ഖുര്ആന് പ്രകാരം ആ രണ്ട് മതങ്ങള്‍ക്കും എന്താണ് സംഭവിച്ചത്?
മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' എന്ന മഹാസാഗരത്തില്‍ മുങ്ങിത്തപ്പി മുത്തും പവിഴവും കരയിലെത്തിച്ച് മറ്റൊരു അമൂല്യഹാരം കൊരുക്കുകയാണ് നഈം സിദ്ദീഖിയും അബ്ദുല്‍ വക്കീല്‍ അലവിയും. 'ഫുര്‍ഖാന്‍' എന്ന വിശുദ്ധ ഖുര്‍ആന്റെ തന്നെ മറ്റൊരു നാമത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന് 'ജൂതമതവും ക്രിസ്തുമതവും' എന്ന ഇവര്‍ രണ്ടുപേരും എഡിറ്റ് ചെയ്ത ഗ്രന്ഥം നമുക്ക് പറഞ്ഞുതരും. ദൈവിക വെളിപാടിലൂടെ നിലവില്‍വരികയും മനുഷ്യകരങ്ങളിലൂടെ ജീര്‍ണിച്ചുപോവുകയും ചെയ്ത രണ്ടു വലിയ മതസമൂഹങ്ങളുടെ ഉത്ഥാന പതനങ്ങളിലേക്ക് വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം വീശി അവ രണ്ടിന്റെയും കാരണങ്ങള്‍ ഒന്നൊന്നായി വിലയിരുത്തപ്പെടുകയാണിവിടെ.
രണ്ടു മതങ്ങളുടെയും ഉറവിടം ദൈവികമായിരിക്കെത്തന്നെ പില്‍ക്കാലങ്ങളില്‍ എന്തു സംഭവിച്ചു എന്നതിന്റെ കൃത്യമായ വിശകലനം കൂടിയാണ് ഈ ഗ്രന്ഥം. വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനമായാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത് എന്ന വസ്തുത, പൂര്‍വിക മതങ്ങളുടെ മുഖ്യമായ വ്യതിചലനങ്ങളും ഖുര്‍ആന്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്നിട്ടും, വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകളോടെയും വിശദീകരണങ്ങളോടെയും സര്‍വ ജനത്തിനും, വിശിഷ്യാ വേദക്കാര്‍ക്കും ഇന്ന് പുസ്തകത്തിന് പുസ്തകമായും ഡിജിറ്റലായി വേണ്ടവര്‍ക്ക് ഡിജിറ്റലായും സോഷ്യല്‍ മീഡിയകളിലൂടെയും അല്ലാതെയും ഒരു തടസ്സവുമില്ലാതെ ലഭ്യമായിട്ടും അതിനോട് ലവലേശം പോലും സത്യസന്ധത ബന്ധപ്പെട്ടവര്‍ കാണിക്കാത്തതെന്തെന്ന ചോദ്യം വളരെ പ്രസക്തമായ ഒന്നാണ്. അതിനുള്ള മറുപടി ഈ ഗ്രന്ഥത്തിലൂടെ സയ്യിദ് മൗദൂദി ഇപ്രകാരം നല്‍കുന്നു:
''നൂറ്റാണ്ടുകളായി ദുഷിച്ചുകഴിഞ്ഞിട്ടുള്ളവരാണിവര്‍. നിങ്ങള്‍ക്ക് നടുക്കവും രോമാഞ്ചവുമുണ്ടാക്കുന്ന അതേ ദിവ്യവചനങ്ങളെ പരിഹസിച്ചും നിന്ദിച്ചും അവരുടെ എത്രയോ തലമുറകള്‍ കഴിഞ്ഞുപോയിരിക്കുന്നു. സത്യദീനിനെ അലങ്കോലപ്പെടുത്തി സ്വേഛാനുസാരം അവരതിനു രൂപം നല്‍കിയിരിക്കുന്നു. വികൃതമാക്കപ്പെട്ട ആ മതത്തോടാണ് ഇന്നവര്‍ മോക്ഷപ്രതീക്ഷകള്‍ ബന്ധിച്ചിരിക്കുന്നത്. സത്യത്തിന്റെ ശബ്ദം അന്തരീക്ഷത്തിലുയരുന്ന മാത്രയില്‍ നാനാഭാഗത്തുനിന്നും കുതിച്ചടുക്കുമെന്ന് അത്തരക്കാരെക്കുറിച്ച് പ്രതീക്ഷിക്കുന്നത് കേവലം നിരര്‍ഥകമാണ്'' (പേജ് 182).
''യഹൂദിസവും ക്രിസ്ത്യാനിസവും പിന്നീടുണ്ടായതാണ്. 'യഹൂദിസം' അതിന്റെ ആ നാമത്തോടും മതപരമായ പ്രത്യേകതകളോടും ആചാര ചടങ്ങുകളോടും കൂടി ക്രിസ്തുവിനു മുമ്പ് മൂന്നും നാലും നൂറ്റാണ്ടുകളിലാണ് ഉടലെടുത്തത്. ക്രിസ്ത്യാനിസമെന്നറിയപ്പെടുന്ന ആദര്‍ശവിശ്വാസങ്ങളുടെയും പ്രത്യേക മതവിഭാവനകളുടെയും സമാഹാരം ഉത്ഭവിച്ചതാകട്ടെ, ക്രിസ്തുവിനു ശേഷം ഒരു നീണ്ടകാലം കഴിഞ്ഞാണ്. അപ്പോള്‍ മനുഷ്യന്‍ സന്മാര്‍ഗം പ്രാപിക്കുകയെന്നത് യഹൂദിസമോ ക്രിസ്ത്യാനിസമോ സ്വീകരിക്കുന്നതിനെ മാത്രം ആശ്രയിച്ചാണ് നിലകൊള്ളുന്നതെങ്കില്‍, പ്രസ്തുത മതങ്ങള്‍ ജന്മമെടുക്കുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ മുമ്പ് ജീവിച്ചിരുന്നവരും സന്മാര്‍ഗം പ്രാപിച്ചവരെന്ന് യഹൂദികളും ക്രിസ്ത്യാനികളും സമ്മതിച്ചംഗീകരിച്ചിരിക്കുന്നവരുമായ അബ്രഹാമും മറ്റു പ്രവാചകന്മാരും സജ്ജനങ്ങളും സന്മാര്‍ഗം പ്രാപിച്ചത് എന്തൊന്നുകൊണ്ടായിരുന്നുവെന്ന ചോദ്യം സ്വയം ഉത്ഭവിക്കുന്നതാണ്. യഹൂദിസം കൊണ്ടോ ക്രിസ്ത്യാനിസം കൊണ്ടോ അല്ലെന്ന് വ്യക്തം. അതിനാല്‍, മനുഷ്യന്റെ സന്മാര്‍ഗലബ്ധി, യഹൂദികളും ക്രിസ്ത്യാനികളും മറ്റ് ഭിന്ന കക്ഷികളുമായി ചേരിപിരിയാന്‍ ഹേതുവായ യഹൂദിസത്തെയും ക്രിസ്ത്യാനിസത്തെയും ആശ്രയിച്ചല്ല; പ്രത്യുത, എല്ലാ കാലഘട്ടങ്ങളിലും മനുഷ്യനെ നേര്‍വഴിക്ക് നയിച്ച സാര്‍വലൗകിക സന്മാര്‍ഗം അവലംബിക്കുന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന് തെളിഞ്ഞുകഴിഞ്ഞു'' (പേജ്. 420).
തൗറാത്ത് എവിടെ?
''പഴയ നിയമത്തിലെ അഞ്ച് ഏടുകള്‍ (Pentateuch) യഥാര്‍ഥ തൗറാത്തല്ല എന്നാണ് എന്റെ കണ്ടെത്തല്‍. യഥാര്‍ഥ തൗറാത്ത് ലോകത്തുനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഈ വീക്ഷണത്തെ പഴയ നിയമം തന്നെ പിന്തുണക്കുന്നുണ്ട്. ഹസ്രത്ത് മൂസാ തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് ഹസ്രത്ത് യൂശഇന്റെ സഹായത്തോടെ തൗറാത്ത് ക്രോഡീകരിച്ച് ഒരു പെട്ടിയില്‍ വച്ചിരുന്നു (ആവര്‍ത്തന പുസ്തകം 31:24-27). അദ്ദേഹത്തിന്റെ മരണശേഷം ബി.സി ആറാം നൂറ്റാണ്ടില്‍ നബുഖദ്‌നസ്ര്‍ ബൈതുല്‍ മുഖദ്ദിസിന് തീ കൊടുത്തപ്പോള്‍ ആ വിശുദ്ധ പെട്ടിയും ഹസ്രത്ത് മൂസാക്കുശേഷം നിയമ പരിഷ്‌കര്‍ത്താക്കള്‍ ക്രോഡീകരിച്ച മുഴുവന്‍ ഗ്രന്ഥങ്ങളും ഒന്നടങ്കം കത്തിനശിച്ചു. തുടര്‍ന്ന് രണ്ടര നൂറ്റാണ്ടുകള്‍ക്കു ശേഷം ഹസ്രത്ത് ഉസൈറും (ബൈബിള്‍ വിവരണ പ്രകാരം) ബനൂ ഇസ്രാഈല്യരിലെ ജ്യോത്സ്യന്മാരും മറ്റും കൂടിച്ചേര്‍ന്ന് വെളിപാടിലൂടെ ഈ ഗ്രന്ഥം പുനഃക്രോഡീകരിച്ചു. പക്ഷേ, കാല ദുരന്തങ്ങള്‍ ഈ പുതിയ പതിപ്പിനെയും അതിന്റെ മൂലരൂപത്തില്‍ അവശേഷിപ്പിച്ചില്ല. അലക്‌സാണ്ടറുടെ ആഗോള വിജയ തരംഗം ഗ്രീക്ക് ഭരണാധിപത്യത്തോടൊപ്പം ഗ്രീക്ക് വിജ്ഞാനങ്ങള്‍ക്കും സാഹിത്യങ്ങള്‍ക്കും കൂടി പൗരസ്ത്യന്‍ നാടുകളില്‍ പ്രചാരം നേടിക്കൊടുത്തപ്പോള്‍ തൗറാത്തിന്റെ മുഴുവന്‍ പ്രതികളും ഗ്രീക്ക് ഭാഷയിലേക്ക് മാറ്റപ്പെട്ടു. ക്രമേണ ഹീബ്രു മൂലം ഒഴിവാക്കിയ ഈ ഗ്രീക്ക് തര്‍ജമ പ്രചാരത്തിലായി. ഇന്ന് നമ്മുടെ മുമ്പിലുള്ള തൗറാത്തിന്റെ പരമ്പര ഒരു നിലക്കും ഹസ്രത്ത് മൂസായില്‍ എത്തുന്നില്ല'' (പേജ് 89).
ദൈവവചനത്തോടൊപ്പം ജൂത പുരോഹിതരുടെ വ്യാഖ്യാനങ്ങളും ഇസ്രായേല്‍ മക്കളുടെ ചരിത്രങ്ങളും കര്‍മശാസ്ത്ര പ്രശ്‌നങ്ങളുമെല്ലാം ഇന്നത്തെ തൗറാത്തില്‍ കാണാം. അവക്കിടയില്‍നിന്നും യഥാര്‍ഥത്തിലുള്ള തൗറാത്തിലെ വചനങ്ങള്‍ ഏതെന്ന് കണ്ടെത്തുക ക്ഷിപ്രസാധ്യമായ കാര്യമേയല്ല.
ഇഞ്ചീല്‍ എവിടെ?
മൗലാനാ മൗദൂദി ഇഞ്ചീലിന്റെ നിലവിലെ അവസ്ഥ വിശദീകരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. ഖുര്‍ആനുമായി താരതമ്യം ചെയ്തുള്ള പ്രസ്തുത പഠനം ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്:
''ഇന്ന് നാം ബൈബിള്‍ എന്ന് വിളിക്കുന്ന സമാഹാരം നാല് വലിയ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അവയില്‍ ഒന്നുപോലും യേശുവിന്റേതല്ല. മുഹമ്മദ് നബിക്ക് അല്ലാഹുവില്‍നിന്ന് അവതരിച്ച മുഴുവന്‍ അധ്യായങ്ങളും സൂക്തങ്ങളും ഖുര്‍ആനില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളതുപോലെ യേശുവിന് അവതരിച്ച ദിവ്യവെളിപാടുകള്‍ പൂര്‍ണമായി ഒരു ഗ്രന്ഥത്തിലും സമാഹരിക്കപ്പെട്ടിട്ടില്ല. അദ്ദേഹം തന്റെ പ്രവാചക ജീവിതത്തില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നല്‍കിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും അദ്ദേഹത്തിന്റെ സ്വന്തം വാചകങ്ങളില്‍ എവിടെയും നമുക്ക് ലഭിക്കുകയുമില്ല. നമുക്ക് ലഭിച്ച ഈ പുസ്തകങ്ങള്‍ ദൈവത്തിന്റെയോ യേശുവിന്റെയോ വചനങ്ങളല്ല. മറിച്ച്, അത് യേശുവിന്റെ അപ്പോസ്തലന്മാരോ അവരുടെ ശിഷ്യന്മാരോ തങ്ങളുടെ അറിവും ഗ്രാഹ്യതയും അനുസരിച്ച് സമാഹരിച്ച യേശുവിന്റെ അവസ്ഥകളും അധ്യാപനങ്ങളുമാണ്....
'പുതിയ നിയമ'ത്തിലെ നാല് സുവിശേഷങ്ങളും (Gospels) ദിവ്യബോധന ഗ്രന്ഥമല്ല; അതിനാല്‍, ഖുര്‍ആന്‍ അവയെ അംഗീകരിക്കുന്നുമില്ല. എന്നാല്‍ യേശുവിന് അവതീര്‍ണമായ ബൈബിളിനെ ഖുര്‍ആന്‍ ശരിവെക്കുന്നുണ്ട്. എങ്കില്‍ ആ ബൈബിള്‍ ഇപ്പോള്‍ എവിടെയാണെന്ന ചോദ്യം അവശേഷിക്കുന്നു. ആ വേദഗ്രന്ഥത്തിന്റെ ചിതറിയ ഭാഗങ്ങള്‍ വാമൊഴിയായി പുതിയ നിയമത്തിന്റെ നാല് അധ്യായങ്ങളില്‍ അതിന്റെ ഗ്രന്ഥകാരന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. യേശുവിന്റെ ജീവിതാവസ്ഥ വിവരിക്കുന്ന വിവിധ സ്ഥലങ്ങളിലായാണ് അവര്‍ അവ ഉദ്ധരിച്ചിരിക്കുന്നത്. ആ ഗ്രന്ഥങ്ങളില്‍ യേശുവിന്റെ പ്രഭാഷണങ്ങളായും ഉപമകളായും വന്നവയാണ് യഥാര്‍ഥ ബൈബിളിന്റെ ചിതറിയ ഭാഗങ്ങള്‍. അവയിലാകട്ടെ, ഖുര്‍ആന് വിരുദ്ധമായ വല്ലതും കണ്ടെത്തുക പ്രയാസകരവും ആയിരിക്കും'' (പേ. 320,324).
ജെറോം ബിബ്ലിക്കല്‍ കമന്ററിയുള്‍പ്പെടെ സുപ്രധാനമായ എല്ലാ ബൈബിള്‍ റഫറന്‍സ് ഗ്രന്ഥങ്ങളും തലകുലുക്കി സമ്മതിക്കുന്ന വസ്തുതകള്‍ തന്നെയാണ് മൗലാനാ മൗദൂദിയുടെ വിലയിരുത്തലുകള്‍ക്ക് നിദാനം. അനുബന്ധമായി, പോപ്പ് 15-ാമന്റെ സമാധാന സന്ദേശത്തിന് മൗലാനാ മൗദൂദിയുടെ മറുപടി കൂടി നല്‍കിക്കൊണ്ടാണ് ഗ്രന്ഥം സമാപിക്കുന്നത്.
ഐ.പി.എച്ച് മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ക്രോഡീകരിച്ചിരിക്കുന്നത് റഫീഖുര്‍റഹ്മാന്‍ മൂഴിക്കലാണ്. 450 രൂപയാണ് വില.
Comments