Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

നമസ്‌കാരം ഡോക്യുമെന്ററിയില്‍ മമ്മൂട്ടി അഭിനയിക്കാന്‍ തയാറായപ്പോള്‍

ഡോ. മുസ്തഫ കമാല്‍ പാഷ/സി.എസ് ശാഹിന്‍

(ജീവിതം - അഞ്ച്)

ചെര്‍പ്പുളശ്ശേരി സിനിമയോട് ഒട്ടിനില്‍ക്കുന്ന  നാടായിരുന്നു. സിനിമാ നിര്‍മാതാക്കളും അഭിനേതാക്കളും അക്കാലത്ത് അവിടെയുണ്ടായിരുന്നു. മനോഹരമായ ലൊക്കേഷനുകളുമുണ്ട്. ഇടക്കിടെ നാട്ടില്‍ ഷൂട്ടിംഗ് നടക്കുമായിരുന്നു. ആദ്യമായി ഞാന്‍ തിയേറ്ററിലേക്ക് പോയത് വല്യുപ്പയോടൊപ്പം. ഇക്കാരണങ്ങളാല്‍ ചെറുപ്പം മുതല്‍ സിനിമാ സംവിധാനത്തോട് കമ്പം തോന്നിയിരുന്നു. പാലക്കാട് കേന്ദ്രമായി 'ഹ്രസ്വ ചിത്ര' എന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നു. ഞാന്‍ അതില്‍ അംഗമായി. വീഡിയോ ക്യാമറ ഉപയോഗിച്ച് ചെറിയ ഫിലിമുകള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അവിടെ പഠിപ്പിച്ചിരുന്നു. കുറച്ചു ക്ലാസുകളില്‍  ഹാജരായി. അതുവഴി വീഡിയോ ക്യാമറ കൈകാര്യം ചെയ്യാനുള്ള പരിശീലനം കിട്ടി. എം.ടിയുടെ തിരക്കഥകള്‍ വായിക്കുമായിരുന്നു. തിരക്കഥ എങ്ങനെ രൂപപ്പെടുത്തണമെന്ന ഏകദേശ ധാരണ ലഭിച്ചു. ഈയൊരു പശ്ചാത്തലമാണ് ഡോക്യുമെന്ററി നിര്‍മാണത്തിലേക്ക് എന്നെ എത്തിച്ചത്.
16 എം.എം വീഡിയോ ക്യാമറ ഞാന്‍ വാങ്ങിച്ചിരുന്നു. ഇസ്ലാമിനെ പുല്‍കിയ മീനാക്ഷിപുരം എന്ന ഗ്രാമം എന്റെ മനസ്സില്‍ തെളിഞ്ഞു. ക്യാമറയുമായി മീനാക്ഷിപുരത്തേക്ക്. വിദ്യാഭ്യാസമില്ലാത്ത ഗ്രാമം; ഇതായിരുന്നു മീനാക്ഷിപുരത്തെ കുറിച്ച എന്റെ ധാരണ. അവിടെ എത്തിയപ്പോഴാണ് ആ ധാരണ തെറ്റാണെന്ന് മനസ്സിലായത്. സ്‌കൂള്‍ അധ്യാപകരടക്കം വിദ്യാസമ്പന്നരായ ധാരാളമാളുകള്‍ അവിടെയുണ്ടായിരുന്നു. പഞ്ചായത്തിലെ പൊതു കിണറില്‍നിന്ന് വെള്ളം പിടിക്കാന്‍ രണ്ട് ടാപ്പുകള്‍ ഘടിപ്പിച്ചിരുന്നു. ഒന്ന് സവര്‍ണര്‍ക്ക്, മറ്റൊന്ന് താഴ്ന്ന ജാതിക്കാര്‍ക്ക്. ചായപ്പീടികയിലാകട്ടെ ബെഞ്ചിലിരിക്കാന്‍ കീഴാളര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. തറയില്‍ ഇരിക്കണം. അവര്‍ണര്‍ക്കും സവര്‍ണര്‍ക്കും വെവ്വേറെ ചായ ഗ്ലാസ്സുകള്‍. ഇങ്ങനെ വിവേചനവും നിന്ദ്യതയും അപമാനവും പേറി ജീവിതം മടുത്ത ഒരു ജനത വിമോചനം തേടി ഇസ്ലാമിലേക്ക് കടന്നുവരികയായിരുന്നു. അവിടെ ചെറിയൊരു ഷെഡ് കണ്ടു. താല്‍ക്കാലികമായി അവര്‍ കെട്ടിയ പള്ളിയാണത്. ഗ്രാമത്തിലെ ഓരോ വീട്ടുകാരെയും പരിചയപ്പെട്ടു. അവരുടെ അനുഭവങ്ങളും മുസ്ലിമായതിനുശേഷമുള്ള  ജീവിത വിശേഷങ്ങളും വീഡിയോ ക്യാമറയില്‍ പകര്‍ത്തി. അതായിരുന്നു എന്റെ ആദ്യ ഡോക്യുമെന്ററി.
കോട്ടയം സെന്റ് ബസേലിയസ് കോളേജിന്റെ അറുപതാം വാര്‍ഷികം. വാര്‍ഷികത്തോടനുബന്ധിച്ച് എക്‌സിബിഷന്‍ സംഘടിപ്പിക്കാന്‍ കോളേജ് അധികാരികള്‍ തീരുമാനിച്ചു. എക്‌സിബിഷനില്‍ മുസ്‌ലിംകള്‍ക്ക് ഒരു സ്റ്റാള്‍ അനുവദിക്കാമെന്ന് കോട്ടയം മുസ്ലിം അസോസിയേഷന്‍ എന്ന കൂട്ടായ്മയെ അവര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. ബഷീറായിരുന്നു അസോസിയേഷന്‍ പ്രസിഡന്റ്. ചന്ദ്രിക ലേഖകന്‍ മുഹമ്മദ് കുട്ടി സെക്രട്ടറി. ഡോ. ബഷീര്‍ എന്നെ വിളിച്ചു ചോദിച്ചു: 'ഇങ്ങനെ ഒരു ഓഫര്‍ വന്നിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്?' പെട്ടെന്നുതന്നെ അത് ഏറ്റെടുക്കാന്‍ ഞാന്‍ പറഞ്ഞു. അദ്ദേഹം ഏറ്റെടുത്തു. എന്നാല്‍ എക്‌സിബിഷന്റെ ഒരാഴ്ച മുമ്പ് സംഘാടകര്‍ ഡോ. ബഷീറിനോട് പറഞ്ഞു: 'നിങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് ബുക് സ്റ്റാള്‍ നടത്താന്‍ പാടില്ല. മറ്റെന്തെങ്കിലും പ്രദര്‍ശനമാകാം'. ഇക്കാര്യം അദ്ദേഹം ആശങ്കയോടെ എന്നെ അറിയിച്ചു. ഞാന്‍ പ്രതീക്ഷ കൈവിടാതെ പറഞ്ഞു: 'അത് സാരമില്ല. നമുക്ക് എന്തെങ്കിലും ചെയ്യാം'. അവശേഷിക്കുന്നത് ഒരാഴ്ച മാത്രം. അതിനുള്ളില്‍ എന്ത് സജ്ജീകരിക്കും? ഞാനും എ.എ വഹാബും ആലോചനയില്‍ മുഴുകി. ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷ്‌നല്‍ ലീഗിന്റെ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. അതിനു മുമ്പ് കേരളത്തിലെ യൂത്ത് ലീഗിന്റെ നേതൃത്വത്തിലുമുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും കോട്ടയത്ത് പോയി സാഹചര്യം വിലയിരുത്തി. എക്‌സിബിഷന്‍ ആസൂത്രണം ചെയ്യുന്നതില്‍ ഡോ. സി.പി അബൂബക്കറും നിര്‍ണായക പങ്കു വഹിച്ചു. അങ്ങനെ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററി തയാറാക്കി. അതിനു പിന്നില്‍ കാര്യമായി പ്രവര്‍ത്തിച്ചത് ഡോ. സഈദ് മരക്കാര്‍ ആയിരുന്നു. പണ്ഡിതനായ അദ്ദേഹം സീതി ഹാജി എന്ന പേരിലാണ് വളാഞ്ചേരിയില്‍ അറിയപ്പെട്ടിരുന്നത്. എക്‌സിബിഷന്‍ ആരംഭിച്ചു. ഞങ്ങള്‍ വലിയൊരു ടി.വി ഒപ്പിച്ചിരുന്നു. ഡോക്യുമെന്ററി അതില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു. എക്‌സിബിഷന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ച  മറ്റൊന്നാണ് 'ഉരുകും മനുഷ്യന്‍'. മരണവും മരണാനന്തര യാഥാര്‍ഥ്യവും 'ഉരുകും മനുഷ്യനി'ലൂടെ ആളുകളെ ബോധ്യപ്പെടുത്തലായിരുന്നു ഉദ്ദേശ്യം. അതിന് ശബ്ദം നല്‍കിയതും അതെന്താണെന്ന് ആളുകള്‍ക്ക് വിശദീകരിച്ചു കൊടുത്തതും എ.എ വഹാബായിരുന്നു. സംഗതി ക്ലിക്കായി. ആളുകള്‍ കണ്ടമാനം തടിച്ചുകൂടി. സ്റ്റാളിനു മുന്നില്‍ നീണ്ട ക്യൂ. എന്ത് മാജിക്കാണ് ഇവര്‍ കാണിക്കുന്നത് എന്ന് ചോദിച്ച് സംഘാടകര്‍ പോലും അത്ഭുതപ്പെട്ടു. ശേഷം അവര്‍ തന്നെ അനൗണ്‍സ് ചെയ്തു: 'ഇസ്ലാമിക് അസോസിയേഷന്റെ ഒരു സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരും അത് സന്ദര്‍ശിക്കാതെ പോകരുത്'. കോട്ടയം മെഡിക്കല്‍ കോളേജിലെയും മറ്റു കോളേജുകളിലെയും വിദ്യാര്‍ഥികളും സാധാരണക്കാരുമൊക്കെയാണ് സന്ദര്‍ശിക്കാനെത്തിയത്. ഇസ്ലാമിനെ കുറിച്ച് അറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് എന്തൊരു ആകാംക്ഷയായിരുന്നെന്നോ! ഇസ്‌ലാമിനെ പരിചയപ്പെടാനുള്ള അവസരം പൊതുവെ അവര്‍ക്ക് കിട്ടിയിരുന്നില്ല. ധാരാളം അച്ചന്മാരും  കന്യാസ്ത്രീകളും വന്നു. സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്കും  സംശയങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തൃശൂരിലെ എന്‍.എ മുഹമ്മദ് സാഹിബും ഉണ്ടായിരുന്നു. ഇടമുറിയാതെ ഒഴുകിയെത്തിയ ജനങ്ങളെ ആകര്‍ഷിച്ച പ്രദര്‍ശനം പത്തു ദിവസവും വിജയകരമായി മുന്നോട്ടുപോയി.
നമസ്‌കാരത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാന്‍ മനസ്സില്‍ ആഗ്രഹം. അങ്ങനെയുള്ള വീഡിയോ കാസറ്റുകളൊന്നും ഇല്ലാത്ത കാലമായിരുന്നു അത്. നമസ്‌കാരത്തിന്റെ പ്രാധാന്യം, നമസ്‌കാരത്തിന്റെ രൂപം, ചൊല്ലുന്ന പ്രാര്‍ഥനകളുടെ അര്‍ഥം, നമസ്‌കാരവുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിക്കലായിരുന്നു ലക്ഷ്യം. അത്തരമൊരു ഡോക്യുമെന്ററി, സംവിധായകന്‍ ഫാസില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്താല്‍ ഗംഭീരമാകുമല്ലോ. അങ്ങനെയാണ് ഞാന്‍ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുന്നത്. വളച്ചുകെട്ടലില്ലാതെ വന്ന കാര്യം പറഞ്ഞു: 'നമസ്‌കാരത്തെക്കുറിച്ച് ഒരു വീഡിയോ കാസറ്റ് തയാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. താങ്കളുടെ സഹായം വേണം'. 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന സിനിമ ഇറങ്ങിയ സന്ദര്‍ഭമായിരുന്നു അത്. ചില പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ആവശ്യപ്പെട്ടത് ഏറ്റെടുക്കാന്‍ ആദ്യം അദ്ദേഹം തയാറായില്ല. അങ്ങനെയെങ്കില്‍ ഡോക്യുമെന്ററിയുടെ തിരക്കഥയെഴുതാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. ആ അഭ്യര്‍ഥന അദ്ദേഹം പരിഗണിച്ചു. ആലപ്പുഴയില്‍ അദ്ദേഹം താമസിക്കുന്ന  ഹോട്ടല്‍ മുറിയിലേക്ക്  ഞായറാഴ്ചകളില്‍ ഞാന്‍ പോകാന്‍ തുടങ്ങി. രാവിലെ മുതല്‍ വൈകുന്നേരം വരെ തിരക്കഥയുമായി ബന്ധപ്പെട്ട ചര്‍ച്ച. അഞ്ച് ആഴ്ചകൊണ്ട്  തിരക്കഥ പൂര്‍ത്തിയായി. ഇനി നടക്കേണ്ടത് ഷൂട്ടിംഗ്. ഞാന്‍ ഫാസിലിനോട്  ചോദിച്ചു: 'ഷൂട്ടിംഗില്‍ കൂടി സഹായിച്ചുകൂടേ'. അപ്പോള്‍ വലിയ ആവേശത്തോടെയാണ് അദ്ദേഹം അത് സമ്മതിച്ചത്. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് യൂനിറ്റിനെ തന്നെ  ഉപയോഗിച്ചാണ് ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. പിന്നെ അവശേഷിച്ചത് എഡിറ്റിംഗ് മാത്രം. അക്കാര്യത്തിലും ഏറെ താല്‍പര്യത്തോടെ ഫാസില്‍ സഹായിച്ചു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'തുടക്കത്തില്‍ താങ്കള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴാകട്ടെ വലിയ ആവേശത്തോടെ സഹകരിക്കുകയും ചെയ്യുന്നു. എന്താണ് കാരണം?' അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നിങ്ങള്‍ ആദ്യമായി വീട്ടില്‍ വന്ന സന്ദര്‍ഭത്തില്‍ നമ്മള്‍ തമ്മില്‍ സംസാരിച്ചത് എന്റെ ഉമ്മ മറക്കപ്പുറത്തുനിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. നിങ്ങള്‍ മടങ്ങിയപ്പോള്‍ ഉമ്മ എന്നോട് പറഞ്ഞു: ഇത് നമസ്‌കാരത്തെ കുറിച്ചുള്ള സിനിമയല്ലേ. അതുകൊണ്ട് നീ അത് ചെയ്തുകൊടുക്കണം'.
ഒരു പള്ളീലച്ചന്റെ സ്റ്റുഡിയോയിലാണ് എഡിറ്റിംഗ് പണികള്‍ പൂര്‍ത്തിയാക്കിയത്. കാക്കനാടിന്റെ ഉള്‍പ്രദേശത്ത് പറങ്കിമാവിന്‍ തോട്ടത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ചര്‍ച്ചും സ്റ്റുഡിയോയും ഉണ്ടായിരുന്നു. എഡിറ്റിംഗിനു വേണ്ടി രാവും പകലും അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചു. ഒടുവില്‍ ഡോക്യുമെന്ററി റിലീസിന് തയാറായി. കോഴിക്കോട് എം.എം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വലിയ സ്‌ക്രീനിലായിരുന്നു  കാസറ്റ് റിലീസ് ചെയ്തത്. ഡോക്യുമെന്ററി കാണാന്‍ ഗ്രൗണ്ടിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. കാസറ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഡോക്യുമെന്ററി ചിത്രീകരണവേളയില്‍ ധാരാളം സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദങ്ങളുണ്ടായി. യൂസുഫലി കേച്ചേരി എന്റെ അടുത്ത സുഹൃത്തായിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകളില്‍ പലരും അക്കാലത്ത് ഇസ്‌ലാം പ്രാക്ടീസ് ചെയ്യുന്നവരായിരുന്നില്ല. ഇസ്‌ലാമിനെ കുറിച്ച് വേണ്ടത്ര അറിവുമുണ്ടായിരുന്നില്ല. ഇസ്‌ലാമിക സമൂഹം അവരോടും അവര്‍ ഇസ്‌ലാമിക സമൂഹത്തോടും അകലം പാലിച്ചാണ് സഞ്ചരിച്ചിരുന്നത്. ഡോക്യുമെന്ററിയുടെ എഡിറ്റിംഗ് നടന്നുകൊണ്ടിരിക്കെ മദ്രാസില്‍നിന്ന് മമ്മൂട്ടി ഫാസിലിനെ  വിളിച്ചു. ഫാസില്‍ മമ്മൂട്ടിക്ക് ഡേറ്റ് കൊടുത്ത സമയമായിരുന്നു അത്. എന്താണ് വരാത്തതെന്ന് മമ്മൂട്ടി ചോദിച്ചു. ഫാസില്‍ പറഞ്ഞു: 'നമസ്‌കാരത്തെ കുറിച്ച് ഒരു വീഡിയോ കാസറ്റ് ഉണ്ടാക്കുന്ന തിരക്കിലാണ്. അത് പൂര്‍ത്തിയാക്കിയിട്ടേ ഇനി എങ്ങോട്ടും പോകുന്നുള്ളൂ'. അപ്പോള്‍ മമ്മൂട്ടി: 'അതില്‍ അഭിനയിക്കാന്‍ ഞാന്‍ വരണോ?' 'മമ്മൂട്ടിയെ ഇതില്‍ അഭിനയിപ്പിക്കണോ' എന്ന് ഫാസില്‍ എന്നോട് ചോദിച്ചു. ദീനീകാര്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന ഒരു ഡോക്യുമെന്ററി. അതില്‍ സിനിമാ നടന്മാര്‍ അഭിനയിച്ചാല്‍  അക്കാലത്തെ മുസ്ലിം സമൂഹത്തില്‍ കാര്യമായ സ്വീകാര്യത ലഭിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ആ വലിയ ഓഫര്‍ വേണ്ടെന്നുവെക്കേണ്ടിവന്നു.
എന്റെ പി.എച്ച്.ഡി പൂര്‍ത്തിയായ സന്ദര്‍ഭം. അടുത്ത ഗവേഷണം എന്താകണം എന്ന ആലോചനയിലായിരുന്നു ഞാന്‍. ചരിത്രമാണ് എന്റെ മേഖല. ഖുര്‍ആനില്‍ കൂടുതല്‍ പഠനം നടത്താന്‍ താല്‍പര്യവുമുണ്ട്. വീഡിയോ ഫിലിമുകളോടുള്ള കമ്പം മറ്റൊരു ഭാഗത്തും. ഇതു മൂന്നും കൂടിച്ചേര്‍ന്നപ്പോഴാണ് 'ഖുര്‍ആന്റെ ചരിത്രഭൂമികളിലൂടെ' എന്ന  ഡോക്യുമെന്ററിയിലേക്ക് വാതില്‍ തുറക്കപ്പെട്ടത്. ഖുര്‍ആനിലെ ചരിത്ര ആഖ്യാനങ്ങളെ കുറിച്ച് പഠനം നടത്താന്‍ കുറേ നാളായി ആഗ്രഹിച്ചിരുന്നു. ചരിത്രസംഭവങ്ങളെ കുറിച്ച് പറയുന്ന ഖുര്‍ആനിലെ ആയത്തുകളുടെ ലിസ്റ്റ് ആദ്യം തയാറാക്കി. ഖുര്‍ആനിലെ മൂന്നില്‍ ഒന്നും ചരിത്രമാണെന്ന് അപ്പോഴാണ് മനസ്സിലായത്. ചരിത്രം സുപ്രധാന വിജ്ഞാന ശാഖയാണ്. ചരിത്രം പഠിക്കല്‍ അനിവാര്യമാണ്. ഈ ലോകത്ത് എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ അത് ഫിലോസഫിയും ചരിത്രവുമാണെന്ന് മാര്‍ക്‌സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ചരിത്രത്തെ ഉപയോഗിച്ചാണ് കമ്യൂണിസം അതിന്റെ പല സിദ്ധാന്തങ്ങള്‍ക്കും ന്യായീകരണം കണ്ടെത്തിയത്. ഖുര്‍ആന്റെ ചരിത്ര വ്യാഖ്യാനം അന്വേഷിക്കലായിരുന്നു എന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഖുര്‍ആന്‍ പ്രതിപാദിച്ച ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ആലോചിച്ചത്. എങ്കില്‍ പിന്നെ അതൊരു ഡോക്യുമെന്ററി ആയിക്കോട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. ഞാനും പ്രഫ. പി.കെ അബദുര്‍റസാഖ് സുല്ലമിയും ചേര്‍ന്നാണ് ഇങ്ങനെയൊരു ഡോക്യുമെന്ററിയെക്കുറിച്ച് ആലോചിച്ചതും ആസൂത്രണങ്ങള്‍ ചെയ്തതും. പി.എസ്.എം.ഒ കോളേജിലെ അറബിക് പ്രഫസറായിരുന്നു അദ്ദേഹം. സുഊദി അറേബ്യ, ജോര്‍ദാന്‍, ഫലസ്ത്വീന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഒമാന്‍, അര്‍മേനിയ, ജോര്‍ജിയ, തുര്‍ക്കി, ലബനാന്‍, കുര്‍ദിസ്താന്‍, യമന്‍, സിറിയ തുടങ്ങിയ നാടുകളിലൂടെ വീഡിയോ ക്യാമറയുമായി ഞങ്ങള്‍ സഞ്ചരിച്ചു. പല പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചാണ് ഷൂട്ടിംഗ് മുന്നോട്ടു നീങ്ങിയത്. 
നൈല്‍ നദിയുടെ തീരത്ത് ഞങ്ങള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണി ആയിക്കാണും, പൊടുന്നനെ അന്തരീക്ഷം ഇരുട്ടു മൂടി. ശക്തമായ ചുഴലിക്കാറ്റ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഖിയാമത്ത് നാളായി എന്ന് നിലവിളിച്ചുകൊണ്ട് പുഴയില്‍ കളിച്ചിരുന്ന കുട്ടികള്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. ഞങ്ങളെ കെട്ടിപ്പിടിച്ച് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അന്തരീക്ഷത്തില്‍ ചളിയും പൊടിയും പാറിക്കളിക്കുന്നു. ശരീരം പാറിപ്പോകുന്നതുപോലെ അനുഭവപ്പെട്ടു. ഞങ്ങള്‍ ഒരു മരത്തില്‍ കെട്ടിപ്പിടിച്ചു. അത് ജീവിതത്തിലെ  അവസാന നിമിഷങ്ങളാണെന്ന് തോന്നിപ്പോയി. പെട്ടെന്ന്  ഒരു കാര്‍ ആ വഴി ചീറിപ്പാഞ്ഞു വന്നു. കൈകാണിച്ചപ്പോള്‍ നിര്‍ത്തി. കാറിനകത്ത് ഒരു അപരിചിതന്‍. ഞങ്ങളെ കയറ്റി കാര്‍ അതിവേഗം സഞ്ചരിച്ചു. അപ്പോഴാണ്  ശ്വാസം നേരെ വീണത്. ഞങ്ങളെ അയാള്‍ കെയ്‌റോ  നഗരത്തില്‍ ഇറക്കിവിട്ടു. ജീവന്‍ തിരിച്ചുകിട്ടിയ പ്രതീതി.
ഷൂട്ടിംഗിനിടയില്‍ പലഭാഗങ്ങളിലും പോലീസുകാരും പട്ടാളക്കാരും ഞങ്ങളെ തടഞ്ഞിരുന്നു. ഞങ്ങളെ പിടികൂടി പോലീസ് സ്റ്റേഷനിലേക്കും പട്ടാള ക്യാമ്പിലേക്കും കൊണ്ടുപോയിട്ടുണ്ട്.  നൂഹ് നബിയുടെ കപ്പല്‍ കാണാനായി മലമുകളില്‍ കയറിയപ്പോഴും ഫിര്‍ഔന്റെ മൃതശരീരം ഷൂട്ട് ചെയ്യാന്‍ പോയപ്പോഴുമെല്ലാം  ഇങ്ങനെ സംഭവിച്ചിരുന്നു. ഞങ്ങളുടെ ഉദ്ദേശ്യം അവര്‍ക്ക്  ബോധ്യപ്പെട്ടപ്പോള്‍ സ്‌നേഹത്തോടെ യാത്രയയക്കുകയും ചെയ്തു.
സഞ്ചാരം ജോര്‍ദാനിലെത്തി. ലൂത്വ് നബിയുടെ ജനതയെ അല്ലാഹു നശിപ്പിച്ചത് ചാവു കടലിലാണല്ലോ. ചാവുകടല്‍ സന്ദര്‍ശിക്കാന്‍ ടാക്‌സിയില്‍ യാത്ര തുടര്‍ന്നു. വഴിയില്‍ ഒരു പോലീസുകാരന്‍ കാര്‍ തടഞ്ഞു. അയാള്‍ ഡ്രൈവറോട് ചിരിച്ചുകൊണ്ട്  എന്തൊക്കെയോ കുശലം പറഞ്ഞു. ഒരു കടലാസ് കൈമാറുകയും ചെയ്തു. ശേഷം പോലീസുകാരന്‍ കൈകൊടുത്ത്  തിരിച്ചുപോയി. മടങ്ങി വന്ന ഡ്രൈവറോട് ഞങ്ങള്‍ ചോദിച്ചു: 'ആ പോലീസുകാരന്‍ നിങ്ങളുടെ കൂട്ടുകാരനാണോ?' ഡ്രൈവര്‍ പറഞ്ഞു: 'അല്ല. അയാളെ എനിക്ക് പരിചയമില്ല. അദ്ദേഹം വന്ന് എന്നോട് സലാം പറഞ്ഞു. കൈ തന്ന്  വിശേഷങ്ങള്‍ അന്വേഷിച്ചു. ഇന്ന് അവധി ദിവസമാണ്. അവധി ദിനങ്ങളില്‍ ഈ ഭാഗത്തേക്ക് കടക്കണമെങ്കില്‍ പ്രത്യേക പാസ് എടുക്കണമായിരുന്നു. പാസില്ലെങ്കില്‍ പിഴയടക്കണം. ഞാനാണെങ്കില്‍ പാസ് എടുത്തിട്ടില്ല. ആ പോലീസുകാരന്‍ ഫൈന്‍ എഴുതിത്തന്നു. സലാം പറഞ്ഞ് ഹസ്തദാനം നല്‍കി തിരിച്ചുപോയി.  ഇതാണ് സംഭവിച്ചത്'. ഇങ്ങനെയാണ് അവിടങ്ങളിലെ പോലീസുകാരുടെ പെരുമാറ്റരീതി. ഇവിടത്തെ പോലീസുകാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം.
വെല്ലുവിളികള്‍ മറികടന്ന് 'ഖുര്‍ആന്റെ ചരിത്ര ഭൂമികളിലൂടെ' എന്ന  ഡോക്യുമെന്ററി പൂര്‍ത്തിയായി. ഓരോ ഘട്ടത്തിലും അല്ലാഹുവിന്റെ ഇടപെടലുണ്ടായി. ഡോക്യുമെന്ററി റിലീസ് ചെയ്തപ്പോള്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വിജയമാണ്  ലഭിച്ചത്. വന്‍ ഹിറ്റായി. വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ആവശ്യക്കാര്‍ ഏറിവന്നു. തമിഴ്, അറബി, ഇംഗ്ലീഷ്, ഉര്‍ദു തുടങ്ങിയ ഭാഷകളിലേക്ക് ഡബ്ബിംഗ് ചെയ്തു. ഈ ഡോക്യുമെന്ററി കണ്ടിട്ട് മാത്രം ഇസ്‌ലാമിലേക്ക് കടന്നുവന്നവരുണ്ട്. കോട്ടക്കലില്‍നിന്ന് ഒരു ക്രിസ്ത്യന്‍ വിദ്യാര്‍ഥി എന്നെ കാണാന്‍ വന്നു. അവന്റെ മുസ്ലിം സുഹൃത്ത് ഒരിക്കല്‍ ഈ ഡോക്യുമെന്ററി  കൊടുത്തിട്ട് പറഞ്ഞത്രെ; 'നിങ്ങളുടെ യേശുവിനെയും മോസസിനെയും പറ്റി ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്'. അവന്‍ അതു മുഴുവന്‍ കണ്ടു. കണ്ടു കഴിഞ്ഞപ്പോള്‍ കുറേ സംശയങ്ങള്‍ ബാക്കിയായി. സംശയനിവാരണത്തിനു വേണ്ടിയാണ് എന്റെ അടുത്തു വന്നത്. ഞാന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊടുത്തു. മടങ്ങാന്‍ നേരത്ത് അവന്‍ പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ പോകുന്നു. ഒരു മാസം കഴിഞ്ഞ് തിരിച്ചുവരാം. അന്ന് ഞാന്‍ മുസ്ലിമായിരിക്കും'. 'യോഗ ഫോര്‍ ഹെല്‍ത്ത്', 'ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങളിലൂടെ' തുടങ്ങിയ ഡോക്യുമെന്ററികളും ഞാന്‍ നിര്‍മിച്ചിരുന്നു.
'തരംഗം കാസറ്റ്‌സ്' മറ്റൊരു സംരംഭമായിരുന്നു. 'തരംഗ'ത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷം മാത്രമല്ല മനസ്സിലേക്ക് കടന്നുവരുന്നത്. അഹ്മദ് കൊടിയത്തൂര്‍, സമദ് ചേറൂര്‍, അബ്ദുര്‍റഹീം പുത്തനത്താണി എന്നിവരോടൊപ്പം ചേര്‍ന്നാണ് 'തരംഗം' ആരംഭിക്കുന്നത്. ഖുര്‍ആന്‍ പാരായണവും പരിഭാഷയും ഓഡിയോ കാസറ്റായി ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതായിരുന്നു 'തരംഗ'ത്തിന്റെ ആദ്യ പ്രോജക്ട്. അക്കാലത്ത് അങ്ങനെയൊരു കാസറ്റ് ഇല്ലായിരുന്നു. ഖുര്‍ആന്‍ പരിഭാഷ എഴുതിയത് അഹ്മദ് കൊടിയത്തൂര്‍. ശരീഫ് കൊച്ചിനാണ് ഖുര്‍ആന്‍ പാരായണം നടത്തിയത്. മലയാള പരിഭാഷക്ക് ശബ്ദം നല്‍കിയത് ആള്‍ ഇന്ത്യാ റേഡിയോയിലെ ഖാന്‍ കാവില്‍. ഗാംഭീര്യമുള്ള ശബ്ദത്തിന്റെ ഉടമ. പരിഭാഷ എഴുതിക്കഴിയുന്നതിന്  അനുസരിച്ച് പല ഘട്ടങ്ങളിലായാണ് റെക്കോര്‍ഡ് ചെയ്തിരുന്നത്. എന്നിട്ടും ഖാന്‍ കാവില്‍ അനിഷ്ടം പ്രകടിപ്പിച്ചില്ല. പൂര്‍ണമായി സഹകരിച്ചു. റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി. കാസറ്റ് പ്രകാശനം ചെയ്യാന്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനെ ക്ഷണിച്ചു. അന്ന് അദ്ദേഹമാണ് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍. അദ്ദേഹം ക്ഷണം സ്വീകരിച്ചു. എന്നാല്‍ പ്രകാശനത്തിന്റെ തലേദിവസം രാത്രി അമീറിന്റെ ഫോണ്‍ കോള്‍ വന്നു: 'ഈ കാസറ്റിനെ പറ്റി ചില വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഖുര്‍ആന്റെ പരിഭാഷയാണല്ലോ. പിഴവുകളൊന്നും ഇല്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തല്‍ അനിവാര്യമാണ്. ഞാന്‍ നാല് പണ്ഡിതന്മാരുടെ പേര് നിര്‍ദേശിക്കാം. അവരെ സമീപിച്ച് പരിഭാഷയില്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്ന സാക്ഷ്യപത്രം കൊണ്ടുവരണം.' ഇതു കേട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഞാനല്‍പം പകച്ചു. നാളെയാണ് പ്രകാശനം. ഒറ്റരാത്രി കൊണ്ട് ഖുര്‍ആന്‍ പരിഭാഷ മുഴുവന്‍ എങ്ങനെ പരിശോധിക്കും? അന്നു രാത്രി ഞാന്‍ കാറെടുത്ത് കറങ്ങി. അമീര്‍ നിര്‍ദേശിച്ച പണ്ഡിതന്മാരുടെ വീട്ടിലേക്ക് പോയി. ഖുര്‍ആനെ നാലു ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗം അവര്‍ക്ക് വീതിച്ചുകൊടുത്തു. ഞാന്‍ അവരോട് പറഞ്ഞു: 'നാളെ രാവിലെ ആകുമ്പോഴേക്കും  മുഴുവനും കേള്‍ക്കണം. തകരാറ് വല്ലതുമുണ്ടെങ്കില്‍ പറയണം. കുഴപ്പങ്ങളൊന്നും ഇല്ലെങ്കില്‍ മാത്രമേ അമീര്‍ പ്രകാശനത്തിന് വരികയുള്ളൂ'. അവര്‍ പൂര്‍ണമായും സഹകരിച്ചു. രാത്രി ഉറക്കമൊഴിച്ച് ഇരുന്ന് കേട്ടു. കേട്ട ഭാഗത്തിന്റെ സാക്ഷ്യപത്രം തന്നു. നേരം പുലരുമ്പോഴേക്കും സാക്ഷ്യപത്രങ്ങളുമായി സിദ്ദീഖ് ഹസന്‍ സാഹിബിന്റെ അടുത്തെത്തി. പ്രകാശനം ഭംഗിയായി നടന്നു. അക്കാലത്ത് ഖുര്‍ആന്‍ ഓഡിയോ കാസറ്റുകള്‍ പൊതുവെ പ്രചാരത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ശ്രദ്ധേയമായ പ്രൊജക്റ്റായിരുന്നു അത്. എന്നാല്‍ ഇപ്പോഴും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരു സംഭവം നടന്നു. ഖുര്‍ആന്‍ പരിഭാഷക്ക് ശബ്ദം നല്‍കിയ ഖാന്‍ കാവില്‍ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായതോടുകൂടി അല്ലാഹുവിലേക്ക് യാത്രയായി. അര്‍ബുദമായിരുന്നു മരണകാരണം.
റേഡിയോ നാടകങ്ങള്‍ക്ക് ഒരു കാലത്ത് ധാരാളം പ്രേക്ഷകരുണ്ടായിരുന്നു. 'ബഹദൂര്‍ ഷാ സഫര്‍', 'മംഗള്‍ പാണ്ഡെ', 'പാനിപ്പത്ത്' എന്നീ നാടകങ്ങള്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ തുറമുഖങ്ങളുടെ ചരിത്ര വിവരണമാണ് ആള്‍ ഇന്ത്യാ റേഡിയോയില്‍ ഞാന്‍ ചെയ്ത മറ്റൊരു പരിപാടി. കോഴിക്കോട്, കൊച്ചി, പൊന്നാനി തുടങ്ങിയ തുറമുഖങ്ങളില്‍ ചെന്ന് നാട്ടുകാരുമായി അഭിമുഖങ്ങള്‍ നടത്തി; ആ അഭിമുഖങ്ങള്‍ പരമ്പരയായി റേഡിയോയില്‍ സംപ്രേഷണം ചെയ്യുകയായിരുന്നു.
ഖുര്‍ആനും സുന്നത്തുമാണല്ലോ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഏതെങ്കിലും വിഷയത്തില്‍ സംശയമുണ്ടാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഹദീസ് തപ്പിയെടുക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ആരോടെങ്കിലും ചോദിച്ചാല്‍ നോക്കിയിട്ട് പറയാം എന്നായിരിക്കും മറുപടി. പലപ്പോഴും പെട്ടെന്ന് ഉത്തരം ലഭിക്കുകയുമില്ല. അങ്ങനെയാണ്  അസ്സ്വിഹാഹുസ്സിത്തയിലെ ഹദീസുകള്‍ വിഷയാടിസ്ഥാനത്തില്‍ ക്രോഡീകരിക്കാന്‍ തീരുമാനിച്ചത്. ഓരോ വിഷയത്തിനു താഴെയും ആ വിഷയവുമായി ബന്ധപ്പെട്ട് ബുഖാരി, മുസ്ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ എന്നിവരുടെ ഹദീസ് സമാഹാരങ്ങളില്‍ വന്ന ഹദീസുകള്‍ മുഴുവന്‍ ക്രോഡീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുവഴി ഒരോ വിഷയത്തിലും വന്ന ഹദീസുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ പറ്റും. വലിയ ഭാരമുള്ള പണിയാണെന്നു പറഞ്ഞ് പല പണ്ഡിതന്മാരും എന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ  എന്റെ ഒരു ആവശ്യം എന്ന നിലക്ക് എത്ര വലിയ റിസ്‌കും ഏടുക്കാന്‍ ഞാന്‍ സന്നദ്ധനായിരുന്നു. ഇത് എങ്ങനെ ചെയ്യാം എന്ന ഗവേഷണമായിരുന്നു അഞ്ചു കൊല്ലം. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പല രൂപത്തിലും ചെയ്തു നോക്കി. പക്ഷേ വിചാരിച്ചതു പോലെയായില്ല. നാലു കൊല്ലം അങ്ങനെയും പോയി. ഒടുവില്‍ കൊണ്ടോട്ടി ബുഖാരി കോളേജിലെ പത്ത് വിദ്യാര്‍ഥികളുടെ സഹായം തേടി. അവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും ചെയ്തുകൊടുത്തു. അതിനുവേണ്ടി എന്റെ വീടിനടുത്ത് മറ്റൊരു വീട് വാടകക്കെടുത്തു. അവര്‍ അവിടെ ക്യാമ്പ് ചെയ്ത് ജോലി തുടങ്ങി. വിവര്‍ത്തനം വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. ഒരു വാക്കിന്റെ അര്‍ഥം കൃത്യപ്പെടുത്താന്‍ ഒരാഴ്ച പരിശോധന നടത്തേണ്ടിവന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെ നാല് വാള്യങ്ങള്‍ പൂര്‍ത്തിയായി. ആലോചനയും ഗവേഷണവും ക്രോഡീകരണവുമൊക്കെയായി 20 വര്‍ഷമെടുത്തു, നാല് വാള്യങ്ങള്‍ പുറത്തിറങ്ങാന്‍. 

(തുടരും)

കമാല്‍ പാഷ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി