Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

തളിക്കുളം പി.കെ അബ്ദുല്‍ഖാദിര്‍

ടി.വി മുഹമ്മദലി

തൃശൂര്‍ ജില്ലയിലെ നാട്ടിക മണപ്പുറം മേഖലയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വ്യാപനത്തിന് യത്‌നിച്ച ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്ന തളിക്കുളം പി.കെ അബ്ദുല്‍ഖാദിര്‍ സാഹിബ് 21-9-20-ന് അല്ലാഹുവിലേക്ക് യാത്രയായി. 81 വയസ്സായിരുന്നു.
ചുവപ്പു കൊടിയുടെ പിറകെ പോയിരുന്ന ചുറുചുറുക്കുള്ള യുവത്വത്തിലാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. ബീഡിത്തൊഴിലാളിയായിരുന്നു. വിപുലമായ വായനയും ചര്‍ച്ചകളും ബീഡിത്തൊഴിലാളികളുടെ പ്രത്യേക സംസ്‌കാരമായിരുന്നു. അമ്പതും നൂറും ആളുകള്‍ ഇരുന്ന് ജോലി ചെയ്യുന്ന ബീഡിക്കമ്പനികളില്‍ ഒരാള്‍ ഉറക്കെ വായിക്കുകയും മറ്റുള്ളവര്‍ നിശ്ശബ്ദമായി കേള്‍ക്കുകയുമായിരുന്നു രീതി. വിവിധ പത്രങ്ങളും പുസ്തകങ്ങളും ഇങ്ങനെ വായിക്കപ്പെടും. തുടര്‍ന്ന് തീ പാറുന്ന ചര്‍ച്ചകളും. ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരണങ്ങളും വായനയില്‍ ഇടം നേടിയപ്പോള്‍, കേവല ഭൗതികതയില്‍നിന്ന് ഭിന്നമായി ആത്മീയതയെയും ഭൗതികതയെയും കണ്ണിചേര്‍ത്തുള്ള അതിലെ സാമൂഹിക-രാഷ്ട്രീയ ദര്‍ശനം പലരെയും ആകര്‍ഷിച്ചു. അത് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായി.
തളിക്കുളത്ത് 1951-ല്‍ ജമാഅത്തെ ഇസ്‌ലാമി ഹംദര്‍ദ് ഹല്‍ഖ രൂപം കൊണ്ടു. പിന്നീട്, പി.കെ അബ്ദുല്‍ഖാദിര്‍ സാഹിബും ബീഡിത്തൊഴിലാളിയും ട്രേഡ് യൂനിയന്‍ പ്രാദേശിക നേതാവുമായിരുന്ന പി.എം അബ്ദുല്‍ ഖാദിര്‍ സാഹിബും മറ്റൊരു ബീഡിത്തൊഴിലാളിയായിരുന്ന പി.ബി മുഹമ്മദ് സാഹിബും ഉള്‍ക്കൊണ്ട പ്രാദേശിക ജമാഅത്ത് നിലവില്‍ വന്നു. ആശയസംവാദങ്ങളും  പ്രചാരണ-ബോധവല്‍ക്കരണ പരിപാടികളും നിറഞ്ഞുനിന്ന പശ്ചാത്തലത്തിലാണ് തളിക്കുളം മേഖലയില്‍ ഇസ്‌ലാമിക പ്രസ്ഥാനം വേരൂന്നുന്നത്. പ്രഥമ അമീര്‍ ഹാജി വി.പി മുഹമ്മദലി സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ്, അബുല്‍ജലാല്‍ മൗലവി, അബ്ദുല്‍ അഹദ് തങ്ങള്‍ എന്നിവര്‍ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് ഇവിടെ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ ടി.കെയുടെ ക്ലാസ്സുകളായിരിക്കും; രാത്രി പൊതുപ്രഭാഷണങ്ങളും. സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല, മഹല്ല് തലത്തിലും പി.കെയും സഹപ്രവര്‍ത്തകരും നന്നായി പണിയെടുത്തിട്ടുണ്ട്. വിലക്കുകളും ബഹിഷ്‌കരണങ്ങളും ഏറ്റുവാങ്ങിക്കൊണ്ടു തന്നെ തങ്ങളുടെ ദൗത്യം നിറവേറ്റി. മഹല്ല് സംഘടിപ്പിച്ച വഅഌ പരിപാടിയില്‍, രണ്ടു ദിവസം ജമാഅത്ത് പണ്ഡിതനെക്കൊണ്ട് പ്രസംഗിപ്പിക്കണമെന്നും പ്രതിഫലം വേണ്ട എന്നും അറിയിച്ച് സംഘാടകര്‍ക്ക് കത്തു കൊടുത്തു. ചര്‍ച്ചക്കും ആലോചനക്കും ശേഷം സംഘാടകര്‍ സമ്മതം നല്‍കി. ഇസ്സുദ്ദീന്‍ മൗലവി രണ്ടു ദിവസം വഅഌ പറഞ്ഞു. പ്രതിഫലം വാങ്ങാതെ വഅഌ പറയുന്ന ആളെ കാണാനും കേള്‍ക്കാനും ആളുകള്‍ തടിച്ചുകൂടി. രണ്ടു ദിവസത്തെ പ്രസംഗം കേട്ട ഭാരവാഹികള്‍ക്കും നാട്ടുകാര്‍ക്കും ഇസ്സുദ്ദീന്‍ മൗലവി ഒരാഴ്ച ഇവിടെ വഅഌ പറഞ്ഞിട്ടേ പോകാവൂ എന്ന് നിര്‍ബന്ധം. ജമാഅത്തുകാര്‍ വഴങ്ങിക്കൊടുത്തു.
പി.കെ അബ്ദുല്‍ഖാദിര്‍ സാഹിബ്, പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ തര്‍ബിയത്ത് വിഷയകമായി ലേഖനങ്ങള്‍ എഴുതുമായിരുന്നു. ദശകങ്ങള്‍ക്കു ശേഷവും പ്രബോധനം വാരിക അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. തളിക്കുളം സെന്ററില്‍ അദ്ദേഹം നടത്തിയിരുന്ന പി.കെ സ്റ്റോഴ്‌സ് എന്ന കട പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് സംഗമിക്കാനുള്ള ഇടമായിരുന്നു. അദ്ദേഹം അബൂദബിയില്‍ പോയി അവിടെ തുടങ്ങിയ പി.കെ സ്റ്റോഴ്‌സും അങ്ങനെ തന്നെ. തൃശൂര്‍ ടൗണില്‍ അദ്ദേഹത്തിന്റെ കെട്ടിടത്തിലെ താഴെ നിലയില്‍ ഒരു റൂമിലാണ് ഐ.പി.എച്ച് തൃശൂര്‍ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം തന്റെ ബില്‍ഡിംഗിന്റെ പേര്‍ തന്നെ ഐ.പി.എച്ച് ടവര്‍ എന്നാക്കി.
എല്ലാവര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ഉദാരമതിയായിരുന്നു പി.കെ. വാടാനപ്പള്ളി ഓര്‍ഫനേജ്-ഇസ്‌ലാമിയാ കോളേജുകളുടെ ഭരണ ട്രസ്റ്റായ വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റിയുടെ സ്ഥാപക അംഗമായിരുന്നു. തളിക്കുളത്ത് തുടങ്ങിയ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയാണ് ഇസ്‌ലാമിയാ കോളേജായി വികസിച്ചത്. പി.കെയുടെ വീടിനരികെയുള്ള ഈ സ്ഥാപനത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ വഖ്ഫിലൂടെയും സംഭാവനയിലൂടെയുമാണ്. ഗള്‍ഫാര്‍ മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള റീജ്യനല്‍ എജുക്കേഷന്‍ ഡെവലപ്‌മെന്റിന്റെ (റീഡ്) സെക്രട്ടറി, ഇടശ്ശേരി സി.എസ്.എം സെന്‍ട്രല്‍ സ്‌കൂള്‍ ട്രസ്റ്റ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
തളിക്കളും പി.ജെ യൂനിറ്റ് ചാവക്കാട് ഫര്‍ക്കയുടെ ഭാഗമായി പ്രവര്‍ത്തനം തുടങ്ങിയ 1967 മുതല്‍ പി.കെയും ഈ ലേഖകനും പ്രാസ്ഥാനിക രംഗത്തെന്ന പോലെ തൊഴില്‍ രംഗത്തും സഹപ്രവര്‍ത്തകരായിരുന്നു. ആദ്യകാലത്ത് കൊടുങ്ങല്ലൂര്‍ എറിയാട്ട് ജമാഅത്ത് പ്രവര്‍ത്തകരുടെ ഉടമയില്‍ പ്രവര്‍ത്തിച്ചിരുന്ന ജവാന്‍ ബീഡി കമ്പനിയുടെ തളിക്കുളം ബ്രാഞ്ച് പി.കെയും ചാവക്കാട് തിരുവത്ര ബ്രാഞ്ച് ഞാനുമാണ് നടത്തിയിരുന്നത്. പ്രാസ്ഥാനിക സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലും നിശാ ക്യാമ്പുകളിലുമൊക്കെ അനുകരണീയ മാതൃകയായിരുന്നു അദ്ദേഹത്തിന്റേത്.
പി.കെയുടെ മക്കളായ മുഹമ്മദലി, ഇഖ്ബാല്‍, ആരിഫ്, അസീം എന്നിവര്‍ സജീവ ജമാഅത്ത് പ്രവര്‍ത്തകരാണ്.

 

സി.എം ഹമീദ് റാവുത്തര്‍

ഇസ്ലാമിക പ്രസ്ഥാനത്തിന് കങ്ങഴയില്‍ വിത്തു പാകുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു ഹമീദ് സാര്‍ എന്ന് നാട്ടുകാര്‍ ബഹുമാനത്തോടെ വിളിച്ചിരുന്ന സി.എം ഹമീദ് റാവുത്തര്‍ (84). കങ്ങഴ ഗവ. എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്ററായി വിരമിച്ച അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നാട്ടിലെ ജനകീയ മുഖങ്ങളിലൊന്നായിരുന്നു.
1970 കാലങ്ങളില്‍ കങ്ങഴയിലെ ഇസ്ലാമിക ചലനങ്ങളുടെ കേന്ദ്രമായി വര്‍ത്തിച്ച ഇസ്ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ (കഇഅ) രൂപീകരണത്തില്‍ കങ്ങഴയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന മര്‍ഹൂം എം.പി കൊച്ചുമുഹമ്മദ് സാറിന്റെ വലകൈയായി പ്രവര്‍ത്തിച്ചു. 
നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന രണ്ട് അപകടങ്ങളില്‍ കാലിന് സംഭവിച്ച സാരമായ പരുക്ക് ഷുഗര്‍ രോഗി കൂടിയായ അദ്ദേഹത്തെ ജീവിത കാലം മുഴുവന്‍ പ്രയാസപ്പെടുത്തിയിരുന്നെങ്കിലും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ അതൊരു തടസ്സമേ ആയിരുന്നില്ല. രണ്ടു വര്‍ഷം മുമ്പ് സ്‌ട്രോക്ക് വന്ന് പൂര്‍ണമായും കിടപ്പിലാകുന്നതു വരെ ഊടുവഴികളും കുന്നുകളും താണ്ടിയും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് പരിഗണിച്ച് ഉള്‍വഴികളിലുള്ള വീടുകള്‍ ഒഴിവാക്കാമെന്ന് പറയുമ്പോള്‍ അതിന് സമ്മതിക്കാതെ ദുര്‍ഘട വഴികള്‍  നടന്നു കയറിയ നിരവധി അനുഭവങ്ങള്‍ ഓര്‍മിക്കാനുണ്ട്. 
പ്രബോധനത്തിനും  മാധ്യമത്തിനും വരിചേര്‍ക്കുന്നതിനും അല്‍ ജാമിഅക്കും പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്കും ധനസമാഹാരണം നടത്തുന്നതിനുമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ ജനകീയതയും സ്വീകാര്യതയും പ്രസ്ഥാനത്തിന് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. 
കങ്ങഴക്ക് തീര്‍ത്തും അപരിചിതമായിരുന്ന സംഘടിത ഫിത്വ്ര്‍ സകാത്തും ഉദ്ഹിയ്യത്തുമൊക്കെ വ്യവസ്ഥാപിതമായി നിര്‍വഹിക്കുന്ന സംവിധാനങ്ങള്‍ക്ക് നാട്ടില്‍ രൂപം നല്‍കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു. രോഗം മൂര്‍ഛിച്ച് സംസാരശേഷി നഷ്ടപ്പെടുംവരെ ബൈത്തുല്‍ മാല്‍ വിഹിതം എല്ലാ മാസവും കൃത്യമായി നല്‍കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തി.
ഇസ്‌ലാമിക പ്രസ്ഥാനത്തോട് വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തെ വ്യക്തിപരമായി എതിര്‍ത്തിരുന്നില്ല. സദാ സമയവും പുഞ്ചിരിക്കുന്ന മുഖവും ജനങ്ങളോടുള്ള ഊഷ്മളമായ പെരുമാറ്റവുമായിരുന്നു അതിനു കാരണം. 
പ്രസ്ഥാനത്തിനു കീഴില്‍ ആരംഭിച്ച അല്‍ അസ്ഹര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ രൂപീകരണ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. വിവിധോദ്ദേശ്യ പദ്ധതികളോടെ ട്രസ്റ്റിനു കീഴില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച ഇസ്ലാമിക് സെന്റര്‍ പൂര്‍ത്തീകരിച്ചുകാണാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. മൂന്നു വര്‍ഷം മുമ്പ് സ്ഥലം വാങ്ങിയെങ്കിലും സാമ്പത്തിക പരാധീനതകളാല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം കിട്ടിയ തുകയുമായി പണി തുടങ്ങാന്‍ തീരുമാനിച്ച് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാനിരുന്ന ദിവസത്തിന് തൊട്ടുതലേന്നാണ് അദ്ദേഹം നാഥനിലേക്ക് യാത്രയായത്.
ഹമീദ് സാറിന്റെ പ്രവര്‍ത്തന മാര്‍ഗത്തില്‍ അതേ സജീവതയോടെ മകന്‍ ജമാലുദ്ദീനുമുണ്ട്. അല്‍ അസ്ഹര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറിയും ട്രസ്റ്റിനു കീഴില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന കനിവ് പാലിയേറ്റീവ് കെയറിന്റെ പ്രസിഡന്റുമാണ് ജമാലുദ്ദീന്‍. 
ഭാര്യ: ഐഷ ബീവി വടക്കേറാട്ട്. മറ്റു മക്കള്‍:  ഷാജി, ശക്കീല, ഷബീന.

എ.എം മുഹമ്മദ് റിയാസ്

 

പി.കെ  യഅ്ഖൂബ് മാസ്റ്റര്‍

പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ കലാ, സാഹിത്യ, സാംസ്‌കാരിക പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു യഅ്ഖൂബ് മാസ്റ്റര്‍ എന്ന ബാവ മാഷ്. പരിചയപ്പെടുന്നവരോടെല്ലാം പുഞ്ചിരിയോടെ സംസാരിച്ച മാഷ്, താന്‍ ഇടപെട്ട മേഖലകളിലെല്ലാം സ്‌നേഹത്തിന്റെ ലോകം പണിതാണ് ഈ ലോകത്തു നിന്ന് യാത്ര തിരിച്ചത്. ഒരു നേതാവിനുണ്ടാകേണ്ട മിനിമം ക്വാളിറ്റിയാണ് അപരരെ കേള്‍ക്കാനുളള സന്നദ്ധതയും സന്മനസ്സും. ഇതു രണ്ടും മാഷിന് വേണ്ടതിലധികമുണ്ടായിരുന്നു.  തന്നോട് സംസാരിക്കുന്നവരുടെ സംസാരം മുഴുവന്‍ സാകൂതം കേട്ടു കഴിഞ്ഞേ അദ്ദേഹം സംസാരിച്ചുതുടങ്ങുകയുളളൂ.
ഹുസൈനി വെട്ടത്തൂര്‍ എന്ന തൂലികാ നാമത്തില്‍  എഴുതിയിരുന്ന മാഷ് നല്ലൊരു ഗായകനും ഫുട്‌ബോള്‍ കളിക്കാരനുമായിരുന്നു.  ഈ പ്രായത്തിലും ദിവസവും അര മണിക്കൂറോളം ഫുടബോള്‍ കളിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. വെട്ടത്തൂര്‍ പാലിയേറ്റീവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
ഇടക്കാലത്ത് പ്രവാസിയായിരുന്ന യഅ്ഖൂബ് മാഷ് പ്രവാസത്തിനു ശേഷം പട്ടിക്കാട് ഹൈസ്‌കൂളിലും ഒടുവില്‍ വെട്ടത്തൂര്‍ ഹൈസ്‌കൂളിലുമാണ് ജോലി ചെയ്തത്. സ്‌കൂളിലെ കലാ-കായിക മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാനും മത്സരത്തിന് പാകപ്പെടുത്താനും മുന്‍പന്തിയില്‍ നിന്നു. കുട്ടികളുടെ സംഘത്തെ നയിച്ചുകൊണ്ടാണ് അദ്ദേഹം യുവജനോത്സവ വേദികളിലെത്തുക. ഈ കോവിഡ് കാലത്ത് സ്‌കൂളുകള്‍ തുറക്കാതിരുന്നിട്ടും  സ്‌കൂളിലെ ജൈവ പച്ചക്കറിത്തോട്ടങ്ങളുടെ പരിപാലകനായിരുന്നു അദ്ദേഹം. പ്രവാസ കാലത്ത് ദമ്മാമിലെ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ഖുര്‍ആന്‍ ക്ലാസെടുക്കുക വഴി വലിയൊരു സൗഹൃദ വലയം തന്നെ മാഷിനുണ്ടായിരുന്നു. ദമ്മാമിലെ സ്‌കിഫ് എന്ന നിര്‍ധനരെ സഹായിക്കുന്ന കൂട്ടായ്മയിലും അംഗമായിരുന്നു.
ഏഴു കിലോമീറ്ററിലധികം ദൈര്‍ഘ്യമുളള തേലക്കാട്, കാപ്പ്, മേല്‍കുളങ്ങര, വെട്ടത്തൂര്‍, എഴുതല എന്നീ പ്രദേശങ്ങളിലെ പ്രാസ്ഥാനിക ആഭിമുഖ്യം പുലര്‍ത്തുന്നവരെ കണ്ടെത്തിയാണ്  യഅ്ഖൂബ് മാഷിന്റെ വീട്ടില്‍  വെച്ച് വെട്ടത്തൂര്‍ ഹല്‍ഖ രൂപവത്കരിച്ചത്. പ്രതിവാര യോഗങ്ങള്‍ ഒരിടത്ത് കൂടുന്നതിനു പകരം ഓരോ ആഴ്ചയിലും അംഗങ്ങളുടെ വീട്ടില്‍  മാറിമാറി നടത്തുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പരിചയപ്പെടാനും പരസ്പരം ബന്ധങ്ങള്‍ നിലനിര്‍ത്താനും ദീനീ ഐക്യം രൂപപ്പെടാനും ഉപകാരപ്പെടുമെന്ന ആശയം മുന്നോട്ടു വെച്ചത് മാഷായിരുന്നു. മാഷുടെ ആഗ്രഹം പോലെത്തന്നെ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ എല്ലാ ആഴ്ചകളിലും തമ്മില്‍ കാണുന്നു, സംവദിക്കുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈനിലൂടെയാണ് ഞങ്ങള്‍ ഒത്തു കൂടാറുള്ളതെന്നു മാത്രം.
തിരൂര്‍ക്കാട് ഇലാഹിയാ കോളേജിലും മണ്ണാര്‍ക്കാട് എം.ഇ.എസിലുമായിരുന്നു വിദ്യാഭ്യാസം. ഇലാഹിയ വിദ്യാര്‍ഥി കാലഘട്ടത്തിലെ കൂട്ടുകാര്‍ (ടികോസ) സംഘടിപ്പിച്ച  ഓണ്‍ലൈന്‍ അനുസ്മരണ ചടങ്ങില്‍ വെട്ടത്തൂര്‍ ഹല്‍ഖാ സെക്രട്ടറി എന്ന നിലയില്‍ ഈയുളളവനും പങ്കെടുക്കാന്‍  അവസരം കിട്ടി.  യഅ്ഖൂബ് എന്ന തങ്ങളുടെ സുഹൃത്തിന്റെ വേര്‍പാട് എത്രമാത്രം അവരെ സങ്കടപ്പെടുത്തി എന്ന് മനസ്സിലായി. പഠനകാലത്തെ അദ്ദേഹത്തിന്റെ പാട്ടുകള്‍, എഴുത്തുകള്‍, കവിതകള്‍, മുദ്രാവാക്യങ്ങള്‍, കുസൃതികള്‍ എന്നിവ അനുസ്മരിക്കപ്പെട്ടു. തിരൂര്‍ക്കാട് ഇലാഹിയാ കോളേജില്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ ശിഷ്യനുമായിരുന്നു.
ഭാര്യ: തോരക്കാട്ടില്‍ സുഹ്‌റ (അലനല്ലൂര്‍). മക്കള്‍: അഫ്രിന്‍ ഹുദ, പരേതനായ അദീബ് ഹുസൈന്‍, അമല്‍ (വിദ്യാര്‍ഥി, എം.ഇ.എസ് കല്ലടി കോളേജ്), അഹ്‌ലാം (വിദ്യാര്‍ഥിനി, ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍).

ശരീഫ് മഠത്തൊടി

 

എം.പി ഹൈദ്രോസ്

കയ്പമംഗലം കാളമുറി ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു ആഗസ്റ്റ് 17-ന് മരണപ്പെട്ട എം.പി ഹൈദ്രോസ് എന്ന ഐറുക്ക. മാടവന അത്താണി മണ്ണാറവീട്ടില്‍ പരേതനായ പക്കായി ഹാജിയുടെ മൂത്ത മകനായിരുന്നു. മാടവന ബദരിയ്യാ മഹല്ല് കമ്മിറ്റിയംഗം, ജോയിന്റ് സെക്രട്ടറി, നുസ്രത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസ കമ്മിറ്റി സെക്രട്ടറി, മയ്യിത്ത് പരിപാലന കമ്മിറ്റി പ്രസിഡന്റ്, കാളമുറി പലിശരഹിത പരസ്പര സഹായസംഘം നടത്തിപ്പുകാരന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. യുവത്വത്തില്‍ തന്നെ പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ ഭാഗ്യം ലഭിച്ചിരുന്നു. യാഥാസ്ഥിതികരുടെയും പാരമ്പര്യ തറവാട്ടുകാരുടെയും ഇംഗിതമനുസരിച്ചായിരുന്നു അന്നത്തെ മഹല്ല് ഭരണം. ജനങ്ങളാവട്ടെ, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി പിന്നാക്കവും. ഈ സമയത്ത് പുരോഗമന ചിന്താഗതിക്കാരായ പണ്ഡിതന്മാരെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചും ഖുര്‍ആന്‍ ക്ലാസ് സംഘടിപ്പിച്ചും മഹല്ലിനെ പുരോഗതിയിലേക്ക് കൊണ്ടുവന്നതില്‍ അദ്ദേഹത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ഇതിന്റെ പേരില്‍ മര്‍ദനങ്ങളും ഭീഷണികളും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും അടിയറവു പറയാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. പിന്നീട് മഹല്ല് ഭരണം പുരോഗമന ആശയക്കാരില്‍ എത്തിയപ്പോള്‍ ഫിത്വ്ര്‍ സകാത്ത്, ഉദ്ഹിയ്യത്ത് എന്നിവ സംഘടിതമായി നിലനിര്‍ത്താന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. മദ്‌റസയില്‍ അധ്യാപകന്‍ ഇല്ലെങ്കില്‍ ഉസ്താദായും പള്ളിയില്‍ മുഅദ്ദിനായും സൗജന്യസേവനം ചെയ്യാന്‍ ഉത്സാഹമായിരുന്നു. സല്‍ക്കാരപ്രിയനായിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാത്ത ഇമാം, ഖത്വീബുമാര്‍ കുറവായിരിക്കും. ക്ലാസ്സിനും ഖുത്വ്ബക്കും ആളെ കിട്ടാതെ വരുമ്പോള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പോലും സഞ്ചരിച്ച് ഖത്വീബുമാരെ കൊണ്ടുവരുമായിരുന്നു. പള്ളിയുടെ ശുചീകരണം അദ്ദേഹത്തിന്റെ ദിനചര്യകളില്‍പെടുന്നു. ഉപജീവനത്തിനായി സൈക്കിളില്‍ കയറ്റുപായയും ചവിട്ടിയും കൊണ്ടുനടന്നു വില്‍ക്കുകയായിരുന്നു. അവസാന കാലത്ത് കാളമുറിയില്‍ ഇതിനായി ഒരു പീടികയും തുറന്നു. ഈ കടയാണ് പലിശരഹിത നിധിയുടെ ഓഫീസായും പ്രവര്‍ത്തിച്ചത്. കണ്ടുമുട്ടുന്നവരുടെ ജാതിയും മതവും നോക്കാതെ സരസമായ ശൈലിയില്‍ ദീനീസന്ദേശം പകര്‍ന്നുനല്‍കുന്നതില്‍ ശ്രദ്ധിച്ചു. കൈയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരെങ്കിലും സഹായം ചോദിച്ചുവന്നാല്‍ മടക്കിയയക്കുമായിരുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന അദ്ദേഹത്തെ ഏതു സമ്മേളനസ്ഥലത്തും സേവകന്റെ റോളിലാണ് കണ്ടിരുന്നത്. പിതാവിനെ പ്രേരിപ്പിച്ച് അത്താണി ഇസ്‌ലാമിക് സെന്ററിന് സ്ഥലം വഖ്ഫ് ചെയ്യിപ്പിച്ചു. മാടവനയെ തുടര്‍ന്ന് കുറച്ചുകാലം പുത്തന്‍ചിറയിലും അവസാനം കാളമുറിയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ളുഹ്ര്‍ നമസ്‌കാരം കഴിഞ്ഞ് പലിശരഹിത നിധിയുടെ കളക്ഷന്‍ നടത്തിക്കൊണ്ടിരിക്കെയാണ് 83-ാം വയസ്സില്‍ ഹൃദയാഘാതം വന്ന് അദ്ദേഹം വിടവാങ്ങിയത്. പ്രവര്‍ത്തനനിരതമായ ആറു പതിറ്റാണ്ട് കാലത്തെ പ്രസ്ഥാന ജീവിതത്തിനൊടുവില്‍ പരലോകത്തേക്കുള്ള പാഥേയം മാത്രം സമ്പാദിച്ചാണ് അദ്ദേഹം യാത്രയായത്. 

പി.കെ അബ്ദുല്ലത്വീഫ് മാടവന

 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും സ്വര്‍ഗത്തില്‍
ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി