ലെങ്കില്‍ വമ്പിച്ച മാറ്റങ്ങള്‍ അതിവേഗം കടന്നുവരുമ്പോള്‍ നമുക്ക് പലപ്പോഴും വേണ്ടവിധം ഉള്‍ക്കൊള്ളാനും കാര്യപ്രാപ്തിയോടെ ഇടപെടാനും കഴിയാതെ വരും. മാറ്റങ്ങള്‍ സ്വാഭാവികമായി മാത്രമല്ല മൂലധന താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി സൃഷ്ടിക്കപ്പെടുന്നതുകൂടിയാണ് എന്ന് തിരിച്ചറിയുമ്പോഴാണ് അതിനോട് സൃഷ്ടിപരമായി ഇടപഴകാന്‍ സാധിക്കുന്നത്.
ഡിജിറ്റല്‍ ലോകത്തിന്റെ ആഗമനം, മനുഷ്യന്റെ വ്യക്തിജീവിതത്തിനും സമൂഹത്തിന്റെ ക്രയശേഷിക്കും നല്‍കുന്ന സൗകര്യങ്ങളും വര്‍ധിച്ച കാര്യപ്രാപ്തിയും ആര്‍ക്കും നിഷേധിക്കുക സാധ്യമല്ല. എന്നാല്‍ ഇതിന്റെ മറവില്‍, സാങ്കേതിക വളര്‍ച്ചയുടെ അനിവാര്യമായ പരിണാമം എന്ന രീതിയില്‍ വന്‍കിട കുത്തക ടെക്ക് കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അജണ്ടാ നിര്‍മിതികള്‍ കാണാതെ പോവരുത്. നമ്മുടെ ശുഭാപ്തി ബോധ്യങ്ങള്‍ അവയെ കണ്ണുമടച്ചു തൊണ്ട തൊടാതെ വിഴുങ്ങുന്നതാവരുത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിജീവിതത്തിലെ സ്വകാര്യതയുടെ അതിരുകളെ മായ്ച്ചുകളയുന്ന, വികസിച്ചുവരുന്ന സര്‍വൈലന്‍സിംഗ്. എല്ലാ ടെക്ക് കമ്പനികളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. നാം കാണുന്ന വേഗതയും മാറ്റവും പലപ്പോഴും ഇതിന്റെ വളര്‍ച്ച ലക്ഷ്യം വെക്കുന്നതു കൂടിയാണ്.
ഈ ലക്ഷ്യത്തിനായി, നിരീക്ഷണ വലയങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തു നിന്നും 'യഥാര്‍ഥ' ലോകത്തേക്കും കടന്നുവരുന്നതാണ് പുതിയ കാലത്തെ സാങ്കേതിക വളര്‍ച്ച കാണിച്ചുതരുന്നത്. കാറുകള്‍, തെരുവുകള്‍, ടി.വി, ഗാര്‍ഹിക ഉപകരണങ്ങള്‍, വാച്ചുകള്‍, ഹെല്‍ത്ത് ബാന്റ് തുടങ്ങി സകലതും 'സ്മാര്‍ട്ടാവുകയും' വിവരശേഖരണത്തിന്റെ ആഴവും വ്യാപ്തിയും വര്‍ധിപ്പിക്കാന്‍ യഥാര്‍ഥ ലോകത്ത് ഉപയുക്തമാവുകയും ചെയ്യുന്നു. ഡിജിറ്റല്‍ സഹായി എന്ന പേരില്‍ പ്രചരിക്കുന്ന ആമസോണിന്റെ അലക്‌സാ (Alexa), മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന (Cortana)  ഗൂഗ്ള്‍ അസിസ്റ്റന്റ് മുതലായ ആപ്പുകള്‍ വ്യക്തികളെ അടുത്തറിയാനും ഉറ്റ സുഹൃത്തിനെ പോലെ ആത്മ രഹസ്യങ്ങള്‍ പോലും ചുഴിഞ്ഞറിയാനും കഴിയും വിധമാണ് സജ്ജമാക്കിയിരിക്കുന്നത്. സര്‍വവ്യാപിയായ കമ്പ്യൂട്ടിംഗ് (Ubiquitous Computing),, സകലത്തിന്റെയും ഇന്റര്‍നെറ്റ് (Internet of Everything) എന്നിങ്ങനെ വിളിപ്പേരിട്ട സാങ്കേതിക വിദ്യയാണ് പുതിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നത്. സമ്പൂര്‍ണമായ സര്‍വൈലന്‍സ് സംവിധത്തിലുള്ള നഗരങ്ങള്‍ തന്നെ നിലവില്‍ വരുന്നു. സൈഡ്‌വാക്‌സ് ലാബ് (Sidewalks Lab) എന്ന സഹോദര സ്ഥാപനത്തിലൂടെ ആല്‍ഫബെറ്റ് /ഗൂഗ്ള്‍ നിര്‍മിക്കുന്ന ടൊറന്റോ നഗരവികസനം ഈ വഴിക്കുള്ള ചുവടുവെപ്പാണ്.
വ്യക്തി സ്വകാര്യത അത്ര വലിയ നിലക്ക് കൈകാര്യം ചെയ്യേണ്ട വിഷയമാണോ? പ്രത്യേകിച്ച് സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന പ്രയോജനങ്ങളെ മുഖവിലക്കെടുത്ത് പരിഗണിക്കുമ്പോള്‍ അത് അവഗണിച്ചുകൂടേ? ഈ വിധം പലപ്പോഴും വിവരശേഖരണവും സ്വകാര്യതയുടെ മേലെയുള്ള കടന്നുകയറ്റവും അവതരിപ്പിക്കപ്പെടുക അനിവാര്യത എന്ന നിലയിലാണ്. കുറ്റം സാങ്കേതികവിദ്യക്ക് തന്നെ വെച്ചു
നീട്ടുന്ന ഈ നടപടി യഥാര്‍ഥത്തില്‍ ഒരു സൂത്രപ്പണിയാണ്. സാങ്കേതികവിദ്യയല്ല, മറിച്ച് അതിനെ ഉപയോഗിക്കുന്ന മൂലധന താല്‍പര്യങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുക എന്ന കേവലതയുടെ മീതെ അതിനെ അനിവാര്യത എന്ന് വിവരിച്ചുകൊണ്ട് ദൂരവ്യാപകമായ സാമൂഹികമാറ്റങ്ങളെ ആസൂത്രിതമായി സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ മനസ്സിലാക്കാതെ പോകരുത്. യുവാല്‍ ഹരാരിയെ പോലെ ഡിജിറ്റല്‍ അനിവാര്യതയുടെ പ്രചാരകര്‍ നല്‍കുന്ന ഫ്‌ളെക്‌സിബിലിറ്റി പാഠങ്ങള്‍ അത്ര നിഷ്‌കളങ്കമാണ് എന്നും ധരിക്കരുത്.
വ്യവസായ മുതലാളിത്തം തൊഴില്‍ വിഭജനമാണ് സമൂഹത്തിന് സമ്മാനിച്ചത്. മാര്‍ക്‌സ് മുതല്‍ ഡര്‍കീം വരെയുള്ള ചിന്തകര്‍ ഈ മാറിയ സാമൂഹിക സാഹചര്യത്തെ കുറിച്ചും തൊഴിലാളി-മുതലാളി ബന്ധങ്ങളെ കുറിച്ചും സിദ്ധാന്തവത്കരിച്ചത് ആ ഘട്ടത്തിലാണ്. തികച്ചും വ്യത്യസ്തമായ ഭൂതങ്ങളെയാണ് നവ ഡിജിറ്റല്‍ ക്രമം കുടം തുറന്നു വിടുന്നത്. അറിവിന്റെ വിഭജനം!
പൊതുവെയുള്ള തെറ്റിദ്ധാരണ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വരവോടുകൂടി അറിവിന്റെ വ്യാപനവും ജനാധിപത്യവത്കരണവും സംജാതമാവുന്നു എന്നതാണ്. സംഭവിക്കുന്നതാകട്ടെ നേരെമറിച്ചാണ്! അറിവിന്റെ വിഭജനം സമൂഹ ഗാത്രത്തില്‍ ആഴത്തില്‍ എഴുതി ചേര്‍ക്കപ്പെടുകയാണ്.
രണ്ടു തരം ഉള്ളടക്കമാണ് (Text)  ഇന്ന് ഡിജിറ്റല്‍ ലോകം ഉല്‍പാദിപ്പിക്കുന്നത്. ഒന്ന് സകലര്‍ക്കും പ്രാപ്യമായ, പങ്കാളിത്തമുള്ള ഡിജിറ്റല്‍വത്കരിക്കപ്പെടുന്ന ഉള്ളടക്കമാണ്. രണ്ടാമത്തേത് ആദ്യത്തേതിനെ പിന്തുടര്‍ന്ന് നിഴല്‍ 
പോലെ മറഞ്ഞു കിടക്കുന്ന, വിവരങ്ങളുടെ, സന്ദര്‍ഭങ്ങളുടെ, അനുഭവങ്ങളുടെ വലിയ സ്രോതസ്സാണ്. ഇതു പക്ഷേ ന്യൂനപക്ഷമായ ഒരു ഉന്നത വര്‍ഗത്തിന് മാത്രമാണ് പ്രാപ്യമായത്. അവര്‍ അത് ഉപയോഗപ്പെടുത്തിക്കൊണ്ട് ആദ്യത്തെ ഉള്ളടക്കത്തിന്റെ പ്രസക്തി നിര്‍ണയിക്കുന്നു, വ്യാഖ്യാനിക്കുന്നു. എന്ത് നമുക്ക് കാട്ടിത്തരണം, എന്ത് മറച്ചുപിടിക്കണം എന്ന തീരുമാനം അവരുടേതാണ്. എന്ത് അടിസ്ഥാനത്തില്‍ തീരുമാനിക്കണം എന്നും അതിന്റെ അവകാശം ആര്‍ക്കെന്നും തീരുമാനിക്കുന്നതും അവര്‍ തന്നെ! ഈ വിധത്തില്‍ ഈ കോര്‍പ്പറേറ്റുകള്‍ അറിവിനെ നിയന്ത്രിക്കുന്ന പുതിയ അഭിജാത 'പുരോഹിത' വര്‍ഗമായി രൂപാന്തരപ്പെടുന്നു.
ചരിത്രത്തില്‍ ഒരിക്കലും ആര്‍ക്കും കൈവരാത്ത തരം പരിധിയില്ലാത്ത അധികാരങ്ങളാണ് ഇതു വഴി ഒരു ന്യൂനപക്ഷത്തിന് കൈവന്നിരിക്കുന്നത്. രാഷ്ട്രീയ ഘടനക്കും ജനാധിപത്യത്തിനും പുറത്താണ് ഈ ശക്തികള്‍ കുടികൊള്ളുന്നത് എന്നതും ചേര്‍ത്തു വായിക്കണം. കര്‍തൃത്വമുള്ള സ്വയംനിര്‍ണയശേഷി പുലര്‍ത്തുന്ന വ്യക്തികളുടെ കൂട്ടം ആശയപരമായ സമാസമം കണ്ടെത്തി രൂപപ്പെടുത്തുന്ന അധികാര ഘടനയാണ് ജനാധിപത്യം എന്നു വിളിക്കുന്നത്. അത്തരം വ്യക്തികളുടെ നിഗ്രഹവും, അവിഹിത സ്വാധീനത്താല്‍ നിയന്ത്രിക്കാനും ഉല്‍
പാദിപ്പിക്കാനും കഴിയുന്ന പെരുമാറ്റ രീതികളുള്ള മനുഷ്യന്റെ സൃഷ്ടിയുമാണ് മറിച്ച് പുതിയ ഡിജിറ്റല്‍ ക്രമമായ സര്‍വൈലന്‍സ് മുതലാളിത്തം ലക്ഷ്യം വെക്കുന്നത്. ഫലത്തില്‍ അത് ജനാധിപത്യത്തിന്റെ പ്രവര്‍ത്തനം തന്നെയാണ് നിഗ്രഹിക്കുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേംബ്രിഡ്ജ് അനലിറ്റിക്ക/ഫേസ്ബുക്ക് വിവാദങ്ങള്‍ ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ ക്രമമാണ് ലോകമെമ്പാടും തിരശ്ശീലക്കു പിന്നില്‍ ഉരുവം കൊള്ളുന്നത്. ഇന്ത്യയില്‍ ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ കൂടി ശ്രദ്ധിക്കുക.
അതായത് വേഗതയോടൊപ്പം സ്വയം മാറുക മാത്രമല്ല എന്തിനു വേണ്ടിയാണ് ഈ മാറ്റം എന്ന പരിശോധന കൂടി ധൈഷണികമായി ഉയര്‍ത്തേണ്ടത് ആവശ്യമാണ്. മാറ്റം വെറുതെ ഇരുന്നാല്‍ തന്നെ നിങ്ങളെ തേടിവരുന്ന കാലഘട്ടത്തില്‍ അത് എന്തിനാണ് ഇങ്ങനെ നമ്മെ തേടിവരുന്നത് എന്നതും ആലോചിക്കുക. ഈ പ്രശ്‌നം വെറും തലമുറകളുടെ വിടവ് എന്ന വിധത്തില്‍ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്നാണ് അഭിപ്രായം. വ്യവസായ മുതലാളിത്തം അതിന്റെ ദുരയില്‍ അസംസ്‌കൃത വസ്തുക്കള്‍ക്കായി കിടമത്സരത്തില്‍ ഏര്‍പ്പെട്ട് പ്രകൃതിയെയാണ് ചിന്നഭിന്നമാക്കിയത്. അസംസ്‌കൃത വസ്തു മനുഷ്യരാശി തന്നെയായി തീരുന്ന പുതിയ ഡിജിറ്റല്‍ ക്രമത്തില്‍ നാളെ സമാനമായ നാശം മനുഷ്യപ്രകൃതിക്കു മേല്‍, അവന്റെ ആന്തരിക ലോകത്തിന് മേല്‍ നിഴല്‍ വിരിക്കുന്നുണ്ട്. ഈ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നത് മനുഷ്യന്റെ ശുദ്ധ പ്രകൃതത്തിന് പ്രാധാന്യം കൊടുക്കുന്ന മുസ്‌ലിം ചിന്തയെ സംബന്ധിച്ച് അനിവാര്യമാണ്. ക്രിയാത്മക പ്രതികരണം പരിപൂര്‍ണമായ തിരസ്‌കരണമോ അന്ധമായ പുണരലോ അല്ല എന്ന് തിരിച്ചറിയണം. 

 


'സ്വര്‍ഗം വേണ്ടാത്തവരും നരകം ഇഷ്ടപ്പെടാത്തവരും'

റഹ്മാന്‍ മധുരക്കുഴിയുടെ കത്ത് (ലക്കം 3167) ആകര്‍ഷകമായി. പുത്തന്‍ യുക്തിവാദക്കാരുടെ സാന്നിധ്യം മുസ്‌ലിം യുവാക്കളുടെ ഇടയില്‍ ഒരു ഫാഷനായി മാറിയിട്ടുണ്ടോ എന്ന് സംശയിക്കണം. ഓര്‍ഫനേജ് കലാലയങ്ങളില്‍ പഠിച്ച് നാട്ടിലും വിദേശത്തും നല്ല വരുമാനമുള്ള ജോലിയില്‍ കയറി സമ്പാദ്യം വന്നു കഴിയുമ്പോഴുള്ള 'ഫ്രീ' തിങ്കന്‍സ് കൂട്ടായ്മകള്‍. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ കൂട്ടായ്മ ഉണ്ടാവില്ല. 
മധുരക്കുഴി നിരത്തിവെച്ച സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, സ്വവര്‍ഗരതി, ആത്മഹത്യ എന്നിവയെല്ലാം 'സ്വതന്ത്ര ആലോചനക്കാര്‍ക്ക്' വളരെയിഷ്ടമുള്ള കാര്യങ്ങളാണന്ന് അവര്‍ തെളിച്ചുപറയുന്നില്ലങ്കിലും, അത് നിരോധിക്കുന്നത് അവരുടെ മാനവിക സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായതുകൊണ്ട് 'ആവാം' എന്ന് അര്‍ധോക്തിയില്‍ നിര്‍ത്തുകയാണ്.
മതമില്ലാത്തവരുടെ നാടുകളെന്ന് വീരസ്യം പറയുന്ന സ്‌കാന്റിനേവിയന്‍ രാജ്യങ്ങളിലെ ആത്മഹത്യാ നിരക്ക് കേട്ടാല്‍ യുക്തിവാദികള്‍ നുണ പ്രചരിപ്പിക്കുന്നതില്‍ ഗീബല്‍സിനെയും കടത്തിവെട്ടും.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ കണക്കുകള്‍: സ്വീഡന്‍: 15-നും 19-നും പ്രായമുള്ളവരില്‍ 90 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമുണ്ട്. ഗ്രീന്‍ലാന്റ്: ഒരു ലക്ഷത്തില്‍ 1000 പേര്‍ ആത്മഹത്യ ചെയ്യുന്നു. സ്വിറ്റ്‌സര്‍ലാന്റ്: പ്രതിവര്‍ഷം ആയിരം പേര്‍.
ഒരു റാഷണലിസ്റ്റ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ലല്ലോ.
സ്‌കാന്റിനേവിയന്‍ രാജ്യങ്ങള്‍ മതമില്ലാത്തവരാണന്നും അവിടെ കറ്റകൃത്യങ്ങള്‍ ഇല്ലെന്നും ജീവിതം സ്വര്‍ഗതുല്യമെന്നും പറയുന്ന സ്വര്‍ഗം വേണ്ടാത്തവരും നരകം ഇഷ്ടപ്പെടാത്തവരും, അവിടത്തെ ആത്മഹത്യാ നിരക്ക് അമേരിക്കയേക്കാള്‍ 24 ഇരട്ടി കൂടുതലാണന്ന കാര്യം പറയുകയില്ല.
 കേരളത്തിലെ ഒരു ജില്ലയിലുള്ള ജനസംഖ്യ പോലുമില്ലാത്ത രാജ്യങ്ങള്‍
സ്വീഡന്‍ - തടവുകാര്‍  6210. ക്രിസ്ത്യാനികള്‍ 60.2 ശതമാനം
ഡെന്മന്‍മാര്‍ക്ക് - തടവുകാര്‍ - 3738 ക്രിസ്ത്യാനികള്‍ - 64 ശതമാനം
ഫിന്‍ലാന്റ് - തടവുകാര്‍ - 2910. ക്രിസ്ത്യാനികള്‍ - 68.7 ശതമാനം
നോര്‍വേ - തടവുകാര്‍ - 2910 ക്രിസ്ത്യാനികള്‍ 69.9 ശതമാനം.
ഇതാണ് സ്ഥിതിവിവരക്കണക്കുകള്‍.  ലക്ഷദ്വീപ് മൂക്കിന് താഴെ ഉണ്ടായിട്ടും ഒരൊറ്റ ആത്മഹത്യയും രേഖപ്പെടുത്തിയിട്ടില്ലെന്ന ഡോ. അലക്‌സാണ്ടറിന്റെ നിരീക്ഷണത്തോടിവര്‍ക്ക് പുഛമാണ്.
90 ശതമാനം മദ്യപന്മാരുടെയും ഭാര്യമാര്‍ ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി TADA-യുടെ ഡയറക്ടര്‍ പറയുന്നതും, മദ്യനിരോധനം വേണമെന്ന മതബോധമുള്ളവരുടെ ആവശ്യത്തോടും പുഛമാണ്. 
WHO മെന്റല്‍ ഹെല്‍ത്ത് മേധാവിയുടെ നിരീക്ഷണത്തില്‍ ലോകത്ത് ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണണ സത്യവും ഇവര്‍ മറച്ചുവെക്കുന്നത് പെന്‍ഷന്‍ പറ്റിയുള്ള പ്രഫസര്‍മാരുടെ സുഖകരമായ ജീവിതത്തില്‍ ആത്മഹത്യ കടന്നുവരാതിരിക്കാനാണന്ന് കരുതേണ്ടിവരും.
പ്രശ്‌നപരിഹാരത്തിന് ലേഖകന്‍ നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ ശ്രദ്ധേയമാണ്. പക്ഷേ അത് പ്രാവര്‍ത്തികമാക്കി സമൂഹത്തെ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഭരണത്തിലിരിക്കുന്നവരും സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവരും 'നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗ'(വിശുദ്ധ ഖുര്‍ആന്‍)വും എപ്പോഴും ജാഗരൂകരായി നിലകൊള്ളണം; നരകം ഇഷ്ടപ്പെടാത്തവര്‍ക്കും സ്വര്‍ഗം വേണ്ടാത്തവര്‍ക്കും അരോചകമാണങ്കില്‍ പോലും. 

റശീദ് അബൂബക്കര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി