അബ്ദുല്‍ ഗഫ്ഫാര്‍ അസീസ് അപൂര്‍വ വ്യക്തിത്വം
പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീറും വിദേശ്യകാര്യവകുപ്പ് തലവനും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദി അസി. ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ഗഫ്ഫാര്‍ അസീസ് തന്റെ 58-ാമത്തെ വയസ്സില്‍, ഒക്‌ടോബര്‍ 6-നു പുലര്‍ച്ചെ 1.30-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. ഒരു വര്‍ഷം മുമ്പാണ് ദോഹയില്‍ വെച്ച് അദ്ദേഹത്തെ അവസാനമായി കണ്ടതും ദീര്‍ഘമായി സംസാരിച്ചതും. കുറച്ചു മുമ്പ് കാന്‍സര്‍ രോഗം പിടിപെട്ട വിവരമറിഞ്ഞു. പൊടുന്നനെ പിന്നീട് മരണവാര്‍ത്തയാണ് വന്നത്. മണിക്കൂറുകള്‍ക്കകം ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക വൃത്തങ്ങളില്‍ ആ മരണവാര്‍ത്ത പരന്നു. പാകിസ്താനില്‍ മാത്രമല്ല, അറബ് ലോകത്തും യൂറോപ്പിലും അമേരിക്കയിലും പതിനായിരങ്ങളെ വേദനിപ്പിച്ച മരണം. ശൈഖ് യൂസുഫുല്‍ ഖറദാവി, ശൈഖ് അഹ്മദ് റയ്‌സൂനി, ശൈഖ് അലി ഖറദാഗി, ഒമാന്‍ മുഫ്തി ശൈഖ് ഖലീലി, ശൈഖ് നബീല്‍ ഇവദി, ശൈഖ് ദുദു, ശൈഖ് സ്വല്ലാബി തുടങ്ങി ലോക പ്രശസ്ത പണ്ഡിതരൊക്കെ ആ വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ എടുത്തു പറഞ്ഞ് പ്രാര്‍ഥിച്ചു.
ആര്‍ക്കും മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു അബ്ദുല്‍ ഗഫ്ഫാര്‍ അസീസ്. കാണുന്നവരെയെല്ലാം സ്വാധീനിക്കുന്ന വ്യക്തിത്വം. അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദി എക്‌സിക്യൂട്ടീവില്‍ അദ്ദേഹത്തോടൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോഴും അതിനു മുമ്പും അതനുഭവിച്ചറിഞ്ഞിട്ടുണ്ട്. സുന്ദരമായ അറബി ഭാഷ, ഇംഗ്ലീഷിലും പ്രാവീണ്യം, കരുതിവെപ്പില്ലാത്ത സ്‌നേഹം, എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. സര്‍വോപരി ലോകത്തെങ്ങുമുള്ള മുസ്‌ലിം ഉമ്മത്തിന്റെ പ്രശ്‌നങ്ങളില്‍ നൊമ്പരങ്ങളുമായി കഴിയുന്ന മനുഷ്യന്‍. കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം സ്വന്തം റൂമില്‍ വിശ്രമിക്കുന്ന സമയം കുറവായിരിക്കും. ഓരോ രാജ്യക്കാരുടെയും കൂടെ പാതിരാവരെ ഇരുന്ന് അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയും. പരിഹാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം സ്വന്തം നാടായ പാകിസ്താനിലെ മുസ്‌ലിംകളെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാറില്ല. അതേയവസരം റോഹിങ്ക്യന്‍ മുസ്‌ലിംകളെക്കുറിച്ചും ബംഗ്ലാദേശില്‍ ജമാഅത്ത് നേതാക്കളുടെ വധശിക്ഷയെക്കുറിച്ചും ഉയിഗൂര്‍ മുസ്‌ലിംകളെക്കുറിച്ചും ഉണര്‍ത്തിക്കൊണ്ടേയിരിക്കും.
ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് അദ്ദേഹത്തോട് വലിയ മതിപ്പായിരുന്നു. ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിച്ച അബ്ദുല്‍ ഗഫ്ഫാര്‍ ഖറദാവിയുടെ ശിഷ്യനായിരുന്നു. ചര്‍ച്ചകളില്‍ അബ്ദുല്‍ ഗഫ്ഫാര്‍ പറയട്ടെ എന്ന് ഖറദാവി പലപ്പോഴും പറയുന്നതു കേള്‍ക്കാം. അദ്ദേഹം സംസാരിക്കുമ്പോള്‍ അനറബിയാണ് സംസാരിക്കുന്നതെന്ന് ആരും പറയില്ല. അത്രയും സ്ഫുടമായിരുന്നു അദ്ദേഹത്തിന്റെ അറബി ഭാഷ. മീറ്റിംഗുകളില്‍ ഏതു രാജ്യക്കാരാവട്ടെ, അദ്ദേഹത്തിനു ഹസ്തദാനം ചെയ്യാനും സൗഹൃദം പുതുക്കാനും അവര്‍ കാത്തുനില്‍ക്കും. അത്രയേറെ അവരുമായൊക്കെ ഹൃദയ ബന്ധം കാത്തുസൂക്ഷിച്ചു അദ്ദേഹം. പെരുമാറ്റങ്ങളില്‍ വിനയം കൊണ്ടും ശാന്തത കൊണ്ടും ഒരു പാവം മനുഷ്യനാണെന്ന് തോന്നാമെങ്കിലും അദ്ദേഹം സമര്‍ഥനായൊരു നേതാവായിരുന്നു. കാര്യങ്ങള്‍ വഷളാകുമെന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പരിഹാരത്തിനായി ശക്തമായ കരുനീക്കങ്ങള്‍ നടത്തും.
തികഞ്ഞ 'പ്രസ്ഥാനി'യായിരുന്നു അബ്ദുല്‍ ഗഫ്ഫാര്‍ സാഹിബ്. മൗദൂദിചിന്തകളെ അന്താഷ്ട്രവേദികളില്‍ പ്രതിനിധീകരിച്ച വ്യക്തിത്വം. മൗദൂദി ആശയങ്ങളെ വിമര്‍ശിക്കുന്നവരെ അദ്ദേഹം തിരുത്തും. അതേയവസരം പ്രസ്ഥാന ചിന്തകള്‍ പുതിയ കാലത്തിനനുസരിച്ച് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുമായിരുന്നു.
ഒമാന്‍ മുഫ്തി ശൈഖ് ഖലീലി അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ടെഴുതിയത് ശ്രദ്ധേയമാണ്: ''ശാന്തതയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഭാഷാ ശുദ്ധിയോടെയുള്ള സംസാരം. ചൂടേറിയ വിഷയങ്ങളില്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ തണുപ്പന്‍ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പൊതുജന സ്വാധീനം നേടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നതിനെക്കുറിച്ചും ഞാന്‍ പ്രകോപനപരമായി ചോദിക്കുമ്പോഴും അദ്ദേഹം ശാന്തമായും ഒട്ടും ദേഷ്യപ്പെടാതെയുമായിരുന്നു സംസാരിച്ചത്. മൗദൂദിയുടെ ശിഷ്യന്മാരില്‍പെട്ട ഒരു ചിന്തകനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അറബ് രാജ്യങ്ങളെ അടുത്തു മനസ്സിലാക്കിയ അപൂര്‍വം അനറബികളില്‍ ഒരാളായിരുന്നു അദ്ദേഹം.''
അന്താരാഷ്ട്ര പണ്ഡിതവേദി അനുശോചനത്തില്‍ പറഞ്ഞതിങ്ങനെയാണ്: ''ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് കര്‍മയോഗിയായ മുജാഹിദിനെയും നേതാവിനെയുമാണ് നഷ്ടപ്പെട്ടത്. ഇസ്‌ലാമിക ചിന്തയുടെ നായകന്മാരിലൊരാളായിരുന്നു അദ്ദേഹം. നയചാതുരി, മാന്യത, വിനയം, എല്ലായ്‌പ്പോഴും പുഞ്ചിരിക്കുന്ന മുഖം. ഇതൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. തന്റെ ഉസ്താദായ ഖറദാവിയുടെ അടുത്തും അന്താരാഷ്ട്ര പണ്ഡിതവേദി എക്‌സിക്യൂട്ടീവിലും പൊതുസഭയിലും അദ്ദേഹത്തിന് പ്രത്യേക ആദരവ് ലഭിച്ചിരുന്നു.''
അല്‍ ജസീറ ചാനല്‍ പാക് വിഷയങ്ങളില്‍ സാധാരണ ചര്‍ച്ചക്ക് വിളിക്കാറുള്ളത് അബ്ദുല്‍ ഗഫ്ഫാര്‍ അസീസിയെയായിരുന്നു. അല്‍ ജസീറ അറബി വെബ്‌സൈറ്റില്‍ അദ്ദേഹം പല ആനുകാലിക വിഷയങ്ങളെക്കുറിച്ചും ലേഖനങ്ങളുമെഴുതിയിരുന്നു. ബംഗ്ലാദേശ് ജമാഅത്ത് നേതാക്കളെ തൂക്കിലേറ്റിയതിനെക്കുറിച്ചും അമീറായിരുന്ന മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ, തൂക്കിലേറ്റുന്നതിനു തൊട്ടുമുമ്പ് കുടുംബവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും എഴുതിയ ഹൃദയസ്പര്‍ശിയായ ലേഖനങ്ങളായിരുന്നു അവസാനത്തേത്.
മൗദൂദി കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തും അറബ് ലോകവുമായി നിരന്തര ബന്ധം പുലര്‍ത്തിയും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മര്‍ഹൂം ഖലീല്‍ ഹാമിദി. അദ്ദേഹത്തിന്റെ വിയോഗശേഷം ആ ഉത്തരവാദിത്തം അബ്ദുല്‍ ഗഫ്ഫാര്‍ അസീസ് ഏറ്റെടുക്കുമ്പോള്‍ അതൊരു നല്ല പകരമായിരുന്നു. ഇനിയാര് എന്ന ചോദ്യം ബാക്കിയാണ്.
അല്ലാഹു അദ്ദേഹത്തിന്റെ സല്‍ക്കര്‍മങ്ങളൊക്കെയും സ്വീകരിക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ- ആമീന്‍.
Comments