Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 16

3172

1442 സഫര്‍ 28

ഇന്ത്യന്‍ ജനത ഫാഷിസത്തെ അതിജീവിക്കുക തന്നെ ചെയ്യും

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

1992 ഡിസംബര്‍ ആറ് കറുത്ത ദിനമായിരുന്നു, ഇന്ത്യയുടെ ചരിത്രത്തില്‍. 2020 സെപ്റ്റംബര്‍ 30 ആ ഘനാന്ധകാരത്തെ ഇല്ലായ്മ ചെയ്യാന്‍ പിന്മടക്കമില്ലാത്ത സമരത്തിന് ഇന്ത്യന്‍ ജനതയെ ആഹ്വാനം ചെയ്യുന്നുണ്ട്. നീതിയിരിക്കട്ടെ, സാമാന്യ ന്യായം പോലും ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസ് തീര്‍പ്പാക്കിയ പ്രത്യേക സി.ബി.ഐ കോടതിവിധിയില്‍ പറയാതെ പറയുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ പ്രതികളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ് തുടങ്ങി ബി.ജെ.പിയുടെ നേതാക്കളുള്‍പ്പെടെ 32 പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതി വിധി മറിച്ചാകുമെന്ന് ആരും കരുതിയിട്ടില്ല. കര്‍സേവകര്‍ 'ഏക് ധക്കാ ഔര്‍ ദോ, ബാബരി മസ്ജിദ് തോഡ് ദോ' (ഒരു തള്ളുകൂടി കൊടുക്കൂ, ബാബരി മസ്ജിദ് പൊളിക്കൂ) എന്നാര്‍ത്തലച്ചുകൊണ്ട് ബാബരി പള്ളി തല്ലിത്തകര്‍ത്തതും താല്‍ക്കാലിക ക്ഷേത്രം പണിതതും പട്ടാപ്പകല്‍ ലോകം മുഴുവന്‍ കണ്ണുകൊണ്ട് കണ്ടതാണെന്നതൊന്നും ഫാഷിസ്റ്റ് കാലത്തെ ഇന്ത്യന്‍ ജുഡീഷ്യറിയെ തെല്ലുമേ അസ്വസ്ഥമാക്കുകയില്ല. പള്ളിയില്‍ രാമവിഗ്രഹം സ്ഥാപിച്ചത് തെറ്റാണെന്നും കണ്ടെടുക്കപ്പെട്ട ചരിത്രാവശിഷ്ടങ്ങള്‍ ക്ഷേത്രത്തിന്റേതാണെന്ന് പറയാനാവില്ലെന്നും പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും നിരീക്ഷിച്ച, എന്നാല്‍ പള്ളി നിന്ന സ്ഥലം ക്ഷേത്രനിര്‍മാണത്തിനായി പൊളിച്ചവര്‍ക്കു തന്നെ വിട്ടുകൊടുക്കുകയും ചെയ്ത പരമോന്നത കോടതിയുള്ള നാടാണ് ഇന്ത്യ! അതിന്റെ സ്വാഭാവിക തുടര്‍ച്ച മാത്രമാണ് ഈ കോടതിവിധിയും. തെളിവില്ലെന്ന കാരണത്താല്‍ കുറ്റാരോപിതരെ വെറുതെ വിടുന്ന കേവലമൊരു കോടതിവ്യവഹാരമല്ല ഈ വിധി; മറിച്ച്,  ഇന്ത്യ എന്ന ആശയത്തിന്റെ അടിവേരറുക്കുന്നതും ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ നിരാകരിക്കുന്നതുമാണ്. 
ഒരു നൂറ്റാണ്ടുകാലം തങ്ങള്‍ നടത്തിയ അധ്വാനത്തിന്റെ ഫലം കൊയ്യുകയാണ് സംഘ് പരിവാര്‍. കേവല രാഷ്ട്രീയാധികാരമായിരുന്നില്ല, മറിച്ച് ഇന്ത്യയെ തന്നെ ഒരു സംഘ് രാഷ്ട്രമാക്കി മാറ്റിക്കളയാനാണ് ആര്‍.എസ്.എസ് ലക്ഷ്യമിട്ടത്. ഈ സംഘ് സങ്കല്‍പത്തില്‍ അന്തര്‍ലീനമായ അങ്ങേയറ്റം മ്ലേഛമായ മൂല്യസംഹിതയുടെ പ്രതിഫലനമാണ് ഈ കോടതിവിധികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തര്‍പ്രദേശില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളും. ഒറ്റ രാത്രിയില്‍ ജമ്മു-കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കിയത്, പൗരത്വഭേദഗതി നിയമം, ദല്‍ഹി കലാപം തുടങ്ങി അനേകം സംഭവങ്ങള്‍ ഇതിന്റെ തന്നെ മുന്നനുഭവങ്ങളാണ്.
ഫാഷിസം കരുത്താര്‍ജിക്കുന്നു എന്നതുപോലെ പ്രധാനമാണ് കനത്ത വെല്ലുവിളികളെ അത് അഭിമുഖീകരിക്കുന്നു എന്നതും. ഫാഷിസം എന്നും അങ്ങനെയാണ്. അതിന്റെ നല്ലകാലത്തു തന്നെ അതിന്റെ തകര്‍ച്ചയിലേക്കുള്ള പ്രയാണത്തിന്റെ ഗതിവേഗം വര്‍ധിച്ചിട്ടുണ്ടാവും. ഫാഷിസത്തിന്റെ ഇടനാഴികളില്‍ തന്നെ അത് അതിന്റെ അന്തകനെ വളര്‍ത്തുന്നുണ്ടാവും. വംശീയതയും ധ്രുവീകരണവുമൊക്കെ ഒരു ഘട്ടത്തില്‍ സമൂഹത്തെ ത്രസിപ്പിച്ചുനിര്‍ത്താന്‍ ഉപകരിച്ചേക്കും. അധികാരത്തിലേക്കുള്ള വഴി അത് എളുപ്പമാക്കും. പക്ഷേ ഒരു നാഗരികതയെ മുന്നോട്ട് കൊണ്ടുപോകാന്‍ അതിനാവില്ല. അതൊന്നും ഏറ്റെടുക്കാനുള്ള ത്രാണി ഇന്ത്യന്‍ ഫാഷിസത്തിനില്ല. രാജ്യത്തെ ജനത അഭിമുഖീകരിക്കുന്ന ജീവിത പ്രതിസന്ധികളെ വര്‍ഗീയതയും വംശീയതയും കൊണ്ട് പ്രതിരോധിക്കാനാവില്ല. കോവിഡ് 19 സൃഷ്ടിച്ച കനത്ത പ്രതിസന്ധിയുടെ കാലത്തും കാര്‍ഷിക ബില്ലിനെതിരെ രാജ്യത്താകമാനം പടരുന്ന സമരങ്ങള്‍, രാജ്യത്തിന്റെ തകര്‍ന്നടിഞ്ഞ സാമ്പത്തിക നില, ഇപ്പോഴും അണയാതെ എരിഞ്ഞുകൊണ്ടിരിക്കുന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ എല്ലാം ഫാഷിസ്റ്റ് ശക്തികള്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളികളാണ്. 
ഇതിനകം തന്നെ ഈ ഫാഷിസ്റ്റ് തേര്‍വാഴ്ച ഇന്ത്യന്‍ ജനതക്ക് മടുത്തിരിക്കുന്നു. ദലിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുക,  ഇരയുടെ നാവരിയുക, നട്ടെല്ലിന് ക്ഷതമേല്‍പിക്കുക, കാലുകള്‍ ഒടിച്ചുകളയുക, ഒടുവില്‍ ആ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെടുക, മൃതശരീരം കത്തിച്ചുകളയുക, മരണമൊഴിക്ക് വിപരീതമായി മാനഭംഗം നടന്നില്ലെന്ന് പോലീസ് പ്രസ്താവനയിറക്കുക, മൊഴിമാറ്റാന്‍ മജിസ്‌ട്രേറ്റ് തന്നെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക, മാധ്യമങ്ങള്‍ വഴി വിവരം പുറംലോകമറിയാതിരിക്കാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുക, പ്രതിഷേധിക്കുന്നവര്‍ക്കു നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തുക,  കുറ്റാരോപിതരെ രക്ഷിക്കുന്നതിന് സവര്‍ണ പ്രതിഷേധം സംഘടിപ്പിക്കുക, എല്ലാം അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ അട്ടഹസിക്കുക, ഈ പൈശാചികതകളെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് നിര്‍ലജ്ജം ന്യായീകരിക്കുക- ഒരു സമൂഹം തകരുന്നതിന് ഇനി എന്തുവേണം! ''നാം ഒരു നാടിനെ നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍, അതിലെ സുഖലോലുപരോട് നാം ആജ്ഞാപിക്കുന്നു, അങ്ങനെയവര്‍ ധിക്കാരം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. നമ്മുടെ ശിക്ഷാവിധിക്ക് ആ നാട് അര്‍ഹമായിത്തീരുന്നു. പിന്നെ നാമതിനെ തകര്‍ത്തുകളയുന്നു'' (ഖുര്‍ആന്‍ 17:16). ഒരു വ്യവസ്ഥ മുഴുക്കെ, അതിന്റെ മുഴുവന്‍ ഉപകരണങ്ങളുമായി ഇത്തരം കൊടുംക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഇത്തരമൊരു വ്യവസ്ഥയെ ആര്‍ക്കാണ് സഹിക്കാനാവുക. അതുകൊണ്ടാണ് ചെറിയൊരു വെട്ടം കാണുമ്പോഴേക്ക് വലിയ പ്രതീക്ഷയോടെ ജനം അങ്ങോട്ടേക്ക് നോക്കുന്നത്. പക്ഷേ ഫാഷിസത്തെ കരുത്തോടെ നേരിടാനുള്ള പ്രതിപക്ഷം ഇല്ല എന്നതാണ് നിലവില്‍ ഇന്ത്യയുടെ ദുര്യോഗം. ഫാഷിസത്തിന്റെ കച്ചിത്തുരുമ്പും അതുതന്നെയാണ്.
ഫാഷിസത്തെ തളക്കാന്‍ കുറുക്കുവഴികളില്ല എന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്.  സാമൂഹിക ധ്രുവീകരണത്തിലും വംശീയതയിലും അപരവല്‍ക്കരണത്തിലും വേരൂന്നിയും, അതില്‍നിന്ന് രക്തമൂറ്റിയുമാണ് ചരിത്രത്തിലെവിടെയും ഫാഷിസം കരുത്താര്‍ജിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മാനവിക, സാഹോദര്യ മൂല്യങ്ങളെ രാജ്യത്തിന്റെ സാമൂഹിക ശരീരത്തില്‍ സന്നിവേശിപ്പിച്ചുകൊണ്ടു മാത്രമേ ഫാഷിസത്തെ അതിജീവിക്കാനാവൂ. അതിനാവശ്യമായ ആസൂത്രണവും സന്നദ്ധതയുമാണ് ഇന്ത്യന്‍ ജനതയുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്. രണ്ടാം പൗരന്മാരായോ പൗരത്വമില്ലാത്തവരായോ മുദ്രകുത്തപ്പെടുമ്പോഴും ദൈവിക മാര്‍ഗദര്‍ശനം കൈമുതലായുള്ള ഒരു ജനതയാണ് മുസ്‌ലിം സമുദായം.  രാജ്യത്തെ  ദരിദ്രരും നിരാലംബരുമായ ജനകോടികള്‍ അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് പരിഹാരമാകാന്‍ തങ്ങളുടെ കൈവശമുള്ള ദൈവികമാര്‍ഗദര്‍ശനത്തിന് കഴിയുമോ എന്ന സംവാദത്തിലേക്ക് രാജ്യത്തെ കൊുവരാന്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്. ആ ദര്‍ശനം മുന്നോട്ടു വെക്കുന്ന പ്രായോഗിക പദ്ധതികള്‍ തന്നെയാണ് തങ്ങളുടെയും മറ്റുള്ളവരുടെയും അതിജീവനത്തിന്റെ വഴിയെന്ന് ആത്മവിശ്വാസം കൊള്ളാനും അത് ഈ രാജ്യത്തെ ബോധ്യപ്പെടുത്താനും സാധിക്കേണ്ടതുണ്ട്.
ഫാഷിസ്റ്റ് കാലത്ത് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം രൂപപ്പെടുത്തിയ പ്രവര്‍ത്തന പദ്ധതികള്‍ ഈ രൂപത്തിലുള്ളതാണ്. ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനം നിര്‍വഹിക്കാന്‍ മുസ്‌ലിം സമുദായത്തിന് സാധിക്കണം. എല്ലാ വിഭാഗം ജനങ്ങളുടെയും- സ്ത്രീകള്‍, പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍- പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും പരിഹരിക്കാനും സാധിക്കണം. കര്‍ഷകരുടെയും വ്യാപാരികളുടെയും പ്രതിസന്ധികള്‍ നമ്മുടെ തന്നെ പ്രതിസന്ധികളാണ്. സാമൂഹിക നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതണം. ഫാഷിസത്തിനെതിരെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി വന്‍തോതിലുള്ള സമരസന്നാഹം നടത്തണം, സമരവീര്യം കെടാതെ കാത്തുസൂക്ഷിക്കണം, കൂടെയുള്ള എല്ലാവരെയും സമരോത്സുകരാക്കണം.  ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി പ്രപഞ്ചനാഥനോട് പ്രാര്‍ഥിക്കണം. ഇതൊന്നും നമ്മുടെ ആവശ്യം മാത്രമല്ല, ബാധ്യത കൂടിയാണ്. ഫാഷിസത്തിന്റെ കരാളതയില്‍നിന്ന് വിമോചനം സാധ്യമാകണമെങ്കില്‍ പോരാട്ടത്തിന്റെ ഈ ചുടുനിലങ്ങള്‍ താണ്ടിയേ പറ്റൂ.
ഹ്രസ്വകാലത്തെ വിജയാരവങ്ങള്‍ക്കു ശേഷം കെട്ടടങ്ങുക എന്നത് എല്ലാ ദുഷിച്ച വ്യവസ്ഥകളെയും സംബന്ധിച്ച ദൈവികനീതിയാണ്. ''നീച വചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് പിഴുതെറിയപ്പെടുന്ന ക്ഷുദ്രവൃക്ഷത്തിന്റേതാകുന്നു. അതിന് ഒരു അടിയുറപ്പുമില്ല'' (ഖുര്‍ആന്‍ 14:26).
നാനാജാതി മതവിഭാഗങ്ങള്‍ കൈകോര്‍ത്തുനിന്ന് ഇന്ത്യയെ ഫാഷിസത്തിന്റെ കെടുതികളില്‍നിന്ന് രക്ഷപ്പെടുത്തുമെന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷ. ഫാഷിസത്തിന്റെ പകര്‍ന്നാട്ടം താല്‍ക്കാലികം മാത്രമാണ്. അടുത്ത കാലത്തുണ്ടായതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളികളാരാണ്? തീര്‍ത്തും അപ്രതീക്ഷിതമായ കോണുകളില്‍നിന്ന് സമരങ്ങളും സമരനായകരും ഉയര്‍ന്നുവരികയായിരുന്നു. വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, സ്ത്രീകള്‍, പിന്നാക്കവിഭാഗങ്ങള്‍ തുടങ്ങിവരാണ് സമരം നയിക്കുന്നത്. ആ സമരങ്ങള്‍ക്കു പിന്നാലെ മുഖ്യധാരാ ഇന്ത്യന്‍ രാഷ്ട്രീയം ഓടിയെത്തുകയായിരുന്നു. ഫാഷിസത്തിന്റെ സൂക്ഷ്മാംശങ്ങളെ പോലും കണ്ടെത്തി നിരാകരിക്കാനുള്ള ഉള്ളടക്കം ഈ സമരങ്ങള്‍ക്കുണ്ട്. നീതിനിഷേധത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും അനുഭവങ്ങളില്‍നിന്ന് കരുത്ത് നേടുന്ന ഇന്ത്യന്‍ ജനത ഫാഷിസത്തെ അതിജീവിക്കുക തന്നെ ചെയ്യും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (11-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

വീടുകള്‍ ആത്മീയാലയങ്ങളാവണം
അബ്ദുല്ലത്വീഫ് കൊടുവള്ളി