ബിറ്റ്‌കോയിനും നിക്ഷേപങ്ങളും തട്ടിപ്പിന്റെ നവീന രീതികള്‍
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് മാതൃകയില്‍ തട്ടിപ്പ് അരങ്ങുവാഴുന്ന മേഖലയാണ് ഓണ്‍ലൈന്‍ കറന്‍സികള്‍. പുതിയ കാലത്ത് കേരളത്തിലെ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വളരെ സജീവമായി ക്രിപ്‌റ്റോ കറന്‍സി മാതൃകയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ട്. യഥാര്‍ഥ ക്രിപ്‌റ്റോ കറന്‍സി, പൊതു നിക്ഷേപങ്ങള്‍, ഓണ്‍ലൈന്‍ കറന്‍സി വ്യാപാരത്തിലെ ചതിക്കുഴികള്‍ എന്നിവയെ കുറിച്ചാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്.
'മോറിസ്' കോയിനും ഘഞ ട്രേഡും ഇസ്‌ലാമികമല്ല എന്നു പറയുന്ന കേരളത്തിലെ പ്രമുഖ പണ്ഡിതരുടെ ഫത്‌വകള്‍ ഈയിടെ കാണാനിടയായി. പ്രസ്തുത കോയിന്‍ ഏറ്റവുമധികം വാങ്ങിയ ഒരു വിഭാഗം മദ്‌റസാ അധ്യാപകരായിരുന്നുപോലും. അതുകൊണ്ടുകൂടിയാണ് അവര്‍ക്ക് ഇങ്ങനെ ഒരു ഫത്‌വ ഇറക്കേണ്ടിവന്നത്. സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാരായ കൂലി വേലക്കാര്‍ തുടങ്ങിയവരാണ് ഈ വലയില്‍ കുടുങ്ങിപ്പോയ മറ്റു വിഭാഗങ്ങള്‍. പലിശ പോലെ ഉറപ്പുള്ള നിശ്ചിത വരുമാനം, അമൂര്‍ത്തമായ അവസ്ഥ തുടങ്ങിയവ കാരണമാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഇത് ഹറാമാണെന്ന് വിധിക്കുന്നത്. പല ഓണ്‍ലൈന്‍ കറന്‍സി സ്ഥാപനങ്ങളും നല്‍കുന്ന ലാഭവാഗ്ദാനങ്ങള്‍ പരിശോധിച്ചാല്‍തന്നെ, ഇവ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന സത്യം ബോധ്യപ്പെടും. ക്രിപ്‌റ്റോ കറന്‍സി എന്താണെന്നും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകള്‍ എങ്ങനെയെന്നും പരിശോധിക്കാം.
2017-ല്‍ ബിറ്റ്‌കോയിന്‍ എന്നറിയപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സി 200 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. അതോടുകൂടി ലോക മാര്‍ക്കറ്റില്‍ ഇതേ മാതൃകയിലുള്ള പുതിയ പല ഡിജിറ്റല്‍ കറന്‍സികളും ഉടലെടുത്തു. ഇത്തരം ഓണ്‍ലൈന്‍ കറന്‍സികളില്‍ ധാരാളമാളുകള്‍ നിക്ഷേപം നടത്തുകയും ചെയ്തു. അവയില്‍ പലതും വ്യാജമായിരുന്നതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ വഞ്ചിക്കപ്പെട്ടു. അവരുടെ കോടിക്കണക്കിന് രൂപ നഷ്ടമായി. പുതിയകാലത്ത്, പുതിയ ടെക്‌നോളജികളും ടെര്‍മിനോളജികളും നിലവില്‍ വന്നതോടെ, അതേക്കുറിച്ച് ധാരണയില്ലാത്തവരെ പറ്റിക്കാന്‍ ഇതിന്റെ നടത്തിപ്പുകാര്‍ക്ക് എളുപ്പം സാധിക്കുന്നു. ഓണ്‍ലൈന്‍ യുഗത്തില്‍ ഇവ കൂടുതല്‍ ആകര്‍ഷകമാവുകയും ചെയ്യുന്നു.
ഇപ്പോള്‍ കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ കറന്‍സി കമ്പനികള്‍ ഓഫര്‍ ചെയ്യുന്നത് ദിനംപ്രതി ഒരു ശതമാനം ലാഭമാണ്. ഒരു ദിവസം ഒരു ശതമാനം റിട്ടേണ്‍ എന്നു പറഞ്ഞാല്‍ വാര്‍ഷികവരുമാനം 365 ശതമാനമായി. യഥാര്‍ഥത്തില്‍ മ്യൂച്ചല്‍ ഫണ്ട്, ഓഹരി വിപണി തുടങ്ങിയവയില്‍ പോലും പരമാവധി വാര്‍ഷിക വരുമാനം 20 മുതല്‍ 30 ശതമാനം വരെ മാത്രമേ ലഭിക്കൂ. സാമ്പ്രദായിക വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലും മുടക്കുമുതലിന്റെ 50 ശതമാനത്തിനു താഴെ മാത്രമേ വാര്‍ഷികവരുമാനം ലഭിക്കൂ എന്നതാണ് ശരാശരി കണക്ക്. അതിനാല്‍ ദിനംപ്രതി ഒരു ശതമാനം, അല്ലെങ്കില്‍ രണ്ടു ശതമാനം റിട്ടേണ്‍ എന്നു പറയുമ്പോള്‍ തന്നെ, ഇതെങ്ങനെ സാധ്യമാകും എന്ന് സംശയം തോന്നും. ഇത്രയും ലാഭവാഗ്ദാനം ഒറ്റനോട്ടത്തില്‍തന്നെ തീര്‍ത്തും അവിശ്വസനീയമാണ്. അത്രയും പണം നിക്ഷേപകര്‍ക്ക് ലാഭമായി കൊടുക്കുക അസാധ്യമാണ്. പ്രായോഗികമല്ലാത്ത ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കമ്പനികള്‍ തകരും. ഇവയെല്ലാം നെറ്റ്വര്‍ക്ക് മള്‍ട്ടിലെവല്‍ മാതൃകയിലാണ് കണ്ണിചേര്‍ക്കുന്നത് എന്നതും ശ്രദ്ധിക്കുക.
നിക്ഷേപത്തിന് പുറമെ, ഓഹരി വിപണി പോലെയുള്ള ബിറ്റ്‌കോയിന്‍ ട്രേഡുകള്‍ കൂടി നടത്തുന്നു എന്നാണ് പുതിയ കമ്പനികള്‍ അവകാശപ്പെടുന്നത്. അപ്പറഞ്ഞതൊക്കെ കളവായിരുന്നു എന്ന് പല കമ്പനികളും പൂട്ടുമ്പോള്‍ മാത്രമാണ് ആളുകള്‍ക്ക് മനസ്സിലാവുക. ഷെയര്‍, ട്രേഡ്, ബിറ്റ്‌കോയിന്‍ തുടങ്ങിയ സംജ്ഞകള്‍ ന്യൂജെന്‍ യുവാക്കളെ പെട്ടെന്ന് ആകര്‍ഷിക്കും. ഈ അടുത്ത കാലത്താണ് BTC BITZ എന്ന കമ്പനി മലപ്പുറത്തു നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. അതിന്റെ ഉടമയായിരുന്ന അബ്ദുശ്ശുകൂര്‍ ഈ വിവാദത്തെ തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. ഇതേ ബിസിനസ് മോഡലിലുള്ള വേറെയും രണ്ടു കമ്പനികള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു BTC SPAR, BTC GLOBAL എന്നിവ. UTS (യൂനിവേഴ്‌സല്‍ ട്രെയിനിംഗ് സൊല്യൂഷന്‍) എന്ന മറ്റൊരു കമ്പനി 3,500 കോടി രൂപയുടെ തട്ടിപ്പാണ് ഈ മാസം നടത്തിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള പലരും ഇതില്‍ നിക്ഷേപിച്ചിരുന്നു. കോയമ്പത്തൂര്‍ ആസ്ഥാനമായ ഈ കമ്പനിയില്‍ അമ്പതിനായിരത്തിലധികം ആളുകളാണ് കോടികള്‍ നിക്ഷേപിച്ചത്. ഇതിന്റെ ഉടമ ഗൗതം രമേശ് സെപ്റ്റംബര്‍ 23 വരെ മലപ്പുറത്ത് പോലീസ് കസ്റ്റഡിയില്‍ ഉണ്ടെങ്കിലും ഒത്തുതീര്‍പ്പിനും കേസ് ഒതുക്കുന്നതിനുമായി പിന്നാമ്പുറ കളികള്‍ നടക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തത്. യു.ടി.എസ് എന്ന ഈ കമ്പനി ആളുകള്‍ക്ക് വിശ്വസനീയത വര്‍ധിപ്പിക്കുന്നതിനു വേണ്ടി മുദ്ര പേപ്പറില്‍ ബോണ്ടുകളും നല്‍കിയിരുന്നു; എന്നിട്ടും കബളിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
എന്താണ് ബിറ്റ്‌കോയിന്‍?
ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിന്‍. ഇതിന് ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച നാണയങ്ങളോ കടലാസ് നോട്ട് രൂപങ്ങളോ ഇല്ല. നമ്പറുകളുടെ രൂപത്തില്‍ മൊബൈലിലും കമ്പ്യൂട്ടറിലുമാണ് ഇവ ശേഖരിച്ചുവെക്കുന്നത്. 2007-ല്‍ ആഗോള സാമ്പത്തിക മാന്ദ്യവും ബാങ്കിംഗ് തകര്‍ച്ചയും നേരിട്ടപ്പോള്‍, സമ്പദ് ഘടനയെ രക്ഷിക്കുന്നതിനു വേണ്ടി, പണപ്പെരുപ്പം സൃഷ്ടിക്കാത്ത ഡിജിറ്റല്‍ കറന്‍സി എന്ന ആശയം രൂപം കൊണ്ടു. 2008-ല്‍ ഇത് നിലവില്‍വരികയും ചെയ്തു. ഇത്തരമൊരു ആശയത്തിന്റെ ഉപജ്ഞാതാവ് 'സതോഷി നകമോട്ടോ' എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന അജ്ഞാത വ്യക്തിയാണ്. ജപ്പാനിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറും സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ഇദ്ദേഹം എന്ന് അഭ്യൂഹമുണ്ട്. അതല്ല, ഒരുപറ്റം എഞ്ചിനീയര്‍മാര്‍ കൂടി ചേര്‍ന്നാണ് ഈ പ്രോട്ടോക്കോള്‍ തുടങ്ങിയത്, അവരുടെ ഒരു വെര്‍ച്ച്വല്‍ ഗ്രൂപ്പിന്റെ പേരു മാത്രമാണ് 'സതോഷി നകമോട്ടോ' എന്ന വാദവുമുണ്ട്.
ലോകത്തെ നാണയങ്ങളും കറന്‍സികളും ഒരു കേന്ദ്രീകൃത Centralized) സ്ഥാപനത്തിന്റെ കീഴിലായിരിക്കും, എല്ലാ രാജ്യങ്ങളിലും. ഉദാഹരണത്തിന് ഇന്ത്യന്‍ കറന്‍സിയുടെ വിലയും വിതരണവുമെല്ലാം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. അവരാണ് അത് ആവശ്യാനുസരണം അച്ചടിച്ച് വിതരണം ചെയ്യുന്നത്. ബിറ്റ്‌കോയിന്റെ ഏറ്റവും വലിയ പ്രത്യേകത ഇങ്ങനെ ഒരു കേന്ദ്രീകൃത സംവിധാനമില്ല എന്നതാണ്. വികേന്ദ്രീകൃതം (Decentralized) ആയതിനാല്‍ ഒരു ഗവണ്‍മെന്റിനും ഇതിനെ നിയന്ത്രിക്കാന്‍ കഴിയില്ല. 210 മില്യന്‍ ബിറ്റ്‌കോയിന്‍ എന്ന മുന്‍കൂട്ടി തയാറാക്കിയ അനുപാതത്തില്‍ മാത്രമേ വിപണിയിലെത്തൂ. അതിനാല്‍ പണപ്പെരുപ്പം ഉണ്ടാകില്ല.
എഴുത്തും ചിത്രങ്ങളും ശബ്ദവുമൊക്കെ നമുക്ക് വായിക്കാന്‍ കഴിയാത്ത രൂപത്തിലേക്ക് മാറ്റുന്നതിനെയാണ് എന്‍ക്രിപ്ഷന്‍ എന്ന് പറയുന്നത്. ഇങ്ങനെ പ്രത്യേക താക്കോലുകളുടെ (Private Key & Public key) സഹായത്തോടെ, കൂടുതല്‍ സുരക്ഷിതത്വം നല്‍കി, രഹസ്യമാക്കി സൂക്ഷിക്കുന്ന സാങ്കേതിക സംവിധാനമാണ് 'ക്രിപ്‌റ്റോഗ്രഫി.' ഇത് ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ് ഇത്തരം നാണയങ്ങളെ 'ക്രിപ്‌റ്റോ കറന്‍സി' എന്ന് വിളിക്കുന്നത്.
ബിറ്റ്‌കോയിന്‍, ഇതേറിയം, റിപ്പിള്‍, ലൈറ്റ് കോയിന്‍, സ്റ്റല്ലര്‍ തുടങ്ങിയവയാണ് പ്രധാന ക്രിപ്‌റ്റോ കറന്‍സികള്‍. ഇതില്‍ ആദ്യം രൂപം കൊണ്ടതും ഏറ്റവും മൂല്യമേറിയതും പ്രചാരമേറിയതും ബിറ്റ്‌കോയിന്‍ (Bitcoin) ആണ്. അതുകൊണ്ടുതന്നെ ക്രിപ്‌റ്റോ കറന്‍സി എന്നു പറയുമ്പോള്‍ പലപ്പോഴും 'ബിറ്റ്‌കോയിന്' പകരമായും പലരും ഈ പദം ഉപയോഗിക്കുന്നു.
സാധാരണയായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പണം അയക്കുന്നതിന് ബാങ്കിനെയും സമാനസംവിധാനങ്ങളെയും നാം ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഒരാളുടെ കൈവശമുള്ള ബിറ്റ്‌കോയിന്‍ മറ്റൊരാള്‍ക്ക് കൈമാറുന്നതിന് ഇടനിലക്കാരില്ലാതെ ഏതൊരു സാധാരണക്കാരനും നേര്‍ക്കുനേര്‍ സാധിക്കുമെന്നാണ് ഇതിന്റെ അടിസ്ഥാന തത്ത്വം. പക്ഷേ ഈ കൈമാറ്റ വിവരങ്ങള്‍ 'ബിറ്റ്‌കോയിന്‍ കണക്കുപുസ്തക'ത്തില്‍ അടയാളപ്പെടുത്തുക എന്നത് വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. ഇത് ചെയ്യുന്നതിനെയാണ് ബിറ്റ്‌കോയിന്‍ മൈനിംഗ് (നാണയ ഖനനം) എന്നു പറയുന്നത്. അത് ചെയ്യുന്ന ആളുകള്‍ക്ക് അതിനനുസരിച്ച പ്രതിഫലം, ബിറ്റ്‌കോയിന്‍ രൂപത്തില്‍ തന്നെ ലഭിക്കുന്നു. ഇവിടെ ഇടപാട് വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കുന്ന പുസ്തകമായ 'പബ്ലിക് ഇലക്ട്രോണിക് ലെഡ്ജര്‍' ആണ് 'ബ്ലോക്ക് ചെയിന്‍' Block Chain). ഇന്ന് ലോകത്തെ ട്രെന്റിംഗ് ടെക്‌നോളജികളില്‍ ഒന്നാണ് 'ബ്ലോക്ക് ചെയിന്‍.' സുതാര്യത, തെറ്റുകളുടെ അഭാവം, കൃത്രിമത്വം കാണിക്കാനുള്ള അവസരമില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ലോകത്തെ മുന്‍നിര ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളുമെല്ലാം ഇന്ന് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ കാലത്തെ സകാത്ത് സംരംഭങ്ങള്‍ വരെ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തണം എന്നാണ് INCEIF തലവന്‍ ഡോ. സിയാദ് മഹ്മൂദിനെ പോലുള്ളവര്‍ പറയുന്നത്. ബിറ്റ്‌കോയിനും ബ്ലോക്ക് ചെയിനും രണ്ടും വ്യത്യസ്തമാണ് എന്ന് പ്രത്യേകം മനസ്സിലാക്കുക.
2020 സെപ്റ്റംബര്‍ മാസത്തെ ഒരു ബിറ്റ്‌കോയിന്റെ വില 7,99360 രൂപയാണ്. ബിറ്റ്‌കോയിന്‍ ഭാഗികമായോ അല്ലെങ്കില്‍ ബിറ്റ്‌കോയിനുകള്‍ ആയോ ഇപ്പോള്‍ വാങ്ങിച്ച് പിന്നീട് വില്‍പന നടത്തിയാല്‍ അതിന്റെ മാര്‍ക്കറ്റ് വില അനുസരിച്ചുള്ള പണം ആ സമയത്ത് ലഭിക്കും. 2017 ഡിസംബറിലാണ് ബിറ്റ്‌കോയിനുകള്‍ക്ക് ഏറ്റവും കൂടിയ വില ഉണ്ടായത് ($13860.14). എന്നാല്‍ 2019 ജനുവരിയില്‍ അതിന്റെ വില താഴേക്ക് കൂപ്പുകുത്തി ($3441.03). കഴിഞ്ഞ മാസം ഒരു കോയിന്റെ വില എട്ടര ലക്ഷം രൂപയായിരുന്നു.
എന്തുകൊണ്ട് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനം?
ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയെ ഭാവിയുടെ സാങ്കേതികവിദ്യയായി എല്ലാ രാജ്യങ്ങളും സാങ്കേതിക വിദഗ്ധരും ഏറ്റെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ബിറ്റ്‌കോയിനെ പല രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല. ലോകത്തെ പത്തോളം രാജ്യങ്ങളില്‍ ഇതിന് നിരോധനം ഉണ്ട്. ഏഷ്യാ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും ബിറ്റ്‌കോയിനുകള്‍ നിയന്ത്രണവിധേയമാണ് (Restricted). മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും അത് നിയമവിധേയമല്ല. എന്നാല്‍ യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ അത് അംഗീകൃതമാണ്.
രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം ദുര്‍ബലപ്പെടുത്തും, കള്ളപ്പണമൊഴുക്ക് കൂടും തുടങ്ങിയവയാണ് നിരോധനം കൊണ്ടുവരുന്നതിന് പറയുന്ന മുഖ്യകാരണങ്ങള്‍. ആളുകള്‍ വര്‍ധിച്ച അളവില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടുകൂടി 2018-ല്‍ ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചിരുന്നു. പക്ഷേ 2020 മാര്‍ച്ചില്‍ സുപ്രീം കോടതി ഇതിന് ഇളവ് നല്‍കി. ഇപ്പോള്‍ വീണ്ടും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍.
അന്താരാഷ്ട്ര തലത്തില്‍ നിയമപരമായതും ഇടപാടുകള്‍ നടക്കുന്നതുമായ ബിറ്റ്‌കോയിനെ ഏതെങ്കിലും ഒരു രാജ്യം മാത്രം വിചാരിച്ചാല്‍ ആ പ്രദേശത്ത് നിരോധിക്കാന്‍ കഴിയില്ല. മറ്റു രാജ്യങ്ങളില്‍ ഇരുന്നുകൊണ്ടോ അവിടങ്ങളിലെ എക്‌സ്‌ചേഞ്ചുകളുടെ പോര്‍ട്ടലുകള്‍ ഉപയോഗപ്പെടുത്തിയോ ആളുകള്‍ക്ക് ക്രിപ്‌റ്റോ കറന്‍സി വാങ്ങാന്‍ സാധിക്കും. അതിനാല്‍ നിരോധനമല്ല, നിയന്ത്രണം മാത്രമേ ഒരു രാജ്യത്തിന് ഇന്ന് സാധിക്കുകയുള്ളൂ.
വണ്‍ കോയിന്‍: തട്ടിപ്പുകളുടെ വന്‍മാതൃക
ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ലോകത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നു വണ്‍ കോയിന്‍ സ്‌കാം (One Coin Scam). ഇപ്പോള്‍ നിക്ഷേപിച്ചാല്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് ഇരട്ടിയായി ഇവരുടെ പണം വര്‍ധിക്കുമെന്ന് ആളുകളെ അവര്‍ പറഞ്ഞു പറ്റിച്ചു. ഹോളിവുഡിലെ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളെയും ബിസിനസ് മാഗ്‌നെറ്റുകളെയും കൂടെ കൂട്ടിയാണ് ഇവര്‍ മെഗാ ഇവന്റുകള്‍ സംഘടിപ്പിച്ചത്. വര്‍ണശബളമായ പരിപാടികളുടെ മഞ്ഞവെളിച്ചത്തില്‍ ആളുകള്‍ അത് വിശ്വസിച്ചു. ഡോ. റുജ ഇഗ്നടോവ (Ruja Ignatova) എന്ന സ്ത്രീയായിരുന്നു ഈ തട്ടിപ്പിനു പിന്നില്‍. നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്ന റുജ ഇഗ്നടോവ. തട്ടിപ്പ് നടത്തി 2017-ല്‍ അപ്രത്യക്ഷയായ ഇവരെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ആദ്യകാലത്ത് പണം നിക്ഷേപിച്ചവര്‍ക്ക് അത് പിന്‍വലിക്കാന്‍ സൗകര്യവും ലാഭവും ഇവര്‍ കൊടുത്തു. ദശലക്ഷക്കണക്കിന് കോടി രൂപ നിക്ഷേപം ലഭിച്ചപ്പോള്‍ റുജ മുങ്ങുകയാണ് ചെയ്തത്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് രീതിയായിരുന്നു അവലംബിച്ചത്. ആളുകള്‍ക്ക് വിലകുറഞ്ഞ വിദ്യാഭ്യാസ പ്രോഡക്ടുകള്‍ വില്‍പ്പനയാക്കി. പണത്തിനനുസരിച്ച് വണ്‍ കോയിന്‍ 'പോയിന്റുകളും.' പിന്നീട് കമ്പനി പൊളിഞ്ഞപ്പോഴാണ് മനസ്സിലായത്, ഇവര്‍ക്ക് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയെ കുറിച്ച് ധാരണയോ മണി എക്‌സ്‌ചേഞ്ചുകളോ ട്രേഡിംഗോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന്. അതെല്ലാം ആളുകളെ പറ്റിക്കാനുള്ള കളവുപറച്ചില്‍ മാത്രമായിരുന്നു. ക്രിപ്‌റ്റോ കറന്‍സി ങഘങ തട്ടിപ്പുകളുടെ മുഖ്യ ഊര്‍ജസ്രോതസ്സും മാതൃകയും ഈ സ്ത്രീയും വണ്‍ കോയിനുമാണ്. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും ആളുകള്‍ ചേര്‍ന്നിട്ടുള്ള ക്രിപ്‌റ്റോ കറന്‍സിയും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.
ചതിക്കുഴികളെ തിരിച്ചറിയാം
1. പുതിയ നിക്ഷേപ അവസരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ആളുകള്‍ അന്ധമായി അതിനെ വിശ്വസിക്കുന്നു എന്നതാണ് വഞ്ചനകള്‍ക്ക് ഇരയാകാനുള്ള അടിസ്ഥാന കാരണം. അതിനെ പഠിക്കാനും വിശകലനം ചെയ്യാനുമുള്ള സാമാന്യബോധം നിക്ഷേപകര്‍ കാണിക്കണം.
2. സാധാരണ വിപണിയേക്കാള്‍ അവിശ്വസനീയ ലാഭം വാഗ്ദാനം ചെയ്യുന്നതെല്ലാം തട്ടിപ്പു പദ്ധതികള്‍ Ponzi Scheme) ആയിരിക്കും.
3. എല്ലാ ക്രിപ്‌റ്റോ കറന്‍സികളും ബിറ്റ്‌കോയിന്‍ അല്ല. പുതുതായി ആരംഭിക്കുന്ന ക്രിപ്‌റ്റോ കറന്‍സികള്‍, ബിറ്റ്‌കോയിനെ പോലെ സാമ്പത്തിക ശക്തിയും വളര്‍ച്ചയും നേടുക അത്ര എളുപ്പമല്ല. തിങ്കള്‍ മുതല്‍ വെള്ളി വരെ ട്രേഡിംഗ് എന്ന പേരില്‍ ഓണ്‍ലൈന്‍ കറന്‍സി ഉടമകള്‍ കാണിക്കുന്നത്, അവരുടെ വെബ്‌സൈറ്റിലെ അക്കങ്ങള്‍ മാറ്റിയിടല്‍ മാത്രമാണ്. അവ ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രം.
4. നഷ്ടങ്ങള്‍ ഇല്ലാതെ പ്രതിമാസം വളരെ ഉയര്‍ന്ന നിശ്ചിത തുക ലാഭം ലഭിക്കുക എന്നത് സാധാരണ സംരംഭങ്ങളില്‍ സംഭവ്യമല്ല. ഇസ്‌ലാമിക ശാസനകള്‍ക്കും വിരുദ്ധമാണിവ.
5. പണത്തിന്റെ റോളിംഗ് നടത്തിയുള്ള തിരിമറിയിലൂടെയാണ് പല സംരംഭകരും നിക്ഷേപകര്‍ക്കുള്ള ലാഭം എന്ന നിലയില്‍ കൊടുക്കുന്നത്. അതായത് പുതിയ നിക്ഷേപകരില്‍നിന്നും പണം സ്വീകരിച്ച്, മുമ്പേ നിക്ഷേപിച്ചവര്‍ക്ക് ലാഭം എന്ന പേരില്‍ പണം കൊടുക്കുന്നു. പണത്തെ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ (Production & Process) ഉള്‍പ്പെടുത്താതെ വകമാറ്റി ചെലവഴിക്കുക എന്നത് ഇസ്‌ലാമിക നിയമങ്ങള്‍ക്കും ബിസിനസ് എത്തിക്‌സിനും എതിരാണ്. ഇത്തരം തിരിമറികള്‍ നിരന്തരം നടത്തുന്ന സ്ഥാപനം ഒരിക്കലും അഭിവൃദ്ധിപ്പെടുകയില്ല, കാലക്രമേണ വന്‍ നഷ്ടത്തില്‍ കലാശിക്കുകയും ചെയ്യും. ഇതാണ് നമ്മുടെ നാട്ടില്‍ പരാജയപ്പെട്ട ഭൂരിപക്ഷം സംരംഭങ്ങളുടെയും അവസ്ഥ. കൂണു പോലെ മുളച്ചുപൊന്തുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ മുതല്‍ ഈയിടെ കാസര്‍കോട്ട് ആളുകള്‍ക്ക് പണം നഷ്ടമാക്കിയ ജ്വല്ലറി മോഡല്‍ ഇടപാടുകള്‍ വരെ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ സംരംഭങ്ങള്‍ നടത്തുന്നവര്‍ അത് അവസാനിപ്പിക്കുകയും നിക്ഷേപകര്‍ ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യണം.
Comments