എ.പി കുഞ്ഞന്‍ ബാവ
പൊന്നാനിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേരോട്ടം നല്‍കിയ വ്യക്തികളിലൊരാളും നാട്ടുകാരുടെയെല്ലാം 'കുഞ്ഞാക്ക'യുമായ എം.പി കുഞ്ഞിബാവ സാഹിബ് തന്റെ തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ അല്ലാഹുവിലേക്ക് യാത്രയായി. പൊന്നാനിയില്‍ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവകാലം മുതല്‍ സജീവ പ്രവര്‍ത്തകനായി നിലകൊണ്ട അദ്ദേഹം നാട്ടിലെ നാനാവിഭാഗം ജനങ്ങള്‍ക്കും സുസമ്മതനായ ആദരണീയ വ്യക്തിത്വമാണ്. താന്‍ ഇടപഴകിയ ജനങ്ങളുടെയെല്ലാം മനസ്സില്‍ മായാത്ത മുദ്ര പതിപ്പിക്കാനുളള കുഞ്ഞാക്കയുടെ പ്രത്യേക കഴിവ് അവിസ്മരണീയമാണ്. നടന്നുപോകുന്ന വഴികളില്‍ കണ്ടുമുട്ടുന്ന ചെറിയ കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആളുകളോടെല്ലാം കുശലാന്വേഷണം നടത്തി സുസ്‌മേരവദനനായി കടന്നുപോകുന്ന ശുഭ്രവസ്ത്രധാരിയായ കുഞ്ഞാക്ക ഞങ്ങള്‍ക്ക് എന്നും ഒരാശ്ചര്യമാണ്. പ്രവര്‍ത്തകരും അല്ലാത്തവരുമായ യുവാക്കളോട് ഇടപഴകുമ്പോള്‍ അവരുടെ കുടുംബത്തെക്കുറിച്ച് ആഴത്തില്‍ ചോദിച്ചറിയുകയും മാതാപിതാക്കളോടും രക്ഷിതാക്കളോടുമുള്ള മക്കളുടെ കടമകളെക്കുറിച്ച് സൗമ്യഭാഷയില്‍ തലോടിയും കൈകള്‍ ചേര്‍ത്തുപിടിച്ചും അവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
1960-കളില്‍ പ്രസ്ഥാനത്തിന്റെ ആദ്യകാലത്ത് നാട്ടില്‍ നേരിടേണ്ടിവന്ന വിമര്‍ശനങ്ങളെയും ഒറ്റപ്പെടുത്തലുകളെയും സധീരം അദ്ദേഹം നേരിട്ടു. പൊന്നാനിയില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സീനിയറായ ജമാഅത്ത് അംഗം എം.സി ഹസന്‍ സാഹിബാണ് കുഞ്ഞാക്കയെ പ്രസ്ഥാനത്തിലേക്ക് വഴിനടത്തിയത്. എം.സിയും കുഞ്ഞാക്കയും പഴയ കാല മുസ്‌ലിം ലീഗുകാരായിരിക്കെയാണ് തങ്ങളുടെ തൊഴില്‍ മേഖലയായ 'ബീഡി തെറുപ്പ്' കേന്ദ്രത്തില്‍ വെച്ച് ബന്ധപ്പെടുന്നത്. ഇരുപതോളം പേര്‍ ഒന്നിച്ചിരിക്കുന്ന ബീഡി തെറുപ്പ് കേന്ദ്രത്തില്‍ ഒരാള്‍ എല്ലാവര്‍ക്കും കേള്‍ക്കാനായി ഉറക്കെ പത്രപാരായണം നടത്താറുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും കുഞ്ഞാക്കയാണ് അത് ചെയ്യുക. ഇതിനു പ്രതിഫലമായി വായനക്കെടുത്ത സമയനഷ്ടത്തിന് ആനുപാതികമായ ബീഡി മറ്റുള്ളവര്‍ വായനക്കാരന്റെ ബീഡി മുറത്തിലേക്ക് ഇട്ടു കൊടുക്കും. പ്രസ്ഥാനത്തിലേക്ക് കടന്നുവന്നതിനു ശേഷം പത്രത്തോടൊപ്പം പ്രബാധനം കൂടി വായിക്കാന്‍ തുടങ്ങി.
പ്രസ്ഥാന നായകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെ അളവറ്റ് സ്‌നേഹിച്ചിരുന്ന കുഞ്ഞാക്ക പതിറ്റാണ്ടുകള്‍ക്കു മുമ്പ് മൗദൂദിയുടെ വിഖ്യാത ഗ്രന്ഥമായ ഖുത്ബാത്തിലെ പ്രസക്തഭാഗങ്ങള്‍ പ്രസംഗ രൂപത്തില്‍ ഉറക്കെ വായിച്ച് അന്നത്തെ ടേപ്പ് റെക്കോര്‍ഡര്‍ കാസറ്റില്‍ പകര്‍ത്തി പലര്‍ക്കും നല്‍കിയിരുന്നു. 1969-ല്‍ ജമാഅത്തെ ഇസ്‌ലാമി നേതൃനിരയിലെ പ്രമുഖനും വാഗ്മിയുമായിരുന്ന കെ.എന്‍. അബ്ദുല്ല മൗലവിയുടെ ശ്രമഫലമായി പൊന്നാനിയിലെ പ്രസ്ഥാന പ്രവര്‍ത്തകരായ സി.വി ഉമര്‍ സാഹിബ്, ടി.വി മുഹമ്മദാജി, കെ.വി സൈനുദ്ദീന്‍ ഹാജി, കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങി മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സേവനസന്നദ്ധരായ ഒരു പറ്റം സുമനസ്സുകളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട പൊന്നാനി ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി (ഐ.എസ്.എസ്) എന്ന വിദ്യാഭ്യാസ സ്ഥാപന സമുച്ചയത്തിന്റെ ആരംഭഘട്ടം മുതല്‍ തന്റെ മരണം വരെ കുഞ്ഞാക്കയും ആ കൂട്ടായ്മയില്‍ അംഗമായിരുന്നു. ഇടക്കാലത്ത് കുറച്ചു കാലം സമീപപ്രദേശമായ അയിരൂരിലെ പ്രസ്ഥാനത്തിനു കീഴിലുള്ള പള്ളിയിലെ ഇമാമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലമായിട്ടുകൂടി മരണവിവരം അറിഞ്ഞ് അയിരൂരില്‍നിന്ന് നേരിട്ടെത്തിയും സന്ദേശങ്ങള്‍ മുഖേനയും കുടുംബത്തിന്റെ ദുഃഖത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കുചേരുകയുണ്ടായി.
ജീവിതാന്ത്യം വരെ മുടങ്ങാതെ പ്രബോധനം വായിക്കുന്ന ശീലം നിലനിര്‍ത്തിയ കുഞ്ഞാക്ക മരണത്തിന് ഏതാനും നാളുകള്‍ക്കു മുമ്പ്, തന്നെ സന്ദര്‍ശിച്ച ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിനോട് സങ്കടം പോലെ പറഞ്ഞത് തനിക്ക് ഇരുന്ന് വായിക്കാന്‍ പറ്റാത്തതുകൊണ്ട് ഇപ്പോള്‍ പ്രബോധനം വായിച്ചുതരുന്നത് മരുമകളും പേരമക്കളുമാണെന്നായിരുന്നു.
ജമാഅത്ത് നേതൃനിരയിലെ ഒട്ടുമിക്ക പേരുമായും കുഞ്ഞാക്ക വ്യക്തിബന്ധം കാത്തു സൂക്ഷിച്ചിരുന്നു. മകനും ഹൈസ്‌കൂള്‍ അധ്യാപകനും ജമാഅത്തെ ഇസ്‌ലാമി കൊല്ലന്‍പടി പ്രാദേശിക ജമാഅത്ത് അമീറുമായ അബ്ദുര്‍റഹ്മാന്‍ ഫാറൂഖി ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനായിരുന്ന കാലത്ത് അവിടെയുണ്ടായിരുന്ന എ.കെ അബ്ദുല്‍ ഖാദര്‍ മൗലവിയെപ്പോലുള്ളവര്‍ തന്റെ പിതാവിനെപ്പറ്റിയുള്ള സദ്ഗുണങ്ങള്‍ പറഞ്ഞുകൊണ്ട് കുശലാന്വേഷണങ്ങള്‍ നടത്താറുള്ള കാര്യം പങ്കുവെക്കുകയുണ്ടായി. മറ്റൊരു മകനും വെല്‍ഫെയര്‍ പാര്‍ട്ടി തൊഴിലാളി സംഘടനയായ എഫ്.ഐ.ടി.യു.വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പി. മുഹമ്മദ് പൊന്നാനിക്കും പറയാനുള്ളത് തന്റെ പ്രവര്‍ത്തന മേഖലയില്‍ എവിടെ ചെന്നെത്തിയാലും അവിടങ്ങളില്‍ പിതാവിനെക്കുറിച്ച് അന്വേഷിക്കുന്ന പലരെയും കണ്ടുമുട്ടാറുണ്ട് എന്നാണ്. ഇളയ പുത്രനും ഗവണ്‍മെന്റ് ആയുര്‍വേദ ഫാര്‍മസിസ്റ്റുമായ പി. അബ്ദുസ്സലാമിന്റെ കൂടെയാണ് കുഞ്ഞാക്ക തന്റെ അവസാന കാലം കഴിച്ചുകൂട്ടിയത്.
എം. അബ്ദുല്‍മജീദ്
ഓമശ്ശേരിയിലെയും സമീപ മലയോര പ്രദേശങ്ങളിലെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിത്വമായിരുന്നു പുത്തൂര്‍ അബ്ദുല്‍മജീദ്. കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് വിദ്യാര്‍ഥിയായിരിക്കെ ഉപരിപഠനത്തിന് യോഗ്യത നേടിയ അദ്ദേഹം ഖത്തര്‍ ശരീഅ കോളേജില്‍ ചേര്‍ന്നു പഠിച്ചു. ഖത്തറില്‍ തന്നെ ടെലിവിഷനിലും റേഡിയോയിലും മുപ്പതു വര്‍ഷക്കാലം ജോലി ചെയ്തു. ഖത്തര്‍-ഓമശ്ശേരി ഏരിയാ വെല്‍ഫെയര്‍ ഫോറം രൂപീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. ഓമശ്ശേരിയിലും സമീപ മലയോര മേഖലകളിലും പ്രയാസമനുഭവിക്കുന്നവര്‍ക്കു വേണ്ടി താങ്ങും തണലുമായി ഫോറം വളരെക്കാലം നിലനിന്നിരുന്നു. നിര്‍ധനരുടെയും അവശരുടെയും വിദ്യാഭ്യാസ-ആരോഗ്യ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്.
സ്വന്തം നാടായ പുത്തൂര്‍, നടമ്മല്‍പൊയില്‍ പ്രദേശങ്ങളിലും മജീദ് സാഹിബിന്റെ ഉദാരമനസ്സ് അടുത്തറിയാത്തവര്‍ വളരെ കുറവായിരിക്കും. പുത്തൂര്‍ മസ്ജിദുല്‍ ഫത്ഹിന്റെ നിര്‍മാണത്തിലും പുത്തൂര്‍ ട്രസ്റ്റ് നേതൃത്വം കൊടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പ്രസ്ഥാനത്തിനു പ്രചോദനം മജീദ് സാഹിബ് തന്നെയായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ശാന്തി കോളേജ് ഓഫ് നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാനേജിംഗ് കമ്മിറ്റി സെക്രട്ടറിയായി ചുമതലയേറ്റു. മസ്ജിദുല്‍ ഫത്ഹ് മഹല്ല് കമ്മിറ്റി, മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയിലെ അംഗം, അയല്‍ക്കൂട്ടം സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഒരിടവേളക്കു ശേഷം രിയാദിലെ ബന്ധുക്കളുടെ അടുത്തേക്ക് പോയിരുന്നു. യാദൃഛികമായുണ്ടായ കൊറോണ ലോക്ക് ഡൗണില്‍ പെട്ട് മടങ്ങിവരാനാകാതെ കഴിഞ്ഞു വരുന്നതിനിടയിലാണ് അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പെട്ടെന്ന് ഭേദപ്പെടാന്‍ സാധ്യതയില്ലാത്ത അസുഖമായതിനാല്‍ നാട്ടിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. വളരെ സാഹസപ്പെട്ട് സുഹൃത്തുക്കളുടെ സഹായത്തോടുകൂടി പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിയ അദ്ദേഹം ചികിത്സയിലായിരിക്കെയാണ് അല്ലാഹുവിലേക്ക് യാത്രയായത്. ഭാര്യ: താഹിറ കൊടുവള്ളി. മക്കള്‍: ഇബ്തിസാം, മനാല്‍, ഈനാസ്, അഹ്മദ്.
പുത്തൂര്‍ ഇബ്‌റാഹീം കുട്ടി
സി. മമ്മു
ഇടപഴകിയവരുടെ ഹൃദയങ്ങളില്‍ നന്മയുടെ സൗരഭ്യം അവശേഷിപ്പിച്ച് കടന്നുപോയ വ്യക്തിത്വമാണ് പട്ടിക്കാട് പതിനെട്ട് കാര്‍കുന്‍ ഹല്‍ഖയിലെ സി. മമ്മു സാഹിബ്. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു. 2005-ല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം പട്ടിക്കാട് റെയില്‍വേ ഗെയ്റ്റ് ഹല്‍ഖയിലെ കാര്‍കുന്‍ ആയി. 1970-കളില്‍ പട്ടിക്കാട് റെയില്‍വേ ഗെയ്റ്റിനു തൊട്ടടുത്ത്, മര്‍ഹൂം കെ.പി സിദ്ദീഖ് സാഹിബിന്റെ വീടിനോട് ചേര്‍ന്ന് പീടിക മുറിയില്‍ 'പ്രഭാത് ടൈലറിംഗ് ഹൗസ്' എന്ന തയ്യല്‍ക്കട ആരംഭിച്ചു. തയ്യല്‍ക്കടകള്‍ ഏറെയൊന്നുമില്ലാതിരുന്ന അക്കാലത്ത് പരിസര പ്രദേശങ്ങളിലെ വളരെയധികം ആളുകള്‍ ആശ്രയിക്കുന്നതായിരുന്നു 'പ്രഭാത് ടൈലറിംഗ്'. തയ്യല്‍ ആവശ്യാര്‍ഥം എത്തുന്ന, ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പണ്ഡിതന്മാരും വിദ്യാര്‍ഥികളുമായി ബന്ധം പുലര്‍ത്തുന്നതിനും ഈ സ്ഥാപനം മമ്മു സാഹിബിന് വഴിതുറന്നു.
സൗമ്യതയും മൃദുഭാഷണവും തന്നെയാണ് മമ്മു സാഹിബിനെ അനുഭവിച്ച എല്ലാവര്‍ക്കും ആദ്യം ഓര്‍മവരിക. ജമാഅത്തെ ഇസ്‌ലാമി ഹല്‍ഖാ അംഗവും കാര്‍കുനുമായിരിക്കെത്തന്നെ പട്ടിക്കാട് മഖാം പടിയില്‍ തന്റെ വീടിന് തൊട്ടടുത്തുള്ള, സുന്നി ജുമാ മസ്ജിദിന്റെയും ദാറുസ്സലാം മദ്റസയുടെയും കമ്മിറ്റി അംഗമായിരുന്നു മരണം വരെയും അദ്ദേഹം. ഉസ്താദുമാരുമായി ഏറ്റവും ഊഷ്മളമായ ബന്ധം നിലനിര്‍ത്തി. പള്ളിയിലെ ഖത്വീബിനും ഇമാമുമാര്‍ക്കും പ്രബോധനം സ്ഥിരമായി നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു. വായന അദ്ദേഹത്തിന് ജീവിതചര്യ തന്നെയായിരുന്നു. വാരാന്തയോഗത്തില്‍ മിക്കപ്പോഴും സാഹിത്യപാരായണം നടത്തിയിരുന്നത് അദ്ദേഹമായിരുന്നു.
ഔപചാരിക വിദ്യാഭ്യാസം കൂടുതലായി നേടാനവസരം ലഭിച്ചില്ലെങ്കിലും തഫ്ഹീം, പ്രബോധനം, ഇസ്‌ലാമിക സാഹിത്യങ്ങള്‍, ജുമുഅ ഖുത്വ്ബകള്‍, ഖുര്‍ആന്‍ ക്ലാസുകള്‍, പ്രാസ്ഥാനിക വൈജ്ഞാനിക പരിപാടികള്‍ തുടങ്ങിയവയിലൂടെയാണ് അറിവ് ആര്‍ജിച്ചത്.
ഖത്തറില്‍ പ്രവാസിയായിരുന്ന കാലത്ത് ആദ്യം ദോഹയിലെ സൂഖുദ്ദഹബി(സോനാ മാര്‍ക്കറ്റ്)ലെയും പിന്നീട് ദവ്വാറുസ്സാഅ(ഘടീ ചൗക്ക്)യിലെയും ഫഌറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ താമസം. പിന്നീട് ഖത്തര്‍ വിദേശകാര്യ വകുപ്പില്‍ ജോലി ലഭിച്ചു.
'ദേശാടനം' എന്ന മീഡിയാവണ്‍ പരമ്പരയുടെ നാല്‍പത്തി ഒന്നാം എപ്പിസോഡില്‍ അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. 'പ്രവാസികള്‍ പുലര്‍ത്തേണ്ട സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ആധികാരികമായി മമ്മുവിന് പറയാന്‍ കഴിയും' എന്ന് ഇക്കാര്യത്തില്‍ വിജയിച്ച ഒരാളെന്ന നിലയില്‍ അവതാരകന്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. അനാവശ്യ ബാങ്ക് ലോണുകളെടുത്തും ആര്‍ഭാടത്തില്‍ മുഴുകി ലക്ഷ്യബോധമില്ലാതെയും ജീവിച്ചാല്‍, പ്രതിസന്ധികളില്‍ തളര്‍ന്നുപോകേണ്ടിവരുമെന്ന് പ്രവാസികളെ അദ്ദേഹം ഉണര്‍ത്തിയിരുന്നു.
ഭാര്യ: ഹാജറുമ്മ പട്ടാക്കല്‍, വടക്കാങ്ങര. ദോഹയിലെ പി.എച്ച്.സി.സിയില്‍ ഫാര്‍മസിസ്റ്റ് ആയിരുന്ന ഇസ്മാഈല്‍, മുജീബുര്‍റഹ്മാന്‍, ബുശ്‌റ വടക്കാങ്ങര, നജ്ല വാണിയമ്പലം, സജ്ല പുത്തനഴി എന്നിവര്‍ മക്കളാണ്.
സലീം ശാന്തപുരം
മൂസക്കുട്ടി
ആലത്തൂര്‍ ടൗണില്‍ മഹല്ല് പള്ളിക്കും ടി.ടി.സി ഹോസ്റ്റലിനും സമീപം താമസിച്ചിരുന്ന യു. ഇബ്‌റാഹീം സാഹിബിന്റെയും നബീസ ഉമ്മയുടെയും മൂന്നാമത്തെ മകനായിരുന്നു മൂസക്കുട്ടി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരൂര്‍ക്കാട് ഇസ്‌ലാമിയ കോളേജില്‍ ചേര്‍ന്നു പഠിച്ചു. ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി ടി. ആരിഫലി സാഹിബ്, കേരള ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബ് എന്നിവര്‍ തിരൂര്‍ക്കാട്ട് സഹപാഠികളായിരുന്നു. അഫ്ദല്‍ ഉലമാ പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകനായി. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും പള്ളിക്കരയിലും വര്‍ഷങ്ങള്‍ സേവനം ചെയ്തു. തുടര്‍ന്ന് ആലത്തൂരിലെ അല്‍മനാര്‍ മദ്‌റസയിലും കാവശ്ശേരി കെ.പി.എച്ച്.എസിനു സമീപമുള്ള മദ്‌റസകളിലും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി, മതിലകം എന്നി സ്ഥലങ്ങളിലും പള്ളി ഇമാമും മദ്‌റസ അധ്യാപകനുമായി പ്രവര്‍ത്തിച്ചു. ആലത്തൂരിനടുത്തുള്ള തോന്നണിപ്പാടത്ത് പുതിയതായി ഒരു പള്ളി പണികഴിച്ചപ്പോള്‍ ആദ്യത്തെ ഇമാമായി നിശ്ചയിക്കപ്പെട്ടത് അദ്ദേഹമായിരുന്നു. മൂന്നു വര്‍ഷക്കാലം സുഊദി അറേബ്യയില്‍ ജോലിചെയ്തു.
കോഴിക്കോടിനടുത്തുള്ള ഫറോക്കില്‍ പള്ളി ഇമാമും മദ്‌റസാ അധ്യാപകനും ആയി സേവനം അനുഷ്ഠിക്കുന്നതിനിടയില്‍ ഉണ്ടായ മുട്ടുവേദന കാരണം ജോലിനിര്‍ത്തി പത്തു വര്‍ഷം മുമ്പ് വീട്ടില്‍ വിശ്രമ ജീവിതം തുടങ്ങി.
കാര്‍കുനായിരുന്ന അദ്ദേഹം പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുായിരുന്നു. ഭാര്യ ഖദീജ ആലത്തൂര്‍ പഞ്ചായത്തില്‍ ഹെല്‍ത്ത് വര്‍ക്കര്‍ ആയി ജോലിചെയ്യുന്നു. മക്കള്‍: സുഹൈല്‍, സുഹൈര്‍, ജാസ്മിന്‍, ജസ്ന.
അബ്ദുര്‍റഹ്മാന്‍ ഹൈദര്‍
നാലിന്റകത്ത് അബ്ദുല്‍ ഹമീദ്
വണ്ടൂര്‍ വെസ്റ്റ് ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു ഈയിടെ അന്തരിച്ച നാലിന്റകത്ത് അബ്ദുല്‍ ഹമീദ് സാഹിബ്. വ്യക്തിസംസ്‌കരണത്തിലെന്ന പോലെ കുടുംബ സംസ്‌കരണത്തിലും ശ്രദ്ധ പുലര്‍ത്തിയിരുന്നതിനാല്‍ കുടുംബാംഗങ്ങളെല്ലാം പ്രസ്ഥാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരാണ്.
അദ്ദേഹത്തിന് ധാരാളം വ്യക്തിബന്ധങ്ങളുണ്ടായിരുന്നു. ഈ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഇസ്‌ലാമിക സാഹിത്യങ്ങള്‍ വായനക്ക് നല്‍കുകയും പ്രതിപാദ്യ വിഷയങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഫാറൂഖ് കോളേജിലെ പഠനകാലത്താണ് പ്രസ്ഥാനവുമായി കൂടുതല്‍ അടുക്കുന്നത്. കോളേജിലെ ഇസ്‌ലാമിക വിദ്യാര്‍ഥി കൂട്ടായ്മയായ ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെ യുവാക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്റെ (ICA) രൂപീകരണത്തില്‍ പങ്കു വഹിച്ചു.
നിരീശ്വരവാദവും കമ്യൂണിസവും യുവജനങ്ങളെ സ്വാധീനിച്ചിരുന്ന കാലത്ത് ആ ദര്‍ശനങ്ങളെ തുറന്നുകാണിക്കുന്ന പ്രൗഢഗംഭീര പ്രഭാഷണങ്ങള്‍ ICA യുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഒരിക്കല്‍ 'ഇസ്‌ലാമും കമ്യൂണിസവും' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിച്ച് പ്രഫ. കെ.പി കമാലുദ്ദീന്‍ പരിപാടി കഴിഞ്ഞ് തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ ക്ഷുഭിതരായ ഒരുകൂട്ടം ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നതും പി. മുഹമ്മദ് കുട്ടി, കമാല്‍ മാസ്റ്റര്‍ തുടങ്ങിയവരോടൊപ്പം അക്രമികളെ എതിരിട്ടതും ഹമീദ് സാഹിബ് അനുസ്മരിക്കാറുണ്ട്.
വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജിന്റെയും അല്‍ഫാറൂഖ് മസ്ജിദിന്റെയും പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. മര്‍ഹൂം പി.കെ ഇബ്‌റാഹീം മൗലവി പ്രിന്‍സിപ്പലായിരുന്നപ്പോള്‍ കോളേജിന്റെ കണക്കുകളും ഓഫീസ് കാര്യങ്ങളും നിര്‍വഹിച്ചിരുന്നത് ഹമീദ് സാഹിബായിരുന്നു. ഒരിക്കല്‍ പി.കെയുടെ പ്രഭാഷണത്തിലെ ചില സാമൂഹികവിമര്‍ശനത്തെച്ചൊല്ലി മൗലവിക്കും കോളേജിനും നേരെ ഭീഷണിയുയര്‍ന്നപ്പോള്‍ ദിവസങ്ങളോളം കോളേജിന് കാവല്‍ കിടന്നതും അവിസ്മരണീയ സംഭവമാണ്.
അന്‍വര്‍ സാദിഖ്, വണ്ടൂര്‍
വി.പി മുഹമ്മദുണ്ണി പൂക്കില്ലത്ത്
ഗുരുവായൂര്‍ പൂക്കില്ലത്ത് മുഹമ്മദുണ്ണി സാഹിബ് അസാമാന്യ ധൈര്യവും ഇഛാശക്തിയും ഒത്തിണങ്ങിയ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു. അര നൂറ്റാണ്ടിലേറെ നീണ്ട പ്രസ്ഥാനബന്ധം. ഇസ്‌ലാമിക പ്രസ്ഥാനം ഗുരുവായൂര്‍-കാരക്കാട് പ്രദേശത്ത് എത്തുന്നതിനു മുമ്പ് തന്നെ പ്രഫ. വി. മുഹമ്മദ് സാഹിബ് നേതൃത്വം നല്‍കിയ സംഘടനയില്‍ സജീവമായിരുന്നു. കാരക്കാട് മേഖലയില്‍ നടത്തിക്കൊണ്ടിരുന്ന പെന്‍ഷന്‍ പദ്ധതികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുള്ള സഹായങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
1962-'63 കാലത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍-കാരക്കാട് ഹല്‍ഖ നിലവില്‍വന്നത്. ഈ അടുത്ത കാലത്ത് ആരോഗ്യകാരണങ്ങളാല്‍ സ്ഥാനം ഒഴിയും വരെ ഹല്‍ഖാ നാസിമായിരുന്നു.
മൂന്നു നാല് തലമുറ മുമ്പു തന്നെ ഉമ്മാമ വഖ്ഫ് ഭൂമിയായി അന്നദാനത്തിന് കൊടുത്തിരുന്ന ഗുരുവായൂരിന്റെ ഹൃദയഭാഗത്തുള്ള ഒരേക്കര്‍ സ്ഥലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു നമസ്‌കാരപ്പള്ളി പണികഴിപ്പിച്ചിരുന്നു. പ്രദേശത്ത് മലയാളത്തില്‍ ഖുത്വ്ബ നടത്തുന്ന ആദ്യ ജുമുഅത്ത് പള്ളിയായി പിന്നീട് അത് മാറി. അതുവഴി പ്രസ്ഥാന വളര്‍ച്ചക്കും തലമുറകളെ ദീനീശിക്ഷണം നല്‍കി വളര്‍ത്തിയെടുക്കുന്നതിനും അദ്ദേഹം ചെയ്ത സേവനങ്ങള്‍ വളരെ വലുതാണ്. പ്രസ്തുത പള്ളിയുടെ പ്രസിഡന്റും അദ്ദേഹം തന്നെ ആയിരുന്നു. മരിക്കുമ്പോള്‍ അതിന്റെ മുതവല്ലിയുമായിരുന്നു.
ഗുരുവായൂര്‍-കാരക്കാട് ഹല്‍ഖ രൂപീകരണത്തിന് മുന്നോടിയായി അങ്ങാടിത്താഴം എന്ന സ്ഥലത്ത് ഒരു ഓഫീസ് പണികഴിപ്പിച്ചിരുന്നു. ഏതാണ്ട് 40 വര്‍ഷം മുമ്പ് 'കാരക്കാട് മദ്‌റസത്തുല്‍ ഹിദായ'ക്കു വേിയും മുന്നിട്ടിറങ്ങി.
ഗുരുവായൂര്‍-കാരക്കാട് പ്രദേശത്തെ റോഡുകളുടെ വികസനത്തിനും ശ്രമങ്ങള്‍ നടത്തുകയുായി. ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പല പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്കു വഹിച്ചു. കെട്ടിട-വീടുനിര്‍മാണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 'അധ്വാനിച്ച് ജീവിക്കുക' എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹം തന്റെ എല്ലാ മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം നല്‍കി സമൂഹത്തിന് മാതൃകയാവുകയും ചെയ്തു. 84-ാം വയസ്സിലും പൗരത്വ സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: ഫാത്വിമത്തുല്‍ ബത്തൂല്‍ (ടീച്ചര്‍), അബ്ദുസ്സലാം ആരിഫ്, ഡോ. അബ്ദുല്‍ ഹകീം, അബ്ദുശ്ശുക്കൂര്‍, അബ്ദുര്‍റഊഫ്, ബാസിമ (ടീച്ചര്‍), ബയ്യിന (ഡി.ഇ.ഒ ഓഫീസ്, ചാവക്കാട്), ബരീറ (അധ്യാപിക), ബഹിയ (എഴുത്തുകാരി, സൈക്കോളജിസ്റ്റ്).
സി.പി അഹമ്മദ്, ഗുരുവായൂര്‍
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും സ്വര്‍ഗത്തില്‍
ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments