ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ആധിപത്യ(കു)യുക്തി
[സംഘ് പരിവാര്‍ ഇന്ത്യയുടെ ഭൂപടം എന്നേ വരക്കപ്പെട്ടതാണ്-2]
ഇന്ത്യയിലെ അധഃസ്ഥിത സമൂഹങ്ങളെ ഹൈന്ദവ പൊതുധാരയിലേക്ക് വിളക്കിച്ചേര്‍ക്കാനുള്ള ദേശീയ പ്രബുദ്ധതയെ സൂചിപ്പിക്കുന്ന ഇന്ത്യന്‍ നവോത്ഥാനമെന്ന ചരിത്രാനുഭവവും ഈ വിധത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്ത് ഉരുവംചെയ്ത ബൗദ്ധികവും സാംസ്‌കാരികവുമായ സാമൂഹിക രൂപീകരണമായാണ് ഇന്ത്യന്‍ നവോത്ഥാനം വിലയിരുത്തപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച സാമൂഹികവും മതപരവുമായ ഇത്തരം പരിഷ്‌കരണങ്ങള്‍ ഫ്യൂഡല്‍ മൂല്യങ്ങളില്‍നിന്ന് മുക്തവും പുരോഗമനപരവുമെന്നാണ് പൊതുവായന. സാംസ്‌കാരികമായ സര്‍ഗാത്മകതയും ബൗദ്ധികമായ ഉണര്‍വും ഇന്ത്യന്‍ നവോത്ഥാനത്തില്‍ കാണപ്പെടുന്നില്ലെന്നും, അതിന്റെ കാരണം മതവുമായി കൂടിച്ചേര്‍ന്ന് നവോത്ഥാനം പ്രവര്‍ത്തിച്ചതാണെന്നും കെ.എന്‍ പണിക്കര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ആധുനിക മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടും ഇന്ത്യന്‍ ഹൈന്ദവ വരേണ്യ മൂല്യങ്ങളോട് എതിരുനിന്നുകൊണ്ടും നവോത്ഥാനമെന്ന ആശയത്തെ വിമര്‍ശനപരമായി സമീപിക്കുന്ന അദ്ദേഹം പക്ഷേ, ഇതിന് അപവാദമായി എടുത്തുകാട്ടുന്നത് രാജാറാം മോഹന്‍ റായിയടക്കമുള്ളവരെയാണ്. എന്നാല്‍, രാജാറാം മോഹന്‍ റായിയില്‍നിന്ന് തുടങ്ങുന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങളെ സാമൂഹിക നവോത്ഥാനമെന്നോ ഹൈന്ദവ നവോത്ഥാനമെന്നോ നിര്‍വചിക്കുന്നത് ഒട്ടും യുക്തിസഹമല്ല എന്ന അഭിപ്രായവും സംസ്‌കാര വിമര്‍ശനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നുണ്ട്.
ആധുനികമായ പാശ്ചാത്യ നവോത്ഥാന ധാരക്ക് ഇന്ത്യയില്‍ രണ്ട് കൈവഴികളുണ്ടായതായി കാണാവുന്നതാണ്. ഇതിലൊന്നാമത്തേത് രാജാറാം മോഹന്‍ റായിയിലൂടെ പിന്നീട് ഹിന്ദുയിസമെന്നും ഹിന്ദു കൊളോണിയലിസമെന്നും വികസിച്ചുവരുന്ന സവര്‍ണരുടെ മുന്‍കൈയിലുള്ള മത പുനരുദ്ധാന ധാരയാണ്. രണ്ടാമത്തേത് ബ്രാഹ്മണികമല്ലാത്തതും സാമൂഹിക നീതി എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതവുമായ ജ്യോതിറാവു ഫൂലെയുടെയും പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെയും ശ്രീനാരായണ ഗുരുവിന്റെയുമെല്ലാം അവര്‍ണ നവോത്ഥാന ധാരയാണ്. ഇന്ത്യന്‍ സംസ്‌കാര ചരിത്രം പൊതുവില്‍ രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഊന്നിയതിനാല്‍ അവ പരിഗണിച്ചത് സ്വാഭാവികമായും സവര്‍ണ നവോത്ഥാന ധാരയെയായിരുന്നു. സാമൂഹിക സമത്വം എന്ന ആശയം വിളംബരം ചെയ്ത കീഴാള സമരരൂപങ്ങള്‍ അതതു സമുദായങ്ങളിലെ ആന്തരിക പ്രവര്‍ത്തനങ്ങളായാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യന്‍ നവോത്ഥാന ചരിത്രം രാജാറാം മോഹന്‍ റായില്‍ ഊന്നിയതിനും ജ്യോതിറാവു ഫൂലെയില്‍ സ്പര്‍ശിക്കാതെ പോയതിനും കാരണം സവര്‍ണതയുടെ ചരിത്രാവബോധമായിരുന്നുവെന്ന് ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് കുറ്റപ്പെടുത്തുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഫൂലെയുടെ പോരാട്ടങ്ങളും അധഃസ്ഥിതന് പൗരത്വം ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം പ്രധാനമായെടുത്തില്ല. പകരം, വിഗ്രഹാരാധനയെ എതിര്‍ത്ത് പതിനാറാം വയസ്സില്‍ പത്രത്തില്‍ ലേഖനമെഴുതിയ, സതിക്കെതിരെ പോരാടിയ, ഭാരത സംസ്‌കാരത്തിന്റെ ഉന്നമനത്തിനു വേണ്ടി ബ്രഹ്മ സമാജം സ്ഥാപിച്ച, ആഗ്ലോ-ഹിന്ദു സ്‌കൂള്‍ പണിത, രാജാ ബിരുദം നേടിയ റാം മോഹന്‍ റായിയെയാണെന്നും ഇതാണ് ഇന്ത്യയില്‍ പൊതു നവോത്ഥാന പാഠമായി പാരായണം ചെയ്യപ്പെട്ടതെന്നും പ്രദീപന്‍ നിരീക്ഷിക്കുന്നു (സംസ്‌കാര പഠനങ്ങള്‍ - പേജ്: 438, പ്രസാധനം -വള്ളത്തോള്‍ വിദ്യാപീഠം).
ബ്രിട്ടീഷ് കൊളോണിയലിസത്തെ മുഖാമുഖം ദര്‍ശിച്ച ചരിത്രസന്ദര്‍ഭത്തില്‍ സവര്‍ണവാദികളുടെ മേല്‍നോട്ടത്തില്‍ രൂപംകൊണ്ട 'ഹിന്ദു നിര്‍മിതി പ്രസ്ഥാനം' എന്ന നിലയിലാണ് നവോത്ഥാന യജ്ഞങ്ങള്‍ വായിക്കപ്പെടേണ്ടതെന്നും വാദമുണ്ട്. റാം മോഹന്‍ റായിയടക്കമുള്ളവര്‍ ജാതിഭേദത്തിനെതിരായ വിമര്‍ശനം ഉന്നയിച്ചതിന് കാരണം കൊളോണിയല്‍വിരുദ്ധ ദേശസങ്കല്‍പത്തിനും ദേശസ്‌നേഹത്തിനും ജാതി ഒരു തടസ്സമാണ് എന്നതായിരുന്നു; അതല്ലാതെ ജാതിഘടനയിലെ കീഴാള ജനതയോട് കാണിച്ചിരുന്ന ഉദാരതയായിരുന്നില്ല (കറുപ്പിന്റെ സൗന്ദര്യ ശാസ്ത്രം, പേജ്: 73, ഡി.സി ബുക്‌സ്). ഇത്തരത്തില്‍ ഹിന്ദു നിര്‍മിതിയെ സാമൂഹിക നവോത്ഥാനം എന്ന് സിദ്ധാന്തവല്‍ക്കരിച്ചത് സവര്‍ണ ഹിന്ദു ചരിത്ര വിജ്ഞാനീയത്തിന്റെ സൂക്ഷ്മ തന്ത്രമായിരുന്നു. തന്മൂലം നൂറ്റാണ്ടുകളായി സവര്‍ണ മേല്‍ക്കോയ്മയുടെ ഇരകളായി തീവ്രമായ അടിച്ചമര്‍ത്തലിനെ നേരിടേണ്ടിവന്ന ഇന്ത്യയിലെ കീഴ്ജാതിക്കാര്‍ക്ക് ദേശീയതയില്‍ ആത്മാവിഷ്‌കാരം കണ്ടെത്താനായില്ല. സവര്‍ണവും വൈദികവുമായ ഭൂതകാലത്തിനു വേണ്ടി ദ്രാവിഡ ഭൂതകാലത്തെ മറച്ചുവെക്കുകയാണ് ഹിന്ദു ദേശീയവാദികള്‍ ചെയ്തത്. പിന്നീട് ദേശീയ പ്രസ്ഥാനത്തിലൂടെ ദേശരാഷ്ട്രം രൂപപ്പെട്ടപ്പോള്‍ ഈ വ്യത്യസ്തതകളുടെ സഹവര്‍ത്തിത്വം നിഷേധിക്കപ്പെട്ടു. ജാതി പുനരുദ്ധാനവാദികളായ സവര്‍ണര്‍ വരച്ചെടുത്തതും വിന്യസിച്ചതുമായ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തില്‍ കീഴാള സമൂഹങ്ങളുടെ സ്വയംപ്രതിനിധാനാവകാശം നിഷേധിക്കപ്പെടുകയും അടിമത്തപൂര്‍ണമായ ദയനീയസ്ഥാനം അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തു.
സവര്‍ണ ദേശീയത കണ്ടെടുത്ത മുസ്ലിം അപരന്‍
പതിനൊന്നാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ മുസ്ലിം ഭരണാധികാര ജീവിതത്തെ സാമ്രാജ്യത്വ, പൗരസ്ത്യ, തദ്ദേശീയ ചരിത്രകാരന്മാരും ആധുനിക സവര്‍ണ നവോത്ഥാന ധാരയും വികലമാക്കി രൂപപ്പെടുത്തി മുഖ്യധാരാ മണ്ഡലത്തിനകത്ത് പ്രതിഷ്ഠിച്ചതോടെ ഉടലെടുത്തതാണ് മുസ്ലിമിനെക്കുറിച്ചുള്ള ശത്രു, അക്രമി, അപരന്‍ എന്നീ പ്രതിഛായകള്‍. മുസ്ലിംകള്‍ പൊതുവില്‍ ഈ മധ്യകാല കാഴ്ചപ്പാടിന്റെ ഭീകര രൂപമായാണ് ഇന്നും അവതരിപ്പിക്കപ്പെടുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഉത്തരേന്ത്യയില്‍ തഴച്ചുവളര്‍ന്ന മുസ്ലിം രാഷ്ട്രീയാധികാരത്തെ മുന്‍നിര്‍ത്തി അതില്‍നിന്നും വേറിട്ട ഒരു ഹിന്ദു സ്വത്വബോധത്തെ സവര്‍ണ ദേശീയവാദികള്‍ പടച്ചെടുത്തിരുന്നു. ഇക്കാലയളവില്‍ ദേശത്തിന്റെ ബാഹ്യശത്രുവായി ഇസ്ലാമും ആന്തരിക ശത്രുവായി കീഴാള സമൂഹവും ഒത്തിണങ്ങി നില്‍ക്കുന്നുണ്ട്. എന്നാല്‍, ബ്രിട്ടീഷ് കോളനീകരണത്തിന് വിധേയമായ പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ദേശീയബോധം വിപുലവും ജാതിവൈരുധ്യങ്ങളെ മറച്ചുവെക്കുന്നതുമായ ഹിന്ദുവിനെ പുനര്‍ഭാവന ചെയ്യുകയുണ്ടായി. ഇതോടെ ആന്തരിക അപര സ്ഥാനം കൈയാളിയിരുന്ന ദലിതുകള്‍ സവര്‍ണ ഹിന്ദുവിന്റെ പ്രത്യക്ഷമല്ലാത്ത അധീശാധികാരത്തിന്റെ നുകം പേറേണ്ടിവരികയും ബാഹ്യശത്രുവായ ഇസ്ലാമിന് ദേശീയതക്കകത്തുള്ള ശത്രുവായി സ്ഥാനമാറ്റം കരഗതമാവുകയും ചെയ്തു. യൂറോപ്യന്‍ ദേശീയതകള്‍ ഗ്രീക്ക് ക്ലാസിക് പാരമ്പര്യത്തെ ഭൂതകാലത്തില്‍നിന്നും ഏറ്റെടുത്തതിന് സമാനമായി കൊളോണിയല്‍ മേധാവിത്വത്തെ ചെറുക്കാന്‍ ഇന്ത്യന്‍ ദേശീയവാദികള്‍ ബൃഹദ് പാരമ്പര്യമായി ഉയര്‍ത്തിക്കാട്ടിയത് സംസ്‌കൃതത്തിന്റെ ക്ലാസിക് പാരമ്പര്യമായിരുന്നു. വിശാലമായ ഗംഗാസമതലത്തിലെ സാധാരണ ജനങ്ങളുടെ ഭാഷ ഹിന്ദുസ്താനി, ഉര്‍ദു, ഹിന്ദി എന്നീ പേരുകളില്‍ അറിയപ്പെട്ട പൊതുഭാഷയായിരുന്നു. ജനകീയ പങ്കാളിത്തമുള്ള നൂറ്റാണ്ടുകളുടെ പൈതൃകമുള്ള ഈ പൊതുഭാഷ തമസ്‌കരിക്കപ്പെടുകയും സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട ഹിന്ദി ഇന്ന് ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷയായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിരിക്കുന്നു. സാംസ്‌കാരികമായ അധികാര മേല്‍ക്കോയ്മ എങ്ങനെ ഭരണകൂട സംസ്‌കാരമായി മാറുന്നുവെന്നതിന്റെ തികവുറ്റ ഒരുദാഹരണമായി അലക് റോയ് ഇതിനെ വീക്ഷിക്കുന്നു (ഹിന്ദി, ഉര്‍ദു, ഹിന്ദുസ്താനി - അലക് റോയ്, പേജ്:112, കാമല്‍ ബുക്‌സ്).
ദേശീയതയും ദലിതത്വവും തമ്മില്‍ നിലനിന്നിരുന്ന ചരിത്രപരമായ വൈരുധ്യങ്ങളെയും സംഘര്‍ഷങ്ങളെയും മറച്ചുവെക്കാന്‍ ഹിന്ദു കൊളോണിയലിസം നിര്‍മിച്ചെടുത്ത ഒരു പകരക്കാരന്‍/കാരിയാണ് ഈ മുസ്ലിം അപരമെന്നാണ് ജെ. രഘു അഭിപ്രായപ്പെടുന്നത് (ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും - പേജ്: 73). ഇത്തരത്തില്‍ ഹിന്ദു സവര്‍ണ സംസ്‌കാരത്തെ ദേശീയ സംസ്‌കാരമായി വിന്യസിക്കുകയും അതിനെ സ്വന്തം സംസ്‌കാരമായി സ്വീകരിക്കാന്‍ അധഃസ്ഥിത ഭൂരിപക്ഷത്തെ നിര്‍ബന്ധിക്കുന്നതില്‍ വിജയിക്കുകയും ചെയ്ത ഹിന്ദു പരിഷ്‌കരണവാദികളുടെ അടുത്ത ഉന്നം ഇസ്ലാമായി മാറി. ദേശീയസ്വത്വം ആര്‍ജിക്കാനും ദേശീയ ജനതയായി പുനസംഘടിക്കാനും ആവശ്യപ്പെട്ടുകൊണ്ട് ജാതിസംഘര്‍ഷങ്ങളെ കൃത്രിമമായി മൂടിവെക്കാന്‍ ഇസ്ലാം അപരത്വത്തെ ഹിന്ദു പരിഷ്‌കരണവാദികള്‍ ഉപയോഗിച്ചു.
സമകാലിക ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ പൊളിറ്റിക്കല്‍ ബിംബങ്ങളിലെ മുഖ്യമായൊരു പ്രതീകമായ ശ്രീരാമന്‍ സാംസ്‌കാരികമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഇക്കാലയളവിലാണ്. മുസ്ലിം എന്ന പൂര്‍ണവും ലക്ഷണമൊത്തതുമായ ഒരു ശത്രുവിനെ പടച്ചുണ്ടാക്കാനുള്ള കുറുക്കുവഴി രാമായണമാണെന്ന് തിരിച്ചറിഞ്ഞ് ശ്രീരാമന്‍ എന്ന സാംസ്‌കാരിക ബിംബത്തെ പുനര്‍വിന്യസിക്കാനും നിരന്തരമായി പ്രക്ഷേപണം ചെയ്യാനുമാണ് സവര്‍ണ ദേശീയവാദികള്‍ ശ്രമിച്ചത്.
പന്ത്രണ്ടാം നൂറ്റാണ്ടിനു മുമ്പ് രാമഭക്തിക്ക് ഇന്നത്തേതുപോലെ കാര്യമായ പ്രചാരമുണ്ടായിരുന്നില്ല. ശ്രീരാമനോടുള്ള ആരാധനയും രാമക്ഷേത്ര നിര്‍മാണവും തുടര്‍ന്നാണ് വികസിച്ചുവന്നിട്ടുള്ളതെന്നാണ് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് രാമായണത്തിന്റെ വളര്‍ച്ചക്കു പിന്നില്‍ ഇസ്ലാമിന്റെ ആഗമനത്തിനും ബന്ധങ്ങളുണ്ട് എന്ന് തിരിച്ചറിയപ്പെടുന്നത്.
പതിനൊന്നാം നൂറ്റാണ്ടു മുതലാണ് ഇന്ത്യയിലേക്ക് ഇസ്ലാമിന്റെ ആഗമനം സംഭവിക്കുന്നത്. 13,14 നൂറ്റാണ്ടാവുമ്പോഴേക്കും ഉത്തരേന്ത്യ പൂര്‍ണമായും മുസ്ലിം ഭരണാധികാരികളുടെ കീഴില്‍ വരുന്നുണ്ട്. അതാകട്ടെ ഇവിടത്തെ രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളെ നിയന്ത്രിച്ചിരുന്ന വര്‍ണാശ്രമധര്‍മത്തിനും ആര്‍ഷ സംസ്‌കാരത്തിനുമാണ് പരിക്കേല്‍പിച്ചത്. ഇസ്ലാം മുന്നോട്ടുവെച്ച സാഹോദര്യ സങ്കല്‍പങ്ങളും സമത്വഭാവനകളും ഇന്ത്യയിലെ ജാതിഘടനയെയും അതിന്റെ വിഭജന യുക്തിയെയും നിരന്തരം വെല്ലുവിളിച്ചു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഇന്ത്യയിലെ സവര്‍ണ സമൂഹത്തിന് അവരെ വൈകാരികമായി പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ഒരു സാംസ്‌കാരിക മൂലധനവും ആത്മീയ ഗ്രന്ഥവും ആവശ്യമായി വരുന്നത്. എന്തുകൊണ്ട് ശ്രീകൃഷ്ണനേക്കാള്‍ ശ്രീരാമനും മഹാഭാരതത്തേക്കാള്‍ രാമായണവും ഉയര്‍ത്തിക്കാട്ടപ്പെട്ടു എന്നതിനും ചരിത്രപരമായ പ്രസക്തിയുണ്ട്. കാരണവും വളരെ വ്യക്തമാണ്. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള സംഘര്‍ഷത്തെയാണ് മഹാഭാരതം പ്രമേയമാക്കിയിരിക്കുന്നത്. രക്തബന്ധുക്കള്‍ തമ്മിലുള്ള ആഭ്യന്തരവഴക്കില്‍ ഒരു മധ്യസ്ഥന്റെ റോള്‍ മാത്രമാണ് ശ്രീകൃഷ്ണനുള്ളത്. കൗരവനിഗ്രഹമായിരുന്നില്ല ശ്രീകൃഷ്ണന്റെ അവതാരലക്ഷ്യം. സഹോദര യുദ്ധം ഒഴിവാക്കാനാണ് കൃഷ്ണന്‍ അവസാനം വരെയും ശ്രമിക്കുന്നത്. എന്നാല്‍, ശ്രീരാമന്റെ അവതാര ലക്ഷ്യംതന്നെ രാവണനിഗ്രഹമാണ്. രാമ- രാവണ യുദ്ധം മുന്നേ തീരുമാനിച്ചുറപ്പിച്ചതാണെന്നും സീതയെ അപഹരിച്ചു എന്നത് അതിലേക്കൊരു കാരണം മാത്രമാണെന്നും സീതയെ തട്ടിക്കൊണ്ടുപോയില്ലായിരുന്നുവെങ്കിലും രാവണന്‍ വധിക്കപ്പെടുമായിരുന്നു എന്നുമാണ് ജെ. രഘു വാദിക്കുന്നത് (ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും, പേജ്: 108). ഇത്തരത്തില്‍ ഇസ്ലാമുമായുള്ള ഏറ്റുമുട്ടലിനെ പുതിയ കാലത്തുള്ള അസുരന്മാരുമായുള്ള പോരാട്ടമാക്കി മാറ്റാന്‍ കഴിയുന്ന വിധത്തില്‍ രാമായണത്തെ അപനിര്‍മിക്കാനും പുനരവതരിപ്പിക്കാനുമാണ് സവര്‍ണ സമൂഹം ശ്രമിച്ചത്. രാമായണത്തിന് സ്വീകാര്യത കിട്ടിയതിലൂടെ സവര്‍ണ ദേശീയവാദികള്‍ മുന്നോട്ടുവെച്ച വിശാല ഹിന്ദു ഐക്യം കൂടി അതിലൂടെ സാധ്യമാവുകയായിരുന്നു. ഇന്ത്യയില്‍ പടയോട്ടം നടത്തിയ മുസ്ലിം ഭരണാധികാരികളുടെ ആക്രമണങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും കാരണമായി ദുരിത ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായി കീഴാള സമൂഹങ്ങളെ അവതരിപ്പിക്കാനും പുതിയ കാലത്തിന്റെ ശത്രുക്കളായ ഈ അസുര വംശത്തെ നേരിട്ടാല്‍ മാത്രമേ ദലിതുകള്‍ക്ക് സാമൂഹിക പുരോഗതി കൈവരിക്കാനാവൂ എന്ന് അവരെ ചൊല്ലിപ്പഠിപ്പിക്കാനും രാമായണത്തിന്റെ പാഠവല്‍ക്കരണത്തിലൂടെ സാധിച്ചു. ദേശീയ മൂല്യമണ്ഡലത്തിലേക്ക് ഹൈന്ദവേതരമായ സാംസ്‌കാരിക വര്‍ണങ്ങള്‍ കൂടിക്കലരുന്നതിന് തടയിടാനും ജാതിരഹിതമായ ഒരു ദേശീയ ഹിന്ദുബോധത്തെ വികസിപ്പിക്കാനും ഇതിലൂടെ സവര്‍ണ ദേശീയവാദികള്‍ക്കായി. അഖണ്ഡവും ഏകവുമായ ഈ ദേശീയബോധത്തിന് എക്കാലത്തുമുള്ള ബാഹ്യ ഭീഷണിയായി ഇസ്ലാമിനെയും അവര്‍ കണ്ടെടുത്തു. ഹിന്ദു -മുസ്ലിം സംഘര്‍ഷം, ഇരുളടഞ്ഞ മധ്യകാല ജീവിതം, മുസ്ലിം ആക്രമണം തുടങ്ങിയ സവര്‍ണ ഹിന്ദുവാദത്തിന്റെ അപകടകരമായ ഇത്തരം ആശയരൂപങ്ങള്‍ കടംകൊണ്ടാണ് സാമ്രാജ്യത്വ, പൗരസ്ത്യ, തദ്ദേശീയ ചരിത്രം മുന്നോട്ടുപോയത്. അതാകട്ടെ പില്‍ക്കാലത്ത് ഇന്ത്യയുടെ ദേശീയ ജീവിതത്തില്‍ പടര്‍ന്നു കയറിയ വര്‍ഗീയ പ്രവണതകള്‍ക്ക് ദാര്‍ശനികമായ അടിത്തറയൊരുക്കുകയും ചെയ്തു.
ഹിന്ദുത്വം യൂറോപ്യന്‍ ഫാഷിസത്തിന്റെ പ്രതിബിംബമല്ല
ഇന്ത്യന്‍ ഫാഷിസത്തെക്കുറിച്ചുള്ള ചിലരുടെ അഭിപ്രായം അതിപ്പോഴും അപകടകരമാംവിധം ഇവിടെ വളര്‍ന്നുവന്നിട്ടില്ല എന്നാണ്. ഇന്ത്യയിലെ സംഘ് പരിവാര്‍ ഫാഷിസത്തെ പലപ്പോഴും ജര്‍മനി, ഇറ്റലി, സ്പെയിന്‍ മുതലായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറിയ ഫാഷിസത്തിന്റെ കരാള നാളുകളുമായി സമീകരിക്കുന്ന രീതിശാസ്ത്രമാണ് അവര്‍ പിന്തുടരാറുള്ളത്.
ഹിറ്റ്ലറെയും മുസോളിനിയെയും ഫ്രാങ്കോവിനെയും സുഹാര്‍ത്തോയെയും സ്റ്റാലിനെയും ഫാഷിസത്തിന്റെ മൂര്‍ത്ത രൂപങ്ങളായി അവതരിപ്പിച്ച് അതിന്റെ പതിനാല് ലക്ഷണങ്ങളെയും ഒത്തുനോക്കാനാണ് അവരുടെ ശ്രമം. അതിനാല്‍ ജര്‍മനിയിലും ഇറ്റലിയിലും സ്‌പെയിനിലും സംഭവിച്ചതൊക്കെയും ഇന്ത്യയിലും സംഭവിച്ചാലേ ഫാഷിസമാവൂ എന്നാണ് അവരുടെ വെപ്പ്. എന്നാല്‍, ഹിറ്റ്ലറുടെ 'മെയിന്‍ കാംഫി'നേക്കാള്‍ ഭീകരമായ നിരവധി ആശയങ്ങള്‍ ഗോള്‍വാള്‍ക്കറുടെ 'വിചാരധാര'യിലുണ്ടെന്ന് ആരും മനസ്സിലാക്കാറില്ല. നാലായിരത്തിലേറെ സാമൂഹിക വിഭാഗങ്ങളും മുന്നൂറ്റി ഇരുപത്തിയഞ്ച് ഭാഷകളും വ്യത്യസ്ത മതങ്ങളും തത്ത്വചിന്തകളും നിലനില്‍ക്കുന്ന ഒരു രാജ്യത്തെ വൈദികമായ സവര്‍ണ സംസ്‌കാരത്തിലേക്കും 'മനുസ്മൃതി'യുടെ സംസ്‌കൃതമായ ഉള്ളടക്കത്തിലേക്കും വെട്ടിച്ചുരുക്കുന്നതില്‍ സംഘ് പരിവാര്‍ നേടിയ വിജയം ഏവരും കാണാതെ പോവുകയാണ്. 'ഗാന്ധീ, എനിക്കൊരു മാതൃരാജ്യമില്ലെ'ന്ന് അംബേദ്കര്‍ പറഞ്ഞതും 'നമ്മുടെ മനുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഹിറ്റ്ലര്‍ പാവമാണെ'ന്ന് സഹോദരന്‍ അയ്യപ്പന് പറയേി വന്നതും ഈ അപകടം തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. ഇന്ത്യയെ വിഴുങ്ങിയ വര്‍ണാശ്രമ ധര്‍മത്തെ പുകച്ചു പുറത്തുചാടിക്കാന്‍ അംബേദ്കര്‍ 'മനുസ്മൃതി'യെന്ന ബ്രാഹ്മണാധീശ ഗ്രന്ഥം കത്തിക്കുകയാണ് ചെയ്തത്. ഉപ്പില്ലാത്ത ഒരു കടല്‍ പുത്തനായുണ്ടാക്കാം എന്ന് വ്യാമോഹിക്കുന്നതുപോലെയാണ് ജാതിയില്ലാത്ത ഹിന്ദുമതം നിര്‍മിച്ചുകളയാമെന്ന് പലരും വ്യാമോഹിക്കുന്നതെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ എഴുതാന്‍ കഴിഞ്ഞ ക്രാന്തദര്‍ശിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍. മനുഷ്യനെ മനുഷ്യനില്‍നിന്ന് അകറ്റുന്ന ജാതിയും ബ്രാഹ്മണ പൗരോഹിത്യവും ഒഴിവാക്കിയാല്‍ ബ്രാഹ്മണ മതത്തില്‍ പിന്നൊന്നും അവശേഷിക്കുകയില്ല എന്ന് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പഴക്കം കൊണ്ട്, തന്നെ ബന്ധിച്ചിരിക്കുന്ന ചങ്ങല സ്വന്തമാണെന്ന് ഒരടിമക്ക് തോന്നുന്നതുപോലെയാണ് അവര്‍ണര്‍ക്ക് ബ്രാഹ്മണ ഹിന്ദുമതം തങ്ങളുടേതാണെന്ന് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ സവര്‍ണ സമൂഹങ്ങള്‍ക്ക് ബദലായി ദലിത് സംഘടനകള്‍ രൂപീകരിച്ചും തങ്ങളുടെ സാംസ്‌കാരികമായ അസ്തിത്വം നിരന്തരം വിളംബരം ചെയ്തുമാണ് കീഴാള രാഷ്ട്രീയവും അതിലെ നവോത്ഥാന നായകരും സവര്‍ണ രാഷ്ട്രീയത്തെ നേരിട്ടത്. മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലെ രൂപംകൊടുത്ത സത്യശോധക് സമാജം, പഞ്ചാബിലെ ആദി-ധര്‍മ പ്രസ്ഥാനം, ഉത്തര്‍പ്രദേശിലെ ആദി-ഹിന്ദു പ്രസ്ഥാനം, തമിഴ്നാട്ടിലെ ആദി-ദ്രാവിഡ പ്രസ്ഥാനം, ആന്ധ്രയിലെ ആദി-ആന്ധ്രാ പ്രസ്ഥാനം, കര്‍ണാടകയിലെ ആദി-കര്‍ണാടക പ്രസ്ഥാനം, ബംഗാളിലെ നാമശൂദ്ര പ്രസ്ഥാനം എന്നിവയെല്ലാം രൂപപ്പെടുന്നത് ഈ സമരവഴിയിലാണ്. അതിന്റെ തന്നെ ഭാഗമായിക്കൊണ്ടാണ് കേരളത്തില്‍ ശ്രീനാരായണ-അയ്യങ്കാളി പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കുന്നത്.
ഇന്ത്യയിലെ ആദിമനിവാസികളായ തങ്ങള്‍ക്ക് സ്വതന്ത്രവും വ്യതിരിക്തവുമായ മതപാരമ്പര്യങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് അഹൈന്ദവമായ മതത്തെ ഉയര്‍ത്തിക്കാട്ടുകയാണ് അവര്‍ ചെയ്തത്. ഈ കീഴാള സമൂഹങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയില്‍ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ബ്രഹ്മ സമാജം, പ്രാര്‍ഥനാ സമാജം, ആര്യസമാജം, ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകള്‍ക്കെല്ലാം സവര്‍ണ സമൂഹം രൂപംകൊടുക്കുന്നത്. അവയൊന്നും ഇന്ത്യയിലെ അധഃസ്ഥിത മുന്നേറ്റങ്ങളെ ഫലപ്രദമായി നേരിടാന്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവാണ് കൂടുതല്‍ സുസംഘടിതമായ പട്ടാള ചിട്ടയോടുകൂടിയ ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ ഹെഡ്ഗേവറിനെ പ്രേരിപ്പിച്ചത്. ചരിത്രത്തിന്റെ ഈ യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ടാണ് ദലിത് രാഷ്ട്രീയം ആര്‍.എസ്.എസുമായി പുതിയ ബന്ധത്തിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഇതെല്ലാം വിസ്മരിച്ച് നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെല്ലാം ഐക്യപ്പെടുന്നതിനെക്കുറിച്ചാണ് പലരുമിന്ന് കിനാവു കാണുന്നത്. ഫാഷിസപ്പുറത്തേറി നാരായണമന്ത്രം ചൊല്ലാമെന്ന് വ്യാമോഹിക്കുന്ന അവര്‍ യഥാര്‍ഥത്തില്‍ ചരിത്രത്തിന്റെ അജ്ഞതയിലേക്കാണ് കൂപ്പുകുത്തുന്നത്.
നവോത്ഥാന ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രപാരമ്പര്യത്തെ കുടഞ്ഞെറിഞ്ഞുള്ള ഈ യാത്ര ജാതി ഹിന്ദുത്വത്തിന്റെ നരകത്തിലേക്കാണെന്ന കാര്യത്തില്‍ സംശയമില്ല.
(അവസാനിച്ചു)
Comments