Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

വ്യാജ പ്രതീക്ഷകള്‍ അവസാനിക്കുന്നിടത്താണ് ജനാധിപത്യത്തിന്റെ ഭാവി

അഡ്വ. അമീന്‍ ഹസന്‍

വലിയ ബഹളമൊന്നുമില്ലാതെ, ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചനാ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട കോടതിവിധി കടന്നു പോയി. ആര്‍ക്കും ഞെട്ടലുണ്ടായില്ല, വലിയ പ്രതിഷേധങ്ങളുമുണ്ടായില്ല. എന്തുകൊണ്ട് ഇങ്ങനെ ഒരു വിധിയെന്ന ചോദ്യവും പ്രസക്തമല്ലാത്ത വിധം കാര്യങ്ങള്‍ രാജ്യത്തിനു മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ബാബരി മസ്ജിദ് കേസിലെ വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് എന്തുകൊണ്ട് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും അടക്കമുളള 32 പ്രതികള്‍ വിട്ടയക്കപ്പെട്ടു എന്ന് പരിശോധന നടത്തുന്നത് എഴുതുന്നവരുടെയും വായിക്കുന്നവരുടെയും സമയം മാത്രം കളയുന്ന ഒരു വൃഥാ വ്യായാമമാണ്. പള്ളി പൊളിച്ച കര്‍സേവയില്‍ പങ്കെടുത്തു എന്ന് അഭിമാനപൂര്‍വം പറയുന്ന ക്രിമനലുകളെ കേരളത്തില്‍ അടക്കം ധാരാളമായി നമുക്ക് കാണാം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചിത്രങ്ങളും വീഡിയോകളും നമ്മുടെ മുന്നിലുണ്ട്.  പക്ഷേ ഇരുപത്തിയെട്ടു വര്‍ഷത്തിനിപ്പുറം കേസില്‍ വിധി പറയുന്ന കോടതിക്ക് തെളിവുകള്‍ക്ക് ബലം തോന്നുന്നില്ല. അന്വേഷിച്ച സി.ബി.ഐ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് കോടതി പറയുന്നു. അന്നു തന്നെ ഇറങ്ങിയ ഡോക്യുമെന്ററികളുണ്ട്. ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് വിശദമായി പറയുന്ന അന്വേഷണ വിവരങ്ങളും കോടതിക്കു പ്രസക്തമായി തോന്നിയില്ല. പള്ളി തകര്‍ക്കുന്ന വീഡിയോ തെളിവായി സ്വീകരിക്കാത്തതിനു കാരണം അതിന്റെ ചിത്രീകരണം വ്യക്തമല്ലാത്തതും സീല്‍ഡ് കവറില്‍ ഹാജരാക്കാതിരുന്നതുമാണ്, പത്രവാര്‍ത്തകള്‍ സ്വീകാര്യമല്ലാത്തതിനു കാരണം അതിന്റെ ഒറിജിനലുകള്‍ ഹാജരാക്കാതിരുന്നതാണ്, ഫോട്ടോഗ്രാഫുകള്‍ സ്വീകാര്യമല്ലാത്തതിനു കാരണം അതിന്റെ നെഗറ്റീവുകള്‍ ഹാജരാക്കാതിരുന്നതാണ് എന്നിങ്ങനെ പോകുന്നു കോടതിയുടെ വര്‍ത്തമാനങ്ങള്‍. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് തെളിവ് എങ്ങനെ ഹാജരാക്കണമെന്നറിയാത്തതുകൊണ്ട് സംഭവിച്ചൊരു കാര്യമാണിതെന്നു ആരും പറയില്ല. 
തെളിവില്ലെന്നു മാത്രമല്ല കോടതി പറഞ്ഞത്, പള്ളി പൊളിക്കാനുള്ള വൈകാരികാന്തരീക്ഷം സൃഷ്ടിച്ച രഥയാത്രക്കു നേതൃത്വം നല്‍കിയ എല്‍.കെ അദ്വാനിയും വിദ്വേഷം തുപ്പുന്ന പ്രസംഗങ്ങളുമായി നിറഞ്ഞുനിന്ന ഉമാഭാരതിയും ജോഷിയുമൊക്കെ അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചത് എന്ന സാമാന്യബുദ്ധിക്കു നിരക്കാത്ത നിരീക്ഷണം നടത്താനും ലഖ്‌നൗവിലെ സി.ബി.ഐ സ്പഷ്യല്‍ കോടതി ജഡ്ജി എസ്.കെ യാദവ് ധൈര്യം കാണിച്ചു. ആസൂത്രിതമായ പദ്ധതിയിലൂടെ സംഘ് പരിവാര്‍ അയോധ്യയിലെത്തിച്ച കര്‍സേവകര്‍ അവിടെ സമാധാന സമ്മേളനം ചേരുകയായിരുന്നു എന്നു കണ്ടെത്താത്തത് ഭാഗ്യം. നൂറ്റാണ്ടുകളായി ബാബരി മസ്ജിദ് നിലനിന്ന മണ്ണ,് ഐതിഹ്യത്തിലൂന്നിയ വിശ്വാസത്തിന്റെ മാത്രം ബലമുള്ള വാദത്തിന് മുന്‍തൂക്കം നല്‍കി, ക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു നല്‍കാന്‍ രാജ്യത്തെ അടിസ്ഥാന സിവില്‍ നിയമ തത്ത്വങ്ങള്‍ മുഴുവന്‍ അട്ടിമറിച്ച്, പരസ്പര വൈരുധ്യങ്ങള്‍ നിറഞ്ഞൊരു വിധിയിലൂടെ ഏകകണ്ഠമായി  പ്രഖ്യാപിച്ച പരമോന്നത കോടതിയുള്ള നാട്ടില്‍ വിചാരണാ കോടതി പിന്നെ എന്തുചെയ്യുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്? ഇതങ്ങനെ ഒറ്റപ്പെട്ട പ്രശ്‌നത്തിലെ ഒറ്റപ്പെട്ട വിധിയല്ല. കേരളത്തില്‍ അടക്കം സംഘ് പരിവാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന കൊലപാതകങ്ങള്‍ക്കും ഘര്‍വാപ്പസി ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവൃത്തികള്‍ക്കും കോടതികളില്‍ എന്തു സംഭവിക്കുന്നു എന്നു പരിശോധിച്ചാല്‍ രാജ്യത്തെ കോടതികളില്‍ എന്താണ് സംഭവിക്കുന്നതെന്നു  മനസ്സിലാക്കാനാവും. 
അന്വേഷണ ഏജന്‍സികളും കോടതികളും നീതിക്കായി കാത്തിരുന്ന മനുഷ്യരെ വര്‍ഷങ്ങളോളം നടത്തിച്ചു ഒടുക്കം വിഡ്ഢികളാക്കി പറഞ്ഞുവിടുന്നതിവിടെ പതിവാകുകയാണ്. നീതി നടപ്പാക്കിയാല്‍ പോരാ അത് നടപ്പാക്കിയെന്നു ബോധ്യപ്പെടുത്തുക കൂടി വേണമെന്നതാണ് അടിസ്ഥാന നിയമതത്ത്വം. ഇവിടെ അനീതി വെളിപ്പെടുത്തുന്ന ഓരോ വിധികളിലൂടെയും കോടതികള്‍ നമ്മെ എന്തായിരിക്കും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്?
ഈ സന്ദര്‍ഭത്തില്‍ ഭരണഘടനാ മൂല്യങ്ങളിലൂന്നിയ നിയമവാഴ്ച (Rule of Law)  നിലനില്‍ക്കുന്നുണ്ട് എന്നു വിശ്വസിക്കുന്ന രാജ്യത്തെ നിയമസംവിധാനങ്ങളുടെ വിശ്വാസ്യതയും നീതിബോധവും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളുമൊക്കെ പരിശോധനയര്‍ഹിക്കുന്നുണ്ട്. ഒരു വശത്ത് പ്രത്യക്ഷമായി തന്നെ കോടതികള്‍ സംഘ് പരിവാറിന്റെ സവര്‍ണ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുകയാണ്. പൗരത്വ ദേദഗതി നിയമം, യു.എ.പി.എ, മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമം, സവര്‍ണര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയ ഭരണഘടനാ ഭേദഗതി, കശ്മീരിന്റെ പ്രത്യേക പദവി ഏകപക്ഷീയമായി എടുത്തു കളഞ്ഞത് തുടങ്ങി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനു വിരുദ്ധമായ നിയമനിര്‍മാണങ്ങള്‍ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ സുപ്രീം കോടതി സ്വീകരിച്ച സമീപനം പരിശോധിച്ചാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. ഒന്നുകില്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലപാടുകള്‍ക്ക് സുപ്രീം കോടതി തുറന്ന പ്രഖ്യാപനങ്ങളിലൂടെ സംരക്ഷണം നല്‍കി, അല്ലെങ്കില്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കേസുകള്‍ അനന്തമായി നീട്ടി സര്‍ക്കാറിന് അനീതി നടപ്പാക്കാന്‍ അവസരമുണ്ടാക്കി. 
മറുവശത്ത് അന്യായമായും അകാരണമായും വ്യാജ കേസുകളില്‍ ജയിലിലടക്കപ്പെട്ട മനുഷ്യരുടെ നീതിക്കു വേണ്ടിയുള്ള മുറവിളികളോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ് കോടതികള്‍. സംഘ് പരിവാര്‍ പൗരത്വ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നടപ്പാക്കിയ ദല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് ദല്‍ഹി ഹൈക്കോടതി സ്വീകരിക്കുന്ന സമീപനങ്ങള്‍ പരിശോധിച്ചുനോക്കൂ; തെളിവിന്റെ അംശം പോലുമില്ലാതെ, യു.എ.പി.എ ചുമത്തിയും അല്ലാതെയും അറസ്റ്റ് ചെയ്യപ്പെടുന്ന നിരപരാധികള്‍ക്ക് ജാമ്യം നല്‍കാന്‍ ഹൈക്കോടതിക്കു വരെ വല്ലാത്ത വിമുഖതയാണ്. ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെങ്കിലും ജാമ്യം അനുവദിക്കുന്നില്ല എന്നു വരെ കോടതികള്‍ വിധിന്യായത്തില്‍ എഴുതിവെച്ചു. ജാമ്യമാണ് നിയമം എന്ന അടിസ്ഥാന തത്ത്വം കോടതി മറന്നുപോയതാണ് എന്നു കരുതരുത്. വംശഹത്യാ കേസില്‍ തന്നെ ദല്‍ഹി പോലീസ് അപൂര്‍വമായി അറസ്റ്റ് ചെയ്ത, വിരലില്‍ എണ്ണാവുന്ന യഥാര്‍ഥ പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ 'ജാമ്യമാണ് നിയമമെ'ന്നു കോടതി വിധിക്കുന്നതും നാം കണ്ടതാണ്. ജാമിഅയിലെ വിദ്യാര്‍ഥികള്‍ ഈ കൊറോണാ കാലത്തും ജയിലില്‍ കിടക്കുന്നത് കോടതികള്‍ക്ക് ഒരസ്വസ്ഥതയും സൃഷ്ടിക്കുന്നില്ല. അല്ലെങ്കില്‍തന്നെ യു.എ.പി.എ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന 'ഭീകരവാദികള്‍'ക്ക് പൊതുനിയമങ്ങള്‍ ബാധകമല്ലെന്ന പൊതുബോധം ഗ്രസിക്കാത്ത എത്ര ന്യായാധിപന്മാരുണ്ടാകും ഈ നാട്ടില്‍? ചുരുക്കത്തില്‍, പ്രത്യക്ഷമായി തന്നെ നിയമവാഴ്ച തകര്‍ക്കുന്ന രാഷ്ട്രീയ പദ്ധതിയുടെ നടത്തിപ്പുകാരായി നിയമസംവിധാനം മാറിയിരിക്കുന്നു. ബാബരി കേസില്‍ അനീതി മാത്രം നിറഞ്ഞ വിധി പറഞ്ഞ് ഉടനെ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയാകാന്‍ ജ. രഞ്ജന്‍ ഗൊഗോയിക്കു ഒരുളുപ്പുമുണ്ടായില്ല. രാജ്യമാകെ പ്രയാസപ്പെടുന്ന നേരം അവധിയാഘോഷിക്കുന്ന ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചതില്‍ കോടതിയലക്ഷ്യം കണ്ടെത്തി സ്വയം അപകീര്‍ത്തിപ്പെടുത്തുന്ന സുപ്രീംകോടതി നമുക്ക് നല്‍കിയ സന്ദേശവും ഇനിയും നാം കാണാതിരുന്നുകൂടാ. 
എന്തുകൊണ്ട് ജുഡീഷ്യറിയും നിയമവ്യവസ്ഥയും വേഗത്തില്‍ സംഘ് പരിവാറിനു വഴിപ്പെടുന്നു എന്നതാണ് നാം പരിശോധിക്കേണ്ടത്. ന്യായാധിപരെ നിയമിക്കുന്നതിലെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതും നിയമിക്കുന്നതുമൊക്കെ കോടതികള്‍ തന്നെ. അതിനകത്തെ സുതാര്യതയില്‍ സംശയമുന്നയിച്ചാല്‍ അതും കോടതിയലക്ഷ്യം! രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നു  വരുന്ന ദലിത്-ആദിവാസി ജനവിഭാഗങ്ങളില്‍നിന്ന് സുപ്രീം കോടതിയില്‍ ഇപ്പോള്‍ എത്ര ന്യായാധിപരുണ്ട്? വട്ടപ്പൂജ്യമെന്നാണ് ഉത്തരം. മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സമൂഹങ്ങളില്‍നിന്നും ഇതര പിന്നാക്ക ജനവിഭാഗങ്ങളില്‍നിന്നുമുള്ള പ്രാതിനിധ്യവും തഥൈവ. ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമൊക്കെ ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍. എന്നിട്ട് ഈ സവര്‍ണ മേധാവിത്വമുള്ള സുപ്രീം കോടതിയിലിരുന്ന് സംവരണ തത്ത്വങ്ങള്‍ അട്ടിമറിക്കുന്ന നിരവധി വിധിന്യായങ്ങള്‍ ഉണ്ടാവുന്നു. ദലിത്-ആദിവാസി സമൂഹങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നു. രാജ്യത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വൈവിധ്യങ്ങള്‍ പ്രതിനിധീകരിക്കാത്ത പരമോന്നത നീതിപീഠം എങ്ങനെയാണ് നീതി നടപ്പാക്കുക? ന്യായാധിപരെ അവരുടെ സാമൂഹിക പശ്ചാത്തലവും സാംസ്‌കാരികവും വിശ്വാസപരവുമായ ഘടകങ്ങളുമൊക്കെ വിധി പറയുന്നതില്‍ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പക്ഷേ, ഇന്ത്യയില്‍ വളരെ തുറന്ന സംഘ് പരിവാര്‍ വിധേയത്വം പ്രഖ്യാപിച്ചും അല്ലാതെയും സവര്‍ണ അജണ്ടകള്‍ നടപ്പാക്കുന്ന കോടതികള്‍ അത്തരം നിരീക്ഷണങ്ങള്‍ക്കൊക്കെ അപ്പുറമുള്ള വിശകലനത്തിനു വിധേയമാകേണ്ടുന്ന സന്ദര്‍ഭമാണിത്. 
സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കുറിച്ചും നാം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പകപോക്കലുകള്‍ക്കും വിലപേശലുകള്‍ക്കും ചട്ടുകമാകുമ്പോള്‍ എന്‍.ഐ.എ രാജ്യത്തെ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തെ കൊഞ്ഞനം കുത്തുന്ന സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തീവ്രവാദമാരോപിച്ച് ജയിലിലടക്കുന്ന ചെറുപ്പക്കാരെ ജീവിതം മുഴുക്കെ വിചാരണത്തടവുകാരാക്കുന്ന ഈ ഏജന്‍സിയുടെ കണ്‍വിക്ഷന്‍ റേറ്റ് തൊണ്ണൂറു ശതമാനത്തിനു മുകളിലാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ തന്നെ കണക്കനുസരിച്ച് 2008-ല്‍ രൂപീകൃതമായതിനു ശേഷം 2020 മാര്‍ച്ച് വരെ 319 കേസുകളാണ് എന്‍.ഐ.എ ഏറ്റെടുത്തത്. ഇതില്‍ 232 കേസുകളില്‍ പൂര്‍ണമോ ഭാഗികമോ ആയ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിലാകെ വിചാരണ നടന്ന് വിധി പുറപ്പെടുവിപ്പിച്ചത് 62 കേസിലാണ്. അതില്‍ 56 കേസുകളില്‍ പ്രതികളെ ശിക്ഷിച്ചതു വെച്ചാണ് ഈ തൊണ്ണൂറു ശതമാനത്തിന്റെ അവകാശവാദം. പ്രത്യേക കോടതികള്‍ ശിക്ഷിച്ച് മേല്‍കോടതികള്‍ വെറുതെവിട്ട കേസുകള്‍ ഇതില്‍ ഉള്‍പ്പെടുമോ എന്നത് വ്യക്തവുമല്ല. അതേസമയം ഈ എന്‍.ഐ.എയും 'തീവ്രവാദ കേസുകള്‍' മുമ്പ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘങ്ങളും വേട്ടയാടിയ നിരപരാധികളുടെ ജീവിതം ഈ കണക്കുകള്‍ക്കൊക്കെ മുകളിലായി നമ്മുടെ മുന്നിലുണ്ട്. 'ഇസ്‌ലാമിക ഭീകരവാദ'മെന്ന മിത്ത് സ്ഥാപിച്ചെടുക്കാന്‍ എങ്ങനെയാണ് അന്വേഷണ ഏജന്‍സികളും കോടതികളും സഹായിച്ചത് എന്നും നമുക്കറിയാം. മറുവശത്ത് ഹിന്ദുത്വ ഭീകരവാദികളെ വെറുതെവിടുന്ന കോടതിവിധികളും നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ വരച്ചുകാണിക്കുന്നു. ഫെഡറല്‍ സംവിധാനത്തെയും പൗരന്റെ മൗലികാവകാശങ്ങളെയും അട്ടിമറിക്കുന്ന വിധത്തില്‍ എന്‍.ഐ.എക്ക് ഇടപെടാന്‍ അവസരമൊരുക്കുന്ന നിയമഭേദഗതിക്കു ശേഷം കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജനാധിപത്യവിരുദ്ധമായ ഭേദഗതികള്‍ക്ക് തയാറെടുക്കുന്നുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതും  ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ അട്ടിമറിക്കുന്നതുമായ ദേദഗതികള്‍ ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. 
ചുരുക്കത്തില്‍, നമ്മുടെ രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. ഏതെങ്കിലും ഹൈക്കോടതികളില്‍നിന്ന് വല്ലപ്പോഴും വരുന്ന ആശ്വാസകരമായ വിധികള്‍ ആഘോഷമാക്കുന്നതിനപ്പുറം അതിനിശിതമായ വിമര്‍ശനങ്ങളിലൂടെ മാത്രമേ നമ്മുടെ നീതിന്യായ സംവിധാനത്തെ ജനാധിപത്യപാതയില്‍ നിലനിര്‍ത്താനാവൂ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം, പള്ളിമിനാരങ്ങള്‍ ഉയര്‍ന്നുനിന്നിരുന്ന മണ്ണ് പള്ളി തകര്‍ത്ത സംഘ് പരിവാറിന്റെ രാഷ്ട്രീയ പദ്ധതികള്‍ക്കനുസൃതമായി മുസ്‌ലിം സമുദായത്തില്‍നിന്ന് പിടിച്ചെടുത്തു നല്‍കുകയും  അതു കഴിഞ്ഞു പള്ളി തകര്‍ത്തവരെ വെറുതെ വിടുകയും ചെയ്യുന്ന കോടതികള്‍ നല്‍കുന്ന സന്ദേശം യഥാവിധം നാം തിരിച്ചറിയുന്നുണ്ടോ എന്നതിലാണ് നമ്മുടെ ഭാവി. നീതിന്യായ വ്യവസ്ഥയെ കുറിച്ച വ്യാജ പ്രതീക്ഷകളിലൂടെയല്ല, മറിച്ച് വസ്തുതകള്‍ തിരിച്ചറിഞ്ഞുള്ള ജനകീയ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെയാണ് നാം നീതിയിലധിഷ്ഠിതമായ സാമൂഹിക-ഭരണ വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത്. ബാബരിയുടെ ഓര്‍മകള്‍ നീതിക്കായുള്ള പോരാട്ടങ്ങള്‍ക്കാണ് ഊര്‍ജം പകരേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി